വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും തീവെട്ടിക്കൊള്ളക്കാരുടെയും, കള്ളപ്പണക്കാരുടെയും, തല്ലുകൊള്ളികളുടെയുമൊക്കെ പേരില്‍ കോളേജുകള്‍ തുടങ്ങുന്നതാണ് ഇപ്പോള്‍ ഫാഷന്‍. സ്വന്തം പേരൊഴികെ മറ്റൊന്നും എഴുതാനറിയാത്ത മഹദ് വ്യക്തികളുടെ പേരിലുള്ള കലാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റുമായി ന്യൂജനറേഷന്‍ പറന്നു നടക്കുന്നു. ഇതിനു മുന്‍പു മഹാന്മാരുടെയും, ദേശീയ നേതാക്കളുടെയും, പുണ്യാളന്മാരുടെയും ഒക്കെ പേരില്‍ കോളേജ് സ്ഥാപിക്കുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. കാര്യം പേര് വലിയ വലിയ ആളുകളുടെ ആയിരുന്നെങ്കിലും അകത്തു നടന്നിരുന്നതു തീവെട്ടിക്കൊള്ള തന്നെയായിരുന്നു. കാശുകൊടുക്കുന്നവര്‍ക്കും, സ്വന്തക്കാര്‍ക്കും, അധ്യാപകരായും മറ്റു ജീവനക്കാരായും നിയമനം കൊടുക്കുക. എന്നിട്ടു ശമ്പളം സര്‍ക്കാരിനെ കൊണ്ടു കൊടുപ്പിക്കുക. ഇങ്ങനെ ജോലി മേടിച്ചവരില്‍ നല്ലൊരു വിഭാഗവും കഴിവുള്ളവര്‍ തന്നെയായിരുന്നു. എന്നാല്‍ ജോലി കിട്ടിയില്ലെങ്കിലോ എന്ന പേടി കൊണ്ട് എത്രയും പെട്ടെന്ന് വീടും പറമ്പും പണയപ്പെടുത്തി ജോലി നേടാന്‍ ശ്രമിച്ചു എന്നു മാത്രം. മറ്റു ചിലര്‍ സ്ഥലം മാറ്റം ഒഴിവാക്കാന്‍ ഒറ്റ കോളേജോ, സ്‌കൂളോ ഉള്ളിടത്തു പണം കൊടുത്തു കയറി. ഈ ദൗര്‍ബല്യങ്ങള്‍ ഒക്കെ സ്വകാര്യ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ മുതലെടുത്തു.
ഇരുത്തഞ്ചു വര്‍ഷം മുന്‍പ് ഞാനും ഭാര്യയും തൊഴിലില്ലാതെ ഗവേഷകവിദ്യാര്‍ത്ഥികളായി നടക്കുകയായിരുന്നു. അപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ കോളേജ് അധ്യാപകരെ വിളിക്കുന്നു. കേരളത്തിനു പുറത്ത് കൂടുതല്‍ കാലം ജീവിച്ച എന്റെ ഭാര്യ, തനിക്കീ ജോലി കിട്ടുമെന്നു പറഞ്ഞു ചാടി പുറപ്പെട്ടു. ഫസ്റ്റ് റാങ്കും, ഫസ്റ്റ് ക്ലാസ്സും, യുജിസി ഫെലോഷിപ്പുമുള്ള താന്‍ ഇന്റര്‍വ്യൂവില്‍ നല്ല പ്രകടനം കാഴ്‌ച വച്ചാല്‍ അവര്‍ക്കെങ്ങിനെ ഒഴിവാക്കാന്‍ പറ്റുമെന്നാണ് അയാളുടെ ചോദ്യം. ചില കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പാടാണ്. ഈ കുഞ്ഞു ചൊറിഞ്ഞു തന്നെ അറിയട്ടെയെന്നു വിചാരിക്കുകയാവും ഭേദം. കോളേജിലേക്കു നിയമനത്തിനുള്ള ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ അയാളോട് അല്‌പനേരം കാത്തുനില്‍ക്കാന്‍ ഒരു നിര്‍ദ്ദേശം വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കുട്ടിവേഷം പാഞ്ഞു വന്നു. ‘നിങ്ങള്‍ക്കു റാങ്കും ക്ലാസ്സുമൊക്കെ ഉണ്ടല്ലോ?’ ‘ഉണ്ട്’ ‘അച്ഛനുണ്ടോ?’ ‘ഉണ്ട്’ ‘എന്തിയേ ?’ ‘നാട്ടിലാണ്’ ‘എന്നാല്‍ ഭര്‍ത്താവിനെ ഇങ്ങു വിളിച്ചേ’ ‘ഭര്‍ത്താവു വീട്ടിലാണ്’ അദ്ദേഹം അച്ഛനും ഭര്‍ത്താവുമില്ലാതെ കോളേജധ്യാപക ഇന്റര്‍വ്യൂവിനു വന്ന അത്ഭുത സൃഷ്ടിയെ അന്തം വിട്ടു നോക്കി. ‘പെട്ടെന്നു വീട്ടില്‍ ചെന്ന് ഈ നമ്പറിലോട്ടു വിളിക്കാന്‍ പറയൂ’ എന്നു പറഞ്ഞ് ഒരു ഫോണ്‍ നമ്പറും കൊടുത്തു വിട്ടു. ഭാര്യയ്‌ക്കു പ്രതീക്ഷയായി. ദാ തന്റെ കഴിവിനെ അവര്‍ അംഗീകരിച്ചിരിക്കുന്നു. ഉടനെ ജോലി തരാനാണ് അച്ഛനെയും ഭര്‍ത്താവിനെയുമൊക്കെ തെരയുന്നത്. അയാള്‍ പാഞ്ഞു വീട്ടില്‍ വന്നു തുരു തുരാ മണിയടിച്ച് ഉച്ചയ്‌ക്കു മനസ്സമാധാനമായി കിടന്നുറങ്ങുന്ന എന്നെ ഉണര്‍ത്തി. ഞാന്‍ ഉണര്‍ന്നു വരുമ്പോള്‍ മുറ്റത്തു ഭാര്യയാണ്. പുറകില്‍ ഒരു കാക്കി കുപ്പായക്കാരന്‍ പതുങ്ങി നില്‍ക്കുന്നു. ഞാന്‍ ചോദിച്ചു ‘ഇതാരാ?’ അപ്പോഴാണ് ഭാര്യ അയാളെ കാണുന്നത്. ‘അയ്യോ ഞാന്‍ വന്ന ആട്ടോയുടെ ആളാ, കാശു കൊടുത്തില്ല’ ‘കുഞ്ഞു വെപ്രാളപ്പെട്ടു മിണ്ടാതെ ഇറങ്ങി ഓടുന്നതു കണ്ടപ്പോള്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടു പോവാനാന്നു കരുതി’ എന്ന് ആട്ടോക്കാരന്‍ പറഞ്ഞു. അദ്ദേഹത്തിനു കാശു കൊടുത്തു പറഞ്ഞു വിട്ടിട്ടു ഭാര്യ പറഞ്ഞു. ‘ഉടന്‍ ഫോണ്‍ വിളിച്ചിട്ടു ചെല്ലണം. നിങ്ങള്‍ പറഞ്ഞ പോലൊന്നുമല്ല. അവര്‍ മെറിറ്റിനു വെയ്‌റ്റേജ് കൊടുക്കുന്നവരാണ്. വെറുതേ ആളുകളെ ദുഷിക്കരുത്. ഒന്നുമില്ലെങ്കിലും ദൈവത്തിന്റെ പേരില്‍ നടക്കുന്ന സ്ഥാപനമല്ലേ?’ ‘എടോ കൊച്ചേ, മുപ്പതു വര്‍ഷമായി കേരളത്തില്‍ ജനിച്ചു വളര്‍ന്നു വികസിച്ചു പടര്‍ന്നു പന്തലിച്ച ഒരു മഹാനാണു ഞാന്‍, ഇവിടത്തെ സര്‍വ്വ പോക്കിരിത്തരങ്ങളും എനിക്കു നന്നായറിയാം. സാക്ഷാല്‍ ഭഗവാനോ, ഭഗവതിയോ നേരിട്ടു ചെന്നു പറഞ്ഞാല്‍ പോലും, എത്ര ഉഗ്രമൂര്‍ത്തി തന്നെ ആയാലും, കാശു വാങ്ങാതെ ദേവസ്വം ബോര്‍ഡില്‍ ആരെയും നിയമിക്കില്ല. പിന്നാ തന്റെ പെര്‍ഫോമന്‍സ് കണ്ടു നിയമിക്കാന്‍ പോകുന്നത്!’ തര്‍ക്കം മൂത്തു വന്നപ്പോള്‍ ഫോണടിച്ചു. ഞാനെടുത്തു. വിളിച്ചയാള്‍ സ്വയം പരിചയപ്പെടുത്തി. നേരത്തെ നമ്പര്‍ തന്നു വിട്ട കുട്ടി വേഷമാണ്. റാങ്കും ക്ലാസ്സുമൊക്കയുള്ളവരെ തന്നെ എടുക്കണമെന്ന് കഠിനമായ ആഗ്രഹം ഉണ്ടത്രേ. ‘താല്‌പര്യമുണ്ടെങ്കില്‍ നാളെ ഓഫീസില്‍ വന്നു നരേന്ദ്രന്‍ സാറിനെ കാണണം. നാളെ വൈകിട്ടെങ്കിലും കാണണം’. പിന്നെ ഒന്നു നിര്‍ത്തിയിട്ടദ്ദേഹം പറഞ്ഞു. ’30 ആണ്’.
അക്കാലത്ത് ടെലിഫോണും ഇസ്‌തിരിപ്പെട്ടിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. കാഴ്‌ചയ്‌ക്കൊരുപോലിരിക്കും. ഉള്ളടക്കവും ഏതാണ്ട് ഒരു പോലെ തന്നെ. ഒന്നില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കാം മറ്റേതിനല്‌പം ചൂടു കൂടുതലായിരിക്കും അത്രേയുള്ളൂ വ്യത്യാസം. ശബ്ദം റെക്കോര്‍ഡു ചെയ്യാനൊന്നും പറ്റില്ല. കേരളത്തിലാകപ്പാടെ അന്നു ഫോണ്‍ ടാപ്പു ചെയ്യുന്നത് കോട്ടയം പുഷ്‌പനാഥിന്റെ കഥാപാത്രമായ ഡിറ്റക്ടീവ് പുഷ്‌പരാജ് മാത്രമാണ്. അതും കോട്ടയം നഗര പരിധിയില്‍മാത്രം. എന്തു രഹസ്യവും ആര്‍്‌ക്കും ഫോണിലൂടെ പറയാം. ഞാന്‍ ചോദിച്ചു ‘ചേട്ടാ എനിക്കും ഒരു ചെറിയ റാങ്കും ക്ലാസ്സും, യുജിസിയുമൊക്കെയുണ്ട്. എനിക്കൂടെ ഒരു പണി തരാമോ ?’ അദ്ദേഹം ചോദിച്ചു ‘എന്താ നിങ്ങളുടെ വിഷയം ?’ ‘ജേര്‍ണലിസം’. ‘അയ്യോ അതു ഞങ്ങളുടെ കോളേജില്‍ ഇല്ല’. ഞാന്‍ പറഞ്ഞു ‘രണ്ടു പേര്‍ക്കും ഒരിടത്താണെങ്കില്‍ സൗകര്യമായിരുന്നു. അതു കൊണ്ടു ചോദിച്ചതാണ്. അതില്ലെങ്കില്‍ എവിടെയെങ്കിലും മേല്‍ശാന്തിയായിട്ട് ശരിയാക്കിത്തരാമോ?’ അദ്ദേഹം ചോദിച്ചു, ‘നമ്പൂതിരി ആണോ, പൂജ അറിയാമോ?’ ഞാന്‍ പറഞ്ഞു ‘നമ്പൂതിരി അല്ല, പൂജ പഠിച്ചോളാം’. ‘അയ്യോ അതു പറ്റില്ല’. ‘എന്നാല്‍ പിന്നെ ഈ ആനപാപ്പാന്മാരുടെ ചീഫ് ആയിട്ട് അതും പരിചയമില്ല ഞാന്‍ പഠിച്ചെടുത്തോളാം’. മറു വശത്ത് ചെറിയ ഒരു മൗനം. പിന്നെ ചോദ്യം വന്നു, ‘താനെന്താ കുരങ്ങു കളിപ്പിക്കുകയാണോ’ ഞാന്‍ സത്യം പറഞ്ഞു ‘അതേ’. തുടര്‍ന്നു കേട്ടത് ഇവിടെ അച്ചടിക്കാന്‍ പറ്റില്ല. എന്റെ ചെവിയുടെ കല്ല് ഇളകിപ്പോയി. ഇയാള്‍ പണ്ട് കൊടുങ്ങല്ലൂരോ, ചേര്‍ത്തലയോ ഭരണി സ്‌പെഷ്യല്‍ ഓഫീസര്‍ ആയിരുന്നിരിക്കണം. എനിക്കു ബോധം വന്നപ്പോള്‍ ഫോണ്‍ കട്ടായിട്ടുണ്ട്. ഭാര്യ ഒരു ഗ്ലാസ്സ് കാപ്പിയുമായി അടുത്തു നില്‌പുണ്ട്. അടുത്ത ദിവസം എന്റെ ഭാര്യ സര്‍വ്വകലാശാലയിലെ മറ്റു ഗവേഷണ വിദ്യാര്‍ത്ഥികളോട് ദേവസ്വം ബോര്‍ഡിന്റെ അഴിമതിയെക്കുറിച്ച് ഘോരഘോരം സംസാരിക്കുകയാണ്. അപ്പോള്‍ ഒരു വെള്ളക്കുപ്പായക്കാരന്‍ കയറി വന്നു. ആള്‍ പണ്ട് കപ്യാരായിരുന്നുവത്രേ. അദ്ദേഹത്തിന്റെ പള്ളി തന്നെ കോളേജ് തുടങ്ങിയപ്പോള്‍ അവിടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കി. ശമ്പളം സര്‍ക്കാരാണല്ലോ കൊടുക്കുന്നത്. ഒരു മാതിരി പള്ളി പറഞ്ഞാല്‍ കേള്‍ക്കുന്നവനെയൊക്കെ കോളേജിന് അകത്തു കയറ്റി. കുഴിവെട്ടുകാരനെ കൂടി കോളേജിലേയ്‌ക്കെടുത്താല്‍ പള്ളി പരിസരത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവാന്‍ ഇടയുള്ളത് കൊണ്ട് അദ്ദേഹത്തെ മാത്രം ഒഴിവാക്കി. വന്ന മാന്യദേഹം എല്ലാവരോടുമായി ചോദിച്ചു ‘ഇവിടന്നു രണ്ടു മൂന്നു പേര്‍ ഞങ്ങളുടെ കോളേജില്‍ അധ്യാപകരാകാന്‍ അപേക്ഷിച്ചിട്ടുണ്ടല്ലോ’. പിന്നെ അപേക്ഷകര്‍ ഓരോരുത്തരുടെയും പേരെഴുതിയ കവര്‍ അതാത് ഉദ്യോഗാര്‍ത്ഥികള്‍ക്കു കൊടുത്തു. ‘നിങ്ങള്‍ക്കു പരമാവധി എത്ര രൂപ തരാന്‍ പറ്റുമെന്നെഴുതി ഇതിലിട്ട് ഒട്ടിച്ചു തരണം. ഇടനിലക്കാര്‍ കാശടിക്കുന്ന പരിപാടിയൊന്നും ഞങ്ങളുടെ കോളേജില്‍ ഉണ്ടാവരുതെന്ന് തിരുമേനിക്കു വല്യ നിര്‍ബന്ധമാ. ഏറ്റവും കൂടുതല്‍ തരുന്ന ആളിനു തന്നെ കൊടുക്കാനാ തീരുമാനം. നൂറു ശതമാനം സത്യ സന്ധമായേ ഞങ്ങള്‍ ചെയ്യൂ’. ഈ പുത്തന്‍ ദൈവശാസ്‌ത്രത്തില്‍ ‘സത്യം’ എന്ന വാക്കിന്റെ അര്‍ത്ഥം കണ്ടെത്താന്‍ സാക്ഷാല്‍ ഐന്‍സ്റ്റീനു പോലും കഴിയില്ല. അത്രയ്‌ക്ക് ആപേക്ഷികമാണു സംഗതി.
ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈയിടെ എന്റെ ഭാര്യയെ അധ്യാപക തെരഞ്ഞെടുപ്പു സിമിതിയിലെ വിദഗ്‌ധാംഗമായിരിക്കാന്‍ ഒരു സ്വകാര്യ മാനേജ്‌മെന്റ് വിളിച്ചു. ഭാര്യയുടെ പേരിനറ്റത്തു ജാതിയുമുണ്ട്. അയാള്‍ ചോദിച്ചു ‘എന്റെ പേരു കണ്ടായിരിക്കും വിളിച്ചതല്ലേ’. ‘അതേ ടീച്ചറേ, പിന്നെ ടീച്ചര്‍ വരണമെന്നുള്ളത് ഞങ്ങളുടെ വലിയ ഒരാഗ്രഹവുമാണ്’. ‘ഞാന്‍ വരാം. പക്ഷേ എനിക്കു ശരിയെന്നു തോന്നുന്നതു പോലെ ഞാന്‍ മാര്‍ക്കിടും. അതിനു വിരോധം ഇല്ലല്ലോ?’ ഒരു ചെറിയ നിശബ്ദത…’പറഞ്ഞതില്‍ സന്തോഷം, ടീച്ചര്‍ ഞങ്ങള്‍ വേറെ ഒരാളെക്കൂടി ഒന്നു നോക്കിക്കോട്ടെ’. കുറെക്കാലം മുന്‍പ് ഒരു നേതാവ് ദേവസ്വം മന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെ ഗുണ്ടാ സേനാംഗങ്ങളെ മുഴുവന്‍ ഒറ്റയടിക്കു സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങുന്ന ദേവസ്വം ബോര്‍ഡിലെ ആനപാപ്പാന്മാരാക്കിക്കളഞ്ഞു. ഒടുവില്‍ ഗുണ്ടകളില്ലാത്തതു കൊണ്ട് നേതാവും പാപ്പാന്‍മാര്‍ ഉള്ളതു കൊണ്ട് ആനകളും ഒരുപാടു വിഷമിച്ചു. അതില്‍ പലരും ഇപ്പോഴും പാപ്പാന്മാരായി സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങുന്നു. ഭൂരിഭാഗവും വീട്ടിലിരുന്നു പതിനായിരവും പതിനയ്യായിരവുമൊക്കെ പെന്‍ഷന്‍ വാങ്ങിക്കുന്നു. അതേ സമയം വനം വകുപ്പില്‍ പത്തും ഇരുപതും വര്‍ഷം സേവനം അനുഷ്‌ഠിച്ച യഥാര്‍ത്ഥ പാപ്പാന്‍മാര്‍ പലരും ശുപാര്‍ശക്കാളില്ലാത്തതു കൊണ്ടു ദിവസ വേതനക്കാരായി തുടരുന്നു. നമ്പൂതിരിയെ വരെ നായാടിപ്പിടിക്കുന്ന ഒരു മാനേജ്‌മെന്റ് മൂന്നു മാസം മുന്‍പ് 45 ലക്ഷം രൂപയാണ് അധ്യാപക നിയമനത്തിന് വാങ്ങിയതെന്നു കേള്‍ക്കുന്നു. ഒരു വിഷയത്തില്‍ മാത്രം പന്ത്രണ്ട് ഒഴിവുകളാണ് അക്ഷരാര്‍ത്ഥത്തില്‍ ‘നികത്തി’യത്. ദേവസ്വം നിയമനം പി.എസ്.സി.-യ്‌ക്കു വിടുമ്പോള്‍ ഹാലിളകുന്നവര്‍ ഇതൊന്നുമറിയാത്ത നിഷ്‌കളങ്കരാണോ ? വാല്‍ക്കഷണം : ഇപ്പോള്‍ സ്‌കൂളുകളില്‍ അധികമായുള്ളത് 40,000 തസ്‌തികകളാണ് എന്നു ശമ്പളക്കമീഷന്‍ പറയുന്നു. അത്രയും പേരോടു കോഴ വാങ്ങിക്കഴിഞ്ഞു. ഇനിയിപ്പോള്‍ സ്‌കൂള്‍ നടത്തിയാലും ഒന്നും തടയാനില്ല. സ്‌കൂളു പൂട്ടി കല്യാണ മണ്ഡപമോ, ആഡിറ്റോറിയമോ, ഷോപ്പിംഗ് കോംപ്ലക്‌സോ പണിയാന്‍ മാനേജര്‍മാര്‍ ഓട്ടം തുടങ്ങിക്കഴിഞ്ഞുവത്രേ. സര്‍ക്കാര്‍ സ്ഥലം പതിപ്പിച്ചെടുത്ത് അല്ലെങ്കില്‍ നാട്ടുകാരോട് പണം പിരിച്ച് അല്ലെങ്കില്‍ സ്വന്തം പട്ടിക്കാട്ടിലേയ്‌ക്ക് സര്‍ക്കാര്‍ ചെലവില്‍ സരസ്വതീക്ഷേത്രമെന്നു പറഞ്ഞു റോഡും, തോടും, കറണ്ടും, വെള്ളവും കൊണ്ടു വന്ന് ഉണ്ടാക്കിയെടുത്ത ഉരുപ്പടികളാണ് ഒരു കൂസലുമില്ലാതെ ഓടി നടന്ന് അടച്ചുപൂട്ടുന്നത് !
Leave a Reply