ഗോപാലന് വേഴ്സസ് ഗോകാലന്‍
സര്‍വ്വ മലയാളികള്‍ക്കും അറിയാവുന്ന ഒരു പഴയ കഥ ഉണ്ട്. ഇനി അഥവാ ആര്‍ക്കെങ്കിലുമറിയില്ലെങ്കില്‍ അവരെ മലയാളീകരിക്കാനായി ഞാനതൊരിക്കല്‍ കൂടി പറയാം. പണ്ടു പണ്ടൊരു ഗുരുനാഥനുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിദ്വാന്. ഒരു ദിവസം അദ്ദേഹം പശുവിനെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘പശു ഒരു വിശുദ്ധമൃഗമാണ്. അതിനെ മാതാവായി കാണണം. ബഹുമാനിക്കണം, ആരാധിക്കണം, പൂജിക്കണം…’ ഇതൊക്കെ കേട്ടിട്ടാവണം വഴിയെ നടന്നു പോയ ഒരു പശു രണ്ടക്ഷരം പഠിക്കാമെന്നു കരുതി ഗുരുനാഥന്റെ വേലി പൊളിച്ചകത്തു കയറി. ശരീരമനങ്ങാതെ ജീവിക്കുന്ന ഗുരുനാഥന്റെ പറമ്പില്‍ പുല്ലിനു ക്ഷാമമില്ലല്ലോ. ലേശം പുല്ലു തിന്നിട്ടാവാം പഠനമെന്നു പശു തീരുമാനിച്ചു. വേലി പൊളിച്ചു വന്ന പശുവിനെ ഗുരുനാഥനു തീരെ പിടിച്ചില്ല. അദ്ദേഹം ഒരു മടല് ചവിട്ടി ഒടിച്ചു പൊതിരെ തല്ലി. പാവം പശു. ‘അയ്യോ, ഇതു സ്വാശ്രയ കോളേജായിരുന്നോ’ എന്നു ചോദിച്ചു വന്ന വഴിയേ ഇറങ്ങി ഓടി. കാഴ്ച കണ്ടു സ്തംഭിച്ചിരുന്ന ഒരു ശിഷ്യന് ചോദിച്ചു, ‘ഗുരോ, പശുവിനെ തല്ലരുതെന്നല്ലേ അങ്ങു പഠിപ്പിച്ചത്?’ ഗുരു പറഞ്ഞു, ‘എടാ അത് ഏട്ടിലെ (പുസ്തകത്തിലെ) പശു. ആ പശു പുല്ലു തിന്നില്ല’. പത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള പഴഞ്ചൊല്ലായിരിക്കണം. എന്താണു കഥയുടെ ഗുണപാഠം ? ആരാധിക്കണമെന്നൊക്കെ പഠിപ്പിക്കുമായിരുന്നെങ്കിലും അന്ന് പരമ സാത്വികരായ ഗുരുനാഥന്മാര് പോലും പശുവിനെ വേണ്ടി വന്നാല്‍ എടുത്തിട്ടു മെതിയ്ക്കുമായിരുന്നു. ഇന്നിപ്പോള്‍ പശുവിനെ തൊട്ടാല്‍ തൊട്ടവനെ മെതിയ്ക്കും. തീര്‍ന്നില്ല. പഴഞ്ചൊല്ലുകള്‍ വേറെയുമുണ്ട്. ‘വേലി ചാടി പശുവിനു കോലു കൊണ്ടു മരണം’. മരണം കോലു കൊണ്ടു തല്ലു മേടിച്ചാണോ, കോലു കുത്തിക്കയറിയാണോ എന്നു വ്യക്തമല്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്. പശുവിന് ഒരു നാട്ടു ചട്ടമ്പിയുടെ സ്ഥാനമേ പണ്ടുള്ളവര്‍ കൊടുത്തിരുന്നുള്ളൂ. പണ്ടില്ലാത്ത ഒരു ദിവ്യത്വം ഇപ്പോള്‍ പശുവിനെങ്ങനെ കിട്ടുന്നു?
പൊതുവേ കേരളത്തിലെ കന്നുകാലി ഭക്ഷകരെല്ലാം കഴിക്കുന്നതോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തെക്കുറിച്ചു ചിന്താകുലരുമാണ്. അതുകൊണ്ടു കഴിക്കുന്നതിനു മുന്‍പും പിന്‍പും റെഡ്മീറ്റ് ഹെല്ത്തിനത്ര നല്ലതല്ല എന്ന് ഈരണ്ടു പ്രാവശ്യമെങ്കിലും പറയും. ഞാനും ആ ഗണത്തില്‍ പെടും. എന്നാല്‍ യാതൊരു കൂസലുമില്ലാതെ ബീഫിനെ ആലിംഗനം ചെയ്യുന്ന ഒരു സ്നേഹിതനെയും എനിക്കറിയാം. ഫൈനാര്‍ട്സില്‍ മാസ്റ്റര്‍ ബിരുദധാരിയായ, തികഞ്ഞ സംസ്കാര സമ്പന്നനായ ഒരു മനുഷ്യന്. ഒരു പത്തിരുപതു കൊല്ലം മുന്‍പുതന്നെ ബീഫു കഴിക്കുന്നതിന്റെ ആ ശാസ്യതയെക്കുറിച്ചു ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഞാനാണു വിഷയം എടുത്തിട്ടത്. അദ്ദേഹം വളരെ ഗൗരവത്തില്‍ പറഞ്ഞു, ‘ബീഫിനെ നിങ്ങള്‍ വെറും മാംസമായി കാണുന്നതാണു പ്രശ്നം. അതിനെ ഒരു ജീവനായി തന്നെ കാണണം’. എനിക്കു യാതൊരു പിടിയും കിട്ടുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹം വിശദീകരിച്ചു. ‘നിങ്ങള്‍ പത്തു നാനൂറു കിലോ ഭാരമുള്ള കാളയെ വിട്ടു കഷ്ടിച്ചു രണ്ടു കിലോ ഭാരമുള്ള കോഴിയെ ഭക്ഷണത്തിനായി തെരഞ്ഞെടുക്കുന്നുവെന്നു കരുതുക. കാളയുടെ ഒരു ജീവന്റെ സ്ഥാനത്ത് നിങ്ങള്‍ ഇരുന്നൂറു കോഴിയുടെ ജീവന് എടുക്കേണ്ടി വരും’. എങ്കില്‍ പിന്നെ ആനയെ പുഴുങ്ങിത്തിന്നാത്തതെന്ത് എന്നു ഞാന്‍ ചോദിച്ചില്ല. ആനയെ ആവശ്യത്തിനു കിട്ടാനില്ലാത്തതു കൊണ്ട് എന്നായിരിക്കും ഉത്തരമെന്നുറപ്പുണ്ടായിരുന്നതു കൊണ്ടാണ് ചോദിക്കാതിരുന്നത്. എന്തായാലും ധൈര്യമായി ബീഫു കഴിക്കുവാനാവശ്യമായ യുക്തി പങ്കുവെച്ച ആ മഹാനോടെനിക്കു പറഞ്ഞാല്‍ തീരാത്തത്ര നന്ദിയുണ്ട്.
അദ്ദേഹത്തെ ഗുരുവായി മനസ്സാ വരിച്ച ഞാന്‍ സ്വന്തമായി ഒരു സിദ്ധാന്തം കൂടി ആവിഷ്ക്കരിച്ചു. ഒരു മതേതരവാദി ബീഫില്‍ ഒതുങ്ങരുത്. പോര്‍ക്കും ധാരാളമായി കഴിക്കണം. ഇതൊക്കെ വൃത്തിയായി പായ്ക്കു ചെയ്തു നമുക്കെത്തിച്ചു തരാന്‍ കൂത്താട്ടുകുളത്തു സര്‍ക്കാര്‍ സംവിധാനം തന്നെയുണ്ട്. അങ്ങിനെ ഞാന്‍ മതേതരമായി, ശാന്തസുന്ദരമായി ജീവിച്ചു വരുമ്പോഴാണ് ഗോവധ നിരോധനവും പുത്തന്‍ വിവാദങ്ങളുമെല്ലാം. കൂത്താട്ടുകുളത്തുകാര് കയ്യൊഴിഞ്ഞു. ഇപ്പോള്‍ ബീഫു വരുന്നില്ല. ഭാവിയില്‍ അധികമായി എടുക്കേണ്ടി വരുന്ന ജീവനുകളുടെ എണ്ണം ഒരു ചോദ്യചിഹ്നമായി മുന്നില്‍ നില്ക്കുന്നു.
കൂട്ടത്തില്‍ പറഞ്ഞു കൊള്ളട്ടെ, ഞാന്‍ വെറുമൊരു ഗോകാലന്‍ മാത്രമല്ല, ഗോപാലന് കൂടിയാണ്. മൂന്നു പശുക്കളെയും, ഒരു കാളയെയും നേരിട്ടും, മൂന്നു പശുക്കളെയും, രണ്ടു കാളകളെയും പരോക്ഷമായും വളര്‍ത്തുന്നുണ്ട്. എനിക്കു ഗോ രക്ഷകന്മാരോടുള്ള ഏക അഭ്യര്‍ത്ഥന, അവര്‍ ഓരോ പശുവിനെയെങ്കിലും സ്വന്തമായി വളര്‍ത്തി നോക്കണമെന്നാണ്. അതത്ര എളുപ്പമുള്ള പണിയല്ല. ഒരു പശുവിന് കുളിക്കാനും കുടിയ്ക്കാനുമായി ദിവസം ഇരുന്നൂറ്റന്പതു ലിറ്റര്‍ വെള്ളം വേണം. നാലഞ്ചു കിലോ കാലിത്തീറ്റയും. മഴ ചതിച്ചാല്‍ പാവം കര്‍ഷകനെന്തു ചെയ്യും? പുല്ലുപോലും മുളയ്ക്കാത്ത ഭൂമിയാണ് ഭാരതഖണ്ഡത്തില്‍ ഭൂരിഭാഗവും. കുടിവെള്ളത്തിനായി കിണറില്‍ തൊടുന്ന ദളിതനെ തല്ലിക്കൊല്ലുന്ന ഉത്തരേന്ത്യയിലെ ദളിത് കന്നുകാലി കര്ഷകന് എന്തു ചെയ്യണം? അവരോടാണു കന്നുകാലിയെ സംരക്ഷിച്ചു സ്വര്‍ഗ്ഗത്തിലേക്കു പൊയ്ക്കോളൂ എന്നു പറയുന്നത്. മൂന്നു കിലോ കാലിത്തീറ്റ ദിവസവും സഹായ വിലയ്ക്ക് ഇരുപതു രൂപ നിരക്കില്‍ (യഥാര്‍ത്ഥ വില മുപ്പത്തഞ്ചും നാല്പതുമാണ്) കിട്ടുന്നുവെന്നു വിചാരിക്കുക. ഒരു പശുവിന് ഒരു വര്‍ഷം തീറ്റ കൊടുക്കാന്‍ മാത്രം ഇരുപതിനായിരം രൂപയിലധികം വേണ്ടി വരും. വിളനാശം സംഭവിച്ചാല്‍ ദിവസം പത്തു രൂപ പോലം കയ്യില്‍ വരാത്ത ഇന്ത്യന്‍ കര്ഷകനോടാണു പറയുന്നത് പശുവിനെ സംരക്ഷിച്ചു സ്വര്‍ഗ്ഗത്തില്‍ പോവൂ, അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പൊയ്ക്കോളൂ എന്ന്. സ്വന്തം കുട്ടികള്‍ വിശന്നു കരയുമ്പോള്‍ അവര്‍ക്കുള്ള അവസാനത്തെ പിടിവള്ളിയാണ് പശുവിനെ കിട്ടിയ വിലയ്ക്കു വില്ക്കല്.
കേരളത്തിലെ പല മാംസാഹാരികളുടെയും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ആമയും, തവളയും, കൊക്കുമൊക്കെ. അവരുടെ വര്‍ണ്ണന കേട്ട് കൊതി മൂത്ത് ഞാനും ഇവ ഓരോ തവണ പരീക്ഷിച്ചിട്ടുണ്ട്. ആറ്റിറമ്പിലും തോട്ടു വരമ്പത്തും വലിയ പോക്കാച്ചിത്തവളകളെ കണ്ടിട്ടുള്ള ഞാന്‍ പണ്ടു കുട്ടനാട്ടിലെ ഒരു ഹോട്ടലില്‍ കോഴിക്കാലുപോലെ കൊഴുത്ത തവളക്കാലും കാത്തിരിക്കുകയാണ്. വന്നതാവട്ടെ, സൗന്ദര്യ മത്സരത്തിനു പോയി മടങ്ങി വന്ന ഏതോ ഉണക്കത്തവളകളുടെ കാലുകള്‍. എല്ലും തൊലിയും മാത്രം. ഒറ്റത്തവണ കൊണ്ട് പരിപാടി മതിയാക്കി. പിന്നൊരിക്കല്‍ പരീക്ഷിച്ചത് ആമയെയാണ്. ചപ്പാത്തി മാവു കുഴച്ചു ചരുവം കൊണ്ടു മൂടി വച്ചിരിക്കുന്നതു പോലെയാണ് ഭക്ഷണ സ്വപ്നങ്ങളില്‍ ഞാന്‍ ആമയെ കണ്ടിരുന്നത്. കിട്ടിയത് എല്ലും, തുകലും, ഞരമ്പുമായി എന്തോ ഒരു സാധനം കഴിച്ചു കഴിഞ്ഞപ്പോള്‍ തോന്നി ദൈവം തമ്പുരാന് വെള്ളത്തില്‍ മുങ്ങാനും പൊങ്ങാനുമൊക്കെ കഴിവുള്ള ഒരു ജൈവയാത്ര സംവിധാനത്തിന് ഒരു തോടുമിട്ടു വിട്ടിരിക്കയാണെന്ന്. എന്തായാലും ലേശം മേനിക്കൊഴുപ്പുള്ള ആമയെയും തവളയെയും കൊക്കിനെയുമൊക്കെ മനുഷ്യര്‍ പണ്ടേ തിന്നു തീര്‍ത്തു. ഇപ്പോള്‍ നടക്കുന്നത് വെറും ശിശു പീഡനമാണ്.
ഒരു ഇന്ത്യന്‍ തവള ഒരു ദിവസം തന്റെ ശരീരഭാരത്തിന്റെ ഇരുപതിരട്ടി ഭാരം വരുന്നത്ര ഈച്ചകളെയും പ്രാണികളെയുമാണു തിന്നു തീര്‍ക്കുന്നതത്രേ.. തവള പോയപ്പോഴാണ് കുട്ടനാട്ടില്‍ മുഞ്ഞ പെരുകിയത്. നമ്മള് ആറ്റിലേക്കും, തോട്ടിലേക്കും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തിന്നു തീര്‍ത്ത് അവയെ വെടിപ്പാക്കി വെച്ചിരുന്നത് ആമച്ചാരാണ്. അവനും പോയി. പണ്ടു പരേതനായ കൃഷി വിദഗ്ധര്‍ ജോണ്‍ എബ്രഹാം കുമരകത്തെ കാണാന്‍ പോയ ഒരു സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. കവണാറ്റിന്‍ കരയില്‍ മുപ്പതിനായിരം കൊക്കുകളുണ്ടെന്നും, അവ ദിവസം പത്തു പുഴുക്കളെ തിന്നുന്നുവെങ്കില്‍ ഒരു വര്‍ഷം കുട്ടനാട്ടില്‍ എത്ര പുഴുക്കള്‍ ഇല്ലാതാവുമെന്നുമാണ് അദ്ദേഹം ചോദിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ പശുവിനും കാളയ്ക്കും പുറമെ മറ്റു പല ജീവികളുമുള്ളതു കൊണ്ടാണ് നമ്മള് നിന്നു പെഴയ്ക്കുന്നത്. പരാഗണത്തിന്റെ ആശാന്മാരായ തേനീച്ചകള്‍ ഭൂമി വിട്ടാല്‍ പിന്നെ നാലു വര്‍ഷമേ മനുഷ്യര്‍ കാണൂ എന്ന് ഐന്സ്റ്റീന് തന്നെ പറഞ്ഞിട്ടുണ്ട്.
കൃഷിക്കുപയോഗിക്കുന്ന കന്നുകാലികളെ കൊല്ലരുത്, അറവു കാലികള്‍ക്കായി നിങ്ങള്‍ വേറെ ഫാം നടത്തിക്കോളൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു വളരെ ലളിതമായ ഒരു നിയന്ത്രണം മാത്രമാണെന്നും പറയുന്നു. പാവം സര്‍ക്കാര്‍. ഇത്ര ശുദ്ധനായിപ്പോയല്ലോ. നമുക്കു വിരോധമുള്ള ഏതെങ്കിലുമൊരുത്തന്, ഏതെങ്കിലുമൊരു മാടിനെയുമായി വഴിയിലിറങ്ങിയാല്‍ അവനെ കൈകാര്യം ചെയ്യാന്‍ ഈ ഒരു നിയന്ത്രണം ധാരാളം പോരേ? മാടിന്റെ ചന്തിയില്‍ ഞാന്‍ കൃഷിയാവശ്യത്തിനെന്നോ, ഞാന്‍ ഭക്ഷണത്തിനെന്നോ ജന്മനാ ഒന്നും എഴുതി വച്ചിട്ടില്ല. ‘കൃഷിക്കുള്ള മാടിനെ അറക്കാന്‍ കൊണ്ടു പോകുന്നോടാ’ എന്നു ചോദിച്ചു നമ്മള് അയാളെ പിടിച്ച് ഒന്നു പൊട്ടിച്ചാല്‍, ബാക്കി നല്ലവരായ നാട്ടുകാര്‍ ചെയ്തുകൊള്ളും. ജീവന് ബാക്കിയുണ്ടെങ്കില്‍ ഒടുവില്‍ പോലീസിലുമേല്പിക്കാം. ഇങ്ങനെയൊക്കെ നടക്കാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്നു ചോദിക്കുന്നവര്‍ കാണും. ആണല്ലോ. വെള്ളരിക്കാ മാത്രമല്ല കുമ്പളങ്ങാ, മത്തങ്ങാ, തടിയന് കായ തുടങ്ങിയ എല്ലാ പട്ടണങ്ങളും ഇവിടെയുണ്ട്.
എന്റെ കുട്ടിക്കാലത്ത് കോട്ടയം റെയ്ല്വേസ്റ്റേഷനിലെത്തിയ ഒരു യാത്രക്കാരനും, അവിടെ നിന്നിരുന്ന ഒരു പോലീസുകാരനും തമ്മില്‍ എന്തൊക്കെയോ പറഞ്ഞു വാക്കു തര്‍ക്കമായി. പോലീസുകാരന് യാത്രക്കാരനെ പിടിച്ചു മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കുറ്റപത്രത്തിന്റെ സാമ്പ്ള്‍ ഇതാണ്, ‘പ്രതി കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി വേണാട് എക്സ്പ്രസ് വരുന്ന സമയത്ത് റെയ്ല്വേസ്റ്റേഷനിലെ വെളിച്ചം കുറഞ്ഞ ഭാഗത്തു തയ്യാറെടുത്തു നില്ക്കുന്നതായി കാണപ്പെട്ടു’. കുറ്റപത്രം വായിച്ച മജിസ്ട്രറ്റു ചോദിച്ചു, ‘ഇതിപ്പോള്‍ ഞാനാ സമയത്തു വേണാടില്‍ കയറാന്‍ വന്നു നിന്നാലും താന്‍ ഇതു തന്നെ പറയില്ലേ’ എന്ന്.
ഇനി ഇതിലും പഴയ ഒരു കഥയുണ്ട്. ഏതോ ദുര്‍ബ്ബലമായ പെറ്റിക്കേസില്‍ തുടര്‍ച്ചയായി ഹാജരാവാത്ത പ്രതിയെ തപ്പി പോലീസ് വീട്ടിലെത്തിയപ്പോള്‍ അയാള്‍ സാമാന്യം ഭംഗിയായി എണ്ണ തേച്ചു കുളിക്കാന്‍ നില്ക്കയാണ്. പോലീസുകാര്‍ കുറ്റപത്രത്തില്‍ ഒരു വാചകം കൂടി കൂട്ടിച്ചേര്‍ത്തു. ‘പ്രതി പോലീസിനു പിടി കൊടുക്കരുതെന്ന ഉദ്ദേശത്തോടും കരുതലോടും കൂടി തോര്‍ത്തു മാത്രം ധരിച്ചു ദേഹമാസകലം എണ്ണ പുരട്ടി നില്‍ക്കുന്നതായും കാണപ്പെട്ടു…’ ഈ നാട്ടിലാണു നമ്മള് പശു സംരക്ഷണ നിയമം ഇറക്കുന്നത്.
പശുവിനെയുമായി (എരുമയോ, പോത്തോ, കാളയോ എന്തുമാവാം) ഒരു പാവം ഗോപാലന് വഴിയിലിറങ്ങുന്നതോടെ അവന് സംശയത്തിന്റെ നിഴലിലായി. ‘ഇവന് ഗോകാലനാണ്. മാടിനെ കശാപ്പിനായി കടത്തിക്കൊണ്ടു വരികയാണ്. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ എടുക്കെടാ?’ പാവം ഗോപാലന് കടലാസൊക്കെ കാണിച്ച് മാടു സ്വന്തമാണെന്നു തെളിയിക്കുന്നു എന്നു വിചാരിക്കുക, പ്രശ്നം തീരുമോ ? ‘അതു ശരി, അപ്പോള്‍ നീ സ്വന്തം മാടിനെ ഒതുക്കത്തില്‍ കശാപ്പിനു കൊണ്ടു പോവുകയാണല്ലേ ? നിന്റെ ഉദ്ദേശ ശുദ്ധി തെളിയിക്കെടാ’. എന്റെ പൊന്നു മാളോരെ, വഴിയെ മാടിനെയും കൊണ്ടു നടക്കുന്നത് ഹരീഷ് സാല്വെയോ, കപില്‍ സിബലോ ഒന്നുമല്ല. അക്ഷരാഭ്യാസമില്ലാത്ത സാദാ ഇന്ത്യന്‍ പൗരനാണ്. അവന് എന്തോന്നു തെളിയിക്കാന്‍ ? ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. നമ്മുടെ ജയിലുകളിലെ നല്ലൊരു വിഭാഗം വിചാരണത്തടവുകാരാണ്. കുറ്റകൃത്യം ചെയ്തെന്ന ആരോപണത്തിന്റെ പേരില്‍ ജാമ്യം കിട്ടാതെ വിചാരണ കാത്തു ജയിലില്‍ കിടക്കുന്നവര്‍. എന്തെങ്കിലും കോടതി വഴി പുറത്തു വരാമെന്ന പ്രതീക്ഷയിലാണവര്‍ കഴിയുന്നത്.
രണ്ടാഴ്ച മുന്‍പു റിട്ടയര്‍ ചെയ്ത രാജസ്ഥാനിലെ ഒരു ജഡ്ജി പറഞ്ഞത് പശുവിനെ കൊല്ലുന്നതിനു ജീവപര്യന്തം ശിക്ഷ കൊടുക്കേണ്ടതാണെന്നാണ്. കൂട്ടത്തില്‍ അദ്ദേഹം ഒരു ശാസ്ത്ര സത്യവും വെളിപ്പെടുത്തി. നമ്മുടെ ദേശീയ പക്ഷിയായ മയില്‍ ഒരു ബ്രഹ്മചാരി കൂടിയാണ്. അതിന്റെ പ്രത്യൂത്പാദനം നടക്കുന്നത് കണ്ണു നീരിലൂടെയാണത്രേ. പണ്ടാരോ പറഞ്ഞ ഒരു തമാശക്കഥയുണ്ട്. ഹൈഡ്രോസില്‍ ശസ്ത്രക്രിയക്കു വിധേയനായ ഒരു രോഗിയുടെ രൂപഭംഗിക്കു കോട്ടം വരാതിരിക്കാന്‍ ഡോക്ടര്‍ രണ്ടു സവാള ഉള്ളികള്‍ ചെത്തിയുരുട്ടി വൃഷണസഞ്ചിയിലിട്ടു തുന്നിച്ചേര്‍ത്തു. കാര്യങ്ങളെല്ലാം ഭംഗിയായി. പക്ഷെ സ്ത്രീകളെ കണ്ടാല്‍ പിന്നെ കണ്ണുനീര് നില്‍ക്കില്ല പോലും. ജഡ്ജിയദ്ദേഹം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിത്തരുന്നതു വരെ ഉള്ളിക്കഥ വെറും കള്ളക്കഥയാണെന്നാണു ഞാന്‍ കരുതിയിരുന്നത്. പണ്ടു ജസ്റ്റീസ് എച്ച്. ആര്. ഖന്നയും, സുബ്രഹ്മണ്യന് പോറ്റിയുമൊക്കെ ഇരുന്നിരുന്ന കസേരകളില്‍ മയൂരങ്ങള്‍ പറന്നിരിക്കുമോ ദൈവമേ? എന്തായാലും വിചാരണത്തടവുകാരായി ജയിലില്‍ കഴിയുന്നതാണ് ഗോപാലന്മാര്ക്കഭികാമ്യം. പുറത്തു പെരുവഴിയില്‍ വിചാരണയില്ലാതെ തല്ലിക്കൊല്ലാന്‍ വടിയുമായി യമകിങ്കരന്മാര് കാത്തു നില്‍ക്കുകയാണ്.
കറവ വറ്റിയ പശുക്കളെ കശാപ്പിനു കൊടുക്കരുതെന്നു പറയുമ്പോള്‍ ഇതിനെയൊക്കെ ആരു പോറ്റുമെന്ന കാര്യം ആരും പറയുന്നില്ല. കറവ വറ്റിയ മാതാ പിതാക്കളെ പശുത്തൊഴുത്തിലും, പട്ടിക്കൂടിലും, പെരുവഴിയിലുമുപേക്ഷിക്കുന്ന ജനമാണ് ഇനി പശുവിനെ വാര്‍ധക്യ കാലത്തു നോക്കാന്‍ പോകുന്നത്. പണ്ടു നമ്മുടെ നാട്ടില്‍ നാടന്‍ പശുക്കളുണ്ടായിരുന്നു. ധവള വിപ്ലവകാലത്തു വിദേശത്തു നിന്നു സായിപ്പു കാളകളെയും, മദാമ്മ പശുക്കളെയും കൊണ്ടു വന്നു നമ്മള് ഗോമാതാക്കളെയും വൃഷഭ പിതാക്കളെയും വെളുപ്പിച്ചെടുത്തു. പതിനഞ്ചു ലിറ്റര്‍ പാല് തരുന്ന ആസ്ട്രേലിയന്‍ പശുവിനും, സ്വിസ് പശുവിനുമൊക്കെ എന്തു തിന്നാലും മതിയാവില്ല. സര്‍ക്കസില്‍ ഭാരോദ്വഹനം നടത്തുന്ന സാന്ഡോയുടെ അവസ്ഥയാണ്. പണി ചെയ്യുന്ന കാലത്ത് ഇരുപത്തിനാലു മണിക്കൂറും ഭക്ഷണം കഴിക്കാന്‍ പ്രോത്സാഹിപ്പിച്ചു തലകുത്തി നിര്‍ത്തി കയ്യടിക്കുന്ന സര്‍ക്കസ് മുതലാളിയും, ആരാധകരും ഒന്നും സര്‍ക്കസ് വിട്ടാല്‍ പിന്നെ തീറ്റി കൊടുക്കാന്‍ ഉണ്ടാവില്ല. പാവം സാന്ഡോ. അയ്യോ വിശക്കുന്നേ എന്നു നിലവിളിച്ചു നിലവിളിച്ച് ഏതെങ്കിലും കടത്തിണ്ണയിലൊടുങ്ങും. മൂന്നാം ലോകമഹായുദ്ധം മിക്കവാറും ഇന്ത്യയിലായിരിക്കും തുടങ്ങുന്നത്. ഉപേക്ഷിക്കപ്പെട്ട കറവ മാടുകളും, സംരക്ഷിക്കപ്പെട്ട തെരുവു പട്ടികളും തമ്മില്‍ ദേശീയ സംസ്ഥാന പാതകളുടെ ഉടമസ്ഥാവകാശത്തിനായി നടത്തുന്ന യുദ്ധം.
എന്തായാലും ഞാനൊരു ഇന്ത്യന്‍ പൗരനാണ്. ഇഷ്ട ഭക്ഷണം കഴിക്കാനുള്ള അവകാശം എനിക്കു ഭരണഘടന തന്നിട്ടുണ്ട്. ഞാന്‍ ബീഫും കഴിക്കും, പോര്‍ക്കും കഴിക്കും. അതിനി പെരുമ്പാവൂരിലല്ല, കാശ്മീരിലായാലും കഴിക്കും. പക്ഷെ പെരുവഴിയില്‍ പശുവിനെയോ, പോര്ക്കിനെയോ കൊല്ലാനും പാചകം ചെയ്യാനും ഞാനില്ല. കാരണം പൊതു സ്ഥലങ്ങളില്‍ എല്ലാവരുടെ വികാരങ്ങളെയും മാനിക്കണം.
സത്യത്തില്‍ ഈ സസ്യാഹാരികളും ബീഫ് തീറ്റക്കാരും പോര്‍ക്കു തീറ്റക്കാരും തമ്മില്‍ അത്ര വലിയ പടലപ്പിണക്കങ്ങളൊന്നുമില്ലെന്നാണ് എന്റെ അനുഭവം. മുപ്പത്തിരണ്ടു വര്‍ഷം മുന്‍പ് എന്റെ ഒരു ബന്ധുവിന് മസ്തിഷ്ക്ക ശസ്ത്രക്രിയക്കായി ആറു കുപ്പി ഒ നെഗറ്റീവ് രക്തം വേണ്ടി വന്നു. കേരളം മുഴുവന്‍ തപ്പിയിട്ടും ദാനികള്‍ തീരെക്കുറവ്. അന്നു ഞാന്‍ രക്തദാനം ആരംഭിച്ചതാണ്. എല്ലാ മൂന്നുമാസത്തിലും കൊടുക്കാന്‍ ശ്രമിക്കുന്നു. ഇന്റര്‍നെറ്റും മൊബൈലും വ്യാപകമായതോടെ യാതൊരു പരിചയവുമില്ലാത്തവരാണ് രക്തം തേടിയെത്തുന്നത്. ഇന്നുവരെ രക്തം ആവശ്യപ്പെട്ടു വിളിക്കുന്ന ഒരാളും എന്റെ ജാതി ചോദിച്ചിട്ടില്ല, മതം ചോദിച്ചിട്ടില്ല, രാഷ്ട്രീയം ചോദിച്ചിട്ടില്ല, എന്തൊക്കെയാണു കഴിക്കുന്നതെന്നു ചോദിച്ചിട്ടില്ല, വിശ്വാസിയാണോ എന്നും ചോദിച്ചിട്ടില്ല. മുപ്പത്തി രണ്ടു വര്‍ഷത്തിനിടയില്‍ എന്റെ രക്തം സ്വീകരിക്കാത്ത ഒരു മതവും, സമുദായവും, ജാതിയും, രാഷ്ട്രീയവും, വിശ്വാസവുമൊന്നും കേരളത്തിലുണ്ടാവില്ല. അപ്പോള്‍ ആവശ്യം വരുമ്പോള്‍ എല്ലാവരും മതേതര വാദികള്‍തന്നെ.
സത്യസന്ധമായി പറഞ്ഞാല്‍ നമുക്കു വേണ്ടത് ആധുനിക കശാപ്പു ശാലകളാണ്. മൃഗങ്ങളെ കഷ്ടപ്പെടുത്താതെ, കശാപ്പു ചെയ്യുവാന്‍ പറ്റുന്ന, ആരോഗ്യകരവും വൃത്തിയുള്ളതുമായ അന്തരീക്ഷം നിലനിര്‍ത്തുന്ന പുതിയ കാലത്തിനു യോജിച്ച അറവു ശാലകള്‍. ടോയ്ലറ്റുകള് പോലെ തന്നെ പ്രധാനമാണവ.
യാത്രക്കിടയില്‍ ഞാനീയിടെ കുട്ടനാട്ടിലെ ഒരു ഷാപ്പില് കയറി. തീപ്പെട്ടി അന്വേഷിച്ചു കയറിയതാണ്. അവിടെ ഇരുന്നു തീപ്പെട്ടി അന്വേഷിക്കുമ്പോള്‍ ആരോ ജ്ഞാനപ്പാന സ്ഫുടമായി പാടുന്നു. പരിചയമുള്ള ശബ്ദം. തപ്പി ചെല്ലുമ്പോള്‍ ഒരു പഴയ സുഹൃത്താണ്. ആള് ആഢ്യബ്രാഹ്മണനാണ്. കൂടെ ഇരുന്നു താളം പിടിയ്ക്കുന്നത് അദ്ദേഹത്തിന്റെ ചങ്ങാതി മത്തായിച്ചന്. മുന്പില് ഇരിക്കുന്ന വിഭവങ്ങള്‍ ഗംഭീരം. ‘വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന’ കുട്ടനാട്ടിലും ആള് തനി ഗോകാലന്‍ തന്നെ. ‘ആശാനേ, ഇതൊക്കെ ഭാര്യ അറിഞ്ഞിട്ടാണോ ? ‘ ഞാന്‍ ചോദിച്ചു. ‘അറിഞ്ഞാല്‍ എന്താ കുഴപ്പം ? ബ്രഹ്മജ്ഞാനം വയറ്റിലാണോ, തലയിലാണോ ? താന്‍ കാശിയില്‍ പോയിട്ടുണ്ടോ ? അഘോരികളെ കണ്ടിട്ടുണ്ടോ ? അവര്‍ എന്തൊക്കെയാ കഴിക്കുന്നത് ? എടോ, ജ്ഞാനികള്ക്കെന്തും കഴിക്കാം’.
ആ നിമിഷം മത്തായിച്ചന് എന്ന ജ്ഞാനി താളം പിടിയ്ക്കല്‍ നിര്‍ത്തി സംഭാഷണത്തിലിടപെട്ടു. ‘അതാണ് ജ്ഞാനികള്ക്കെന്തും കഴിക്കാം. ഞങ്ങടെ കര്‍ത്താവു തമ്പുരാന് ഒരു ആട്ടിന്‍ കുട്ടിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന പടം കണ്ടിട്ടുണ്ടോ ? എന്താണു കാര്യം ? താഴെ നിര്‍ത്തിയാല്‍ ഞങ്ങളതിനെ ഫ്രൈ ചെയ്യും. തമ്പുരാന് കഴിക്കരുതെന്നു പറഞ്ഞ ആപ്പിള്‍ അന്നു കഴിച്ചില്ലായിരുന്നെങ്കില്‍ ഈ സുന്ദരമായ ഭൂമി മനുഷ്യരില്ലാതെ അനാഥമായി കിടന്നു കാടു പിടിച്ചു നശിച്ചു പോകുമായിരുന്നു. ശരിയല്ലേ ?…’
മത്തായിച്ചന് പറഞ്ഞതെത്ര സത്യം !
‘കണ്ടാലൊട്ടറിയുന്നു ചിലരിത്
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ…’
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
wonderful reading. loved the dig you made about Brahmins who claim to be superior to others and yet eat meat and drink alcohol. life’s ironies never end I would say.
Anjana Sankar
Delightful. Enjoyed reading.
Hello Hari, Namaste… the unique Hari style is discernible.
Once again much witty and precise. Sir, you should think about publishing a book with a collection of these articles.
പതിവുപോലെ ആസ്വദിച്ചു വായിച്ചു , നന്നായി ഇഷ്ട്ടപെട്ടു
എന്റെ പൊന്നു ഹരിസാറെ …….ഒരു രക്ഷയും ഇല്ല
” മത്തായിച്ചന് പറഞ്ഞതു തന്നെയാണ് പരമ സത്യം ! “
Dear Hari sir…
Interesting topic …So much impressed by the style of writing..I am not a vegetarian and am also against cow slaughter..but in some lines u moaned for the disappearance of local crane,frog,turtle etc..how they gone from our planet…no doubt… because of the flesh eaters among us..U deserve a big applause for the idea of non ailing slaughter centres..Then my respect on u has doubled now reading that u have been a blood donor since a long time..no doubt sir…U r a model for us…a big salute sir👍