യന്തിരന്‍

ഞാന്‍ വളര്‍ന്നത്‌ ഒരു പട്ടണ പ്രാന്തത്തിലാണ്‌. അത്‌ നല്ല ഒരു നാട്ടിന്‍പുറമായിരുന്നു. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നത്‌ അവിടെ കുറെ ഫാക്ടറികള്‍ ഉണ്ടായിരുന്നു എന്നതാണ്‌. അവയില്‍ പലതും വളരെ പെട്ടെന്നു പൂട്ടുകയും പിന്നെ മറ്റൊരു രൂപത്തില്‍ തുറക്കുകയും ചെയ്‌തിരുന്നതിനാല്‍ കുട്ടിക്കാലത്തു തന്നെ ഒരു പാടു യന്ത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. സാധാരണ നാട്ടിലെല്ലാം കാണുന്ന നെല്‍പാടത്തു വെള്ളം വറ്റിക്കുന്ന യന്ത്രത്തിനും, കൊപ്രയാട്ടുന്ന യന്ത്രത്തിനും, ഗോതമ്പു പൊടിക്കുന്ന യന്ത്രത്തിനുമൊക്കെ പുറമേ സോപ്പു നിര്‍മ്മാണം തൊട്ട്‌ ഹാര്‍ഡ്‌ ബോര്‍ഡ്‌ നിര്‍മ്മാണം, തടിവ്യവസായം, എല്ലുപൊടിക്കല്‍, പ്ലാസ്റ്റിക്‌ നിര്‍മ്മാണം, രാസവള നിര്‍മ്മാണം, റബ്ബര്‍ വ്യവസായം, പ്ലൈവുഡ്‌ വ്യവസായം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള പല ഫാക്ടറികളിലുമായി ഒട്ടനവധി യന്ത്രങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു.

അന്നു ഞങ്ങളെ ആകര്‍ഷിച്ചിരുന്ന ഒരു പ്രധാന യന്ത്രം ക്രെയ്‌ന്‍ ആണ്‌. ഒരു തടി ഫാക്ടറിയില്‍ മരം ആറ്റില്‍ നിന്നെടുത്ത്‌ കരയില്‍ വയ്‌ക്കുന്നതിനായി ഒരു ക്രെയ്‌ന്‍ സ്ഥാപിച്ചിരുന്നു. ഈ ക്രെയ്‌ന്‍ അന്നൊരപൂര്‍വ്വ വസ്‌തുവായിരുന്നു. വലിയ മുട്ടന്‍ തടികളെ വെറും ഈര്‍ക്കില്‍ക്കഷണം പോലെയാണ്‌ അവന്‍ തൂക്കിയെടുത്തു വട്ടം കറക്കി തറയിലടിച്ചിരുന്നത്‌. ടെലിവിഷന്‍ ഇല്ലാത്ത അക്കാലത്ത്‌ ഇത്തരം സംഗതികള്‍ കാണാന്‍ കഴിയുന്നതു തന്നെ അപൂര്‍വ്വമായിരുന്നു. അങ്ങനെ ഇവയെല്ലാം കൂടി എനിക്ക്‌ യന്ത്രങ്ങളില്‍ താത്‌പര്യം ജനിപ്പിച്ചു.

അങ്ങിനെയിരിക്കുമ്പോള്‍ ഏഴാംക്ലാസ്സിലെയോ എട്ടാം ക്ലാസ്സിലെയോ ഫിസിക്‌സ്‌ പുസ്‌തകത്തില്‍ ലഘുയന്ത്രങ്ങള്‍ എന്നൊരു പാഠം പഠിക്കേണ്ടി വന്നു. മനുഷ്യര്‍ സാധാരണ ചെയ്യുന്ന ജോലികളെ ആയാസരഹിതമായി കൂടുതല്‍ നന്നായി ചെയ്യാന്‍ സഹായിക്കുന്ന വളരെ ലളിതമായ യന്ത്രരൂപങ്ങളാണ്‌ ലഘുയന്ത്രങ്ങള്‍. ഉദാഹരണം – വെള്ളം കോരുന്ന കപ്പി, കവണ, പാക്കുവെട്ടി. ഇത്രയും അറിഞ്ഞാല്‍മതി ആവശ്യത്തിനു മാര്‍ക്കു കിട്ടും. പക്ഷെ ഗ്രഹപ്പിഴക്കാരനായ ഞാന്‍ അതൊന്നു പരീക്ഷിക്കാന്‍ ശ്രമിച്ചു. ഇതില്‍ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്നതു കവണയാണ്‌. ഞാന്‍ കാപ്പിച്ചെടിയില്‍ നിന്നും നന്നായി മൂത്ത Y ആക്യതിയിലുള്ള ഒരു കമ്പു മുറിച്ചെടുത്തു ചീകി വൃത്തിയാക്കി വെയിലത്തു വച്ചുണക്കിയെടുത്തു. പഴയ ടയര്‍ വില്‌ക്കുന്ന കടയില്‍ പോയി ഉപയോഗശ്യൂന്യമായ ടയര്‍ കീറിയെടുത്ത റബ്ബര്‍ ബാന്‍ഡും ചെരുപ്പു പണിക്കാരനോട്‌ ഇരന്നു വാങ്ങിയ തുകല്‍കഷ്‌ണവും വച്ചു ലഘു യന്ത്രം മുഴുവനാക്കി. ഇനി ഇതു പരീക്ഷിക്കണമല്ലോ. സഹായി എന്റെ ഒരനിയനാണ്‌. യന്ത്രത്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പൂര്‍ണ്ണ വിശ്വാസമുണ്ട്‌. പാഠപുസ്‌തകത്തില്‍ തെറ്റു വരില്ല എന്നാണ്‌ സ്‌കൂളില്‍ ചേര്‍ന്ന കാലം മുതല്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌. നിറയെ മാങ്ങയുള്ള ഒരു നാട്ടു മാവു കണ്ടുപിടിച്ചു. വീടിനടുത്തുള്ള ഒരു ഫാക്ടറി വളപ്പിലാണ്‌ മാവിന്റെ ചുവട്‌. പക്ഷെ മാവിന്റെ ചില്ല മുഴുവന്‍ ഞങ്ങളുടെ പറമ്പിലാണ്‌. ഈ മാവു നില്‌ക്കുന്ന പറമ്പ്‌ ഞങ്ങളുടെ പറമ്പില്‍ നിന്ന്‌ ഒരു പത്തടി താഴെയാണ്‌. എന്നു പറഞ്ഞാല്‍ മാങ്ങ കിടക്കുന്നു കൊമ്പിലേക്ക്‌ പറമ്പില്‍ നിന്നുള്ള പരമാവധി ഉയരം പതിനഞ്ചടി. ഞങ്ങള്‍ ലഘുയന്ത്രം പ്രയോഗിച്ചു മാങ്ങ പറിക്കാന്‍ ശ്രമം തുടങ്ങി. മാലി കുട്ടികള്‍ക്കായി എഴുതിയ മഹാഭാരതം ചെറുപ്പത്തില്‍ തന്നെ വായിച്ചിരുന്നതു കൊണ്ട്‌ ശാസ്‌ത്രീയമായി തന്നെയാണ്‌ ആയുധം പ്രയോഗിച്ചത്‌. മാങ്ങയില്‍ കണ്ണിമയ്‌ക്കാതെ നോക്കി കവണ രണ്ടു കണ്ണിനും മധ്യത്തിലായി പിടിച്ച്‌, റബ്ബര്‍ ബാന്‍ഡ്‌ ചെവി വരെ വലിച്ചൊക്കെയാണു പ്രയോഗം. പക്ഷെ ഏല്‍ക്കുന്നില്ല. കല്ല്‌ വല്ലപ്പോഴുമൊക്കെ മാവില്‍ ചെന്നു കൊള്ളുന്നുണ്ടെങ്കിലും ഒരു കൊതുകു കടിക്കുമ്പോഴത്തെ അസ്വസ്ഥതയേ മാങ്ങയ്‌ക്കുള്ളൂ. അരമണിക്കൂറായിട്ടു മാങ്ങ ഒന്നും വീഴുന്നില്ല. ഞങ്ങള്‍ നിരാശരായി തുടങ്ങി.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു എന്റെ ഒരു ചേട്ടന്‍. ഈ ചേട്ടന്‍ താമസിക്കുന്നത്‌ ഏഴെട്ടു കിലോമീറ്റര്‍ അകലെയാണ്‌. സാമാന്യം നല്ല ഉഴപ്പനാണ്‌. അസാമാന്യ രസികനുമാണ്‌. മൂപ്പര്‍ ഓര്‍ക്കാപ്പുറത്ത്‌ പത്താംക്ലാസ്സ്‌ പരീക്ഷ പാസായി. വിശദമായി പറഞ്ഞാല്‍ പരീക്ഷ എഴുതിയിട്ട്‌ എന്തു വന്നാലും പാസ്സാവില്ല എന്നുറപ്പിച്ച്‌ അല്‌പം സാമൂഹ്യസേവനവുമൊക്കെയായി നടക്കുമ്പോള്‍ അദ്ദേഹം പാസ്സായി എന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. ലേശം ഉന്മാദാവസ്ഥയിലായ ചേട്ടന്‍ ഇടയ്‌ക്കിടെ തിരിഞ്ഞു നോക്കിയാണ്‌ ആയിടെ നടന്നിരുന്നത്‌. പരീക്ഷ പാസായെന്ന സര്‍ട്ടിഫിക്കറ്റ്‌ തിരുത്താന്‍ പുറകെ സര്‍ക്കാര്‍ ആളെ വിട്ടിട്ടുണ്ടോ എന്നാണു പേടി. ആ അന്ധാളിപ്പിനിടയിലും ബന്ധുഗൃഹ സന്ദര്‍ശനത്തിന്‌ അദ്ദേഹം സമയം കണ്ടെത്തി.

ഞങ്ങള്‍ ലഘുയന്ത്രം അദ്ദേഹത്തെ ഏല്‍പ്പിച്ചു. അതോടെ കാര്യങ്ങള്‍ അല്‌പം മെച്ചമായി. നാലഞ്ചു പ്രവശ്യം യന്ത്രം പ്രയോഗിച്ചാല്‍ ഒരു മാങ്ങയൊക്കെ കിട്ടുമെന്നായി കുറെ തവണ കഴിഞ്ഞപ്പോള്‍ അദ്ദേഹവും മടുത്തു. മൂപ്പര്‍ ചോദിച്ചു ‘ഇങ്ങനെ തന്നെ പറിക്കണോ?’ ഞാനും അനിയനും മുഖാമുഖം നോക്കി. പിന്നല്ലാതെ എങ്ങിനെ പറിക്കും? ഇതല്ലേ ഊര്‍ജജതന്ത്രത്തില്‍ എളുപ്പവഴിക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന ലഘുയന്ത്രം?. ഇതിനപ്പുറം എന്ത്‌ എളുപ്പവഴി? ഞങ്ങള്‍ കണ്ണുമിഴിച്ചു നില്‌ക്കുമ്പോള്‍ ആ അക്ഷരവൈരി ചോദിച്ചു. ‘നമ്മുക്കു കമ്പുവെട്ടി എറിഞ്ഞാലോ?’ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം മാവിന്റെ ഉടമസ്ഥന്റെ വേലിയില്‍ നിന്ന്‌ തന്നെ ഒരു പത്തല്‍ ഒടിച്ചെടുത്തു. അതാണല്ലോ അതിന്റെ ന്യയം. പത്തല്‍ ചവിട്ടി ഒടിച്ചു രണ്ടു കഷ്‌ണമാക്കി ഒരു കഷ്‌ണം ചുഴറ്റി ഒരേറ്‌. ദാ കിടക്കുന്നു ഒരു കുല മാങ്ങ താഴെ. ഒന്നും രണ്ടുമല്ല, മുപ്പത്താറു മാങ്ങ! പിന്നെത്താമസിച്ചില്ല ലഘുയന്ത്രത്തിന്റെ കസ്‌റ്റോഡിയനായ അനിയന്‍ അതു വലിച്ചൊരേറ്‌. അപ്പോഴും വീണു രണ്ടു മാങ്ങ. സത്യം പറഞ്ഞാല്‍ പാഠപുസ്‌തകങ്ങളോടുള്ള ഞങ്ങളുടെ വിധേയത്വമാണ്‌ ആ ഏറില്‍ പോയത്‌. വിശ്വാസവും. നിങ്ങള്‍ക്കറിയാവുന്ന ഒരു മികച്ച ലഘുയന്ത്രം ഏതെന്ന്‌ ഒരു ചോദ്യം പരീക്ഷയ്‌ക്കു വരികയും ഞാന്‍ ‘വേലിപ്പത്തല്‍ ചവിട്ടി ഒടിച്ചത്‌’ എന്നെഴുതുകയും ചെയ്‌തിരുന്നെങ്കില്‍ എന്തായിരുന്നേനെ പുകില്‍? കേരളത്തിലെ മുഴുവന്‍ ഊര്‍ജ്ജതന്ത്ര അധ്യാപകരും ഞങ്ങള്‍ കണ്ടു പിടിച്ച പുതിയ ലഘുയന്ത്രം ഓരോന്നൊടിച്ച്‌ എന്റെ നേര്‍ക്കു വരികയും ഞാന്‍ ‘അസ്ഥിത്വ’ ദുഖം മൂലം ശിഷ്ട ജീവിതം മുഴുവന്‍ ബാന്‍ഡേജിട്ടു കഴിയേണ്ടി വന്നേനെ. അതോടെ എനിക്ക്‌ ഒരു കാര്യം ബോധ്യമായി. പാഠപുസ്‌തകങ്ങള്‍ അതിബുദ്ധിമാന്‍മാര്‍ക്കും, അപാര മണ്ടന്മാര്‍ക്കും മാത്രമുള്ളതാണ്‌. അതി ബുദ്ധിമാന്‍മാര്‍ ആ പുസ്‌തകങ്ങളുടെ അന്തസ്സാര ശൂന്യത മനസ്സിലാക്കി ഒരു നിസ്സംഗതയോടെ ഉത്തരം അതേപടി എഴുതി വച്ചു മാര്‍ക്കു നേടും. അപാരമണ്ടന്മാര്‍ പാഠപുസ്‌തകത്തെ ദൈവവചനം പോലെ കാണും. ഇടയ്‌ക്കു നില്‍ക്കുന്ന എന്നെപോലെയുള്ള ഇടത്തരക്കാര്‍ കണ്‍ഫ്യൂഷനില്‍ മുങ്ങി മരിക്കും.

എന്തായാലും ഞാന്‍ ആകെ ഒരു ചിന്താക്കുഴപ്പത്തില്‍ പെട്ടു പോയി. അങ്ങിനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ റേഡിയോയില്‍ അല്‌പം വ്യത്യസ്‌തമായ ഒരു പാട്ട്‌ കേള്‍ക്കുന്നു. അടുത്ത വീട്ടിലെ റേഡിയോവില്‍ നിന്നാണ്‌. ഇടയ്‌ക്കൊരു കാര്യം പറഞ്ഞു കൊള്ളട്ടെ. അന്നൊക്കെ റേഡിയോ ആണു താരം. ടെലിവിഷന്‍ ഇല്ല. ടേപ്പ്‌ റെക്കാര്‍ഡര്‍ പോലും അധികമാര്‍ക്കുമില്ല. സാധാരണ ജനത്തിന്‌ വിശ്രമത്തിനും, വിനോദത്തിനും, പിന്നെ എരിവോ, പുളിയോ, മസാലയോ, എന്തിനധികം ഉപ്പുപോലുമില്ലാത്ത സര്‍ക്കാര്‍ വാര്‍ത്തകള്‍ കിട്ടാനും റേഡിയോ തന്നെ ശരണം. ഞാന്‍ കേള്‍ക്കുന്ന പാട്ട്‌ പാടിയിരിക്കുന്നത്‌ എനിക്കു പരിചയമുള്ള ആരോ ആണ്‌. പാട്ട്‌ നാലുവരി കഴിഞ്ഞപ്പോള്‍ പാട്ടുകാരന്‍ റേഡിയോയിലൂടെ തന്നെ ഒരു ചോദ്യം ‘കേള്‍ക്കാമോ?’ അഞ്ചാറുപേര്‍ കൂട്ടമായി ‘കേള്‍ക്കാം, കേള്‍ക്കാം, പാടിക്കോ’ എന്ന്‌ ആര്‍ത്തു വിളിക്കുന്നു. ഇത്തരം ഒരു റേഡിയോ പരിപാടി ആദ്യമായി കേള്‍ക്കുകയാണ്‌. എഴുന്നേറ്റു ശബ്ദത്തിന്റെ ഉറവിടം തേടിച്ചെന്നു. എന്റെ ഒരു അയല്‍വാസി തന്നെയാണ്‌ കഥാ നായകന്‍. മുപ്പര്‍ക്കും ഔപചാരിക വിദ്യാഭ്യാസത്തില്‍ വലിയ താത്‌പര്യമില്ലായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ തന്നെ ഇടയ്‌ക്ക്‌ ഇലക്ട്രീഷ്യനായി ജോലി ചെയ്യുമായിരുന്നു. ജോലിയില്ലെങ്കില്‍ സ്‌കൂളിലും വരും. ഒരു പതിനഞ്ചു വര്‍ഷം നീണ്ട സ്‌കൂള്‍ ജീവിതത്തിനു ശേഷം പത്താം ക്ലാസ്സ്‌ തോറ്റ്‌ പുറത്തു വന്നു. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ ട്രാന്‍സ്‌മിറ്ററിലൂടെ അടുത്ത വീട്ടിലെ റേഡിയോവിലേക്കു പാട്ടു പാടിക്കെടുക്കുകയാണ്‌. അവര്‍ അന്തം വിട്ടു കയ്യടിക്കുന്നു.

അല്‌പം ഒന്നാടി നിന്ന എന്റെ യന്ത്ര പ്രേമം അതോടെ ഇരട്ടിയായി. ട്രാന്‍സ്‌്‌മിറ്റര്‍ നിര്‍മ്മിച്ച മഹാപുരുഷന്‍ എന്റെ ആരാധനപാത്രവുമായി. അക്കാലത്തു റേഡിയോവിലൂടെ സ്വന്തം ശബ്ദം കേള്‍പ്പിക്കുവാന്‍ ആളുകള്‍ എന്തുമാത്രം ശ്രമിച്ചിരുന്നു. അപ്പോളാണ്‌ ഈ വിദ്വാന്‍ സ്വന്തം ട്രാന്‍സ്‌മിറ്ററുണ്ടാക്കി തനിക്കിഷ്ടമുള്ളപ്പോഴൊക്കെ റേഡിയോയിലൂടെ പാടുന്നത്‌. പിന്നെ ഞാന്‍ അത്തരം കഥാപാത്രങ്ങളെ തപ്പിയിറങ്ങിത്തുടങ്ങി. അന്നിത്തരം ആളുകള്‍ സുലഭമായിരുന്നു. ആ തെരച്ചിലിനിടയില്‍ പരിചയപ്പെടാന്‍ ഇടയായ ഒരു മഹാപ്രതിഭയാണ്‌ ഇതിലെ നായകന്‍. കേരളത്തില്‍ ജനിച്ചു പോയി എന്ന ഒറ്റക്കാരണത്താല്‍ തോമസ്‌ എഡിസണോ, ജയിംസ്‌ വാട്ടോ ഒക്കെ ആകേണ്ട ഒരു മനുഷ്യന്‍ ഒന്നുമാകാതെ പോയ കഥ കൂടിയാണിത്‌.

ഞാനദ്ദേഹത്തെ കാണുന്നത്‌ പഴയ ഇരുമ്പ്‌ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വച്ചാണ്‌. സ്‌കൂള്‍ സയന്‍സ്‌ എക്‌സിബിഷന്‌ വെള്ളം പമ്പുചെയ്യുന്ന യന്ത്രത്തിന്റെ മാത്യക ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. എന്തു ചെയ്‌തിട്ടും ശരിയാവുന്നില്ല. അപ്പോഴാണ്‌ മേല്‌പറഞ്ഞ ശാസ്‌ത്രജ്ഞനെ പരിചയപ്പെടുന്നത്‌. പേര്‌ ഗീവര്‍ഗീസ്‌. ഗീവര്‍ഗീസ്‌ മേസ്‌തിരി എന്നു വിളിക്കുന്നതാണിഷ്ടം. അദ്ദേഹം തന്ന ചില നിര്‍ദ്ദേശങ്ങള്‍ ഗംഭീരമായിരുന്നു. അവയെല്ലാം കൂട്ടിച്ചേര്‍ത്ത്‌ ഞങ്ങള്‍ യന്ത്രം പൂര്‍ത്തിയാക്കി. പക്ഷെ അപ്പോഴേക്കും സയന്‍സ്‌ എക്‌സിബിഷന്‍ കഴിഞ്ഞ്‌ ആറുമാസം കഴിഞ്ഞിരുന്നു.

എന്തായാലും എനിക്കു മേസ്‌തിരിയെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച്‌ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ ഒന്നു പോയി. അവിടെ ചെന്നിറങ്ങിയപ്പോള്‍ തന്നെ എന്റെ ഒരു സഹപാഠിയെ കണ്ടു. ഗീവര്‍ഗീസ്‌ മേസ്‌തിരിയുടെ വീടന്വേഷിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല. എന്റെ വര്‍ണ്ണനകളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ‘ആ കുട്ടാപ്പി വട്ടന്റെ കാര്യമാണോ നീ പറയുന്നത്‌?’ എന്റെ ആരാധ്യപുരുഷനെയാണ്‌ ഈ ദുഷ്ടന്‍ പപ്പടം പൊടിക്കുന്നതു പോലെ പൊടിച്ചു കളയുന്നത്‌. ഒരു കാര്യം മാത്രം മനസ്സിലായി. ശാസ്‌ത്രജ്ഞന്റെ ‘ഗീവര്‍ഗീസ്‌’ എന്ന പേര്‌ കുടുംബാംഗങ്ങള്‍ക്കു മാത്രമേ അറിയൂ. പിന്നെ റേഷന്‍ കടക്കാരനും, പള്ളീലച്ചനും. നാട്ടുകാര്‍ക്കദ്ദേഹം ‘കുട്ടാപ്പി വട്ട’നാണ്‌.

പക്ഷെ അതൊന്നും ഗീവര്‍ഗിസ്‌ മേസ്‌തിരിയെ തളര്‍ത്തിയില്ല. അദ്ദേഹം പരീക്ഷണ നിരീക്ഷണങ്ങള്‍ തുടര്‍ന്നു. ഭാര്യയ്‌ക്ക്‌ അടുത്തുള്ള ആശുപത്രിയില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നതു കൊണ്ട്‌ പരീക്ഷണങ്ങള്‍ക്കിടയിലും രണ്ടുനേരമെങ്കിലും കഞ്ഞി കുടിച്ചിരുന്നു. നാട്ടുകാരുടെ പരിഹാസം അല്‌പം കടുപ്പം ആയിരുന്നതിനാല്‍, കുട്ടാപ്പി മേസ്‌തിരിയുടെ കുടുംബാംഗങ്ങളാണെന്ന നഗ്നയാഥാര്‍ത്ഥ്യം അവസാനനിമിഷത്തില്‍ മാത്രമേ ഭാര്യയും മക്കളും വെളിപ്പെടുത്തുമായിരുന്നുള്ളൂ എന്നു മാത്രം.

അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ ഒരു സാമ്പിള്‍ പറയാം. ആറ്റില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ചൂരലും മുളയും കൊണ്ടു നിര്‍മിക്കുന്ന ഒരു കൂടുണ്ട്‌. അത്‌ ഒരു കെണിയാണ്‌. വെള്ളത്തിനൊപ്പം ഒഴുകി വന്നു കയറുന്ന മീനിന്‌ കൂട്ടില്‍ നിന്നു പുറത്തു കടക്കാനാവില്ല. അതൊന്നു പരിഷ്‌കരിക്കുവാന്‍ മേസ്‌തിരി തീരുമാനിച്ചു. വലിയ ഒരു കൂട്‌. എത്ര അധികം മീനും ഉള്ളില്‍ കൊള്ളണം, അല്ലെങ്കില്‍ എത്ര വലിയ മീനിനും കൂട്ടില്‍ കയറാന്‍ പറ്റണം. മീന്‍ കൂട്ടില്‍ കയറുമ്പോള്‍ കൂടിന്റെ ഉടമസ്ഥന്‌ ഒരു സിഗ്നല്‍ കിട്ടണം. മനുഷ്യര്‍ ആരെങ്കിലും കൂടു നശിപ്പിക്കാന്‍ ശ്രമിച്ചാലും മേല്‌പടി സിഗ്നല്‍ വരണം. ഇതൊക്കെയാണു മേസ്‌തിരിയുടെ പരിഷ്‌കാരങ്ങള്‍. അദ്ദേഹം വലിയ ഒരു കൂടുണ്ടാക്കി വെള്ളത്തില്‍ സ്‌ഥാപിച്ചു. അതില്‍ എന്തൊക്കെയോ ഘടിപ്പിച്ച്‌ ആറ്റിലെ വെള്ളത്തിനടിയിലൂടെ ഒരു കയര്‍ കൊണ്ടുവന്ന്‌ ആറ്റു തീരത്തെ മാവില്‍ കെട്ടിത്തൂക്കിയ ഒരു മണിയില്‍ ഘടിപ്പിച്ചു. എന്നിട്ട്‌ മേസ്‌തിരി തന്നെ മുങ്ങിച്ചെന്ന്‌ കുട്ടില്‍ തലയിട്ടു പ്രവര്‍ത്തനം പരിശോധിക്കാന്‍ തുടങ്ങി. പക്ഷെ തല കെണിയില്‍ കുടുങ്ങിയതോടെ പാവം മേസ്‌തിരി കൈകാലിട്ടടിക്കാന്‍ തുടങ്ങി. ഏതായാലും അപായ സൂചനയ്‌ക്കു സ്ഥാപിച്ച മണി രക്ഷയായി. കുളിക്കടവിലെ മാവില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ആ മണി കയര്‍ പൊട്ടി കടവില്‍ കുളിച്ചു കൊണ്ടിരുന്ന ഒരു മാന്യന്റെ തലയില്‍ വീഴുകയും അയാള്‍ ദേഷ്യപ്പെട്ടു മണിയിലെ കയര്‍ പിടിച്ചു വലിച്ചു പൊക്കിയപ്പോള്‍ മേസ്‌തിരി കൂടോടെ പൊങ്ങി വരികയും ജീവന്‍ രക്ഷപ്പെടുകയും ചെയ്‌തു.

കുറച്ചു നാള്‍ അടങ്ങിയിരുന്നെങ്കിലും മേസ്‌തിരി വീണ്ടും പരീക്ഷണങ്ങള്‍ തുടങ്ങി. വീടിന്റെ പൂട്ടുപൊളിച്ച്‌ അകത്തു കടക്കാന്‍ ശ്രമിക്കുന്ന കള്ളനെ കതകുകള്‍ക്കിടയില്‍ കുടുക്കി നിര്‍ത്തുന്ന യന്ത്രമാണ്‌ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കിയത്‌. പതിവുപോലെ ആദ്യ പരീക്ഷണത്തില്‍ മേസ്‌തിരി തന്നെ കുടുങ്ങി. നിലവിളി കേട്ടുവന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തിയ ചിലരും പിന്നാലെ കുടുങ്ങിയതോടെ കൂട്ട നിലവിളിയായി. പഞ്ചതന്ത്രത്തിലെ അറക്കുന്ന തടിയില്‍ കയറിയിരുന്ന്‌ ആപ്പു വിലച്ചൂരിയ കുരങ്ങനെപ്പോലെ മേസ്‌തിരി സ്വന്തം കെണിയില്‍ വീണ്ടും കുടുങ്ങിയ കഥ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു. കെണിയില്‍ നിന്നു പുറത്തു വന്നവര്‍ സ്വന്തം ചമ്മല്‍ തീര്‍ത്തതും മേസ്‌തിരിയുടെ മുതുകത്താണ്‌. കൂടെ കുടുങ്ങിയവരൊഴിച്ചുള്ള ആളുകള്‍ക്ക്‌ ചിരിക്കാന്‍ വകയായി. ഭാര്യ മേസ്‌തിരിയെ വീട്ടിനുള്ളിലാക്കി പുറത്തു നിന്നു താഴിട്ടു പൂട്ടിയ ശേഷം ജോലിക്കു പോയി തുടങ്ങി.

പക്ഷെ ഒരു മഹാ പ്രതിഭയെ ആര്‍ക്കും തടയാനാവില്ല. കുഴിച്ചുമൂടിയാല്‍ അതു മുളച്ചു പുറത്തു വരും. അല്‌പം സ്വാതന്ത്ര്യത്തിനും അല്‌പം കൂടുതല്‍ വെളിച്ചത്തിനും പ്രാണവായുവിനുമായി ഓടിളക്കി മേല്‌ക്കൂരയില്‍ കയറിപ്പറ്റിയ മേസ്‌തിരിയുടെ മനസ്സില്‍ ചിലവുകുറഞ്ഞ വീട്‌ എന്ന ആശയം വിടര്‍ന്നു.

അദ്ദേഹം കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച്‌ വീടിനു രണ്ടാമത്തെയും മുന്നാമത്തെയും നിലകള്‍ പണിതു. ഏതാനും പഴയ തെങ്ങിന്‍ കഴുക്കോലുകളും തേയിലപ്പെട്ടിയും, നല്ലെണ്ണപ്പാട്ട വെട്ടിപ്പൊളിച്ചെടുത്തതുമാണ്‌ അസംസ്‌കൃത വസ്‌തുക്കള്‍. പ്രഥമ ദൃഷ്‌ട്യാ ആര്‍ക്കും കുഴപ്പമൊന്നും തോന്നിയില്ലയെങ്കിലും ആ കഥയും അവസാനിച്ചത്‌ ആശുപത്രിയിലാണ്‌. ഏതാനും ചില ദ്വാരങ്ങള്‍ മാത്രം ഒഴിവാക്കി സര്‍വ്വത്ര ബാന്‍ഡേജുമായി ആശുപത്രിയില്‍ നിന്നു തിരിച്ചു വന്ന മേസ്‌തിരിക്കു പുതിയൊരു പേരും കിട്ടി ‘ആംസ്‌്‌േട്രാംഗ്‌ കുട്ടാപ്പി’. നീല്‍ ആംസ്‌േട്രാംഗ്‌ സ്‌പേസ്‌ സ്യൂട്ട്‌ ധരിച്ച്‌ ചന്ദ്രനിലൂടെ തെന്നിത്തെന്നി നടക്കുന്ന ചിത്രം അദ്ദേഹത്തിന്റെ നാട്ടുകാര്‍ പത്രങ്ങളില്‍ കണ്ടത്‌ അധികകാലം മുമ്പായിരുന്നില്ല. രജനീകാന്തിന്റെ യന്തിരന്‍ ഇറങ്ങുന്നതിനു മുന്‍പായത്‌ അദ്ദേഹത്തിന്റെ ഭാഗ്യം. കഷ്ടകാലം അവിടെയും തീര്‍ന്നില്ല. മേസ്‌തിരി ബാന്‍ഡേജഴിക്കുന്നതിനു മുന്‍പ്‌ തന്നെ അദ്ദേഹത്തിന്റെ പണിആയുധങ്ങള്‍ ഭാര്യ തൂക്കി വിറ്റിരുന്നു.

ഒടിവു ചതവുകളെല്ലാം ശരിയായി നല്ല കുട്ടിയായി ഉമ്മറത്തിരിക്കുന്ന മേസ്‌തിരിയെ ആരോ ഒരു പുതിയ മേഖലയിലേക്കു കൂട്ടിക്കൊണ്ടു പോയി. നീതിയുടെ ലോകം. വീട്ടില്‍ നിന്നും അകലെയല്ലാതെ ഒരു കോടതിയില്‍ ആണു ചെന്നെത്തിയത്‌. ഏതോ കേസിലെ പ്രതിയ്‌ക്ക്‌്‌ ജാമ്യം നില്‌ക്കാന്‍ ആളുവേണം. മേസ്‌തിരി സമ്മതിച്ചു. നല്ല ഒരു ഊണും ചെറിയൊരു തുകയും പ്രതിഫലമായി കൊടുത്തു. പിന്നെ അതൊരു പതിവായി. കരമടച്ച രസിതുമായി മേസ്‌തിരി സ്ഥിരമായി കോടതി വരാന്തയില്‍ പോയി നിന്നു തുടങ്ങി. പതിയെ പതിയെ ഗുമസ്‌തന്മാരും, വക്കീലന്മാരുമൊക്കെയായി പരിചയമായി. ധാരാളം ഓഫറുകള്‍ കിട്ടിത്തുടങ്ങി.

അപ്പോള്‍ ഒരു ദിവസം കോടതിയില്‍ വിളിക്കുന്നു. “മത്തായി ഗീവര്‍ഗീസ്‌ ഹാജരുണ്ടോ?” വരാന്തയില്‍ നിന്ന്‌ ഓടിക്കയറി അകത്തു ചെന്നപ്പോള്‍ മേസ്‌തിരി ജാമ്യം നിന്ന ഒരു പ്രതിയെ കാണാനില്ലെന്നതാണ്‌ സംഭവം. മേസ്‌തിരിക്ക്‌ ആവട്ടെ, ആളെ ഒരു പിടിയുമില്ല. മജിസ്‌ട്രേറ്റ്‌ അടുത്തു വിളിച്ചു. `താന്‍ ആര്‍ക്കും ജാമ്യം നില്‍ക്കും അല്ലേ?’ ‘അതെ’ എന്നു നിഷ്‌കളങ്കനായ മേസ്‌തിരി. ‘എങ്ങിനെയാ തന്റെ റേറ്റ്‌്‌?’ എന്ന്‌ മജിസ്‌ട്രറ്റ്‌ ചോദിച്ചപ്പോള്‍ `ശുദ്ധമനസ്‌കനായ മേസ്‌തിരി’ അങ്ങനെ റേറ്റൊന്നുമില്ല, ഏമാനിഷ്ടമുള്ളതു തന്നാല്‍മതി’ എന്നു വിനീതമായി പറഞ്ഞു. മജിസ്‌ട്രേറ്റും ചിരിച്ചു പോയി. പക്ഷെ മജിസ്‌ട്രേറ്റ്‌ രസികനാണെങ്കിലും നിയമം നിയമമാണല്ലോ. ആറുമാസത്തെ വെറും തടവില്‍ കാര്യം തീര്‍ന്നു.

എന്നും കഷ്ടകാലമായിരിക്കില്ലല്ലോ. ശിക്ഷ കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോള്‍ മേസ്‌തിരിയെ അന്വേഷിച്ച്‌ ഒരു കത്തുമായി പോസ്‌റ്റുമാന്‍ നടക്കുകയാണ്‌. പരീക്ഷണ നിര്‍ഭരമായ ആ മഹദ്‌ജീവിതത്തിനിടയില്‍ എപ്പോഴോ ജനിച്ച്‌ തന്നത്താനെ വളര്‍ന്ന്‌ തന്നത്താനെ പഠിച്ച്‌ നഴ്‌സിംഗ്‌ പൂര്‍ത്തിയാക്കി അമേരിക്കയിലെത്തിയ മകള്‍ അയച്ചു കൊടുത്ത വിസയാണ്‌. അധികം താമസിയാതെ മേസ്‌തിരി അമേരിക്കയിലേക്കു പറന്നു. അവിടെ സ്‌പേസ്‌ ഷട്ടില്‍ പൊട്ടിത്തെറിക്കുന്നതായും, വിമാനം തകര്‍ന്നു വീണതായുമൊക്കെ വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ മേസ്‌തിരിയെ ഓര്‍ക്കും.


Subscribe to get notifications on new posts

Recent Articles

Comments
  1. Tomz | Reply
  2. Bhadra | Reply
  3. Kumar | Reply
  4. Anoop Dhanwanthari | Reply
  5. bobby | Reply

Leave a Reply

Your email address will not be published.