കൗപീന കാണ്ഡം

ഞാന്‍ പുസ്‌തക വായന നിര്‍ത്തിയിട്ടു പത്തു പതിനഞ്ചു കൊല്ലമായി. എന്റെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഇപ്പോഴും കടുത്ത വായനക്കാരും, പുസ്‌തക പ്രേമികളുമാണ്‌. സമൂഹം മുന്നോട്ടു പോകണമെങ്കില്‍ അക്ഷര പ്രേമികളും, അക്ഷര വൈരികളും തമ്മില്‍ ന്യായമായ ഒരനുപാതം നിലനിര്‍ത്തേണ്ടതുണ്ട്‌. അതിന്‌ എന്റെ എളിയ സംഭാവന എന്ന നിലയിലാണ്‌ വായന നിര്‍ത്തിയത്‌. എഴുതുന്നതു പലതും പണ്ടെപ്പോഴോ വായിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നിന്ന്‌ എടുക്കുന്നതാണ്‌. തെറ്റുകള്‍ ഉണ്ടാവാം, ക്ഷമിക്കണം.

ദൈവ വിശ്വാസികളില്‍ ചിലര്‍ മനസ്സറിയാതെ ചെയ്യുന്ന കടുത്ത ദൈവ വിരോധങ്ങളെ പറ്റി ബര്‍ണാര്‍ഡ്‌ ഷാ പറഞ്ഞിട്ടുണ്ട്‌. ഏതോ ചില വിഭാഗം കന്യാസ്‌ത്രീകള്‍ കുളിക്കുന്നതു പോലും വസ്‌ത്രം ധരിച്ചു കൊണ്ടാണത്രേ. അതിനവര്‍ പറയുന്ന ന്യായം ഒന്നും ദൈവത്തിന്റെ കണ്ണില്‍ നിന്നു മറയ്‌ക്കാന്‍ പറ്റില്ലല്ലോ എന്നാണ്‌. കുളിമുറിയുടെ ചുമരും മതിലുമൊക്കെ ഭേദിക്കുന്ന ദൈവത്തിന്റെ കണ്ണ്‌ ഒരു നനഞ്ഞ തുണിക്കു മുന്‍പില്‍ തോറ്റുമടങ്ങുമെന്നു പറയുന്നതിനേക്കാള്‍ വലിയ ദൈവ വിരോധമുണ്ടോ എന്നാണു ഷാ ചോദിച്ചത്‌. നമ്മുടെ ചില മഹാക്ഷേത്രങ്ങളില്‍ ചുരിദാറിന്റെയും, പാന്റിന്റെയും പുറത്തു മുണ്ടു ചുറ്റണമെന്നു ചില മഹാപണ്ഡിതന്‍മാര്‍ പറഞ്ഞപ്പോഴാണ്‌ ഈ പഴയ ‘ഷാ’ വചനം ഓര്‍മ്മ വന്നത്‌.

കേരളത്തില്‍ കൊടുമ്പിരിക്കൊണ്ടു നില്‌ക്കുന്ന രണ്ടാം ക്ഷേത്ര പ്രവേശന വിവാദത്തിനു രണ്ടു പിരിവുകളുണ്ട്‌. ഒന്ന്‌ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നവര്‍ ഏതു വേഷം ധരിക്കണം? രണ്ട്‌ സ്‌ത്രീകള്‍ക്കു പ്രവേശനം നിക്ഷേധിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ സ്‌ത്രീകള്‍ കയറുന്നത്‌ ആചാര വിരുദ്ധമല്ലേ ? ഇതില്‍ രണ്ടില്‍ നിന്നും കൂടി വരുന്ന മൂന്നാമത്തെ ചോദ്യമുണ്ട്‌. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്‌ ആരാണ്‌ ?

ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്നും, തന്ത്രിമാരുടെ നിലപാടുകള്‍ക്കും, ദേവപ്രശ്‌നത്തിലൂടെ ജ്യോതിഷികള്‍ ദൈവത്തിന്റെ മനമറിഞ്ഞു പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ക്കും മുന്‍തൂക്കം കൊടുക്കണമെന്നുമാണ്‌ 2017-ലും കേരളത്തിലെ പൊതു സമൂഹത്തിന്റെ അഭിപ്രായമത്രേ.

ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സ്വാതി തിരുനാള്‍ എന്നൊരു മഹാരാജാവ്‌ കേരളത്തിന്റെ തെക്കേയറ്റം ഭരിച്ചിരുന്നു. അന്ന്‌ അവിടെ നിലനിന്നിരുന്ന നീതിന്യായ വ്യവസ്ഥ അനുസരിച്ച്‌ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്നു തീരുമാനിക്കാന്‍ ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നില്‍ വച്ചു തിളച്ച നെയ്യില്‍ കൈ മുക്കണമായിരുന്നു. കൈയ്യ്‌ പൊള്ളിയില്ലെങ്കില്‍ ആള്‍ നിഷ്‌കളങ്കനാണ്‌. അന്നു മൊബൈല്‍ ക്യാമറയും, ഫേസ്‌ബുക്കുമൊന്നുമില്ലാതിരുന്നതു കൊണ്ട്‌ ആരെങ്കിലും കൈ പൊള്ളാതെ മടങ്ങി വന്നോ എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഇന്ന്‌ നമുക്കറിയാവുന്ന വിജ്ഞാനം വെച്ചു നോക്കിയാല്‍, തിളച്ച നെയ്യില്‍ കൈമുക്കിയാല്‍ മഹാരാജാവിന്റെയും, തന്ത്രിയുടെയും, ദേവപ്രശ്‌നക്കാരന്റെയും, പോക്കറ്റടിക്കാരന്റെയും, നിങ്ങളുടെയും, എന്റെയുമൊക്കെ കൈ മോഷ്ടിച്ചാലും ഇല്ലെങ്കിലും പൊള്ളും. ഈ ആചാരം സ്വാതി തിരുനാള്‍ മഹാരാജാവു നിര്‍ത്തലാക്കി. ദേവപ്രശ്‌നം വച്ചില്ല, ആരുടെയും അഭിപ്രായം ചോദിച്ചുമില്ല. അതു കൊണ്ടാണ്‌ അദ്ദേഹം അകാലമൃത്യുവടഞ്ഞതെന്ന്‌ ഏതെങ്കിലും മഹാപാപിക്കു വെളിപാടുണ്ടായാല്‍ ഓര്‍ക്കുക, യേശു ക്രിസ്‌തു, ആദിശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങി ഒരു മാതിരി കൊള്ളാവുന്ന ആളുകളെല്ലാം മുപ്പത്തിരണ്ടു വയസ്സില്‍ തന്നെ മരിച്ചു.

സത്യത്തില്‍ സ്വാതി തിരുനാള്‍ മഹാരാജാവു ചെയ്‌തത്‌ വലിയ ഒരു ചതിയാണ്‌. ഈ ശിക്ഷാവിധി ഇന്നും ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്‌ അത്‌ എത്ര ഗുണകരമാകുമായിരുന്നു! ആളുകള്‍ പരസ്‌പരം വേല വയ്‌ക്കുകയോ, ഊമക്കത്തയക്കുകയോ, ഗുണ്ടാസംഘത്തെ വിട്ടു കൈ തല്ലിയൊടിക്കുകയോ, പോലീസിനെ സ്വാധീനിച്ചു കള്ളക്കേസില്‍ പെടുത്തി ലോക്കപ്പിലിട്ടു മര്‍ദ്ദിപ്പിക്കുകയോ ഒന്നും വേണ്ടിവരില്ലായിരുന്നു. നമുക്കു വിരോധമുള്ള ആള്‍ കുറ്റം ചെയ്‌തു എന്നൊരു സംശയം ഔപചാരികമായി ഭരണകൂടത്തെ അറിയിച്ചാല്‍ മാത്രം മതി. നുണപരിശോധനയെന്ന പേരില്‍ സര്‍ക്കാര്‍ ചിലവില്‍ രാജകീയമായി നമ്മുടെ ശത്രുവിനെ നെയ്യിലിട്ടു വഴറ്റിയെടുത്തു കൊള്ളും. പഴയ ആചാരങ്ങളില്‍ അണുവിട മാറ്റം വരുത്താന്‍ ആര്‍ക്കും അവകാശമില്ല എന്നു വാദിക്കുന്നവരുടെ കാര്യത്തില്‍ എങ്കിലും ഈ പരീക്ഷണം പുന:സ്ഥാപിക്കണം. കുറഞ്ഞ പക്ഷം ആചാരങ്ങളുടെ കാര്യത്തില്‍ കടുംപിടിത്തം പിടിക്കുന്ന ദേവസ്വം ഭാരവാഹികളുടെ കാര്യത്തിലെങ്കിലും.

വേറെയും മനോഹരമായ ആചാരങ്ങളുണ്ടായിരുന്നു. ഭര്‍ത്താവു മരിക്കുമ്പോള്‍ ഭാര്യ ചിതയില്‍ ചാടി മരിക്കണം, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവ്‌ ചാടണ്ട എന്ന കാര്യം കൂടി ഓര്‍ക്കുക. ചാടി മരിക്കണമെന്നാണ്‌ ആചാരത്തില്‍ പറഞ്ഞിരുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തോടു ചേര്‍ത്തു കെട്ടി ജീവനോടെ ദഹിപ്പിക്കുകയായിരുന്നുവത്രേ. ആനക്കാരനെ ആന വലിച്ചു കീറുമ്പോള്‍ മൊബൈലില്‍ ചിത്രമെടുക്കുന്ന അതേ ലാഘവത്തോടെ ജനം ‘സതീമാ’യുടെ അന്ത്യ യാത്ര കണ്ട്‌ നിന്നിരുന്നു. സ്വന്തം സഹോദര ഭാര്യ ചിതയില്‍ കിടന്നു പിടഞ്ഞു രക്ഷപ്പെടുത്താന്‍ നിലവിളിക്കുന്നതു നിസ്സഹായനായി നിന്നു കാണേണ്ടി വന്ന രാജാറാം മോഹന്‍ റോയിയുടെയും മറ്റും ശ്രമഫലമായി നിയമപരമായ നിരോധനത്തിലൂടെ ഇല്ലാതായത്‌ അന്നത്തെ സമൂഹം ശരിയെന്നു വിധിയെഴുതിയിരുന്ന ഒരു ആചാരമാണ്‌.

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അവര്‍ണ്ണ ഹിന്ദുക്കള്‍ക്കു പ്രവേശനം നിക്ഷേധിച്ചിരുന്ന കാലം അധികം അകലെയല്ലായിരുന്നു. നിരവധിയാളുകളുടെ കഠിന പരിശ്രമ ഫലമായാണ്‌ ക്ഷേത്ര പ്രവേശനം സാധ്യമായത്‌. ഒരുപാടു പേര്‍ ഇടിയും തൊഴിയും കൊണ്ടു ക്ഷയരോഗം പിടിച്ചു മരിച്ചു. അന്നത്തെ യാഥാസ്ഥിതികരും പറഞ്ഞിരുന്നത്‌ അത്തരം ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ലെന്നാണ്‌. മഹാത്മാ ഗാന്ധി നേരിട്ടു വൈക്കത്തു വന്ന്‌ ക്ഷേത്ര ഊരാണ്‍മക്കാരനോ മറ്റോ ആയിരുന്ന ഇണ്ടന്‍ നമ്പ്യാതിരിയുമായി ആചാരങ്ങളും, ശാസ്‌ത്രങ്ങളും സംബന്ധിച്ചു പരസ്യമായ വാദ പ്രതിവാദം നടത്തി. ഗാന്ധിജി ‘താണ ജാതി’ക്കാരനായതു കൊണ്ട്‌, നമ്പ്യാതിരി അദ്ദേഹത്തെ വീട്ടില്‍ പ്രവേശിപ്പിച്ചില്ല. വീടിനു മുന്‍പില്‍ ഒരു തട്ടിലിരുന്നാണ്‌ ഗാന്ധിജി വാദിച്ചത്‌. അവിടെയിരുന്നു വാദിക്കാം! ഇന്നിപ്പോള്‍ നമ്പ്യാതിരിയുടെ ഭവനത്തില്‍ ചെത്തു തൊഴിലാളി യൂണിയന്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നു.

ബഷീറിന്റെ ഒരു കഥയുണ്ട്‌ ‘ഒരു ഭഗവദ്‌ ഗീതയും കുറെ മുലകളും’. കഥയല്ല, അദ്ദേഹം കണ്ട ഒരു സംഭവമാണ്‌. മംഗളോദയം പ്രസിദ്ധീകരണശാലയുടെ ഉടമസ്ഥനായിരുന്ന എ.കെ.ടി.കെ.എം. നമ്പൂതിരിപ്പാടിന്റെ ആന പിണങ്ങി. ആന വീട്ടു വളപ്പില്‍ കയറി അതിക്രമം കാണിക്കാതിരിക്കാന്‍ ചുറ്റും തീയ്‌ കൂട്ടണം. തീയ്‌ കൂട്ടാന്‍ വിറകുമായി ഇല്ലത്തേയ്‌ക്കു വന്ന നായര്‍ വനിതകള്‍ മാറു മറച്ചിരുന്നില്ല. കാരണം ദേവന്റെയും ബ്രഹ്മന്റെയും മുന്‍പില്‍ മാറു മറയ്‌ക്കാന്‍ പാടില്ലത്രേ. ഇന്ന്‌ എന്തായാലും അങ്ങിനെ ഒരാചാരമില്ല.

ആചാരങ്ങള്‍ക്ക്‌ അപ്രമാദിത്വം ഇല്ല. പഴയ ആചാരങ്ങള്‍ പലതും അനാചാരങ്ങളാണെന്നു തിരിച്ചറിഞ്ഞു നമ്മള്‍ പ്രതികരിക്കുന്നു. കാലക്രമേണ അവ ഇല്ലാതാവുന്നു. തോപ്പില്‍ ഭാസിയുടെ ആത്മകഥയില്‍ പറയുന്നതു പോലെ അനീതിക്കെതിരെ ആദ്യം നിവരുന്ന നട്ടെല്ലുകള്‍ ചവിട്ടി ഒടിക്കപ്പെടും. പീന്നീടവര്‍ ശരിയായിരുന്നു എന്നു നാം കണ്ടെത്തും. പക്ഷെ പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടിയ കേരളം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അരയില്‍ തോര്‍ത്തും കെട്ടി നില്‌ക്കുന്ന ദയനീയമായ കാഴ്‌ചയാണ്‌ കാണുന്നത്‌.

ആചാരങ്ങള്‍ എല്ലാം ശരിയെന്നു വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കുറെക്കാലം കൊണ്ട്‌ അവ ശീലങ്ങളായി മാറും. തെറ്റ്‌ ശരിയാണെന്നും തോന്നും. പണ്ട്‌ അവര്‍ണ്ണ സമുദായത്തില്‍പ്പെട്ട സ്‌ത്രീകള്‍ മാറു മറയ്‌ക്കാന്‍ പാടില്ലായിരുന്നു. ഇതിനെതിരായി സമരം സംഘടിപ്പിക്കാന്‍ ചില സമുദായ നേതാക്കള്‍ തീരുമാനിച്ചു. അങ്ങിനെ അവര്‍ണ്ണരായ സ്‌ത്രീകള്‍ ബ്ലൗസു ധരിച്ചു പങ്കെടുക്കുന്ന ഒരു ജാഥ സംഘടിപ്പിച്ചു. ജാഥ തുടങ്ങി. ഇരുവശത്തും നിന്ന്‌ ആളുകള്‍ ബ്ലൗസിലേക്കു തുറിച്ചു നോക്കുന്നതു കണ്ടു നാണം സഹിക്ക വയ്യാതെ ജാഥാംഗങ്ങള്‍ ബ്ലൗസ്‌ ഊരിക്കളഞ്ഞിട്ട്‌ ഓടിപ്പോയത്രേ.

കുറെ നാള്‍ മുന്‍പ്‌ ഞാന്‍ ഭാര്യയും മകളുമായി കന്യാകുമാരി കാണുവാന്‍ പോയി. അവിടെ ആറു നിലയോ മറ്റോ ഉള്ള വാച്ച്‌ ടവര്‍ കടല്‍ത്തീരത്തു പണി തീര്‍ത്തയിടയാണ്‌. ഞങ്ങളും അതില്‍ ഒന്നു കയറാന്‍ തീരുമാനിച്ചു. മുകളിലേക്കു ചെല്ലുന്തോറും വളരെ ശക്തിയായ കടല്‍ക്കാറ്റാണ്‌. ഒരു നില കയറിക്കാണും. അപ്പോള്‍ ദാ 110 കിലോ ഭാരമുള്ള ഒരു യുവ സുന്ദരന്‍ ഒരു യുവ സുന്ദരിയെയും കൊണ്ടു മുകളിലേക്കോടുന്നു. സ്വര്‍ണ്ണ നിറമുള്ള ജുബാ, കസവുമുണ്ട്‌, സ്വര്‍ണ്ണ വാച്ച്‌, മോതിരം, മാല – അദ്ദേഹത്തെ ഏതെങ്കിലും ബ്ലേഡ്‌ കമ്പനിയില്‍ പണയം വച്ചാല്‍ വേറെ ഈടൊന്നുമില്ലാതെ തന്നെ പത്തു ലക്ഷം രൂപ വരെ വായ്‌പ കിട്ടും. പെണ്‍കുട്ടിയും സ്വര്‍ണ്ണമയം. ഏതോ നവദമ്പതികളാണ്‌. ഞങ്ങള്‍ മുകളില്‍ ചെല്ലുമ്പോള്‍ അങ്ങു ദൂരെ പറക്കും പരവതാനി പോലെ എന്തോ പറന്നു പോകുന്നുണ്ട്‌. അര മതിലിനു താഴെ നമ്മുടെ സ്വര്‍ണ്ണ കുമാരന്‍ ജൂബായുടെ തുമ്പു വലിച്ചു പിടിച്ചു കുത്തിയിരിക്കുന്നു. കുട്ടിയാന കുഴിയില്‍ വീണ പോലെയുണ്ട്‌. പലയിടങ്ങളില്‍ നിന്നു വന്ന ആളുകള്‍ പല ഭാഷയില്‍ പൊട്ടിച്ചിരിക്കുന്നു. യുവ സുന്ദരന്‍ ടവറിന്റെ അരമതിലിലോ, കൈവരിയിലോ കയറാന്‍ ശ്രമിച്ചതാണ്‌. ‘അയ്യോ ചേട്ടാ കേറല്ലേ…’ എന്നു പറഞ്ഞു ഭാര്യ കടന്നു പിടിച്ചു. ബഹളത്തിനിടയില്‍ അദ്ദേഹത്തിന്റെ മുണ്ടു പിണങ്ങി പറന്നു പോയി. പെട്ടെന്നുണ്ടായ ഷോക്കില്‍ മൂപ്പര്‍ ജൂബയുടെ തുമ്പു വലിച്ചു പിടിച്ചു നിലത്തിരുന്നു പോയി. എന്തു ചെയ്‌തിട്ടും എഴുന്നേല്‌ക്കുന്നില്ല.

എന്തിനാണയാള്‍ ഒളിച്ചിരുന്നതെന്ന്‌ ഇന്നും എനിക്കു മനസ്സിലായിട്ടില്ല. അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജര്‍മ്മനിയിലെയുമൊക്കെ വനിത പ്രസിഡണ്ടുമാരും, പ്രധാനമന്ത്രിമാരുമൊക്കെ കോട്ടും, സ്‌കര്‍ട്ടുമായാണ്‌ പൊതു വേദിയില്‍ വരുന്നത്‌. ജൂബ മാത്രം ധരിക്കുമ്പോഴും അത്രയൊക്കെ മറയുന്നുണ്ട്‌. മുണ്ട്‌ ഉടുക്കുന്ന ആള്‍ മുണ്ട്‌ മടക്കി കുത്തിയാലും ഇതു തന്നെ സ്ഥിതി. പക്ഷെ മുണ്ട്‌ എന്ന ആചാരം പെട്ടെന്ന്‌ പറന്നുപോയപ്പോള്‍ ഒരു ഷോക്കടിച്ചു. ഇത്‌ നമുക്കെല്ലാമടിക്കും. കാരണം ശീലമായിപ്പോയി. ശീലങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ ഉണ്ടാവുന്ന ഷോക്കാണ്‌ ഇപ്പോള്‍ കേരളത്തില്‍ തിളച്ചു പൊങ്ങുന്നത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകളില്‍ (എം.എന്‍.സി.) ജോലി ചെയ്‌തിരുന്ന ഒരു സ്‌നേഹിതന്‍ കേരളത്തിലേക്കു മടങ്ങി വന്നു. ഒരു ഫ്‌ളാറ്റു വാടകയ്‌ക്കെടുത്തു. ഭാര്യയും, മക്കളും വരുന്നതിനു മുന്‍പു ഫ്‌ളാറ്റൊന്നു വൃത്തിയാക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തത്‌ ശനിയാഴ്‌ച ദിവസമാണ്‌. ആള്‍ തനി മലയാളിയാണ്‌. വീടിനു പുറത്തു ജോലി ചെയ്യണമെങ്കില്‍ കോട്ടും ടൈയും ഒക്കെ വേണമെങ്കിലും വീട്ടിനുള്ളില്‍ പണി ചെയ്യുമ്പോള്‍ തോര്‍ത്തു മാത്രമേ ഉടുക്കൂ. അവസാനത്തെ തരി പൊടിയും തുടച്ചെടുത്ത്‌ അദ്ദേഹം ഫ്‌ളാറ്റിനു പുറത്തെ മാലിന്യക്കൂട ലക്ഷ്യമാക്കി ഇറങ്ങിയപ്പോള്‍, ചലച്ചിത്ര ഗാനത്തില്‍ പറയുന്നതുപോലെ ‘കാറ്റു വന്നു, കതകടച്ചു, കള്ളനെപ്പോലെ…’ രണ്ടു താക്കോലുള്ളതില്‍ ഒന്നു ഫ്‌ളാറ്റിനകത്തിരിക്കുന്നു. മറ്റത്‌ ഓഫീസിലാണ്‌. പാവം സ്‌നേഹിതന്‍ ‘തോര്‍ത്തുടുത്തു, പുറത്തു നിന്നു കള്ളനെപ്പോലെ…’ മൊബൈല്‍ ഫോണും ഫ്‌ളാറ്റിനുള്ളിലാണ്‌. അടുത്ത ഫ്‌ളാറ്റില്‍ ചെന്ന്‌ ഫോണ്‍ ചോദിക്കാതെ മാര്‍ഗ്ഗമില്ല. പക്ഷെ വേഷവിധാനമാണു പ്രശ്‌നം.

കേരളത്തിന്റെ ശരീരഭാഷയാണ്‌ തോര്‍ത്ത്‌. പക്ഷെ പരിണാമത്തിന്റെ പാതയിലെവിടെയോ വച്ച്‌ അതിന്റെ മാന്യത നഷ്ടപ്പെട്ടു പോയിരിക്കുന്നു. പണ്ട്‌ എന്റെ ചെറുപ്പകാലത്ത്‌ ലോറി ഡ്രൈവര്‍മാരും ആനക്കാരും ഒക്കെ ധരിച്ചിരുന്ന ഒരു വസ്‌ത്രവിശേഷമുണ്ട്‌. അതിനു പുറമെ അവര്‍ ഒരു കൈലിമുണ്ടു കൂടി ചുറ്റിയിരുന്നു. ഡീമോണിറ്റൈസേഷന്‍ വരുന്നതിനു വളരെ മുന്‍പായിരുന്നതിനാല്‍ ‘മണി’ പോലും അതിലാണ്‌ സൂക്ഷിച്ചിരുന്നത്‌. എങ്കിലും അതിന്‌ മാന്യതയുടെ പരിവേഷം ഇല്ലായിരുന്നു. പില്‍ക്കാലത്ത്‌ ആരോ അതിന്‌ ബര്‍മൂഡ എന്നു പുനര്‍ നാമകരണം ചെയ്‌തു. അതോടെ കേരളമാകെ പരിഷ്‌കാര വാദികള്‍ക്കിടയില്‍ അതു പടര്‍ന്നു പന്തലിച്ചു. ആ പന്തലിലേക്കാണ്‌ നമ്മുടെ സുഹൃത്ത്‌ തോര്‍ത്തും കൊണ്ട്‌ ഇറങ്ങിയിരിക്കുന്നത്‌.

അടുത്ത വീട്ടിലെ ചേച്ചി ഫോണ്‍ കതകിനിടയിലൂടെ നീട്ടി, ഫോണ്‍ തിരിച്ചു കിട്ടിയ ഉടന്‍ തന്നെ കതകടച്ചു കുറ്റിയുമിട്ടു. ഇവിടെ ഒന്നിരുന്നോട്ടെ എന്നു ചോദിക്കാന്‍ പോലും അവസരം കിട്ടിയില്ല. തന്റെ തോര്‍ത്തിനു വിപണി മൂല്യത്തില്‍ സംഭവിച്ചിരിക്കുന്ന ഇടിവ്‌ അപ്പോഴാണ്‌ അദ്ദേഹത്തിനു മനസ്സിലായത്‌. താക്കോല്‍ വരുന്നതു വരെ എവിടെയെങ്കിലും ഒതുങ്ങിയിരുന്നേ പറ്റൂ. നോക്കിയപ്പോള്‍ തൊട്ടടുത്ത ഫ്‌ളാറ്റിനു മുന്നില്‍ രണ്ടു വലിയ കലം ഇരിക്കുന്നു. അവിടെ താമസിക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മുതലാളി ബിനാലെ കണ്ടതിന്റെ അനന്തര ഫലമാണ്‌. അദ്ദേഹം ഒരു പെയ്‌ന്റിംഗ്‌ വാങ്ങി വീട്ടില്‍ വയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും, കഷ്ടിച്ചു ഇരുപതോ ഇരുപത്തഞ്ചോ തച്ചു കൊണ്ടു പണി തീരുന്ന ഒരു പടത്തിനു മൂന്നു ലക്ഷം രൂപ വില പറയുന്ന ന്യായം ബോധ്യമായില്ല. ബുദ്ധിമാനായ അദ്ദേഹം ആലപ്പുഴയിലെ ഒരു കള്ളുഷാപ്പില്‍ നിന്നു രണ്ടു പഴയ ചാറകള്‍ എഴുന്നൂറു രൂപ വീതം കൊടുത്തു വാങ്ങി തുടച്ചു മിനുക്കി ഫ്‌ളാറ്റു നടയില്‍ വച്ച്‌ കലാശേഖരണ രംഗത്തേയ്‌ക്കു കടന്നിരിക്കുകയാണ്‌. ഒരു ചാറയ്‌ക്കു പിന്നില്‍ നമ്മുടെ എം.എന്‍.സി. കുത്തി ഇരുന്നു. തല മാത്രം പുറത്തു കാണാം. അപ്പോള്‍ ദാ സാരിയുടുത്ത രണ്ടു ധൂമകേതുക്കള്‍ കുറെ കടലാസുമായി വരുന്നു വേറൊരു എം.എന്‍.സി.യുടെ സര്‍വേ ആണ്‌. ‘സാറിന്റെ വീട്ടില്‍ ഒരു മാസം എത്ര പാട്ട ബേബി ഫുഡ്‌ വാങ്ങും? അതിനി കൂടാന്‍ സാധ്യതയുണ്ടോ?’ ശ്വാസം പിടിച്ചിരുന്നു പൂരിപ്പിക്കുന്നതിനിടയില്‍ ചാറ മറിഞ്ഞു വീണു വക്കു പൊട്ടി. ശബ്ദം കേട്ട്‌ ചാറയുടെ ഉടമസ്ഥനും, അയാള്‍ ഉണ്ടാക്കിയ ശബ്ദം കേട്ടു മുഴുവന്‍ ഫ്‌ളാറ്റു വാസികളും ഓടി വന്നു. പൊട്ടിയ ചാറ, തോര്‍ത്തു മാത്രം ധരിച്ചു തികച്ചും സുതാര്യമായി പ്രവര്‍ത്തിക്കുന്ന എം.എന്‍.സി., ചാറ പോയ റിയല്‍ എസ്‌റ്റേറ്റുകാരന്‍, ബഹളം കാണാന്‍ വന്ന അയല്‍വാസികള്‍, ബഹളം കഴിഞ്ഞു പൂരിപ്പിച്ചാല്‍ മതിയെന്നാശ്വസിപ്പിക്കുന്ന പാല്‍പ്പൊടി ഗവേഷകര്‍, ഇതിന്റെ ഒക്കെ നടുവിലേക്കാണ്‌ ഫ്‌ളാറ്റിന്റെ ഡൂപ്ലിക്കേറ്റ്‌ താക്കോലുമായി കീഴുദ്യോഗസ്ഥന്‍ വരുന്നത്‌. ഒറ്റ ദിവസം കൊണ്ടു നമ്മുടെ സ്‌നേഹിതന്‍ ജനിച്ച കാലം തൊട്ടു പാലിച്ചു പോന്ന ആചാരം ഉപേക്ഷിച്ചു. ഇപ്പോള്‍ തോര്‍ത്തു കണ്ടാല്‍ തന്നെ അലര്‍ജിയാണ്‌. ഉറങ്ങുന്നതു പോലും പാന്റുമിട്ടു ബെല്‍റ്റും കെട്ടിയാണ്‌.

പണ്ടു കേരളത്തിലെ പുരുഷന്മാരുടെ വേഷം മുട്ടു മറയാത്ത തോര്‍ത്തു മുണ്ടായിരുന്നു. അടുത്ത കാലം വരെ ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ വേഷവും അതു തന്നെയായിരുന്നു. ഒരു പക്ഷേ പാടത്തും പറമ്പിലും പണി ചെയ്യാനുള്ള സൗകര്യം, മരത്തില്‍ കയറാനുള്ള സൗകര്യം, കാലാവസ്ഥ, തോര്‍ത്തിന്റെ വിലക്കുറവ്‌ ഇതൊക്കെയാവാം അത്തരം ഒരു വേഷം അന്നു പ്രചാരത്തിലാക്കിയത്‌. ഇന്നിപ്പോള്‍ ആരെങ്കിലും നാട്ടില്‍ തോര്‍ത്തു മുണ്ടുടുത്തു നടക്കാറുണ്ടോ ?

പണ്ടു ക്ഷേത്രത്തില്‍ ശാന്തി ചെയ്യുന്നവരും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നവരുമൊക്കെ ആറ്റില്‍ കുളിച്ചാണു ചടങ്ങുകള്‍ ചെയ്‌തിരുന്നത്‌. ഇന്നിപ്പോള്‍ പലരും കുളിമുറിയില്‍ കുളിച്ചാണ്‌ പൂജ ചെയ്യുന്നത്‌. അതു തന്നെ ഭാഗ്യം. ആരെയും കുറ്റപ്പെടുത്താനാവില്ല. കേരളത്തിലെ പല കുളങ്ങളിലും പുഴകളിലും മുങ്ങുന്നവരെ തിളപ്പിച്ചാറിയ വെള്ളത്തില്‍ സോപ്പു പൊടിയും അണു നാശിനിയും ചേര്‍ത്തിളക്കി രണ്ടു ദിവസം മുക്കി വച്ചു പുറത്തെടുത്താലേ കൈ കൊണ്ടു തൊടാന്‍ പറ്റൂ. പക്ഷേ ഇതൊക്കെ മാറിയത്‌ തന്ത്രവിധിയിലൂടെയോ, പ്രശ്‌നവിധിയിലൂടെയോ അല്ല, സ്വന്തം വിധിയിലൂടെയാണ്‌.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ ഇന്നത്തെ മാതൃകയില്‍ പണി കഴിപ്പിച്ചതു മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവായിരുന്നു. മൂന്നുറോളം വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ കാലത്തെ പുരുഷന്മാരുടെ വേഷം കൗപീനവും ഒറ്റമുണ്ടുമായിരുന്നു. എന്തായാലും ഇന്നു ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന പുരുഷന്മാരുടെ ഇടയില്‍ കൗപീനധാരികളുടെ എണ്ണം വളരെ പരിമിതമായിരിക്കുവാനാണു സാധ്യത. കൗപീനം മാറ്റി ജട്ടി ധരിച്ചു കൊള്ളുവാന്‍ പുരുഷ ഭക്തന്മാര്‍ക്ക്‌ ആരും അനുവാദം കൊടുത്തതായി അറിവില്ല. അപ്പോള്‍ അത്‌ ആചാര ലംഘനമല്ലേ? അതോ അടിവസ്‌ത്രത്തിന്റെ കാര്യത്തില്‍ എന്തുമാകാമെന്നും, ഷര്‍ട്ടു ധരിക്കരുതെന്നും, മുണ്ടു ധരിക്കണമെന്നുമൊക്കെ ഏതെങ്കിലും സംഹിതകളില്‍ പറയുന്നുണ്ടോ ?

കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിടണം എന്നൊരു ചൊല്ല്‌ മലയാള ഭാഷയിലുണ്ടായിരുന്നു. കോണകത്തോടൊപ്പം പഴഞ്ചൊല്ലും അപ്രത്യക്ഷമായി. പണ്ടു കുളികഴിഞ്ഞു വരുന്ന കാരണവന്‍മാര്‍ തങ്ങളുടെ കോണകം നനച്ചു പിഴിഞ്ഞുണങ്ങാനായി പുരപ്പുറത്തു വിരിക്കും. അങ്ങിനെ പുരപ്പുറത്തു വിരിച്ചിടുന്ന തറവാടിന്റെ ആ ‘പതാക’ കാരണവരുടെ ശുദ്ധവും വൃത്തിയും തറവാടിന്റെ മഹത്വവുമെല്ലാം നാട്ടുകാരോടു വിളംബരം ചെയ്യും. അതുകൊണ്ടാണ്‌ കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തിടണമെന്നു പറയുന്നത്‌. കേരളീയ സമൂഹത്തിന്റെ കാപട്യങ്ങളെ ഇത്ര ഭംഗിയായി അനാവരണം ചെയ്യുന്ന വേറൊരു പഴഞ്ചൊല്ലുമില്ല. തനിക്കു വേണ്ടാത്ത ആചാരങ്ങളൊക്കെ മാറ്റുവാന്‍ അവനു തന്ത്രിയും വേണ്ട, ജ്യോതിഷവും വേണ്ട, ഒരു ശാസ്‌ത്രത്തിന്റെയും പിന്തുണയും വേണ്ട.

ഉച്ചഭാഷിണികള്‍ സംബന്ധിച്ച്‌ ഒരുപാടു നിയമങ്ങള്‍ നാട്ടിലുണ്ട്‌. കോളാമ്പി മാതൃകയിലുള്ള സ്‌പീക്കറുകള്‍ ഉപയോഗിക്കരുത്‌, ഒരു നിശ്ചിത ഉയരത്തിനു മുകളില്‍ അവ വയ്‌ക്കരുത്‌, ഒരു നിശ്ചിത ശക്തിയില്‍ കൂടുതലുള്ളവ ഉപയോഗിക്കരുത്‌, ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കരുത്‌� ഇതിനെല്ലാം വ്യക്തമായ കോടതി വിധികളുമുണ്ട്‌. ഇതെല്ലാം ലംഘിച്ചു കൊണ്ട്‌ നാട്ടുകാര്‍ക്കു സര്‍വ്വത്ര ഉപദ്രവമുണ്ടാക്കിക്കൊണ്ട്‌ നമ്മള്‍ കഴിയുന്നത്ര അമ്പലങ്ങളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്നു. അങ്ങേയറ്റത്തു കൗളമഹര്‍ഷി കുലാര്‍ണ്ണവ തന്ത്രം രചിക്കുന്ന കാലത്തും ഇങ്ങേയറ്റത്തു ചേന്നാസ്‌ നമ്പൂതിരി തന്ത്ര സമുച്ചയം എഴുതുന്ന കാലത്തും ആംപ്ലിഫൈയറുകളും ലൗഡ്‌ സ്‌പീക്കറുകളും മലയാള സിനിമയും ചലച്ചിത്ര ഗാനങ്ങളുമൊന്നുമില്ലായിരുന്നു. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ മന്ത്രോച്ചാരണവും നാമജപങ്ങളുമൊക്കെയാണു വിധിക്കപ്പെട്ടിരിക്കുന്നത്‌. പക്ഷേ മന്ത്രധ്വനികള്‍ മുഴങ്ങേണ്ടയിടങ്ങളില്‍ പലയിടത്തും ഇപ്പോള്‍ പ്രാദേശിക ഭക്തകവികള്‍ മലയാള ഭാഷയെ ബലാല്‍സംഗം ചെയ്യുമ്പോഴുണ്ടാകുന്ന ദീനരോദനമാണ്‌ മുഴുങ്ങുന്നത്‌! ഇതിലും വലിയ ആചാര ലംഘനമുണ്ടോ? തന്ത്രിയും ജ്യോതിഷിയും ഒന്നും ഇതു നിര്‍ത്താന്‍ പറയുന്നുമില്ല.

കഴിഞ്ഞ നൂറ്റാണ്ടിലെ സമുദായ നേതാക്കളും, ആത്മീയ നേതാക്കളും യാഥാസ്ഥിതികരോടു യുദ്ധം ചെയ്‌താണ്‌ അനാചാരങ്ങള്‍ കുറെയെങ്കിലും ഇല്ലാതാക്കിയത്‌. ചട്ടമ്പി സ്വാമികളും, ശ്രീനാരായണഗുരുവും ആത്മീയ മേഖലയില്‍ സമത്വത്തിനായി പോരാടിയപ്പോള്‍, സമുദായങ്ങള്‍ക്കുള്ളിലെ അനാചാരങ്ങള്‍ ഇല്ലാതാക്കുവാനും, സമത്വം ഉറപ്പാക്കുവാനും മന്നത്തു പത്മനാഭനും, വി.ടി. ഭട്ടതിരിപ്പാടുമൊക്കെ രംഗത്തിറങ്ങി. സ്വന്തം സമുദായം നേരിടുന്ന ചൂഷണത്തിനെതിരെ അക്ഷരാര്‍ത്ഥത്തില്‍ പോരാടിയ നേതാവാണ്‌ അയ്യങ്കാളി. മറക്കാനാവാത്ത മറ്റൊരു പേരാണ്‌ സഹോദരന്‍ അയ്യപ്പന്‍. ഇവരെല്ലാം നടത്തിയ ശ്രമങ്ങളുടെ ഫലമായി വിധവാ വിവാഹം തൊട്ടു ക്ഷേത്ര പ്രവേശനം വരെ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍ നടപ്പിലായി. പ്രായോഗികതലത്തില്‍ ജാതി ഇല്ലാതാക്കുന്നതില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ വലിയ പങ്കു വഹിച്ചു. ഇതൊന്നും എളുപ്പമായിരുന്നില്ല.

ക്ഷേത്രകാര്യങ്ങള്‍ തന്ത്രിമാരും ജ്യോതിഷികളുമൊക്കെ തീരുമാനിക്കട്ടെ എന്ന വാദത്തിന്‌ ഇന്ന്‌ ഒരു മാന്യതയും പിന്തുണയുമൊക്കെ കിട്ടുന്നുണ്ട്‌. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പൂജാ വിധികളും വിശ്വാസികളുടെ ആരാധനക്കുള്ള അവകാശവും രണ്ടാണെന്നതാണ്‌. ആരാധനാ അവകാശങ്ങളുടെ കാര്യത്തില്‍ അന്നത്തെ തന്ത്രിമാരുടെയോ, ദേവപ്രശ്‌നക്കാരുടെയോ അഭിപ്രായം ചോദിക്കാന്‍ നിന്നിരുന്നെങ്കില്‍ ദളിതര്‍ക്ക്‌ ക്ഷേത്ര പ്രവേശനം ഇന്നും സാധ്യമാവില്ലായിരുന്നു.

ശബരിമല അയ്യപ്പസ്വാമി ബ്രഹ്മചാരിയായതു കൊണ്ട്‌ പത്തിനും അന്‍പതിനും ഇടയ്‌ക്കു പ്രായമുള്ള സ്‌ത്രീകള്‍ ദര്‍ശനത്തിനു ചെല്ലരുതെന്നും പറയുന്നവരുണ്ട്‌. മഹാബ്രഹ്മചാരിയായ ഹനുമാന്‍ സ്വാമിയുടെ ക്ഷേത്രങ്ങള്‍ കേരളത്തിലും ഇന്ത്യയിലെല്ലായിടത്തുമുണ്ട്‌. അവിടൊന്നും സ്‌ത്രീകള്‍ ആരാധന നടത്തുന്നതിന്‌ ഒരു തടസ്സവുമില്ലതാനും.

അഹം ബ്രഹ്മാസ്‌മിയെന്നും, തത്വമസിയെന്നുമൊക്കെ പറയുകയും എഴുതി വയ്‌ക്കുകയും ചെയ്യുമെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ നമ്മള്‍ അല്‌പ ജ്ഞാനികളും കൊടും പിന്തിരിപ്പന്മാരുമാണ്‌. അതുകൊണ്ടാണല്ലോ ചില മഹാക്ഷേത്രങ്ങളുടെ മുന്‍പില്‍ പ്രവേശനം ഹിന്ദുമത വിശ്വാസികള്‍ക്കു മാത്രമെന്ന്‌ എഴുതി വയ്‌ക്കുന്നത്‌. കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ അമ്പലപ്പുഴ അമ്പലത്തില്‍ നിന്നു മൂലം വള്ളം കളിക്കു പുറപ്പെടുന്ന എഴുന്നള്ളത്തിനു മാപ്പിളശ്ശേരി എന്ന ക്രിസ്‌ത്യന്‍ തറവാട്ടില്‍ സ്വീകരണം നല്‌കും. അവിടെ ലഭിക്കുന്ന സല്‍ക്കാരം സ്വീകരിച്ച ശേഷമാണ്‌ എഴുന്നള്ളത്തു തുടരുന്നത്‌. ശബരിമലയില്‍ പോകുന്നവര്‍ വാവര്‍ സ്വാമിയെ വണങ്ങുന്നു. ചില ദൈവങ്ങള്‍ക്ക്‌ മതത്തിന്റെ വേലിക്കെട്ടുകളില്ലെന്നും, മറ്റു ചില ദൈവങ്ങള്‍ക്കതുണ്ടെന്നും തീരുമാനിക്കുന്നത്‌ ആരാണ്‌ ?

മൈസൂരില്‍ പഠിച്ചു കൊണ്ടിരുന്ന കാലത്താണ്‌ ഞാന്‍ പൊറോട്ടയ്‌ക്ക്‌ അടിമയാവുന്നത്‌. ഹോസ്‌റ്റലില്‍ നിന്നു ചാടി മൂന്നു കിലോ മീറ്റര്‍ അപ്പുറത്തു പൊറോട്ട കഴിക്കാന്‍ പോവും. ഒരു മലയാളി ഹോട്ടലാണ്‌. അവിടെ സിലോണ്‍ പൊറോട്ടയ്‌ക്ക്‌ ഒരു രൂപ, കേരള പൊറോട്ടയ്‌ക്ക്‌ ഒന്നേകാല്‍ രൂപ. വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ അധികം താമസിയാതെ ഒരു വെയ്‌റ്ററുമായി ചങ്ങാത്തത്തിലായി. അപ്പോള്‍ മൂപ്പര്‍ ഉപദേശിച്ചു, നിങ്ങള്‍ സിലോണ്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്‌താല്‍ മതി, കേരള പൊറോട്ട ഞാന്‍ കൊണ്ടു വന്നു തരാം. കാരണം രണ്ടും ഫലത്തില്‍ ഒന്നു തന്നെയാണ്‌. അമേരിക്ക പോലെ തന്നെ സാധാരണ മനുഷ്യര്‍ക്ക്‌ അപകടകരമായ അമേരിക്കന്‍ മാവ്‌ എണ്ണയില്‍ കുഴച്ച്‌, അടിച്ചു ചതച്ച്‌, നീട്ടി ഉരുട്ടി പരത്തി ചൂടു കല്ലിലേക്കിടുന്നു. തിരിച്ചെടുക്കുമ്പോള്‍ പല അടരുകളായി പൊന്തി വന്നാല്‍ അതു കേരള പൊറോട്ട. എല്ലാം കൂടി ഒരുമിച്ചു പലക പോലെ കനത്തില്‍ ഇരുന്നാല്‍ സിലോണ്‍ പൊറോട്ട. ചുരുക്കിപ്പറഞ്ഞാല്‍ നിയതമായ വ്യവസ്ഥയൊന്നുമില്ല. ഉണ്ടാവുന്നതു കേരളയാവാം, സിലോണാവാം. എന്താണുണ്ടാവുകയെന്ന്‌ ഉണ്ടാവുന്നതു വരെ ഉണ്ടാക്കുന്നവനു പോലും ഒരു പിടിയുമില്ല. ഇതു തന്നെയാണു മനുഷ്യന്റെയും അവസ്ഥ. ജാതിയും മതവും ദേശീയതയുമൊക്കെ ഓരോരുത്തര്‍ ഓരോ കാലത്തിട്ടു കൊടുക്കുന്ന ലേബലുകളാണ്‌. ഈ ലേബലുകളുടെ പേരില്‍ പ്രത്യക്ഷമായും പരോക്ഷമായും ലോകത്തൊഴുകിയിട്ടുള്ള ചോരപ്പുഴകള്‍ക്കൊരു കണക്കുമില്ല.

ദൈവത്തിനും മനുഷ്യനുമിടയില്‍ എപ്പോഴും ഒരു പറ്റം ഇടനിലക്കാര്‍ കാണും. അവരുടെ വ്യാഖ്യാനങ്ങളും പ്രവൃത്തികളുമാണു കഠിനം. പ്രപഞ്ചത്തെ സംരക്ഷിക്കാന്‍ ദൈവവും, ദൈവത്തെ സംരക്ഷിക്കാന്‍ ഞങ്ങളും എന്ന മട്ട്‌. പല കാര്യങ്ങളും തലതിരിഞ്ഞാണു അവര്‍ മനസ്സിലാക്കുന്നത്‌. വിദ്യ എന്ന വാക്കിന്‌ അറിവെന്നും വിളച്ചില്‍ എന്നും അര്‍ത്ഥമുണ്ടല്ലോ. വിദ്യ കൊണ്ടു പ്രബുദ്ധരാകുവാന്‍ മഹാനായ ശ്രീനാരായണ ഗുരു ഉപദേശിച്ചു. പക്ഷെ ചില വിദ്വാന്മാരുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ ഉപദേശം രണ്ടാമത്തെ അര്‍ത്ഥത്തിലാണ്‌ എടുത്തിരിക്കുന്നതെന്നു തോന്നും.

ജഗന്നിയന്താവായ ദൈവം തമ്പുരാന്‍ എന്തായാലും തന്നെ ദര്‍ശിക്കാനെത്തുന്നവരുടെ ജാതിയും മതവും തിരിച്ചുള്ള കണക്കെടുക്കുമെന്നും, അതില്‍ സ്‌ത്രീകള്‍ അന്‍പതു വയസ്സില്‍ താഴെയെത്ര, മുകളിലെത്ര എന്ന്‌ നോക്കുമെന്നും, പാന്റും ചുരിദാറുമിട്ടു വരുന്നവര്‍ അതിനു പുറമേ മുണ്ടു ചുറ്റിയിട്ടിട്ടുണ്ടോ എന്നു നോക്കുമെന്നുമൊക്കെ വിചാരിക്കുന്നവര്‍ എന്താണു ചെയ്യുന്നതെന്നവരറിയുന്നില്ല, അവരോടു പൊറുക്കേണമേ.

വാല്‍ക്കഷണം : ഈ വിഷയം സംസാരിച്ചപ്പോള്‍ വളരെ മാന്യനായ ഒരു സ്‌നേഹിതന്‍ ചോദിച്ചു, ക്ഷേത്രങ്ങളിലെ കാര്യങ്ങള്‍ വിശ്വാസികളല്ലേ തീരുമാനിക്കേണ്ടത്‌ എന്ന്‌. തികച്ചും ശരിയാണ്‌. എല്ലാ ആരാധനാലയങ്ങളിലെയും കാര്യങ്ങള്‍ വിശ്വാസികള്‍ തന്നെ തീരുമാനിക്കട്ടെ. പക്ഷെ ഈ നാട്ടില്‍ ഒരു ഭരണഘടനയും, നിയമവാഴ്‌ചയും ഉണ്ട്‌. വിശ്വാസവും, ഭരണഘടനയും പരസ്‌പര വിരുദ്ധമായാല്‍ ഭരണഘടനയ്‌ക്കൊപ്പം നില്‌ക്കാന്‍ എല്ലാ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്‌. ഇതെല്ലാമതങ്ങള്‍ക്കും ബാധകമാണ്‌. സ്‌ത്രീകള്‍ക്കു തുല്യത ഭരണഘടന വാഗ്‌ദാനം ചെയ്യുന്നെങ്കില്‍ അതു വരട്ടു ന്യായങ്ങള്‍ പറഞ്ഞു തടയാന്‍ ആര്‍ക്കും അവകാശമില്ല.


Subscribe to get notifications on new posts

Recent Articles

Comments
  1. kumar chellappan | Reply
  2. Anand | Reply
  3. Roy Chacko | Reply
  4. Bobby | Reply
  5. Akhika | Reply
  6. Rengini Ramesh | Reply
  7. Hari | Reply
    • Rengini Ramesh | Reply
  8. MG Rajesh | Reply
  9. Ajit | Reply

Leave a Reply

Your email address will not be published.