‘ജഡ്‌ജി സാര്‍’

എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട്‌ എനിക്കു കടുത്ത അസൂയ ആണ്‌. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവാണ്‌. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്‌. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ ഒക്കെ ആയിരുന്നു എന്ന്‌. ഇല്ലെങ്കില്‍ എങ്ങിനെയാണ്‌ 24 മണിക്കൂറും സേവനം തുടരുക? അദ്ദേഹത്തെ പോലെയാകാന്‍ ഞാനും ശ്രമിക്കുമെങ്കിലും ഒരു മൂന്നു നാലു ദിവസത്തിനകം ചെമ്പു പുറത്തു വരും. സൗഹൃദം എന്റെ രക്തത്തിലുള്ള ഒരു ഗുണമല്ല എന്ന്‌ ഒടുവില്‍ ബോധ്യമായി. കൂടുതല്‍ ശ്രമിച്ചിട്ടു കാര്യമില്ല. പക്ഷെ ചിലപ്പോഴെങ്കിലും കറകളഞ്ഞ സൗഹൃദങ്ങളോടു കാണിക്കുന്ന അവഹേളനം അല്‌പം കുറ്റബോധം ഉള്ളിലുണ്ടാക്കാറുണ്ട്‌.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരടങ്ങിയ ഒരു നാലംഗ അണുകുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. അച്ഛനും അമ്മയും അല്‌പം കര്‍ക്കശക്കാരും ദേഷ്യക്കാരുമായിരുന്നതിനാല്‍ വീട്ടിലും പരിസരത്തും അണുവികിരണം അല്‌പം കൂടുതലായിരുന്നു. അധികം അകലെയല്ലാതെ അമ്മയുടെ കുടുംബ വീട്‌ ഉണ്ടായിരുന്നു. അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ക്കു വലിയ പരിക്കു പറ്റാതെ ജീവിക്കാന്‍ പറ്റിയിരുന്നു. നിറയെ മരങ്ങളും പക്ഷികളും ഒക്കെയുള്ള ആ പറമ്പില്‍ സമയം ഒരു പ്രയാസവുമില്ല. പശു, കോഴി, പാമ്പ്‌, അരണ, ഓന്ത്‌ തുടങ്ങി ഒരുപാടു ജീവികള്‍ വളര്‍ത്തിയും വളര്‍ന്നും അതു വഴി നടന്നിരുന്നു.

തൊട്ടയല്‍വക്കത്തെ വീടിന്റെ ഉടമസ്ഥന്‌ ഒന്നിലധികം വീടുകളുണ്ടായിരുന്നതിനാല്‍ പലതും വാടകയ്‌ക്കു കൊടുത്തിരുന്നു. അല്‌പം വലിയ പുരയിടമാണതും. വരുന്ന വാടകക്കാരെ മണിയടിച്ച്‌ കുട്ടികളുടെ കളികള്‍ അടുത്ത പറമ്പിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു ഞങ്ങളുടെ വിദ്യ. ആ വഴിയിലൂടെ അന്ന്‌ ഒരു ഓട്ടേറിക്ഷ പോലും വരില്ലായിരുന്നെങ്കിലും ആ വീട്‌ വാടകയ്‌ക്കെടുത്തിരുന്നത്‌ കൂടുതലും ഡോക്ടര്‍മാരായിരുന്നു. എന്താണു കാരണമെന്നറിയില്ല. അന്നു ഡോക്ടര്‍മാര്‍ അത്ര സമ്പന്നരായിരുന്നില്ല. പാവപ്പെട്ട രോഗികളുടെ ആത്മാവും ശരീരവുമൊക്ക തുരന്നു ഒറിജിനല്‍ എടുത്തുമാറ്റി ഡ്യൂപ്ലിക്കേറ്റ്‌ വയ്‌ക്കുന്ന പണിയും സര്‍വ്വ വിഷവും മരുന്നാണെന്നു പറഞ്ഞു കൊടുത്തു കാശുമേടിക്കുന്ന വിദ്യയും അന്നു പ്രാബല്യത്തില്‍ വന്നിരുന്നില്ല. അതു കൊണ്ട്‌ ഇന്നു മെഡിക്കല്‍ കോളേജില്‍ മാന്യമായി ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ വരുമാനമേ അന്ന്‌ ഏതു ഡോക്ടര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഡോക്ടര്‍മാരോടു നാട്ടുകാര്‍ക്കു വലിയ ബഹുമാനമായിരുന്നു.

അങ്ങിനെയിരിക്കുമ്പോള്‍ കുടുംബവീട്ടില്‍ താമസിക്കുന്ന അനിയത്തി മീര ഒരു വാര്‍ത്തയുമായി വരുന്നു. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയി. പകരം വന്നിരിക്കുന്നതു രണ്ടു ജഡ്‌ജിമാരാണ്‌. അവള്‍ പരിചയപ്പെട്ടു എന്നു മാത്രമല്ല ഒരാള്‍ക്ക്‌ അവളുടെ പേരു തന്നെയാണു താനും. അന്നു വരെ ഞാന്‍ ഒരു ജഡ്‌ജിയെ കണ്ടിട്ടില്ല. മീര എന്നു പേരുള്ള ഒരു പുരുഷനെയും കണ്ടിട്ടില്ല. ഞാന്‍ അവളെ തന്നെ കൂട്ടു പിടിച്ചു. ജഡ്‌ജിമാര്‍ താമസിക്കുന്ന വീടിന്റെ വേലിക്കു ചുറ്റും വെറുതെ നടക്കാന്‍ തുടങ്ങി. അപ്പോള്‍ അകത്തു നിന്നൊരു ചോദ്യം “മീര, ഇതാരാണു പുതിയ കഥാപാത്രം?”. ആ ചോദ്യത്തിന്റെ വിടവിലൂടെ ഇടിച്ചകത്തു കയറി. ആദ്യ അഭിമുഖത്തില്‍ ഒരു കാര്യം മനസ്സിലായി. മീരയ്‌ക്ക്‌ പേരിന്റെ കാര്യത്തില്‍ ചെറിയ ഒരു തെറ്റു പറ്റിയിരിക്കുന്നു. ഒരക്ഷരം മാറിപ്പോയി. ഒരു ജഡ്‌ജിയുടെ പേര്‌ ഖാദര്‍ മീരാന്‍ സാഹിബ്‌ എന്നാണ്‌. മറ്റെ ജഡ്‌ജിയുടെ പേര്‌ കൃഷ്‌ണന്‍നായര്‍ എന്നും. അന്നു ഞാന്‍ മൂന്നാം ക്ലാസ്സിലാണു പഠിക്കുന്നത്‌. മീരയുടെ ചേട്ടനെന്ന പരിഗണനയില്‍ രണ്ടു ജഡ്‌ജിമാരും എന്നെ ‘ചേട്ടാ’ എന്നു വിളിക്കാന്‍ തുടങ്ങി. മിക്കവാറും വിളിക്കുന്നത്‌ ‘എടാ ചേട്ടാ’ എന്നാണ്‌.

ഖാദര്‍ മീരാന്‍ സാഹിബ്‌ സാര്‍ വളരെ കുറച്ചു നാളേ അവിടെ ഉണ്ടായിരുന്നുള്ളൂ. പേരൊഴിച്ചു മറ്റൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്നാല്‍ കൃഷ്‌ണന്‍ നായര്‍ സാറും അദ്ദേഹത്തിന്റെ പാചകക്കാരന്‍ ശശിയും – പതിനഞ്ചോ, പതിനാറോ വയസ്സു പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ – കുറെക്കാലം അവിടെ താമസിച്ചു. ഞങ്ങള്‍ സാറിനെ ജഡ്‌ജി സാറെന്നു വിളിക്കാന്‍ തുടങ്ങി.

അന്നു ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൂന്നാം ക്ലാസ്സുവരെ അരദിവസമേ ക്ലാസ്സുള്ളൂ. എന്നു മാത്രമല്ല മൂന്നാം ക്ലാസ്സുകാരെ പഠിപ്പിക്കുന്നത്‌ ഉച്ചക്കു ശേഷമാണ്‌. ഒരു മണിക്കു സ്‌കൂളിലെത്തിയാല്‍ മൂന്നരമണിക്കു തിരിച്ചു പോകാം.

അച്ഛനും അമ്മയും ജോലിക്കു പോവുമായിരുന്നതു കൊണ്ട്‌ രാവിലെ തന്നെ ഞാനും പുറത്തു ചാടും. പുസ്‌തകങ്ങളും സ്‌കൂളില്‍ കൊണ്ടു പോകാനുള്ള ഷര്‍ട്ടും നിക്കറുമൊക്കെ അമ്മയുടെ വീട്ടില്‍ ഭദ്രമായി വയ്‌ക്കും. പിന്നെയങ്ങോട്ട്‌്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാണ്‌. ചുറ്റുപാടുമുള്ള പറമ്പുകള്‍ മുഴുവന്‍ അരിച്ചു പെറുക്കും. നേരെ ജഡ്‌ജി സാറിന്റെ വീട്ടിലേക്കു ചെല്ലും. അദ്ദേഹം സ്റ്റെനോഗ്രാഫര്‍ക്ക്‌ ഇംഗ്ലീഷില്‍ വിധി ന്യായങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരിക്കും. ഞാന്‍ അവിടെ കിടക്കുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രമെടുത്തു ഗൗരവത്തില്‍ വായന തുടങ്ങും. ഈ വായന കുറച്ചു നീളും. കാരണം മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന എനിക്ക്‌ ആകെ A,B,C,D എന്ന നാല്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ മാത്രമേ അറിയാവൂ. അതെവിടെയെങ്കിലും ഉണ്ടോ എന്നാണു നോക്കുന്നത്‌. കുറെക്കഴിഞ്ഞ്‌ ഞാന്‍ പത്രം താഴെ വയ്‌ക്കുമ്പോള്‍ ചോദ്യം വരും. “ചേട്ടാ നീ പത്രം വായിച്ചു കഴിഞ്ഞോ?”. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ചോദ്യത്തിന്റെ രഹസ്യം എനിക്കു പിടികിട്ടിയത്‌. എനിക്ക്‌ ഇംഗ്ലീഷ്‌ അക്ഷരം അറിയില്ലെന്ന കാര്യം മീര രഹസ്യമായി അദ്ദേഹത്തോട്‌ പറഞ്ഞിരുന്നു!.

മീന്‍കാരന്‍ വരുമ്പോള്‍ പൂച്ച പടിക്കല്‍ ചെന്നു നില്‌ക്കുന്നതു പോലെ പതിനൊന്നു മണിയാവുമ്പോള്‍ ഞാനും ജഡ്‌ജിസാറിന്റെ അരകല്ലിന്‍ ചുവട്ടിലെത്തും. പാചകക്കാരന്‍ ശശി രാവിലെ തന്നെ അദ്ദേഹത്തിനു ദോശ ഉണ്ടാക്കി നല്‌കിയിരിക്കും. അതിനു ശേഷം ഉച്ചയൂണിനുള്ള കറികള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും. എല്ലാദിവസവും അവിയല്‍ സാമ്പാര്‍ തുടങ്ങി പല കറികളുമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയതായി അറിവില്ല. കൃത്യം പതിനൊന്നു മണിയാവുമ്പോള്‍ ശശി ഒരു ആത്മഗതം പുറപ്പെടുവിക്കും “ഇന്നത്തെ കറി ഉപ്പുമാങ്ങ കൊണ്ടായാലോ?”. ഭരണി തുറന്ന്‌ റെഡിമെയ്‌ഡ്‌ ഫുഡായ ഉപ്പുമാങ്ങ രണ്ടെണ്ണം പുറത്തെടുക്കും. പിന്നെ എന്നെ ഒന്നു നോക്കിയ ശേഷം ഒന്നു കൂടി പുറത്തെടുക്കും. അതെനിക്കുള്ളതാണ്‌. തുടര്‍ന്ന്‌ ഉപ്പുമാങ്ങയെ പീഡിപ്പിക്കാന്‍ തുടങ്ങും. അരകല്ലില്‍ വച്ച്‌, അമ്മിക്കല്ലു പലതരത്തില്‍ പിടിച്ചു ഇടിക്കുക, ചതക്കുക, ചരുവത്തിലിട്ടു തവി കൊണ്ടു കുത്തുക, കടുകു വറുത്ത തിളച്ച എണ്ണയിലേക്കിടുക, മുളകു പൊടി വിതറുക. പച്ചമുളകു കീറിയിടുക, പുളിച്ച മോരൊഴിക്കുക അങ്ങിനെ എത്രയെത്ര കോംബിനേഷനുകളാണ്‌. ഈ അധ്യായം അവസാനിക്കുന്നത്‌ എല്ലാ ദിവസവും ഒരേ രീതിയിലാണ്‌. ശശിയിലെ ശാസ്‌ത്രജ്ഞന്‍ ഒടുവില്‍ അവശേഷിക്കുന്ന തിളക്കുന്ന ദ്രാവകത്തില്‍ അല്‌പം തവി കൊണ്ടു കോരി നാക്കിലൊഴിച്ചു രണ്ടു മൂന്നു തവണ മേലോട്ടു ചാടും. കണ്ണിലും മൂക്കിലും കൂടി വരുന്ന പുകയും വെള്ളവുമൊക്കെ തുടച്ചിട്ടു പറയും “ഇന്നു കറി നന്നായിട്ടുണ്ട്‌ ഇന്നലെത്തെ പോലെയല്ല”. കൈക്കൂലിയായി കിട്ടിയ ഉപ്പുമാങ്ങ നുണഞ്ഞിറങ്ങുന്ന ഞാന്‍ തികഞ്ഞ സത്യസന്ധനായതു കൊണ്ട്‌ ഒന്നും മിണ്ടില്ല, തല കുലുക്കും.

പാവം ജഡ്‌ജി സാര്‍ , അമേരിക്കയ്‌ക്ക്‌ ഇസ്രായേലിനോടുള്ള സമീപനം തന്നെ ആയിരുന്നു സാറിനു ശശിയോടും. എന്തു ചെയ്‌താലും പുഞ്ചിരിക്കും. പിന്നെ ഉപ്പുമാങ്ങയ്‌ക്ക്‌ ഒരു മിനിമം ഗ്യാരണ്ടി ഉള്ളതു കൊണ്ട്‌ പട്ടിണി മരണം സംഭവിച്ചില്ല. സ്ഥലം മാറി പോയപ്പോള്‍ അദ്ദേഹം സ്റ്റൗവ്‌, പാത്രങ്ങള്‍, ദോശക്കല്ല്‌, തുടങ്ങിയ ജംഗമ വസ്‌തുക്കളെല്ലാം ശശിക്കു നല്‍കി. അതെല്ലാം തലയില്‍ വച്ചാണ്‌ ശശി നാടു വിട്ടത്‌. പിന്നെ എന്തായെന്നറിയില്ല. ഒരു പക്ഷെ പില്‍ക്കാലത്ത്‌ 2 മിനിട്ട്‌ നൂഡില്‍സ്‌ ഇന്ത്യയില്‍ ഇറങ്ങിയതിനു പിന്നില്‍ ശശിയും ഉണ്ടായിരുന്നിരിക്കാം.

അക്കാലത്ത്‌ എന്റെ അമ്മൂമ്മ ഒരു പശുവിനെ വളര്‍ത്തുന്നുണ്ട്‌. പശുവിനാണോ അമ്മൂമ്മയ്‌ക്കാണോ കൂടുതല്‍ കുറുമ്പെന്ന്‌ വീട്ടില്‍ ആര്‍ക്കും ഉറപ്പില്ല. അമ്മൂമ്മയോടും ചോദിക്കാന്‍ പറ്റില്ല, പശുവിന്റെ ഭാഷയും അറിയില്ല. ഒരിക്കല്‍ പറമ്പിന്റെ അതിരില്‍ കെട്ടിയിരുന്ന പശുവിനെ അമ്മൂമ്മ എന്തിനോ തല്ലി. പശു അമ്മൂമ്മയെ കൊമ്പില്‍ തോണ്ടി എറിഞ്ഞു. അത്രയ്‌ക്കായോ എന്നു ചോദിച്ച്‌ അമ്മൂമ്മ എഴുന്നേറ്റു വന്നു വീണ്ടും തല്ലി, പശു വീണ്ടും എടുത്തെറിഞ്ഞു. അങ്ങിനെ അമ്മൂമ്മയും പശുവും ഒത്തു ചേര്‍ന്നു ന്യൂട്ടന്റെ മൂന്നാം ചലന നിയമം ശരിയാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശബ്ദം, “പോരെ ചേച്ചി, രണ്ടു മൂന്നു തവണ ആയില്ലേ?” ജനലിലൂടെ ഈ കാഴ്‌ച കണ്ട്‌ മടുത്ത ജഡ്‌ജി സാറാണ്‌. ഏകപക്ഷീയമായി യൂദ്ധം നിര്‍ത്തി അമ്മൂമ്മ വീട്ടിലേക്കു പോയി. പശുവും ഉടമസ്ഥനുമായുള്ള തര്‍ക്കം കോടതിക്കു പുറത്തു വച്ചു രമ്യമായി തീര്‍ത്ത ഈ സംഭവമാവാം ഒരു പക്ഷെ ഇന്ത്യയില്‍ അദാലത്തുകളുടെയും നീതി മേളകളുടെയും തുടക്കം. ചെറിയ മനുഷ്യരുടെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്ന പതിവ്‌ അന്നു തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ എന്റെ അമ്മൂമ്മയും ചരിത്രത്തില്‍ നിന്നു മാഞ്ഞു പോയി.

ഇടയ്‌ക്ക്‌ കുടുംബം നാട്ടില്‍ നിന്നെത്തുമ്പോളൊഴിച്ചുള്ള വൈകുന്നേരങ്ങളില്‍ ജഡ്‌ജിസാര്‍ തിരക്കില്‍ നിന്നു മുക്തനായിരുന്നു. കുട്ടികളായ ഞങ്ങളുടെ ഏതു സംശയവും വളരെ സൗമ്യമായി തീര്‍ത്തു തരുമായിരുന്നു. അങ്ങിനെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ കോഴിക്കോട്ടേക്ക്‌ സ്ഥലം മാറ്റമായി. പോകാന്‍ നേരത്ത്‌ എന്നെ വിളിച്ചു പറഞ്ഞു ‘ചേട്ടാ, നീ ഇടയ്‌ക്കിടെ എഴുത്തയക്കണം’.

ഞാന്‍ ആദ്യം കത്തയക്കാന്‍ മടി കാണിച്ചു. പക്ഷെ ഒരു മാസത്തിനകം അദ്ദേഹത്തിന്റെ കത്ത്‌ എനിക്ക്‌ വന്നു. സ്‌കൂളിലേക്കാണ്‌ വന്നത്‌. പുറത്ത്‌ അയച്ച ആളിന്റെ പൂര്‍ണ്ണ മേല്‍ വിലാസം. നാലാം ക്ലാസ്സുകാരന്‌ കോഴിക്കോട്‌ ലാന്‍ഡ്‌ റിഫോംസ്‌ സബ്‌ ജഡ്‌ജി കത്തയക്കുക. അതിലും വലിയ വാര്‍ത്ത ആ വര്‍ഷം സ്‌കൂളില്‍ ഉണ്ടായിട്ടില്ല. ഞാന്‍ സ്‌കൂളില്‍ പോവുമ്പോള്‍ രാവിലെ മുടങ്ങാതെ ഐഡിന്റി കാര്‍ഡു പോലെ കത്ത്‌ എടുത്ത്‌ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വയ്‌ക്കും. മൂന്നിലൊരു ഭാഗമെങ്കിലും പുറത്തേക്കു കാണുന്ന തരത്തിലാണ്‌ വയ്‌ക്കുന്നത്‌. എതിരെ വരുന്നവരെയെല്ലാം ദയനീയമായി നോക്കും ആരെങ്കിലുമൊന്നു ചോദിക്കണ്ടേ, ഇതെന്താ വല്യ എഴുത്തുമൊക്കെ ആയിട്ടെന്ന്‌. ഇല്ല ഒരു പ്രതിഭയ്‌ക്ക്‌ ഈ നാട്ടില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാന്‍ വലിയ പാടാണ്‌.

പിന്നീടും അപൂര്‍വ്വമായി എങ്കിലും അദ്ദേഹം ചില കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനൊക്കെ ആയി ഞങ്ങളുടെ നാട്ടില്‍ വരുമായിരുന്നു. കല്യാണ സ്ഥലത്ത്‌ എന്നെ പരിചയമുണ്ടാവാന്‍ സാധ്യതയുള്ള ആരെയെങ്കിലും തപ്പിപ്പിടിച്ച്‌ അവനെ ഞാന്‍ അന്വേഷിച്ചു എന്നു പറയാന്‍ ചുമതലപ്പെടുത്തും.

കുറെ വര്‍ഷം കഴിഞ്ഞു. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ തന്നെ തിരികെ എത്തി. ഒരു ദിവസം വൈകിട്ട്‌ വീടിനടുത്ത അമ്പലത്തില്‍ നിന്നൊരാള്‍ ഓടി വരുന്നു. അവിടെ ഒരു ജഡ്‌ജി വന്നിട്ടുണ്ട്‌. നിന്നെ അന്വേഷിക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ നാട്ടിന്‍പുറത്തെ ആള്‍ത്തിരക്കില്ലാത്ത അമ്പലമുറ്റത്തെ ഇരുട്ടില്‍ അദ്ദേഹം ചിന്താമഗ്നനായി നില്‌പുണ്ട്‌. എന്നെക്കണ്ടു. ‘വാടാ ചേട്ടാ’ എന്നു വിളിച്ചു. സമയം പോലെ ഔദ്യോഗിക വസതിയിലേക്ക്‌ ഇറങ്ങാന്‍ എന്നെ ക്ഷണിച്ചു. പക്ഷെ എന്തോ ഒരു അസ്വസ്ഥത പോലെ എനിക്കു തോന്നി. പതിവുള്ള സംസാരം ഇല്ല. ആളുകള്‍ പിരിഞ്ഞു പോയ ശേഷം അദ്ദേഹം ക്ഷേത്ര നടയില്‍ തൊഴുതു കണ്ണുകളടച്ചു നില്‌ക്കാന്‍ തുടങ്ങി. അങ്ങിനെ എത്ര നേരം നിന്നു എന്നറിയില്ല. എന്നെ നോക്കി ‘പൊയ്‌ക്കോളൂ’ എന്നൊരാംഗ്യം കാണിച്ചിട്ട്‌ ഒന്നും മിണ്ടാതെ ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേക്കദ്ദേഹം നടന്നു പോയി. മൂന്നാം ദിവസത്തെ പത്രത്തില്‍ വായിച്ചു ജില്ലാ ജഡ്‌ജി കൃഷ്‌ണന്‍ നായര്‍ ഒരു കൊലക്കേസ്‌ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്ന്‌.

എഴുപതുകളുടെ അവസാനഘട്ടത്തിലാണിത്‌. അന്ന്‌ കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ സാധാരണമാണ്‌. അതുകൊണ്ടു തന്നെ അത്തരം വാര്‍ത്തകള്‍ക്കു പത്രത്തിലും അധികം സ്ഥലമൊന്നും കൊടുക്കാറില്ല. കൊലപാതകത്തെക്കുറിച്ചും വധശിക്ഷയെക്കുറിച്ചും, അതു വിധിക്കുന്ന ന്യായാധിപനെക്കുറിച്ചുമൊക്കെ ഞാന്‍ ആദ്യമായി ആലോചിക്കുന്നതപ്പോളാണ്‌. അദ്ദേഹം ഒരു വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്നു. അതിനിടെ ഇതേ സംഭവങ്ങള്‍ ഇതേ മുറയില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നാണെന്റെ ഓര്‍മ്മ.

അധികം താമസിയാതെ അദ്ദേഹം വിരമിച്ചു. എന്റെ നാട്ടില്‍നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അദ്ദേഹത്തിന്റെ നാട്ടില്‍ സ്ഥിരതാമസമാക്കി. പിന്നിടദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടുമില്ല. ഇന്നാലോചിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യുക്തി എനിക്കു മനസ്സിലാവുന്നു. പതിനെട്ടു വയസ്സ്‌ ആകുന്നതുവരെ ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം എനിക്ക്‌ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി. പിന്നീട്‌ അന്വേഷിച്ചു ചെല്ലേണ്ടത്‌ എന്റെ കടമ ആയിരുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചിതിനു ശേഷം ഒരു മുപ്പതു വര്‍ഷമെങ്കിലും അദ്ദേഹം ജീവിച്ചിരുന്നു. ഞാന്‍ കുറഞ്ഞത്‌ അഞ്ഞൂറു തവണയെങ്കിലും ആ ടൗണിലൂടെ കടന്നു പോയിട്ടുണ്ട്‌. ഓരോ തവണയും പിന്നെയാവാം എന്നു കരുതി മാറ്റിവച്ചു. ഒടുവില്‍ നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത പത്രങ്ങളില്‍ കണ്ടു. എന്റെ കുറ്റം കൊണ്ടു മാത്രം നടക്കാതെ പോയ ആ കൂടിക്കാഴ്‌ച ഉള്ളിലെവിടെയോ ഒരു ചെറിയ നീറ്റല്‍ ഉണ്ടാകുന്നുണ്ട്‌. അതിനി ഒരിക്കലും മാറുമെന്നും തോന്നുന്നില്ല.


Subscribe to get notifications on new posts

Recent Articles

Comments
  1. kumar | Reply
  2. Mini | Reply
  3. Anoop Dhanwanthari | Reply
  4. oakley sunglasses outlet | Reply

Leave a Reply

Your email address will not be published.