Month: October 2014

  • എന്റെ പാചക പരീക്ഷണങ്ങള്‍

    ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ പ്‌രാക്കുമാവാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍ തന്നെ വീഴുമെന്നുറപ്പാണ്‌. പത്തു മുപ്പതു വര്‍ഷം മുന്‍പ്‌ ഞാന്‍ മൈസൂറില്‍ ഒരു ലോ കോളേജില്‍ പഠിച്ചിരുന്നു. ആദ്യത്തെ വര്‍ഷം ലോകോളേജ്‌ ഹോസ്റ്റലില്‍ തന്നെ താമസിച്ചു. മാതപ്പ എന്നൊരു വിദ്വാനാണ്‌ അന്ന്‌ അവിടത്തെ പാചകക്കാരന്‍. വിധിയുടെ വിളയാട്ടം മൂലം മാതപ്പയ്‌ക്ക്‌ ചില്ലറ മോഷണങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്‌ രണ്ടോ മൂന്നോ ഭാര്യമാരിലായി എട്ടോ പത്തോ കുട്ടികളുണ്ട്‌. അതു ലോകോളേജ്‌ പ്രിന്‍സിപ്പലിനോ, പ്രൊഫസര്‍മാര്‍ക്കോ പോലും ചിന്തിക്കാന്‍ പറ്റാത്ത ലക്ഷ്വറി ആണ്‌. പിന്നല്ലേ തുച്ഛവേതനക്കാരനായ ഹോസ്റ്റല്‍ കുക്കിന്‌. ശുദ്ധമാന്യനാണ്‌ മാതപ്പ. തികഞ്ഞ പുകവലിക്കാരനാണെങ്കിലും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിന്ന്‌ ഒരു മുറി ബീഡി പോലും വലിക്കില്ല. പതുക്കെ ഹോസ്റ്റലിനു പുറത്തു പോയി വഴിയില്‍നിന്നു സിഗററ്റു വലിച്ചു മടങ്ങി വരും. മാതപ്പ അധിക വിഭവസമാഹരണത്തിന്‌ ആശ്രയിച്ച മാര്‍ഗ്ഗം മെസ്സിലേക്കുള്ള സാധനം വാങ്ങല്‍ ആയിരുന്നു. ഈ വിവരം എല്ലാവര്‍ക്കുമറിയാമെങ്കിലും, ആര്‍ക്കും ഒരു തെളിവും അവശേഷിപ്പിക്കാതെ അദ്ദേഹം കാര്യം നടത്തിയിരുന്നു. ഞങ്ങള്‍ക്കു സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

    ഈയിടെ ഞാന്‍ മാതപ്പയെക്കുറിച്ചോര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. മംഗള്‍യാന്‍ ചൊവ്വയിലെത്തിയപ്പോള്‍, നമ്മുടെ ശാസ്‌ത്രലോകത്തിന്റെ വക്താക്കള്‍ പറഞ്ഞു “ആട്ടോറിക്ഷക്കാശിനാണ്‌ നമ്മള്‍ ചൊവ്വയിലെത്തിയ”തെന്ന്‌. കേട്ട വിദേശികളും അതിനോടു യോജിച്ചു. അവര്‍ പറഞ്ഞു “ഞങ്ങളുടെ നാട്ടില്‍ ചൊവ്വയില്‍ പോകുന്നതിനുള്ള കാശു വേണം നിങ്ങളുടെ നാട്ടില്‍ ആട്ടോറിക്ഷയില്‍ കയറാന്‍ എന്നു പലരും പറഞ്ഞിട്ടുണ്ട്‌”. ഇതു പോലൊരു സംഭാഷണം പണ്ടു ഞങ്ങളുടെ ഹോസ്റ്റിലിലും നടന്നിട്ടുണ്ട്‌. ഭക്ഷണത്തിന്റെ നിലവാരം ദയനീയമായിരുന്നതിനാല്‍ ആ വിഷയം അധികം വേദനിപ്പിക്കാതെ മാതപ്പയെ അറിയിക്കണം എന്നൊരഭിപ്രായം വന്നു. എനിക്കാണാ ജോലി കിട്ടിയത്‌. ഞാന്‍ മാതപ്പയെ ഒറ്റയ്‌ക്കു ചെന്നു കണ്ടു. എല്ലാ ഭാര്യമാരിലെയും ഒന്നും രണ്ടും കുട്ടികളുടെ സുഖവിവരമന്വേഷിച്ചു. മാതപ്പ സന്തുഷ്ടനായി. കൂട്ടത്തില്‍ ഞാന്‍ വളരെ സ്‌നേഹത്തോടെ പറഞ്ഞു “മാതപ്പ സ്വാമീ, ഭക്ഷണത്തിന്റെ കാര്യത്തില്‍ എവിടെയോ, എന്തോ ഒരു കുഴപ്പമുണ്ട്‌ നമ്മുക്കൊന്നാലോചിക്കണം”. ഒരു കുലുക്കവുമില്ലാതെ മാതപ്പ പറഞ്ഞൂ “ശരിയാ സാര്‍, നമ്മള്‍ ഈ ഭക്ഷണം ഈ വിലയ്‌ക്കു കൊടുക്കുന്നതു ശരിയല്ല. മെസ്‌ ബില്ല്‌ ഇരട്ടി എങ്കിലുമാക്കണം”. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ മെസ്സിന്റെ ചുമതല പാലായ്‌ക്കടുത്തുള്ള കടപ്ലാമറ്റംകാരന്‍ ജോസഫ്‌ ചേട്ടന്റെയും എന്റെയും ചുമലില്‍ വന്നു വീണു. മാതപ്പയുടെ കളി അവസാനിപ്പിക്കുമെന്ന രഹസ്യ പ്രഖ്യാപനത്തോടെ ഞങ്ങള്‍ ഭരണമേറ്റു. പക്ഷേ മാതപ്പ ഒരു മൊട്ടുസൂചി പോലും ഹോസ്റ്റലിനു പുറത്തു കൊണ്ടു പോവുന്നില്ല. സാധനങ്ങളെല്ലാം പണം കൊടുത്തു ഞങ്ങളെക്കൊണ്ടു തന്നെ വാങ്ങിപ്പിക്കുകയാണ്‌. മെസ്സിന്റെ ചെലവാകട്ടെ റോക്കറ്റു പോലെ മേലോട്ടു പോകുന്നുമുണ്ട്‌. അങ്ങിനെ ആ വേദനിപ്പിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ വല്യപ്പൂപ്പന്മാര്‍ വിചാരിച്ചാല്‍ പോലും ഈ പെരുംകള്ളനെ പിടിക്കാന്‍ പറ്റില്ല. അതോടെ അഹങ്കാരം അടങ്ങി.

    പക്ഷെ അഹങ്കാരം അടങ്ങിയതു കൊണ്ടാണോ എന്നറിയില്ല, അധികം താമസിയാതെ ഭാഗ്യം തെളിഞ്ഞു. മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒന്നും ചേര്‍ന്നു പഠിക്കാന്‍ സമയം കിട്ടിയിരുന്നില്ലെങ്കിലും മാതപ്പ വളരെ കൃത്യമായ ഒരു sop അഥവാ standard operating procedure തയ്യാറാക്കിയിരുന്നു. പഞ്ചസാര, ഉഴുന്ന്‌, പയര്‍ തുടങ്ങിയ സാധനങ്ങള്‍ അദ്ദേഹം മെസ്സ്‌ സെക്രട്ടറിയുമായി പോയി ഹോസ്റ്റലിനടുത്തുള്ള കടയില്‍ നിന്നു വാങ്ങും. എന്നു പറഞ്ഞാല്‍ മാതപ്പ ഓര്‍ഡര്‍ ചെയ്യും, മെസ്‌ സെക്രട്ടറി പണം കൊടുക്കും. അതു കഴിയുമ്പോള്‍ അദ്ദേഹം രണ്ടു വിരല്‍ ചുണ്ടില്‍ വച്ച്‌ ദയനീയമായി ഒരാംഗ്യം കാണിക്കും. ‘ഒരു ബീഡി വലിച്ചോട്ടെ’ എന്നാണ്‌. മാതപ്പ ഞങ്ങളോടു കാണിക്കുന്ന ബഹുമാനത്തില്‍ സംപ്രീതരായ ഞങ്ങള്‍ പതിയെ ഇറങ്ങി നടക്കുമ്പോള്‍ പുറകില്‍ നിന്നൊരപേക്ഷ വരും. “സാര്‍ ആ പിള്ളേരെ ഒന്നു വിട്ടേക്കണേ”. ഞങ്ങള്‍ ഹോസ്‌റ്റലിലെത്തി മാതപ്പയുടെ അസിസ്റ്റന്റുമാരായ പിള്ളേരെ പറഞ്ഞു വിടും. അവര്‍ വാങ്ങിയ സാധനങ്ങള്‍ എടുത്തു കൊണ്ടു വരും. അങ്ങിനെയിരിക്കെ അസിസ്റ്റന്റുമാര്‍ ഇല്ലാത്ത ഒരു ദിവസം വന്നു. പുകവലി കഴിഞ്ഞു സാധനങ്ങളുമായി മാതപ്പ തന്നെ പുറത്തേക്കിറങ്ങുന്നു. കടയില്‍ മറന്നു വെച്ച ഒരു പുസ്‌തകം എടുക്കാന്‍ ജോസഫ്‌ ചേട്ടനും മടങ്ങിച്ചെല്ലുന്നു. മാതപ്പയുടെ കയ്യിലെ പൊതികള്‍ കണ്ടപ്പേള്‍ മൂപ്പര്‍ക്ക്‌ എന്തോ ഒരു സംശയം. എല്ലാം നിര്‍ബന്ധമായി വീണ്ടും തൂക്കി നോക്കിയപ്പോള്‍ 5 കിലോ പഞ്ചസാരയ്‌ക്കു പകരം മൂന്നു കിലോ പഞ്ചസാര, ഒരു കിലോ തേയിലക്കു പകരം അരക്കിലോ…. അങ്ങിനെ പോകുന്നു കാര്യങ്ങള്‍. പാലാക്കാരനോടാണു കളി. കൂടുതല്‍ വര്‍ണ്ണിക്കേണ്ടല്ലോ. മാതപ്പയെ പിരിച്ചു വിടാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാണ്‌. പക്ഷെ പകരം സംവിധാനം എന്ത്‌? ഇതിനിടയില്‍ മാതപ്പയുടെ അസിസ്റ്റന്റുമാര്‍ എനിക്കൊരുറപ്പു നല്‍കിയിരുന്നു. ഇയാള്‍ പോയിക്കിട്ടിയാല്‍ അവര്‍ കാര്യങ്ങള്‍ നോക്കി കൊള്ളാമെന്ന്‌. അങ്ങിനെ മാതപ്പ പോയി. എന്റെ ജാമ്യത്തില്‍ പയ്യന്‍മാര്‍ പാചകം ഏറ്റെടുത്തു. മാതപ്പ നല്ല ഒരു പരിശീലകനായിരുന്നു എന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. സ്വന്തം പാചകശൈലി അതേപടി അസിസ്റ്റന്റുമാരെയും പഠിപ്പിച്ചിരുന്നു. ഏതച്ഛന്‍ വന്നാലും അമ്മയുടെ കാര്യം കഷ്ടം തന്നെ എന്നൊരു ചൊല്ലു മലയാളത്തിലുണ്ടല്ലോ. അതത്ര മാന്യമായ പ്രയോഗമല്ല എന്നഭിപ്രായമുള്ളവര്‍ക്കു സ്വയം തിരുത്താം. ഏതു സര്‍ക്കാര്‍ വന്നാലും സാമ്പത്തിക ഉപദേഷ്ടാവ്‌ മുന്‍ലോക ബാങ്കുദ്യോഗസ്ഥന്‍ തന്നെയായിരിക്കും എന്നു വായിച്ചാലും ഇതേ അര്‍ത്ഥം കിട്ടും. ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യം കഷ്ടം തന്നെ. എന്റെ കാര്യം അതിലും കഷ്ടം. അന്നവിടെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളുണ്ട്‌. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള മലയാളമൊഴിച്ചുള്ള മിക്കവാറും എല്ലാ ഭാഷകളിലെയും എല്ലാ തെറികളും ആദ്യമായി ഞാന്‍ കേള്‍ക്കുന്നതപ്പോളാണ്‌. ഒടുവില്‍ ഞാന്‍ നാട്ടിലേക്കു വണ്ടികയറി. ഒരാഴ്‌ച വീട്ടില്‍ നിന്ന്‌ സാമ്പാര്‍, രസം, തോരന്‍, മെഴുക്കു പുരട്ടി ഇത്രയും ഉണ്ടാക്കാന്‍ പഠിച്ചു തിരിച്ചു ചെന്നു. അസിസ്റ്റന്റുമാര്‍ക്ക്‌ ഇന്‍സര്‍വ്വീസ്‌ പരിശീലനം നല്‌കുന്നതിന്റെ ചുമതല ഏറ്റെടുത്തു. ഇതോടെ ഹോസ്റ്റലിലെ ഭക്ഷണം അതീവ രുചികരമായി എന്നാരും തെറ്റിദ്ധരിക്കരുത്‌. നേരത്തെ സാമ്പാര്‍ ഒരു ചെറുചൂടുള്ള മല്ലി-മുളകു ലായനി ആയിരുന്നു. എന്റെ പരിശീലനത്തോടെ അതു ചെറു ചൂടുള്ള മല്ലി-മുളകു-കായം-പുളി-ലായനി ആയി. എന്തായാലും മാതപ്പ വധം കഥകളി പൂര്‍ത്തിയാക്കി എന്നു പറയാം. ഈ മാതപ്പയുടെ പ്‌രാക്കാണ്‌ എപ്പോഴും എന്റെ പാചകത്തില്‍ വന്നു വീണുകൊണ്ടിരിക്കുന്നത്‌ എന്നൊരു സംശയം.

    എനിക്ക്‌ എപ്പോഴും പറ്റുന്ന ചില കുഴപ്പങ്ങളുണ്ട്‌. പാചകക്കുറിപ്പു കൃത്യമായി മനസ്സിലാക്കാതെയാണ്‌ പലപ്പോഴും തുടങ്ങുക. ഇനി കൃത്യമായ പാചകക്കുറിപ്പാണെങ്കിലും പാതി വഴിയെത്തുമ്പോള്‍ ഒരു പരീക്ഷണം നടത്താന്‍ എനിക്കു തോന്നിപ്പോകും. കല്ലായാലും കമ്പായാലും പല്ലു പോയാല്‍ മതിയല്ലോ. ഒറ്റ ഉദാഹരണം കൊണ്ടു കഥ അവസാനിപ്പിക്കാം. രണ്ടു കൊല്ലം മുന്‍പു ഞാനൊന്നു വയനാട്ടില്‍ പോയി. അവിടെ ചെല്ലുമ്പോള്‍ എനിക്കു ചുമയും തൊണ്ട വേദനയുമൊക്കെയുണ്ട്‌. വിവരമറിഞ്ഞ ഒരു സുഹൃത്ത്‌ ഒരു കട്ടന്‍കാപ്പി ഒരു ആദിവാസി സ്‌നേഹിതനെ കൊണ്ടു ശരിയാക്കിച്ചു തന്നു. മൂന്നുനാലു ഗ്ലാസ്സു കുടിക്കാന്‍ പറഞ്ഞു. എന്തൊക്കയോ മരുന്നുകള്‍ ചേര്‍ത്തതാണ്‌ നല്ല രുചി. രണ്ടാം ദിവസം എഴുന്നേറ്റപ്പോള്‍ അസുഖങ്ങളൊന്നുമില്ല. ഞാന്‍ ചേരുവകള്‍ ചോദിച്ചു മനസ്സിലാക്കി. അയമോദകം, ഗ്രാമ്പൂ, ചുക്ക്‌, കുരുമുളക്‌, മല്ലി, പെരുജീരകം തുടങ്ങി ഏഴോ എട്ടോ സാധനങ്ങളുണ്ട്‌. തിരിച്ചു നാട്ടിലെത്തിയ ഉടന്‍ എന്റെ ഒരു സഹായിയെ വിളിച്ചു. ഇതെല്ലാം ഒന്നു വാങ്ങിത്തന്നു സഹായിക്കണമെന്നു പറഞ്ഞു. അദ്ദേഹം അളവു ചോദിച്ചപ്പോഴാണ്‌ ഞാന്‍ ഇതിന്റെ ഒന്നും അളവു ചോദിച്ചില്ലായിരുന്നു എന്നോര്‍ത്തത്‌. അവിടെ ഞാന്‍ എന്റെ കോമണ്‍സെന്‍സ്‌ ഉപയോഗിച്ചു. എല്ലാം തുല്യ അളവില്‍ തന്നെ വാങ്ങാന്‍ പറഞ്ഞു. പക്ഷെ എട്ടു സാധാനങ്ങളും 250 ഗ്രാം വീതം എടുക്കുമ്പോള്‍ രണ്ടു കിലോ ആകുമെന്ന കാര്യം മറന്നു പോയി. എന്തായാലും സാധനങ്ങളെല്ലാം കിട്ടി. എല്ലാം പൊടിച്ചു നന്നായി മിക്‌സ്‌ ചെയ്‌തെടുത്തു. കാപ്പിപ്പൊടി മാത്രം ചേര്‍ത്തില്ല. കട്ടന്‍ കാപ്പി ഇട്ട ശേഷം ഇതില്‍ നിന്ന്‌ ഒരു സ്‌പൂണ്‍ പൊടി കൂടി ചേര്‍ത്താല്‍ മതിയല്ലോ. ആദ്യകപ്പ്‌ കാപ്പി തയ്യാറായി. രുചി നോക്കി. മരപ്പൊടി കാപ്പിയിലിട്ടു തിളപ്പിച്ചതു പോലെയുണ്ട്‌. കുഴപ്പമെന്താണെന്ന്‌‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഭാര്യയോടു ഈ വിവരം പറയാന്‍ പറ്റില്ല. ഒരു സ്‌നേഹിതയെ വിളിച്ചു നോക്കി. അവര്‍ പറഞ്ഞു, “ജിരകവും മല്ലിയും ഭാരം കുറവല്ലേ, വോള്യം കൂടുതലായിരിക്കും, അതാവാം”. ശരിയായിരിക്കാം. അതാവും. പാതകത്തില്‍ നോക്കി. ഞാന്‍ ഉണ്ടാക്കിയ വിനാശ ചൂര്‍ണ്ണം രണ്ടു കുപ്പി നിറയെ അവിടെ ഇരുന്നു ചിരിക്കുന്നു. ഹെലികോപ്‌റ്റര്‍ ഉണ്ടായിരുന്നെങ്കില്‍ വല്ല ശത്രുരാജ്യത്തും കൊണ്ടുപോയി വിതറാമായിരുന്നു. ഇനിയിപ്പോളെന്തു ചെയ്യാന്‍? മജീഷ്യന്‍ മുതുകാട്‌ സെക്രട്ടറിയേറ്റും റെയില്‍വേസ്റ്റേഷനുമൊക്കെ വിഴുങ്ങുന്നതു പോലെ ഒറ്റയടിക്കും കുപ്പി വിഴുങ്ങി പ്രശ്‌നം തീര്‍ക്കാന്‍ എനിക്കു പറ്റില്ല. വിപുലമായ കാപ്പിപ്പൊടി നിര്‍മ്മാണ പ്രക്രിയ ഭാര്യയും കണ്ടതാണ്‌. പെട്ടെന്നു കുപ്പി അപ്രത്യക്ഷമായാല്‍ ഇത്തരമൊരു ഘട്ടത്തില്‍ ഒരു ശരാശരി മലയാളി ഭര്‍ത്താവിനു മേല്‍ സ്വീകരിക്കപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും ഞാനും നേരിടേണ്ടി വരും. ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു രാവിലെ ഒരു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതില്‍ അല്‌പം ഉപ്പും പിന്നെ ഞാന്‍ ഉണ്ടാക്കിയ സിദ്ധൗഷധം രണ്ടു സ്‌പൂണും ചേര്‍ക്കുക. അതു കൊണ്ട്‌ ഒരു ഓം ലെറ്റ്‌ ഉണ്ടാക്കി കഴിക്കുക. പക്ഷെ രണ്ടുവര്‍ഷമായിട്ടും കുപ്പികള്‍ കാലിയാവുന്നില്ല എന്നതാണു കഷ്ടം. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും വേണമെന്നു തോന്നുന്നെങ്കില്‍ മേല്‍വിലാസം അറിയിക്കുക. ബാക്കി ഇരിക്കുന്നതു സൗജന്യമായി അയച്ചുതരാം.

  • ചില വിദ്യാഭ്യാസ ചിന്തകള്‍

    ക്ലാസ്സിലിരുന്നു പട്ടിയെക്കുറിച്ചു സംസാരിച്ച കുട്ടിയെ ടീച്ചര്‍ പട്ടിക്കൂട്ടിലടച്ചതായി വാര്‍ത്ത കണ്ടു. ഭാഗ്യം, കടുവയെയോ, സിംഹത്തെയോ, പുലിയെയോ കുറിച്ചു സംസാരിക്കുവാന്‍ കുട്ടിക്കു തോന്നിയില്ലല്ലോ. എങ്കില്‍ കടുവാക്കൂടും, സിംഹക്കൂടുമൊക്കെ കണ്ടുപിടിക്കാന്‍ ടീച്ചര്‍മാര്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു! എന്തായാലും ഏകദേശം 40-45 വര്‍ഷം മുന്‍പു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക് അന്നത്തെ ചില കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ഇതൊരു പ്രചോദനമായി. നാട്ടിന്‍പുറം എന്നു തന്നെ പറയാവുന്ന ഒരു ചെറിയ ടൗണിലെ സ്‌കൂളിലാണു ഞാന്‍ പ്രൈമറി വിദ്യാഭ്യാസം നടത്തിയത്. സ്‌കൂളിനു ചുറ്റും വിശാലമായ പറമ്പുണ്ട്. ചിലയിടങ്ങളിലൊക്കെ വേലിയുണ്ടെങ്കിലും അതിരു തിരിച്ചറിയാമെന്നല്ലാതെ കെട്ടിയടച്ചിട്ടില്ല. പുല്ലും ചെടിയും മരവും പൂമ്പാറ്റയുമെല്ലാം സുലഭം. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു മൂത്രപ്പുര ഇല്ല. കുന്നിനു മുകളില്‍ വേലിയുള്ള ഭാഗത്തു പോയി നിരന്നു നിന്നു വേലിയുടെ മറവിലേക്കു മൂത്രമൊഴിക്കുക. പെട്ടെന്നൊഴിച്ചു തീര്‍ക്കണം. ഇല്ലെങ്കില്‍ എട്ടൊന്‍പതു കൊല്ലമായി പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു മാന്യന്‍ വരും. മൂത്രമൊഴിക്കുന്നവന്റെ രണ്ടു തോളിലും ബലമായി പിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പറയും ‘ഹൊ, ഞാന്‍ പിടിച്ചില്ലെങ്കില്‍ വീഴുമായിരുന്നു’. ഇതോടെ അടുത്തു നില്ക്കുന്നവരുടെ കാലില്‍ മൂത്രം വീഴും. പിന്നത്തെ പൂരം പറേയണ്ടല്ലോ. പത്തു പതിനാലു വയസ്സുള്ള ആ കശ്മലനോടു ഏറ്റുമുട്ടാന്‍ നമുക്കു പറ്റില്ല. അദ്ദേഹം റൗണ്ട്‌സിനിറങ്ങുന്നതിനു മുന്‍പ് കാര്യം നടത്തി സ്ഥലം വിടുകയാണു പോംവഴി. എന്നാല്‍ കൊച്ചു കുട്ടികളും മോശമല്ലായിരുന്നു കേട്ടോ.

    പ്രഭാതത്തില്‍ പുല്‍നാമ്പുകളില്‍ തങ്ങിയിരിക്കുന്ന വെള്ളം കണ്ണിലൊഴിക്കുന്നത് ഒരു അനുഭൂതിയാണ്. അതു പുല്ലില്‍ നിന്ന് ഊറിവരുന്നതാണോ, മഞ്ഞുതുള്ളിയാണോ എന്ന് ഇന്നും എനിക്കറിയില്ല. കണ്ണിത്തുള്ളിയെന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്. അതിരാവിലെ ചെന്ന് തപ്പിയെടുത്തു കണ്ണിലൊഴിക്കും. അതു കഴിഞ്ഞു താമസിച്ചു വരുന്ന പാവങ്ങള്‍ക്കായി പുല്‍നാമ്പുകള്‍ക്കു മുകളില്‍ ഒരു ചെറിയ മൂത്രസേചനം ചെയ്യുന്നതും ഞങ്ങളുടെ ഹോബി ആയിരുന്നു. ഓന്തുകള്‍ക്കും തുമ്പികള്‍ക്കും അടിയന്തിരാവസ്ഥക്കാലമായിരുന്നു ഞങ്ങളുടെ പ്രൈമറി വിദ്യാഭ്യാസകാലം. പുറത്തിറങ്ങിയാല്‍ ഓടിച്ചിട്ടു പിടിക്കും. ഞങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ പലരും ഓന്തിന്റെ നിറം മാറ്റം പഠിച്ചത് ഓന്തിനെ കല്ലെറിഞ്ഞ് ഓടിച്ച് പല പരിസരങ്ങളിലും കയറ്റിയാണ്. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുക എന്നതാണു ശൈലി. എങ്കിലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ദ്രോഹി തികച്ചും നൂതനമായ ഒരു പീഡനമാര്‍ഗ്ഗം ആവിഷ്‌കരിച്ചു. തുമ്പിയുടെ വാലില്‍ ഒരു നീളന്‍ പുല്ലു കയറ്റുക. അതോടെ തുമ്പിക്ക് മുകളിലേക്കു മാത്രമേ പറക്കാന്‍ പറ്റൂ. അത് ഏതെങ്കിലും മരത്തിന്റെയോ കെട്ടിടത്തിന്റെയോ മുകളില്‍ കുടുങ്ങും. അവിടിരുന്നു ചത്തു പോകും .അന്വേഷണകുതുകി ചെറുപ്പത്തിലേ നാടുവിട്ടു. പിന്നെ വിവരം ഒന്നും ഇല്ല. ഇപ്പോള്‍ ഏതെങ്കിലും ചെറിയ രാജ്യത്തിന്റെയോ തീവ്രവാദി സംഘത്തിന്റെയോ രഹസ്യാന്വേഷണ വിഭാഗം മേധാവിയോ ആയി വിലസുന്നുണ്ടാവും.ഏതായാലും ഞങ്ങള്‍ തുമ്പികളെയും ഓന്തുകളെയുമെല്ലാം മുകളിലേക്കു പറത്തി വിട്ടതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഇന്നത്തെ കുട്ടികളാണ്. അവരുടെ പാഠപുസ്തകത്തില്‍ പോലും ഒരു നാടന്‍ ഓന്തോ, ഓണത്തുമ്പിയോ,അരണയോ ഇല്ല. സ്‌കൂളിനു അടച്ചു പൂട്ടില്ലെങ്കിലും സ്‌കൂള്‍ സ്‌കൂള്‍ തന്നെയാണ്. സാങ്കല്പികമായ ഒരു ലക്ഷ്മണരേഖ അതിനു ചുറ്റുമുണ്ടായിരുന്നു. മെയ്ന്‍ റോഡിലേക്കുള്ള സ്‌കൂളിന്റെ ഗേറ്റ് ഒരിക്കലും അടഞ്ഞു കിടന്നിരുന്നില്ല.

    സ്‌കൂളിനുള്ളിലെ മര്‍ദ്ദന സംവിധാനത്തിന്റെ പൂര്‍ണ്ണ ചുമതല അധ്യാപകര്‍ക്കായിരുന്നു. അതില്‍ പുറത്തു നിന്നാരും കൈകടത്താന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സ്‌കൂളിന് അകത്തു കടക്കുന്നത് തെറ്റാണെന്ന പൂര്‍ണ്ണബോധ്യം നാട്ടുകാര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ നാട്ടുകാരുടെ കയ്യുടെ ചൂടറിയേണ്ടി വന്നിരുന്നില്ല. ഞങ്ങള്‍ സ്‌കൂളിന്‍ വരുന്നത് മറ്റൊരു വഴിയിലൂടെ ആണെങ്കിലും ഉച്ചയ്ക്ക് മെയിന്‍ റോഡിനപ്പുറമുള്ള വഴിയോര പൈപ്പില്‍ നിന്നാണ് ചോറു കൊണ്ടു വന്ന പാത്രം കഴുകുന്നത്. ആ സമയത്ത് ആ വഴി നടന്നു പോകുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര് വേലു എന്നാണെന്ന് ആരോ പറഞ്ഞു തന്നു. പിന്നെ വേലു പോകുമ്പോള്‍ ഞങ്ങളുടെ കൂട്ടവിളിയാണ് ‘വേലുവേ ശരണം’. സുമുഖനായ ആ ചെറുപ്പക്കാരന്‍ സഹികെട്ടു. പക്ഷെ എന്തു ചെയ്യാന്‍? സ്‌കൂളില്‍ പുറത്തു നിന്നുള്ളവര്‍ കയറാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ സുരക്ഷിതരാണ്. ഒരു ദിവസം റോഡില്‍ നിന്നു പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കഴുത്തില്‍ ഒരു പിടുത്തം. ചവണയിട്ടു പിടിച്ചതു പോലെയുണ്ട്. തല തിരിക്കാന്‍ പറ്റുന്നില്ല. മുകളില്‍ നിന്നൊരു ചോദ്യം കേള്‍ക്കാം. ‘ഇനി വേലൂ എന്നു വിളിക്കുമോടാ’. എന്നിട്ടു പൂച്ചക്കുട്ടിയെ തിരിക്കുന്നതു പോലെ എന്നെ തിരിച്ചു പിടിച്ചു. വേലുവാണ്. എന്റെ ജിവന്‍ പോയി. അച്ഛന്‍, അമ്മ, അമ്മാവന്‍ തുടങ്ങി ഉറ്റ ബന്ധുക്കളുമായല്ലാതെ രക്തബന്ധമില്ലാത്ത ഒരു ശത്രുവുമായി ശാരീരികമായി നേരിട്ടൊരേറ്റു മുട്ടല്‍ ഇതാദ്യാമായിട്ടാണ്. ഞാന്‍ ദയനീയമായി പറഞ്ഞു. ‘ഞാനല്ല’. ‘നീയല്ലേടാ ഹരീ’. അതു ശരി, ഡിറ്റക്റ്റീവ് വേലു ഒളിച്ചിരുന്നു വാനര സംഘത്തിന്റെ നേതാവു ഞാനാണെന്നു കണ്ടു പിടിച്ചു തയ്യാറായി തന്നെ വന്നിരിക്കുകയാണ്. യാതൊരു സംശയവുമില്ലാതെ ഞാന്‍ പറഞ്ഞു ‘ഹരി ഞാനല്ല’. എന്റെ കൂട്ടു പ്രതികള്‍ക്കു സംഭവം പിടികിട്ടി. സ്‌കൂളിനുള്ളിലേക്കു പോകുന്ന മറ്റൊരു മൊട്ടത്തലയനെ ചൂണ്ടി അവര്‍ പറഞ്ഞു ‘ദാ അവനാണ് ഹരി’. ‘നില്ലെടാ അവിടെ’ എന്നു പറഞ്ഞു വേലു പാഞ്ഞു ചെന്നപ്പോള്‍ കാര്യം പിടികിട്ടിയില്ലെങ്കിലും എന്നെ പോലെ തന്നെ ധൈര്യശാലിയായ അവനും തിരിഞ്ഞു നോക്കാനൊന്നും മെനക്കെട്ടില്ല. ഓടി സ്‌കൂളില്‍ കയറി. വേലുവിനു മുന്‍പേ മൊട്ടത്തലയനെ പിടിക്കാനെന്ന മട്ടില്‍ ഞങ്ങളും സ്‌കൂളില്‍ കയറി. ഗേറ്റു കടന്നപ്പോള്‍ തിരിഞ്ഞു നിന്നു. സ്‌കൂളിന്റെ കോമ്പൗണ്ടില്‍ കടന്നാല്‍ പിന്നെ എന്തു വേലു?. ‘വേലുവേ , ഇവനാടാ ഹരി’ എന്നു കൂട്ടമായി കൂകി വിളിക്കാന്‍ തുടങ്ങി. ഒപ്പം സ്‌കൂളില്‍ കയറിയാല്‍ സാറിനോടു പറയുമെന്നും. പാവം വേലു പുറത്തു നിന്നു ബഹളം വച്ചു. മലയാള സിനിമയിലെ മന്ത്രവാദി ബാധ കയറിയ നായികയെ കളത്തിലേക്ക് ക്ഷണിക്കുന്നതു പോലെ ‘ഇവിടെ വാടാ’ എന്നു പറഞ്ഞു കണ്ണുരുട്ടി ചില ഉഗ്രമന്ത്രങ്ങളൊക്കെ ചൊല്ലി. ഒടുവില്‍ തിരിച്ചു പോയി.അതോടെ ഞാന്‍ ഒരു പരിസ്ഥിതി വാദിയായി മാറുകയും ചോറു വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടു പോകാന്‍ തുടങ്ങുകയും ചെയ്തു. കൈ കഴുകാന്‍ വെള്ളം സ്‌കൂളില്‍ നിന്നൊപ്പിക്കാം. പാത്രം കഴുകാന്‍ വഴിയില്‍ ഇറങ്ങണ്ടല്ലോ? ആ സ്‌കൂളില്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പരീക്ഷ കഴിഞ്ഞു മാര്‍ക്കു തരുമെന്നല്ലാതെ പ്രോഗ്രസ്സ് കാര്‍ഡോ റാങ്കു കണക്കാക്കലോ ഒന്നു മുണ്ടായിരുന്നില്ല.

    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പു പരീക്ഷയ്ക്കു ചേരാന്‍ പേരു കൊടുത്തിട്ടുണ്ടെന്നും തയ്യാറെടുത്തു കൊള്ളണമെന്നും എന്റെ അധ്യാപകന്‍ വിളിച്ചു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കേസില്‍ പിടിയിലായി അദ്ദേഹത്തിന്റെ അടുത്തു തന്നെ എത്തി. അന്നൊക്കെ റോഡ് ടാര്‍ ചെയ്യാന്‍ ടാറും ഉപയോഗിക്കുമായിരുന്നു. അതില്‍ കുറച്ച് ഇളക്കിയെടുത്ത് ഞാന്‍ ക്ലാസ്സിലെ ബഞ്ചില്‍ പലയിടത്തും ഒട്ടിച്ചു വയ്ക്കുകയും, അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ ബഞ്ചിലൊട്ടിയിരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ തെളിവു നിയമം പഠിക്കാന്‍ അവസരം കിട്ടിയത് വീണ്ടുമൊരു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതിനാല്‍ നേരെ വാ നേരെ പോ എന്നായിരുന്നു അന്നത്തെ നിലപാട്. ടാര്‍ ഉരുട്ടി എന്റെ തന്നെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടാണു കൊണ്ടുവന്നത്. കൂടുതല്‍ തെളിവെന്തു വേണം?. എന്നെ വളരെ ഇഷ്ടമായിരുന്ന സാര്‍ പേരിന് രണ്ടടി തന്നു. എന്നിട്ടു പറഞ്ഞു ‘സ്‌കോളര്‍ഷിപ്പെഴുതാന്‍ നിന്നെ വിടുന്നതു റാങ്കു മേടിക്കാനാ. നീ ഇവിടെ ടാറും ഉരുട്ടി നടക്കുകയും.’ സത്യമായും റാങ്ക് എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. അര്‍ത്ഥം പിടികിട്ടിയില്ല. വീട്ടില്‍ ചോദിച്ചാല്‍ ടാറിന്റെ കഥയും പറയേണ്ടി വന്നാലോ?. പിന്നെ എങ്ങിനെയോ രണ്ടു മൂന്നു ദിവസത്തിനകം ആരൊടൊക്കയോ ചോദിച്ചു മനസ്സിലാക്കി. അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കുറച്ചു കൂടി രസമായിരുന്നു. കൂടെയുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രായം 24-25 വയസ്സ്. പട്ടാളത്തില്‍ ചേരാന്‍ പറ്റുന്നതു വരെ പള്ളിക്കൂടത്തില്‍ തുടരുക എന്നതായിരുന്നു പലരുടെയും നിലപാട്. സ്‌കൂളിലെ കലാകായിക മത്സരങ്ങള്‍ നല്ല തമാശ ആയിരുന്നു. 25 വയസ്സു കാരനും 14 വയസ്സുകാരനും തമ്മിലുള്ള മത്സരം ആലോചിച്ചു നോക്കൂ. കബഡികളിയിലും മറ്റും പരുന്തു കോഴിക്കുഞ്ഞിനെ റാഞ്ചുന്നതുപോലെയാണ് എതിര്‍ ടീമിലെ അംഗങ്ങളെ എടുത്തു കൊണ്ടു പോകുന്നത്. നാടകമത്സരമാണു കാണേണ്ടത്. പതിനാലുകാരന്‍ കയറു ചായത്തില്‍ മുക്കി പിരിച്ചെടുത്ത മീശയും മൂക്കില്‍ കുത്തിക്കയറ്റി സ്റ്റേജില്‍ നിന്ന് പെണ്‍പിള്ളേര്‍ ഇരിക്കുന്ന ഭാഗത്തു നോക്കുക പോലും ചെയ്യാതെ വിക്കി വിക്കി പറയുന്നു ‘ഓമനേ, നീയില്ലാത്ത ജീവിതം…..’ അടുത്ത ടീമില്‍ 25 കാരന്‍ വെട്ടിനിര്‍ത്തിയ സ്വന്തം കപ്പടാ മീശ അരുമയായി തലോടി ആഡിറ്റോറിയത്തിലുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും മധുരമായ കടാക്ഷത്താല്‍ തലോടി പറയുന്നു ‘ഓമനേ, നീയില്ലാത്ത ജീവിതം…..’ സ്‌കൂളിലെ എന്‍. സി. സി. ആയിരുന്നു ഏറ്റവും ഗംഭീരം. അകൃതി കൊണ്ടും പ്രായം കൊണ്ടും അസ്സല്‍ പട്ടാളം തന്നെ.

    ഒരിക്കല്‍ എന്റെ വീടിനടുത്ത് ഒരു സ്‌കൂളില്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കഥാപ്രസംഗം. ഞാനും കേള്‍ക്കാന്‍ പോയി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അതേ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസ്തുത സ്‌കൂളിനെ പ്രതിനിധീകരിച്ച് യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയതായി പത്രത്തില്‍ കണ്ടു. വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി ആകും. പൂര്‍വ്വ വിദ്യാര്‍ത്ഥി പിന്നെയും വിദ്യാര്‍ത്ഥി ആകുമോ? ഡാര്‍വ്വിനെപ്പാലും ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിന്റെ പൊരുള്‍ തേടിച്ചെന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. വിദ്യാര്‍ത്ഥി ഏഴാം ക്ലാസ്സില്‍ മൂന്നാം കൊല്ലം പഠിക്കുമ്പോള്‍ ഒരു കൊലക്കേസില്‍ പ്രതിയായി. മനപ്പൂര്‍വ്വമല്ല. അയല്‍വാസിയുമായുണ്ടായിരുന്ന അതിരു തര്‍ക്കം കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നു പരിഹരിച്ചതാണ്. ബാക്കി അയല്‍വാസികളേയും സാക്ഷികളേയും ‘വേണ്ടരീതിയില്‍’ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടു തെളിവൊന്നും അവശേഷിച്ചില്ല. അവര്‍ക്കും അവിടെ തന്നെ ജീവിക്കണമല്ലോ. മൂന്നുകൊല്ലം കഴിഞ്ഞ് കോടതി വെറുതെ വിട്ടപ്പോള്‍ ആ നിഷ്‌കളങ്കന്‍ വീണ്ടും സ്‌കൂളിലേക്കു മടങ്ങി. അത്ര തന്നെ. സഹികെട്ട സര്‍ക്കാര്‍ 73 ലോ മറ്റൊ ഒരു ഞൊടുക്കു വേല ഇറക്കി. എട്ടാം ക്ലാസ്സില്‍ ഉള്ള മുഴുവന്‍ പേരെയും ഒന്‍പതിലേക്കും, അടുത്ത കൊല്ലം പത്തിലേക്കും വിജയിപ്പിച്ചു. മഹാഭൂരിപക്ഷം സിനീയര്‍ സിറ്റിസണ്‍സും തൊട്ടടുത്ത വര്‍ഷം പത്തില്‍ തോറ്റു പുറത്തു വന്നതോടെ സ്‌കൂള്‍ വീണ്ടും കുട്ടികള്‍ക്കുള്ള സ്ഥലമായി മാറി. സ്‌കൂളില്‍ നിന്നുള്ള കൂട്ടപ്പലായനവും ആഘോഷമായിട്ടായിരുന്നു. ടൗണില്‍ത്തന്നെയുള്ള ഒരു സ്‌കൂളിലെ 52 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ നേരത്ത് ഒരു ചെറിയ ചരിത്ര നിര്‍മ്മാണം നടത്തി. തടിയില്‍ തീര്‍ത്ത ഡസ്‌കില്‍ കോമ്പസ്സിന്റെ മുന കൊണ്ട് പേര്, മേല്‍വിലാസം, സ്‌കൂളില്‍ വന്ന വര്‍ഷം, പോയ വര്‍ഷം ഇതൊക്കെ കൊത്തിവച്ചു. ചരിത്രബോധമില്ലാത്ത പ്രധാന അധ്യാപകന്‍-കണക്കാണദ്ദേഹത്തിന്റെ വിഷയം.- പത്തു രൂപ വീതം ഫൈനടിച്ചു. അന്നത്തെക്കാലത്ത് അത് അല്പം വലിയ തുകയാണ്. ഭാവനാസമ്പന്നരായ രണ്ടു വിദ്യാര്‍ത്ഥികള്‍ ചുമതലയേറ്റു. അവര്‍ ബാക്കി അന്‍പതു പേരോട് ഒരു രൂപ വീതം പിരിച്ചെടുത്തു. മരപ്പണി ചെയ്യുന്ന ആശാരിക്ക് അന്നു ദിവസ വേതനം പന്ത്രണ്ടു രൂപയാണ്. ഇരുപതു രൂപ കൂലി സമ്മതിച്ച് അത്യാഗ്രഹിയായ ഒരു ആശാരിയെക്കൊണ്ടു വന്നു. രാത്രിയാണു കൊണ്ടു വന്നത്. ഓടിളക്കി കയറില്‍ കെട്ടി ഇറക്കിയ ആശാരി പൂട്ടിയിട്ട ക്ലാസ്സ് മുറിയിലെ എല്ലാ ഡസ്‌കും ചിന്തേരിട്ടു മിനുക്കിയതോടെ അമൂല്യമായ ആ ചരിത്രരേഖകള്‍ മാഞ്ഞു പോയി. തുടര്‍ന്നു വിലപേശല്‍ ആരംഭിച്ചു. ആശാരിക്ക് ഒന്നുകില്‍ ക്ലാസ്സ്മുറിയില്‍ തന്നെ തുടരാം, അതല്ല പതിനഞ്ചു രൂപ മതിയെങ്കില്‍ കയറില്‍ കെട്ടി തൂങ്ങി തിരികെ പുറത്തു വരാം. അങ്ങിനെ പതിനഞ്ചു രൂപ മതിയെന്നു വച്ച് പാവം ആശാരി പുറത്തു വന്നു. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ ക്വെട്ടേഷന്‍ ഒരു പക്ഷെ ഇതായിരുന്നിരിക്കാം. രക്തരഹിതമായിരുന്നു അന്നത്തെ ക്വട്ടേഷനുകള്‍ പോലും.

  • ക്രൈസിസ്‌ മാനേജ്‌മെന്റ്‌

    ഇതും ഒരു വെടിക്കെട്ടുകഥയാണ്‌. ഇതിലെ നായകന്‍ ഞാനല്ല. ഞാന്‍ വെറും പ്രേക്ഷകന്‍ മാത്രം. ഇതിലെ നായകനെ എനിക്കു മുന്‍പരിചയമില്ല. നാട്ടിന്‍പുറത്തെ അമ്പലങ്ങളില്‍ ഉത്സവത്തിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. ചില സ്ഥിരം പതിവുകാരുമുണ്ട്‌. തീവെട്ടിക്ക്‌ എണ്ണ ഒഴിക്കലും, നെറ്റിപ്പട്ടത്തിന്റെ കേടുപാടുതീര്‍ക്കലും, പരിപാടി അനൗണ്‍സു ചെയ്യലുമൊക്കെ ഓരേരുത്തരുടെ അവകാശം പോലെയാണ്‌. ഉത്സവക്കാലമാകുമ്പോള്‍ അവര്‍ എത്തും. എവിടെയെങ്കിലുമൊക്കെ തങ്ങും. സംഗതി കഴിയുമ്പോള്‍ സ്ഥലം വിടും. പ്രതിഫലത്തെക്കുറിച്ചും തര്‍ക്കമില്ല. നമ്മുടെ നാട്ടിലെ ഉത്സവകമ്മിറ്റിക്കാര്‍ ചെറുപ്രായത്തില്‍ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ചെന്നു പറ്റിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രൈസിസ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധരായി പോയേനെ എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ അവര്‍ വളരെ ലളിതമായി പരിഹരിക്കുന്നത്‌. ആവശ്യത്തിനു പണം കാണില്ല. ഉത്സവസമയത്തു കറണ്ടു പോകും. കലാപരിപാടിക്കാര്‍ സമയത്തു വരാറില്ല. ആന വിരണ്ടോടും. മൈക്ക്‌ സെറ്റ്‌ കേടാകും. വെടിക്കെട്ടു സമയത്തു മഴപെയ്യും. ആനപ്പുറത്തു കേറാന്‍ വന്ന പൂജാരിയും ചെണ്ടക്കാരുമൊക്കെ ചിലപ്പോള്‍ പിണങ്ങിപ്പോകും. പിന്നെ കള്ളുകുടിയന്‍മാര്‍, അടിപിടിക്കാര്‍, പോക്കറ്റടിക്കാര്‍, ഉത്സവകമ്മിറ്റിയിലെ പ്രതിപക്ഷം. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ കമ്മറ്റിക്കാരില്‍ ചിലര്‍ വളരെ സര്‍ഗ്ഗാത്മകമയി ഇടപെട്ടു പ്രശ്‌നം തീര്‍ക്കാറുണ്ട്‌. ചിലപ്പോള്‍ കാഴ്‌ചക്കാരായി നില്‌ക്കുന്ന ചിലരും മുന്നോട്ടു വന്നു വളരെ ക്രീയാത്മകമായി പരിഹാരം നിര്‍ദ്ദേശിക്കും. പിന്നെ അടുത്ത ഉത്സവം വരെ അവരെ കാണില്ല. hibernation ല്‍ ആയിരിക്കും. ഒരു കാര്യം കൂടി പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അന്താരാഷ്ട്രരംഗത്തു നടക്കുന്നതു പോലെ തന്നെ ഒട്ടു മുക്കാല്‍ ക്രൈസിസുകളും ഉണ്ടാക്കുന്നതും ഈ മാനേജര്‍മാര്‍ തന്നെയാണ്‌. പിന്നെ ചില നാട്ടു നടപ്പൊക്കെയുണ്ട്‌. ഉത്സവത്തിന്‌ കശപിശയുണ്ടായെന്നു വരാം. അടിപിടി ഉണ്ടായെന്നും വരാം. ഉത്സവം കഴിഞ്ഞാല്‍ പിന്നെ കണക്കുതീര്‍ക്കാന്‍ നോക്കരുത്‌. കുറിച്ചു വെച്ചേക്കുക. അടുത്ത കൊല്ലത്തെ ഉത്സവത്തിനെടുക്കാം. ഇതേ സമയം, ഇതേ സ്ഥലം.

    ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ ഉത്സവത്തിനു കതിനാവെടി വയ്‌ക്കാന്‍ ആളെകിട്ടിയില്ല. കതിനാവെടി അറിയാത്തവര്‍ക്കായി ഒരു വിശദീകരണം. ഒരു ഇരുമ്പുകുറ്റിയില്‍ വെടി കരിമരുന്നു നിറച്ചു പൊട്ടിക്കുന്ന പരിപാടിയാണ്‌. ഒരിഞ്ചു വ്യാസവും 6-8 ഇഞ്ച്‌ ഉയരവുമുള്ള ഇരുമ്പ്‌ കുറ്റിയാണിത്‌. അതിന്‍െറ ഉള്ളില്‍ നാലിഞ്ചു നീളത്തില്‍ ഒരു നല്ല തടിയന്‍ പേന കടത്താവുന്ന വലിപ്പത്തില്‍ ഒരു ദ്വാരം കാണും. അതു വഴിയാണ്‌ വെടിമരുന്നിടുന്നത്‌. സൈഡിലൂടെ ഒരു ആണി കടത്താവുന്ന വലിപ്പത്തില്‍ ഒരു ചെറിയ ദ്വാരം കാണാം. അവിടെയും വെടി മരുന്നു നിറയ്‌ക്കാം. അവിടെയാണു തീ കൊടുക്കുന്നത്‌,. മുകളിലത്തെ ദ്വാരത്തിനു മുകളില്‍ വെടിമരുന്നിന്‍െറ മുകളില്‍ അലപ്‌ം ഉമിയിട്ടു നിറച്ച്‌ പിന്നെ ഇഷ്ടികപ്പൊടിയിട്ട്‌ ഇടിച്ചുറപ്പിക്കും. ഉമിയിട്ടില്ലെങ്കില്‍ മരുന്നിടിച്ചുറപ്പിക്കുമ്പോള്‍ തന്നെ വെടി പൊട്ടാം. വെടിമരുന്നു തീ പിടിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ഇഷ്ടികയെ തെറിപ്പിച്ച്‌ പുറത്തേയ്‌ക്കു വരും. ഇതാണു വെടി ശബ്ദം. ഒരു കിലോ മീറ്റര്‍ അകലെ വരെ കേള്‍ക്കും. ഉത്സവകാലത്തു ദേവിവിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ചു ഭക്തരുടെ വീടുകളില്‍ കൊണ്ടു ചെല്ലുകയും അവിടെ നിന്ന്‌ വഴിപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. ചടങ്ങു കൊഴുപ്പിക്കാന്‍ ചെണ്ടയും കതിനാവെടിയും ഉണ്ട്‌. ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ കതിനാ വെടി ഉത്സവകാലത്തു മാത്രമുള്ള ഒരേര്‍പ്പാടാണ്‌. അതിനാല്‍ സ്ഥിരം വെടിക്കാരനില്ല. അല്‌പം അകലെയുള്ള ഒരു മഹാക്ഷേത്രത്തില്‍ നിന്ന്‌ ഏഴ്‌ എട്ട്‌ കതിനാക്കുറ്റികള്‍ തത്‌കാലത്തേയ്‌ക്കു കടം വാങ്ങും. ഒരു വെടിക്കട്ടു വിദ്‌ഗധനെയും ഒപ്പിക്കും. വെടിക്കെട്ടുകാരന്‍ അഞ്ചെട്ടിരുമ്പു കുറ്റികളും വെടിമരുന്നും ഒരു പെട്ടിയിലാക്കി നടക്കണം. ഇടയ്‌ക്കിടയ്‌ക്ക്‌ വെടിപൊട്ടിയ്‌ക്കുകയും ഒഴിഞ്ഞ കുറ്റി നിറയ്‌ക്കുകയും വേണം. ഈ കഥ നടക്കുന്ന വര്‍ഷം കതിനാക്കുറ്റികള്‍ എല്ലാം ശരിയായി. പക്ഷെ വെടിക്കെട്ടുകാരനെ കിട്ടിയില്ല. ആനപ്പുറത്തുള്ള എഴുന്നള്ളിപ്പു തുടങ്ങാറായിട്ടും ആളില്ല. അപ്പോഴാണ്‌ നമ്മുടെ നായകന്റെ രംഗപ്രവേശം. ബട്ടണ്‍സ്‌ അധികമില്ലാത്ത ഷര്‍ട്ടും, ലുങ്കിയും തലയില്‍കെട്ടുമായി ഒരാള്‍ വരുന്നു. പണി വല്ലതുമുണ്ടോ എന്നന്വേഷിച്ചിറങ്ങിയതാണ്‌. ഒരു പണിയും അറിയില്ല. പക്ഷെ എന്തു പണിയും ചെയ്യാന്‍ റെഡിയാണ്‌. മംഗള്‍യാന്‍ ഓടിച്ചു ചൊവ്വ വരെ പോകാനും തയ്യാര്‍. രണ്ടു ദിവസം ഒന്നു കാണിച്ചു കൊടുത്താല്‍ മാത്രം മതി. കൂലിക്കാര്യത്തിലും നിര്‍ബന്ധമില്ല. എന്തെങ്കിലും തന്നാല്‍ മതി. ഭാവനാശാലിയായ ഒരു ക്രൈസിസ്‌ മാനേജര്‍ മൂപ്പരെ ഏറ്റെടുത്തു. അടുത്ത ചായക്കടയില്‍ കൊണ്ടുപോയി ഉത്സവകമ്മിറ്റിയുടെ കണക്കില്‍ പ്രഭാതഭക്ഷണം വാങ്ങിക്കൊടുത്തു. കൂട്ടത്തില്‍ വെടിക്കെട്ടു പണികളുടെ സാധ്യതകളെക്കുറിച്ചു വാതോരാതെ വിശദീകരിച്ചു കൊടുത്തു. ചെറിയ അമ്പലമാണെന്നു കരുതേണ്ട. ഇവിടെ തുടങ്ങിയവരൊക്കെ വലിയ ആളുകളായിട്ടുണ്ട്‌.

    പ്രശസ്‌ത ഡാന്‍സര്‍മാരായ കുട്ടപ്പന്‍, ഭാര്‍ഗ്ഗവീ ആന്റ്‌ പാര്‍ട്ടിയുടെ അരങ്ങേറ്റം ഇവിടെയായിരുന്നു. ഇന്നിപ്പോള്‍ ആരാണ്‌? പിടിച്ചാല്‍ കിട്ടുമോ? ഒരു പക്ഷേ, പത്തുകൊല്ലം കഴിയുമ്പോള്‍ അലഹബാദില്‍ കുംഭമേളയ്‌ക്കു വെടിക്കെട്ടു കോണ്‍ട്രാക്ടര്‍ നീയാരിക്കും! പുതുമുഖത്തിനു പരമ സന്തോഷം. എന്തെങ്കിലും പണി അന്വേഷിച്ചു വന്നതാണ്‌. ഇപ്പോള്‍ ദാ എത്ര വലിയ ഉത്തരവാദിത്വമാണേല്‌പ്പിച്ചു തരുന്നത്‌. വിമാനം തുടയ്‌ക്കാന്‍ വന്നവനെ പിടിച്ചു പൈലറ്റാക്കിയ പോലുണ്ട്‌. കമ്മിറ്റിക്കാരും ക്രൈസിസ്‌ മാനേജര്‍മാരും കാണികളായ നാട്ടുകാരും ചേര്‍ന്ന്‌ കതിനാ നിറയ്‌ക്കാനും പൊട്ടിക്കാനും പഠിപ്പിച്ചു തുടങ്ങി. ഗുരുകുല വിദ്യാഭ്യാസമാണ്‌. എന്നു പറഞ്ഞാല്‍ ഒരു കുല ഗുരുക്കന്‍മാരും ഒരു ശിഷ്യനും. ശിഷ്യന്റെ ഇരുവശത്തും ഗുരുക്കന്മാരും മുമ്പില്‍ വലിയ കതിനാക്കുറ്റിയുമായി ഇരിക്കുന്നു. ചുറ്റും വലിയൊരാള്‍ക്കൂട്ടം തന്നെ. ആറുവശത്തു നിന്നും തകൃതിയായും പഠിപ്പിക്കല്‍ നടക്കുന്നു. ആദ്യ വെടി ചീറ്റിപ്പോയി. ശരിക്ക്‌ ഇടിച്ചുറപ്പിക്കാതിനാല്‍ കരിമരുന്നു കത്തി പുക്കുറ്റി പോലെ ചീറ്റിത്തീര്‍ന്നു. നാലഞ്ചെണ്ണം ചീറ്റിക്കഴിഞ്ഞപ്പോള്‍ ശബ്ദം വന്നു തുടങ്ങി. പിന്നെ താമസിച്ചില്ല. സംഘം പുറപ്പെട്ടു. ഏറ്റവും മുമ്പില്‍ ചെണ്ടക്കാര്‍. ഏറ്റവും പുറകില്‍ ആനയ്‌ക്കു തൊട്ടു പിന്നിലാണ്‌ വെടിക്കെട്ടുകാരന്റെ സ്ഥാനം. തലയില്‍ പെട്ടിയില്‍ 7-8 നിറച്ച കുറ്റി, രണ്ടുമൂന്നു കിലോ വെടിമരുന്ന്‌. ഒരു കൈകൊണ്ടു പെട്ടിയില്‍ പിടിച്ചാണു നടക്കുന്നത്‌. മറ്റെ കയ്യില്‍ ഒരു കഷ്‌ണം കയറുണ്ട്‌. കയറിന്റെ അറ്റത്തു തീയുണ്ട്‌. കതിന പൊട്ടിക്കാനാണ്‌. അത്‌ അല്‌പാല്‌പം വീശിവേണം നടക്കാന്‍. കയറു ദേഹത്തു തട്ടാത്ത അകലത്തില്‍ താറാവിന്‍ പറ്റം പോലെ കലപില കലപില ശബ്ദമുണ്ടാക്കി ഗുരുക്കന്മാരും, മറ്റു നാട്ടുകാരും.

    ആദ്യത്തെ വീട്ടില്‍ എഴുന്നള്ളത്‌ എത്തി. ആറ്റുതീരത്താണ്‌ വീട്‌. മനോഹരമായ പഴയ തറവാട്‌. ചടങ്ങുകള്‍ ഭംഗിയായി നടന്നു. നമ്മുടെ വെടിക്കാരന്‍ കൃത്യമായി, കണിശമായി വെടിപൊട്ടിച്ചു. എല്ലാവരും ഹാപ്പി. സംഘം തിരിച്ചു പോവുക ആണ്‌. ക്രൈസിസ്‌ മാനേജര്‍ നൂറുശതമാനം ഹാപ്പി. ഇതാ തൊഴിലില്ലാതെ അലഞ്ഞു നടന്ന ഒരു ചെറുപ്പക്കാരന്‌ ഒരു ജീവിതമാര്‍ഗ്ഗം തുറന്നുകൊടുത്തിരിക്കുന്നു. അവന്‍ മിടുക്കനാണ്‌. ഇനി കയറിപ്പോകും. വഴി കാണിച്ചു തന്നത്‌ ഈ നാട്ടുകാരനാണെന്നൊരു വിചാരം എന്നും വേണം അതു മാത്രം മതി ഞങ്ങള്‍ക്ക്‌. ആനന്ദപുളകിതനായി നടക്കുന്ന പുത്തന്‍ വെടിക്കെട്ടുകാരന്‍ കയ്യ്‌ ഒന്ന്‌ മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി കയ്യിലെ കത്തിക്കൊണ്ടിരുന്ന കയര്‍ തലയിലെ പെട്ടിയിലേക്കു വച്ചു. രണ്ടുകിലോ വെടിമരുന്നും എഴുകതിനാക്കുറ്റിയും ഒറ്റയടിക്കു കത്തി. തീയ്യ്‌, വെടി, പുക, ബഹളം. നായകന്‍ തലയിലെ പെട്ടി വലിച്ചെറിഞ്ഞ്‌ അലറിക്കൊണ്ടു തിരിഞ്ഞോടി ആറു നീന്തിക്കടന്ന്‌ അക്കരെ കയറിപ്പോയി. ഭാഗ്യത്തിനു കതിനാക്കുറ്റിയെല്ലാം താഴെ വീണു. മരപ്പെട്ടി മാത്രമാണ്‌ ആനയുടെ ചന്തിയില്‍ ചെന്നു കൊണ്ടത്‌. പൊന്നു മക്കളെ ചതിക്കല്ലേടാ എന്നു പറഞ്ഞ്‌ ആനക്കാരന്‍ കൊമ്പില്‍ തൂങ്ങിയതുകൊണ്ടും ചന്തിയില്‍ കതിനാവെടി കൊള്ളാഞ്ഞതു കൊണ്ടും ആനയങ്ങു ക്ഷമിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ കഥയിലെ നായകനെ അതിനു മുന്‍പോ പിന്‍പോ ഞങ്ങള്‍ ആരും കണ്ടിട്ടില്ല.