ക്രൈസിസ്‌ മാനേജ്‌മെന്റ്‌

ഇതും ഒരു വെടിക്കെട്ടുകഥയാണ്‌. ഇതിലെ നായകന്‍ ഞാനല്ല. ഞാന്‍ വെറും പ്രേക്ഷകന്‍ മാത്രം. ഇതിലെ നായകനെ എനിക്കു മുന്‍പരിചയമില്ല.

നാട്ടിന്‍പുറത്തെ അമ്പലങ്ങളില്‍ ഉത്സവത്തിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. ചില സ്ഥിരം പതിവുകാരുമുണ്ട്‌. തീവെട്ടിക്ക്‌ എണ്ണ ഒഴിക്കലും, നെറ്റിപ്പട്ടത്തിന്റെ കേടുപാടുതീര്‍ക്കലും, പരിപാടി അനൗണ്‍സു ചെയ്യലുമൊക്കെ ഓരേരുത്തരുടെ അവകാശം പോലെയാണ്‌. ഉത്സവക്കാലമാകുമ്പോള്‍ അവര്‍ എത്തും. എവിടെയെങ്കിലുമൊക്കെ തങ്ങും. സംഗതി കഴിയുമ്പോള്‍ സ്ഥലം വിടും. പ്രതിഫലത്തെക്കുറിച്ചും തര്‍ക്കമില്ല.

നമ്മുടെ നാട്ടിലെ ഉത്സവകമ്മിറ്റിക്കാര്‍ ചെറുപ്രായത്തില്‍ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ചെന്നു പറ്റിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രൈസിസ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധരായി പോയേനെ എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ അവര്‍ വളരെ ലളിതമായി പരിഹരിക്കുന്നത്‌. ആവശ്യത്തിനു പണം കാണില്ല. ഉത്സവസമയത്തു കറണ്ടു പോകും. കലാപരിപാടിക്കാര്‍ സമയത്തു വരാറില്ല. ആന വിരണ്ടോടും. മൈക്ക്‌ സെറ്റ്‌ കേടാകും. വെടിക്കെട്ടു സമയത്തു മഴപെയ്യും. ആനപ്പുറത്തു കേറാന്‍ വന്ന പൂജാരിയും ചെണ്ടക്കാരുമൊക്കെ ചിലപ്പോള്‍ പിണങ്ങിപ്പോകും. പിന്നെ കള്ളുകുടിയന്‍മാര്‍, അടിപിടിക്കാര്‍, പോക്കറ്റടിക്കാര്‍, ഉത്സവകമ്മിറ്റിയിലെ പ്രതിപക്ഷം. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ കമ്മറ്റിക്കാരില്‍ ചിലര്‍ വളരെ സര്‍ഗ്ഗാത്മകമയി ഇടപെട്ടു പ്രശ്‌നം തീര്‍ക്കാറുണ്ട്‌. ചിലപ്പോള്‍ കാഴ്‌ചക്കാരായി നില്‌ക്കുന്ന ചിലരും മുന്നോട്ടു വന്നു വളരെ ക്രീയാത്മകമായി പരിഹാരം നിര്‍ദ്ദേശിക്കും. പിന്നെ അടുത്ത ഉത്സവം വരെ അവരെ കാണില്ല. hibernation ല്‍ ആയിരിക്കും. ഒരു കാര്യം കൂടി പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അന്താരാഷ്ട്രരംഗത്തു നടക്കുന്നതു പോലെ തന്നെ ഒട്ടു മുക്കാല്‍ ക്രൈസിസുകളും ഉണ്ടാക്കുന്നതും ഈ മാനേജര്‍മാര്‍ തന്നെയാണ്‌.

പിന്നെ ചില നാട്ടു നടപ്പൊക്കെയുണ്ട്‌. ഉത്സവത്തിന്‌ കശപിശയുണ്ടായെന്നു വരാം. അടിപിടി ഉണ്ടായെന്നും വരാം. ഉത്സവം കഴിഞ്ഞാല്‍ പിന്നെ കണക്കുതീര്‍ക്കാന്‍ നോക്കരുത്‌. കുറിച്ചു വെച്ചേക്കുക. അടുത്ത കൊല്ലത്തെ ഉത്സവത്തിനെടുക്കാം. ഇതേ സമയം, ഇതേ സ്ഥലം.

ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ ഉത്സവത്തിനു കതിനാവെടി വയ്‌ക്കാന്‍ ആളെകിട്ടിയില്ല. കതിനാവെടി അറിയാത്തവര്‍ക്കായി ഒരു വിശദീകരണം. ഒരു ഇരുമ്പുകുറ്റിയില്‍ വെടി കരിമരുന്നു നിറച്ചു പൊട്ടിക്കുന്ന പരിപാടിയാണ്‌. ഒരിഞ്ചു വ്യാസവും 6-8 ഇഞ്ച്‌ ഉയരവുമുള്ള ഇരുമ്പ്‌ കുറ്റിയാണിത്‌. അതിന്‍െറ ഉള്ളില്‍ നാലിഞ്ചു നീളത്തില്‍ ഒരു നല്ല തടിയന്‍ പേന കടത്താവുന്ന വലിപ്പത്തില്‍ ഒരു ദ്വാരം കാണും. അതു വഴിയാണ്‌ വെടിമരുന്നിടുന്നത്‌. സൈഡിലൂടെ ഒരു ആണി കടത്താവുന്ന വലിപ്പത്തില്‍ ഒരു ചെറിയ ദ്വാരം കാണാം. അവിടെയും വെടി മരുന്നു നിറയ്‌ക്കാം. അവിടെയാണു തീ കൊടുക്കുന്നത്‌,. മുകളിലത്തെ ദ്വാരത്തിനു മുകളില്‍ വെടിമരുന്നിന്‍െറ മുകളില്‍ അലപ്‌ം ഉമിയിട്ടു നിറച്ച്‌ പിന്നെ ഇഷ്ടികപ്പൊടിയിട്ട്‌ ഇടിച്ചുറപ്പിക്കും. ഉമിയിട്ടില്ലെങ്കില്‍ മരുന്നിടിച്ചുറപ്പിക്കുമ്പോള്‍ തന്നെ വെടി പൊട്ടാം. വെടിമരുന്നു തീ പിടിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ഇഷ്ടികയെ തെറിപ്പിച്ച്‌ പുറത്തേയ്‌ക്കു വരും. ഇതാണു വെടി ശബ്ദം. ഒരു കിലോ മീറ്റര്‍ അകലെ വരെ കേള്‍ക്കും.

ഉത്സവകാലത്തു ദേവിവിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ചു ഭക്തരുടെ വീടുകളില്‍ കൊണ്ടു ചെല്ലുകയും അവിടെ നിന്ന്‌ വഴിപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. ചടങ്ങു കൊഴുപ്പിക്കാന്‍ ചെണ്ടയും കതിനാവെടിയും ഉണ്ട്‌. ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ കതിനാ വെടി ഉത്സവകാലത്തു മാത്രമുള്ള ഒരേര്‍പ്പാടാണ്‌. അതിനാല്‍ സ്ഥിരം വെടിക്കാരനില്ല. അല്‌പം അകലെയുള്ള ഒരു മഹാക്ഷേത്രത്തില്‍ നിന്ന്‌ ഏഴ്‌ എട്ട്‌ കതിനാക്കുറ്റികള്‍ തത്‌കാലത്തേയ്‌ക്കു കടം വാങ്ങും. ഒരു വെടിക്കട്ടു വിദ്‌ഗധനെയും ഒപ്പിക്കും. വെടിക്കെട്ടുകാരന്‍ അഞ്ചെട്ടിരുമ്പു കുറ്റികളും വെടിമരുന്നും ഒരു പെട്ടിയിലാക്കി നടക്കണം. ഇടയ്‌ക്കിടയ്‌ക്ക്‌ വെടിപൊട്ടിയ്‌ക്കുകയും ഒഴിഞ്ഞ കുറ്റി നിറയ്‌ക്കുകയും വേണം.

ഈ കഥ നടക്കുന്ന വര്‍ഷം കതിനാക്കുറ്റികള്‍ എല്ലാം ശരിയായി. പക്ഷെ വെടിക്കെട്ടുകാരനെ കിട്ടിയില്ല. ആനപ്പുറത്തുള്ള എഴുന്നള്ളിപ്പു തുടങ്ങാറായിട്ടും ആളില്ല. അപ്പോഴാണ്‌ നമ്മുടെ നായകന്റെ രംഗപ്രവേശം. ബട്ടണ്‍സ്‌ അധികമില്ലാത്ത ഷര്‍ട്ടും, ലുങ്കിയും തലയില്‍കെട്ടുമായി ഒരാള്‍ വരുന്നു. പണി വല്ലതുമുണ്ടോ എന്നന്വേഷിച്ചിറങ്ങിയതാണ്‌. ഒരു പണിയും അറിയില്ല. പക്ഷെ എന്തു പണിയും ചെയ്യാന്‍ റെഡിയാണ്‌. മംഗള്‍യാന്‍ ഓടിച്ചു ചൊവ്വ വരെ പോകാനും തയ്യാര്‍. രണ്ടു ദിവസം ഒന്നു കാണിച്ചു കൊടുത്താല്‍ മാത്രം മതി. കൂലിക്കാര്യത്തിലും നിര്‍ബന്ധമില്ല. എന്തെങ്കിലും തന്നാല്‍ മതി.

ഭാവനാശാലിയായ ഒരു ക്രൈസിസ്‌ മാനേജര്‍ മൂപ്പരെ ഏറ്റെടുത്തു. അടുത്ത ചായക്കടയില്‍ കൊണ്ടുപോയി ഉത്സവകമ്മിറ്റിയുടെ കണക്കില്‍ പ്രഭാതഭക്ഷണം വാങ്ങിക്കൊടുത്തു. കൂട്ടത്തില്‍ വെടിക്കെട്ടു പണികളുടെ സാധ്യതകളെക്കുറിച്ചു വാതോരാതെ വിശദീകരിച്ചു കൊടുത്തു. ചെറിയ അമ്പലമാണെന്നു കരുതേണ്ട. ഇവിടെ തുടങ്ങിയവരൊക്കെ വലിയ ആളുകളായിട്ടുണ്ട്‌. പ്രശസ്‌ത ഡാന്‍സര്‍മാരായ കുട്ടപ്പന്‍, ഭാര്‍ഗ്ഗവീ ആന്റ്‌ പാര്‍ട്ടിയുടെ അരങ്ങേറ്റം ഇവിടെയായിരുന്നു. ഇന്നിപ്പോള്‍ ആരാണ്‌? പിടിച്ചാല്‍ കിട്ടുമോ? ഒരു പക്ഷേ, പത്തുകൊല്ലം കഴിയുമ്പോള്‍ അലഹബാദില്‍ കുംഭമേളയ്‌ക്കു വെടിക്കെട്ടു കോണ്‍ട്രാക്ടര്‍ നീയാരിക്കും! പുതുമുഖത്തിനു പരമ സന്തോഷം. എന്തെങ്കിലും പണി അന്വേഷിച്ചു വന്നതാണ്‌. ഇപ്പോള്‍ ദാ എത്ര വലിയ ഉത്തരവാദിത്വമാണേല്‌പ്പിച്ചു തരുന്നത്‌. വിമാനം തുടയ്‌ക്കാന്‍ വന്നവനെ പിടിച്ചു പൈലറ്റാക്കിയ പോലുണ്ട്‌.

കമ്മിറ്റിക്കാരും ക്രൈസിസ്‌ മാനേജര്‍മാരും കാണികളായ നാട്ടുകാരും ചേര്‍ന്ന്‌ കതിനാ നിറയ്‌ക്കാനും പൊട്ടിക്കാനും പഠിപ്പിച്ചു തുടങ്ങി. ഗുരുകുല വിദ്യാഭ്യാസമാണ്‌. എന്നു പറഞ്ഞാല്‍ ഒരു കുല ഗുരുക്കന്‍മാരും ഒരു ശിഷ്യനും. ശിഷ്യന്റെ ഇരുവശത്തും ഗുരുക്കന്മാരും മുമ്പില്‍ വലിയ കതിനാക്കുറ്റിയുമായി ഇരിക്കുന്നു. ചുറ്റും വലിയൊരാള്‍ക്കൂട്ടം തന്നെ. ആറുവശത്തു നിന്നും തകൃതിയായും പഠിപ്പിക്കല്‍ നടക്കുന്നു. ആദ്യ വെടി ചീറ്റിപ്പോയി. ശരിക്ക്‌ ഇടിച്ചുറപ്പിക്കാതിനാല്‍ കരിമരുന്നു കത്തി പുക്കുറ്റി പോലെ ചീറ്റിത്തീര്‍ന്നു. നാലഞ്ചെണ്ണം ചീറ്റിക്കഴിഞ്ഞപ്പോള്‍ ശബ്ദം വന്നു തുടങ്ങി. പിന്നെ താമസിച്ചില്ല. സംഘം പുറപ്പെട്ടു. ഏറ്റവും മുമ്പില്‍ ചെണ്ടക്കാര്‍. ഏറ്റവും പുറകില്‍ ആനയ്‌ക്കു തൊട്ടു പിന്നിലാണ്‌ വെടിക്കെട്ടുകാരന്റെ സ്ഥാനം. തലയില്‍ പെട്ടിയില്‍ 7-8 നിറച്ച കുറ്റി, രണ്ടുമൂന്നു കിലോ വെടിമരുന്ന്‌. ഒരു കൈകൊണ്ടു പെട്ടിയില്‍ പിടിച്ചാണു നടക്കുന്നത്‌. മറ്റെ കയ്യില്‍ ഒരു കഷ്‌ണം കയറുണ്ട്‌. കയറിന്റെ അറ്റത്തു തീയുണ്ട്‌. കതിന പൊട്ടിക്കാനാണ്‌. അത്‌ അല്‌പാല്‌പം വീശിവേണം നടക്കാന്‍. കയറു ദേഹത്തു തട്ടാത്ത അകലത്തില്‍ താറാവിന്‍ പറ്റം പോലെ കലപില കലപില ശബ്ദമുണ്ടാക്കി ഗുരുക്കന്മാരും, മറ്റു നാട്ടുകാരും.

ആദ്യത്തെ വീട്ടില്‍ എഴുന്നള്ളത്‌ എത്തി. ആറ്റുതീരത്താണ്‌ വീട്‌. മനോഹരമായ പഴയ തറവാട്‌. ചടങ്ങുകള്‍ ഭംഗിയായി നടന്നു. നമ്മുടെ വെടിക്കാരന്‍ കൃത്യമായി, കണിശമായി വെടിപൊട്ടിച്ചു. എല്ലാവരും ഹാപ്പി. സംഘം തിരിച്ചു പോവുക ആണ്‌. ക്രൈസിസ്‌ മാനേജര്‍ നൂറുശതമാനം ഹാപ്പി. ഇതാ തൊഴിലില്ലാതെ അലഞ്ഞു നടന്ന ഒരു ചെറുപ്പക്കാരന്‌ ഒരു ജീവിതമാര്‍ഗ്ഗം തുറന്നുകൊടുത്തിരിക്കുന്നു. അവന്‍ മിടുക്കനാണ്‌. ഇനി കയറിപ്പോകും. വഴി കാണിച്ചു തന്നത്‌ ഈ നാട്ടുകാരനാണെന്നൊരു വിചാരം എന്നും വേണം അതു മാത്രം മതി ഞങ്ങള്‍ക്ക്‌.

ആനന്ദപുളകിതനായി നടക്കുന്ന പുത്തന്‍ വെടിക്കെട്ടുകാരന്‍ കയ്യ്‌ ഒന്ന്‌ മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി കയ്യിലെ കത്തിക്കൊണ്ടിരുന്ന കയര്‍ തലയിലെ പെട്ടിയിലേക്കു വച്ചു. രണ്ടുകിലോ വെടിമരുന്നും എഴുകതിനാക്കുറ്റിയും ഒറ്റയടിക്കു കത്തി. തീയ്യ്‌, വെടി, പുക, ബഹളം. നായകന്‍ തലയിലെ പെട്ടി വലിച്ചെറിഞ്ഞ്‌ അലറിക്കൊണ്ടു തിരിഞ്ഞോടി ആറു നീന്തിക്കടന്ന്‌ അക്കരെ കയറിപ്പോയി. ഭാഗ്യത്തിനു കതിനാക്കുറ്റിയെല്ലാം താഴെ വീണു. മരപ്പെട്ടി മാത്രമാണ്‌ ആനയുടെ ചന്തിയില്‍ ചെന്നു കൊണ്ടത്‌. പൊന്നു മക്കളെ ചതിക്കല്ലേടാ എന്നു പറഞ്ഞ്‌ ആനക്കാരന്‍ കൊമ്പില്‍ തൂങ്ങിയതുകൊണ്ടും ചന്തിയില്‍ കതിനാവെടി കൊള്ളാഞ്ഞതു കൊണ്ടും ആനയങ്ങു ക്ഷമിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

ഈ കഥയിലെ നായകനെ അതിനു മുന്‍പോ പിന്‍പോ ഞങ്ങള്‍ ആരും കണ്ടിട്ടില്ല.


Subscribe to get notifications on new posts

Recent Articles

Comments
  1. Bhadra | Reply
  2. Anand | Reply
  3. Ajit | Reply
  4. Jose | Reply
  5. Moideen | Reply
  6. jayasree | Reply
  7. anishjacob | Reply
  8. Anoop Dhanwanthari | Reply
  9. sushama | Reply

Leave a Reply

Your email address will not be published.