വെടിക്കെട്ടു പുരാണം
വെടിമരുന്നു കണ്ടുപിടിച്ചത് ചൈനാക്കാരാണെങ്കിലും അത് അതിന്റെ ആദ്യരൂപത്തില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കേരളീയരാണു മുമ്പില്‍ എന്നുവേണം കരുതാന്‍. വെടിക്കെട്ടില്ലാതെ നമുക്ക് ഉത്സവമോ പെരുന്നാളോ ഇല്ല. പടക്ക നിര്‍മ്മാണശാലകളില്‍ ഇടയ്ക്ക് അപകടങ്ങളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ആഘോഷ സ്ഥലങ്ങളില്‍ വലിയ കുഴപ്പമൊന്നുമില്ലാതെ സംഗതി മാനേജ് ചെയ്യാറുണ്ട്. എന്നാല്‍ ജാതകദോഷമെന്നല്ലാതെ എന്തു പറയാന്‍. ഈ സാധനം ഞാനെന്നു കൈ കൊണ്ടു തൊട്ടാലും അപകടമുണ്ടാകും.
പാമ്പുഗുളിക എന്നൊരു സംഗതിയുണ്ട്. അതിനെ പടക്കങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ പോലും പറ്റില്ല. പാറ്റ ഗുളികയുടെ അത്ര പോലും വലിപ്പമില്ലാത്ത ഒരു കറുത്ത ഗുളിക. കുറച്ചു നേരം തീയില്‍ പിടിച്ചാല്‍ കത്തും. കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ടം ഒരു കുഴലുപോലെ നീണ്ടു വരും. പൊട്ടിത്തെറിക്കില്ല. ശബ്ദമില്ല, പ്രത്യേകിച്ചു വെളിച്ചവുമില്ല. ഒരു നിര്ഗുണന്. ഞാന്‍ അഞ്ചാം ക്ലാസ്സിലോ, ആറാം ക്ലാസ്സിലോ പഠിക്കുന്ന കാലത്ത് പടക്കം മേടിക്കാന്‍ വീട്ടില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലെ അപകടസാധ്യതകള്‍ പറഞ്ഞു വീട്ടുകാര്‍ നിഷ്കരുണം ഒഴിവാക്കുന്നു. അന്തസ്സുള്ള ഒരു പടക്കവും വാങ്ങാന്‍ അനുവാദം കിട്ടില്ലെന്നുറപ്പായപ്പോള്‍ ഞാന്‍ പാമ്പു ഗുളികയില്‍ കയറിപ്പിടിച്ചു. അതായാലും മതി. അതിലെന്തപകടമുണ്ടാവാന്‍? ഒന്നരമണിക്കൂര്‍ അതിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചുവാദിച്ചപ്പോള്‍ കഷ്ടിച്ചൊര്‍ധ സമ്മതം കിട്ടി. കാര്യം സ്വന്തം അച്ഛനും അമ്മയും ആണെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഇടയ്ക്കിടെ നിലപാടു മാറ്റുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നെന്നു പറയാതെ തരമില്ല. ഞാന്‍ ഒട്ടും താമസിക്കാതെ ഓടിപ്പോയി ഒരു പെട്ടി പാമ്പുഗുളിക വാങ്ങിക്കൊണ്ടു വന്നു. അതു കത്തിക്കാനായി ഒരു മണ്ണെണ്ണ വിളക്കു കൊണ്ടു വന്നു മുറ്റത്തു വച്ചു. ഇനി ഒരു സിമന്റു തറ വേണം. ഗുളിക കത്തിച്ചു വയ്ക്കുന്നസ്ഥലത്ത് ഒരു പാടുവരും. അതു അടുത്തകാലത്തെങ്ങും പോവില്ല. അങ്ങിനെ ഞാന്‍ പാടു വന്നാലും കുഴപ്പമില്ലാത്ത സ്ഥലം അന്വേഷിച്ച് നടക്കുമ്പോള്‍ പുറകില്‍ ഒരു നിലവിളി കേട്ടു. നോക്കുമ്പോള്‍ ചേച്ചിയുടെ പാവാടയ്ക്ക് തീ പിടിച്ചിരിക്കുന്നു. ഒരു മുട്ടന്‍ പാവാടയിട്ട് വരാന്ത തൂത്തു വാരാന്‍ വന്ന ചേച്ചി തീയുടെ പങ്കും വാങ്ങിപ്പോയി. ഇതു പുറകില്‍ നിന്നു കണ്ട അമ്മയും ചിറ്റമ്മയും ബഹളം വയ്ക്കുകയാണ്. അച്ഛന് ഓടി വന്ന് തീ ചവിട്ടി കെടുത്തി.
പിന്നെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു. പാമ്പുഗുളിക വായുവിലൂടെ പറന്നു പോയി. എന്നെ ആരോ ആകാശത്തേയ്ക്കെടുത്തുയര്‍ത്തി. അടി നാലു വശത്തു നിന്നും വരുന്നുണ്ട്. കുടുംബാഗങ്ങള്‍ തമ്മില്‍ എന്തൊരു യോജിപ്പാണ് ! അതോടെ പടക്കം എന്ന വസ്തുവിന് എന്‍െ്റ വീട്ടില്‍ ആജീവനാന്ത വിലക്കുമായി. ചേച്ചി മണ്ണെണ്ണ വിളക്കു തട്ടിയിട്ടു തീ പിടിപ്പിച്ചതിന് ഞാന്‍ പടക്കം എന്ന വാക്കേ പറയുവാന്‍ പാടില്ല. താലിബാന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതിന്, അമേരിക്ക സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നതു പോലെ ഒരേര്‍പ്പാട്.
അങ്ങനെ നിന്ദിതനും പീഡിതനും ആയി ഞാന്‍ ജീവിച്ചു വരുമ്പോള്‍ അമ്പലത്തില്‍ മണ്ഡല ചിറപ്പു മഹോത്സവം ആരംഭിച്ചു. ചെറിയ അമ്പലമാണ്. ചിറപ്പു കൊഴുപ്പിക്കാന്‍ ചില്ലറ പടക്കങ്ങളൊക്കെ വാങ്ങും, കൂടുതല്‍ പണം മുടക്കാന്‍ സാധാരണ വഴിപാടുകാരെ കൊണ്ടു പറ്റില്ല. അതു കൊണ്ട് അമച്വര്‍ വെടിക്കെട്ടാണ്. വാങ്ങുന്ന പടക്കങ്ങള്‍ കത്തിക്കുവാന്‍ അറിയാവുന്നവര്‍ പോയി കത്തിച്ചു കൊടുത്തു സഹായിക്കും. ഞാനും പതിയെ കൂട്ടത്തില്‍ കൂടി. അമിട്ടും മാലപ്പടക്കവുമൊക്കെ പ്രമുഖ ചട്ടമ്പിമാര്‍ എടുത്തു കെട്ടിത്തൂക്കി കത്തിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്. അമ്പലം ദീപാരാധനയ്ക്കായി അടച്ചിരിക്കുന്നു. തുറന്നാലുടന്‍ പടക്കം കത്തിക്കണം. നോക്കിയപ്പോള്‍ കുറച്ച് ഇടത്തരം റോക്കറ്റുകള്‍ ഇരിക്കുന്നു. രണ്ടു മൂന്നെണ്ണം ഞാനും എടുത്തു.
റോക്കറ്റിന് ഒരു കുഴപ്പമുണ്ട്. അത് കത്തിത്തുടങ്ങുമ്പോള് തീയും പുകയും ശക്തിയായി പുറത്തേയ്ക്കു ചീറ്റും. അപ്പോള്‍ മുറുക്കെപ്പിടിച്ച്, ദിശ മുകളിലേക്കു തന്നെ എന്നുറപ്പാക്കിയശേഷം കയ്യ്, അയച്ചു കൊടുക്കണം. അല്ലെങ്കില്‍ അതിന് ഇഷ്ടമുള്ള വഴിയേ പോകും. നിലത്ത് ഒരു കുപ്പി വച്ചിട്ട് റോക്കറ്റിന്റെ വാല് അതില്‍ ഇറക്കി വയ്ക്കുക ആണു മറ്റൊരു മാര്‍ഗ്ഗം. കുപ്പി ഒരു താത്കാലിക ലോഞ്ചിംഗ് പാഡായി പ്രവര്‍ത്തിക്കും. പക്ഷെ ഇതൊന്നും എനിക്ക് അന്നറിയില്ലായിരുന്നു. ഞാന്‍ ചന്ദനത്തിരി കത്തിക്കുന്ന ലാഘവത്തോടെ റോക്കറ്റ് വിളക്കില്‍ പിടിക്കുകയും അതു ചീറ്റിത്തുടങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന് കൈവിട്ട് തടി ഒഴിവാക്കുകയും ചെയ്തു. പക്ഷേ മേലോട്ടു പേകേണ്ട ആ മാരണം നേര്‍വഴിക്കല്ല പോയത്.ശാ ശൂ ശീ എന്നൊക്കെ ശബ്ദമുണ്ടാക്കി അമ്പലത്തിന്റെ ഇടതുവശത്തുള്ള ഒരു വീടിന്റെ അടുക്കള ഭാഗത്തേയ്ക്കു പോയി പൊട്ടിത്തെറിച്ചു. സംഭവിച്ചതെന്താണെന്നു പിന്നീടാണ് മനസ്സിലായത്. എന്റെ ഒരു മുന്‍ സഹപാഠിയുടെ വീടാണ്. അവരുടെ അമ്മ വരാന്തയില്‍ ആട്ടുകല്ലില്‍ അരി അരയ്ക്കുകയാണ്. റോക്കറ്റു നേരെ ചെന്നത് ആട്ടുകല്ലിനടിയിലേക്ക്. എന്നിട്ട് ഒരു പൊട്ടിത്തെറിക്കലും.
ഒരു ചെറിയ നിശബ്ദതയ്ക്കു ശേഷം വലിയ ചില ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. റോക്കറ്റയച്ചവനുളള വിശേഷണങ്ങളാണ്. വാക്കുകള്‍ വ്യക്തമാവുന്നില്ലെങ്കിലും ആശയം വ്യക്തമാവുന്നുണ്ട്. ലക്ഷ്യം ഞാനാണെന്നും മനസ്സിലായി. ക്ഷമയ്ക്കു പേരുകേട്ട മഹാപുരുഷന്മാരാണെങ്കില് പോലും എഴുന്നേറ്റു തല്ലിപ്പോകും. എനിക്കു പരാതിയില്ല. ഞാന്‍ പതുക്കെ ഇരുട്ടിലേക്കു വലിഞ്ഞു. പിന്നെ എന്തുണ്ടായി എന്നു വര്‍ണ്ണിച്ചു വഷളാക്കുന്നില്ല. നിങ്ങളുടെ ഭാവനയ്ക്കു വിടുന്നു.
ചിറപ്പിന്റെ സമാപനമെത്തി. അമ്പലത്തില്‍ വലിയ ആഘോഷമാണ്. വീടില് ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല. പക്ഷെ പകല്‍ പുറത്തിറങ്ങുവാന്‍ വയ്യാത്ത അവസ്ഥയാണ്. ആരു കണ്ടാലും റോക്കറ്റ് എങ്ങിനെ കത്തിക്കണം എന്ന് പറഞ്ഞു തരും ക്ലാസ്സ് സൗജന്യമാണ്. നേരം ഇരുട്ടിക്കഴിഞ്ഞപ്പോള്‍ പതുക്കെ വീട്ടില്‍ നിന്നിറങ്ങി അമ്പലത്തില്‍ ചെന്ന് അധികം ആരു ശ്രദ്ധിക്കാത്ത ഒരു ഭാഗം നോക്കി സ്ഥാനം പിടിച്ചു. വെടിക്കെട്ടു സാധനങ്ങള്‍ നിരനിരായായി വച്ചിരിക്കുകയാണ്. ഞാന്‍ കത്തിച്ചു കുളമാക്കിയതിന്റെ മൂന്നിരട്ടി വലിപ്പമുള്ള റോക്കറ്റുകളും അമിട്ടുകളുമൊക്കെ നിരന്നിരിക്കുന്നു.
ദീപാരാധന കഴിഞ്ഞു. മാലപ്പടക്കം, അമിട്ടൊക്കെ കഴിഞ്ഞു. റോക്കറ്റിന്റെ വരവായി. ചിറപ്പിന്റെ പ്രധാന ഉത്സാഹികളിലൊരാളും പ്രമുഖ അമച്വര്‍ വെടിക്കെട്ടു വിദഗ്ധനുമായ ഒരു വിദ്വാനാണ് നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഈ വിദ്വാന് എനിക്കു പറ്റിയ കയ്യബദ്ധത്തെക്കുറിച്ച് മാത്രമാണ് പ്രസംഗിക്കുന്നതെന്ന് ഞാന്‍ കേട്ടിരുന്നു. അദ്ദേഹം ഘനഗംഭീരനായി നിന്ന് റോക്കറ്റുകല്‍ കത്തിച്ച് നിസാരമായി ആകാശത്തേയ്ക്കു വിടുന്നു. അവ ആകാശത്തു പൂക്കള്‍ വിതറുന്നു. നിശ്ശബ്ദമായി നോക്കി നില്ക്കുന്ന എനിക്ക് തിയറി കൃത്യമായി മനസ്സിലാവുന്നുണ്ട്. പ്രാക്ടിക്കല്‍ എവിടെ ചെയ്യാന്‍ ? ഈ ജന്മത്ത് ഇനി ഒരു ചാന്‍സ് കിട്ടുമെന്ന് തോന്നുന്നില്ല. അങ്ങനെ നില്ക്കുമ്പോള് ദാ ഒരെണ്ണം ആല്‍മരത്തിലിടിച്ച് വലതുവശത്തുള്ള വീട്ടിലേക്കു പായുന്നു. പിന്നെ കാണുന്നത് നാലുമാസമായി പുറത്തിറങ്ങാതെ കട്ടിലില്‍ കിടക്കുന്ന ആ വീട്ടിലെ അമ്മൂമ്മ, മുറ്റത്തു നിന്നു തുള്ളുന്നതാണ്. വീട്ടില്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും തൊഴാന്‍ പോയി. റോക്കറ്റു വന്നു പൊട്ടിയതു കട്ടിലിന്റെ അടിയില്‍. പുര നിരയെ പുക. പോരേ പൂരം!
ട്രെയ്ന്‍ പാലത്തില്‍ നിന്നു താഴെപ്പോയാല് പിന്നെ സൈക്കിള്‍ ഓടയില്‍ പോയതു വാര്‍ത്തയാകില്ലല്ലോ അങ്ങിനെ തത്കാലത്തേയ്ക്കു ഞാനും രക്ഷപ്പെട്ടു.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
Sir, ithum nannayitund 🙂
Very nice and LOL
njan nannayi chirichu harichetta… . n in the earlier one… I liked Tara’s comment… As you have told me once, it’s never too late… nalla bhasha harichetta, ithiri diplomacy ozhivakkam ennu koodi thonnunnu 🙂
Hahhaaaa…
നല്ല തുടക്കം. ഇനി കോളേജ് കാല സാമ്പ്രാണിവെടികള് കൂടെ ഇങ്ങ് പോരട്ടെ, കഥാരൂപത്തില്‍
Good article keep it up. Mabrook
Moideen, Abu Dhabi
സംഭവബഹുലമായ ഒരു ബാല്യകാലം… ഇത് ഇന്നത്തെ കുട്ടികള്‍ക്ക് കഥ മാത്രമാകാം !!!
Hai Sir , Ithu oru vedikkettu sadhanam thanne , gundukal iniyum pratheekshiochukondu ….
Vinayan
സംഗതി കിടിലോൽ കിടിലം . ഇത്തരം ഐറ്റം ഇനിയുമുണ്ടെങ്കിൽ പോരട്ടെ
LIKE IT
Dear Hari,
Valare nannakunnundu. Continue.
Oru suhruthu ennathil upari, oru koodappirappu enna nilayil ninne ariyavunna nillakku njan thannte bhagathu ninnum valareadhikam nurukkukal pratheeshikkunnu
A very nice read… I went through the emotions and many of our generation can relate to the situations you were in ! The sense of humour is marked as Mr.Kumar commented earlier, the simile used were absolutely hilarious… Seems that I had missed an earlier article from you !
chiriyute podipooram sammanichathinu nandi.iniyum varatte malapadakkangal…