കര്‍ഷകശ്രീ ഹരി

എന്റെ ചെറുപ്പ കാലത്ത്‌ നാട്ടിലെമ്പാടും കേട്ടിരുന്ന ഒരു മുദ്രാവാക്യമാണ്‌ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍. അക്കാലത്തു ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമല്ലാതിരുന്നതു കൊണ്ടും, കര്‍ഷക ആത്മഹത്യ വാര്‍ത്തയാകാതിരുന്നതു കൊണ്ടും മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായിരുന്നില്ല. ഇന്നിപ്പോള്‍ ജവാന്റെ അവസ്ഥ അത്ര മോശമല്ല. കുടുംബത്തെ പിരിഞ്ഞു ജീവിക്കണമെങ്കിലും നല്ലഭക്ഷണവും, വ്യായാമവും, ശമ്പളവും, പെന്‍ഷനും ഒക്കെയുണ്ട്‌. അപമൃത്യു സംഭവിച്ചാല്‍ കുടുംബത്തിന്റെ കാര്യം നോക്കാന്‍ സര്‍ക്കാര്‍ ഉണ്ട്‌. നേരെ തിരിച്ചാണു കിസാന്റെ സ്ഥിതി. അര്‍ധ പട്ടിണിയില്‍ ഇഴഞ്ഞു നീങ്ങി ആത്മഹത്യയില്‍ ചെന്നു നില്‌ക്കുന്ന അദ്ദേഹത്തിന്റെ കഥയില്‍ ഇപ്പോള്‍ സാഹിത്യകാരന്മാരും, സിനിമാക്കാരും പോയിട്ടു ആം ആദ്‌മിക്കാര്‍ പോലും താല്‌പര്യം കാണിക്കുന്നില്ല. ഉള്ള ലോണെല്ലാമെടുത്തു കള്ളുകുടിച്ചു കടം കേറി തൂങ്ങിച്ചത്തതാണെന്നു നാട്ടുകാര്‍ വിധിയെഴുതും.

ഇനി വേറൊരു വിഭാഗമുണ്ട്‌. കൃഷി ഹോബിയായി തെരഞ്ഞെടുക്കുന്ന ഹതഭാഗ്യര്‍. മദ്യപാനത്തിനും, മയക്കുമരുന്നുപയോഗത്തിനുമുള്ളതു പോലെ ലഹരി വിമുക്തിക്കുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത കൊണ്ട്‌ കൃഷിയില്‍ പെട്ടാല്‍ പെട്ടതു തന്നെയാണ്‌. ചക്കയരക്കിലോ, ചവച്ചു തുപ്പിയ ചൂയിംഗ്‌ ഗമ്മിലോ ഇരുന്നവന്റെ അവസ്ഥയാണ്‌ ഹോബി കര്‍ഷകന്റെ അവസ്ഥ. അവിടെത്തന്നെയിരുന്നാല്‍ നാണക്കേടെങ്കിലും ഒഴിവാകുമെന്നതു കൊണ്ട്‌ അവിടെയിരുന്നു നിരങ്ങുന്നു. അത്തരത്തിലൊരു ഹതഭാഗ്യന്റെ കഥയാണു പങ്കുവയ്‌ക്കാനുള്ളത്‌. പേരു ഹരി.

എന്നെ ബാധിച്ചിരിക്കുന്ന ഒരു ജനിതക രോഗമാണ്‌ കൃഷി. എന്റെ അമ്മയുടെ അച്ഛന്‍ ശാരീരികമായി അധ്വാനിക്കാന്‍ ഒട്ടും മടിയില്ലാത്ത ഒരു മനുഷ്യനായിരുന്നു. ജോലിയില്‍ നിന്നു പിരിഞ്ഞ ശേഷം അദ്ദേഹം മുഴുവന്‍ സമയ കൃഷിക്കാരനായി മാറി. രണ്ടോ, മൂന്നോ വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ അപ്പൂപ്പനെ കൃഷിയില്‍ സഹായിക്കാന്‍ തുടങ്ങി. ഒരു ദിവസം വീട്ടു വളപ്പിലെ മരത്തില്‍ ഏണി ചാരി കുരുമുളകു പറിക്കാന്‍ കയറിയ അപ്പൂപ്പന്‍ താഴോട്ടു നോക്കിയപ്പോള്‍ അധികം താഴെയല്ലാതെ ഞാനും ഉണ്ട്‌. പഴയ ഒറ്റക്കൊമ്പന്‍ മുളയേണിയാണ്‌. അപ്പൂപ്പനു മേലോട്ടു കയറാനും വയ്യ, താഴോട്ടിറങ്ങാനും വയ്യ. അവിടെ നിന്നദ്ദേഹം ഹൃദയത്തില്‍ തട്ടി വിളിച്ച ഓമനപ്പേരുകള്‍ കേട്ട്‌ വീട്ടുകാരെല്ലാം ഓടിയെത്തി. പിന്നെ വാഗ്‌ദാനങ്ങളുടെ പെരുമഴയാണ്‌. ഞാനൊന്നു താഴെയിറങ്ങിയാല്‍ മാത്രം മതി. അതു വിശ്വസിച്ചു താഴോട്ടു വന്ന എനിക്കു നിലം തൊട്ടതു പോലും ഓര്‍മ്മയില്ല. വാഗ്‌ദാനങ്ങളുടെ കാര്യത്തില്‍ പെറ്റ തള്ളയെപ്പോലും വിശ്വസിക്കരുതെന്ന പാഠം അന്നു ഞാന്‍ പഠിച്ചു. എന്റെ അന്നത്തെ അവസ്ഥ കണ്ടാവാം ദൈവം തമ്പുരാന്‍ പില്‍ക്കാലത്തു ബാലാവകാശ കമ്മീഷനും മറ്റും രൂപീകരിച്ചത്‌. എന്തായാലും കൃഷി ഞാന്‍ കൈവിട്ടില്ല. അത്യാവശ്യം കൃഷിപ്പണികളൊക്കെ പലരോടും ശിഷ്യപ്പെട്ടു പഠിച്ചെടുത്തു.

വിദ്യാഭ്യാസാര്‍ത്ഥം നാടു വിട്ട്‌ ഒടുവില്‍ തിരുവനന്തപുരത്തു കുടികിടപ്പായ എന്നെ കൃഷിയിലേക്കു തിരിച്ചു കൊണ്ടു വന്നത്‌ എന്റെ അമ്മയാണ്‌. അമ്മ തൊഴില്‍ കൊണ്ട്‌ അധ്യാപികയായിരുന്നെങ്കിലും ഒഴിവു ദിവസങ്ങളില്‍ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മഹതി ആയിരുന്നു. രണ്ടും മൂന്നും മുളന്തോട്ടികള്‍ ഏച്ചു കെട്ടി, അതിന്റെ അറ്റത്തു ചൂട്ടു വച്ചു കെട്ടി കത്തിച്ച്‌ തെങ്ങിന്റെ മണ്ടയിലെ ചെമ്പന്‍ ചെല്ലിയെ തീ വെച്ചു കൊല്ലാന്‍ ശ്രമിക്കുക, പ്ലാവിന്റെ ഏറ്റവും ഉയര്‍ന്ന കമ്പിലെ ഏറ്റവും വലിയ ചക്ക ചെത്തി സ്വന്തം തലയിലേക്കിടുക ഇതൊക്കെ ആയിരുന്നു അമ്മയുടെ വിനോദങ്ങള്‍.

തിരുവനന്തപുരത്തു ഞങ്ങള്‍ ഒരു വീടിന്റെ രണ്ടാം നിലയില്‍ ദീര്‍ഘകാലം വാടകയ്‌ക്കു താമസിച്ചിരുന്നു. അമ്മയ്‌ക്കതു തീരെ പിടിച്ചില്ല. ആകാശത്തു പൊറുപ്പിക്കാനാണോ നീയെന്നെ ഇങ്ങോട്ടു കൊണ്ടു വന്നതെന്ന്‌ ഇടയ്‌ക്കിടെ ചോദിക്കും. പക്ഷെ അമ്മ അങ്ങിനെ തോറ്റു കൊടുക്കുന്ന കക്ഷിയല്ല. ഒരു മൂന്നു മാസം കഴിഞ്ഞപ്പോള്‍ മൂപ്പത്തിയാര്‍ ഒരു വെള്ളരിക്കയുമായി ആകാശത്തു നിന്നിറങ്ങി വരുന്നു. ടെറസ്സില്‍ ചെന്നു നോക്കിയപ്പോള്‍ തകര്‍പ്പന്‍ കൃഷി. ഉള്ള പൊട്ടിയ കലവും, പൊട്ടാറായ ചട്ടിയുമെല്ലാമെടുത്തു മണ്ണു നിറച്ചാണ്‌ കൃഷി. ഞാന്‍ ആദ്യമായി ടെറസ്സ്‌ കൃഷി കാണുന്നതപ്പോഴാണ്‌. ബഹിരാകാശ കര്‍ഷകയ്‌ക്ക്‌ ഞാനും മകളും ചേര്‍ന്ന്‌ ഒരോമനപ്പേരുമിട്ടു : സരസു ഗഗാറിന്‍.

പക്ഷെ അതൊന്നും ആ കര്‍ഷകയെ തളര്‍ത്തിയില്ല. അധികം താമസിയാതെ ഞാനും കൃഷിയിലേക്കെടുത്തു ചാടി. അതൊരു വല്ലാത്ത ചാട്ടമായിപ്പോയി. ചാടി വീണതു പാറപ്പുറത്തേക്കായിരുന്നു. പട്ടണത്തില്‍ നിന്നു മാറി വില കുറഞ്ഞ കുറച്ചു സ്ഥലം എന്റെ ഒരു ബന്ധു ഫാക്ടറി തുടങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തതാണ്‌. ത്രീ ഫേസ്‌ കണക്ഷന്‍ കിട്ടില്ലെന്നും, ഒരു കാലത്തും ലോറി കയറില്ലെന്നും ഉറപ്പായതോടെ മൂപ്പര്‍ ആ സ്ഥലം അത്‌ കണ്ടു പിടിച്ചു കൊടുത്ത എനിക്ക്‌ വിട്ടു തന്നു. ചുറ്റുമുള്ള കുറച്ചു സ്ഥലം കൂടി വാങ്ങി കൃഷി ആരംഭിച്ചതോടെ എനിക്ക്‌ ബോധ്യമായി ഇവിടെ ഒരു കൃഷിയും നടക്കില്ല എന്ന്‌. വീട്ടില്‍ നിന്ന്‌ 12 കിലോമീറ്റര്‍ അകലെയാണു സ്ഥലം. പോയി വരാന്‍ രണ്ടു മണിക്കൂര്‍ വേണം. സഹായത്തിന്‌ ഒരു ‘മണ്ണിന്റെ മകനെ’ തപ്പാന്‍ തുടങ്ങി. മണ്ണിന്റെ മരുമക്കളായ ആസാംകാരെയും ബംഗാളികളെയും ചാക്കു കണക്കിനു കിട്ടാനുണ്ട്‌. പക്ഷെ എനിക്കറിയാവുന്ന ശ്ലീലവും അശ്ലീലവുമായ മുഴുവന്‍ ആംഗ്യങ്ങളും കാണിച്ചാലും ചേമ്പ്‌, കാച്ചില്‍, ചേന, ചെറു കിഴങ്ങ്‌, മരച്ചീനി എന്നൊക്കെ അവരോടു സംവേദനം ചെയ്യാന്‍ പറ്റുമെന്നുറപ്പില്ല. അപ്പോള്‍ ദാ വരുന്നു പാറയിലും, പറമ്പിലും അധ്വാനിച്ചുണ്ടാക്കിയ സിക്‌സ്‌ പാക്കുമായി 63 ലും ചുറുചുറുക്കു നിലനിര്‍ത്തുന്ന ഒരു പ്രദേശവാസി. (ഇപ്പോള്‍ 73 ലും മൂപ്പര്‍ ചുള്ളന്‍ തന്നെ.)

20160802_075920എനിക്ക്‌ സന്തോഷമായി. ഞാന്‍ ജന്മനാ സിംഗിള്‍ പായ്‌ക്ക്‌ ആണ്‌. ഇങ്ങേരുമായി ഒരു കരാര്‍ ഒപ്പു വച്ചാല്‍ രണ്ടു പേര്‍ക്കും കൂടി സെവന്‍ പായ്‌ക്ക്‌ ഉണ്ടെന്ന്‌ ധൈര്യമായി പറയാമല്ലോ. അങ്ങിനെ പരസ്‌പരം കൈ കൊടുത്ത്‌ ഞങ്ങള്‍ ഒരു പമ്പു സ്ഥാപിച്ചു. ജലസേചനം മൂപ്പര്‍ ഏറ്റെടുത്തു. അരോഗ ദൃഢഗാത്രന്‌ അല്‌പം മറവി ഉണ്ടെന്ന്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബോധ്യമായി. പമ്പ്‌ സമയത്ത്‌ ഓണ്‍ ചെയ്യാന്‍ മറന്നു പോകും. ഇനി ഓണ്‍ ചെയ്‌താല്‍ തന്നെ ഓഫ്‌ ചെയ്യാന്‍ മറന്നു പോകും. ഒന്നുകില്‍ ഫുട്ട്‌ വാല്‍വില്‍ കാറ്റു കയറും. അല്ലെങ്കില്‍ മോട്ടോര്‍ കത്തിപ്പോവും. പമ്പ്‌ ഓണ്‍ ചെയ്യുന്ന ദിവസം സന്ധ്യയാകുമ്പോള്‍ പബ്ലിക്‌ ടെലഫോണ്‍ ബൂത്തില്‍ നിന്നെനിക്കൊരു കോള്‍ വരും. ‘എന്താണെന്നറിയില്ല സാറെ, ഒരു പുക വരുന്ന കണ്ടു, പിന്നെ അനങ്ങുന്നില്ല’.

ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളൂ. അരോഗദൃഢഗാത്രനെ റിമോട്ട്‌ കണ്‍ട്രോള്‍ വച്ചു നിയന്ത്രിക്കുക. ഒരു വില കുറഞ്ഞ മൊബൈല്‍ ഫോണ്‍ വാങ്ങി ടി ചേട്ടനെ ആധുനിക വാര്‍ത്താ വിനിമയ ശൃംഖലയുടെ അങ്ങേ അറ്റത്തു ഘടിപ്പിച്ചു. അടുത്ത ദിവസം രാവിലെ മൊബൈലില്‍ വിളിച്ചു പമ്പ്‌ ഓണ്‍ ചെയ്യാനേല്‌പിച്ചു. അദ്ദേഹം ഓണ്‍ ചെയ്‌തു. ഓഫ്‌ ചെയ്യാന്‍ വിളിച്ചപ്പോള്‍ റിംഗ്‌ ചെയ്യുന്നുണ്ട്‌. ആരും എടുക്കുന്നില്ല. സന്ധ്യയായപ്പോള്‍ വിളി വന്നു. “സാറേ, കുളം വറ്റിപ്പോയി. പമ്പില്‍ വെള്ളം കയറുന്നില്ല. അതു നോക്കാന്‍ ചെന്നപ്പോള്‍ സാറു തന്ന ഫോണ്‍ പമ്പിന്റെ അടിയില്‍ ഇരിക്കുന്നു. ആരു വച്ചതോ എന്തോ ? സാര്‍ ഇതു വഴി എങ്ങാനും വന്നാരുന്നോ ?” എന്റെ സര്‍വ്വ ആശയും അസ്‌തമിച്ചു.

രണ്ടാഴ്‌ച കഴിഞ്ഞു. സമയം പകല്‍ രണ്ടു മണി. ഞാന്‍ തിരക്കിട്ട പണിയിലാണ്‌. നമ്മുടെ ചേട്ടന്റെ മൊബൈലില്‍ നിന്നു തുരു തുരാ കോള്‍ വരുന്നു. പമ്പു കേടായിക്കാണും, അല്ലാതെന്തു സംഭവിക്കാന്‍ ? ഞാന്‍ ഫോണ്‍ എടുത്തില്ല. അഞ്ചാമതും കോള്‍ വന്നപ്പോള്‍ എടുത്തു. മറുവശത്തു ഘന ഗംഭീരമായ ഒരു ശബ്ദം. ‘നമസ്‌കാരം, പോലീസ്‌ സ്‌റ്റേഷനില്‍ നിന്നാണ്‌. ഈ മൊബൈല്‍ താങ്കളുടെ ജോലിക്കാരന്റേതാണോ ? ‘ ഞാന്‍ പറഞ്ഞു, ‘ജോലിക്കാരനല്ല, എന്റെ സുഹൃത്താണ്‌’. പോലീസുകാരന്‍ രസികനായിരുന്നു. ‘എന്നാല്‍ സുഹൃത്ത്‌ ഇവിടെ ഇരിപ്പുണ്ട്‌. അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ട്‌. പ്രശ്‌നം ഒന്നും ഇല്ല. സാര്‍ മൂന്നാമതൊരു സുഹൃത്തിനെയും കൂട്ടി കരമടച്ച രസീതുമായി വരണം’.

സംഗതി എന്താണെന്നു വച്ചാല്‍ ചേട്ടന്‍ പതിവുപോലെ പമ്പു നന്നാക്കാന്‍ ആളെ തപ്പിയിറങ്ങുമ്പോള്‍ പഴയ ഒരു കൂട്ടുകാരന്‍ റബ്ബര്‍ ഷീറ്റു വിറ്റ കാശുമായി വരുന്നു. പുറത്തു വലിയ ചൂടായതു കൊണ്ട്‌ രണ്ടു പേരും കൂടി അടുത്തുള്ള ഒരു ബാറില്‍ കയറിയിരുന്നു കുറച്ചു നേരം സംസാരിച്ചു. അതു കഴിഞ്ഞ്‌ അടുത്തുള്ള ചെറിയ ബസ്‌ സ്റ്റാന്‍ഡില്‍ വന്നപ്പോള്‍ അവിടെ ഒരു പറ്റം സ്‌ത്രീകള്‍ മാരകായുധങ്ങളുമായി ബസുകള്‍ വളയുന്നു. അടുത്തെവിടെയോ ഉള്ള ചെറിയ അമ്പലത്തില്‍ പൊങ്കാല കഴിഞ്ഞു മടങ്ങുന്ന ജനമാണ്‌. സ്‌ത്രീപക്ഷ വാദിയായ ചേട്ടനും, കൂട്ടുകാരനും, അവര്‍ക്കു തടസ്സമുണ്ടാക്കണ്ടെന്നു കരുതി ഡ്രൈവര്‍ക്കുള്ള വാതിലിലൂടെ അകത്തു കടന്നു. കണ്ടു വന്ന ഡ്രൈവര്‍ക്കു ഹാലിളകി. അവകാശ ലംഘനം അദ്ദേഹം സഹിക്കില്ല. ഡ്രൈവറുടെ വാതിലിലൂടെ കയറിയവര്‍ അതു വഴി തന്നെ പുറത്തിറങ്ങി യാത്രക്കാരുടെ വാതിലിലൂടെ കയറിയാലേ അദ്ദേഹം വണ്ടി എടുക്കുകയുള്ളൂ. തര്‍ക്കം മൂത്തപ്പോള്‍ ജനാധിപത്യവാദിയായ ചേട്ടന്‍ ഒരു പൊതുമേഖലാ സ്ഥാപനം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിന്റെ സ്വകാര്യ സ്വത്തല്ല എന്ന ഭരണഘടനാ തത്വം ചൂണ്ടിക്കാട്ടി. ചൂണ്ടിയതും കാട്ടിയതുമൊക്കെ തനി ഗ്രാമ്യശൈലിയിലായിരുന്നു. ‘വാതില്‍ എങ്ങിനെ നിന്റേതാകുമെടേ, വണ്ടി നിന്റെ തന്തയുടെ വകയോ ?’ ബഹളം കണ്ട്‌ ഓടി വന്ന പോലീസുകാര്‍ക്ക്‌ ചോദ്യം നന്നെ രസിച്ചു. അവര്‍ ചേട്ടനെയും സുഹൃത്തിനെയും വണ്ടിക്കാരുടെ തല്ലുകൊള്ളിക്കാതെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോന്നു.

ഞാന്‍ ഒരു സുഹൃത്തിനെയും കൂട്ടി കരമടച്ച രസീതുമായി ചെല്ലുമ്പോള്‍ ചേട്ടനും, പോലീസുകാരും തമാശ പറഞ്ഞിരിക്കുന്നു. പോലീസുകാര്‍ ചായ വരുത്തി, അവര്‍ തന്നെ കാശും കൊടുത്തു. മൈക്ക്‌ സാംക്‌ഷന്‍ മുതല്‍ അപകടമരണം വരെ ഒരുപാടു കാര്യങ്ങള്‍ക്ക്‌ ഒരു പാടു പോലീസ്‌ സ്‌റ്റേഷനില്‍ കയറിയിട്ടുള്ള എനിക്ക്‌ ഇത്ര ഹാര്‍ദ്ദമായ ഒരു സ്വീകരണം ആദ്യമായിരുന്നു. സ്‌റ്റേഷന്റെ വരാന്തയില്‍ എഴുപതു കഴിഞ്ഞ ഒരു കാരണവര്‍ കൊച്ചു കുട്ടിയെപ്പോലെ മുട്ടില്‍ നീന്തുന്നു. ആനപ്പുറത്തു കമ്പളം വിരിക്കുന്ന പോലെ ഒരു പോലീസുകാരന്‍ പുറകേ നടന്ന്‌ കാരണവരുടെ മുണ്ട്‌ അദ്ദേഹത്തിന്റെ പുറത്ത്‌ വിരിക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ നോക്കുന്നതു കണ്ടപ്പോള്‍ പോലീസുകാര്‍ പറഞ്ഞു, ‘ഇതും മദ്യപാനം തന്നെ സാറെ, പ്രായം കൂടിപ്പോയതു കൊണ്ട്‌ ഊരുറപ്പിച്ചു ലോക്കപ്പിലിടാന്‍ പറ്റില്ല’. ഒടുവില്‍ രേഖകളൊക്കെ പൂരിപ്പിച്ചു പുറത്തിറങ്ങുമ്പോള്‍ മുട്ടിലിഴയുന്ന കാരണവര്‍ മുമ്പേ ഉരുണ്ടു പോകുന്നു. ‘എവിടെ പോകുന്നു ?’ എന്നു ചോദിച്ച പോലീസുകാരോട്‌ എന്നെ ചൂണ്ടി അദ്ദേഹം പറഞ്ഞു, ‘എന്നെക്കൂടി ആ സാറിന്റെ കണക്കില്‍ എഴുതിക്കോ,’ കേട്ടപാടെ ഞാന്‍ ഇറങ്ങി ഓടി.

സഹകര്‍ഷകനെ ഇനിയെന്തു ചെയ്യും ? ഭാവിയില്‍ എന്തൊെക്ക ഗുലുമാലാണു വരാന്‍ പോണത്‌ ? കൃഷി താത്‌കാലികമായി നിര്‍ത്തിയാലോ എന്നു പോലും ഞാന്‍ ആലോചിച്ചു. പക്ഷെ ഒന്നും സംഭവിച്ചില്ല. മൂപ്പര്‍ എവിടൊക്കെയോ ജോലി ചെയ്‌തു പണമുണ്ടാക്കി കോടതിയില്‍ പോയി അന്തസ്സായി പിഴ അടച്ചു. എന്റെ ജാമ്യം ഒഴിവായിക്കിട്ടി.

ജാതകദോഷം വീണ്ടും വന്നത്‌ ഒരു കൃഷി ശാസ്‌ത്രജ്ഞന്റെ രൂപത്തിലാണ്‌. എന്റെ പാറ കൃഷിയിടം സന്ദര്‍ശിച്ച അദ്ദേഹം ചോദിച്ചു, ‘നിങ്ങള്‍ എന്തിനാ വിഷമിക്കുന്നത്‌ ? കൃഷി ചെയ്യാന്‍ ഭൂമി വേണ്ട, ഒരു പിടി മണ്ണു മതി. ഈ സ്ഥലം ഇസ്രായേലില്‍ ആയിരുന്നെങ്കില്‍ നമുക്കു പൊന്നു കയറ്റുമതി ചെയ്യാമായിരുന്നു’ കേട്ടു നിന്ന ‘ആറു പായ്‌ക്കറ്റ്‌’ ചേട്ടന്‌ ആലങ്കാരിക ഭാഷ പിടി കിട്ടിയില്ല. അദ്ദേഹം ഇടപെട്ടു, ‘സ്ഥലം നമ്മളെങ്ങനെ ഇസ്രായേലില്‍ കൊണ്ടു പോകും സാറെ ?’ ശാസ്‌ത്രജ്ഞന്‍ ചോദ്യം കേട്ടതായി ഭാവിച്ചില്ല. ഇസ്രായേല്‍ കിനാവു കണ്ട ഞാന്‍ അദ്ദേഹത്തിന്റെ ഉപദേശം അനുസരിച്ച്‌ ഡ്രിപ്പു ഇറിഗേഷന്‍ തുടങ്ങി. ഓരോ മരത്തിന്റെയും ചുവട്ടില്‍ കുഴലിലൂടെ തുള്ളി തുള്ളിയായി വെള്ളമെത്തും. പക്ഷെ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഡ്രിപ്പ്‌ നിന്നു. കുളത്തിലെ ചെളിയും പൊടിയും കേറി കുഴല്‍ അടഞ്ഞത്രേ. ഡ്രിപ്പ്‌ ഇറിഗേഷന്റെ അരിപ്പ സ്ഥിരമായി വൃത്തിയാക്കണം. അരിപ്പ എന്നു പറയുന്നതു നട്ടും ബോള്‍ട്ടുമിട്ടു കണ്ടമാനം മുറുക്കിയ ഒരു ഇരുമ്പു ചെണ്ടക്കുറ്റിയാണ്‌. അതു സ്ഥിരമായി തുറക്കണമെങ്കില്‍ ഒരു ഗുസ്‌തിക്കാരനെക്കൂടി പറമ്പില്‍ നിയമിക്കണം.

അപ്പോള്‍ വേറൊരു ഗുളികന്‍ ജലസേചന വിദഗ്‌ധന്റെ രൂപത്തില്‍ തെളിഞ്ഞു വന്നു. അദ്ദേഹം പറഞ്ഞു, ‘കുളം വൃത്തിയാക്കണം. വെള്ളം തെളിഞ്ഞാല്‍ പിന്നെ ഡ്രിപ്പിനു തടസ്സമൊന്നും വരില്ല’. അങ്ങിനെ കുളം വൃത്തിയാക്കാന്‍ തീരുമാനിച്ചു. ആദ്യം വെള്ളം വറ്റിച്ചു. പിന്നെ അടിയിലെ ചപ്പു ചവറുകള്‍ എല്ലാം വാരിക്കളഞ്ഞു. കുളത്തിന്റെ അടിഭാഗം കണ്ണാടി പോലെ ആയി. ഞങ്ങള്‍ മഴവരാന്‍ കാത്തിരുന്നു. അതാ വരുന്നു അത്യുഗ്രന്‍ മഴ. രണ്ടു ദിവസം കൊണ്ടു കുളം നിറഞ്ഞു. പക്ഷെ നാലു ദിവസം കഴിഞ്ഞപ്പോള്‍ കുളം വറ്റി. പാറപ്പുറത്തിരിക്കുന്ന കുളമാണ്‌. ചെളിയും ചവറും പോയപ്പോള്‍ പാറയ്‌ക്കിടയിലെ ദ്വാരങ്ങള്‍ തെളിഞ്ഞത്രേ. ഇനി വെള്ളം നില്‌ക്കണമെങ്കില്‍ സില്‍പ്പാളിന്‍ വിരിക്കണം. ഞങ്ങള്‍ സില്‍പ്പാളിനിട്ടു വെള്ളം പിടിച്ചു തുടങ്ങി.

ഇത്രയും കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു സവിശേഷ മാനസികാവസ്ഥയിലെത്തി. നാട്ടില്‍ കിട്ടുന്ന സര്‍വ്വ കൃഷി പാഠാവലികളും വാങ്ങി. എല്ലാ കൃഷിമാസികകളുടെയും വരിക്കാരനായി. ‘കൃഷി ഒരു രോഗമാണോ സാര്‍’ എന്നു വാരികകളിലെ മനശ്ശാസ്‌ത്രജന്മാര്‍ക്കു കത്തയച്ചില്ലെന്നു മാത്രം. കൃഷി മാസിക വായിക്കുമ്പോള്‍ മനസ്സ്‌ ആനന്ദം കൊണ്ടു തുള്ളും. പണ്ടു കൊച്ചുന്നാളില്‍ ബോംബേ സര്‍ക്കസ്സ്‌ കാണുന്ന പ്രതീതി യാണ്‌. ‘പീരങ്കിയില്‍ നിന്ന്‌ ഒരു സുന്ദരി തെറിച്ചു സ്ലൈഡറില്‍ വീഴുന്നു. അതിന്റെ മറ്റേ അറ്റത്തിരിക്കുന്ന കോമാളി ആകാശത്തേയ്‌ക്കു പോണു. അവിടെ വവ്വാലു പോലെ തൂങ്ങിക്കിടക്കുന്ന അഭ്യാസി അവനെ കാലില്‍ തൂക്കിയെടുത്ത്‌ അടുത്ത ആള്‍ക്കെറിഞ്ഞു കൊടുക്കുന്നു. ഏതാണ്ട്‌ അതു പോലെയുള്ള കഥകളാണ്‌ കൃഷിമാസികകളിലെല്ലാം. ‘ഗള്‍ഫില്‍ നിന്ന്‌ ഓട്ടക്കീശയുമായി മടങ്ങി വന്ന ആള്‍ തെങ്ങു കിളക്കുന്നു. അതോടെ തെങ്ങില്‍ നിറയെ തേങ്ങ പിടിക്കുന്നു. തേങ്ങ പൊതിച്ചു വിറ്റിട്ടു തൊണ്ട്‌ വാഴച്ചുവട്ടില്‍ നിരത്തുമ്പോള്‍ അതില്‍ സ്വര്‍ണ്ണക്കുല വിളയുന്നു. കുല വെട്ടിയെടുത്തു വിറ്റിട്ടു ബാക്കി വാഴ തുണ്ടമാക്കി പശുവിനു കൊടുക്കുന്നു. അധികമുണ്ടാകുന്ന ചാണകമെടുത്തു കോഴിക്കു കൊടുക്കുമ്പോള്‍, കോഴി ദിവസം രണ്ടു മുട്ടയിടുന്നു—-‘ ഹൊ എന്തിനാ അയാള്‍ ഗള്‍ഫില്‍ പോയത്‌? ജനിച്ചപ്പോഴേ കൃഷിയിലേക്ക്‌ ഇറങ്ങരുതായിരുന്നോ?

കൃഷിയും പ്രകൃതിയും ആയുള്ള അഭേദ്യബന്ധം ഞാന്‍ തത്വത്തില്‍ അംഗീകരിച്ചു. മൂര്‍ഖന്‍ പാമ്പു മുതല്‍ വവ്വാല്‍ വരെ എല്ലാം പ്രകൃതിയുടെ ഭാഗമാണ്‌. അവ കൃഷിയിടത്തില്‍ വിളയുകയും, വിളയാടുകയും വേണം. ഒന്നിനെയും ഉപദ്രവിക്കരുത്‌. ഇന്നു പറമ്പില്‍ നിന്നൊന്നും കിട്ടുന്നില്ല. പക്ഷെ നാളെ തികച്ചും ജൈവികമായി വിളയിച്ചെടുക്കുന്ന ഫലങ്ങള്‍ വന്നു തുടങ്ങും. ഇപ്പോള്‍ ആകെ കിട്ടുന്നത്‌ നാലു മൂടു തെങ്ങില്‍ നിന്ന്‌ ഇരുപതു തേങ്ങയാണ്‌. അത്‌ നൂറായാല്‍ തന്നെ ഭാര്യയ്‌ക്ക്‌ എന്നിലെ കര്‍ഷകനോടു ബഹുമാനമാവും.

തേങ്ങ പിടിക്കാന്‍ ചുവട്ടില്‍ ചകരിച്ചോറിട്ടു വെട്ടിമൂടാന്‍ ഒരു വിദ്വാന്‍ ഉപദേശിച്ചു. തെങ്ങിനു നനവു കിട്ടാന്‍ അതിലും നല്ലൊരു മാര്‍ഗ്ഗമില്ലത്രേ. കയര്‍ ഫാക്ടറിയില്‍ ചെന്നാല്‍ കുറഞ്ഞ വിലയ്‌ക്കു ചകരിച്ചോറു കിട്ടുമെന്നും പറഞ്ഞു തന്നു. അങ്ങിനെ ഒരു മിനി ലോറി നിറയെ ചകരിച്ചോറിറക്കി തെങ്ങിനു ചുറ്റുമിട്ടു. കഷ്ടിച്ചു മൂന്നു മാസം കഴിഞ്ഞു കാണും. ഞാന്‍ ചെല്ലുമ്പോള്‍ ഒരു തെങ്ങിന്റെ മണ്ട തലകുത്തിക്കിടക്കുന്നു. കണ്ടമാനം തേങ്ങ പിടിച്ചു കാണും. പക്ഷെ അടുത്തു ചെന്നപ്പോള്‍ ഒരു തേങ്ങ പോലുമില്ല. മണ്ട ശൂന്യം. അടുത്ത ഒരാഴ്‌ചയ്‌ക്കുള്ളില്‍ മൂന്നു തെങ്ങു കൂടി മറിഞ്ഞു കഴിഞ്ഞപ്പോള്‍ നമ്മുടെ ചേട്ടന്‍ കാരണം കണ്ടു പിടിച്ചു. ‘ഇതു ചെല്ലി കുത്തുന്നതാ’. ചെമ്പന്‍ ചെല്ലിയുടെ മുട്ട ചകരിച്ചോറില്‍ തൂങ്ങി വന്നതാവണം. ഭാര്യയ്‌ക്കു സാമാന്യത്തിലധികം ബുദ്ധിയുണ്ട്‌. കടയില്‍ നിന്ന്‌ ഓരോ ചാക്കു തേങ്ങ മാസാമാസം വാങ്ങി അയാളെ പറ്റിക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. ഇനിയിപ്പോള്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. ചകരിച്ചോര്‍ കൊണ്ടു കയറു പിരിച്ചു ഞാനും തൂങ്ങുക. ഒടുവില്‍ ഞാന്‍ ഭാര്യയോടു മണ്ട പോയ കാര്യം പറഞ്ഞു. എങ്ങിനെ പോയെന്നു പറഞ്ഞില്ല. എന്തായാലും എന്റെ മണ്ട പോയില്ല. അതിന്‌ ഞാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തോടു നിസ്സീമമായി കടപ്പെട്ടിരിക്കുന്നു.

അപ്പോള്‍ എനിക്കൊരു പുതിയ ഉപദേഷ്ടാവിനെ കിട്ടി. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ശീലിച്ചു പോയ പത്രപാരായണത്തിലൂടെ വന്ന പല അപകടങ്ങളിലൊന്നാണ്‌. ഏതോ ഒരു വിദ്വാന്‍ ആകെ മൂന്നു സെന്റു സ്ഥലത്തില്‍ കൃഷി നടത്തി ലക്ഷങ്ങള്‍ വിളയിക്കുന്നുവത്രേ. അദ്ദേഹം ഒരു ചെറിയ കുളത്തില്‍ മീനിനെ വളര്‍ത്തുന്നു. അതിന്റെ വിസര്‍ജ്യം കലര്‍ന്ന വെള്ളം കുഴലിലൂടെ കൊണ്ടു വന്നു ചരലിലൂടെ തിരിച്ചിറക്കും. അതു മാത്രമാണു വളം. ആ ചരലില്‍ ഗംഭീരമായി തക്കാളി വിളയുന്നു. ഒന്നും രണ്ടുമല്ല ഒന്നര ടണ്‍ തക്കാളി. പത്രക്കാര്‍ ഞെട്ടിപ്പോയി. ഉടനെ ആറു കോളം വാര്‍ത്തയും കൊടുത്തു.

ഇങ്ങിനെ ഒക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ യുക്തി പ്രവര്‍ത്തിക്കേണ്ടതാണ്‌. ‘ഒന്നര ടണ്‍ തക്കാളി ഉണ്ടാവാന്‍ എത്ര വളം വേണ്ടി വരും? ഇതിനു മാത്രം വളം കിട്ടാന്‍ കുളത്തില്‍ എത്ര മീന്‍ വേണ്ടി വരും? ഇയാള്‍ എന്താ കുളത്തില്‍ സ്രാവിനെയോ, തിമിംഗലത്തിനെയോ വളര്‍ത്തുന്നുണ്ടോ ? എങ്കില്‍ പിന്നെ നാല്‌ എരുമയെ കുളത്തില്‍ ഇടുന്നതല്ലേ എളുപ്പം?’ പക്ഷെ കഷ്ടകാലത്തു ബുദ്ധി പ്രവര്‍ത്തിക്കില്ല.

ശാസ്‌ത്രജ്ഞന്‍ വന്ന്‌ അല്‌പം കഴിഞ്ഞപ്പോഴെ എനിക്കു സംശയത്തിന്റെ മണമടിച്ചു. ശാസ്‌ത്രജ്ഞനു താത്‌പര്യം തക്കാളി ഉണ്ടാവുന്നതിലല്ല. അതിനുള്ള കണ്‍സള്‍ട്ടന്‍സി വിതരണത്തില്‍ മാത്രമാണ്‌. ഒരു വിധത്തില്‍ പൊത്തി പിടിച്ചു ഞാന്‍ കൊണ്ടു പോയെങ്കിലും കുന്നു പാതികയറിയപ്പോള്‍ മൂപ്പര്‍ മടങ്ങാന്‍ തുടങ്ങി. മുകളില്‍ നിറയെ അത്ഭുത ജീവികളും, അപൂര്‍വ്വ സസ്യങ്ങളുമൊക്കെയാണെന്നു പറഞ്ഞ്‌ ഒരു വിധത്തില്‍ മുകളിലെത്തിച്ചു. അവിടെ ചെന്നപ്പോള്‍ എന്റെ വാക്കുകള്‍ സത്യമായിരിക്കുന്നു. സില്‍പോളിന്‍ ഇട്ടു നിര്‍മ്മിച്ച കുളത്തില്‍ ഒരു അത്ഭുത ജീവി കിടക്കുന്നു. ഒരു മരപ്പട്ടി. അവന്‍ സില്‍പ്പോളിന്‍ മാന്തിപ്പൊളിച്ചതിനാല്‍ വെള്ളം മുക്കാലും ഒഴുകി പോയിട്ടുണ്ട്‌. വീണിട്ടു കുറച്ചു ദിവസമായിക്കാണണം. അനക്കമില്ല. ശാസ്‌ത്രജ്ഞനെ മഹസ്സര്‍ സാക്ഷിയാക്കി, ഞാനും, ചേട്ടനും കൂടി ബോഡി കരയ്‌ക്കെടുത്തു.

ഏതായാലും പരീക്ഷണമൊക്കെക്കഴിഞ്ഞു ശാസ്‌ത്രജ്ഞന്‍ വിവരം പറഞ്ഞു. ‘ഇവിടെ ശരിയാവില്ല. കുളം ഏറ്റവും മുകളിലാണ്‌. അപ്പോള്‍ വെള്ളം തിരിച്ചു മുകളിലെത്തിക്കാന്‍ വലിയ പമ്പു വേണ്ടി വരും’. നമ്മുടെ കര്‍ഷകന്‍ ചേട്ടന്‍ ഇടപെട്ടു. ‘അതു സാരമില്ല സാറെ, പമ്പു ഞാന്‍ ഓടിച്ചോളാം.’ ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം എന്നെയും. സാഹിത്യകാരന്മാരോ, നിരൂപകരോ അല്ലെങ്കിലും ആ നോട്ടത്തിലൂടെയും മൗനത്തിലൂടെയും ഞങ്ങള്‍ കൈമാറിയതു നിരവധി ചെറിയ ചെറിയ വാക്കുകളാണ്‌. എന്തായാലും ഞാന്‍ മത്സ്യാവതാരത്തെ ഉപേക്ഷിച്ചു.

അപ്പോള്‍ വേറൊരവതാരം വന്നു. സാത്വികന്‍. ജൈവ കൃഷി ബാധിച്ചു വട്ടായതാണ്‌. അദ്ദേഹം പറമ്പിലെ മണ്ണു ചവച്ചു നോക്കല്‍ ഒഴിച്ച്‌ എല്ലാം ചെയ്‌തു. ‘ഇവിടെ ശരിയാവില്ല’. ഞാന്‍ ചോദിച്ചു ‘എന്താ കുഴപ്പം?’ ‘പണ്ട്‌ ഇവിടെ എന്തായിരുന്നു കൃഷി?’ ഞാന്‍ പറഞ്ഞു ‘പഴയ ഉടമസ്ഥന്‍ മരച്ചീനി കൃഷി ചെയ്‌തിരുന്നു’. ‘അതു തന്നെ കുഴപ്പം, മരച്ചീനി പറിച്ചപ്പോള്‍ മേല്‍ മണ്ണും വളവും എല്ലാം ഒഴുകിപ്പോയി.’ ‘മരച്ചീനി അദ്ദേഹമല്ല, പെരിച്ചാഴിയാണു പറിച്ചത്‌’ നമ്മുടെ ചേട്ടന്‍ ഇടപെട്ടു. ‘പെരിച്ചാഴി മാന്തിയെടുക്കുവാരുന്നു. വളമൊക്കെ കുഴിയില്‍ തന്നെ കാണും’. ശാസ്‌ത്രജ്ഞന്‍ അതിനു പ്രതികരിക്കാതെ ചികിത്സ പറഞ്ഞു. ‘പറമ്പു ചാണകം കൊണ്ടു മൂടുക. രണ്ടു മഴ കഴിയുമ്പോള്‍ പുല്ലും, പൂച്ചാടിയും, പുള്ളിപ്പുലിയുമെല്ലാം തിരികെ വരും’. ഞാന്‍ ഒരു ലോറി ചാണകം ഇറക്കി. അയ്യായിരം രൂപ. ലോറി കുന്നിന്‍ മുകളില്‍ കയറില്ല. ചുമന്നു കയറ്റണം. ചുമട്ടു കൂലി പതിനയ്യായിരം രൂപ. ചുമന്ന തൊഴിലാളികളുടെ കുറുക്കൊടിഞ്ഞു. അവര്‍ പറഞ്ഞു, ‘ഈ പണിക്കീ കൂലി മുതലാവില്ല. എന്നാലും പോട്ടെ, ഞങ്ങള്‍ക്കു സാറിന്റെ ആത്മാര്‍ത്ഥത ഇഷ്ടപ്പെട്ടു. പക്ഷെ സാറെന്തൊരു കോത്താഴത്തുകാരനാ ? ഈ പതിനയ്യായിരം രൂപയ്‌ക്ക്‌ ഒരു പശുവിനെ വാങ്ങിച്ചു കുന്നിന്‍ മുകളില്‍ കെട്ടിയാല്‍ പോരേ ?’ സ്വന്തം തൊഴില്‍ പോലും വേണ്ടെന്നു വച്ച്‌ അവര്‍ തന്ന ഉപദേശം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ കൃഷിഭവനിലേക്കോടി. പശു വളര്‍ത്തലിനു സബ്‌സിഡി കിട്ടും. വ്യവസ്ഥകള്‍ എല്ലാം കേട്ടു. ഒരു കാര്യം ബോധ്യമായി. ആളുകളെ മുഴുവന്‍ സമയ കൃഷിക്കാരാക്കി മാറ്റാനുള്ള മാര്‍ഗ്ഗമാണു സബ്‌സിഡി എന്നു സര്‍ക്കാര്‍ പറയുന്നതു ശരിയാണ്‌. പാര്‍ട്ട്‌ ടൈം കൃഷിക്കാരന്‍ സ്ഥിരമായി രാവിലെ പത്തു മുതല്‍ വൈകിട്ട്‌ അഞ്ചു വരെ സബ്‌സിഡിക്കായി വില്ലേജോഫീസിലും കൃഷിഭവനിലും കയറിയിറങ്ങണം. അതോടെ അവനു മുഴുവന്‍ സമയ ജോലിയാകും !

20160710_120814എന്നെ പിന്തുടരുന്ന ഗുളികന്‍ പിന്നെ വന്നത്‌ കഠിന പരിസ്ഥിതിവാദിയുടെ രൂപത്തിലാണ്‌. ഞാന്‍ സുഭാഷ്‌ പലേക്കറില്‍ ആകൃഷ്ടനായി. 200 കിലോമീറ്റര്‍ അപ്പുറത്തു നിന്നും രണ്ടു നാടന്‍ പശുവിനെ സംഘടിപ്പിച്ചു. ജൈവ കൃഷി തുടങ്ങാം. ഒരു പശുവിനു വില 15,000 രൂപ. ലോറിക്കൂലി എണ്ണായിരം രൂപ. നാടന്‍ പശു ഗര്‍ഭിണിയായാലും കാഴ്‌ചയ്‌ക്കു വ്യത്യാസമില്ലെന്നു പറഞ്ഞാണു തന്നത്‌. പക്ഷെ പതിനഞ്ചു മാസം കഴിഞ്ഞിട്ടും പ്രസവിക്കുന്നില്ല. ഡോക്ടര്‍ സ്ഥിരമായി വന്നു കുത്തി വയ്‌ക്കുന്നു. ഒരു വരവിന്‌ 500 രൂപ. ‘കര്‍മ്മണ്യേവാധികാരസേ്‌ത, മാ ഫലേഷു കദാചന!.’ കര്‍മ്മം എത്ര ചെയ്‌തിട്ടും ഫലമില്ല, ക്ടാവിനു ചന പിടിക്കുന്നില്ല. പശുവിന്റെ വിഷാദവും ഭാര്യയുടെ തെറിയും സഹിക്കാതായപ്പോള്‍ ഞാന്‍ ഒരു കാളയെക്കൂടി വാങ്ങി. കാളയ്‌ക്കു പതിനായിരം രൂപ. ലോറിക്കൂലി എണ്ണായിരം രൂപ. പക്ഷെ ദോഷം പറയരുതല്ലോ കാളയ്‌ക്കു സ്വന്തം തൊഴിലിനോട്‌ ആത്മാര്‍ത്ഥത ഉണ്ടായിരുന്നു. പത്താം മാസം തന്നെ പശു പ്രസവിച്ചു. ഒന്നര ലിറ്റര്‍ പാലു വീതം കിട്ടും. ചേട്ടന്‍ ഒരു താല്‌ക്കാലിക പശുപാലനായി. പാല്‍ പങ്കിട്ടെടുക്കും. ആകെ ഒരു കുഴപ്പമേ ഉള്ളൂ. ഭാര്യ കാണാതെ വേണം പാല്‍ വീട്ടില്‍ കയറ്റാന്‍. ഇല്ലെങ്കില്‍ അയാള്‍ പരിഹാസം തുടങ്ങും, ‘അയ്യോ, ലിറ്ററിന്‌ അഞ്ഞൂറു രൂപ ചിലവുള്ള പാല്‍ വരുന്നു, ശകലം കുടിക്കട്ടെ’. സത്യം പറഞ്ഞാല്‍ പശുവിനെയും കാളയെയുമൊക്കെ വളര്‍ത്തി തുടങ്ങിയപ്പോഴാണ്‌ അതിന്റെ ഒരു കഷ്ടപ്പാടു മനസ്സിലായത്‌. ഒരു പശുവിനെ സ്വന്തമായി വളര്‍ത്തുന്നത്‌ 24×7 ജോലിയാണ്‌. ചെയ്യുന്നതിനു തക്ക കൂലിയുമില്ല. വെറുതെയാണോ പശു പ്രേമികള്‍ പലരും പശുവിനെ വളര്‍ത്തുന്നതിനു പകരം വല്ലവന്റെയും കയ്യും കാലും തല്ലിയൊടിക്കാന്‍ നടക്കുന്നത്‌?

ചാണകം വീണപ്പോള്‍ മണ്ണിനല്‌പം മാറ്റമുണ്ടായി. കാട്ടുമരങ്ങള്‍ കൊഴുത്തു. പശുവിനെ കെട്ടുന്ന ആള്‍നടപ്പില്ലാത്ത വഴിയില്‍ നിറയെ നാട്ടു മരുന്നുകള്‍ – നില നാരകവും, നിലപ്പനയും, നറുനീണ്ടിയും ഒക്കെ പൊടിച്ചു വരുന്നു. പശു അതൊക്കെ തിന്ന്‌ ഒന്നു പച്ച പിടിച്ചു വരികയാണ്‌. ഒരു ദിവസം ചെന്നപ്പോള്‍ ആ വഴി ദാ കഷണ്ടിത്തലയില്‍ എണ്ണ തേച്ച പോലെ മിനുങ്ങി കിടക്കുന്നു. നല്ല തവിട്ടു നിറം. കുടുംബശ്രീ ബാധിച്ചതാണത്രേ. ആ കാട്ടു വഴിയെപ്പോലും അവര്‍ വെറുതെ വിട്ടില്ല. വെട്ടുക്കിളി പറ്റത്തെ പോലെ വന്ന്‌ സര്‍വ്വ പച്ചിലയും ചുരണ്ടി മാറ്റി തൊഴിലുറപ്പാക്കി അവര്‍ പോയി. അതോടെ നമ്മുടെ ചേട്ടനും തൊഴില്‍ ഉറപ്പായി. സ്ഥിരമായി പത്തു കിലോമീറ്റര്‍ അപ്പുറം പോയി പശുവിനു വൈയ്‌ക്കോല്‍ വാങ്ങണം.

സഹികെട്ട ഞാന്‍ വാഴകൃഷിയിലേക്കു തിരിഞ്ഞു. തോട്ടമാക്കാന്‍ പറ്റിയ പറമ്പല്ല. എങ്കിലും കാട്ടുമരങ്ങള്‍ക്ക്‌ ഇടയിലുള്ള ദ്വാരങ്ങളില്‍ പാളേങ്കോടന്‍ വാഴ കുഴിച്ചു വച്ചു. വാഴ വളര്‍ന്നു, കുലച്ചു. രണ്ടു സമ്പൂര്‍ണ്ണ ജൈവ കുല. ഞാന്‍ ഭാര്യയോടു പറഞ്ഞു, ‘ഒന്നു നമുക്കെടുക്കാം. മറ്റേതു വില്‌ക്കാം. സമ്പൂര്‍ണ്ണ ജൈവമല്ലേ. ആയിരം രൂപ വരെ കിട്ടും. പക്ഷെ നമുക്കഞ്ഞൂറു മതി. ഒരിക്കലും കൊള്ള പാടില്ല.’ ഭാര്യ ഒന്നും പറഞ്ഞില്ല. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ പൂര്‍ണ്ണ വിശ്വാസം ആയിട്ടില്ല എന്നു മുഖം പറയുന്നുമുണ്ട്‌.

20160706_124239ഒരു ശരാശരി മലയാളി ആയ ഞാന്‍ കുല വെട്ടുന്നതിനു മുന്‍പായി ചങ്ങമ്പുഴയുടെ വാഴക്കുല തപ്പിയെടുത്തു വായിച്ചു. കണ്ണു നിറഞ്ഞു. തുടച്ചു. പിറ്റേന്ന്‌ ചെന്ന്‌ കുല വെട്ടിയപ്പോള്‍ ഏറ്റവും മുകളിലത്തെ പടലയിലെ പീച്ചിക്കാ മുഴുവന്‍ ഇരിഞ്ഞു വാഴപാലന്‍ കൂടിയായ പശുപാലന്‍ ചേട്ടനു കൊടുത്തു. അങ്ങിനെ ചങ്ങമ്പുഴയുടെ വാഴക്കുല എന്റെ തോളില്‍ നിന്നിറക്കി.

ആദ്യത്തെ ബോംബു പൊട്ടിയതു ജൈവ കൃഷിയാപ്പീസിലാണ്‌. അവര്‍ക്കു പാളേങ്കോടന്‍ കുല വേണ്ട. അതെല്ലായിടത്തും ഉണ്ടത്രേ. ഏത്തക്കുല ഉണ്ടെങ്കില്‍ എടുക്കും. അവര്‍ക്കു വേണ്ടെങ്കില്‍ വേണ്ട. പച്ചക്കറി വാങ്ങുന്ന കടയില്‍ കൊടുക്കാം. അവിടെ ചെന്നപ്പോള്‍ അദ്ദേഹം സാധനം എടുക്കാന്‍ തയ്യാറാണ്‌. കിലോയ്‌ക്ക്‌ 12 രൂപ തരും. അതെന്തു ന്യായം ? മുപ്പതു രൂപയ്‌ക്കല്ലേ ഞാന്‍ പഴം വാങ്ങുന്നത്‌ ?. മൂപ്പര്‍ക്കു കുലുക്കമില്ല. ‘സാറെ ഈ ഉണക്കക്കടയ്‌ക്കു ദിവസം മുന്നൂറു രൂപ വാടക. ചന്തയില്‍ നിന്നു സാധനം വരാന്‍ ഓട്ടോ കൂലി, ചുമട്ടു കൂലി. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ഞാനിവിടെ ഇരിപ്പാ. ആറു മണിക്കൂര്‍ കിളക്കാന്‍ പോകുന്നവന്‌ എണ്ണൂറു രൂപ കിട്ടും. അത്രേയെങ്കിലും എനിക്കും കിട്ടണ്ടേ? മുപ്പതിനായിരോം, നാല്‌പതിനായിരോം പോട്ടെ, ഒരു ലക്ഷം രൂപ ശമ്പളമുള്ളവനും വന്നു ചോദിക്കുന്നത്‌ അയ്യോ, അച്ചിങ്ങയ്‌ക്ക്‌ അന്‍പതു രൂപയാണോന്നാ. ഒരു സിനിമാ കാണാന്‍ നൂറു രൂപ കൊടുക്കും. മൊബൈല്‍ ഫോണ്‍ ദിവസവും നൂറു രൂപയ്‌ക്കു ചാര്‍ജ്‌ ചെയ്യും. പക്ഷെ ഒരു കിലോ അച്ചിങ്ങയ്‌ക്ക്‌ അന്‍പതു രൂപ പറ്റത്തില്ല. എന്റെ കാര്യം പോട്ടെ. ഈ അച്ചിങ്ങ നട്ടു വെള്ളം കോരുന്നവന്‌ ദിവസം ഒരു അഞ്ഞൂറു രൂപ കിട്ടാന്‍ എത്ര ടണ്‍ അച്ചിങ്ങ ഉണ്ടാവണം?

പണ്ടേ കണക്കില്‍ മോശമാണെന്നു കുറ്റസമ്മതം നടത്തി ഞാന്‍ ആ കാര്‍ഷിക-സാമ്പത്തിക ശാസ്‌ത്രജ്ഞനെ വണങ്ങി തിരികെ പോന്നു. എന്തായാലും എന്റെ ജാതകം ഒന്നു നോക്കണം. ഏതോ ഒരു പോയിന്റില്‍ ‘ശേഷം ചിന്ത്യം’ എന്നെഴുതി നിര്‍ത്തിയിരിക്കുകയാണ്‌. അത്‌ അമിതമായി ജൈവ പാളേങ്കോടന്‍ കുല കഴിച്ചുള്ള മരണമായിക്കൂടാഴികയില്ല. ഇനിയും നാലു കുല കൂടി പറമ്പില്‍ നില്‌പുണ്ട്‌..

കുലയുമായി തിരിച്ചു വരുന്നതു ഭാര്യ കണ്ടാല്‍ പരിഹാസത്തിന്റെ കൂട്ടപ്പൊരിച്ചിലായിരിക്കും. കഴിയുന്നതും ശബ്ദമുണ്ടാക്കാതെ ഗേറ്റു തുറന്ന്‌ പതിയെ വീടിന്റെ പിന്നിലേക്കു നടന്നു. അപ്പോള്‍ അകത്തു ഭാര്യ മകളോടു ചോദിക്കുന്നു, ‘എന്താടീ ഗേറ്റില്‍ ഒരനക്കം ? ഇന്നു കര്‍ഷക ശ്രീ നേരത്തെ തിരിച്ചു വന്നോ ?’


Subscribe to get notifications on new posts

Recent Articles

Comments
  1. Ciji | Reply
    • Hari | Reply
  2. Bhadra | Reply
  3. Anoop N | Reply
    • Hari | Reply
  4. Vinayachandran | Reply

Leave a Reply to Bhadra Cancel reply

Your email address will not be published.