തല്ലുകൊള്ളികള്‍
ദൈവത്തിന് എവിടെയോ കണക്കു തെറ്റിയതു കൊണ്ടാണ് താന്‍ ഇന്ത്യയില്‍ ജനിച്ചതെന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരു സ്നേഹിതന് എനിക്കുണ്ട്. മൂപ്പര് മലയാളിയല്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍ അദ്ദേഹം ഒരു വിദേശ രാജ്യത്തു സ്ഥിരതാമസമാക്കി. ഇടയ്ക്ക് തിരിച്ചു വന്ന് സ്ത്രീധനം തൊട്ട് അമിതമായ ആര്‍ഭാടം വരെ ഇന്ത്യാക്കാരന് കാണിക്കുന്ന സര്‍വ്വ തൊട്ടിത്തരങ്ങളുടെയും അകമ്പടിയോടെ വിവാഹിതനായി. ഭാര്യാ സമേതം വിദേശത്തു ചെന്നു വീണ്ടും തിരിച്ചു സായിപ്പായി. ജീവിതം സസന്തോഷം പോവുമ്പോള്‍ അയാള്‍ക്കൊരു കുട്ടിയുണ്ടായി. അവനു മൂന്നു നാലു വയസ്സായപ്പോള്‍ പ്രശ്നം തുടങ്ങി. ഒന്നാന്തരമൊരു ഇന്ത്യന്‍ പൗരനാണു കുട്ടി. കിഴക്കോട്ടു വിളിച്ചാല്‍ പടിഞ്ഞാറോട്ടു പോകും. നേരെ നടക്കാന്‍ പറഞ്ഞാല്‍ തലകുത്തി നടക്കും. ടിഷ്യൂകള്‍ച്ചര്‍ ചെയ്താല്‍ പോലും ഇത്ര ലക്ഷണമൊത്ത ഒരു ഇന്ത്യന്‍ കുട്ടി ഉണ്ടാവാന്‍ പാടാണ്.
ഇതിനൊക്കെയുള്ള ഭാരതീയ പരിഹാരം അടിയാണല്ലോ. പക്ഷെ അതീക്കേസില്‍ നടപ്പില്ല. അവര്‍ താമസിക്കുന്ന രാജ്യത്തു കുഞ്ഞുങ്ങളെ തല്ലാന്‍ പാടില്ലത്രേ. പയ്യനോ, കാണികളോ പോലീസിനെ വിളിച്ചാല്‍ അച്ഛന് അകത്താവും. സഹികെട്ട നാടന്‍ സായിപ്പു വീണ്ടും ഇന്ത്യക്കാരനായി. ചെറുക്കനു കുറെ ഇന്ത്യന്‍ കഥകള്‍ പറഞ്ഞു കൊടുത്തു. മഹാരാജാക്കന്മാര്, പാമ്പാട്ടികള്‍, ആനകള്‍, മേരാ ഭാരത് മഹാന്�� ഒടുവില്‍ ഒരു മഹാരാജാവ്, രണ്ടു പാമ്പാട്ടി, മൂന്നാന ഇങ്ങിനെ കുറെ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ വാങ്ങിച്ചു തരാമെന്നു പറഞ്ഞു മകനെ നാട്ടിലെത്തിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കൊച്ചന്റെ പാസ്പോര്‍ട്ട് വലിച്ചുകീറി ‘യൂസ്മീ’ എന്നെഴുതിയ ബക്കറ്റിലിട്ടു. കാറില്‍ കയറിയ പാടെ അടിയും തുടങ്ങി. പോലീസിനെ വിളിക്കണമെന്നൊക്കെ കുട്ടി സായിപ്പു പറഞ്ഞെങ്കിലും സംഗതി ഏറ്റില്ല. ‘ഇവിടെ പോലീസും പട്ടാളവുമൊക്കെ ഞാനാടാ’ എന്നു പറഞ്ഞായിരുന്നു ബാക്കി അടി. പിന്നെ എന്ത് എന്നു നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേ ഉള്ളൂ.
മലയാള ഭാഷയിലെ ഒരു അപൂര്‍വ്വ പദമാണു ‘തല്ലുകൊള്ളി’. സ്ഥിരമായി തല്ലു കൊള്ളുന്നവനോ, തല്ലുകൊള്ളാന്‍ യോഗ്യത ഉള്ളവനോ ആണു തല്ലുകൊള്ളി എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ അത്തരം പദ പ്രേയാഗങ്ങള്‍ ഭാഷയില്‍ അധികമില്ല. കടപ്പുറത്തു കാറ്റു കൊള്ളാന്‍ പോകുന്നവനെ ‘കാറ്റുകൊള്ളി ‘എന്നോ സ്ഥിരമായി തീയ് കൊള്ളന്നുവനെ ‘തീ കൊള്ളി’ എന്നോ പാതിരായ്ക്കു പനികൊള്ളുന്നവനെ ‘പനികൊള്ളി’ എന്നോ വിളിക്കാറില്ല. ഭാഷയില്‍ തല്ലുകൊള്ളി ഒരപൂര്‍വ്വ പ്രയോഗമാണെങ്കിലും മലയാള നാട്ടില്‍ പലതരം ‘തല്ലുകൊള്ളികള്‍’ സുലഭമാണ്.
എന്റെ തലമുറയില്‍പ്പെട്ട അല്പം വികൃതികളായ കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ എല്ലാ ദിവസവും അടി ഉറപ്പായിരുന്നു. അന്ന് കുട്ടികളെ തല്ലാന്‍ ക്വട്ടേഷന്‍ സംഘങ്ങളൊന്നു ഇല്ലായിരുന്നു. അതു കൊണ്ട് രക്ഷകര്‍ത്താക്കള്‍ ആ ജോലി അധ്യാപകരെയാണ് ഏല്‍പ്പിച്ചിരുന്നത്. “സാറെ എന്റെ മോന് ഇത്തിരി ഉഴപ്പനാ, സാര്‍ എന്തു ചെയ്താലും വേണ്ടില്ല, അവനെ ഒന്നു നന്നാക്കിത്തരണ”മെന്നു പറഞ്ഞാല്‍ മാത്രം മതി. പൊന്നു മോന് അടികൊണ്ട് ഉരുളും.
ഞാന്‍ നാലു ക്ലാസ്സു പൂര്‍ത്തിയാക്കിയപ്പോള്‍ എന്നെ എന്റെ അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിലേക്കു മാറ്റി. സ്കൂളിന്റെ പേരു കളയാനല്ല, എന്നെ നന്നാക്കിയെടുക്കാന്‍. ആദ്യത്തെ ഒരാഴ്ച അമ്മ എന്നെ എല്ലാ അധ്യാപകര്‍്ക്കും പരിചയപ്പെടുത്തി. ‘ആഹാ ടീച്ചറിന്റെ മോനാണല്ലേ’ എന്നെല്ലാവരും ചോദിച്ചു. എനിക്കും അല്പം പ്രമാണിത്തരമൊക്കെ സ്വയം തോന്നി. പക്ഷെ സംഗതിയുടെ കിടപ്പ് പിന്നീടാണ് മനസ്സിലായത്. സ്കൂളിന്റെ ഏതു മൂലയില്‍ നിന്നു ഞാനനങ്ങിയാലും അമ്മ അറിയും. ഏതെങ്കിലും അധ്യാപകര്‍ എന്നെ ശിക്ഷിച്ചാല്‍ അടുത്തപടി വിവരം അമ്മയെ അറിയിക്കലാണ്. ഒരാഴ്ച കഴിഞ്ഞതോടെ പുതിയ സ്കൂളിന്റെ സര്‍വ്വ ത്രില്ലും പോയി. അടുത്ത ജന്മത്തിലെങ്കിലും ഇങ്ങിനെ ഒരു കെണിയില്‍ ചെന്നു ചാടരുതേ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു തുടങ്ങി.
സ്കൂള്‍ വിട്ടു വരുന്നത് ആദ്യകാലത്ത് അമ്മയുടെ കൂടെയായിരുന്നു. തമാശ പറഞ്ഞും, കഥ പറഞ്ഞും, ചിരിച്ചുമൊക്കെയാണ് ഞങ്ങള്‍ വരുന്നത്. വീടിനടുത്തുള്ള ഒരു പറമ്പിന് ചെമ്പരത്തി, നീലക്കോളാമ്പി തുടങ്ങി ഒട്ടേറെ ചെടികള്‍ കൊണ്ടു തീര്‍ത്ത ഒരു വേലിയുണ്ട്. അവിടെ എത്തുന്നതു വരെ കാര്യങ്ങള്‍ ജോറാണ്. അവിടെ എത്തുന്നതോടെ അമ്മ ഒരു നല്ല കമ്പൊടിച്ചെടുക്കും. പിന്നെ വെളിച്ചപ്പാട് കുളത്തില്‍ മുങ്ങി വാളുമെടുത്തു വരുന്ന പോലെയാണ്. സംഗതി കൈവിട്ടു പോകും. ഗേറ്റു കടന്നാലുടന്‍ നാലടിയാണ്. പിന്നെ ചോദ്യം വരും ‘നിന്നെ ആ സാര്‍ എന്തിനാടാ ഇന്നു തല്ലിയത്….’ അധ്യാപകന് എന്നല്ല ആരെങ്കിലും കുട്ടികളെ തല്ലുന്നതിന് ഒന്നോ രണ്ടോ കാരണങ്ങളേ ഉള്ളൂ. അടിസ്ഥാനപരമായി അവര്‍ ശിശുവൈരികളാവാം. അല്ലെങ്കില്‍ അടിയിലൂടെ കുട്ടികളെ നന്നാക്കിയെടുക്കാം എന്നൊരു തെറ്റിദ്ധാരണ അവര്‍്ക്കു ജന്മനാ ഉണ്ടാവാം. പക്ഷെ ഇതൊന്നും ആ സാഹചര്യത്തില്‍ എനിക്കു പറയാന്‍ പറ്റില്ലല്ലോ. എന്തിനു തല്ലി എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ബാക്കി കൂടി തരും. സന്തോഷം. ഇടവപ്പാതിയും, തുലാവര്‍ഷവും, കുംഭമഴയും, വേനല്‍ മഴയുമൊക്കെ കൃത്യമായി വരുന്ന കാലമായിരുന്നതു കൊണ്ട് അമ്മ 365 ദിവസവും കമ്പൊടിച്ചിട്ടും വടിക്കു ക്ഷാമം വന്നില്ല എന്നതാണു ഏറ്റവും കഷ്ടം. നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന തത്വങ്ങളിലൊന്നു തന്നെ ഒരു കുറ്റത്തിനു രണ്ടു വിചാരണയോ, ശിക്ഷയോ പാടില്ലെന്നതാണ്പക്ഷെ ഇതൊക്കെ ആരോടു പറയാന്‍? അങ്ങിനെ സ്കൂളില്‍ നിന്ന് ഒന്നു കിട്ടുമ്പോള്‍ വീട്ടില്‍ നിന്ന് രണ്ട് കിട്ടും എന്ന ഉറപ്പില്‍ ഞാനും ജീവിച്ചു പോന്നു.
അടി കൊണ്ടാലേ കുട്ടികള്‍ നന്നാവൂ എന്ന് അധ്യാപകര്‍ ഉറച്ചു വിശ്വസിച്ചിരുന്ന കാലമാ യിരുന്നു. അതിനു പറ്റിയ കുറെ പഴഞ്ചൊല്ലുകളും അവര്‍ കണ്ടു വച്ചിരുന്നു. ‘അടിയോടടുക്കുമോ അണ്ണന് തമ്പി’, ‘കിട്ടാനുള്ളതു കിട്ടിയാല്‍ തോന്നാനുള്ളതു തോന്നും’, ‘പരിചയമുള്ള പോലീസുകാരന് പിടിച്ചാല്‍ രണ്ടടി കൂടുതലാ’. പിന്നെ ഒറ്റമക്കള്‍ക്ക് പ്രത്യേകമായി ‘ഒന്നേ ഉള്ളെങ്കില്‍ ഉലക്കകൊണ്ടടിക്കണം’. സ്കൂളിലെ ചട്ടമ്പികള്‍ക്കായി ‘വീട്ടുകാര്‍ കൊടുക്കേണ്ടതു കൊടുത്തില്ലെങ്കില്‍ നാളെ നാട്ടുകാര്‍ കൊടുക്കും’. ഇങ്ങനെ പോകുന്നൂ പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍
അക്കാലത്തു പല സ്കൂളുകളിലെയും പ്രധാന ടീച്ചിംഗ് എയിഡുകള്‍ തന്നെ ബോര്‍ഡില്‍ എഴുതുവാനുള്ള ചോക്കും, മായ്ക്കാനുള്ള ഡസ്റ്ററും, പിന്നെ പലതരം വടികളുമായിരുന്നു. ഇനി അഥവാ ക്ലാസ്സില്‍ വടിയില്ലെങ്കില്‍ സ്റ്റാഫ് റൂമിലെ കോമണ്‍ പൂളില്‍ നിന്നു വടി വരും. അവിടെ ഈ അത്യന്താപേക്ഷിത അധ്യാപന സഹായിയുടെ പട തന്നെ ഉണ്ട്. മറ്റുള്ളവര്‍ക്ക് തല്ലു കിട്ടുന്നതു കാണാന്‍ തന്നെ ഒരു രസമല്ലേ. ഇന്നത്തെപ്പോലെ ടെലിവിഷനിലും, സിനിമയിലുമൊക്കെ ആളുകള്‍ തല്ലു കൊള്ളുന്ന കാഴ്ച 24 മണിക്കൂറും കാണാന്‍ ഞങ്ങള്‍ക്കു സൗകര്യമുണ്ടായിരുന്നില്ല. കുട്ടികള്‍ ക്ലാസ്സ് മുറികളിലെ ഏക പക്ഷീയമായ തല്ലും, മുതിര്‍ന്നവര്‍ ചായക്കടയിലെയും, കള്ളുഷാപ്പിലെയും, ഉത്സവപ്പറമ്പിലെയും അടിപിടികളും കണ്ടു തൃപ്തിപ്പെട്ടു പോന്നിരുന്നു. ഉള്ളതു കൊണ്ടോണം പോലെ.
ഞങ്ങള്‍ക്കു മുന്നിലുള്ള തലമുറകള്‍ ഇതു കുറെക്കൂടി അനുഭവിച്ചവരാണെന്നാണ് ചരിത്രം പറയുന്നത്. പഴയ കാല ശിക്ഷാവിധികളില്‍ ഒന്ന് എഴുതുവാനുപയോഗിക്കുന്ന നാരായത്തിന്റെ കൂര്‍ത്ത അറ്റം ചേര്‍ത്തു കുട്ടികളുടെ ചന്തിയില്‍ പിച്ചുന്നതും, മറ്റൊന്ന് പാഠശാലയുടെ മോന്തായത്തില്‍ കൈരണ്ടും കെട്ടിത്തൂക്കി, ചുവട്ടില്‍ നാരായം നാട്ടി നിര്‍ത്തുന്നതും ആയിരുന്നു എന്നൊക്കെ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. അങ്ങിനെ തൂങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ ഗുരു സ്മരണകളാവണം മലയാളഭാഷയില്‍ ഇത്രയധികം തെറിവാക്കുകള്‍ ഉണ്ടാവാന്‍ കാരണം. സാരമില്ല, എല്ലാ ദിശകളിലേക്കും വളര്‍ന്നെങ്കിലല്ലേ ഭാഷകള്‍ക്കും സമ്പൂര്‍ണ്ണത കൈവരിക്കാനാവൂ.
സ്കൂളില്‍ തല്ലുകൊണ്ട കഥകള്‍ എഴുതുവാന്‍ ലേഖനം പോര. ഒരു പുസ്തകം തന്നെ വേണ്ടിവരും. ഒരിക്കല്‍ ഒരു അധ്യാപിക പഠിപ്പിച്ച പാഠഭാഗങ്ങളില്‍ നിന്നു ചോദ്യം ചോദിച്ചപ്പോള്‍ പലകുട്ടികള്‍ക്കും ഉത്തരം അറിയില്ല. ടീച്ചര്‍ നോക്കിയപ്പോള്‍ തല്ലാന്‍ ക്ലാസ്സില്‍ വടിയില്ല. ഉത്തരം അറിയാത്തതു കൊണ്ട് ചോദ്യം എന്റെ നേര്‍ക്കു വന്നാല്‍ പുറകെ അടിയും വരുമെന്നുറപ്പാണ്. ഞാന്‍ അസരത്തിനൊത്തുയര്‍ന്നു. ‘ടീച്ചര്‍, വടി ഞാന്‍ കൊണ്ടു വരാം’ എന്നൊരു വാഗാദാനം മുന്നോട്ടു വച്ചു ക്ലാസ്സില്‍ നിന്നിറങ്ങി. പിന്നെ ചോദ്യം പേടിക്കേണ്ടല്ലോ. സ്റ്റാഫ് റൂമില്‍ വടിയില്ല. എന്നു വച്ചു ഇത്രയും പേരെ വെറുതെ വിടാന്‍ പറ്റുമോ? ഞാന്‍ അടുത്ത പറമ്പില്‍ കിളച്ചു കൊണ്ടു നിന്നിരുന്ന ഒരു ചേട്ടനെ മതിലിനു മുകളിലൂടെ കൈ കാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കാലു പിടിച്ച് അവിടെ നിന്ന ഒരു കാപ്പിച്ചെടിയില്‍ നിന്ന് ഒന്നാന്തരമൊരു വടി വെട്ടി ഇലയും ചില്ലയുമൊക്കെ കളഞ്ഞു സുന്ദരമാക്കി കൊണ്ടു ചെന്നു കൊടുത്തു. അപ്പോള്‍ ടീച്ചര്‍ ചോദിക്കുന്നു ‘താനാ ഉത്തരമൊന്നു പറഞ്ഞേ’, ചുരുക്കിപ്പറഞ്ഞാല്‍ ആദ്യ അടി എനിക്ക്. അതോടെ തല്ലു വാങ്ങാന്‍ ക്യൂവില്‍ ദയവായി കാത്തിരുന്ന ബാക്കിയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷമായി.
സ്കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര് പോസു മത്തായി എന്നായിരുന്നു. ആ പേരു വിളിച്ചാല്‍ അവന് സ്കൂളിനു ചുറ്റു ഓടിച്ചിട്ടിടിക്കും. എന്നാലും വിളിക്കാതെ പറ്റില്ലല്ലോ. ഞങ്ങള്‍ ദൂരെ നിന്നു വിളിച്ചിട്ടോടും മുഴുവന്‍ വിളിക്കണമെന്നില്ല. ‘പോ’ എന്നു പറഞ്ഞാല്‍ മതി,. അവന് ഇടി തുടങ്ങും. ഒരു ദിവസം എന്റെ ഒരു സഹപാഠി മത്തായിയുമായി ഒത്തു തീര്‍പ്പിലാവാന്‍ തീരുമാനിച്ചു. ഞാനും കൂട്ടു പോയി. ‘എടോ മത്തായി’ എന്നു പറഞ്ഞു തുടങ്ങിയതും അവന് ചാടി രണ്ടിടി. അവന്റെ ശരിക്കുള്ള പേരു മത്തായി എന്നല്ല രാംകുമാര്‍ എന്നോ മറ്റോ ആണെന്നു ഞങ്ങള്‍ അറിയുന്നത് അപ്പോഴാണ്. ഞാന്‍ ജീവനും കൊണ്ടോടിയെങ്കിലും എന്റെ സുഹൃത്തും മത്തായിയും തമ്മില്‍ പൊരിഞ്ഞ അടിയായി. കേസുവിചാരണയ്ക്കു വന്നപ്പോള്‍ മൂന്നാം പ്രതി. കൂട്ടുപോയേ ഉള്ളൂ ഞാന്‍ എന്നു വാദിച്ചപ്പോള്‍ അധ്യാപകന് പറഞ്ഞത് ഇന്നു കൂട്ടു പോകുന്നവനാ നാളെ അടിപിടിക്കുപോവുന്നതെന്നാണ്. കൃത്യമായ വീതം എനിക്കും കിട്ടി.
പക്ഷേ അധ്യാപകര്‍ ഞങ്ങളെ വെറുതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് ആരും തെറ്റിദ്ധരിക്കരുതേ. തല്ലു മേടിക്കാനുള്ള കാരണങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘ചൊറിയണം’ എന്നൊരു ചെടിയുണ്ട് വട്ടത്തിലുള്ള ഇലകളുമായി നില്ക്കുന്ന ‘ചൊറിയണം’ ദേഹത്തു തൊട്ടാല്‍ സര്‍വ്വത്ര ചൊറിയും. ആരും അതു കൈ കൊണ്ടു തൊടില്ല. എന്നാല്‍ ചൊറിയണത്തേക്കാള്‍ ചൊറിച്ചിലുണ്ടാക്കുന്നതാണ് കൊടിത്തൂവ. നീളന്‍ ഇലകളുമായി നില്ക്കുന്ന ഒരു വള്ളിച്ചെടിയാണിത്. എങ്ങിനെയോ എനിക്കീ ചെടി ആരോ കാണിച്ചു തന്നിരുന്നു. പക്ഷെ അധികം പേര്‍ക്കറിയില്ല. ഒരു ദിവസം നോക്കുമ്പോള്‍ സ്കൂളിനടുത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റിനു ചുവട്ടില്‍ കൊടിത്തൂവ ധാരാളമായി വളര്‍ന്നു നില്ക്കുന്നു. രണ്ടില പറിച്ചെടുത്തു ഞാന്‍ ഒരു സഹപാഠിയെ സമീപിച്ചു. കഞ്ചാവിന്റെ ഇല ആണെന്നും, ഒന്നു മണത്തു നോക്കുന്നതു നന്നായിരിക്കുമെന്നും എന്നും പറഞ്ഞു. മണത്തപ്പോള്‍ ചെറുതായി ഒന്നമര്‍ത്തി. അവന്റെ മൂക്കിനു താഴ്വശം ചൊറിഞ്ഞു തടിച്ചു നാശമായി. അവന് തല്ലിയില്ല. പരാതിപ്പെട്ടുമില്ല. പകരം അവന് ആ ഇല ഒന്നു കണ്ടാല്‍ മതി. ശല്യം സഹിക്കാതെയായപ്പോള്‍ ഞാന്‍ ചെടി കാണിച്ചു കൊടുത്തു. ഒരു പിടി ഇലയുമായി അവന് ഉച്ചയൂണു കഴിഞ്ഞിറങ്ങി. മീശ കിളിര്‍ക്കാനുള്ള മരുന്നാണെന്നു പറഞ്ഞ് കുട്ടികളുടെ ചുണ്ടിനു മുകളിലും, താടിയിലും അവരുടെ പൂര്‍ണ്ണ സമ്മതത്തോടെ ഉരച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞു ഹെഡ്മാസ്റ്റര് മുറിയില്‍ നിന്നു പുറത്തു വരുമ്പോള്‍ എട്ടു പത്തു കുട്ടികള്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്ക്കല് നിന്നു കരയുന്നു. എല്ലാവരുടേയും ചുണ്ടും താടിയും തടിച്ചു പൊങ്ങി അസ്സല് കുട്ടിക്കുരങ്ങന്മാരെ പോലെയുണ്ട്. അടിയുടെ പെരുന്നാളും ആരംഭിച്ചു.
കോളേജുകളിലെത്തിയതോടെ ഞങ്ങളുടെ ശനിദശ അവസാനിച്ചു. ഞാന്‍ പഠിച്ചതു കൂടുതലും സാദാ കോളേജുകളിലായിരുന്നു. എന്നാല്‍ ബിരുദാനന്തരതലം വരെയും വിരട്ടും, ഭീക്ഷണിയും, മര്‍ദ്ദനവുമൊക്കെയായി കുട്ടികളെ പഠിപ്പിക്കുന്ന കോളേജുകള്‍ അന്നും ഇന്നും ഈ കൊച്ചു കേരളത്തിലുണ്ട്.പാഠപുസ്തകത്തിലെ ചോദ്യവും ഉത്തരവും മനപാഠമാക്കി പരീക്ഷയ്ക്കു മാര്‍ക്കു വാങ്ങുന്നതാണു വിദ്യാഭ്യാസം എന്ന നിര്‍വചനം നിലനില്‍ക്കുന്നിടത്തെല്ലാം അതങ്ങിനെ തന്നെ ആയിരിക്കും. കുട്ടി സ്വന്തം ചിന്താശക്തി പുറത്തെടുക്കരുത് എന്നൊരു പാഠം കൂടി അവിടെ രഹസ്യമായി പഠിപ്പിക്കപ്പെടുന്നുണ്ട്.
ഇപ്പോള്‍ അറുപതുകളിലെത്തി നില്ക്കുന്ന എന്റെ ഒരു സ്നേഹിതന് പണ്ട് ഇത്തരം കോളേജുകളിലൂടെ പുറത്തു വന്ന ആളാണ്. അനുസരണക്കേടിന്റെ ആശാനായ അദ്ദേഹത്തെ നന്നാക്കുന്നതിനായി അച്ചടക്കത്തിനു പേരു കേട്ട ഒരു കോളേജിന്റെ ഹോസ്റ്റലിലാക്കി. പുരോഹിതന് കൂടിയായ അവിടത്തെ വാര്ഡന് കണിശക്കാരനായിരുന്നു. ഒരിക്കല്‍ സ്നേഹിതന് തന്റെ രണ്ടു മൂന്നു കൂട്ടുകാരുമായി സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വന്നു മതില് ചാടി അകത്തു കയറുമ്പോള്‍ വാഴക്കൂട്ടത്തിനിടയില്‍ മോഷണത്തൊഴിലാളിയെ പോലൊരാള്‍ പമ്മി നില്ക്കുന്നു. രണ്ടു മൂന്നു കുലകള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്. കുല മോഷ്ടിക്കാന്‍ വന്നവനെ പിടിച്ചു വാര്‍ഡനെ ഏല്‍പ്പിക്കുന്നതിനപ്പുറം അദ്ദേഹത്തിന്‍െറ സ്നേഹ വാത്സല്യങ്ങള്‍ കിട്ടാന്‍ വേറെ എന്തു വേണം? ‘ആരെടാ?’ എന്ന ആക്രോശവുമായി ചെന്ന സ്നേഹിതനോടു മോഷണത്തൊഴിലാളി വേഷധാരി പറഞ്ഞു ‘ഞാന്‍ തന്നെയാടാ മത്തായിക്കുട്ടീ, നീ പോയി അപ്പനെയും കൊണ്ടു വന്നാല്‍ മതി. ഇപ്പോള്‍ തന്നെ മതില് തിരിച്ചു ചാടിക്കോ’. രാപകല്‍ പുരോഹിത വേഷത്തില്‍ നടക്കുന്ന വാര്ഡന് കൈലിമുണ്ടും തലേക്കെട്ടുമായി നിന്നാല്‍ പെറ്റ തള്ളയ്ക്കു പോലും പെട്ടെന്നു തിരിച്ചറിയാന്‍ പറ്റില്ല. പിന്നയല്ലേ കഴിയുന്നതും ക്ലാസ്സില്‍ കയറാത്ത പാവം വിദ്യാര്‍ത്ഥികള്‍ക്ക്.
വിദ്യാര്‍ത്ഥികളെ മെരുക്കിയെടുക്കാന്‍ അടിക്കടി രക്ഷകര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു മേല്പറഞ്ഞ വാര്‍ഡന്റെ വിദ്യ. ഇഞ്ചിക്കു വളമിടുന്നതും, ഏലത്തിന് ഇടയിളക്കുന്നതുമൊക്കെ മുടങ്ങുന്ന ദേഷ്യത്തില്‍ അപ്പന്മാര് ചിലപ്പോള്‍ വാര്‍ഡന്റെ മുന്നില്‍ വച്ചു തന്നെ മക്കളുടെ പിടലിക്കു രണ്ടു പൂശും. എന്നോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്നു വാര്ഡന് മന്ദഹസിക്കും. അളമുട്ടിയാല്‍ ചേരയും കടിക്കുമല്ലോ. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ മത്തായിക്കുട്ടിയും കൂട്ടുകാരും തീരുമാനിച്ചു.
രാത്രികാലങ്ങളില്‍ വേഷം മാറി വരുന്ന വാര്ഡന് ഇടയ്ക്ക് ഹോസ്റ്റല്‍ മുറികളിലൊരു മിന്നല്‍ പരിശോധന ഉണ്ട്. കീ ഹോളിലൂടെ നോക്കി റൂമിനുള്ളിലെ വിദ്യാര്‍ത്ഥി പഠിക്കുകയാണെന്നുറപ്പാക്കും. അങ്ങിനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി കറണ്ടു പോകുന്നു. കോറിഡോറില്‍ ഒരു ബഹളം കേള്‍ക്കാം. ‘ഛീ വിടെടാ’, ഇവിടെ താടാ’, ‘കൊണ്ടു വാടാ ഇവിടെ’, ‘നിന്നെയൊന്നും ഞാന്‍ വെറുതെ വിടില്ല�.’ ആരൊക്കെയോ ഓടുന്നുമുണ്ട്. ഒരു മിനിട്ടു കഴിഞ്ഞപ്പോള്‍ പോയ കറണ്ടു തിരിച്ചു വന്നു. കുട്ടികളെല്ലാം പുറത്തു ചാടി. കൊടും ഭീകരനായ വാര്ഡന് രണ്ടു കൈയും കൊണ്ട് നാണം മറച്ച് ഇടനാഴിയിലൂടെ വട്ടം നീളം ഓടുകയാണ്. ഉടുത്തിരുന്ന മുണ്ട് ഇരുട്ടത്താരോ പറിച്ച് കൊണ്ടു പോയി. രോഷാകുലനായ വാര്ഡന് ഒടുവില്‍ മുണ്ടില്ലാതെ തന്നെ ഓടിപ്പോയി ഗേറ്റുപൂട്ടി. മുണ്ടു പറിച്ചവന് രക്ഷപ്പെടരുതല്ലോ. പിന്നെ ചെന്നു സ്ഥിരം യൂണിഫോമില്‍ തിരിച്ചുവന്ന അദ്ദേഹം ഓരോ റൂമിലും പരിശോധന തുടങ്ങി. മുണ്ടു പറിച്ചവനെ കണ്ടു പിടിക്കാന്‍. എവിടെ കിട്ടാന്‍? അടുത്തുള്ള സര്‍ക്കാര്‍ കോളേജില്‍ നിന്നും പ്രത്യേകം ക്ഷണിതാക്കളായി വന്ന രണ്ടു വിശിഷ്ടാതിഥികളാണല്ലോ മുണ്ടു പറിച്ചത്. അവന്മാര് മുണ്ടും കൊണ്ട് മതില് ചാടി പോയിരുന്നു. ശിഷ്ടകാലം അദ്ദേഹം കുളിക്കുമ്പോള്‍ മാത്രമാണ് പുരോഹിത വേഷം ഊരി യിട്ടുള്ളത്.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
Hari,
I am sure you will get an award for this write up provided the priests do not oppose it. Its a wonderful reminiscence and as on date you are Malayalam’s Master Raconteur!!
Another hilarious one after a small gap!!! ഭാഷ എല്ലാ ദിശയിലേക്കും വളരണമല്ലോ was a masterpiece! I could thoroughly enjoy the initial part as I have many friends in the same situation. In fact, one of my friends did the same!
Hari, keep writing such blogs and i future I’m sure I’m going to see a best humorous Autobiography!
Beautiful and Nostalgic memories Hari Chettan
നന്നായിരിക്കുന്നു. തുടർന്നെഴുതുക.
ഭാഷ വളര്‍ന്നു വളര്‍ന്നു ഒരുപാട് വളര്‍ച്ചയിലായി സർ. ഇപ്പൊ മലയാളം എഴുതാനും വായിക്കാനും അറിയാത്ത അത്രേം വളര്‍ന്നു നമ്മുടെ ഭാഷ. പിന്നെ നമ്മളെല്ലാം നല്ലൊരു തല്ലുകൊള്ളികൾ ആയിരുന്നു സർ:)
ഇ ബ്ലോഗ് വായിച്ചപ്പോൾ വായിച്ചപ്പോൾ സന്തോഷമായി. എന്തായാലും കുറെ അടി നേരത്തേ കിട്ടിയിട്ടുണ്ടല്ലോ !!!
Super!
GOOD……
Beautiful
thallukonda kadhakal parayan oru’ pusthakam ‘mathiyayirikkum.pakshe …
hariute’ writing ‘ne kurichezhuthan vakkukal mathiyavilla
keep it up hari…
സ്കൂളില്‍ തല്ലുകൊണ്ട കഥകള്‍ എഴുതുവാന്‍ ലേഖനം പോര. ഒരു പുസ്തകം തന്നെ വേണ്ടിവരും. …..expecting a book …really great writing
Saved as a favorite, І like your web site!