ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും

പണ്ടു കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തിരുനക്കര അമ്പലത്തിലെ ഉത്സവം. ഇപ്പോഴത്തെ കഥ അറിയില്ല. ടെലിവിഷന്‍ എന്ന പെട്ടി വന്നതോടെ ഉത്സവങ്ങള്‍ പലതും പെട്ടിയിലായി. ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തു കൂടുന്ന ഒരു പരിപാടിയായാണ്‌ ഞാന്‍ തിരുനക്കര ഉത്സവത്തെ ഓര്‍ക്കുന്നത്‌. ഉത്സവം കാണലും, പരിചയം പുതുക്കലും തൊട്ട്‌, തൊട്ടടുത്ത മൈതാനത്തു നടക്കുന്ന കച്ചവടത്തില്‍ നിന്ന്‌ നടീലിനുള്ള കാച്ചിലും, ചേനയും വാങ്ങല്‍ വരെ വിവിധ കലാപരിപാടികള്‍ക്കായാണ്‌ ജനം എത്തിക്കൊണ്ടിരുന്നത്‌.

ക്ലോക്കിനോ, ടൈംപീസിനോ കയ്യും കാലും വച്ചതു പോലെയുള്ള ഒരു മനുഷ്യനായിരുന്നു എന്റെ അച്ഛന്‍. സര്‍വ്വകാര്യങ്ങളും സമയം അനുസരിച്ചാണദ്ദേഹം ചെയ്‌തിരുന്നത്‌. അതു തെറ്റാതിരിക്കുവാന്‍ എല്ലാദിവസവും വാച്ച്‌ ആകാശവാണിയുടെ സമയവുമായി തുലനപ്പെടുത്തി കൃത്യമാക്കും. ഓരോന്നിനും സമയമുണ്ട്‌. ജോലിക്കു പോകുവാന്‍ വീട്ടില്‍ നിന്നിറങ്ങുന്ന സമയം രാവിലെ ഏഴുമണി നാലപത്തൊമ്പതു മിനിറ്റ്‌. ഏഴു നാല്‌പത്തെട്ടിനാരെങ്കിലും സന്ദര്‍ശകര്‍ കാണാന്‍ വീട്ടിലെത്തിയാല്‍ അവര്‍ കൂടെ ബസ്സ്‌ സ്‌റ്റാന്‍ഡിലേയ്‌ക്കു നടന്നു ‘കണ്ടു’ കൊള്ളണം. ഇത്തരം സഞ്ചരിക്കുന്ന നാഴികമണികള്‍ അക്കാലത്തു ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ട്‌ പൊതു സമ്മേളനങ്ങള്‍ പോലും കൃത്യസമയത്തു നടക്കുമായിരുന്നു.

അച്ഛന്‍ സമയം തെറ്റിക്കുന്ന ദിവസങ്ങളാണ്‌ തിരുനക്കര ഉത്സവം. വൈകിട്ട്‌ ഏഴര മണിയ്‌ക്ക്‌ വീട്ടിലെത്തി എട്ടര മണിക്കു കഞ്ഞികുടിക്കുന്ന അച്ഛന്‍, ഉത്സവദിവസങ്ങളില്‍ തിരുനക്കരയില്‍ എട്ടര മണി വരെ തങ്ങും. കഞ്ഞികുടി ഒന്‍പതു മണിക്കാക്കും. എന്നെ ഉത്സവം കാണിക്കാനാണീ സമയമാറ്റം. എത്ര വലിയ പരിപാടി ആണെങ്കിലും എട്ടര മണി ആകുമ്പോള്‍ തിരിഞ്ഞൊരു നടപ്പാണ്‌. എന്തു പറഞ്ഞാലും അയവില്ല. അങ്ങിനെ പോകുമ്പോള്‍ അമ്പലത്തിനടുത്തുള്ള ആനന്ദമന്ദിരം – ആര്യഭവന്‍ ഹോട്ടലുകളുടെ മുന്‍പില്‍ സാമാന്യം ഗംഭീരനായ ഒരു ജുബാധാരി കാലന്‍ കുട കുത്തി നിന്ന്‌ ആളുകളോട്‌ ഉറക്കെ സൗഹൃദ സംഭാഷണം നടത്തുന്നതു മിക്കവാറും കാണാം. ഞാന്‍ മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ്‌ അദ്ദേഹത്തെ ശ്രദ്ധിച്ചത്‌. അന്നദ്ദേഹം സുഹൃത്തുക്കളാരുമില്ലാതെ കുടയുംകുത്തി പരിചയക്കാരെ കാത്തു നില്‌ക്കുകയാണ്‌. ‘വര്‍ക്കിസാര്‍ നില്‌ക്കുന്നു, കണ്ടാല്‍ വിടില്ല, പുറകില്‍ കൂടെ വിട്ടോടാ’ എന്നു പറഞ്ഞ്‌ അച്ഛന്‍ പായുകയാണ്‌. ‘ഇതാരാ അച്ഛാ’ എന്നു ചോദിച്ചു പോയ എന്റെ വായ പൊത്തിപ്പിടിച്ചാണ്‌ പാച്ചില്‍. അപ്പുറം കടന്നപ്പോള്‍ പതുക്കെപ്പറഞ്ഞു, ‘പൊന്‍കുന്നം വര്‍ക്കി’. ‘അത്‌ ആരാണെ’ന്നായി ഞാന്‍. അച്ഛന്‍ ലേശം പുച്ഛത്തിലൊന്നു നോക്കി. അപ്പോഴേക്കു ഞങ്ങള്‍ ബെസ്റ്റോട്ടലിനടുത്തുള്ള സെന്‍ട്രല്‍ ജംഗ്‌ഷനിലെത്തി. ‘ഇതിനടിയിലെ ഓടയില്‍ അങ്ങേരു പണ്ടു പോലീസിനു പിടികൊടുക്കാതെ രണ്ടു ദിവസം ഒളിച്ചിരുന്നിട്ടുണ്ടെ’ന്നായി അച്ഛന്‍. ‘ഓ കള്ളനാരുന്നോ?’ പോലീസ്‌ ക്വാര്‍ട്ടേഴ്‌സിനും, ജില്ലാക്കോടതിക്കുമൊക്കെയടുത്തു താമസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം അന്നു പോലീസ്‌ കൊണ്ടു പോകുന്നതെല്ലാം കള്ളന്മാരെയാണ്‌. ‘പടേ’ എന്നൊരു ചെറിയ ശബ്ദം കേട്ടു. കുറച്ചു ദൂരം വായുവിലൂടെ സഞ്ചരിച്ച ഞാന്‍ വീണ്ടും റോഡിലൂടെ സഞ്ചാരം തുടര്‍ന്നു. അപ്പോഴേക്കും പടേ ശബ്ദം എന്റെ പിടലിയില്‍ നിന്നു തന്നെയാണു കേട്ടതെന്ന്‌ എനിക്കു ബോധ്യമായി. കൂടുതല്‍ ചോദ്യങ്ങള്‍ക്കു പോയില്ല. പിറ്റേദിവസം അച്ഛന്‍ കുട്ടികള്‍ക്കായി പൊന്‍കുന്നം വര്‍ക്കി എഴുതിയ ഒരു പുസ്‌തകം കൊണ്ടു വന്നു തന്നു. ‘നല്ല അവസരങ്ങള്‍’ എന്നോ മറ്റോ ആയിരുന്നു ആ പുസ്‌തകത്തിന്റെ പേര്‌ (ഓര്‍മ്മയില്ല).

ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ പൊന്‍കുന്നം വര്‍ക്കിയുടെ തെരഞ്ഞെടുത്ത കഥകള്‍ വായിച്ചു. കുറേ ഭാഗം മനസ്സിലായില്ല. ‘ഫാദര്‍ പാളേങ്കോടന്‍, ട്യൂഷന്‍, അന്തോണീ, നീ യുമച്ചനായോടാ?’ പോലെയുള്ള കഥകള്‍ ഒരു വശത്ത്‌, ‘അമേരിക്കന്‍ മോഡല്‍, മന്ത്രിക്കെട്ട്‌, ആര്‍ക്കു വേണ്ടി’ തുടങ്ങിയവ മറുവശത്ത്‌. പിന്നെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ അവയൊക്കെ മനസ്സിലായി തുടങ്ങി. അതിലെ ചില കഥാപാത്രങ്ങള്‍ അന്നും കോട്ടയത്തു ജീവിച്ചിരിപ്പുണ്ടായിരുന്നു. എം. പി. പോളിന്റെയും, സി. ജെ. തോമസിന്റെയുമൊക്കെ ജീവചരിത്രം വായിക്കുവാനും പൊന്‍കുന്നം വര്‍ക്കിയുടെ രചനകള്‍ പ്രേരണയായി.

ക്രൈസ്‌തവ വിരുദ്ധനായ, പള്ളിയെയും പട്ടക്കാരനെയും വെല്ലു വിളിക്കുന്ന എഴുത്തുകാരന്‍ എന്ന ലേബല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ പള്ളിയും, പട്ടക്കാരനും, ക്രൈസ്‌തവികതയും തമ്മില്‍ പലപ്പോഴും അകലം ഉണ്ടാകുമെന്നും അതിനെയാണദ്ദേഹം വിമര്‍ശിക്കുന്നതെന്നും മനസ്സിലായത്‌ പിന്നീടാണ്‌. ആത്മീയതയുടെ മറവില്‍ കച്ചവടം നടത്തുന്ന കള്ളനാണയങ്ങള്‍ എല്ലാ മതത്തിലും, എല്ലാക്കാലത്തുമുണ്ട്‌. അതാതു കാലങ്ങളിലെ യാഥാസ്ഥിതികരെ മുന്നില്‍ നിര്‍ത്തിയാണവരുടെ കച്ചവടം.

ഓര്‍മ്മിക്കേണ്ട വസ്‌തുത പൊന്‍കുന്നം വര്‍ക്കി ഒരൊറ്റപ്പെട്ട പ്രതിഭാസമായിരുന്നില്ല എന്നതാണ്‌. സാക്ഷാല്‍ ഡി. സി. കിഴക്കെമുറി ‘മെത്രാനും കൊതുകും’ എന്നൊരു പുസ്‌തകം ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ തന്നെ എഴുതിയിരുന്നു. രണ്ടു കൂട്ടരും സാധാരണ മനുഷ്യന്റെ ചോരകുടിക്കുന്നു എന്നായിരുന്നു തലക്കെട്ട്‌ കൊണ്ടുദ്ദേശിച്ചത്‌. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ രണ്ടു പ്രതിഭാശാലികള്‍ – എം. പി. പോളും, സി. ജെ. തോമസും – ഒരാള്‍ തെമ്മാടിക്കുഴിയിലും മറ്റെയാള്‍ തെമ്മാടിക്കുഴി ഒഴിവാക്കാന്‍ മറുനാട്ടിലും അവസാനിച്ച കാലം. പേരുകള്‍ എത്രവേണമെങ്കിലുമുണ്ട്‌. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തില്‍ പങ്കെടുത്ത ജോര്‍ജ്ജ്‌ ചടയംമുറി തൊട്ടു ടി. വി. തോമസും, കെ. സി. ജോര്‍ജ്ജും, ജേക്കബ്‌ ഫിലിപ്പും, മുണ്ടശ്ശേരിയും, വര്‍ഗീസു വൈദ്യനും പി.റ്റി. പുന്നൂസും, കൂത്താട്ടുകുളം മേരിയും വരെ. യുക്തിവാദത്തിന്റെ തലതൊട്ടപ്പന്‍മാരായ ഏ.റ്റി. കോവൂരും, എം. സി. ജോസഫും ഇടമറുകും തൊട്ട്‌ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിലെത്തിയ വര്‍ഗീസും, ഫിലിപ്പ്‌ എം. പ്രസാദും, സ്റ്റീഫനും, കിസാന്‍ തൊമ്മനും വരെയുള്ളവര്‍. ജാതി മത വര്‍ഗ്ഗീയ കാഴ്‌ചപ്പാടുകളില്ലാത്തവര്‍ എന്നു ധൈര്യമായി പറയാവുന്ന അക്കമ്മ ചെറിയാനും, ടി. എം. വര്‍ഗീസ്സും, കുളത്തുങ്കല്‍ പോത്തനും പോലെയുള്ളവര്‍. പൗരോഹിത്യത്തിന്റെ ആധിപത്യത്തിനെതിരെ ജീവിത കാലം മുഴുവന്‍ പോരാടിയ ജോസഫ്‌ പുലിക്കുന്നേല്‍ പോലെയുള്ളവര്‍ ഇവരൊക്കെ ചേര്‍ന്നതാണ്‌ കേരളീയ ക്രൈസ്‌തവ സമൂഹം. ക്രൈസ്‌തവ സമൂഹത്തിലുള്ളില്‍ ഉള്ളതു പോലെ തന്നെ പുരോഗമനവാദം മുസ്ലീം സമൂഹത്തിലുമുണ്ടായിരുന്നു. വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും, അബ്ദു റഹ്‌മാന്‍ സാഹിബും, മൊയ്‌തു മൗലവിയും, വൈക്കം മുഹമ്മദു ബഷീറും തൊട്ട്‌ ഇമ്പീച്ചി ബാവ വരെ ഒട്ടനവധി പേര്‍.

കേരളത്തിലാദ്യമായി തൂക്കിലേറിയ സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറാണെന്നതോര്‍ക്കുക. കയ്യൂരില്‍ തൂക്കിലേറ്റപ്പെട്ട നാലു വിപ്ലവകാരികളിലൊരാള്‍ അബൂബക്കറായിരുന്നു എന്നും. ഈ നാട്ടിലാണ്‌ നമ്മുടെ നവ കാവിധാരികള്‍, മറ്റു മതക്കാരെല്ലാം എവിടുന്നോ വന്നവരാണെന്നും, ഈ നാടിനു വേണ്ടി അവരാരും ഒന്നും ചെയ്യില്ലെന്നും, സ്വന്തം മതത്തെ അവര്‍ എന്തു വന്നാലും തള്ളിപ്പറയില്ലെന്നും ഒക്കെ ഉറഞ്ഞു തുള്ളുന്നത്‌. തല്ലിക്കൊന്നാലും ചരിത്രം പഠിക്കില്ലെന്നു പറയുന്ന ഇവരോടെന്തു പറയാന്‍?

1960 കളില്‍ കേരളത്തിലെ ഒരു പ്രമുഖ ബാങ്കു പൊളിഞ്ഞു. ഹൈക്കോടതി ജഡ്‌ജി ആയിരുന്ന ജസ്റ്റീസ്‌ അന്നാചാണ്ടി അന്നു രാവിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന്‌ 25,000 രൂപ പിന്‍വലിച്ചിരുന്നുവത്രേ. ബാങ്ക്‌ പൊളിഞ്ഞു എന്ന വാര്‍ത്ത വന്നപ്പോള്‍ അവര്‍ ആദ്യം ചെയ്‌തത്‌ താന്‍ പിന്‍വലിച്ച പണം തിരിച്ചു ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌. അന്നത്തെ 25,000 രൂപയാണെന്നോര്‍ക്കുക. അതാണു ധാര്‍മ്മികത. ഇത്രയും ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന വ്യക്തികള്‍ ഉണ്ടായിരുന്ന സമുദായങ്ങള്‍ക്ക്‌ ഇന്നു പേരുദോഷമുണ്ടാക്കുന്നതില്‍ പ്രമുഖര്‍, ചില രാഷ്ട്രീയ പാര്‍ട്ടികളും, കുറെ പുരോഹിതന്മാരുമാണ്‌.

ജസ്റ്റിസ്‌ അന്നാചാണ്ടി എന്ന മഹദ്‌ വനിത തന്റെ പണം തകര്‍ന്ന ബാങ്കില്‍ തിരികെ ഒഴുക്കിക്കളഞ്ഞ്‌ പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു നാടകവും നമ്മള്‍ കണ്ടു. കുടിയേറ്റ കര്‍ഷകനായ, ‘അധ്വാന’ വര്‍ഗ്ഗത്തില്‍ പിറന്ന ഒരു യുവനേതാവ്‌ കുടിയേറ്റ കര്‍ഷകര്‍ക്കു പ്രാമുഖ്യമുള്ള സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയിലൂടെ മന്ത്രിയായി. പ്രസ്‌തുത പാര്‍ട്ടിയിലെ ഒരു പ്രമുഖന്റെ മന്ത്രിപ്പണി കോടതി വിധിയിലൂടെ പോയപ്പോള്‍ അദ്ദേഹം മുട്ടുശാന്തിക്കൊരാളെ വച്ചതാണ്‌. തിരിച്ചു വരുമ്പോള്‍ കസേര ഒഴിഞ്ഞു കൊടുക്കും എന്നതായിരുന്നു ഏക വ്യവസ്ഥ. അങ്ങിനെ യുവ നേതാവ്‌ ഓര്‍ക്കാപ്പുറത്ത്‌ മന്ത്രിയായി. അന്ന്‌ അദ്ദേഹം ജനിച്ചു വളര്‍ന്ന ഗ്രാമത്തിലേക്കു ട്രങ്ക്‌ കോള്‍ വിളിച്ചാല്‍ അടുത്ത ദിവസമേ കണക്ഷന്‍ കിട്ടൂ. അതു കൊണ്ട്‌ മൂപ്പര്‍ മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാന്‍ പുറപ്പെട്ടു. കാട്ടു പ്രദേശത്താണ്‌ വീട്‌. യുവനേതാവിന്റെ പിതാവിന്‌ ലേശം കള്ളത്തടി വെട്ടുന്ന പരിപാടിയുണ്ട്‌. അദ്ദേഹം വൈകിട്ട്‌ ഉമ്മറത്തു കാലും തിരുമ്മി ഇരിക്കുമ്പോള്‍ ദാ പോലീസ്‌ വണ്ടിയും കോലാഹലങ്ങളും ലൈറ്റുമിട്ടു പാഞ്ഞു വരുന്നു. ആ സാധുമനുഷ്യന്റെ ഉള്ളു കാളിപ്പോയി. കന്നു കാലിക്കൂടിന്റെ കതകു തുറന്നു പശുക്കളെ വണ്ടി വരുന്ന വഴിയിലേക്കു തള്ളി വിട്ടിട്ട്‌ മൂപ്പര്‍ റബ്ബര്‍തോട്ടത്തിലൂടെ ഓടിക്കളഞ്ഞു. പാവം പോലീസുകാര്‍. ഇരുട്ടത്തു വഴിയറിയാത്ത റബ്ബര്‍തോട്ടത്തിലൂടെ പരക്കം പാഞ്ഞ്‌ പിതാവിനെ തപ്പിയെടുത്ത്‌ അവര്‍ പുത്രന്‌ അനുഗ്രഹം വാങ്ങിക്കൊടുത്തു.

ജസ്റ്റീസ്‌ അന്നാചാണ്ടി പണം ഉപേക്ഷിച്ചതിനും, കള്ളത്തടിവെട്ടു പാരമ്പര്യത്തില്‍ മന്ത്രി പിറന്നതിനും ഇടയ്‌ക്കുള്ള കാലം ഒന്നു പരിശോധിക്കേണ്ടതാണ്‌. അതിനും മുന്‍പ്‌ കേരളീയ സമൂഹത്തെ സാക്ഷരതയിലേക്കു കൈ പിടിച്ചു നടത്തിയ അന്നത്തെ അധ്യാപകരുടെ ദുരവസ്ഥ കാരൂര്‍ വരച്ചു കാണിച്ചപ്പോള്‍, അതിന്റെ ചില കാരണക്കാരിലേക്കാണു പൊന്‍കുന്നം വര്‍ക്കി വിരല്‍ ചൂണ്ടിയത്‌. അതിനു പരിഹാരമുണ്ടാക്കാനാണ്‌ 57-ലെ കമ്യൂണിസ്റ്റ്‌ ഗവണ്‍മെന്റിലൂടെ ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസ ബില്ലു കൊണ്ടു വന്നത്‌. ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളും, ജാതി മത സംഘടനകളും ചേര്‍ന്ന്‌ ആ സര്‍ക്കാരിനെ തന്നെ അട്ടിമറിച്ചു. അവിടെ തുടങ്ങിയതാണ്‌ സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ‘വിശുദ്ധ പശു’വല്‌ക്കരണം. സര്‍വ്വ അഴിമതിയുടെയും കൂത്തരങ്ങായി മാറിയ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ വിമര്‍ശിക്കുവാന്‍ പോലും ഇന്ന്‌ ആര്‍ക്കും അവകാശമില്ല. 1957-ലെ സര്‍ക്കാരിനു പിന്നാലെ വന്ന ഒരു സര്‍ക്കാര്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്‌ക്കുള്ള ശമ്പളം പൊതു ഖജനാവിലൂടെയും, നിയമനം മാനേജരുടെ കീശയിലൂടെയുമാക്കി. അതോടെ സമുദായ നേതാക്കന്മാര്‍ക്കും, പുരോഹിതന്മാര്‍ക്കും തങ്ങളെ ചോദ്യം ചെയ്യുന്നവരെ തല്ലാന്‍ ഒന്നാന്തരം ഒരു വടി കിട്ടി. കാടു കയ്യേറാനും, മല പതിച്ചെടുക്കാനും, പള്ളിക്കൂടമെന്ന പേരില്‍ കൊള്ളക്കൂടങ്ങള്‍ കെട്ടിപ്പടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഉണ്ടായി. അവയ്‌ക്ക്‌ കൂട്ടുകക്ഷി മന്ത്രിസഭകളില്‍ സ്ഥാനം ലഭിച്ചു തുടങ്ങിയതോടെ എല്ലാ തോന്ന്യവാസങ്ങള്‍ക്കും മാന്യതയായി. ദേശീയ പാര്‍ട്ടികള്‍ക്കു വിദ്യാഭ്യാസ വകുപ്പു കണികാണാന്‍ പോലും കിട്ടില്ലെന്നായി. സര്‍ക്കാര്‍ ശമ്പളം കിട്ടുന്ന ജോലി കോഴ വാങ്ങി വില്‌ക്കുന്നത്‌ നാട്ടു നടപ്പായി. ഈ കച്ചവടത്തില്‍ ഏറ്റവുമധികം ഗുണം ലഭിച്ചതു ചില ക്രൈസ്‌തവ സഭകള്‍ക്കാണ്‌. കോഴക്കു പുറമെ അവിവാഹിതരായ പുരോഹിതരുടെയും, കന്യാസ്‌ത്രീകളുടെയും ശമ്പളവും പെന്‍ഷനും സഭകള്‍ക്കു കൂറ്റന്‍ പ്രതിമാസ വരുമാനമായി മാറി.

സഭയുടെ വോട്ടു ബാങ്കിന്‌ നല്ല വില കിട്ടുന്ന മുന്നണി സംവിധാനം പിറന്നതോടെ വിലപേശല്‍ രാഷ്ട്രീയത്തിനു മാന്യതയുണ്ടായി. സമുദായ സംഘടനകള്‍ക്കു പണമുണ്ടാക്കുവാന്‍ പുതിയ മാര്‍ഗ്ഗങ്ങളുണ്ടായി തുടങ്ങി. മത ന്യൂനപക്ഷങ്ങള്‍ ദേവാലയ വളപ്പില്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കു കെട്ടിട നികുതിയിളവു തൊട്ടു കറണ്ട്‌ ചാര്‍ജിളവു വരെ ആവശ്യപ്പെടുവാന്‍ തുടങ്ങി. ശുദ്ധ തോന്ന്യാസമാണെന്നറിയാമെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതിനെയൊന്നും പരസ്യമായെതിര്‍ത്തില്ല. വനസംരക്ഷണവും, പരിസ്ഥിതി സംരക്ഷണവും പോലെയുള്ള സുപ്രധാന വിഷയങ്ങള്‍ക്കെതിരേ സഭ പരസ്യമായി രംഗത്തു വന്നു. അവിടെയും രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറുമാസമോ, അതിലധികമോ കപ്പലില്‍ സഞ്ചരിച്ച്‌ ഭാഷ പോലും അറിയാതെ ഈ നാട്ടിലെത്തി പ്രവര്‍ത്തിച്ച മിഷനറിമാരായ മഹത്തുക്കളുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ആതുര സേവനരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചവര്‍. മതപ്രചരണം അവരുടെയും ലക്ഷ്യമായിരുന്നു. എന്നാല്‍ തങ്ങളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ ആളുകളുടെ ഹൃദയം കവര്‍ന്നിരുന്നു. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉച്ചഭക്ഷണത്തിനു വകയില്ലെന്നു കാണുമ്പോള്‍ സ്വന്തം ഉച്ചഭക്ഷണത്തിന്റെ പകുതി സ്ഥിരമായി നല്‌കിക്കൊണ്ടിരുന്ന പല കഥകളും കേട്ടിട്ടുണ്ട്‌. ആ വലിയ മനുഷ്യര്‍ ആരും പൊതിച്ചോറിന്റെ പാതി ഉണ്ടതിന്റെ പേരില്‍ തന്റെ മതത്തിലേയ്‌ക്കു കൂടിക്കൊള്ളാന്‍ ആരോടും പറഞ്ഞിരുന്നില്ല. സമൂഹം ആട്ടിപ്പുറത്താക്കിയിരുന്ന കുഷ്‌ഠ രോഗികള്‍ക്കിടയിലും മറ്റും താമസിച്ച്‌ അവരെ ചികിത്സിച്ചിരുന്ന അന്നത്തെ പൗരോഹിത്യമെവിടെ, അവയവദാനം പ്രോത്സാഹിപ്പിച്ച്‌ ആശുപത്രിക്കച്ചവടം പൊടി പൊടിക്കുന്ന ഇന്നത്തെ പൗരോഹിത്യമെവിടെ ?

ഞാന്‍ ആദ്യമായി ഒരു മതമേലധ്യക്ഷനെ പരിചയപ്പെടുന്നത്‌ കോട്ടയത്തു വച്ചാണ്‌. വിജ്ഞാനത്തിന്റെയും മര്യാദയുടെയും നിറകുടമായിരുന്ന അദ്ദേഹത്തെ അടുത്തു പരിചയപ്പെടുന്ന ഒരാള്‍ക്കും ‘തിരുമേനി’ എന്നു സംബോധന ചെയ്യാന്‍ ഒരു ശങ്കയും ഉണ്ടാവില്ല. അദ്ദേഹം അതൊന്നും അല്‌പം പോലും ശ്രദ്ധിച്ചിരുന്നില്ലയെങ്കില്‍ കൂടി. അക്ഷരാര്‍ത്ഥത്തില്‍ മഹാനായ ഒരു മനുഷ്യന്‍. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന, നിരവധി ഭാഷകളറിയാമായിരുന്ന ഒരു പണ്ഡിതന്‍.

രണ്ടാമത്‌ ഒരു വിദ്വാനെ പരിചയപ്പെടുന്നത്‌ തിരുവനന്തപുരത്തു വച്ചാണ്‌. പൗരോഹിത്യ വേഷമിട്ട ഒരു പരമ കശ്‌മലന്‍. ഹൃദ്യമായ പെരുമാറ്റം. ആത്മീയത തൊട്ടു തീണ്ടിയിട്ടില്ല. വിശ്വാസികളോടു പറയുന്നതു തന്നെ ആദ്യം പണമുണ്ടാക്കൂ, ആത്മീയത പിന്നെയുമാകാമല്ലോ എന്നാണ്‌. എല്ലാ മതങ്ങളെയും പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നടത്തുന്ന പ്രാര്‍ത്ഥനായോഗങ്ങളിലെ സ്ഥിരം മുഖ്യാതിഥി ആയ ഒരു മതസൗഹാര്‍ദ്ദ തൊഴിലാളി കൂടിയായിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ കച്ചവടം തടസ്സപ്പെടുത്തുന്ന കാപാലികന്മാര്‍ ആണ്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നു മുപ്പത്തഞ്ചു കൊല്ലം മുന്‍പേ കണ്ടെത്തിയ ദീര്‍ഘ ദര്‍ശി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയം ഒഴിവാക്കാന്‍ ഒരു പ്രസ്ഥാനം തന്നെ അദ്ദേഹം ഉണ്ടാക്കി. ഉണ്ടാക്കിയ രീതിയാണ്‌ കേമം. സംഘാടകനാകാന്‍ പറ്റിയ ഒരു കുഞ്ഞാടിനെ ‘തിരുമേനി’ കണ്ടു പിടിച്ചു. പ്രഥമ ദൃഷ്ട്യാ മറ്റൊരു മതത്തിലെ അംഗം എന്നു തോന്നിക്കുന്ന ഒരു പേരും നല്‌കി. പെന്‍ഷന്‍ പറ്റിയ സട കൊഴിഞ്ഞ പരമ ശുദ്ധന്മാരായ ചില വിദ്യാഭ്യാസ ശിങ്കങ്ങളെ പ്രസ്ഥാനത്തിനു മുന്‍പില്‍ നിര്‍ത്തി. പേരു മാറിയ വിരുതന്‍ ശങ്കുവിനെ ‘തിരുമേനി’ പക്ഷി ശാസ്‌ത്രജ്ഞന്‍ തത്തയെ കൊണ്ടു നടക്കുന്ന പോലെയാണ്‌ കൊണ്ടു നടന്നിരുന്നത്‌. ‘തിരുമേനി’ കൂടു തുറക്കുമ്പോള്‍ തത്ത ഇറങ്ങി വരും. മീറ്റിംഗു വിളിക്കും, ഉപവസിക്കും, അക്രമത്തിനെതിരെ സത്യാഗ്രഹമിരിക്കും. വീണ്ടും ഒരാംഗ്യം കാണിക്കുമ്പോള്‍ കൂട്ടില്‍ക്കയറും. കൂടുതുറക്കലിന്റെ ഉദ്‌ഘാടനം വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടക്കത്തിലായിരിക്കും. തിരുമേനി ഒളിവില്‍ തന്നെ തുടരും. മരിക്കുന്നതു വരെ മാനേജ്‌മെന്റിന്റെ അഴിമതിക്കെതിരെയോ, കള്ളത്തരത്തിനെതിരെയോ ആ ‘തത്ത’ വായ തുറന്നിട്ടില്ല.

ലോകം നന്നാക്കുവാന്‍ മേല്‍പറഞ്ഞ തിരുമേനിയും തത്തയും അടക്കം പലരും കേരളത്തില്‍ ഉപദേശിച്ച മാര്‍ഗ്ഗം വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒഴിവാക്കലാണ്‌. കോഴ വിദ്യാലയങ്ങളില്‍ അതിന്റെ നടത്തിപ്പുകാരന്റെ മതത്തിലോ, ജാതിയിലോ പെട്ട വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ക്കു യഥേഷ്ടം പ്രവര്‍ത്തിക്കുകയുമാവാം. സ്ഥിതി വിവരക്കണക്കെടുത്താല്‍ ലോകത്തു നിരന്തരമായി അക്രമം നടക്കുന്നതും, ഏറ്റവും കൂടുതല്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതും മതത്തിന്റെയോ, വംശീയതയുടെയോ പേരിലാണ്‌ എന്നു കൂടി ഓര്‍ക്കുക.

തിരുമേനിയുടെ സ്വപ്‌നമാണ്‌ ഇന്നു നമുക്കു ചുറ്റും യാഥാര്‍ത്ഥ്യമായി വിരിഞ്ഞു നില്‌ക്കുന്ന സ്വാശ്രയ കോളേജുകള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമില്ല. കുട്ടികള്‍ ഉറക്കെ തുമ്മിയാല്‍ ഫൈന്‍. പെണ്‍കുട്ടികള്‍ക്കു സദാചാര ഫൈന്‍, ആണ്‍കുട്ടികള്‍ക്കു അച്ചടക്ക ഫൈന്‍, ആകെ നോക്കുമ്പോള്‍ ഫീസിനേക്കാള്‍ കൂടുതല്‍ ഫൈന്‍. അച്ചടക്കം പഠിപ്പിക്കാന്‍ ഇടിമുറികള്‍. ഇടി വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി ചുരുക്കുന്നില്ല. ആവശ്യമെങ്കില്‍ അധ്യാപകര്‍ക്കും ധാരാളമായി കിട്ടും. പണ്ടു പോലീസ്‌ സ്‌റ്റേഷനുകളറിയപ്പെട്ടിരുന്നത്‌ ഇടിയന്മാരായ പോലീസുകാരുടെ പേരിലായിരുന്നു. ഇടിയന്‍ നാറാപിള്ളയുടെ, കടുവാ മാത്തന്റെ, കഴുകന്‍ കുട്ടന്‍പിള്ളയുടെ സ്റ്റേഷനുകള്‍. നാളെ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെടുന്നത്‌ ‘ഇടിയന്‍ ജോണി’ അല്ലെങ്കില്‍ ‘കടുവാ സന്തോഷ്‌’ മാത്ത്‌സ്‌ പഠിപ്പിക്കുന്ന കോളേജ്‌ എന്നാവാന്‍ സാധ്യതയുണ്ട്‌.

വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ്‌ ലോകത്തിലെ സകല കുഴപ്പങ്ങള്‍ക്കും കാരണമെന്നു വിശ്വസിക്കുന്നവര്‍ക്കായി രണ്ടുദാഹരണങ്ങള്‍ പറയാം. സ്വാതന്ത്ര്യ സമരകാലത്തു മദ്രാസ്‌ മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ത്ഥി തൊട്ടടുത്തുള്ള ബ്രിട്ടീഷ്‌ പട്ടാള ക്യാമ്പിലെ പതാക ഫ്‌ളാഗ്‌ പോസ്‌റ്റില്‍ കയറി വലിച്ചു താഴെയിട്ടു കളഞ്ഞു. ആ കുട്ടിയാണു ഡോ. കെ. എന്‍. പൈ. കേരളം കണ്ട ഏറ്റവും വലിയ ഭിഷഗ്വരന്‍. അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ നേതാവ്‌ ആയിരുന്ന വെങ്കിട്ട രമണനാണ്‌ ഇന്ത്യയില്‍ ആദ്യം നടത്തിയ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ ഒന്നാം റാങ്കു നേടിയത്‌. ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖ ആയുര്‍വേദ വൈദ്യന്‍ ഡോ.പി.കെ. വാര്യര്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ ഭാഗമായി സ്‌കൂള്‍ ബഹിഷ്‌കരിച്ച ആളാണ്‌. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്‌. വിദ്യാര്‍ത്ഥികളുടെ നിലവാരം കുറയുന്നത്‌ അച്ചടക്കരാഹിത്യം കൊണ്ടല്ല. അധ്യാപകന്റെയും, വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും നിലവാരവും, മൂല്യങ്ങളും കുറയുന്നതു കൊണ്ടാണ്‌. അതു തന്നെയാണ്‌ അച്ചടക്കരാഹിത്യത്തിനു കാരണവും. വിദ്യാര്‍ത്ഥിയുടെ ബഹുമാനം നേടിയെടുക്കാന്‍ പറ്റുന്ന നിലവാരം അധ്യാപകനുമില്ലാതാവുന്നു!!!

കേരളമെത്ര പുരോഗമിച്ചെന്നു നോക്കൂ. കാശു കൊടുത്താല്‍ ഏതു കോഴ്‌സും പഠിക്കാം. വീണ്ടും കാശു കൊടുത്താല്‍ ഏതു പരീക്ഷയും പാസ്സാക്കി തരും. പെണ്‍കുട്ടികള്‍ കൂടുതല്‍ സമയം ബാത്ത്‌ റൂമില്‍ ചെലവഴിക്കാതിരിക്കാന്‍ വാതിലിനു മുന്നില്‍ ക്യാമറ, സര്‍ക്കാര്‍ ഭൂമി സ്‌കൂള്‍ നടത്താനായി പതിച്ചെടുത്ത്‌ അതില്‍ ഹോട്ടല്‍ നടത്താം. പിടിക്കപ്പെടുമ്പോള്‍ ക്യാന്റീന്‍ എന്നു ബോര്‍ഡു വയ്‌ക്കാം. ദളിത്‌ കുട്ടികള്‍ക്ക്‌ ഹോട്ടലില്‍ മേശ തുടപ്പു വഴി സൗജന്യ ഹോട്ടല്‍ മാനേജ്‌മെന്റ്‌ പരിശീലനവും, ബിവറേജസ്‌ ഔട്ട്‌ലെറ്റിനു മുന്നില്‍ ബിരിയാണി നോട്ടീസ്‌ വിതരണം വഴി സൗജന്യ മാര്‍ക്കറ്റിംഗ്‌ പരിശീലനവും നിര്‍ബന്ധമായി നല്‌കാം. ഇതിനെല്ലാം കൂടിയായി പൊതു ഖജനാവില്‍ നിന്നു പണം കൊള്ളയടിയ്‌ക്കാം.

ഇന്നിപ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണം ചോര്‍ത്തിയെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി വിദ്യാലയ നടത്തിപ്പ്‌. നൂറു രൂപ കൈക്കൂലി വാങ്ങിയ വില്ലേജ്‌ ഓഫീസറുടെ കൈ വെട്ടണമെന്നു പറയുന്ന നമ്മള്‍, മുപ്പത്തഞ്ചു ലക്ഷം രൂപ അധ്യാപക നിയമനത്തിനു കൈക്കൂലി വാങ്ങുന്ന പുരോഹിതന്റെയും, സമുദായ നേതാവിന്റെയും കയ്യിലും, കാലിലും ചുംബിക്കുന്നു. കേരളത്തില്‍ ഏഴായിരത്തിലധികം എയ്‌ഡഡ്‌ സ്‌കൂളുകളുണ്ടെന്നോര്‍ക്കണം. ദളിതരടക്കമുള്ള യഥാര്‍ത്ഥ പിന്നോക്ക വിഭാഗക്കാര്‍ക്കും, ഗിരിവര്‍ഗ്ഗക്കാര്‍ക്കും എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ വേണോ എന്ന്‌ ആരെങ്കിലും ഒന്നു ചോദിച്ചതായി കേട്ടു കേള്‍വി പോലും ഇല്ല. സ്‌കൂളുകള്‍ കിട്ടിയ സമുദായ നേതാക്കളും പൗരോഹിത്യവും തങ്ങളുടെ സമുദായാംഗങ്ങളെ കെട്ടി മുറുക്കാന്‍ അത്‌ ആയുധമാക്കി. കോഴ കൊടുത്താല്‍ മാത്രം പോര, സമുദായ നേതാക്കളെ ആയുഷ്‌ക്കാലം എതിര്‍ വായില്ലാതെ അനുസരിക്കുകയും വേണം. പൊതു സമൂഹത്തിന്റെ കാവലാളുകളാവേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ മേലും, മാധ്യമങ്ങള്‍ക്കു മേലും പിടി മുറുക്കുവാന്‍ മത സാമുദായിക സ്ഥാപനങ്ങള്‍ക്ക്‌ അവസരമുണ്ടാക്കിക്കൊടുത്തതില്‍ ഈ വിദ്യാഭ്യാസ കച്ചവടത്തിനു വലിയ പങ്കുണ്ട്‌. ഇതടച്ചു പൂട്ടണമെന്നും അല്ലെങ്കില്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉറക്കെ വിളിച്ചു പറയേണ്ട രാഷ്ട്രീയ – സാംസ്‌കാരിക – വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ഒട്ടകപ്പക്ഷികളെപ്പോലെ തല പൂഴ്‌ത്തിയിരിക്കുന്നു.

കലാലയങ്ങള്‍ പുതിയ ആശയങ്ങളുടെ കലാപ ഭൂമിയാകണം എന്നു പറഞ്ഞവനെ ഓടിച്ചിട്ടടിക്കണം. കലാലയങ്ങള്‍ അവ സ്ഥാപിക്കുന്ന പുത്തന്‍പണക്കാരനു സാമൂഹ്യ അംഗീകാരം നേടാനുള്ള നിക്ഷേപമോ, കാശില്ലാത്ത ബുദ്ധിരാക്ഷസന്മാര്‍ക്കു സര്‍ക്കാര്‍ ഭൂമി പതിച്ചെടുക്കാനും, കച്ചവടം നടത്താനുമുള്ള വിദ്യയോ ആണ്‌.

ഇതിലും കഷ്ടമാണ്‌ ആതുര സേവന രംഗം. എപ്പോഴും സ്‌നേഹം, സ്‌നേഹം എന്നു നിലവിളിക്കുന്ന ആള്‍ ദൈവത്തിന്റെ ആളുകള്‍ തങ്ങളുടെ ആശുപത്രിയില്‍ സമരം ചെയ്‌ത അരപ്പട്ടിണിക്കാരി നഴ്‌സിന്റെ മുട്ടു ചിരട്ട തല്ലിപ്പൊട്ടിച്ചത്‌ നമ്മുടെ നാട്ടില്‍ ഒരു ദിവസത്തിനപ്പുറം നിലനില്‍ക്കുന്ന വാര്‍ത്ത പോലുമായില്ല. അടുത്തയിടെ ഒരു സ്വകാര്യ ആശുപത്രി നക്ഷത്ര ഹോട്ടലില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും ഓട്ടോക്കാര്‍ക്കുമായി ഫസ്റ്റ്‌ എയ്‌ഡ്‌ പരിശീലനം കൊടുത്തു. നല്ല ഭക്ഷണം, ലേശം മദ്യം, ലേശം രൂപ ഇട്ട ഒരു കവര്‍, പി.ആര്‍.ഓയുടെ വിസിറ്റിങ്ങ്‌ കാര്‍ഡും ഒരു മൊബൈല്‍ നമ്പറും, ചെവിയില്‍ ഒരുപദേശവും – വഴിയില്‍ കാശുള്ള ആരു വീണു കിടന്നാലും എടുത്തോണ്ടു പോരെ – ബില്ലിന്റെ 15% തരാം.

കുട്ടിയെ അടിച്ചിരുത്തി പഠിപ്പിക്കണമെന്നും എതിര്‍ ശബ്ദം പാടില്ലെന്നും നമ്മള്‍ നാട്ടുകാരെ ബോധ്യപ്പെടുത്തി. ഏറ്റവും നന്നായി അടിച്ചിരുത്തുന്നതാണ്‌ ഏറ്റവും നല്ല കലാലയം. വിദ്യാര്‍ത്ഥികളെ വായമൂടിക്കെട്ടാന്‍ പഠിപ്പിക്കുന്നത്‌ അവരുടെ നന്മയ്‌ക്കായാണ്‌. ഇതെല്ലാം കഴിഞ്ഞിട്ടും ഫലമെന്താണ്‌? ബിരുദ ബിരുദാനന്തര തലത്തില്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു പഠിച്ചിറങ്ങിയ, അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്‌ധര്‍ എത്ര പേരുണ്ട്‌ ? അവര്‍ ആകെ വിദ്യാര്‍ത്ഥികളുടെ എത്ര ശതമാനം വരും?

രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ വിളയിച്ചെടുക്കുന്ന അച്ചടക്കത്തിന്റെ ആള്‍രൂപങ്ങളായ വൈദികരുടെയും, മദ്രസാ അധ്യാപകരുടെയുമൊക്കെ കഥകള്‍ നമ്മള്‍ കുറെ ദിവസമായി വായിച്ചു കൊണ്ടിരിക്കുകയാണ്‌. പീഡന കഥകളുടെ പ്രവാഹമാണ്‌. പന്തു കളിയുടെ സ്‌കോര്‍ പ്രസിദ്ധീകരിക്കുന്ന അതേ ആവേശത്തില്‍ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു… മൂന്നു വൈദിക വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പുരോഹിതന്‍ ഓടി രക്ഷപ്പെട്ടു� നാലു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ വലയില്‍� എട്ടു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍� പത്തു വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ ഒളിവില്‍… പൊതു വിദ്യാലയത്തില്‍ മുതല്‍ വൈദിക സെമിനാരിയില്‍ വരെ. മുഴുവന്‍ സമയ പ്രാര്‍ത്ഥനക്കായാണ്‌ ബ്രഹ്മചര്യം എന്നാണു സങ്കല്‌പം. ഫലത്തില്‍ ബ്രഹ്മചാരിയായ ഒരു സാധാരണ പുരോഹിതന്റെ എണ്‍പതു ശതമാനം സമയവും സഭയുടെ ഭൗതിക താല്‌പര്യങ്ങള്‍ സംരക്ഷിക്കുവാനാണുപയോഗിക്കപ്പെടുന്നത്‌. നല്ല ഭക്ഷണം കഴിച്ചു നല്ല രീതിയില്‍ ജീവിക്കുന്ന പുരോഹിതനു ലൗകിക വികാരങ്ങളുമുണ്ടാവാതിരിക്കാന്‍ വഴിയില്ല. നൂറ്റാണ്ടുകളായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ പുരോഹിതര്‍ നടത്തിയ ലൈംഗിക പീഡനങ്ങള്‍ക്കു സഭ ഇടയ്‌ക്കിടെ മാപ്പു പറയുന്നുമുണ്ട്‌.

മദ്രസാ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതും പലയിടത്തും വാര്‍ത്തകളാണ്‌. പീഡനം അവിടെ നില്‌ക്കട്ടെ. മദ്രസ അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‌കുന്നതിന്റെ യുക്തി മനസ്സിലായിട്ടില്ല. പൊതു വിദ്യാഭ്യാസം കൊടുക്കേണ്ടിടത്തു മതവിദ്യാഭ്യാസം കൊടുക്കുകയും അതിനു പൊതു ഖജനാവിലെ പണം ചെലവഴിക്കുകയും ചെയ്യുന്നതു ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. മുഴുവന്‍ പൗരന്മാര്‍ക്കും വിദ്യാഭ്യാസം കൊടുക്കുന്നതു സര്‍ക്കാരിന്റെ ആവശ്യവും ബാധ്യതയുമാണ്‌. അതൊരു മതത്തിന്റെയും കക്ഷത്തിലൂടെ ആവരുത്‌. 1930 കളില്‍ മലപ്പുറത്ത്‌ ചങ്കുവെട്ടിയിലെയും പറപ്പൂരിലെയും ആട്ടീരിയിലെയും ഓത്തു പള്ളികളെ പള്ളിക്കൂടങ്ങളാക്കി മാറ്റിയ വളപ്പില്‍ അഹമ്മദ്‌ മുസലിയാരെക്കുറിച്ച്‌ നമ്മള്‍ ആരും കേട്ടിട്ടു പോലുമില്ല. ഒരു നൂറ്റാണ്ടു കൊണ്ടു നമ്മള്‍ പോയത്‌ പിന്നോട്ടാണ്‌!!

വൈന്‍ ഒഴിച്ചുള്ള മദ്യപാനത്തിനെതിരെ ജീവന്‍ കളഞ്ഞും സമരം ചെയ്യാന്‍ കച്ചകെട്ടി നില്‌ക്കുന്ന പുരോഹിതസമിതി മാത്രം ഈ പീഡന വാര്‍ത്തകളൊന്നും അറിയുന്നില്ല. പാവങ്ങള്‍ !!! പ്രകൃതി വിരുദ്ധ പീഡന വാര്‍ത്തകളും, ശിശു പീഡനവുമാണു പുറത്തു വരുന്നത്‌. പ്രകൃതി സൗഹൃദ പ്രായപൂര്‍ത്തി പീഡന വിവരങ്ങള്‍ എത്രയെന്നതിനു കണക്കു പോലുമില്ല. പക്ഷെ പുരോഹിതന്മാര്‍ കേരളത്തില്‍ കാണുന്ന ഏക തിന്മ വൈന്‍ ഒഴിച്ചുള്ള മദ്യപാനമാണ്‌. സ്ഥിരമായി വൈന്‍ കഴിച്ചാല്‍ തൊലിക്കട്ടി കൂടുമോ ഡോക്ടര്‍ ?

പാവം മദ്യശാല തൊഴിലാളികള്‍ !!! അവര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ ആരുമില്ല. അതിലും കഷ്ടമാണ്‌ മദ്യപാനികളുടെ കാര്യം. അവര്‍ വൈകുന്നതുവരെ പണിയെടുത്ത്‌, ബിവറേജസിനു മുന്നില്‍ ക്യൂ നിന്ന്‌ അടക്കുന്ന പണം കൂടിയാണ്‌ ഈ പീഡകന്മാരും മദ്യവിരുദ്ധരും പുരോഹിതരും അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളമായും പെന്‍ഷനായും വിതരണം ചെയ്യുന്നതില്‍ വലിയൊരു ഭാഗം. മദ്യവ്യവസായം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ തന്നെ ചിലപ്പോള്‍ കള്ള നോട്ടടിക്കേണ്ടി വരും.

വോട്ട്‌ ബാങ്കുകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പേടിച്ചു തുടങ്ങിയിട്ട്‌ അധിക കാലമായില്ല. മുപ്പതു വര്‍ഷം മുന്‍പ്‌ ഒരു ആള്‍ദൈവം തന്റെ നാട്ടിലെ ഇടതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായി പിണങ്ങി. അവര്‍ക്കു വോട്ടു ചെയ്യരുതെന്ന്‌ അദ്ദേഹം സ്വന്തം ശിഷ്യരെ ആഹ്വാനം ചെയ്‌തു. കഷ്ടിച്ചു 150 ശിഷ്യരേ പ്രസ്‌തുത ആള്‍ ദൈവത്തിനുള്ളൂ. പക്ഷെ ഇവര്‍ എല്ലാം ഒരു പറമ്പിലാണു താമസം. അതുകൊണ്ടു ചിലപ്പോള്‍ ആ നിയോജക മണ്ഡലത്തില്‍ ദോഷം ചെയ്‌തേക്കാം. സ്വാമിയുമായി ചര്‍ച്ച ചെയ്യാന്‍ ഒരു രാഷ്ട്രീയ കക്ഷി ഒരു വലിയ നേതാവിനെയും രണ്ടു ചെറുകിട നേതാക്കളെയും അയച്ചു. വലിയ നേതാവിനു ചെവി അല്‌പം പുറകിലാണ്‌. അതുകൊണ്ട്‌ വെടി പൊട്ടുന്ന പോലെ സംസാരിക്കും. ആശ്രമത്തിലെത്തി, സ്വാമി വന്നു, ചര്‍ച്ച തുടങ്ങി. പക്ഷെ വലിയ നേതാവുമാത്രം മിണ്ടുന്നില്ല. ഗാഢ ചിന്തയിലാണ്‌. കുറച്ചു കഴിഞ്ഞപ്പോള്‍ വെടി പൊട്ടി. “എടാ, കുട്ടപ്പാ (പേരു സാങ്കല്‌പികം), നീയോ സാമി?” അതേ എന്നു പറഞ്ഞു ‘സാമി’ ഉരുണ്ടു പിടഞ്ഞെഴുന്നേറ്റു. കൂടെ വന്ന കുട്ടി നേതാക്കള്‍ വലിയ നേതാവിന്റെ വായ പൊത്താന്‍ ശ്രമിച്ചു. നേതാവു കൈ തട്ടിക്കളഞ്ഞു, “ചുമ്മാതിരിയഡേ, ഞാന്‍ പണ്ടു ലീഡിംഗ്‌ ക്രിമിനല്‍ ലോയര്‍ ആയിരുന്നപ്പോള്‍ ഇവനെ തേങ്ങാ മോഷണത്തിനു ജാമ്യത്തിലിറക്കിയതല്ലേ?” സാമി തലകുലുക്കി സമ്മതിച്ചു. നിര്‍ഭാഗ്യവശാല്‍ ആ നേതാവിന്റെ ചങ്കൂറ്റമുള്ള നേതാക്കള്‍ ഇന്നില്ല.

ഇതിലും കഷ്ടമാണ്‌ വിശ്വാസികളുടെ കാര്യം. മഹാഭൂരിപക്ഷം വിശ്വാസികളും മര്യാദക്കാരാണ്‌. പക്ഷെ പൗരോഹിത്യവുമായി ഗുസ്‌തി നടത്താന്‍ അവര്‍ക്കാവില്ല. സഭയില്‍ നടക്കുന്ന പീഡനങ്ങളും, തോന്ന്യാസങ്ങളും അവര്‍ കാണാത്തതല്ല. വളരെ സമര്‍ത്ഥമായി തന്നെ സഭ കുഞ്ഞാടുകള്‍ക്കു മുകളില്‍ സാമ്പത്തികമായും, രാഷ്ട്രീയമായും, സാമുദായികമായും പിടി മുറുക്കിയിരിക്കുന്നു. അങ്ങിനെ പിടിമുറുക്കുവാനുള്ള മാനേജ്‌മെന്റ്‌ പരിശീലനം കൂടിയാണ്‌ കാലാകാലങ്ങളായി വൈദികര്‍ക്കു നല്‌കുന്നത്‌.

എന്റെ ഒരു സ്‌നേഹിതന്റെ അച്ഛന്‍ കടുത്ത റിബലായിരുന്നു. മൂപ്പരുടെ അച്ഛനും അദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛനും വക്കീലന്മാരായിരുന്നു. ഭാര്യയുടെ അച്ഛന്‍ കണ്ടമാനം കേസുള്ള വക്കീലും, റിബലിന്റെ അച്ഛന്‍ സാദാ വക്കീലും. ഒരു ദിവസം സാദാ വക്കീല്‍, മുട്ടന്‍ വക്കീലിനെ കാണാന്‍ പോയെങ്കിലും അവിടുത്തെ തിരക്കു കാരണം കാണാന്‍ പറ്റിയില്ല. അദ്ദേഹം ചെന്ന വിവരം മറ്റേ വക്കീല്‍ അറിഞ്ഞുമില്ല. പക്ഷെ അച്ഛനു കാണാന്‍ പറ്റിയില്ലെന്ന വിവരം റിബല്‍ അറിഞ്ഞു. അദ്ദേഹം അമ്മായി അച്ഛന്റെ മുറ്റത്തു ചെന്നു അവിടെ നിറയെ കക്ഷികളാണ്‌. റിബല്‍ നിന്നലറി “എടോ താനാര്‌? മോത്തിലാല്‍ നെഹ്രുവോ? തനിക്കിത്ര കേസോ? എന്റച്ഛനെ കാണാന്‍ തനിക്കു സമയമില്ല അല്ലേ” അമ്മായി അച്ഛന്‍ പുറത്തു വന്നു. അല്‌പനേരം ശാന്തമായി നോക്കി നിന്നിട്ട്‌ അദ്ദേഹം കക്ഷികളോടു പറഞ്ഞു, “എന്റെ ഓട്ടിന്‍ പുറത്തു ഒരു കുരങ്ങന്‍ ഇരുന്നു പല്ലിളിക്കുന്നു. കല്ലെറിയണമെന്നുണ്ട്‌. പക്ഷെ എറിഞ്ഞാല്‍ പൊട്ടുന്നത്‌ എന്റെ ഓടാണ്‌”. ഇതു തന്നെയാണ്‌ പാവപ്പെട്ട വിശ്വാസികളുടെയും അവസ്ഥ. പൗരോഹിത്യ കുപ്പായമിട്ട ക്രിമിനലുകളെയോ, അവരുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയോ സംരക്ഷിയ്‌ക്കമെന്നവര്‍ക്കില്ല. പക്ഷെ എറിഞ്ഞാല്‍ പൊട്ടുന്നതു തങ്ങളുടെ മേല്‌ക്കൂരയാവാമെന്നവര്‍ പേടിക്കുന്നു. പൗരോഹിത്യം താങ്ങി നിര്‍ത്തുന്ന, എറിഞ്ഞാല്‍ പൊട്ടുന്ന ഓടല്ല ആത്മീയത എന്ന്‌ എന്നെങ്കിലും കണ്ടെത്തുമായിരിക്കും.

എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. വിദ്യാഭ്യാസത്തോടുള്ള നമ്മുടെ കാഴ്‌ചപ്പാടു മാറാത്തിടത്തോളം കാലം ഇതൊക്കെ തുടര്‍ന്നു കൊണ്ടേയിരിക്കും. ഈ ബഹളമൊന്നും കണ്ട്‌ ഒരു സ്വാശ്രയ കോളേജും ശരാശരി മലയാളി രക്ഷിതാവു വേണ്ടെന്നു വയ്‌ക്കില്ല. നാളെ ‘എയര്‍കണ്ടീഷന്‍ഡ്‌ ഇടിമുറിയുള്ള അത്യാധുനിക കോളേജ്‌’ എന്നൊരു പരസ്യം കൊടുത്താല്‍ മലയാളിത്തന്തയും തള്ളയും അങ്ങോട്ടോടും.


Subscribe to get notifications on new posts

Recent Articles

Comments
  1. T.K.Kochu narayanan | Reply
  2. Kumar Chellappan | Reply

Leave a Reply

Your email address will not be published.