പക്ഷി ശാസ്‌ത്രം

ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിനടുത്ത്‌ ഒരു ചെറിയ തുണ്ടു ഭൂമി ഒഴിഞ്ഞു കിടപ്പുണ്ട്‌. പണ്ടു മുതലേ അതൊഴിഞ്ഞു കിടക്കുകയാണ്‌. ആ വശത്തെ ജനലിനു പുറം തിരിഞ്ഞായിരുന്നു എന്റെ ഇരിപ്പ്‌. അടുത്തയിടയ്‌ക്ക്‌ എനിക്ക്‌ ഒരു ഭൂതോദയമുണ്ടായി. കസേരയും മേശയും അല്‌പമൊന്നു തിരിച്ചിട്ടാല്‍ ഈ പച്ചപ്പു കണ്ടു കൊണ്ടിരിക്കാം. അങ്ങിനെ ഞാന്‍ കാഴ്‌ച കാണാന്‍ തുടങ്ങി.

കഷ്ടിച്ച്‌ ആറു സെന്റ്‌ ഭൂമിയാണത്‌. എപ്പോള്‍ നോക്കിയാലും കാണാന്‍ പറ്റുന്നത്‌ കീരികളെ ആണ്‌. താക്കോല്‍ കൊടുത്തു വിട്ട കളിപ്പാട്ടങ്ങള്‍ പോലെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കും. നല്ല തടിയന്‍ കീരികള്‍. ആണും പെണ്ണുമാണെന്നു തോന്നുന്നു. ഇടയ്‌ക്കു മതിലിന്റെ ചുവട്ടില്‍ സൊള്ളിക്കൊണ്ടിരിക്കുന്നതു കാണാം. ഭാഗ്യത്തിന്‌ സദാചാര പോലീസുകാരാരും ഇതുവഴി വന്നു തുടങ്ങിയിട്ടില്ല. ഇല്ലെങ്കില്‍ കീരിയാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല.

അവിടെ സ്ഥിരമായി എത്തുന്ന രണ്ടു മൂന്നതിഥികളുണ്ട്‌. ഓലേഞ്ഞാലി, ഉപ്പന്‍ എന്ന ചെമ്പോത്ത്‌, പിന്നെ ഒരു പൊന്‍മാന്‍. സര്‍വ്വ വ്യാപിയായ കാക്ക അവിടെയുമുണ്ടെങ്കിലും ആരും അതിനെ പക്ഷിയായി കൂട്ടുന്നില്ലല്ലോ. കാരണമെന്താണെന്നു ചോദിച്ചാല്‍ പറയാനൊന്നുമില്ല. മുയലിറച്ചി കാശു കൊടുത്തു വാങ്ങിക്കഴിക്കുന്നവര്‍ പെരിച്ചാഴി ഇറച്ചി വെറുതെ കിട്ടിയാലും കഴിക്കാറില്ലല്ലോ. രണ്ടും സസ്യഭുക്കുകളും മണ്ണുമാന്തികളും മാളത്തില്‍ താമസിക്കുന്നവരുമാണ്‌. പറഞ്ഞിട്ടെന്തു കാര്യം ?

പ്രകൃതി നിരീക്ഷണത്തിലെ പുതുവിശ്വാസിയുടെ ആവേശം കത്തിത്തീര്‍ന്നു കഴിഞ്ഞപ്പോഴാണ്‌ എനിക്കു ചില കാര്യങ്ങളോര്‍മ്മ വന്നത്‌. എന്റെ കുട്ടിക്കാലത്ത്‌ ഇതിന്റെ പത്തിരട്ടി കിളികള്‍ എല്ലാ വീട്ടുവളപ്പിലും ഉണ്ടായിരുന്നു. ചുവന്ന ചുണ്ടും, മഞ്ഞ ഉടലും, ഇടയ്‌ക്കെവിടൊക്കെയോ കറുപ്പും ഉള്ള മഞ്ഞക്കിളിയെ ഏറ്റവും ഒടുവില്‍ കണ്ടത്‌ ഇരുപത്തഞ്ചു കൊല്ലമെങ്കിലും മുന്‍പാണ്‌. കിളിക്കു പുറമേ മഞ്ഞക്കാട്ടില്‍ പോയാലോ, മഞ്ഞക്കിളിയെക്കാണാലോ,����. ചട്ടീലിട്ടു പൊരിക്കാലോ എന്നൊക്കെയൊരു നാടന്‍ പാട്ടും അന്നൊക്കെ നാട്ടിലെങ്ങും ഉണ്ടായിരുന്നു. ഇപ്പോള്‍ കിളിയുമില്ല, പാട്ടുമില്ല, കിളിപ്പാട്ടുമില്ല.

കിളികളെ മാത്രമല്ല, അവയോരോന്നിന്റെയും കൂടുകള്‍ കൂടി കണ്ടാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. പക്ഷി ശാസ്‌ത്രത്തില്‍ എന്റെ ഗുരുനാഥന്‍, അയല്‍വക്കത്തു വാടകക്കാരനായെത്തിയ ജഡ്‌ജി സാറിന്റെ ഭക്ഷ്യ വകുപ്പു സെക്രട്ടറി ശശിയായിരുന്നു. ജഡ്‌ജി സാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ പിന്നെ ആ സാമ്രാജ്യത്തിന്റെ അധിപന്‍ ശശിയാണ്‌. നിരീക്ഷണപടുവായ ശശിയുടെ കണ്ണെത്താത്ത സ്ഥലമില്ല. അങ്ങനെയിരിക്കെ മൂപ്പര്‍ ഒരു കാര്യം ശ്രദ്ധിച്ചു. വെള്ളം കോരാന്‍ തൊട്ടി കിണറ്റിലേക്കിടുമ്പോഴൊക്കെ ഒരു പക്ഷി അസ്‌ത്രം പോലെ മേലോട്ടു പോകുന്നു. സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസ്സിലായി, പക്ഷി കൂടു വയ്‌ക്കാനുള്ള ശ്രമത്തിലാണ്‌. കിണറ്റിന്റെ ഉള്ളിലെ ഭിത്തിയില്‍ കുറെ മരങ്ങളും ചെടികളുമൊക്കെ വളര്‍ന്നു നില്‌പുണ്ട്‌. ചില വള്ളികള്‍ അവിടെയുമിവിടെയുമൊക്കെ ചുറ്റിപ്പിണഞ്ഞും തൂങ്ങിയും കിടപ്പുണ്ട്‌. അതിലൊരു വള്ളിയിലാണ്‌ കൂടു വയ്‌പ്‌ ആരംഭിച്ചിരിക്കുന്നത്‌. കൂടൊന്നുമായിട്ടില്ല. ചിലന്തി വലയോ, മരത്തിന്റെ കറയോ എന്തൊേെക്കാ വച്ച്‌ ചില ഉണക്കയിലകളും നാരുകളും വള്ളിയില്‍ ഒട്ടിച്ചു വരികയാണ്‌. പക്ഷെ കാര്യങ്ങള്‍ മിന്നല്‍ വേഗത്തിലാണ്‌ നീങ്ങിയത്‌. സര്‍ക്കസുകാര്‍ ടെന്റടിക്കുന്നതു പോലെ. ഒരാഴ്‌ച കൊണ്ടു കൂടു റെഡി. അധികം താമസിയാതെ കൂട്ടില്‍ രണ്ടു മുട്ടയും വന്നു. മുട്ട കണ്ടപ്പോള്‍ ബുദ്ധിമാനായ ശശി ശിവാജി ഗണേശന്‍ സ്‌റ്റൈലില്‍ ഒരു ചിരി പാസാക്കി. ഒരു പ്രഖ്യാപനവും. “ഇനി എവിടെ പോവാന്‍ ? മുട്ടയും കൊത്തി പറക്കാന്‍ പറ്റുമോ?” അടയിരുപ്പു തുടങ്ങി. പക്ഷി കൂട്ടിലും, ഞാനും ശശിയും കിണറിന്റെ മതിലിലും.

ഇതിനിടെ എവിടെ നിന്നോ ശശി ഒരു കൂടു സംഘടിപ്പിച്ചു. മുറുക്കാന്‍ കടക്കാര്‍ക്ക്‌ അടയ്‌ക്ക സൂക്ഷിക്കാനായി ഗോളാകൃതിയിലുള്ള കമ്പി വല കൊണ്ടു നിര്‍മ്മിക്കുന്ന ഒരു പാത്രം അക്കാലത്തു സുലഭമായിരുന്നു. ഇതില്‍ പക്ഷിക്കുഞ്ഞിനെ വച്ച ശേഷം അടപ്പ്‌ സ്ഥിരമായി കെട്ടിയുറപ്പിക്കാമെന്നായിരുന്നു ശശിയുടെ പ്ലാന്‍. ഭക്ഷണം കമ്പിയഴികള്‍ക്കിടയിലൂടെ ഇട്ടു കൊടുക്കാം. ഞങ്ങള്‍ അറിയാതെ തന്നെ ലോക ചരിത്രത്തിന്റെ ഭാഗമായിത്തീരാനുള്ള ഒരു കാല്‍വെയ്‌പായിരുന്നു അത്‌. കാരണം മണ്ണാത്തിക്കീച്ചി അല്ലെങ്കില്‍ വണ്ണാത്തിപ്പുള്ള്‌ എന്ന കറുപ്പും വെളുപ്പും നിറമുള്ള കിളി ആയിരുന്നു അവിടെ കൂടു വച്ചത്‌. അതിനു മുന്‍പോ പിന്‍പോ ആ കിളിയെ ആരും കൂട്ടിലിട്ടു വളര്‍ത്തിയതായി അറിവില്ല. തത്തയും മൈനയും സംസാരിക്കുമെങ്കില്‍ എന്തു കൊണ്ട്‌ മണ്ണാത്തിക്കീച്ചിയ്‌ക്കും സംസാരിച്ചു കൂടാ എന്നൊരു വിലപ്പെട്ട സംശയം ഞാന്‍ മുന്നോട്ടു വച്ചപ്പോള്‍ ഉത്തരമില്ലാതെ ശശിയും പരുങ്ങലിലായി. ആരെയും എന്തും പഠിപ്പിക്കുന്ന സെല്‍ഫ്‌ ഫിനാന്‍സ്‌ കോളേജുകള്‍ നിലവില്‍ വരുന്നതിനു മുപ്പതു കൊല്ലം മുന്‍പാണിത്‌. അതുകൊണ്ടു ഞങ്ങള്‍ തന്നെ പഠിപ്പിക്കുകയേ മാര്‍ഗ്ഗമുള്ളൂ.

ഒടുവില്‍ കാത്തിരുന്ന ആ സുദിനം വന്നു. പക്ഷിക്കുഞ്ഞുങ്ങള്‍ കൂടുവിട്ടു ചാടിച്ചാടി കിണറിന്റെ മതിലില്‍ കയറി. ഒരു തോര്‍ത്തു മുണ്ടിട്ടു മൂടിയാല്‍ കാര്യം എളുപ്പമാണെന്നാണ്‌ ശശിയുടെ വാദം. പള്ളീലച്ചന്റെ പിന്നാലെ കപ്യാര്‍ ധൂപക്കുറ്റിയും കൊണ്ടു നടക്കുന്നതു പോലെ ശശിയുടെ പുറകെ, ഞാനും, കിളിക്കൂടുമായി നീങ്ങുകയാണ്‌. പക്ഷി ചാടും, തോര്‍ത്തു മൂടി കുടുക്കാന്‍ ശശി പുറകെ ചാടും, അതിന്റെ പുറകെ കൂടുമായി ഞാനും ചാടും. കിണറ്റില്‍ നിന്നും തൈത്തെങ്ങിലേക്ക്‌, അവിടെ നിന്ന്‌ വാഴക്കൈയ്യിലേക്ക്‌, അവിടെ നിന്നു തൈമാവിലേക്ക്‌… ദാ പക്ഷിക്കുഞ്ഞുങ്ങള്‍ പോയ്‌ക്കഴിഞ്ഞു. എന്തെല്ലാം സ്വപ്‌നങ്ങളാണ്‌ തകര്‍ന്നത്‌. ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന വണ്ണാത്തിപ്പുള്ള്‌ എന്ന പദവി വേണ്ടന്നു വച്ചാണ്‌്‌ ആ വിവരദോഷികള്‍ ചാടിപ്പോയത്‌.

വണ്ണാത്തിപ്പുള്ളു പോയെങ്കിലും അന്നു മുതല്‍ ഞാന്‍ പക്ഷികളെ തേടി നടക്കാന്‍ ആരംഭിച്ചു. എന്റെ അമ്മയുടെ കുടുംബവീടായിരുന്നു ഇതിനു പറ്റിയ കളരി. അന്നവിടെ രണ്ടു വലിയ കുടപ്പനകള്‍ നില്‌പുണ്ട്‌. ഈ കുടപ്പനയുടെ കവളില്‍ മൈന കൂടു വയ്‌ക്കും. മൈന എന്ന പേരു ഞങ്ങളുടെ നാട്ടില്‍ അത്ര പ്രചാരത്തിലില്ല. പനയുടെ കവിളില്‍ (ഓലയുടെ ചുവടും പനയുമായി ചേരുന്ന ഭാഗം) കൂടു വയ്‌ക്കുന്നതു കൊണ്ടാവാം, കവളന്‍ കാളി എന്നാണവ അറിയപ്പെട്ടിരുന്നത്‌. കവളന്‍ കാളി കൂടു വയ്‌ക്കാന്‍ തുടങ്ങിയാല്‍ പിന്നെ രണ്ടു മാസത്തേക്കു ഞങ്ങള്‍ക്ക്‌ ഉത്സവമാണ്‌. പനയുടെ ചുവട്ടില്‍ ഇരിപ്പു പിടിക്കും. ഇത്രയും വലിയ ഒരു സസ്‌പെന്‍സ്‌ ത്രില്ലര്‍ വേറെയില്ല. കാരണം, പക്ഷി പനയുടെ കവിളിലേക്ക്‌ ഇറങ്ങുന്നതും പുറത്തു വരുന്നതുമല്ലാതെ വേറൊന്നും കാണാനില്ല. ഒടുവില്‍ രണ്ടു പക്ഷിക്കുഞ്ഞുങ്ങള്‍ പുറത്തു വരും.

കുടപ്പനയുടെ ഓലകളില്‍ ചിലത്‌ അല്‌പം മടങ്ങി ഒടിഞ്ഞ്‌ കുട പോലെ തൂങ്ങിക്കിടക്കും. അവയ്‌ക്കുള്ളിലാണ്‌ നരിച്ചീറുകളുടെ വാസം. വര്‍ഷത്തിലൊരിക്കല്‍ പശുക്കൂടു മേയുവാന്‍ പനയോല വെട്ടുമ്പോള്‍ നരിച്ചീറുകള്‍ താഴെ വീഴും. കുട്ടികളുടെ മാവോയിസ്‌റ്റ്‌ വേട്ടയില്‍ കുടുങ്ങുന്ന വേറെയും നിരവധി പ്രാണികളുണ്ടായിരുന്നു. കുഴിയാന ആണതില്‍ പ്രമുഖന്‍. വീടിന്റെ ഭിത്തിയ്‌ക്കു ചുറ്റും കുഴിയാന ഉണ്ടാക്കിയിരിക്കുന്ന കുഴികളിലേക്ക്‌ ഉറുമ്പിനെ ഇട്ടുകൊടുക്കുകയും അവയെ പിടിക്കാന്‍ വരുന്ന കുഴിയാനകളെ തീപ്പെട്ടിയിലാക്കുകയുമായിരുന്നു ഒരു പ്രധാന വിനോദം.

ആയിടക്കെവിടെയോ വായിച്ചു, ചെടികളില്‍ സോപ്പു പത പോലെ ഒരു വെളുത്ത പത കണ്ടാല്‍ വിടണ്ട, അതിനുള്ളില്‍ ഒരു ചെറിയ പ്രാണി ഉണ്ടാവും എന്ന്‌. അവനെ തെരഞ്ഞു പിടിച്ച്‌ ഒരിലയില്‍ വച്ച്‌ അടുത്ത്‌ മറ്റെന്തെങ്കിലും പ്രാണികളെ എടുത്തു വച്ചാല്‍ നമ്മുടെ സോപ്പു കുട്ടന്‍ അദൃശ്യമായ ഒരു സ്‌പ്രേ നടത്തും. മറ്റവന്‍ ജീവനും കൊണ്ടോടും. പിന്നെ കുറേ നാള്‍ അതായി ജോലി.

കാര്യം പക്ഷി ശാസ്‌ത്രജ്ഞന്‍ സലിം ആലിയെ വീട്ടുകാര്‍ക്കു ബഹുമാനം ആയിരുന്നെങ്കിലും ഞാന്‍ ഒരു സലിം ആലി ആവുന്നതില്‍ അവര്‍ക്കു തീരെ താത്‌പര്യമില്ലായിരുന്നു. അതുകൊണ്ട്‌ എന്റെ പറമ്പു ചുറ്റിയുള്ള കറക്കം അത്ര പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. ഞാന്‍ മറ്റൊരു മാര്‍ഗ്ഗം തേടി. അമ്മയെ സഹായിക്കാന്‍ ഭക്ഷണം സ്‌കൂളില്‍ കൊണ്ടു പോകുന്നത്‌ വാഴയിലയിലാക്കി. പാത്രം കഴുകേണ്ടല്ലോ. ഇല മുറിച്ചു കൊണ്ടു വരുന്ന ജോലി ഞാനേറ്റെടുത്തു. അച്ഛന്‍ ജോലി സ്ഥലത്തേക്കു പുറപ്പെട്ടാല്‍ അപ്പോള്‍ ഞാന്‍ വാഴയില തപ്പിയിറങ്ങും. പരിസരത്തെ ഫാക്ടറി പറമ്പുകളിലും കുടുംബ വീട്ടിലുമൊക്കെ കറങ്ങി നടക്കാം. ഒരു മണിക്കൂര്‍ നീളുന്ന അന്വേഷണമാണ്‌. തിരിച്ചു വരുമ്പോള്‍ വാഴയിലക്കൊപ്പം ഒരു കഥയും വേണം, തല്ലുകൊള്ളാതിരിക്കണമെങ്കില്‍. ‘പശു കുത്താനിട്ടോടിച്ചു, പട്ടി കടിക്കാനിട്ടോടിച്ചു, വഴിയില്‍ പാമ്പിനെ കണ്ടു, തേങ്ങാ തലയില്‍ വീഴേണ്ടതായിരുന്നു…’ അങ്ങിനെ എന്തെങ്കിലും സമയം പോലെ പടച്ചു വിടുക. എന്തായാലും ആറേഴു വര്‍ഷം ഞാന്‍ സംസാര സാഗരം കടന്നു കൊണ്ടിരുന്നത്‌ ആ വാഴയിലക്കഷണത്തിലാണ്‌ പ്രഭാതത്തെ അതിന്റെ മുഴുവന്‍ സൗന്ദര്യത്തോടെയും ആസ്വദിച്ചതും അക്കാലത്താണ്‌.

അന്നു പക്ഷികള്‍ക്കു സൈ്വരമായിരിക്കാന്‍ സര്‍പ്പക്കാവുകളും, കാട്ടുപൊന്തകളും, പൊട്ടക്കിണറുകളുമൊക്കെ ധാരാളമായുണ്ടായിരുന്നു. ഉണങ്ങി തുടങ്ങുന്ന മരത്തില്‍ മരം കൊത്തികള്‍ ദ്വാരമുണ്ടാക്കും. ആ ദ്വാരത്തില്‍ മറ്റു പല പക്ഷികളും കൂടുണ്ടാക്കും. അതു കൂടാതെ കൂടു വയ്‌ക്കാന്‍ വള്ളികളും ചെടികളും വേറെയും. ഇരട്ടത്തലച്ചി, സൂചിമുഖി, അടയ്‌ക്കാ കുരുവി, കരിയിലപ്പക്ഷി, ഉപ്പന്‍ അഥവാ ചെമ്പോത്ത്‌… എത്ര എത്ര കിളികള്‍. ഒരിക്കല്‍ മണ്ടപോയ ഒരു തെങ്ങിന്റെ തലപ്പത്ത്‌ നാലുവശത്തുമായുള്ള നിരവധി ദ്വാരങ്ങളില്‍ ഒരു പറ്റം തത്തകള്‍ താമസമാക്കി. ഒന്നു കയ്യടിച്ചു ശബ്ദമുണ്ടാക്കിയാല്‍ അവ ഒരുമിച്ചു പുറത്തേക്കു വന്നു പറന്നു പോകും. ഒരു പച്ച സില്‍ക്കു ഷാള്‍ കാറ്റില്‍ പറക്കുന്നതു പോലെ. ഇത്ര മനോഹരമായ വേറൊരു കാഴ്‌ചയും ഓര്‍മ്മ വരുന്നില്ല.

ഇക്കൂട്ടത്തില്‍ അല്‌പം വേദനിക്കുന്ന ഒരു കഥയുമുണ്ട്‌. ഒരു ദിവസം പിച്ചാത്തിയും കൊണ്ടു നടക്കുന്നതിനിടയില്‍ പറമ്പില്‍ കണ്ട ഒരു കൊക്കോച്ചെടിയുടെ കമ്പില്‍ വെറുതെ ഒന്നു വെട്ടി. കമ്പ്‌ അറ്റു തൂങ്ങി. അതിനിടയില്‍ നിന്ന്‌ ഒരു പക്ഷി നിലവിളിച്ചു കൊണ്ടു പറന്നു പോയി. രണ്ടു മുട്ടകള്‍ താഴെ വീണു പൊട്ടി. നോക്കിയപ്പോള്‍ അതുവരെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത തുന്നല്‌ക്കാരന്‍ കുരുവിയുടെ കൂടാണ്‌. അടുത്തുള്ള രണ്ട്‌ ഇലകള്‍ ചേര്‍ത്ത്‌ വച്ച്‌ അവയുടെ അരികിലൂടെ ചെറിയ കഷണം കമ്പോ, ഈര്‍ക്കിലോ കോര്‍ത്ത്‌ (നമ്മള്‍ കഞ്ഞി കുടിക്കാന്‍ പ്ലാവില മടക്കി ഈര്‍ക്കില്‍ കുത്തുന്ന വിദ്യ) പാടുപെട്ടുണ്ടാക്കിയ കൂടിരുന്ന കമ്പാണ്‌ ഞാന്‍ അരിഞ്ഞു തൂക്കിയത്‌. ആ പക്ഷി പിന്നെ വന്നിട്ടേ ഇല്ല.

തേച്ചു മിനുക്കിയ മതിലുകളും, സിമന്റെങ്കിലും ഇട്ട ഇടവഴികളും വന്നതോടെ നാട്ടിലെ ജൈവ വൈവിധ്യം പമ്പ കടന്നു തുടങ്ങി. വേലിയില്‍ നിരന്നു നില്‌ക്കുന്ന ചെടികളും, കല്ലുകയ്യാലകളിലെയും മണ്‍കയ്യാലകളിലെയും പായലുകളും, പടര്‍പ്പുകളും അവയ്‌ക്കിടയിലെ പൊത്തുകളിലിരുന്ന ജീവികളുമെല്ലാം ഇല്ലാതായി. മഴക്കാലത്തു കയ്യാലപ്പൊത്തുകളില്‍ നിന്ന്‌ ഇടവഴിയിലേക്കൂറി വരുന്ന നീരൊഴുക്കിലൂടെ, ചരലിലൂടെ നടക്കുന്നതും ഓര്‍മ്മ മാത്രമായി..

അന്നു ഞങ്ങളുടെ നഗരത്തില്‍ ഡ്രെയ്‌നേജ്‌ സംവിധാനമില്ലായിരുന്നു. മഴ പെയ്യുമ്പോള്‍ വെള്ളം ഒഴുകിപ്പോവാന്‍ ചില ഓടകള്‍ മാത്രം. അതുകൊണ്ടു റോഡിലൂടെ മലിനജലം സ്ഥിരമായി ഒഴുകിയിരുന്നില്ല. വാട്ടറിന്‌ ‘അതോറിറ്റി’ ഇല്ലാത്ത കാലമായിരുന്നതു കൊണ്ട്‌ പൈപ്പു നിറയെ വെള്ളം. വഴിയില്‍ ഇടയ്‌ക്കിടെ കാല്‍ കഴുകാന്‍ പരുവത്തിന്‌ ശുദ്ധജല വിതരണ ടാപ്പുകള്‍. പൈപ്പു പൊട്ടിയാല്‍ നന്നാക്കുന്നത്‌ ആഴ്‌ചകള്‍ കഴിഞ്ഞാണ്‌. അത്രയും കാലം വഴിയിലൂടെ ഒഴുകുന്ന വെള്ളത്തില്‍ കാല്‍ നനച്ച്‌ സ്‌കൂളിലേക്കു പോവാം. ചെരിപ്പില്ലാതെയാണല്ലോ യാത്ര.

എന്തായാലും അക്കാലത്ത്‌ പക്ഷിമൃഗാദികളോട്‌ ആളുകള്‍ക്ക്‌ ആത്മാര്‍ത്ഥമായൊരു സ്‌നേഹം ഉണ്ടായിരുന്നു. ഒരു ഓണ ദിവസം രാവിലെ നോക്കുമ്പോള്‍ അമ്മയുടെ കുടുംബവീട്ടിലെ തെങ്ങില്‍ തൂങ്ങിക്കിടക്കുന്നു ഒരു 9.16 ഹാള്‍മാര്‍ക്ക്‌ കാക്ക ! ഓലമടലില്‍ നിന്ന്‌ ഒരു നൂലില്‍ തൂങ്ങിക്കിടക്കുകയാണ്‌. സംഭവിച്ചതെന്താണെന്നു വച്ചാല്‍ കുട്ടികള്‍ ആരോ പട്ടം പറപ്പിച്ചപ്പോള്‍ നൂല്‍ പൊട്ടി രണ്ടു തെങ്ങിലായി കുടുങ്ങി വലിഞ്ഞു നിന്നു. ഇടയ്‌ക്കു കൂടി പറന്നു പോയ കാക്ക എങ്ങിനെയോ നൂലില്‍ കുടുങ്ങി. നൂലിന്റെ ഒരറ്റം ഒരു തെങ്ങില്‍ നിന്ന്‌ വിട്ടു. പക്ഷേ മറ്റേതു വിടുന്നില്ല. ഫലത്തില്‍ മറ്റേ തെങ്ങില്‍ കെട്ടിത്തൂക്കിയ പോലെ കാക്ക കിടന്നു പെടയ്‌ക്കുന്നു. ഇടയ്‌ക്കു പറന്നു നോക്കും. നൂല്‍ അനുവദിച്ച ദൂരം കഴിയുമ്പോള്‍ വീണ്ടും തിരിച്ചു വന്നു തൂങ്ങിക്കിടക്കും.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരത്തുള്ള കാക്കകള്‍ ഓണാഘോഷത്തിലെ മറ്റു പരിപാടികള്‍ എല്ലാം റദ്ദു ചെയ്‌ത്‌, ചുറ്റുപാടുമുള്ള മരങ്ങളില്‍ വന്നിരുന്ന്‌ പൂവിളി ആരംഭിച്ചു. ആകെ ബഹളം. പറമ്പിന്റെ ഉടമസ്ഥനു നേര്‍ക്കാണോ, പട്ടം പറത്തിയ കുട്ടിക്കെതിരെയാണോ പൂവിളി എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല.

കുറച്ചു കഴിഞ്ഞപ്പോഴാണ്‌ അമ്മൂമ്മ ശ്രദ്ധിക്കുന്നത്‌. അതൊരു ബലിക്കാക്കയാണ്‌. ദൈവമേ, തിരുവോണവുമായിട്ട്‌ പിതൃക്കളാരെങ്കിലും വന്നതാണോ ? കാക്ക കിടന്ന്‌ ആടുന്നതും പെടയ്‌ക്കുന്നതും അമ്മൂമ്മയ്‌ക്കു സഹിക്കുന്നില്ല. ഓണവുമായിട്ട്‌ ആരു തെങ്ങില്‍ക്കയറാന്‍ ? അമ്മൂമ്മ ഓരോ അമ്പലങ്ങളിലായി വഴിപാടു നേര്‍ന്നു തുടങ്ങി. കാര്യം അഞ്ചാം ക്ലാസ്സിലാണു പഠിച്ചിരുന്നതെങ്കിലും അവിവാഹിതനായ ഒരു കൊച്ചു കുട്ടിയായിരുന്നു ഞാന്‍. വിവാഹജീവിതത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്‌ ഒരു ധാരണയും ഇല്ലായിരുന്നു. ഇന്നാണെങ്കില്‍ ഒന്നു സൂക്ഷിച്ചു നോക്കമ്മൂമ്മേ, അതിന്‌ അപ്പൂപ്പന്റെ കുടുംബത്തിലെ ഛായയാണ്‌, അവിടത്തെ ആരെങ്കിലുമായിരിക്കും, പിന്നെ അമ്മൂമ്മ വിഷമിക്കുന്നതെന്തിനാ എന്നു പറഞ്ഞു തടി ഊരുമായിന്നു. കുറേക്കഴിഞ്ഞപ്പോള്‍ നൂലെങ്ങിനെയോ അഴിഞ്ഞു. കാക്ക പറന്നും പോയി. പക്ഷെ അത്രയും നേരം അമ്മൂമ്മ കാട്ടിയ വെപ്രാളം ഒരിക്കലും മറക്കാന്‍ പറ്റില്ല.

എന്റെ സ്‌കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത കാലം മൂന്നാം ക്ലാസ്സിലെ പഠനമാണ്‌. ഉച്ചയ്‌ക്ക്‌ ഒന്നരമണി മുതല്‍ മൂന്നര മണി വരെ മാത്രമായിരുന്നു ക്ലാസ്സ്‌. അച്ഛനും അമ്മയും ജോലിക്കു പോവുന്നതു കൊണ്ട്‌ രാവിലെ ഒന്‍പതു മണിയോടെ എന്നെ അമ്മയുടെ കുടുംബവീട്ടിലേക്കയക്കും. ചുറ്റുമുള്ള പറമ്പുകളിലൊക്കെ അലഞ്ഞു നടന്ന്‌ മതിയായിക്കഴിയുമ്പോള്‍ ഞാന്‍ ഒരു കുളി കൂടി പാസ്സാക്കും. വീടിനടുത്ത്‌ ചരല്‍ നിറഞ്ഞ ഒരു ഇടവഴി അവസാനിക്കുന്നു. ഒരു സൈക്കിള്‍ പോലും വരാത്ത ആ വഴിയില്‍ കിണറില്ലാത്ത ഒന്നോ രണ്ടോ വീട്ടുകാര്‍ക്കായി ഒരു പൊതു ടാപ്പുണ്ട്‌. മൂന്നു വശത്തും ഒഴിഞ്ഞ പറമ്പുകളും, പച്ചിലക്കാടുകളും, വേലികളും. അച്ഛനും അമ്മയുമറിയാതെ, അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും കാലു പിടിച്ച്‌ സമ്മതം വാങ്ങി പൊതു ടാപ്പിനു ചുവട്ടിലിരുന്നു ഞാന്‍ കുളിക്കും. മുകളിലാകാശം, താഴെ ഭൂമി. ഒരഞ്ചാറു കൊല്ലം മുന്‍പതു വഴി വീണ്ടും പോകാനിടയായി. പൈപ്പു പണ്ടേ പോയി. റോഡില്‍ സിമന്റും ടാറുമൊക്കെയായി. ചുറ്റും കോണ്‍ക്രീറ്റ്‌ വീടുകളും മതിലുകളും. പോയില്ലായിരുന്നെങ്കില്‍ പഴയ ഓര്‍മ്മ എങ്കിലും മനസ്സില്‍ കിടക്കുമായിരുന്നു എന്നോര്‍ത്തു പോയി.

ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ ഒരു കാരണം ഉണ്ട്‌. ഈയിടെ ഞാന്‍ ഒരു പ്രകൃതി സൗഹൃദ റിസോര്‍ട്ടു കാണുവാന്‍ പോയി. കോട്ടേജുകളൊക്കെ കാട്ടിത്തന്ന ശേഷം അവര്‍ നാലു ചുവരുകള്‍ക്കുള്ളില്‍ ചരല്‍ വിരിച്ചു ചുറ്റും ചെടികള്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ഒരിടം കാട്ടിത്തന്നു. മേല്‌ക്കൂര ഇല്ല. പ്രകൃതി സൗഹൃദ ശൗചാലയമാണ്‌. മുകളിലൂടെ പോകുന്ന സാറ്റലൈറ്റുകളുടെ ക്യാമറയില്‍ എന്തൊക്കെ പതിയുമോ ആവോ? അവ ഏതെങ്കിലും വിദ്വാന്‍ ‘ലീക്കി വീക്കി’യാല്‍ എന്താവും സ്ഥിതി ? എന്തായാലും ചെറിയൊരാശ്വാസത്തിനു വകയുണ്ട്‌. ഇന്ത്യാക്കാരന്‍ പൊതു വഴിയില്‍ നിന്നു മൂത്രമൊഴിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്‌തു മടുത്ത വിദേശ രഹസ്യാന്വേഷണക്കാര്‍ ഇന്ത്യയ്‌ക്കു മുകളിലൂടെ പോവുമ്പോള്‍ ക്യാമറ അടച്ചു വയ്‌ക്കുമത്രേ. ഇന്ത്യാക്കാരന്‌ അങ്ങനെ പ്രത്യേകിച്ചു രഹസ്യമൊന്നും ബാക്കി ഇല്ലെന്നാ അവരുടെ നിഗമനം. ഇതാരും സ്ഥിരീകരിച്ചിട്ടില്ല.

എന്തായാലും ശൗചാലയം ഗംഭീരം. സംഗതി പ്രകൃതി സൗഹൃദമൊക്കെ തന്നെ. പക്ഷെ കോട്ടേജിന്റെ വാടക ചോദിക്കുമ്പോള്‍ സൗഹൃദം പമ്പ കടക്കും ദിവസം മുപ്പതിനായിരം രൂപ. ഇക്കണക്കിന്‌ എത്ര ലക്ഷം രൂപയുടെ കുളി ഞാന്‍ ആ ഒരു വര്‍ഷം റോഡുവക്കിലെ പൈപ്പിന്‍ ചുവട്ടില്‍ നടത്തിക്കാണും?.


Subscribe to get notifications on new posts

Recent Articles

Comments
  1. kumar chellappan | Reply
  2. Bhadra | Reply
    • Hari | Reply

Leave a Reply

Your email address will not be published.