നാടകമേ ഉലകം
അടുത്തയിടെ ഞാന്‍ ഒരു മൂന്നു നാലു ദിവസം നീണ്ട യാത്ര നടത്തി. പഴയ ഒരു പരിചയക്കാരനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിക്കു നിര്‍ത്തിയാണ് അദ്ദേഹം ഡ്രൈവിംഗിലേക്കു തിരിഞ്ഞത്. പഠിക്കുന്ന കാലത്ത് മൂപ്പര്‍ ഒരു കലാസ്‌നേഹി ആയിരുന്നുത്രേ. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുവാന്‍ വലിയ താത്‌പര്യമായിരുന്നു. അങ്ങിനെ ഏതോ നാടകത്തില്‍ സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. റിഹേഴ്‌സല്‍ ഒക്കെ നന്നായി നടന്നു. നാടകം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെ വേഷത്തിനുള്ള സാധനങ്ങള്‍ – ജട, താടി, പാമ്പ്, ചന്ദ്രക്കല – ഒക്കെ സംഘടിപ്പിച്ചു കൊടുത്തു. പക്ഷെ കഴുത്തിലണിയേണ്ട പാമ്പിനെ നമ്മുടെ നടനു തീരെ പിടിച്ചില്ല. തുണി കൊണ്ടുണ്ടാക്കിയ ഒരു കഞ്ഞി മൂര്‍ഖന്‍. നീര്‍ക്കോലിയെ തല്ലിക്കൊന്നു വേലിയില്‍ തൂക്കിയ പോലെയുണ്ട്. അല്ലെങ്കില്‍ നമ്മുടെ ഇംഗ്ലീഷ് മീഡിയം പിള്ളേരുടെ ടൈ വൈകിട്ടു തിരിച്ചു വരുമ്പോള്‍ കിടക്കുന്നതു പോലെ.
അദ്ദേഹം സ്വന്തമായി ഊര്‍ജ്ജസ്വലനായ ഒരു പാമ്പിനെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അച്ഛന്റെ ഷര്‍ട്ടു തൂക്കുന്ന ഒരു ഹാംഗര്‍ നിവര്‍ത്തിയെടുത്ത്, പൗഡര്‍ ടിന്‍ വെട്ടിയെടുത്ത് ഒരു പത്തി ഉണ്ടാക്കി അറ്റത്തു പിടിപ്പിച്ചു. ഒരു ഗംഭീരന്‍ സര്‍പ്പം ! നമ്മുടെ നടന്‍ മഞ്ഞുമലകള്‍ക്കു മുമ്പില്‍ ധ്യാനത്തിലിരുന്നു കൊണ്ടാണ് നാടകത്തിന്റെ തുടക്കം. പക്ഷെ കര്‍ട്ടന്‍ ഉയര്‍ന്നപ്പോള്‍ മൂര്‍ഖന്റെ പത്തി കര്‍ട്ടനില്‍ കുടുങ്ങി. മൂര്‍ഖന്‍ ഹിമാലയത്തിനും മുകളിലെത്തിയപ്പോള്‍ നമ്മുടെ നടനു ശ്വാസം മുട്ടിത്തുടങ്ങി. അദ്ദേഹം ധ്യാനത്തില്‍ നിന്നുണര്‍ന്ന് കര്‍ട്ടനില്‍ പിടിച്ചു തൂങ്ങി. കര്‍ട്ടന്‍ കെട്ടിയ മുള ഒടിഞ്ഞു താഴേക്കു വന്നു. അങ്ങിനെ യുവജനോത്സവം തകര്‍ന്നു തരിപ്പണമായി. സംവിധായകനായ മാഷ് ഓടി വന്നു നടനെ താങ്ങി നിര്‍ത്തി ‘തുണി മതിയെന്നു പറഞ്ഞതല്ലേടാ’ എന്നു ചോദിച്ചു പൊതിരെ പൂശി. അപമാനം സഹിക്ക വയ്യാതെ അദ്ദേഹം സ്‌കൂളിനോടു വിട പറഞ്ഞുവത്രേ.
സത്യത്തില്‍ അമച്വര്‍ നാടകത്തിനു വേണ്ടി പോരാടി, ജീവിതം തന്നെ വഴിമാറിപ്പോയ ഒരുപാടു പ്രതിഭകള്‍ നമ്മുടെ നാട്ടിലുണ്ട്. അവരെ ആരും തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നു മാത്രം. എനിക്കു പോലും നാലഞ്ചു പേരെ നേരിട്ട് അറിയാം.
വിശ്വവിഖ്യാതമായ ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍ക്ക് ലോകമെമ്പാടും അഡാപ്‌റ്റേഷനുകള്‍ ഉണ്ടായിട്ടുണ്ട്. അത്യപൂര്‍വ്വമായ ഒരെണ്ണം കേരളത്തിലാണുണ്ടായത്. കേരളത്തിനു പുറത്തു സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥിനി കോളേജ് പഠനത്തിനു നാട്ടിലെത്തി. അപ്പോഴാണ് അവര്‍ താമസിക്കുന്ന ഹോസ്‌റ്റലിലെ കുട്ടികള്‍ ഒരു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്തിനു കുറയ്‌ക്കണം, ‘ഒഥല്ലോ’ തന്നെ കളിക്കാമെന്നു തീരുമാനിച്ചു. വിദ്യാര്‍ത്ഥിനി തുടക്കക്കാരിയാണെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ നല്ല പ്രാവീണ്യമുണ്ട്. അതുകൊണ്ട് ഡെസ്‌ഡിമോണയുടെ വേഷം അനുവദിച്ചു കിട്ടി.
നാടകം വികാര തീവ്രമായ അവസാന ഭാഗത്തേക്കു കടക്കുന്നു. ഉറങ്ങിക്കിടക്കുന്ന ഡെസ്‌ഡിമോണയെ കൊല്ലാനെത്തുന്ന ഒഥല്ലോ. കഥ മുന്നോട്ടു പോവണമെങ്കില്‍ ഡെസ്‌ഡിമോണ എഴുന്നേറ്റ് ഒരു വാചകം പറയണം. പക്ഷെ ഡെസ്‌ഡിമോണ ഡയലോഗു മറന്നു പോയി. അതു കൊണ്ടു കണ്ണുമടച്ച് ഒറ്റ കിടപ്പാണ്. ഒഥല്ലോ കൊല്ലാന്‍ വരുന്നതറിഞ്ഞ് ആത്മഹത്യ ചെയ്‌തതു പോലെയുണ്ട്. പാവം ഒഥല്ലോ അറിയാവുന്ന പണി എല്ലാം നോക്കി. സ്വരം താഴ്‌ത്തി ഡയലോഗു പറഞ്ഞു കൊടുത്തു, ചുറ്റും ഉലാത്തി തന്നത്താനെ ഡയലോഗ് ഓര്‍മ്മിക്കാന്‍ സമയം കൊടുത്തു. ഒടുവില്‍ സഹികെട്ട് ആരും കാണാതെ കാല്‍ വെള്ളയില്‍ ചൊറിഞ്ഞു. ഒരു രക്ഷയുമില്ല. തോറ്റു തുന്നം പാടി. ജീവച്ഛവമായ ‘ഒഥെല്ലോ’ രണ്ടു കൈയും തലയില്‍ വെച്ചു നില്‌ക്കുമ്പോള്‍, ഇതിലും നാടകീയമായ ഒരു മുഹൂര്‍ത്തം ഇനി വരില്ലെന്നുറപ്പായ സംവിധായിക കര്‍ട്ടന്‍ അഴിച്ചു വിട്ടു. പിന്നെ ജനം കാണുന്നത് അണിയറയുടെ സൈഡില്‍ ചാരി വച്ചിരിക്കുന്ന കുന്തവുമായി ഡെസ്‌ഡിമോണയെ ആഡിറ്റോറിയത്തിനു ചുറ്റും തല്ലാന്‍ ഇട്ടോടിക്കുന്ന ഒഥെല്ലോയെയാണ്. ഷേക്‌സ്‌പിയറില്‍ തുടങ്ങി തനതു നാടകത്തില്‍ അവസാനിച്ചു.
എന്റെ ഒരു സ്‌നേഹിതന്‍ നന്നായി ഓടക്കുഴല്‍ വായിക്കും. ആള്‍ കംപ്യൂട്ടര്‍ വിദഗ്‌ധനാണെങ്കിലും സംഗീതമാണദ്ദേഹത്തിന്റെ ജീവന്‍. ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു സ്‌നേഹിതന്‍ തേടിയെത്തി. നാടക സംവിധായകനാണ്. വെറും നാടകമല്ല, പരീഷണ നാടകം. എന്നു പറഞ്ഞാല്‍ നാടകം കൊണ്ട് സദസ്യരുടെ ക്ഷമയെ പരീക്ഷിക്കുന്ന പരിപാടി. അതിന്റെ ഒരു മത്സരം തന്നെ എവിടെയോ നടക്കാന്‍ പോകുന്നു. സംവിധായകന്‍ മത്സരത്തിനു നാടകം എഴുതിക്കഴിഞ്ഞു. പക്ഷെ രംഗത്ത് അവതരിപ്പിക്കണമെങ്കില്‍ ഒരു സംഗീത സംവിധായകന്‍ കൂടി വേണം. ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ നമ്മുടെ സംഗീതസംവിധായകന്‍ വഴങ്ങിയെങ്കിലും ചെയ്‌തു തുടങ്ങിയപ്പോള്‍ കുഴങ്ങി. നാടകത്തില്‍ എന്താണു നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. തലേക്കെട്ടുകാരന്‍, താടിക്കാരന്‍, മൊട്ടത്തലയന്‍, ദേഹം മുഴുവന്‍ ചങ്ങല ചുറ്റിയവന്‍, രണ്ടു കയ്യും ഒരു കാലും മുട്ടില്‍ വച്ചു കെട്ടി ചാടിച്ചാടി വരുന്നവന്‍ ഒക്കെ വന്നോരോന്നു പറയുന്നുണ്ട്. “എന്റെ ആകാശം വെട്ടിപ്പിളര്‍ന്നതാരാണ് ?” ‘മഞ്ഞു മലകള്‍ക്കുള്ളില്‍ തീമഴ പെയ്യുന്നതിന്റെ ആരവം നിങ്ങള്‍ കേള്‍ക്കുന്നില്ലേ?’ “എന്തിനാണു സൂര്യാ നീ ഇനിയും ചിരിക്കുന്നത്” എന്നൊക്കെ ചോദിക്കുന്നുണ്ട്. ഒരാള്‍ കൈ രണ്ടും പൊക്കിപ്പിടിച്ച് കുറ്റിക്കാടായി സങ്കല്‍പ്പിച്ച് സ്റ്റേജിന്റെ നടുവില്‍ കുത്തിയിരുന്നിരുന്നു. കറുത്ത ഉടുപ്പിട്ട്, കണ്ണുമടച്ചു പുറകോട്ടു നടന്നു വരുന്ന ഒരുത്തന്‍ കുറ്റിക്കാടിന്റെ തലയിലേക്കു മറിഞ്ഞു വീണതോടെ എല്ലാവര്‍ക്കും ഏതാണ്ടൊരാശ്വാസമായി. പിന്നെ കറുത്ത ഉടുപ്പുകാരന്‍ നേരെ നടന്നു തുടങ്ങി.
സ്‌നേഹിതന്‍ അറിയാവുന്നതും, മോഷ്ടിച്ചതും, കടം വാങ്ങിയതുമൊക്കെയായ എല്ലാ ട്യൂണുകളും പ്രയോഗിച്ചു. സംവിധായകനു തൃപ്‌തിയില്ലെങ്കിലും ഒടുവില്‍ മനസ്സില്ലാ മനസ്സോടെ ഇതൊക്കെ മതിയെന്നു സമ്മതിച്ചു. പക്ഷെ ഇഫക്ട് കൂട്ടാനായി മൂന്നു കാര്യങ്ങള്‍ കൂടി ചെയ്യണം. എപ്പോഴെങ്കിലും പറ്റിയ നേരം നോക്കി ഒരു മണ്ണെണ്ണപ്പാട്ട നിലത്തിട്ടു കുത്തണം, ഒരു ചങ്ങല നിലത്തിട്ട് വലിക്കണം, ഒടുവില്‍ ഒരു ചെണ്ടമേളം കൊണ്ടു വരികയും വേണം. ഈ വ്യവസ്ഥകള്‍ ഇരുകൂട്ടരും അംഗീകരിച്ചതു കൊണ്ടു ലേബര്‍ കമ്മീഷണര്‍ വരാതെ തന്നെ തര്‍ക്കം പരിഹരിക്കപ്പെട്ടു.
അവസാനം ചെണ്ടമേളം കത്തിക്കയറുമ്പോഴാണ് കര്‍ട്ടനിടേണ്ടത്. നല്ല ‘എരമ്പന്‍’ ഒരു ചെണ്ടക്കാരനെ വേണം. നാടകത്തില്‍ മറ്റെങ്ങും ചെണ്ടമേളം വേണ്ടാത്തതു കൊണ്ടു ചെണ്ടക്കാരന്‍ റിഹേഴ്‌സലിനു വരണ്ട, പരിപാടിക്കു വന്നാല്‍ മതി. നാടെങ്ങും അന്വേഷണം തുടങ്ങി. ഈ അവസരം തന്നെ തേടി വരില്ലെന്നുറപ്പുള്ള ഒരു ചെണ്ടക്കാരന്‍ അവസരത്തെ തേടി നമ്മുടെ സംഗീത സംവിധായകന്റെ മുന്നിലെത്തി. അദ്ദേഹം പറഞ്ഞത് താനൊരു പാവം ചെണ്ടക്കാരനാണ് ഇപ്പോള്‍ അവധിയിലാണ് എന്നൊക്കെയാണ്. സംഗതി ഏതാണ്ടു സത്യമായിരുന്നു താനും. ഒരമ്പലത്തിലെ ചെണ്ടക്കാരനായിരുന്നു. ആകെ ഒരു കുഴപ്പമേയുള്ളൂ. ലേശം മദ്യപിക്കണം. അതുകഴിഞ്ഞാല്‍ ഒന്നുകില്‍ ഉറങ്ങണം അല്ലെങ്കില്‍ ചെണ്ട കൊട്ടണം. ഒരു ദിവസം പകല്‍ അല്‌പം മദ്യപിച്ച അദ്ദേഹം ഉച്ചയ്‌ക്ക് ആരുമില്ലാത്ത നേരത്ത് അമ്പലത്തില്‍ കയറി ചെണ്ട കൊട്ടി നാടു മുഴുവന്‍ ഇളക്കി സസ്‌പെന്‍ഷനിലായി. ആരും അടുപ്പിക്കുന്നില്ല. അതു കൊണ്ട് ശിഷ്ടജീവിതം മലയാള നാടകവേദിക്കായി മാറ്റി വെയ്‌ക്കാന്‍ തീരുമാനിച്ചിറങ്ങിയതാണ്.
ഒടുവില്‍ പരീഷണ സുദിനമെത്തി. ആറു നാടകങ്ങളില്‍ ആറാമത്തേതാണ് നമ്മുടേത്. അഞ്ചാം സംഘം നാടകം കഴിഞ്ഞു പുറത്തിറങ്ങിയതോടെ നമ്മുടെ പരീക്ഷകനും ഭൂതഗണങ്ങളും സ്റ്റേജ് കയ്യടക്കി. അരങ്ങിന്റെ ഒരു വശം മുഴുവന്‍ സംഗീത വിദ്വാന്‍മാരാണ്. അക്കാലത്ത് ബംഗാളില്‍ നിന്നും, ആസാമില്‍ നിന്നുമൊന്നും കലാകാരന്മാര്‍ കേരളത്തിലേക്കു ജോലി തേടി പോന്നിരുന്നില്ല. അതു കൊണ്ടു ഓമനത്തിങ്കള്‍ക്കിടാങ്ങള്‍ മാത്രമായിരുന്നു സ്‌റ്റേജ് നിറയെ. എല്ലാം സ്ഥാനത്തു വച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രശ്‌നം. സംഘത്തിന്റെ ഒത്ത നടുക്കിരിക്കുന്ന ചെണ്ടക്കാരന്‍ നന്നായി ആടുന്നുണ്ട്. ഏതു ദിശയിലേക്കും വീഴാം. ഒടുവില്‍ അദ്ദേഹത്തെ അരങ്ങിന്റെ മറുവശത്ത് കര്‍ട്ടന്‍ വലിക്കുന്ന പയ്യന്റെ അടുത്തിരുത്തി. ‘ക്ലൂ’ തരുമ്പോള്‍ കൊട്ടുമെന്ന് ചെണ്ടക്കാരന്റേയും, കൊട്ടു കേട്ടാല്‍ കര്‍ട്ടനിടാമെന്ന് കര്‍ട്ടന്‍കാരന്റെയും ഉറപ്പു വാങ്ങി നാടകം തുടങ്ങി.
പൊടി പൊടിപ്പന്‍ ഡയലോഗുകളാണ് പറന്നു വരുന്നത്. ഏക്കും പൊക്കം കിട്ടാതെ പ്രേക്ഷകര്‍ വിരണ്ടിരിക്കുന്നു. എന്തോ ഭയങ്കര നാടകമാണെന്നു മാത്രം മനസ്സിലായിട്ടുണ്ട്. നായകന്‍ ഒരു പത്തു പതിനഞ്ചു കിലോ ഇരുമ്പു ചങ്ങലയും ചുറ്റി ആക്രി പെറുക്കാന്‍ വരുന്നവനെപ്പോലെ നിലത്ത് എന്തോ തെരഞ്ഞു നടക്കുകയാണ്. സ്റ്റേജിന്റെ പലഭാഗത്തായി ഉത്സവപ്പറമ്പില്‍ ഭിക്ഷയാചിച്ചു നിരന്നിരിക്കുന്നവരെ പോലെ ചിലര്‍ മൂടിപ്പുതച്ചിരുന്ന് അനങ്ങുകയും വിറയ്‌ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അതു മരുഭൂമിയിലെ മരുപ്പച്ചകളും മുള്‍ച്ചെടികളുമൊക്കെയായി അഭിനയിക്കുന്ന നടന്മാരാണ്. പ്രേക്ഷകന്‍ ഭാവനയില്‍ മരുഭൂമി കണ്ടു കൊള്ളണം. പൂര്‍ണ്ണ നിശബ്ദതയാണ്.
പക്ഷെ വികാര നിര്‍ഭരമായ നാടകത്തിലേക്ക് ഒരു ഹിംസ്ര ജീവിയുടെ ശബ്ദം പതിയെ ഉയര്‍ന്നു വരാന്‍ തുടങ്ങി. അതു നാടകത്തിലുള്ളതല്ല. അതോടെ സംവിധായകനും, സംഗീത വിദ്വാന്മാരും തെരച്ചില്‍ തുടങ്ങി. ഒടുവില്‍ ആ ജീവിയെ കണ്ടു പിടിച്ചു. അതു നമ്മുടെ ചെണ്ടക്കാരനാണ്. തല ചെണ്ടപ്പുറത്തു വച്ച് കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. തൊട്ടടുത്ത് ഒരു മൈക്കിരുപ്പുണ്ട്. ഭാഗ്യത്തിന് പ്രേക്ഷകര്‍ക്കു ചെണ്ട വിദ്വാനെ കാണാന്‍ പറ്റുന്നില്ല. കുപിതനായ സംവിധായകന്‍ മറുവശത്തായിപ്പോയതു ഭാഗ്യം. ഉറങ്ങുന്ന മാന്യനെ കുലുക്കി വിളിച്ചുണര്‍ത്താന്‍ മൂപ്പന്‍ കര്‍ട്ടന്‍ വലിക്കുന്ന പയ്യനോട് ആംഗ്യം കാണിച്ചു. പാവം പയ്യന്‍ തോളില്‍ പിടിച്ചു കുലുക്കി. ഉണര്‍ന്നതും ചെണ്ടക്കാരന്‍ തകര്‍ത്തു കൊട്ടാന്‍ തുടങ്ങി. നാടകം പകുതി ആയിട്ടേ ഉള്ളൂ. സ്റ്റേജില്‍ സ്വയം മറന്നു മനോധര്‍മ്മമാടിയിരുന്ന നായകനും സസ്യലതാദികളും, ഓര്‍ക്കാപ്പുറത്തേ ചെണ്ടമേളത്തിന്റെ പൂരത്തില്‍ വായ പൊളിച്ചു നിന്നു പോയി. മഞ്ഞു വീഴ്‌ചയില്‍ മരിച്ചവരുടെ പ്രേതങ്ങള്‍ ഒരുമിച്ചു കൂടു പൊളിച്ചിറങ്ങിയ പ്രതീതി. കര്‍ട്ടന്‍കാരന്‍ പയ്യന്‍ പിന്നൊന്നുമാലോചിച്ചില്ല. അവന്‍ കൈ വിട്ടു. അതോടെ നാടകം അവസാനിച്ചു. കര്‍ട്ടനു പിന്നില്‍ പൊരിഞ്ഞ അടി നടക്കുമ്പോള്‍ മൈക്കിലൂടെ അറിയിപ്പു വന്നു, ഒന്നാം സമ്മാനം നമ്മുടെ പരീക്ഷണ നാടകത്തിന്.
അടുത്ത നാടകക്കാരന്‍ എന്റെ ഒരു ചേട്ടന്‍ തന്നെയാണ്. മൂപ്പരുടെ അച്ഛന്‍ ലേശം മദ്യപിച്ചാണ് രാത്രി വീട്ടിലെത്തുക. എത്തിയാലുടന്‍ അയ്യപ്പന്‍ പാട്ടു മുതല്‍ ഭരണിപ്പാട്ടു വരെ അറിയാവുന്ന പാട്ടുകള്‍ എല്ലാം പാടും. അതു കഴിഞ്ഞ് അത്താഴം കഴിക്കും. ഇതെല്ലാം കഴിഞ്ഞു പത്തു മണിക്കു കിടക്കും. പിന്നെ രാവിലെ അഞ്ചുമണി വരെ ഒരു ശല്യവുമില്ല. മകന് നാടകത്തില്‍ വലിയ താല്‌പര്യമാണ്. പക്ഷെ അച്ഛന്‍ സമ്മതിക്കില്ല. അതുകൊണ്ട് രാത്രി പത്തുമണിക്കും പുലര്‍ച്ചെ അഞ്ചു മണിക്കുമിടയിലാണദ്ദേഹത്തിന്റെ കലാസപര്യ. അങ്ങനെയിരിക്കുമ്പോള്‍ അടുത്തൊരമ്പലത്തില്‍ ഉത്സവം. സ്ഥലത്തെ അമേച്വര്‍ നാടക വേദിക്ക് അരങ്ങു തകര്‍ക്കാനുള്ള അവസരമാണ്. ഒരു പ്രധാന ഹാസ്യ കഥാ പാത്രത്തെ അവതരിപ്പിക്കാന്‍ നറുക്കു വീണത് നമ്മുടെ ചേട്ടനാണ്. രാത്രി പത്തു പതിനഞ്ചിന് രണ്ടു തലയിണ നീളത്തില്‍ വച്ച് പുതപ്പു കൊണ്ട് മൂടിക്കിടത്തി മൂപ്പര്‍ റിഹേഴ്‌സലിനു പോകും. രാവിലെ തിരിച്ചു വരും. കലാഹൃദയമുള്ള അമ്മ കതക് തുറക്കുകയും അടയ്‌ക്കുകയുമെക്കെ ചെയ്‌തു കൊള്ളും.
എന്തായാലും നാടകം വന്‍വിജയമായി. ഏറ്റവും മികച്ച നടനായി ചേട്ടനെ അംഗീകരിക്കുവാനും അങ്ങിനെയെങ്കിലും ഒന്നു സ്‌റ്റേജില്‍ കയറുവാനും ചില നാട്ടു പ്രമാണിമാര്‍ മുന്നോട്ടു വന്നു. രണ്ടു മൂന്നു ചുവന്ന പ്ലാസ്റ്റിക് മാലയും ഒരു നൂറു രൂപാ നോട്ടും പഴയ രണ്ടു ട്രോഫിയും സമ്മാനമായി കിട്ടി. തിരിച്ചു വന്ന ചേട്ടന്‍ ക്ഷീണിതനായിരുന്നു. കഥാപാത്രത്തിന്റേതായ കയറു പിരിച്ചുണ്ടാക്കിയ മീശയും, കയ്യിലുണ്ടായിരുന്ന വെട്ടു കത്തിയും, സമ്മാനമായി കിട്ടിയ ചുവന്ന മാലകളും ധരിച്ച് അദ്ദേഹം അനന്തമായി ഉറങ്ങുമ്പോള്‍ പ്രഭാത പരിശോധനക്കായി അച്ഛന്‍ മുറിയിലെത്തി. നിലവിളിച്ചു കൊണ്ടോടിയ അദ്ദേഹം ഓട്ടം അവസാനിപ്പിച്ചത് തൊഴുത്തിനു പിന്നിലെ ചാണകക്കുഴിയിലാണ്.
അപകടം മണത്ത അമ്മ ഓടി വന്നു കയറു മീശ വലിച്ചു പറിച്ചും, വെട്ടുകത്തി കൊണ്ടു മാലകള്‍ മുറിച്ചെടുത്തും അടുക്കളയിലേക്കോടി. ഒരു തോര്‍ത്തു വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു കൊണ്ടു വന്നു മുഖത്തിട്ടുരച്ചിട്ടു ശബ്ദം കുറച്ചലറി, “പോയി മുഖം കഴുകെടാ കഴുതേ”. പിന്നെ അമ്മ അച്ഛനെ വാഴച്ചുവട്ടിലും തെങ്ങിന്‍ ചുവട്ടിലുമൊക്കെ മാറി മാറി ഇരുത്തി കുളിപ്പിച്ചു. പറമ്പില്‍ ആവശ്യത്തിനു വളമിട്ട ശേഷം സംശയം തീര്‍ക്കാന്‍ അച്ഛന്‍ മടങ്ങി വന്നപ്പോള്‍, ദാ കിടക്കുന്നു സ്വന്തം മകന്‍… പണ്ട് ഉണ്ടായ സമയത്ത് ആശുപത്രിയില്‍ കണ്ടതിനേക്കാള്‍ കുറച്ചു കൂടി വലിപ്പമുണ്ട്. മുഖം നന്നായി വെളുത്തിട്ടുണ്ട്. നിഷ്‌കളങ്കതയും കൂടിയിട്ടുണ്ട് വേറെ യാതൊരു മാറ്റവുമില്ല.
അച്ഛന്‍ അടുത്തു വന്നപ്പോള്‍ ചിരിക്കാതെയും, മൂക്കുപൊത്താതെയും കിടന്നതുമായി വച്ചു നോക്കുമ്പോള്‍ നാടക സ്‌റ്റേജിലെ തന്റെ പ്രകടനം ഒന്നുമല്ലായിരുന്നു എന്നാണ് ചേട്ടന്‍ പിന്നീടു പറഞ്ഞത്. തന്റെ നാടകപാരമ്പര്യം മാതാവിങ്കല്‍ നിന്ന് തുടങ്ങുന്നു എന്നും ആ മഹാ നടന്‍ തിരിച്ചറിഞ്ഞു.
ഒരിക്കല്‍ ഞാനിത്തരം ചില കഥകള്‍ പറഞ്ഞപ്പോള്‍ എന്റെ ഒരു സ്‌നേഹിതന്‍ അദ്ദേഹത്തിന്റെ നാട്ടിലെ എക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‌ക്കുന്ന ഒരവതരണത്തിന്റെ കഥ പറഞ്ഞു. അവിടെയും ഒരു അമച്വര്‍ സംഘമാണ് നാടകത്തിനു പിന്നില്‍. നാടക ദിവസം രാവിലെ നായക വേഷക്കാരനെ അദ്ദേഹത്തിന്റെ വീട്ടുകാര്‍ സംഘം ചേര്‍ന്നു വന്നു തട്ടിക്കൊണ്ടുപോയി പത്തായപ്പുരയില്‍ പൂട്ടിയിട്ടു. ഒരുപാടു ഡയലോഗും അഭിനയവും വേണ്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും ധൈര്യമില്ല. അപ്പോള്‍ ലേശം മന്ദബുദ്ധിയും, അതുകൊണ്ടു തന്നെ ധൈര്യശാലി എന്നു വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു സാഹസികന്‍ മുന്നോട്ടു വന്നു. അരങ്ങിനു പിന്നില്‍ നിന്ന് ആരെങ്കിലും സംഭാഷണം പറഞ്ഞു കൊടുത്താല്‍ മതി. അദ്ദേഹം അഭിനയിക്കും. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തതുകൊണ്ട് അവസാനം ആ വഴി സ്വീകരിക്കാന്‍ തീരുമാനമായി.
നാടകം തുടങ്ങി. സംവിധായകന്‍ സൈഡില്‍ നിന്ന് നാടകീയമായി വായിക്കുന്നു, നടന്‍ അരങ്ങത്ത് അത് ആവര്‍ത്തിക്കുന്നു. വലിയ കുഴപ്പമില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു പോവുമ്പോള്‍ സംവിധായകന്‍ പറയുന്നു (ഊതിക്കൊണ്ട്) ‘ഹാവൂ എന്തൊരു ചൂട്!’ ഇതിലെ ഊതിക്കൊണ്ട് ബ്രാക്കറ്റിലാണ്. അവിടെ നടന്‍ സ്വയം നെഞ്ചിലൂതണം. എന്നിട്ടു ഡയലോഗു പറയണം. പക്ഷെ നടനു കാര്യം പിടികിട്ടിയില്ല. അദ്ദേഹം പറഞ്ഞു, “ഊതിക്കൊണ്ട്, ഹാവൂ എന്തൊരു ചൂട്” ഭാഗ്യത്തിന് സദസ്യരില്‍ വളരെ കുറച്ചു പേര്‍ക്കേ കാര്യം പിടികിട്ടിയുള്ളൂ.
ആ രംഗം കഴിഞ്ഞു. സംവിധായകന്‍ നടനെ ആദ്യം അഭിനന്ദിച്ചു. ആത്മവിശ്വാസം കളയരുതല്ലോ. എന്നിട്ടു പറഞ്ഞു, �പിന്നെ ചില കാര്യങ്ങള്‍ ഞാന്‍ വേറൊരു ടോണില്‍ പറയും, അതു ചെയ്യാനുള്ളതാണ്. ‘ചിരിച്ചു കൊണ്ട്, ഞെട്ടുന്നു, മുന്നോട്ടു വരുന്നു’ അതൊക്കെ ചെയ്‌താല്‍ മതി, ഏറ്റു പറയണ്ട.� നടന്‍ സമ്മതിച്ചു. ഒന്നു രണ്ടെണ്ണം ചെയ്‌തു കാണിച്ചു. കൊള്ളാം. കുഴപ്പമില്ല. സംവിധായകനു സമാധാനമായി.
ഒന്നു രണ്ടു രംഗം കൂടി കഴിഞ്ഞു. വികാര തീവ്രത കൂടി വരികയാണ്. നായിക ചോദിക്കുന്നു, ‘നിങ്ങള്‍ക്കറിയില്ല അല്ലേ?’ നായകന്‍ നെഞ്ചത്തു കൈ വച്ചു മറുപടി പറയണം. സംവിധായകന്‍ തന്റെ ടോണ്‍ വ്യത്യാസപ്പെടുത്തി പറഞ്ഞു, “നെഞ്ചത്തു കൈ വയ്‌ക്ക്, നെഞ്ചത്തു കൈ വയ്‌ക്ക്” നായകന്‍ അനുസരിച്ചു. പിന്നെ കാണുന്നതും കേള്‍ക്കുന്നതും കരണം പൊട്ടുന്ന ഒരടിയാണ്. നായിക അണിയറയിലേക്കു പോലും പോകാതെ സദസ്യരുടെ ഇടയിലൂടെ ഇറങ്ങി നടന്നു പോയി. സംഗതിയെന്താണെന്നു വച്ചാല്‍ ആരുടെ നെഞ്ചത്തു കൈ വയ്‌ക്കണമെന്ന് സംവിധായകന്‍ പറഞ്ഞില്ല. നടനാവട്ടെ അക്കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നുമില്ല.
അടുത്ത ഒരു ദശാബ്ദക്കാലം ആ നാട്ടില്‍ ആരും നാടകം എന്ന വാക്കു പോലും ഉച്ചരിച്ചിട്ടില്ലത്രേ.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
A vintage Hari is back in full form! I am sure the role of Desdemona was played by Mrs Meena Pillai.. Congratulations Hari.. You take the readers also to their past.. an unpolluted and undiluted past.. regarding the experimental playes which were common in the early 70s and early 80s, you have hit the nail on the head itself.. I was told about an experimental play (the new generation plays) by Jagathy N K Achari during a brief interaction in 1985.. It was wonderful to hear from the doyen of Malayalam dramas.. You reminded me of Jagathy while reading the drummer’s misadventure with the experimental play.. Looking forward to read more and more of your reminiscences..
അടിപൊളി !!! ഞാന്‍ നന്നായി ചിരിച്ചു; പ്രത്യേകിച്ചും അവസാന പാരഗ്രാഫ് ….. നന്ദി….