ശരാശരി മലയാളി ചെറുക്കന്റെ ദൗര്‍ബല്യമാണ് ആന. കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പകാലത്ത് ഉത്സവകാലം കാത്തിരിക്കുമായിരുന്നു. ആനയെ കാണാനും ചെണ്ടകൊട്ടു കേള്‍ക്കാനും. ഉത്സവകാലം സ്വാതന്ത്ര്യത്തിന്റെ കാലം കൂടിയാണ്. വീട്ടില്‍ നിന്ന് അതിരാവിലെ പുറത്തു ചാടാം. തിരിച്ചു കയറേണ്ട സമയത്തിനു പരിധിയില്ല. രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തന്നെ കിടന്നാലും കുഴപ്പമൊന്നുമില്ല. പക്ഷെ ഉത്സവപ്പറമ്പില്‍ അടിപിടിയോ, ആന വിരണ്ടോടലോ വല്ലതുമുണ്ടായാല്‍ അധികം താമസിയാതെ വീട്ടിലെത്തി തനിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിക്കണം എന്നു മാത്രം.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ ആണു ഞങ്ങളുടെ നാട്ടിലെ ഉത്സവക്കാലം. അതു മാമ്പഴക്കാലം കൂടിയാണ്. ഒരു കാറ്റു വന്നാല്‍ റോഡരികിലും പറമ്പിലുമൊക്കെ മാങ്ങ കൊഴിഞ്ഞു വീഴും. അങ്ങിനെ കൊഴിഞ്ഞു വീഴുന്ന മാങ്ങയില്‍ മാവു നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന് പ്രത്യേകിച്ച് അവകാശമൊന്നുമില്ല. ആദ്യം കാണുന്ന ആള്‍ എടുത്തുകൊണ്ടു പോകും,. ഉടമസ്ഥനാണ് ആദ്യം കാണുന്നതെങ്കില്‍ അയാള്‍ക്ക് കിട്ടുമെന്നു മാത്രം.
പഴയ ഒരു മാമ്പഴം പെറുക്കലിന്റെ കഥയാണിത്. എനിക്ക് പതിനൊന്നോ പന്ത്രണ്ടോ വയസ്സു പ്രായമുള്ള കാലം. എന്റെ വീടിനടുത്തു തന്നെയാണ് അമ്മയുടെ കുടുംബവീട്. വിശാലമായ പറമ്പും നിറയെ മരങ്ങളും. ചുറ്റുമുള്ള പല പറമ്പുകളും അതിനേക്കാള്‍ വിശാലമാണ്. പലയിടത്തും മാമ്പഴം പഴുത്തു വീഴും. രാത്രിവീഴുന്ന മാങ്ങ സാധാരണ അവിടെ തന്നെ കിടക്കും. വെളുപ്പിന് അഞ്ചു മണിയാകുമ്പോള്‍ തന്നെ ഞാന്‍ ഒരു തടിയന്‍ ടോര്‍ച്ചുമായി പോയി മാങ്ങയുള്ളതു പെറുക്കും. പെട്ടെന്നൊരു ദിവസം മാങ്ങ കിട്ടുന്നതു നിന്നു. ഞാന്‍ ചെല്ലുമ്പോള്‍ പറമ്പു ശൂന്യമായിരിക്കും. ഇതൊരു തുടര്‍ക്കഥയായപ്പോള്‍ എനിക്കു ബോധ്യമായി, ആരോ അതിരാവിലെ ഇറങ്ങി പെറുക്കുന്നുണ്ട്. അങ്ങിനെ വിടാന്‍ പറ്റില്ല.
അടുത്ത ദിവസം ഞാന്‍ നാലുമണിക്കു തന്നെ പറമ്പിലെത്തി. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ദൂരെ നിന്ന് ഒരു വിചിത്രരൂപം ഒരു ചെറിയ വെളിച്ചവുമായി വരുന്നു. ഞാന്‍ ശ്വാസമടക്കി ഒരു മരത്തിന്റെ മറവിലേക്കു മാറി. സംഗതി കുറച്ചടുത്തു വന്നപ്പോള്‍ കാര്യം മനസ്സിലായി. അടുത്ത വീട്ടിലെ കുട്ടികളാണ്. എന്നെക്കാള്‍ രണ്ടു വയസ്സു കുറവുള്ളവര്‍. പിന്നെ അവരുടെ ബന്ധുവായ ഒരു കുട്ടിയും. ഒരു ചെറിയ മണ്ണെണ്ണ വിളക്കുമായി വരികയാണ്. പേടികാരണം മൂന്നുപേരും തോളില്‍ കയ്യിട്ടു കെട്ടിപ്പിടിച്ചാണു നടക്കുന്നത്. തലവഴി ഒരു പുതപ്പുകൊണ്ട് മൂടിയിട്ടുണ്ട്. കാറ്റടിച്ചു വിളക്കു കെടാതിരിക്കാനായിരിക്കണം പുതപ്പു ഇരുവശത്തേയ്‌ക്കും വലിച്ചു പിടിച്ചാണു നടക്കുന്നത്. ഞാന്‍ മറഞ്ഞു നില്‍ക്കുന്ന മരത്തിനടുത്ത് അവര്‍ എത്തിയപ്പോള്‍, അവരുടെ മുഖത്തേയ്‌ക്ക് ടോര്‍ച്ച് മിന്നിച്ചു കെടുത്തി. മൂന്നുപേരും ഒരുമിച്ച് അയ്യോ എന്നു വിളിച്ചതും വിളക്കു കെട്ടതും ഒപ്പമാണ്. ടോര്‍ച്ചു കത്തിക്കാതെ തന്നെ മുന്നോട്ടു നടന്ന് അല്‌പം അകലെ ചെന്നു. എന്റെ കാലില്‍ പോലും വെളിച്ചം വീഴാതെ ടോര്‍ച്ചു താഴ്‌ത്തിക്കത്തിച്ചു മാങ്ങ പെറുക്കി തുടങ്ങി. പേടിച്ചു നില്‍ക്കുന്ന വാനരസംഘത്തിന് ആരോ മാങ്ങ പെറുക്കുന്നു എന്നല്ലതെ ആരാണെന്ന് മനസ്സിലായില്ല. ഞാന്‍ മാങ്ങയുമായി തിരിച്ചു പോന്നു. പാവം പിള്ളേര്‍ നേരം വെളുക്കുന്നതുവരെ മാഞ്ചുവട്ടില്‍ പേടിച്ചു വിറച്ചിരുന്നു.
Elephant holding palm leaves
ഒരാഴ്‌ച കഴിഞ്ഞിട്ടും പിള്ളേര്‍ നേരം വെളുക്കാതെ വീട്ടിനു വെളിയില്‍ ഇറങ്ങുന്നില്ല. കാര്യം എതിരാളികള്‍ മൂന്നു പീക്കിരിപിള്ളേരാണെങ്കിലും എന്റെ യുദ്ധതന്ത്രങ്ങളില്‍ എനിക്കു വലിയ മതിപ്പായി. എതിര്‍കക്ഷിയെ പേടിപ്പിച്ചു റൊട്ടിയാക്കിയില്ലേ? ഈ കഥ പരമാവധി ആളുകളോടു പറഞ്ഞു ഞാന്‍ ഒരു ഹീറോ ആകാന്‍ തകര്‍ത്തു ശ്രമിച്ചു.
അങ്ങനെയിരിക്കുമ്പോള്‍ ഉത്സവം തുടങ്ങി. ചെണ്ടകൊട്ടും ആനയും വെടിക്കെട്ടും പൊടിപൂരം. ഒന്നാമത്തെയും രണ്ടാമത്തെയും ദിവസം ഞാന്‍ കാഴ്‌ചകളും കലാപരിപാടികളുമൊക്കെയായി അമ്പലപ്പറമ്പില്‍ തന്നെ കിടന്നു. മൂന്നാം ദിവസം പാതിരാ കഴിഞ്ഞപ്പോള്‍ അവശനായി. ഉറങ്ങാതെ പറ്റില്ല. ഒരു രണ്ടുമണികഴിഞ്ഞപ്പോള്‍ വീട്ടിലേക്കു നടന്നു. വിഴിയില്‍ വെളിച്ചമില്ല. കയ്യില്‍ ടോര്‍ച്ചുമില്ല. തപ്പിത്തടഞ്ഞാണു നടക്കുന്നത്. വീടിനടുത്തുള്ള പറമ്പുവരെ എത്തി. ഉറക്കപ്പിച്ചില്‍ പാതി മയക്കത്തില്‍ നടക്കുമ്പോള്‍ എവിടെ നിന്നോ ഒരു ചെറിയ മണി നാദം. തൊട്ടടുത്തെവിടെയോ ആണ്. കൂട്ടത്തില്‍ വാഴ വലിച്ചു താഴെയിടുന്ന ഒരു ശബ്ദം. പിന്നെ കുഴലിലൂടെ കാറ്റു വരുന്ന പോലെ ഒരു ശബ്ദവും, ടയറും ട്യൂബുമൊക്കെ നിലത്തടിക്കുന്നതു പോലെയുള്ള ശബ്ദവും. സൂക്ഷിച്ചു നോക്കുമ്പോള്‍ രണ്ടു കൊമ്പുകള്‍ തെളിഞ്ഞു വരുന്നു. എന്റെ നട്ടെല്ലിലൂടെ ഒരു വിറയില്‍ മേലോട്ടു പോയി. അമ്പലത്തില്‍ ഉത്സവത്തിനു കൊണ്ടു വന്നിരിക്കുന്ന ആന ചങ്ങല അഴിഞ്ഞു വന്നു വാഴ പറിച്ചു തിന്നുകയാണ്. അവശേഷിക്കുന്ന ചങ്ങലക്കഷണത്തിന്റെ കിലുക്കമാണ് ഞാന്‍ കേട്ട മണി നാദം. നിന്ന നില്‌പില്‍ ഞാന്‍ എട്ടുനാടും പൊട്ടെ കൂവി “എന്റമ്മോ” എന്റെ കൂവല്‍ കേട്ട് അടുത്ത മുന്നു നാലു വീടുകളിലെ ആളുകള്‍ ഉണര്‍ന്നു ലൈറ്റിട്ടു. വെളിച്ചം വന്നപ്പോള്‍ എനിക്കു ജീവന്‍ തിരിച്ചു കിട്ടി. ഞാന്‍ പാഞ്ഞു വീട്ടില്‍ കയറി. ജനലിലൂടെ പുറത്തേയ്‌ക്കു നോക്കി. ആളുകള്‍ ഓടി വരുന്നുണ്ട്. ആനയ്‌ക്കു മാത്രം ഒരു കൂസലുമില്ല. ശാന്തമായി നിന്നു വാഴ തിന്നുകയാണ്.
കഥ നാടുമുഴുവന്‍ അറിഞ്ഞു. ആകെ നാണക്കേടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. കുറച്ചു നാളത്തേയ്‌ക്ക് എന്റെ ഒരു അയല്‍വാസി കാണുമ്പോഴെല്ലാം പറയുമായിരുന്നു. “എന്നാലും എന്തൊരു നിലവിളി ആയിരുന്നു എന്റെ മോനെ? ഒരു മയം വേണ്ടേ? ഞാന്‍ ഉറക്കത്തില്‍ കട്ടിലില്‍ നിന്നു താഴെ വീണു”. എന്റെ അമ്മ പറയും “എടാ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ , ചട്ടനെ ദൈവം ചതിക്കും. നീ ആ പിള്ളേരെ പറ്റിച്ചു മാങ്ങ പെറുക്കിയതിന്റെയാ അനുഭവിച്ചത്. ഇനിയെങ്കിലും ഓര്‍ത്തോ.”
ഇന്നും ഒരു സംശയം ബാക്കിയുണ്ട്. ആ ആനയുടെ ചെവിയ്‌ക്ക് വല്ല കുഴപ്പവുമുണ്ടായിരുന്നോ ?…… അവനെന്താ ഓടാഞ്ഞത്?…..