എന്റെ ഒരു സ്‌നേഹിതന്റെ അമ്മാവന്‍ മൂന്നാറില്‍ തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. മൂന്നു നാലു മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു ചാക്കു പച്ചക്കറിയുമായാണ് വരുന്നത്. അതെല്ലാം നാട്ടുകാര്‍ക്കു സൗജന്യമായി വിതരണം ചെയ്യും. കൂട്ടത്തില്‍ ചില ഇംഗ്ലീഷ് പദങ്ങളും. ‘ബ്ലഡി ബഗര്‍’ ആണതില്‍ പ്രധാനം. ഇതും തോട്ടത്തില്‍ നിന്നു കിട്ടിയതാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇവിടം വിട്ടു പോയ തോട്ടക്കാരന്‍ സായിപ്പ് തോട്ടത്തിലിട്ടിട്ടു പോയതാണ്. അമ്മാവന്റെ സൈക്കിളിനു മുന്നില്‍ ചാടുന്ന പൂച്ചക്കുട്ടിയും, ബസ്സില്‍ ബാക്കി ചില്ലറ പത്തു പൈസ തിരിച്ചു കൊടുക്കാത്ത കണ്ടക്ടറും, സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കു ചെന്നപ്പോള്‍ കാശു ചോദിച്ച ഡോക്ടറുമെല്ലാം ബ്ലഡി ബഗര്‍ തന്നെ. അന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന എന്റെ സ്‌നേഹിതന്‍ ഈ പ്രയോഗം കേട്ടു പഠിച്ചു. ബെഗറും (begger) ബഗ്ഗറും (bugger) ഒന്നു തന്നെയാണെന്നാണു മൂപ്പര്‍ വിചാരിച്ചത്. ശക്തിയായി ഉച്ചരിക്കുമ്പോള്‍ ബഗര്‍ ആയിപ്പോവുമെന്നു വിചാരിച്ചത്രേ. ഇടയ്‌ക്കിടെ പ്രയോഗിക്കാനും തുടങ്ങി. കഷ്ടകാലത്തിനു പ്രയോഗം ഒരിക്കല്‍ ഇംഗ്ലീഷധ്യാപകന്റെ ചെവിയുടെ പരിസരത്തു വച്ചായിപ്പോയി. അദ്ദേഹം വിചാരണ കൂടാതെ തന്നെ ചില കായിക പ്രയോഗങ്ങള്‍ നടത്തി. അതു പക്ഷെ കായികമായിരുന്നു. അങ്ങിനെ ബഗറും ബെഗറും രണ്ടാണെന്ന് പഠിക്കാന്‍ സ്‌നേഹിതനു വലിയ വില കൊടുക്കേണ്ടി വന്നു. സത്യത്തില്‍ ഈ ബ്രിട്ടീഷുകാരന്‍ സായിപ്പെന്തൊരു മണ്ടനാണ് ? അവര്‍ ഏഴു കടലും താണ്ടി വന്ന് അറിയാവുന്ന കുത്സിത പ്രവൃത്തികളൊക്കെ ചെയ്‌ത് നമ്മുടെ നാടിന്റെ ഭരണം പിടിച്ചെടുത്തു. അതിലെ കുബുദ്ധിയും അതിബുദ്ധിയും സമ്മതിക്കാതെ തരമില്ല. പക്ഷെ അതു കഴിഞ്ഞു ചെയ്‌തതോ ? അവരുടെ ഭാഷ നമ്മളെ പഠിപ്പിക്കാന്‍ തുടങ്ങി. നമ്മള്‍ പട്ടിക്കുഞ്ഞിനെ വാങ്ങിച്ചിട്ടും, ആനയെ കുഴികുത്തി വീഴ്‌ത്തിയിട്ടും ഒക്കെ ചെയ്യുന്നതും അതു തന്നെയാണ്. പക്ഷെ അതൊക്കെ ഏഴോ എട്ടോ വാക്കു കൊണ്ടുള്ള കളിയാണ്. അതുപോലെയാണോ മനുഷ്യരുടെ ആശയ വിനിമയം ? നമ്മള്‍ സായിപ്പിനെക്കുറിച്ചു പറഞ്ഞതും വിചാരിച്ചതുമായ കാര്യങ്ങളുടെ പത്തിലൊന്നെങ്കിലും അവര്‍ അറിഞ്ഞിട്ടുണ്ടോ ? ഇന്ത്യ ഭരിക്കാനെത്തിയ സായിപ്പന്മാരുടെ തന്തയും തള്ളയുമൊക്കെ തുമ്മിത്തുമ്മി ആയിരിക്കണം മരിച്ചത്.
സായിപ്പ് നമ്മളെ അവരുടെ ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ നമ്മള്‍ അതിനെ മാനഭംഗപ്പെടുത്താനും തുടങ്ങി. സര്‍വ്വ കാര്യങ്ങള്‍ക്കും ശിക്ഷാവിധികള്‍ എഴുതിയുണ്ടാക്കിയ സായിപ്പ് ഇങ്ങനെ ഒരപകടം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതു കൊണ്ടു നമ്മള്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഞാനടക്കം പലര്‍ക്കും ജീവപര്യന്തം കിട്ടുമായിരുന്നു. സ്വാതന്ത്ര്യമൊക്കെ കിട്ടി ഒത്തിരി നാള്‍ കഴിഞ്ഞ് നമ്മുടെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ ബ്രിട്ടനില്‍ പഠിക്കാന്‍ പോയി. ആഡംബരകാര്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ അപ്രന്റീസ്. പയ്യന്‍ വെറും ആറു മാസം കൊണ്ട് വില കൂടിയ രണ്ടു കാര്‍ ഒരു പരുവമാക്കി കൊടുത്തു. സഹികെട്ട സായിപ്പ് ‘എന്തു പണ്ടാരമാടാ നീയീ കാണിക്കുന്നതെ’ന്നലറി. പയ്യന്‍ അക്ഷോഭ്യനായി പറഞ്ഞുവത്രേ. “മുന്നുറ്റമ്പതു കൊല്ലം നിങ്ങള്‍ എന്റെ നാടിനോടു ചെയ്‌തതു വച്ചു നോക്കുമ്പോള്‍ ഇത് ഒന്നുമില്ല”. പിന്നെ പയ്യന്‍ തിരിച്ചു പോരുന്നതു വരെ സായിപ്പു വായ തുറന്നിട്ടില്ല. പാവം, സായിപ്പ്, സ്വന്തം ഭാഷക്കുണ്ടായ കേടുപാട് ആ നേരത്ത് ഓര്‍ത്തു കാണില്ല. ആശയ വിനിമയത്തിനാണു ഭാഷ. പക്ഷെ ഔപചാരികമായി ഭാഷ പഠിക്കുമ്പോള്‍ ഉച്ചാരണത്തിലാണു നമ്മുടെ ശ്രദ്ധ മുഴുവന്‍. ഞാന്‍ പണ്ടു കുറച്ചു നാള്‍ റഷ്യന്‍ ഭാഷ പഠിക്കാന്‍ പോയി. കൂടെ ഒന്നു രണ്ടു സുഹൃത്തുക്കളും വന്നു. ഉച്ചാരണത്തെക്കുറിച്ചാണു ഞങ്ങളുടെ സംശയം മുഴുവന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരുന്ന റഷ്യന്‍ സായിപ്പു ക്ഷുഭിതനായി. “നീയെന്താ മോസ്‌ക്കോ റേഡിയോയില്‍ അനൗണ്‍സറാകാന്‍ പോകുന്നോ ? മര്യാദയ്‌ക്കു നാലു വാചകം എഴുതാനും വായിക്കാനും പഠിക്കെടാ”. നമ്മുടെ നാട്ടില്‍ ഉച്ചാരണം ഒരു ജീവന്‍ മരണ പ്രശ്‌നമാക്കിയെടുത്തതില്‍ നമ്മുടെ ന്യൂ ജനറേഷന്‍ സ്‌കൂളുകള്‍ക്കും വലിയ പങ്കുണ്ട്. ഒരു പത്തു മുപ്പതു കൊല്ലം മുന്‍പ് ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഫാഷനാവുന്നതിനു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ അത്തരമൊരെണ്ണം തുടങ്ങി. എന്റെ സ്‌നേഹിതന്‍, സാമാന്യം നല്ല ഒരു പിശുക്കന്‍, ഭാര്യയുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ മകനെ അവിടെ ചേര്‍ത്തു. ഒരേക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ വില സംഭാവനയായും, 30 സെന്റ് തെങ്ങിന്‍ പറമ്പിന്റെ കാശു ഫീസായും കൊടുത്തു.
ഒരാഴ്‌ച കഴിഞ്ഞു ഞാനദ്ദേഹത്തിന്റെ വീട്ടിലൊന്നു പോയി. ശ്‌മശാന മൂകത. ചെറുക്കന്‍ പതിവുപോലെ ഉടുതുണിയില്ലാതെ മുറ്റത്തിരുന്നു മണ്ണു വാരുന്നുണ്ട്. നൂല്‍ ബന്ധമില്ല എന്നു പറയാന്‍ പറ്റില്ല. കഴുത്തില്‍ ഒരു ടൈ തൂങ്ങിക്കിടപ്പുണ്ട്. അതുകൊണ്ട് മറയാവുന്നിടത്തോളം ഒക്കെ മറയുന്നുമുണ്ട്. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ അവന്‍ അത് അഴിക്കാന്‍ സമ്മതിച്ചിട്ടില്ല. അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ തുടങ്ങി എല്ലാവരും ഓരോ മൂലയിലുണ്ട്. സ്‌കൂള്‍ എങ്ങിനെ എന്നു ചോദിച്ചപ്പോള്‍, സ്‌നേഹിതന്‍ മാത്രം ഒരു ഞരക്കം പുറപ്പെടുവിച്ചു. കുറച്ചു നേരം ഇരുന്ന ശേഷം ഞാന്‍ തിരിച്ചു പോരാനിറങ്ങി. അല്‌പം ചെന്നപ്പോള്‍ പുറകില്‍ ഒരു പൊട്ടിച്ചിരി കേള്‍ക്കാം. സ്‌നേഹിതന്റെ അളിയന്‍, ചിരിച്ചു കൊണ്ട് ഓടി വരുന്നു. “ചേട്ടാ, അളിയന്‍ ആകെ വിഷമത്തിലാണ്. ഇത്രേം കാശു മുടക്കീട്ടും ഉച്ചാരണം ശരിയാവുന്നില്ല”. ഞാന്‍ ചോദിച്ചു “എടാ അതിനവന്‍ സ്‌കൂളില്‍ ചേര്‍ന്നല്ലേ ഉള്ളൂ?”. “എന്നുവച്ചോ? അളിയനെ ഇപ്പോള്‍ ‘കലുവാട മോനേ’ന്നാ വിളിക്കുന്നേ. അതെങ്കിലും ചൊവ്വേ ഉച്ചരിക്കണ്ടേ? പിന്നെ അപ്പൂപ്പന്‍ പേടിച്ച് അവന്റെ നേരെ നോക്കുന്നു പോലുമില്ല.” ഉച്ചാരണം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാമെന്നു പറഞ്ഞ് കാശെണ്ണി വാങ്ങുന്ന ടീച്ചര്‍മാര്‍ അതെങ്കിലും ഒന്നു ശ്രദ്ധിക്കണമായിരുന്നു. ഇത്ര പ്രചാരമുള്ള ഒരു വാക്കു തെറ്റിക്കാമോ? ഒട്ടു മുക്കാലും ഭാഷകള്‍ക്കു വാമൊഴിയും വരമൊഴിയും ഉണ്ട്. ഏതു നാടിന്റെയും രണ്ടറ്റത്തു ചെന്നാല്‍ രണ്ടു തരത്തിലായിരിക്കും ഉച്ചാരണം. അല്ലെങ്കില്‍ നാട് അത്ര ചെറുതായിരിക്കണം. ഭാഷാധ്യാപകരും, ടിവി അവതാരകരും, റേഡിയോ അനൗണ്‍സര്‍മാരുമൊക്കെ കൃത്യമായി ഉച്ചരിക്കാനും അറിഞ്ഞിരിക്കണം. എഡിസണും ഐന്‍സ്റ്റീനുമൊക്കെയാവേണ്ടവര്‍ ഉച്ചാരണത്തില്‍ കടിച്ചു തൂങ്ങി ജീവിതത്തിന്റെ പല്ലുകളയുകയല്ലേ എന്നൊരു സംശയം ബാക്കി ഉണ്ട്. എന്റെ അമ്മ ഒരു ഹിന്ദി അധ്യാപിക ആയിരുന്നു. എന്നെ സ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ചതും അമ്മയാണ്. മേ അധികം കോ സമം മുഛ്‌കോ എന്നു പഠിപ്പിക്കുമ്പോള്‍ മേകോ ആയാല്‍ എന്താ കുഴപ്പം എന്ന ന്യായമായ സംശയം എനിക്കുണ്ടാവും. പക്ഷെ അതു ചോദിക്കാന്‍ പോയാല്‍ അടി കൊണ്ടു ഞാനും മേ കോ എന്നാവും. സംശയങ്ങള്‍ ഉള്ളിലൊതുക്കി, കിട്ടിയ ഹിന്ദി വിഴുങ്ങി, ദല്‍ഹിയില്‍ എത്തിയ ഞാന്‍ ഒരു ഓട്ടോക്കാരനോടു വഴി ചോദിച്ചു. അയാള്‍ പറയുന്നു “മേരേ കോ നഹി മാലൂം”. ഞാന്‍ ആദ്യം വിചാരിച്ചത് ഹിന്ദി പേടിച്ചു സ്‌കൂളില്‍ നിന്നു ജനല്‍ വഴി ചാടി ഡല്‍ഹിയിലെത്തിയ ഏതോ മലയാളി ആണെന്നാണ്. ഇന്ത്യയില്‍ കാക്കത്തൊള്ളായിരം ഹിന്ദി ഉണ്ടെന്നും അതു കാക്കത്തൊള്ളായിരം തരത്തില്‍ പറയാമെന്നും പിന്നീടാണു മനസ്സിലായത്. ‘ആശയം കൈമാറാന്‍ ഭാഷയെന്തിന്, കുറച്ചു വാക്കുകള്‍ ധാരാളം പോരേ?’ എന്നു ചോദിക്കുന്നവരുമുണ്ട്.
പണ്ടു വളരെ പ്രശസ്‌തനായ ഒരു ഡോക്ടറുണ്ടായിരുന്നു. സൗമ്യന്‍, മാന്യന്‍, മിതഭാഷി. സര്‍ക്കാര്‍ ഡോക്ടറാണെങ്കിലും ഉച്ച കഴിഞ്ഞാല്‍ വീട്ടു മുറ്റത്തു രോഗികളുടെ പെരുന്നാളാണ്. പിന്നെ പണത്തിന്റെ കാര്യത്തില്‍ ആള്‍ അല്‌പം കണിശക്കാരനാണ്. ജനറല്‍ ഫിസിഷ്യനായതു കൊണ്ട് രോഗിയുടെ ശരീരത്തില്‍ ഏതു ഭാഗത്തും അമര്‍ത്തി നോക്കാന്‍ ലൈസന്‍സുണ്ട്. കൂട്ടത്തില്‍ പേഴ്‌സിരിക്കുന്ന ഭാഗത്തും ഒന്നമര്‍ത്തും. കീശയുടെ കനമനുസരിച്ചാണ് മരുന്ന് എഴുതുന്നത്. ഒരിക്കലോ മറ്റോ ഒരു തെറ്റു പറ്റി. ചൊവ്വാ ദോഷമുള്ള മകള്‍ക്കു വിവാഹം നടത്താന്‍ കിട്ടാവുന്നത്ര തലക്കുറികളും പേഴ്‌സിലാക്കി ജ്യോത്സന്റെ അടുത്തേക്കു പോവുന്ന വഴി ഒരാള്‍ ഡോക്ടറുടെ അടുത്തും ഒന്നു കയറി. പേഴ്‌സിനുള്ളില്‍ തലക്കുറിയാണോ കറന്‍സി നോട്ടാണോ എന്നു വെറുമൊരു തലോടലിലൂടെ കണ്ടു പിടിക്കാന്‍ പോക്കറ്റടിക്കാരനു പോലും പറ്റില്ല. പിന്നല്ലേ ഡോക്ടര്‍ക്ക്. മരുന്നെടുത്തു കൊടുത്ത മെഡിക്കല്‍ ഷോപ്പുകാരന്‍ വില പറഞ്ഞപ്പോള്‍ രോഗി തല കറങ്ങി വീണു പോയി. ഇതൊഴിച്ചാല്‍ ഡോക്ടറുടെ ഡയഗ്നോസിസ് എല്ലായ്‌പ്പോഴും ഏറെക്കുറെ കൃത്യമായിരുന്നു. ഡോക്ടറുടെ കഥയിലെ വില്ലന്‍ അദ്ദേഹത്തിന്റെ ഒരനിയന്‍ തന്നെ ആയിരുന്നു. പണ്ടേ പള്ളിക്കൂടം വേണ്ടെന്നു വച്ച, അല്‌പം ചട്ടമ്പിത്തരവും, സ്വല്‌പം മദ്യപാനവുമൊക്കെയുള്ള മറ്റൊരു മാന്യന്‍. അദ്ദേഹം സന്ധ്യയാവുമ്പോള്‍ ഡോക്ടറുടെ പടിക്കലെത്തി രോഗികളെ അഭിസംബോധന ചെയ്‌തു തുടങ്ങും. ഇംഗ്ലീഷിലാണു പ്രഭാഷണം. മദ്യപിച്ചാല്‍ പിന്നെ അദ്ദേഹത്തിന് ഇംഗ്ലീഷേ വായില്‍ വരൂ. വിഷയം ഡോക്ടര്‍ തന്നെ. “മൈ എല്‍ഡര്‍ ബ്രദര്‍, ബ്ലഡി ബഗര്‍, ബോണ്‍ സംബഡി എല്‍സ്…” മൗലികമായ ഇംഗ്ലീഷായതു കൊണ്ടു രോഗികളില്‍ പലര്‍ക്കും കാര്യം പിടികിട്ടില്ല. പക്ഷെ വിഷമിക്കാനില്ല. ഡോക്ടര്‍ അറു പിശുക്കനും, അറുത്ത കൈയ്‌ക്ക് ഉപ്പു തേക്കാത്തവനും ആണ്. അതുകൊണ്ട് അനിയന്‍ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ തയ്യാറെടുത്ത് ഡ്രൈവര്‍, തോട്ടക്കാരന്‍, കുശിനിക്കാരന്‍, കാവല്‌ക്കാരന്‍, ഡോക്ടറുടെ പട്ടിയുടെ ട്യൂഷന്‍ മാസ്റ്റര്‍ തുടങ്ങി നാലഞ്ചു പേര്‍ രോഗികള്‍ക്കിടയില്‍ പലയിടത്തായി തയ്യാറെടുത്തു നില്‌പുണ്ടാവും. “പാവം, ഡോക്ടറുടെ അനിയനാ. ഡോക്ടര്‍ ഇയാടെ സ്വത്തൊക്കെ തട്ടിയെടുത്തെന്നു തെറ്റിദ്ധരിച്ചാ പറയുന്നെ. ഇംഗ്ലീഷൊന്നും പഠിച്ചിട്ടില്ല. ഡോക്ടര്‍ പിതൃ ശൂന്യനാ, ഇവിടുത്തെ അപ്പച്ചന്റെ മോനല്ലെന്നൊക്കെയാ പറയുന്നേ…” സത്യത്തില്‍ പാവം ഡോക്ടര്‍ തന്നെയാണ്. താന്‍ മിനിമം വേതനം പോലും നല്‌കാതെ നിര്‍ത്തിയിരിക്കുന്നത് ഒരു സംഘം തര്‍ജ്ജിമക്കാരെയാണെന്ന് മൂപ്പര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കുന്നില്ല. എന്തായാലും ആശയ വിനിമയം നന്നായിതന്നെ നടന്നു പോന്നിരുന്നു. മലയാള ഭാഷ മരിച്ചു പോകുമെന്നു പണ്ഡിതന്മാരൊക്കെ ആശങ്കപ്പെടുന്നെങ്കിലും ഉടനെങ്ങും മരണം സംഭവിക്കും എന്നു വിചാരിക്കാന്‍ കാരണമില്ല. കഷ്ടിച്ചു നാനൂറോ അഞ്ഞൂറോ വര്‍ഷം മാത്രം പഴക്കമുള്ള ഭാഷയാണ്. അതുണ്ടായ കാലത്ത് ഇന്നത്തെ കേരളം ഇരിക്കുന്ന സ്ഥലത്ത് മുപ്പതോ നാല്‌പതോ ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നിരിക്കാനിടയില്ല. അതില്‍ തന്നെ എത്ര പേര്‍ മലയാളം സംസാരിച്ചിരുന്നെന്നും, അതെന്തു മാതിരി മലയാളം ആയിരുന്നു എന്നും അറിയില്ല.
സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് സംസ്‌കൃതീകരിച്ച മലയാളം പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ മാര്‍ത്താണ്ഡ വര്‍മ്മ തമിഴ് നാട്ടില്‍ നിന്നു പാതവക്കില്‍ മായാജാലം കാണിക്കാന്‍ വന്നു കൊണ്ടിരുന്ന കലാകാരന്മാരുടെ സങ്കരഭാഷ തന്നെ സംസാരിച്ചിരുന്നിരിക്കാനാണു വഴി. സംശയമുണ്ടെങ്കില്‍ മതിലകം രേഖകളിലെ തൃപ്പടി ദാനം ഒന്നു വായിച്ചു നോക്കുക. പത്തു പതിനഞ്ചു വര്‍ഷം മരപ്പൊത്തിലും, കുറ്റിക്കാട്ടിലുമൊക്കെ ഒളിച്ചിരുന്ന ഒരാള്‍ ശുദ്ധ ഭാഷ സംസാരിച്ചിരുന്നെങ്കില്‍ ആ നിമിഷം എതിര്‍ കക്ഷികള്‍ കണ്ടു പിടിച്ചു കഴുവിലേറ്റുമായിരുന്നു. ഇന്നെന്തായാലും സാമാന്യം നല്ല മലയാളം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മൂന്നു മൂന്നര കോടി ആളുകളെങ്കിലും കേരളത്തില്‍ ഉണ്ട്. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തു മുപ്പത്തിനാലാം സ്ഥാനവും ഉണ്ട്. മലയാളം കുറെക്കാലം കൂടി നിലനില്‌ക്കാനതൊക്കെ ധാരാളം മതി. പിന്നെ കേരളത്തില്‍ ജനിച്ചവരുടെ സന്തതി പരമ്പരകളുടെയെല്ലാം മാതൃഭാഷ മലയാളമാണെന്നു പറയുന്നത് അധിക പ്രസംഗമാണ്. ദല്‍ഹിയിലോ ബോംബേയിലോ ന്യൂയോര്‍ക്കിലോ ജനിച്ചു വളരുന്നവനെന്തു മലയാളം? അടുത്ത വീട്ടിലെ ഹിന്ദിക്കാരന്‍ പയ്യനോ, സായിപ്പു ചെറുക്കനോ പ്രവാസി കേരളീയന്റെ ജനലിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചാല്‍ നാലു തെറി വിളിക്കാന്‍ മലയാളം മതിയാവുമോ ? ദോശയും ചമ്മന്തിയുമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ വെള്ളമൂറും. പുട്ടും കടലയുമെന്നു കേട്ടാലും അങ്ങിനെ തന്നെ. ഇരുപത്തി നാലു മണിക്കൂറും പിസയും, ബര്‍ഗറും, ഐസ് ക്രീമും കഴിക്കുന്നവനെന്തിനു മലയാളം ? കേരളത്തില്‍ പോലും അച്ഛന്‍ കെ.എഫ്.സി.യില്‍ നിന്നു ലോണെടുത്തു (Kerala Financial Corporation) എന്നു കേള്‍ക്കുമ്പോള്‍ മക്കളുടെ വായില്‍ വെള്ളമൂറുന്ന അവസ്ഥയാണ്. ഭാഷ നിലനിര്‍ത്താന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന ചില കടും കൈകള്‍ ദൈവം പോലും പൊറുക്കില്ല. അതിലൊന്നാണ് ശ്രേഷ്‌ഠഭാഷയായി പ്രഖ്യാപിക്കല്‍. കുറഞ്ഞത് ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭാഷയെയാണ് ശ്രേഷ്‌ഠ ഭാഷ ആയി പ്രഖ്യാപിക്കുന്നത്. ഇവിടെ സാംസ്‌കാരിക നായകന്മാര്‍ ബഹളം വെച്ചപ്പോള്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭാഷയും പട്ടികയില്‍ കയറി. നാളെ നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ചേര്‍ന്നു വിവാഹ പ്രായം നാലു വയസ്സാക്കണമെന്നു പറഞ്ഞാല്‍ അതും സംഭവിച്ചേക്കാം. ജനങ്ങളെ പ്രീണിപ്പിക്കുകയാണല്ലോ ജനാധിപത്യത്തിന്റെ കാതല്‍. വരമൊഴിക്കു ഏറെക്കുറെ തുല്യമായ നിലയില്‍ തന്നെ മലയാളം സംസാര ഭാഷയാക്കുന്നതിലും, ജനങ്ങളെ പഠിപ്പിച്ചെടുക്കുന്നതിനും, ഇത്രയും കാലം നിലനിര്‍ത്തിയതിനുമൊക്കെ നമ്മള്‍ നന്ദി പറയേണ്ടതു പഴയകാല സിനിമാ പ്രവര്‍ത്തകരോടും, മൈക്ക് സെറ്റുകാരോടും, പാതയോരത്തു യോഗം നടത്തുന്ന രാഷ്ട്രീയക്കാരോടും ആണ്. പിന്നെ ആകാശ വാണിയോടും, ആകാശ വാണി പരിപാടികള്‍ നിരന്തരമായി പുനസംപ്രേക്ഷണം ചെയ്‌തു കൊണ്ടിരുന്ന ബാര്‍ബര്‍ ഷാപ്പുകാരോടും, ചായക്കടക്കാരോടും, വായന ശാലകളോടും. സാഹിത്യാത്മകമായ മലയാള ഭാഷ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഒരു വിദേശ കരവും പ്രവര്‍ത്തിച്ചിരുന്നു സ്ഥിരമായി ചലച്ചിത്ര ഗാനങ്ങള്‍ സംപ്രേഷണം ചെയ്‌തിരുന്ന സിലോണ്‍ റേഡിയോ.
അക്കാലത്ത് എന്റെ വീടിനു തൊട്ടു താഴെയുള്ള ഒരു ഫാക്ടറിയില്‍ സമരം നടന്നു. അന്നു സമരം ചെയ്യുന്നവര്‍ക്ക് ഹൗസിംഗ് ലോണ്‍ മുടങ്ങല്‍, കാര്‍ലോണ്‍ മുടങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടിയിരുന്നില്ല. സ്ഥിരമായി കുടിക്കുന്ന കഞ്ഞിക്കു പകരം കഞ്ഞി വെള്ളമോ, കാടി വെള്ളമോ കുടിക്കേണ്ടി വരും, അത്രമാത്രം. അതുകൊണ്ടു സമരങ്ങള്‍ മാസങ്ങളോളം നീളാറുണ്ടായിരുന്നു. ഞാനീ പറഞ്ഞ സമരം 112 ദിവസം നീണ്ടു നിന്നു. ഭാഗ്യവശാല്‍ എന്റെ അമ്മയ്‌ക്കു സമരക്കാരോട് ഒരനുഭാവമുണ്ടായിരുന്നു. അമ്മ ആദ്യം ജോലി ചെയ്‌തിരുന്ന സ്‌കൂളില്‍ നിന്ന് അമ്മയെ പിരിച്ചു വിടുകയായിരുന്നു. അന്നേതോ അധ്യാപക സമരത്തില്‍ പങ്കെടുത്തതായിരുന്നു കാരണം. എന്തായാലും ഞാന്‍ അമ്മയുടെ അനുഭാവം പൂര്‍ണ്ണമായും മുതലെടുത്തു. സമരപ്പന്തലിനെതിരെയുള്ള മതില്‍ എന്റെ സ്ഥിരം ഇരിപ്പിടമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും, വൈകിട്ടും സമരം കാണാം. അവധി ദിവസങ്ങളില്‍ പിന്നെ മുഴുവന്‍ സമയ പ്രേക്ഷകനാണ്. സമരക്കാര്‍ എല്ലാം അടുത്തുള്ള പ്രദേശത്തെ ചെറുപ്പക്കാരാണ്. അതില്‍ ഒന്നു രണ്ടു പേര്‍ക്കു മീന്‍ പിടിക്കാന്‍ നല്ല വശമാണ്. അവര്‍ രാവിലെ തന്നെ തൊട്ടടുത്ത ആറ്റില്‍ ചൂണ്ടയിട്ടു മീന്‍ പിടിച്ചു തുടങ്ങും. പത്തു കിലോ മരച്ചീനി വാങ്ങാന്‍ രണ്ടു രൂപ വേണം. ഇതിനു സമരസഹായ സമിതി എന്നെഴുതി ഒട്ടിച്ച ഒരു ടിന്നുമായി അതുവഴി പോകുന്ന കാല്‍ നടക്കാരെ സമീപിക്കും. സമരപ്പന്തലിന്റെ ഒരു മൂലയിലാണ് പാചകം. വിറക്, ഓല, മടല്‍ ഒക്കെ അടുത്തുള്ള പറമ്പുകളില്‍ നിന്നു പെറുക്കും. സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയ്‌ക്ക് അവധി ദിവസങ്ങളില്‍ രണ്ടു കഷണം മരച്ചീനി എനിക്കും തരും. പത്തിരുപതു ദിവസം കഴിഞ്ഞിട്ടും ഫാക്ടറി ഉടമ സമരം ഗൗരവമായെടുക്കുന്നില്ല. അപ്പോള്‍ വാടക കടം പറഞ്ഞ് ഒരു മൈക്ക് സെറ്റ് ഇരന്നു വാങ്ങിക്കൊണ്ടു വന്നു. കര്‍ക്കിടക മാസവും കടുത്ത മഴയുമായതു കൊണ്ട് മൈക്കു സെറ്റിരുന്നു തുരുമ്പു പിടിക്കുകയായിരുന്നു. ദിവസം 25 രൂപയാണു സാധാരണ വാടക. പക്ഷെ സമരക്കാര്‍ വന്‍പിച്ച ആടിമാസക്കിഴിവിന്റെ പശ്ചാത്തലത്തില്‍ അഞ്ചു രൂപ കൊടുത്താല്‍ മതി. അടുത്തുള്ള തെങ്ങിലൊക്കെ കോളാമ്പി വച്ചു കെട്ടി. (ശബ്ദവും മലിനീകരണമാണെന്നു ജനം തിരിച്ചറിയുന്നതിനു മുന്‍പുള്ള കാലമാണ്). രാവിലെ എട്ടു മണിക്കു മുദ്രാവാക്യം വിളി തുടങ്ങും. ശുദ്ധ നാടന്‍ പ്രയോഗങ്ങളാണ്. വാടാ വാടക ഗുണ്ടകളേ, കരിങ്കാലികളേ, തെണ്ടികളേ, മാനേജ്‌മെന്റേ മൂരാച്ചീ, മത്തായി വര്‍ഗ്ഗീസേ എമ്പോക്കീ…… മത്തായി വര്‍ഗ്ഗീസാണ് ഫാക്ടറി ഉടമ. ആരോടും ഒരു ദയയുമില്ലാത്ത ഒരപ്പൂപ്പന്‍. മുദ്രാവാക്യം വിളികഴിഞ്ഞാല്‍ പിന്നെ ചലച്ചിത്ര ഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും പ്രവാഹമാണ്. “പാട്ടുപാടിയുറക്കാം ഞാന്‍….”, “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…”, “ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ…”, “മദം പൊട്ടിച്ചിരിക്കുന്ന മാനം…”, “പൊന്നരിവാളമ്പിളിയില്‍…” ഓരോ മണിക്കൂര്‍ കൂടുമ്പോഴും മുദ്രാവാക്യം വിളി ഉണ്ട്. അങ്ങിനെ സമരക്കാര്‍ നൂറ്റൊന്നു ദിവസം പാട്ടു പാടി കാത്തിരുന്നു. മാനേജ്‌മെന്റ് ശ്രദ്ധിച്ചേ ഇല്ല. അപ്പോള്‍ ഒരു ദിവസം മുതലാളി ഓടിച്ചു വന്ന കാര്‍ തടഞ്ഞു നിര്‍ത്തി. സ്‌റ്റീയറിംഗ് ഒടിച്ചെടുത്തിട്ട് ഒരു വലിയ കരിങ്കല്ലു മടിയില്‍ വച്ചു കൊടുത്തു. അതോടെ ഉന്തും തള്ളുമായി. പോലീസ് വന്നു, കേസായി, ചര്‍ച്ച തുടങ്ങി, ഒടുവില്‍ ഒത്തു തീര്‍പ്പൂമായി. എന്റെ വിശ്രമജീവിതവും താത്‌കാലികമായി അവസാനിച്ചു. നമ്മുക്കു പാട്ടിലേക്കു തിരിച്ചു വരാം. അക്കാലം മലയാളത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു.
ലോകസാഹിത്യവും വിജ്ഞാനവും, ആധുനികതയുമൊക്കെ മലയാളത്തിലേക്കു വന്നു തുടങ്ങിയ കാലം. അല്ലെങ്കില്‍ കേരളത്തിലെമ്പാടും കദളിവാഴക്കൈകളിൽ ‘കാഫ്‌ക’ ഇരുന്നു തുടങ്ങിയ കാലം. അക്ഷരാഭ്യാസമില്ലാത്ത പാവങ്ങളാണ് ഇതൊക്കെ ആസ്വദിച്ചിരുന്നവരില്‍ ഭൂരിഭാഗവും. ഇതു മാത്രമല്ല, സാംബശിവന്റെ കഥാ പ്രസംഗത്തിലൂടെ അമ്പലപ്പറമ്പിലെത്തുന്ന ഷേക്‌സ്‌പിയറും, തോപ്പില്‍ ഭാസിയുടെയും, കെ.ടി. മുഹമ്മദിന്റെയും, എന്‍. എന്‍. പിള്ളയുടെയുമൊക്കെ നാടകങ്ങളും ജനങ്ങള്‍ ആസ്വദിച്ചിരുന്നു. മലയാളത്തെ വളര്‍ത്തിയത് ഇതൊക്കെയാണ്. എന്നാല്‍ പഴയ മധുര ഗാനങ്ങളൊന്നും ഇന്നു വഴിയില്‍ കേള്‍ക്കാനില്ല. ആകെ ഉള്ളതു കുറച്ചു ഭക്തിഗാനങ്ങളാണ്. അതൊക്കെ എഴുതുന്നവനെ ദൈവം തമ്പുരാന്‍ തന്നെ അന്വേഷിച്ചു നടക്കുകയാണ്. അത്ര കടുപ്പമാണതിലെ സാഹിത്യം. “അച്ഛാ പറയൂ, അമ്മേ കെട്ടിയ കഥകള്‍ കേള്‍ക്കട്ടെ” എന്ന മട്ടില്‍ അച്ഛനും മക്കളുമായി ചില ഭക്തിഗാനങ്ങള്‍ ഉത്സവ സീസണില്‍ എന്റെ വീടിന്റെ നാലു ഭാഗത്തും പറന്നു നടക്കും. ആദ്യമാദ്യം അത്തരം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കാലില്‍ നിന്നൊരു വിറയല്‍ കേറി വരുമായിരുന്നു. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ഈരടികള്‍ അലയടിച്ചുയര്‍ന്നിരുന്ന നാട്ടിലാണിതെന്നോര്‍ക്കണം. എന്തായാലും ഇപ്പോള്‍ ശീലമായി. ഒന്നു ശ്രദ്ധിച്ചപ്പോള്‍ പാട്ടുകളിലൊക്കെ അച്ഛന്‍ മാത്രമേയുള്ളൂ. തള്ളയില്ലാത്ത കുഞ്ഞുങ്ങളല്ലേ, അവര്‍ പാടിക്കോട്ടെ എന്നു സമാധാനിക്കുകയാണിപ്പോള്‍. അങ്ങിനെ ഭാഷയുടെ കാര്യത്തില്‍ ഞാനൊരു ശുഭാപ്‌തി വിശ്വാസക്കാരനായിരുന്നു. എന്നാല്‍ ഈയിടെ ഉണ്ടായ ഒരു സംഭവം എന്റെ ശുഭാപ്‌തിവിശ്വാസം തകര്‍ത്തു കളഞ്ഞു. ഒരു കല്യാണത്തിനു പോയതാണ്. അപ്പോള്‍ ദാ ഒരു പുതിയ ചടങ്ങ് വധുവിനെയും വരനെയും കുടുംബത്തെയുമൊക്കെ റീയാലിറ്റി ഷോ മാതൃകയില്‍ പരിചയപ്പെടുത്തുകയാണ്. ഇംഗ്ലീഷിലാണു പരിചയപ്പെടുത്തല്‍. അടുത്ത കാലം വരെ ഗള്‍ഫില്‍ എവിടെയോ ജോലി ചെയ്‌തു തിരിച്ചു വന്ന ഒരു ‘അംകിള്‍’ ആണ് ആ ക്രൂരകര്‍മ്മത്തിനു മുതിര്‍ന്നത്. യാതൊരു മയവുമില്ല. ഇടയ്‌ക്കിടെ ചില പൊട്ടല്‍ കേള്‍ക്കാം. അംകിളിന്റെ കഠിനമായ ആക്‌സന്റ് മൈക്കിനു ദഹിക്കാതെ പോവുന്നതാണ്. ഇംഗ്ലീഷിനെ ആരെന്തു ചെയ്‌താലും എനിക്കു വിഷയമല്ല. ഞാന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോള്‍ ദാ ഒരു പെണ്‍കുട്ടി സ്റ്റേജില്‍ ചാടിക്കയറി മൈക്കു പിടിച്ചു പറിക്കുന്നു. “…. ഞാന്‍ പോവ്വാ. Just one Sentence. പറയാതിരിക്കാന്‍ വയ്യ. എന്റെ ഫ്രണ്ടായോണ്ടല്ല…. ഇവനു ബയങ്കര ബുദ്ദിയാ… ഞങ്ങള്‍ ഇവനെ ബുദ്ദിരാഷസന്‍ ന്നാ വിള്‍ച്ചോണ്ടിരുന്നേ. പിന്നെ ബുദ്ദി കാരണം പടിച്ചോണ്ടിരുന്ന ടീച്ചര്‍മാര്‍ക്കെല്ലാം ഇവനെ ഫയങ്കര പേടിയാരുന്നു. ഇത്ത്‌രേ ഒള്ളൂ. bye”. പട്ടാപ്പകല്‍ ഇത്രയും അക്രമം നടന്നിട്ടും ഒരാള്‍ പോലും ഭക്ഷണത്തില്‍ നിന്നു തലയെടുത്തില്ല. ഞാനും. എന്തായാലും ഒരു കാര്യം ഉറപ്പായി. മലയാളത്തിന്റെ കാര്യം പരുങ്ങലിലാണ്. ഇനി മലയാള ഭാഷ ഒരു നൂറു വര്‍ഷം കൂടി ജീവനോടെ കിടക്കുന്നെങ്കില്‍ അതിന് ഉത്തരവാദികള്‍ പാതയോരത്തു പ്രസംഗിച്ചു തടസ്സമുണ്ടാക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രം ആയിരിക്കും.
Leave a Reply