Category: Blog

  • പൂച്ചസ്ഥാന്‍

    ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ടെലിവിഷന്‍ ഇല്ലായിരുന്നു. ബാലമാസികകളും ചിത്രകഥകളും പോലും അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു ബാറ്റ്‌മാന്‍, സ്‌പൈഡര്‍മാന്‍, പോക്കിമോന്‍ തുടങ്ങിയ പോക്കിരി മാമന്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ ഉണ്ടായില്ല. എട്ടു പത്തു കൊല്ലം മുന്‍പ്‌ മാത്രമാണ്‌ ഇവരില്‍ ചിലരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടവന്നത്‌. എന്റെ ഒരു സ്‌നേഹിതന്‍ വീടു വയ്‌ക്കാന്‍ തീരുമാനിച്ചു. കടം വാങ്ങിയും, ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും തരിശായിക്കിടന്ന അഞ്ചു സെന്റ്‌ വയല്‍ വാങ്ങി. മണ്ണിട്ടു നികത്താന്‍ തുടങ്ങിയപ്പോള്‍ ഒരു ഫോണ്‍ കോള്‍. സ്‌പൈഡര്‍മാന്‍ ബിജുവാണു വിളിക്കുന്നത്‌. മണ്ണിട്ടു നികത്തുമ്പോള്‍ ലോറി ഒന്നിനു നൂറു രൂപ കൊടുക്കണം. നീണ്ട വിലപേശലിനൊടുവില്‍ 50 രൂപയ്‌ക്കു കച്ചവടം ഉറപ്പിച്ചു. അപ്പോള്‍ ദാ വരുന്നു മറ്റൊരു ഫോണ്‍. “അവന്‍ പറയുന്നതു കേട്ടു മണ്ണടിക്കരുത്‌. എനിക്കു ലോഡിനു നൂറു രൂപ തന്നില്ലെങ്കില്‍ കാര്യം കുഴപ്പമാവും”. ഈ വിളിക്കുന്നത്‌ ബാറ്റ്‌മാന്‍ ഷാജി. സഹികെട്ട സ്‌നേഹിതന്‍ നാട്ടില്‍ നിന്ന്‌ അമ്മായി അപ്പന്‍ റിട്ടയേഡ്‌ എ.എസ്‌.ഐ. ഫാന്റം മത്തായിയെ കൊണ്ടു വന്നു ലോക്കല്‍ പോലീസുമായി ചര്‍ച്ചയൊക്കെ നടത്തി എങ്ങിനെയോ പ്രശ്‌നം പരിഹരിച്ചു.

    സ്‌പൈഡര്‍മാനും ബാറ്റ്‌മാനും ഇല്ലായിരുന്നെങ്കിലും ഞങ്ങളുടെ കുട്ടിക്കാലം അത്ര മോശമല്ലായിരുന്നു. അതിനൊക്കെ പകരം സാക്ഷാല്‍ എട്ടു കാലിയും, വവ്വാലും തൊട്ട്‌ പൂച്ചക്കുട്ടിയും അണ്ണാറക്കണ്ണനും, മൈനയും, തത്തയുമൊക്കെ ആയി ഒരുപാടു ജീവികള്‍ക്കിടയിലാണു ഞങ്ങള്‍ വളര്‍ന്നത്‌. പിന്നെ കാരൂരും, മാലിയും, സുമംഗലയും, നരേന്ദ്രനാഥുമൊക്കെ എഴുതിയ കുട്ടിക്കഥകളിലെ മനുഷ്യത്വമുള്ള മനുഷ്യകഥാപാത്രങ്ങളും, അവരേക്കാള്‍ മര്യാദക്കാരായ കുറിഞ്ഞിപ്പൂച്ചയും, പാണ്ടന്‍ നായയും തൊട്ട്‌ ആനയും, സിംഹവും വരെയുള്ള കഥാപാത്രങ്ങളും ആയിരുന്നു ഞങ്ങളുടെ കൂട്ടുകാര്‍. ഈ കഥകളൊക്കെ വായിച്ചു വളരുന്ന കുട്ടികള്‍ക്ക്‌ പട്ടിയെയും പൂച്ചയെയുമൊക്കെ വളര്‍ത്തണമെന്നു കൊതിയാവും. പക്ഷെ വീട്ടുകാര്‍ സമ്മതിക്കണ്ടേ? പൂച്ചരോമം വയറ്റില്‍ പോയാല്‍ ഭ്രാന്തു വരും, പൂച്ചയെ തല്ലിയാല്‍ കൈയ്യ്‌ വിറയ്‌ക്കും തുടങ്ങിയ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു പേടിപ്പിച്ചു മൂലയ്‌ക്കിരുത്തും. ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ഞാന്‍ ഈ വിലക്കുകളൊക്കെ മറികടന്ന്‌ ഒരു പൂച്ചക്കുട്ടിയെ എവിടെ നിന്നോ കൊണ്ടു വന്ന്‌ വളര്‍ത്താന്‍ തുടങ്ങി. അധികം താമസിയാതെ അവനെ ഒരു കണ്ടന്‍ പൂച്ച കടിച്ചു കൊന്നു. അതോടെ പൂച്ച വളര്‍ത്തല്‍ എന്ന അധ്യായം എന്നെന്നേക്കുമായി അടഞ്ഞു. കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്‌ മൂന്നു മൂന്നര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്‌. ഭാര്യയും ഞാനും കൂടി ഒരു വീടു വച്ചു. താമസവും തുടങ്ങി. അല്‌പം ഒഴിഞ്ഞ പ്രദേശമാണ്‌. അടുത്തുള്ള മൂന്നു നാലു പറമ്പുകള്‍ ഒഴിഞ്ഞു കിടക്കുന്നതു കൊണ്ട്‌ അത്യാവശ്യം പക്ഷികളുണ്ട്‌. പൊതുവേ ശാന്തമായ സ്ഥലം. ഇടയ്‌ക്കെന്തോ കാര്യത്തിന്‌ ഒരാഴ്‌ച ഞാന്‍ ഒന്നു വടക്കേ ഇന്ത്യ വരെ പോകേണ്ടി വന്നു. മടങ്ങി വരുമ്പോള്‍ മുറ്റത്ത്‌ ഒരു പൂച്ചക്കുട്ടി ഇരിക്കുന്നു. ഭാര്യയും മകളും വരാന്തയുടെ രണ്ടറ്റത്തായി ഇരിക്കുന്നുണ്ട്‌. രണ്ടു പേരുടെയും ഇരിപ്പു കണ്ടാല്‍ പൂച്ചക്കുട്ടിയേക്കാള്‍ സാധുക്കള്‍. പൂച്ചക്കുട്ടി ഇരിക്കുന്ന കാര്യം അവര്‍ അറിഞ്ഞിട്ടു പോലുമില്ല. അതൊക്കെ കണ്ടപ്പോള്‍ എനിക്കു തോന്നി, ഇതെവിടുന്നോ വലിഞ്ഞു കയറി വന്ന പൂച്ചക്കുട്ടിയാണ്‌. കയ്യോടെ ഓടിച്ചു വിടാം എന്നു കരുതി ഞാന്‍ പെട്ടി താഴെ വച്ച്‌ അടുത്തേക്കു ചെന്നപ്പോള്‍ പുച്ചക്കുട്ടി ദാ വീടിനുള്ളിലേക്കോടുന്നു. വാതില്‍ കടന്ന ഉടന്‍ അവിടെ നിന്ന്‌ തല തിരിച്ചെന്നെ നോക്കി വാല്‍ ചുഴറ്റി കരയാന്‍ തുടങ്ങി, “ചുണയുണ്ടെങ്കില്‍ വാടാ” എന്ന്‌. അപ്പോള്‍ ഭാര്യ വളരെ മധുരമായി പറഞ്ഞു. “അതിനെ പേടിപ്പിക്കാതെ, നല്ല അനുസരണയുള്ള പൂച്ചക്കുട്ടി. നമ്മള്‍ എടുത്തു കൊടുക്കാതെ ഒരു സാധനം കഴിക്കില്ല”. അതു ശരി, അപ്പോള്‍ പൂച്ച വീട്ടിനുള്ളില്‍ കുടികിടപ്പായിട്ട്‌ ഒരാഴ്‌ചയായിക്കാണും. താനിരിക്കണ്ടടത്തു താനിരുന്നില്ലെങ്കില്‍ നായ കയറി ഇരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്‌. നായ മാത്രമല്ല പൂച്ചയും കയറി ഇരുന്നേക്കാം എന്നിപ്പോഴാണു മനസ്സിലായത്‌ ! സത്യത്തില്‍ ഒരു പൂച്ചയെ വളര്‍ത്തണമെന്ന്‌ എനിക്കും ഇടക്കാലത്തു തോന്നിയതാണ്‌. ആവശ്യത്തിന്‌ ബലാത്സംഗവും, കൊലപാതകവുമൊക്കെ കിട്ടാതെ വരുമ്പോള്‍ ചില പത്രങ്ങള്‍ സാഹിത്യകാരന്മാരുടെ പൂച്ച, ശാസ്‌ത്രജ്ഞന്‍മാരുടെ പൂച്ച, നര്‍ത്തകിമാരുടെ പൂച്ച എന്നൊക്കെ ഫീച്ചര്‍ തയ്യാറാക്കി വിടുമല്ലോ. അങ്ങിനെ ചിലതു വായിച്ചപ്പോഴാണ്‌ ഇടയിളക്കമുണ്ടായത്‌. പക്ഷെ ഇത്തരം കാര്യങ്ങളില്‍ സ്ഥിരമായി ഉപദേശിക്കുന്ന ദില്ലിവാസിയും പ്രായോഗികമതിയും ആയ സ്‌നേഹിതന്‍ എന്നെ നിരുത്സാഹപ്പെടുത്തി. “എടാ, സാഹിത്യകാരന്‍ പൂച്ചയെ വളര്‍ത്തുന്നത്‌ എലിയും പാറ്റയും കടലാസ്‌ വെട്ടാതിരിക്കാനാണ്‌. നര്‍ത്തകി ഡാന്‍സിന്റെ വേഷങ്ങള്‍ എലി വെട്ടാതിരിക്കാന്‍, ശാസ്‌ത്രജ്ഞന്‍ കംപ്യൂട്ടറിന്റെ വയര്‍ കരളാതിരിക്കാന്‍. നിനക്കെന്തിനാ ഈ മാരണം?” ചോദ്യത്തിന്‌ കൃത്യമായ ഉത്തരം ഇല്ലാഞ്ഞതു കൊണ്ട്‌ ഞാന്‍ ആശയം ഉപേക്ഷിച്ചതാണ്‌ എന്നാലും വരാനുള്ളതിന്‌ വഴിയില്‍ തങ്ങാന്‍ പറ്റില്ലല്ലോ. ദാ പൂച്ച സ്ഥാനാരോഹണം നടത്തി ഭരണം തുടങ്ങിയിരിക്കുന്നു.

    പിറ്റേ ദിവസം മുതല്‍ പൂച്ചയുടെ ഗുണഗണങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കാന്‍ തുടങ്ങി. ‘സാധാരണ പൂച്ചയല്ല, അതീവ ബുദ്ധിമതിയാണ്‌. ടെലിവിഷനില്‍ നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിലോ മറ്റോ വല്ല എലിയെയോ കിളിയെയോ കണ്ടാല്‍ പിന്നെ അവിടെ നിന്നു മാറില്ല. എന്തൊരു ശബ്ദമാണ്‌! ശ്രദ്ധിച്ചു നോക്കിയാല്‍ വീണാ നാദം പോലെയുണ്ട്‌്‌. എന്തൊരു കൃത്യ നിഷ്‌ഠയാണ്‌!’ എനിക്കാദ്യം എവിടെയാണീ കൃത്യ നിഷ്‌ഠയെന്നു മനസ്സിലായില്ല. ഒടുവില്‍ പിടി കിട്ടി. പൂച്ചയുടെ ഏക പ്രാഥമിക ആവശ്യമായ വിസര്‍ജ്ജനത്തിന്റെ സമയത്തിലാണ്‌ കൃത്യനിഷ്‌ഠ കണ്ടെത്തിയിരിക്കുന്നത്‌.

    വീടിന്റെ ടെറസ്സില്‍ കുറച്ചു ചെടികള്‍ വളര്‍ത്തിയിരുന്നു. കിളികളും അണ്ണാറക്കണ്ണന്മാരുമൊക്കെ വല്ലപ്പോഴും വരുമായിരുന്നു. പൂച്ച വിളയാട്ടം തുടങ്ങിയതോടെ അവ വരവു നിര്‍ത്തി. പക്ഷെ കാരണം പൂച്ചയാണെന്നു വീട്ടിലെ പൂച്ചപ്രേമികള്‍ സമ്മതിക്കുന്നില്ല. അങ്ങിനെയിരിക്കുമ്പോള്‍ ഗോവണിച്ചുവട്ടില്‍ ഒരനാഥ ശവം. ഒരണ്ണാറക്കണ്ണനാണ്‌ മരിച്ചിരിക്കുന്നത്‌. ഞാന്‍ ഭാര്യയെയും മകളെയും വിളിച്ചു വരുത്തി പൂച്ചയുടെ ക്രൂരകൃത്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. അവര്‍ ഉത്തരമില്ലാതെ നിന്നു പരുങ്ങുന്നു. അപ്പോള്‍ ഭാര്യയെ പിന്തുണയ്‌ക്കാന്‍ ഒരാളെത്തി. ജൈവകര്‍ഷകരുടെ ഭാഷ കടമെടുത്താല്‍ അടുക്കളയില്‍ നിന്നാണ്‌ ആ മിത്രകീടം പറന്നു വന്നത്‌. വന്നയാള്‍ ഭാര്യയുടെ സ്ഥിരം ഗാര്‍ഹിക സഹായിയും എന്റെ സ്ഥിരം ശത്രുവുമാണ്‌. എന്നോടുള്ള ശത്രുതയ്‌ക്കു കാരണം ലളിതമാണ്‌. ടെറസ്സിലെ എന്റെ കൃഷി അവരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നുവത്രേ. മൂപ്പത്തിയാര്‍ അണ്ണാനെ ഒരു കടലാസു കഷണം കൂട്ടി പിടിച്ചു വാലില്‍ തൂക്കിയെടുത്തു കൊണ്ടു പോയി. തെളിവു നശിപ്പിച്ചതിനു പുറമേ, ഒരു പറ്റം ചോദ്യങ്ങളുമായാണു തിരിച്ചു വന്നത്‌. “പൂച്ചയെ വളര്‍ത്തുന്നത്‌ എലിയെ പിടിക്കാനല്ലേ? എലീം, അണ്ണീമായെന്താ വ്യത്യാസം? വാലില്‍ കുറച്ചു രോമമുണ്ടെന്നു വച്ച്‌ ? രണ്ടും ഉപദ്രവം തന്നെയല്ലേ ? അണ്ണാനും, എലിയും : ഒരു സാമൂഹ്യ, രാഷ്ട്രീയ, ജീവശാസ്‌ത്ര, പാരിസ്ഥിതിക താരതമ്യ പഠനം എന്ന ആ പ്രഭാഷണം തനി തിരുവനന്തപുരം ശൈലിയില്‍ കത്തിക്കയറുകയാണ്‌. തര്‍ക്കിച്ചിട്ടു കാര്യമില്ല. പോത്തും ആനയുമായെന്താ വ്യത്യാസം, മുന്‍പിലും ഒരു വാലും കുറച്ചു കൂടുതല്‍ തടിയും ഉണ്ടെന്നല്ലേ ഉള്ളൂ എന്നു വാദിക്കാന്‍ മടിക്കാത്ത കക്ഷി ആണ്‌. ഞാന്‍ പരാജയം സമ്മതിക്കാതെ പിന്‍വാങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ പൂച്ചയെ കാണാനില്ല. ഞങ്ങള്‍ പരിസരത്തൊക്കെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരമായപ്പോള്‍ ഭാര്യയ്‌ക്കു ചെറിയൊരാശങ്ക. പൂച്ച പോകുന്നതിനു മുന്‍പൊന്നു മാന്തിയോ? പാടൊന്നും കാണുന്നില്ല. പേവിഷ ബാധയ്‌ക്കു വളരെ നേരിയ പോറല്‍ മതി. ഒരു വലിയ പാക്കറ്റ്‌ ഉപ്പേരിയുമായി ഭാര്യ ഇന്റര്‍നെറ്റില്‍ ഗവേഷണം തുടങ്ങി. പാതിരാ കഴിഞ്ഞപ്പോള്‍ വന്നുറങ്ങാന്‍ കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല, എന്റെ നട്ടെല്ല്‌ ആരോ തൊഴിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ കണ്ണു തുറന്നില്ല. പാതിരായ്‌ക്കു വീട്ടില്‍ കിടന്നുറങ്ങുന്നവനെ തൊഴിക്കുന്നത്‌ സ്വന്തം ഭാര്യയല്ലാതെ വേറെ ആരാവാന്‍ ? കള്ളന്‍മാര്‍ നമ്മളെ ഉണര്‍ത്താന്‍ ശ്രമിക്കില്ലല്ലോ. അല്‌പം കഴിഞ്ഞു ഭാര്യ നിലവിളിച്ചു കൊണ്ട്‌ ചാടിയെഴുന്നേറ്റു. ഞാന്‍ ചോദിച്ചു “എന്തു പറ്റി?” “എന്നെ ആരോ എടുത്തു കൊണ്ടു പോകുന്നതായി സ്വപ്‌നം കണ്ടു”. ഞാന്‍ സമാധാനിപ്പിച്ചു. “ഉപ്പേരിക്കച്ചവടക്കാരുടെ സംഘടനകള്‍ വല്ലതും ആദരിക്കാന്‍ എടുത്തു കൊണ്ടു പോകുന്നതായിരിക്കും”. ഭാര്യ തമാശ പറയാനുള്ള മൂഡിലല്ല. “ഞാന്‍ പേയ്‌ പിടിച്ചു മരിച്ചെന്നാണു സ്വപ്‌നം കണ്ടത്‌”. ഞാന്‍ ഞെട്ടിപ്പോയി ദൈവമേ, ഇതിനാണോ പേക്കിനാവെന്നു പറയുന്നത്‌? ഇതെങ്ങോട്ടാണു പോക്ക്‌? രാവിലെ ഉണരുമ്പോള്‍ ഭാര്യ വാഷ്‌ ബേസിനിലെ ടാപ്പ്‌ തുറന്നു വെള്ളത്തില്‍ നോക്കി നില്‌ക്കുകയാണ്‌. പേയിളകിയോ എന്നു അദ്ദേഹത്തിനൊരു സംശയം. പക്ഷെ തലേ ദിവസം മാന്തിയാല്‍ പിറ്റേ ദിവസം ഇളകുമെന്ന്‌ ഇന്റര്‍നെറ്റില്‍ കാണുന്നുമില്ല. എന്തിനധികം പേ വിഷത്തിനുള്ള ഒറ്റ കുത്തി വയ്‌പിനത്തില്‍ പോയതു മൂവായിരം രൂപ. അപ്പോള്‍ ഈ തെരുവു പട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളില്‍ ചിലതിനെയെങ്കിലും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ മരുന്നു കമ്പനികളായിരിക്കണം. ഇല്ലെങ്കില്‍ ഇത്ര വില ഇടണ്ട കാര്യമില്ലല്ലോ, മാത്രമല്ല തെരുവില്‍ അലയുന്ന പശു, കാള, പോത്ത്‌, ഒന്നിനെയും സംരക്ഷിക്കാന്‍ ആരുമില്ല താനും. കുത്തി വയ്‌പു കഴിഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ദാ തിരിച്ചു വന്നിരിക്കുന്നു, വീടു വിട്ടു പോയ പൂച്ച. ഒരു ഭാവഭേദവുമില്ല. വന്നു നേരെ അടുക്കളയിലേക്കു പോയി ! പോഷകാഹാരങ്ങള്‍ ധാരാളം കഴിക്കുന്നതു കൊണ്ടും ചുറ്റുവട്ടത്ത്‌ ഒരു പൂച്ച പാര്‍ക്കോ, പൂച്ച ഗ്രാമമോ, സ്ഥാപിക്കാന്‍ ആവശ്യമായത്ര കണ്ടന്‍ പൂച്ചകളുള്ളതു കൊണ്ടും ആറുമാസം പ്രായമായപ്പോള്‍ തന്നെ നമ്മുടെ പൂച്ചക്കുഞ്ഞു പ്രസവിച്ചു തുടങ്ങി. നാലു കുഞ്ഞുങ്ങള്‍. ഈ വംശവര്‍ധനവ്‌ ഇത്രപെട്ടെന്നു തീക്ഷിച്ചിരുന്നില്ല. അടുത്ത ദിവസം നോക്കുമ്പോള്‍ മകള്‍ രാവിലെ സ്‌കൂള്‍ യൂണിഫോമില്‍ പൂച്ചക്കുഞ്ഞുങ്ങള്‍ കിടക്കുന്ന കാര്‍ഡ്‌ ബോര്‍ഡു പെട്ടിയ്‌ക്കരികില്‍ പമ്മിയിരിക്കുന്നു.

    കയ്യില്‍ ഒരു ഡിജിറ്റല്‍ ക്യാമറയുമുണ്ട്‌. “ഞാന്‍ ഇതിന്റെ ചൈല്‍ഡ്‌ ഹുഡ്‌ ഒന്നു ഡോക്യുമെന്റ്‌ ചെയ്യട്ടെ. നമ്മുടെ പൂച്ചക്കുഞ്ഞ്‌ ആദ്യമായി അപ്പി ഇടുകയാണ്‌”. നല്ല കാര്യം. ക്യാമറ കൊണ്ട്‌ അങ്ങിനെ ഒരു പ്രയോജനമുണ്ടായല്ലോ. ഡിജിറ്റല്‍ ക്യാമറയ്‌ക്കു പിന്നില്‍ ഒരു കഥയുണ്ട്‌. ഒരു ദിവസം മകള്‍ സ്‌കൂളില്‍ നിന്നു പാഞ്ഞു വന്ന്‌ ഗേറ്റ്‌ വലിച്ചു തുറന്നു പ്രവേശിക്കുന്നു. ജനലിലൂടെ ഈ കാഴ്‌ച കണ്ട ഞാന്‍ വെടിയേല്‌ക്കാന്‍ തയ്യാറായി ബുള്ളറ്റ്‌ പ്രൂഫ്‌ ഉടുപ്പെടുത്തിട്ടു. അവളുടെ ആദ്യ ചോദ്യം “എന്റെ ചെറുപ്പം ഡോക്യുമെന്റ്‌ ചെയ്‌തിട്ടുണ്ടോ? ടീച്ചര്‍ പ്രോജക്ട്‌ തന്നിരിക്കുന്നു. ഞാന്‍ എന്തു ചെയ്യും? ” ഞാന്‍ പറഞ്ഞു “മനസ്സിലായില്ല”. ” എന്റെ ചോറൂണിന്റെ പടമുണ്ടോ ?” ഞാന്‍ പറഞ്ഞു, “ചോറു കണ്ടപാടെ നീ വാരി വിഴുങ്ങി, പടമെടുക്കാന്‍ സമയം തന്നില്ല”. അടുത്ത ചോദ്യം “കാതുകുത്തിന്റെ പടം?” “അത്‌ ഏതോ കടയില്‍ വച്ചായിരുന്നു. നീ അവിടം കൂവി വെളുപ്പിച്ചു. കൊണ്ടു പോയ അമ്മൂമ്മയും, കടക്കാരനും ജയിലില്‍ പോകാഞ്ഞതു ഭാഗ്യം!”. “ശരി വിദ്യാരംഭം” ? ഏതോ സാംസ്‌കാരിക സ്ഥാപനത്തിലെ കൂട്ട എഴുത്തിനിരുത്തിനാണു കൊണ്ടു പോയത്‌. നിരത്തിയിരുത്തി ലൈറ്റടിച്ചു വായില്‍ കയ്യിട്ടപ്പോള്‍ പല്ലു പറിക്കാനാണെന്നു വച്ചു പിള്ളേര്‍ വിരലില്‍ കടിച്ചു തൂങ്ങുന്ന ബഹളമായിരുന്നു അവിടെ. അതിനിടയ്‌ക്കെങ്ങനെ പടമെടുക്കാന്‍? “ഞാന്‍ ഭാവിയില്‍ ഒരു വലിയ ആളായാല്‍ ചെറുപ്പത്തിലെ പടങ്ങള്‍ക്കെന്തു ചെയ്യും?” “അതിനൊക്കെ ഏജന്‍സികളുണ്ട്‌. അവര്‍ നിന്റെ ചെറുപ്പത്തിലെ കുസൃതികള്‍, തമാശകള്‍, സങ്കടങ്ങള്‍, സ്വപ്‌നങ്ങള്‍, കടുത്ത രോഗങ്ങളില്‍ നിന്നും, അപകടങ്ങളില്‍ നിന്നുമൊക്കെ അത്ഭുതകരമായി രക്ഷപ്പെട്ടത്‌ എല്ലാം ചിത്രങ്ങള്‍ സഹിതം തയ്യാറാക്കിത്തരും” ഞാന്‍ സമാധാനിപ്പിച്ചു.. “വേണ്ട ഞാന്‍, തന്നെ എടുത്തോളാം. ഇന്നു തന്നെ ഒരു ക്യാമറ വേണം”. അങ്ങിനെ യുദ്ധം ചെയ്‌തു വാങ്ങിയ ക്യാമറയാണ്‌ ഇപ്പോള്‍ പൂച്ചക്കുട്ടിയുടെ പുറകില്‍ ഘടിപ്പിച്ചിരിക്കുന്നത്‌. വീണ്ടുമൊരു നാലഞ്ചു മാസം കഴിഞ്ഞു. ഓണക്കാലമായി. ദാ വരുന്നു വീണ്ടും നാലു പൂച്ചക്കുട്ടികള്‍. ഒരു കാര്യം മനസ്സിലായി. നമ്മുടെ പൂച്ചക്കുട്ടി വെറുമൊരു പൂച്ചക്കുട്ടിയല്ല, ഒരു പൂച്ച ഫാക്ടറി തന്നെയാണ്‌. ഭാര്യ ഓട്ടം തുടങ്ങി. ആകെ ഒന്‍പതു പൂച്ചകള്‍. അധികം താമസിയാതെ ക്രിസ്‌തുമസ്‌ റിലീസും വിഷു റിലീസും ഉണ്ടാവും. ഊര്‍ജ്ജിത പൂച്ച വിതരണ പരിപാടി ആരംഭിച്ചു. സുഹൃത്തുക്കള്‍ പലരും പൂച്ചക്കുഞ്ഞു തലയില്‍ കെട്ടി വയ്‌ക്കപ്പെടുമോ എന്നു പേടിച്ചു വീട്ടില്‍ വരാതായി. അഞ്ചു പൂച്ചകളെ എങ്ങിനൊക്കെയോ ചെലവാക്കി. അവശേഷിക്കുന്ന രണ്ടു പെണ്‍പൂച്ചകള്‍ എപ്പോള്‍ വേണമെങ്കിലും പ്രസവിക്കാമെന്ന ഭീതിയുടെ നിഴലില്‍ ജീവിതം മുന്നോട്ടു പോകുകയാണ്‌.

    ഒരു ദിവസം സന്ധ്യയ്‌ക്കു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ ഭാര്യ ഒരു മുറിയില്‍ നിലത്തു പായവിരിച്ചു കിടക്കുന്നു. ഒരു വശത്തേയ്‌ക്കു ചരിഞ്ഞാണ്‌ കിടക്കുന്നത്‌. അടുത്തൊരു കുട്ടിയുമുണ്ട്‌. ‘ദൈവമേ, പൂച്ചയെ കണ്ടു പഠിച്ച്‌ ഭാര്യയും മുമ്മൂന്നു മാസം കൂടുമ്പോള്‍ പ്രസവിക്കാന്‍ തുടങ്ങിയോ? ഞാന്‍ ചാടി റൂമിലെ ലൈറ്റിട്ടു. ആശ്വാസം മനുഷ്യ കുട്ടിയല്ല അതു നമ്മുടെ ആദ്യ പൂച്ചയാണ്‌.. ഭാര്യ കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കി, അടിയന്തിരമായി കുറെ ആംഗ്യങ്ങള്‍ കാണിച്ചു. ‘ലൈറ്റു നിര്‍ത്തണം, ശബ്ദം ഉണ്ടാക്കരുത്‌, പെരുവിരലില്‍ കുത്തി നടക്കണം, പെട്ടെന്നു രണ്ടു കപ്പു ചായ ഉണ്ടാക്കിക്കൊണ്ടു വരണം…’. ആംഗ്യങ്ങളിലേക്കു മടങ്ങിയതിന്റെ പൊരുളറിഞ്ഞതു ചായ റെഡിയായിക്കഴിഞ്ഞാണ്‌. പൂച്ചയെ വന്ധ്യം കരണ ശസ്‌ത്രക്രിയയ്‌ക്കു കൊണ്ടു പോയി. വയറ്റില്‍ പാതി വളര്‍ച്ചയെത്തിയ നാലു കുട്ടികളുണ്ടായിരുന്നു. അതുകൊണ്ടു മൈനര്‍ ശസ്‌ത്രക്രിയ മേജര്‍ ശസ്‌ത്രക്രിയ ആയിപ്പോയി. ഇനി ഏഴു ദിവസത്തേക്കു പൂച്ച അനങ്ങാതെ കിടക്കണം. ഇപ്പോള്‍ മയക്കി കിടത്തിയിരിക്കുകയാണ്‌. ചാടി എഴുന്നേല്‍ക്കാതിരിക്കാന്‍ ഭാര്യ കൂട്ടു കിടക്കുന്നു. ഇടയ്‌ക്കൊരു കാര്യം പറയട്ടെ. വീട്ടില്‍ പൂച്ചമാത്രമല്ല പട്ടികളുമുണ്ട്‌. അതു തുടങ്ങിയത്‌ ഒരു പോമറേനിയന്‍ പട്ടിയുമായാണ്‌. മകള്‍ വിഷുക്കൈനീട്ടം കൂട്ടി വച്ചു വാങ്ങിയതാണ്‌. പക്ഷെ ഭാര്യയുടെ സ്‌നേഹപ്രകടനങ്ങളില്‍ കുടുങ്ങി പട്ടി കാലുമാറി. ഭാര്യയെ യജമാനത്തിയായി സ്വീകരിച്ചു. ഭാര്യയുടെ കസേരയുടെ കീഴിലാണ്‌ പട്ടിയുടെ വാസം. ഭാര്യ പോയിക്കഴിഞ്ഞാല്‍ അമ്മയുടെ കട്ടിലിനടിയിലാവും. അമ്മയും സ്ഥലത്തില്ലെങ്കില്‍ എന്റെ കാല്‍ച്ചുവട്ടിലെത്തും. ഞാനും ഇല്ലെങ്കില്‍ മകളുടെ അടുത്തു കാണും. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടിലെ അധികാര ഘടന പട്ടി കൃത്യമായി പഠിച്ചു വെച്ചിരിക്കുന്നു. വീട്ടിലോ പരിസരത്തോ ആരു വന്നാലും ആദ്യം അറിയുന്നത്‌ പട്ടി ആണ്‌. കുരച്ചു തകര്‍ക്കും. പക്ഷെ ഒറ്റയ്‌ക്കിരിക്കാന്‍ പേടിയുമാണ്‌. ഒരാഴ്‌ച മുഴുവന്‍ പുറത്തെ വരാന്തയിലിട്ടു നോക്കി. പട്ടി ഒരു നാടു മുഴുവന്‍ നിലവിളിച്ചുണര്‍ത്തിക്കളഞ്ഞു. അധികം താമസിയാതെ മറ്റൊരു കാഴ്‌ച കണ്ടു. ഭാര്യയും കടുത്ത മൃഗസ്‌നേഹിയായ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും ചേര്‍ന്ന്‌ അടുത്ത പറമ്പിലേക്കെന്തോ കെട്ടിയിറക്കുന്നു. ഇരുട്ടാണ്‌. പക്ഷെ രണ്ടു പേരും ഒരേ വേഗതയില്‍ ഓരോ കയര്‍ അയച്ചു കൊടുക്കുന്നതു കാണാം. പതിവു പോലെ നിശ്ശബ്ദത പാലിക്കാന്‍ എനിക്ക്‌ ആംഗ്യ ഭാഷയിലൂടെ തന്നെ നിര്‍ദ്ദേശം വന്നു. ഒടുവില്‍ ഒരു ലോഹപാത്രം നിലത്തു തട്ടുന്ന ശബ്ദം കേട്ടു. പണ്ട്‌ ഞാന്‍ നഴ്‌സറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതിനു തൊട്ടടുത്ത്‌ ഒരു കോളേജിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അവിടെയാണ്‌ ആദ്യമായി ഒരു ലിഫ്‌്‌റ്റ്‌ കാണുന്നത്‌. സിമെന്റും മണലുമൊക്കെ ഒരു ചെറിയ കൈവണ്ടിയിലാക്കി ഒരു തട്ടില്‍ വച്ചിട്ട്‌ മുകളിലേക്കു നോക്കി ഒരു ആംഗ്യം കാണിക്കുമ്പോള്‍ അതു ശൂ എന്നു മേലോട്ടു പോകുമായിരുന്നു. ഇതു കണ്ട്‌ തിരിച്ചു വന്ന്‌ ഞാനും ചേച്ചിയും കൂടി ഒരു പഴയ മൂടു പോയ ചീനച്ചട്ടിയില്‍ കയര്‍ കെട്ടി, വീട്ടിലെ കുലയ്‌ക്കാറായ രണ്ട്‌ ഏത്തവാഴകളുടെ കവിളിലൂടെ ഇട്ടു വലിച്ചു പൊക്കി ലിഫ്‌റ്റ്‌ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. വാഴയ്‌ക്ക്‌ ചില്ലറ കേടുപാടുകളേ പറ്റിയുള്ളൂ. പക്ഷെ എനിക്ക്‌ ആ ഇടപാടില്‍ സാമാന്യം നല്ല പരിക്കു പറ്റി. വന്‍ പട്ടണത്തില്‍ ഫ്‌ളാറ്റില്‍ വളര്‍ന്ന ഭാര്യയ്‌ക്ക്‌ ചെറുപ്പത്തില്‍ ഇതിനൊന്നും അവസരം കിട്ടിക്കാണില്ല, ഇപ്പോള്‍ അരക്കൈയ്യ്‌ നോക്കുകയായിരിക്കും എന്നു വിചാരിച്ചു ഞാന്‍ നില്‌ക്കുമ്പോള്‍ ഭാര്യ അടുത്തു വന്ന ശബ്ദം താഴ്‌ത്തി പറഞ്ഞു. ‘പാവം അതുങ്ങളവിടെ പട്ടിണിയല്ലേ? ഇവിടെ ഇതുങ്ങളു കഴിക്കുന്ന മണം ചെല്ലുമ്പോള്‍ അതുങ്ങള്‍ക്കും കൊതി വരില്ലേ? …. ഞാന്‍ മതിലിനു മുകളിലൂടെ എത്തി നോക്കി. നാലു തെരുവു പട്ടിക്കുഞ്ഞുങ്ങള്‍ അശോകസ്‌തംഭത്തെ അപമാനിക്കുന്ന മട്ടില്‍ തല നാലും ഒരു ചട്ടിയിലിട്ടു പിന്‍ഭാഗം നാലു വശത്തേയ്‌ക്കു പിടിച്ചു നിന്നു ഭക്ഷണം കഴിക്കുന്നു. എന്നെ മൂന്നു നാലു തവണ പട്ടി കടിച്ചിട്ടുണ്ട്‌. അതുകൊണ്ടു പട്ടികളോടോ, പട്ടി പ്രേമികളോടോ ക്ഷമിക്കാന്‍ ഞാന്‍ തയ്യാറല്ല. ഭാര്യയെ രൂക്ഷമായി ഒന്നു നോക്കി. ഭാര്യ ഇരുട്ടത്തതു കണ്ടില്ലെന്നു ഭാവിച്ചു. ! മൊത്തത്തില്‍ എനിക്കു വട്ടായി. ഞാന്‍ ഹൈദരാബാദില്‍ താമസിക്കുന്ന എന്റെ പഴയ സഹപാഠിയും മൃഗസ്‌നേഹിയുമായ ഒരു വനിതയെ വിളിച്ചു. ഭാര്യയുടെ മൃഗസ്‌നേഹം അല്‌പമൊന്നു കുറയ്‌ക്കാന്‍ ഉപദേശിക്കണമെന്നഭ്യര്‍ത്ഥിച്ചു. പക്ഷെ അവര്‍ ഉപദേശിച്ചത്‌ എന്നെയാണ്‌. “സാരമില്ലെടോ, എന്റെ പട്ടി മൃഗാശുപത്രിയിലെ തുറന്ന ഷെഡില്‍ പതിനഞ്ചു ദിവസം കിടന്നിട്ടാണു മരിച്ചത്‌. അവള്‍ ഒറ്റയ്‌ക്കാണല്ലോ എന്നോര്‍ത്തിട്ടെനിക്കുറക്കം വന്നില്ല. പിന്നെ ഞാനും ഒരു ബെഞ്ചു പിടിച്ചിട്ട്‌ പതിനഞ്ചു ദിവസം അവിടെത്തന്നെ കിടന്നു”. ഗംഭീരം. ഇതിനാണ്‌ പേറെടുക്കാന്‍ ചെന്നിട്ട്‌ ഇരട്ട പെറുക എന്നു പറയുന്നത്‌. ഭാര്യ പട്ടിയ്‌ക്കു ഭക്ഷണം കൊടുക്കുന്നതു കണ്ടാല്‍ അതിനെയും പ്രസവിച്ചത്‌ അദ്ദേഹം തന്നെയാണ്‌ എന്നു തോന്നും. വല്ല സെമിനാറോ, വര്‍ക്ക്‌ഷോപ്പോ ഒക്കെയായി അയാള്‍ യാത്ര ചെയ്യുമ്പോള്‍ പട്ടിയുടെ മെനു സംബന്ധിച്ചു വ്യക്തമായി നിര്‍ദ്ദേശങ്ങള്‍ തരും. എന്നാല്‍ ഭാര്യ ഗേറ്റു കടന്നാല്‍ ഞാനും മകളും പട്ടിയുമായുള്ള കണക്കു തീര്‍ക്കല്‍ തുടങ്ങും. പാവം പട്ടിയ്‌ക്ക്‌ ഒറ്റ രാത്രി കൊണ്ട്‌ പട്ടാള മേധാവി യുദ്ധത്തടവുകാരനാവുന്ന അവസ്ഥയാണ്‌. കഞ്ഞി കൊടുക്കും, വേണമെങ്കില്‍ കുടിക്കാം.

    മകള്‍ക്കു പട്ടിയോടു വിരോധത്തിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. വളരെ ആഗ്രഹിച്ച്‌ അവള്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങി. പട്ടിക്ക്‌ വയലിന്‍ നാദത്തിന്റെ ഫ്രീക്വന്‍സി സഹിക്കാന്‍ പറ്റുന്നില്ല. മകള്‍ വീട്ടില്‍ ഇരുന്നു പരിശീലനം തുടങ്ങിയാല്‍ പട്ടി പാഠം ഒന്ന്‌, ഒരു വിലാപം ആരംഭിക്കും. മുഴുവന്‍ സമയവും അതും നിലവിളിച്ചു കൊണ്ടിരിക്കും. അവസാനം മകള്‍ വയലിന്‍ പഠനം ഉപേക്ഷിച്ചു. ഇതിനിടെ കുറച്ചു ദിവസം തുടര്‍ച്ചയായി മഴ പെയ്‌തപ്പോള്‍ അടുത്ത പറമ്പില്‍ വെള്ളം പൊങ്ങി. എവിടെ നിന്നോ തുടല്‍ പൊട്ടിച്ചു വന്ന ഒരു പട്ടിക്കുട്ടി നാലു ചുറ്റും ചെറിയ മതിലുള്ള ആ പറമ്പില്‍ എങ്ങിനെയോ വീണു പോയി. ഭാര്യയ്‌ക്കും സുഹൃത്തിനും ജോലിയായി. കഴുത്തറ്റം വെള്ളത്തില്‍ നില്‌ക്കുന്ന പട്ടിയെ കയറ്റി വിടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നാട്ടിലുള്ള സര്‍വ്വ സന്നദ്ധ നായപ്രേമി സംഘടനകളെയും വിളിച്ചെങ്കിലും പാര്‍ട്ട്‌ ടൈം മൃഗസ്‌നേഹികളായ അവരാരും എത്തിയില്ല. പേപ്പര്‍ പ്ലേറ്റുകളില്‍ ഒഴുക്കി വിടുന്ന ബിസ്‌കറ്റ്‌ കാണുമ്പോള്‍ പട്ടി കയ്യും കാലുമിട്ടടിക്കും. ഒന്നുകില്‍ പ്ലേറ്റ്‌ കമിഴ്‌ന്നു പോകും, അല്ലെങ്കില്‍ ഒഴുകി പോകും. നാലാം ദിവസം ഞാന്‍ നോക്കുമ്പോള്‍ പട്ടി ഒരു ചങ്ങാടത്തില്‍ പഴയ HMV കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പോസില്‍ കുത്തിയിരിക്കുന്നു. അടുത്ത്‌ ഗ്രാമഫോണിനു പകരം ഒരു പഴയ പാത്രത്തില്‍ ബിസ്‌ക്കറ്റും വച്ചിട്ടുണ്ട്‌. മുള, പി.വി.സി. പൈപ്പ്‌, പലക തുടങ്ങിയവ ചേര്‍ത്തു ഭാര്യയും സുഹൃത്തും നിര്‍മ്മിച്ച ചങ്ങാടമാണ്‌. നാലു ദിവസം കഴിഞ്ഞു. വെള്ളമിറങ്ങിയപ്പോള്‍ പുതിയ പ്രശ്‌നം. പട്ടിയ്‌ക്കെങ്ങും പോകണ്ട. അവന്‍ ആ പറമ്പില്‍ കുത്തിയിരുന്നു ഭക്ഷണത്തിനായി നിലവിളിക്കാന്‍ തുടങ്ങി. സഹികേട്ടപ്പോൾ ഞാനും മകളും കൂടി ഭാര്യയില്ലാത്ത തക്കം നോക്കി അസഭ്യവർഷം , കണ്ണുരുട്ടൽ, കല്ലെടുത്ത് എറിയാൻ ഒങ്ങൾ തുടങ്ങിയ നാടിനു ചേർന്ന സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് അവനെ പറപ്പിച്ചു. പൂച്ചക്കുഞ്ഞുങ്ങള്‍ വന്നപ്പോള്‍ വീട്ടിലെ പട്ടി ശാപ്പിട്ടുകളയുമോ എന്നു ഞങ്ങള്‍ പേടിച്ചു. പക്ഷെ സംഭവിച്ചതു മറിച്ചാണ്‌. പട്ടി പൂച്ചക്കുഞ്ഞുങ്ങളുടെ വളര്‍ത്തമ്മ സ്ഥാനം ഏറ്റെടുത്തു. ഇടയ്‌ക്കു ഭാര്യ സ്ഥലത്തില്ലാത്ത സമയം നോക്കി ഞാനും മകളും ഉന്നത കുലജാതനായ ഒരു ആണ്‍ പട്ടിയെ വാങ്ങിക്കൊണ്ടു വന്നു. ഭാര്യ വന്നു കഴിഞ്ഞാണ്‌ കാര്യങ്ങള്‍ വ്യക്തമാവുന്നത്‌. ഞങ്ങള്‍ തെരഞ്ഞെടുത്ത പട്ടി പെണ്ണാണ്‌, ഉന്നത കുലജാതയുമല്ല. നാടന്‍ പട്ടിയും ലാബ്രഡോറും തമ്മിലുണ്ടായ ഒരു അവിഹിത ബന്ധത്തിന്റെ സാക്ഷ്യ പത്രമാണ്‌. കുലമഹിമ ഇല്ലെങ്കിലും ഈ പട്ടിക്കു പാമ്പുകളെ പിടിക്കാന്‍ ഒരു പ്രത്യേക വാസന ആണ്‌. ആറു കൊല്ലത്തിനിടയില്‍ നാലഞ്ചു വിഷപ്പാമ്പുകളടക്കം മുപ്പതോളം പാമ്പുകളെ പിടിച്ചു. അതു കൊണ്ടു കൊടുത്ത കാശു മുതലായി. പൂച്ചകളുടെ എണ്ണം കൂടുന്നത്‌ നിന്നെങ്കിലും അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒട്ടും കുറഞ്ഞില്ല. ഒരു ദിവസം വൈകിട്ടു വരുമ്പോള്‍ ഭാര്യ ഏങ്ങിയേങ്ങി കരയുന്നു. രണ്ടു മൂന്നു വാക്കുകള്‍ വിക്കി വിക്കി പുറത്തു വന്നു. “നമ്മള്‍ ഇത്രേമൊക്കെ നോക്കിയിട്ടും … പോയി…” എന്റെ അമ്മ ഞങ്ങളോടൊപ്പമാണു താമസം. എണ്‍പതു വയസ്സ്‌. പത്തു വര്‍ഷമായി ക്യാന്‍സര്‍ ബാധിത. ഞാന്‍ വിചാരിച്ചു. അമ്മ പോയെന്ന്‌. അല്ല. അടുത്ത പറമ്പിലെ മണ്ടപോയ തെങ്ങിന്റെ പൊത്തില്‍ ഉണ്ടായിരുന്ന മൈനക്കുഞ്ഞുങ്ങളാണ്‌ പോയത്‌. കുറെ ദിവസമായി ഭാര്യ അവയ്‌ക്കു കാവലിരിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ നോട്ടമിടുന്ന സ്വന്തം പൂച്ചകളെ അരുമയായി ഓടിക്കും. കാക്കയെയും ചേരയെയും കല്ലെറിഞ്ഞോടിക്കും. രാത്രിയില്‍ ഇടയ്‌ക്കിടെ ടോര്‍ച്ചടിച്ചു നോക്കും. ഒടുവില്‍ ദാ, അവര്‍ പറക്കാന്‍ ശ്രമിച്ചു, താഴെ വീണു, പൂച്ച സാപ്പിട്ടു. ജനസംഖ്യ വര്‍ധനവ്‌ നിലച്ച്‌ പൂച്ചകള്‍ കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തിലേക്കു പുരോഗമിച്ചപ്പോള്‍ വേറൊരു പ്രശ്‌നമുണ്ടായി.. രണ്ടാണ്‍പൂച്ചകളും രണ്ടു പെണ്‍ പൂച്ചകളും പരസ്‌പരം യുദ്ധം ആരംഭിച്ചു. ഒരാണ്‍ പൂച്ചയ്‌ക്കു മറ്റേ ആണ്‍പൂച്ചയെയും പെണ്‍പൂച്ചയ്‌ക്കു മറ്റെ പെണ്‍ പൂച്ചയെയും തുരത്തണം. യുദ്ധത്തിനൊടുവില്‍ ഒരു പൂച്ച മാത്രം ബാക്കിയായി. രണ്ടു പട്ടിയും. ഞാനും മകളും നെടുവീര്‍പ്പയച്ചു. എന്നാല്‍ കഥ അവിടെ അവസാനിച്ചില്ല. ഒരാഴ്‌ച കഴിഞ്ഞു. ‘കാലമിനിയുമുരുളും, വിഷുവരും, വര്‍ഷം വരും, അപ്പോഴീ പൂച്ചയും ചത്തു പോകും ‘ എന്നൊക്കെ വിചാരിച്ച്‌ നടക്കുന്നതിനിടെ വൈകിട്ട്‌ ചാരിയിട്ടിരുന്ന അടുക്കള വാതില്‍ തുറന്നു മുറ്റത്തേയ്‌ക്കു നോക്കുമ്പോള്‍ മതിലില്‍ അഞ്ചു കരിമ്പൂച്ചകള്‍ നിരന്നിരിക്കുന്നു. കയ്യില്‍ സ്റ്റെന്‍ ഗണ്ണില്ലെന്നേയുള്ളൂ. തള്ളയും കുഞ്ഞുങ്ങളുമാണ്‌. ഞാനാദ്യമായാണ്‌ കരിമ്പൂച്ചകളുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നേരില്‍ കാണുന്നത്‌. ഭാര്യ പതിവു പോലെ ഒരു കയ്യില്‍ ഭക്ഷണവും, മറ്റേ കയ്യില്‍ ശബ്ദമുണ്ടാക്കരുതെന്നുള്ള ആംഗ്യവുമായി നില്‌ക്കുന്നു!. പഴയ ഒരു തമിഴ്‌ സിനിമയുടെ ടൈറ്റില്‍ ഓര്‍മ്മ വന്നു. “അവള്‍ ഒരു തുടര്‍ക്കഥൈ” ഈ ബ്ലോഗുകള്‍ വായിക്കുന്ന പലരും ചോദിക്കുന്നത്‌ ഇതിലൊക്കെ എത്ര ശതമാനം സത്യമുണ്ടെന്നാണ്‌. എന്റെ പൊന്നുമാളോരെ, ഇതൊക്കെ സത്യം മാത്രമാണ്‌. ചില ചില്ലറ തിരിമറികള്‍ മാത്രമാണു ഞാന്‍ ചെയ്യുന്നത്‌. അതു നിങ്ങള്‍ക്കു കൂടി ബോധ്യമാവാനാണ്‌ ഇതോടൊപ്പമുള്ള വീഡിയോകള്‍. ദയവായി കണ്ടു ബോധ്യപ്പെടുക.

  • ശിഷ്യ പൂര്‍ണ്ണിമ

    കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിലേക്കിറക്കുമതി ചെയ്യപ്പെട്ട രണ്ടാഘോഷങ്ങളാണ്‌ അക്ഷയതൃതീയയും, ഗുരുപൂര്‍ണ്ണിമയും. അക്ഷയതൃതീയ കൊണ്ടു വന്നത്‌ സ്വര്‍ണ്ണക്കടക്കാരാണെങ്കില്‍ ഗുരുപൂര്‍ണ്ണിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ‘കലാകാരന്‍മാര്‍’ അജ്ഞാതരായി തുടരുന്നു. ഗുരുക്കന്മാര്‍ കുളിച്ചു കുറിയിട്ടു പാട വരമ്പത്തു കൊക്ക്‌ ഇരിക്കുന്നതു പോലെ നിശ്ചലരായിരിക്കുന്നു. ശിഷ്യര്‍ക്കു തൊട്ടു തൊഴാം, കാല്‍ കഴുകിച്ചു വന്ദിക്കാം, വേണമെങ്കില്‍ പാദാരവിന്ദങ്ങളില്‍ ഒരു ചുംബനവുമാവാം. ഗുരുക്കന്മാര്‍ക്കായി ഒരു ദിവസം നല്ലതു തന്നെ. എങ്കില്‍ പിന്നെ ശിഷ്യന്മാര്‍ക്കും ആവരുതോ ഒരു ദിവസം ? ശിഷ്യന്‍ എന്ന നിലയ്‌ക്ക്‌ അവിസ്‌മരണീയമായ ഒരു റെക്കോര്‍ഡ്‌ എനിക്കുണ്ട്‌. ഇത്രയധികം ഡ്രൈവിംഗ്‌ സ്‌കൂളുകളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ക്ക്‌ ആവശ്യമായ രേഖകള്‍ കൈമാറിയാല്‍ എനിക്കാ ബുക്കിനുള്ളില്‍ ഒരു കട്ടിലും കിടക്കയും ഉറപ്പാണ്‌. നൂറ്റൊന്നു ദിവസം ചൂളമടിച്ചവര്‍, ഒറ്റക്കാലില്‍ നിന്നവര്‍, നിര്‍ത്താതെ ചെണ്ട കൊട്ടിയവര്‍, പാട്ടു പാടിയവര്‍ തൊട്ടു റേഷന്‍ കടയിലും, ബിവറേജസ്‌ കോര്‍പ്പറേഷനു മുന്നിലും ക്യൂ നില്‌ക്കുന്നവര്‍ വരെ ഗിന്നസ്‌ ബുക്കില്‍ കേറുന്ന കാലമാണ്‌.

    ഞാന്‍ ജന്മനാ ഒരു വാഹന വിരുദ്ധനാണ്‌. ഈ വാഹനങ്ങളെല്ലാം കൂടിച്ചേര്‍ന്നാണ്‌ ലോകത്തെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതെന്നാണെന്റെ ഉറച്ച വിശ്വാസം. രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ശ്രീ ബുദ്ധന്റെ പല്ല്‌ ശ്രീലങ്ക വരെ എത്തി. ഒരു സൈക്കിള്‍ പോലുമില്ലാതെ ശങ്കരാചാര്യര്‍ ആയിരത്തി ഇരുനൂറു കൊല്ലം മുന്‍പ്‌ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഇബ്‌ന്‍ ബത്തൂത്ത ഹാജിയാര്‍ ടൂണീഷ്യയില്‍ നിന്നു ഇന്ത്യയിലെത്തി, മൂന്നു പ്രാവശ്യം കേരളത്തിലും എത്തി. ഇവിടെ നിന്നും കല്യാണം കഴിച്ചു എന്നും പറയപ്പെടുന്നു. സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്തു താമസിച്ചതിനും ട്രിവാന്‍ഡ്രം ക്ലബില്‍ എത്തിയതിനും തെളിവുകളുണ്ട്‌. എന്തിനധികം ? പ്രഭാതത്തില്‍ തിരുവനന്തപുരത്തു മ്യൂസിയം വളപ്പില്‍ മഞ്ഞു കൊണ്ടു വട്ടത്തില്‍ നടക്കുന്നവര്‍ നേരെ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഹിമാലയത്തിലെത്തി ആലിപ്പഴം പെറുക്കാമായിരുന്നു. വള്ളവും വണ്ടിയുമൊന്നും ഇങ്ങനെ പെറ്റു പെരുകിയില്ലെങ്കില്‍ ആവശ്യക്കാര്‍ക്കു ലോകം മുഴുവന്‍ സൈ്വരമായി എത്ര വേണമെങ്കിലും സഞ്ചരിക്കാമായിരുന്നു. കാരണം അത്യാവശ്യമില്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്നു കൊള്ളുമായിരുന്നു. റോഡു വീതി കൂട്ടാനെന്ന പേരില്‍ മരമായ മരമെല്ലാം മുറിക്കേണ്ടി വരില്ലായിരുന്നു. പക്ഷെ നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ പ്രമാണം. പത്തിരുപത്തഞ്ചു കൊല്ലം മുന്‍പ്‌ ഞാനും ഒരു സ്‌കൂട്ടര്‍ വാങ്ങേണ്ടി വന്നു. സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സു വേണം. ആദ്യം ലേണേഴ്‌സ്‌ എടുക്കണം. അതിനൊരു സ്ഥിരം മേല്‍വിലാസം വേണം. അന്നെനിക്കു തിരുവനന്തപുരത്തു സ്ഥിരം മേല്‍വിലാസമില്ലായിരുന്നതു കൊണ്ട്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഗവേഷണ വിദ്യാര്‍ത്ഥി എന്നൊരു സര്‍ട്ടിഫിക്കറ്റും വാങ്ങിയാണു പോയത്‌. ലേണേഴ്‌സ്‌ ലൈസന്‍സ്‌ എടുക്കുന്നതിനായി ഒരു ആട്ടോ കണ്‍സള്‍ട്ടന്റ്‌ എനിക്ക്‌ ട്രാഫിക്‌ നിയമങ്ങളില്‍ ഒരു മണിക്കൂര്‍ നേരത്തെ തീവ്ര പരിശീലനം നല്‌കി. ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ റെഡിയായി ഞാന്‍ അകത്തു കയറിയപ്പോള്‍ പരീക്ഷകന്റെ ആദ്യ ചോദ്യം “നിങ്ങള്‍ക്കു വീടും കൂടുമൊന്നുമില്ലേ? എന്തിനാ ഈ യൂണിവേഴ്‌സിറ്റിയുടെ കടലാസും കൊണ്ടിറങ്ങിയേ ?” ഞാന്‍ പറഞ്ഞു “വീടും കൂടും അങ്ങു ദൂരെ കോട്ടയത്താണു സാര്‍”, “എങ്കില്‍ അവിടെ പോയി എടുക്ക്‌”. ഞാന്‍ പറഞ്ഞു “സാര്‍ ഒന്നു സഹായിക്കണം, ഇനി ഇതിനായി കോട്ടയത്തു പോകുന്നതു മെനക്കേടാണ്‌”. അപ്പോള്‍ അദ്ദേഹം പറഞ്ഞു. “എങ്കില്‍ ഒരു ഡ്രൈവിംഗ്‌ സ്‌കൂള്‍ വഴി അപേക്ഷിക്ക്‌, അപ്പോള്‍ നിയമ തടസ്സമില്ല”. “സാറേ, ഡ്രൈവിംഗ്‌ സ്‌കൂള്‍ അഞ്ചു മണിക്ക്‌ അടയ്‌ക്കും. പിന്നെ ഫോണെടുക്കാന്‍ ആരും കാണില്ല. എനിക്ക്‌ വല്ല ആക്‌സിഡന്റും പറ്റിയാലോ? യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി എങ്കിലും ഉണ്ട്‌”. “പിന്നെ സെക്യൂരിറ്റിക്കതല്ലേ പണി. വണ്ടി ശരിക്ക്‌ ഇടിച്ചാല്‍ കാര്യം തീരും. പിന്നെ പോലീസ്‌ എങ്ങിനെയെങ്കിലും തന്റെ വീടു കണ്ടു പിടിച്ചോളും”. ഈ സംഭാഷണത്തോടെ ഞാന്‍ പഠിച്ചു കൊണ്ടു ചെന്നതെല്ലാം മറന്നു പോയി. ബഹുമാനപ്പെട്ട പരിശോധകന്‍ ഒരു ചിത്രമെടുത്തു കാണിച്ചു. വെറുതെ ഒരു വട്ടം, കുറുകെ ഒരു വരയുമുണ്ട്‌. “ഇതെന്താണ്‌?” ഞാന്‍ ആലോചിച്ചുത്തരം പറഞ്ഞു. “പാര്‍ക്കിംഗ്‌”. അപ്പോള്‍ അദ്ദേഹം ഒരു ‘പി’ എടുത്തു കാണിച്ചു. “ഇതോ?” ഞാന്‍ പറഞ്ഞു. “അതും പാര്‍ക്കിംഗാ”. “രണ്ടു പാര്‍ക്കിംഗ്‌ ഉണ്ടോ?” ഞാന്‍ പറഞ്ഞു “എനിക്കു നല്ല ഉറപ്പില്ല”. അദ്ദേഹം പറഞ്ഞു “നിങ്ങള്‍ റിസേര്‍ച്ച്‌ സ്‌കോളര്‍ ആണെന്നല്ലേ എഴുതിയിരിക്കുന്നത്‌? അക്ഷരം പോലും അറിയാത്തവന്‍മാര്‍ വന്നു പടം കണ്ടു മണി മണിയായി ഉത്തരം പറയുമല്ലോ?” ഇതൊരു പൊതുവായ തെറ്റിദ്ധാരണയാണ്‌, ഉടന്‍ തിരുത്തണം, ഞാന്‍ ചോദിച്ചു “അക്ഷരമറിയാത്തവര്‍ക്കു വിവരമില്ലെന്നു പറയാന്‍ പറ്റുമോ? സാറീപ്പറഞ്ഞതനുസരിച്ചാണെങ്കില്‍ ജ്ഞാനപീഠ ജേതാക്കള്‍ക്കു കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെ മണിമണിയായി ടാങ്കര്‍ ലോറി ഓടിക്കാമല്ലോ. പക്ഷെ അവരാരും സൈക്കിള്‍ ചവിട്ടുന്നതുപോലും കണ്ടിട്ടില്ലല്ലോ?” ആ ഉത്തരം അദ്ദേഹത്തിനത്ര പിടിച്ചില്ല. “തനിക്ക്‌ ഉറപ്പില്ലെന്നല്ലേ പറഞ്ഞത്‌? പോയി നല്ല ഉറപ്പായിട്ടു വന്നാല്‍ നോക്കാം.” പുറത്തു വന്നപ്പോള്‍ എന്റെ താത്‌കാലിക ഗുരുനാഥന്‍ കണ്‍സള്‍ട്ടന്റ്‌ വിഷമിച്ചിരിക്കുന്നു. മുപ്പതു വര്‍ഷത്തെ അധ്യാപന ചരിത്രത്തില്‍ ആദ്യമാണത്രേ ഒരു വിദ്യാര്‍ത്ഥി ലേണേഴ്‌സ്‌ കിട്ടാതെ മടങ്ങുന്നത്‌! എന്തായാലും വളരെ പാടുപെട്ട്‌ പഠിച്ച്‌ ഒരു ലൈസന്‍സ്‌ എടുത്തു. ഒരാഴ്‌ചയ്‌ക്കകം തന്നെ എനിക്ക്‌ ഒരു കാര്യം മനസ്സിലായി. ഇതെനിക്കത്ര പറ്റിയ പണിയല്ല.

    കാര്യമായ പണിയൊന്നുമില്ലെങ്കില്‍ പിന്നെ ഉറങ്ങുകയാണെന്റെ ഹോബി. അത്‌ ഇരുന്നോ, കിടന്നോ, നടന്നോ ആവാം. വെറുതെ ഇരിക്കുമ്പോള്‍ സ്വപ്‌നം കാണുന്നതാണു വേറൊരു പ്രശ്‌നം. നടന്നു പോവുമ്പോള്‍ കുഴപ്പമില്ല. വഴിയേ ഉറക്കം തൂങ്ങി നടക്കുന്നവരെ ഉണര്‍ത്താന്‍ പരുവത്തിനാണ്‌ ഇടയ്‌ക്കിടെ ഇലക്ട്രിക്‌ പോസ്‌റ്റിലും, ടെലിഫോണ്‍ പോസ്‌റ്റിലും ഒരാള്‍ പൊക്കത്തില്‍ പല സാധനങ്ങളും ഉറപ്പിച്ചിരിക്കുന്നത്‌. ബസ്സിലാണു പ്രശ്‌നം. കണ്ടക്ടറോടും ഡ്രൈവറോടും പിന്നെ ഒരഞ്ചാറു യാത്രക്കാരോടും ‘എന്നെ ഒന്നു വിളിച്ചേക്കണേ ചേട്ടാ’ എന്നു കേറുമ്പോഴേ പറയുകയാണ്‌ പോംവഴി. ഇന്ത്യന്‍ യാത്രാവിമാനങ്ങളില്‍ പിന്നെ പേടിക്കാനൊന്നുമില്ല. അതു താഴുമ്പോള്‍ അവര്‍ അതിന്റെ മൂക്കു നിലത്തൊന്നു കുത്തുന്നുണ്ടെന്നാണെന്റെ വിശ്വാസം. അതു കഴിഞ്ഞാണ്‌ ഞാന്‍ ഉണരുക. സ്‌കൂട്ടറുമായി റോഡിലിറങ്ങിയപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പു മനസ്സിലാവുന്നത്‌. സര്‍ക്കസ്സുകാരുടെ മരണക്കിണറില്‍ ബൈക്ക്‌ ഓടിക്കുന്നതും വഴിയേ ബൈക്ക്‌ ഓടിക്കുന്നതും തമ്മില്‍ ചെറിയ ഒരു വ്യത്യാസമേയുള്ളൂ. മരണക്കിണറില്‍ ഏതു വണ്ടി എപ്പോള്‍, ഏതു വഴി വരും എന്നതിന്‌ ഒരു കണക്കൊക്കെയുണ്ട്‌. റോഡില്‍ അതില്ല. ആര്‍ക്കും, എപ്പോഴും, എങ്ങിനെയും വരാം. ഒരാഴ്‌ചയ്‌ക്കകം ഞാന്‍ റോഡുപേക്ഷിച്ചു. ഫുട്‌പാത്തിനോടു ചേര്‍ന്ന്‌ ഒരു 15 കിലോമീറ്റര്‍ വേഗതയിലാക്കി യാത്ര. കാല്‍നടക്കാരനെന്തായാലും റോഡിന്റെ നടുക്കു കൂടി മാത്രമേ സഞ്ചരിക്കൂ. അപ്പോള്‍ ഫുട്‌ പാത്ത്‌ എനിക്കിരിക്കട്ടെ. അങ്ങിനെ പോകുമ്പോള്‍ ഒരു ദിവസം ഒരു പരിചയക്കാരന്‍ വഴിയേ പാഞ്ഞു പോകുന്നു. ഞാന്‍ സ്‌കൂട്ടര്‍ നിര്‍ത്തി. മൂപ്പര്‍ക്കു സെക്രട്ടറിയേറ്റിലേക്കു പോണം. ഞാനും ആ വഴി പോകുന്നു. പിന്നെന്താ പ്രശ്‌നം? ലിഫ്‌റ്റ്‌ കൊടുത്തു. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നിലിരുന്നു തോണ്ടി വിളിച്ചു. “വണ്ടി ഒന്നു നിര്‍ത്തിക്കേ…” ഞാന്‍ നിര്‍ത്തി. അയാള്‍ ചാടിയിറങ്ങി. “എനിക്കല്‌പം ധൃതിയുണ്ട്‌, ഞാന്‍ നടന്നു പോയ്‌ക്കോളം” എന്നു പറഞ്ഞ്‌ ഒറ്റ ഓട്ടം. അതയാളുടെ ഇഷ്ടം. പക്ഷെ ആ ദ്രോഹി ഈ കഥ അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ ഒരു പത്തു മുന്നൂറു പേരോടെങ്കിലും പറഞ്ഞു. എന്റെ സ്‌കൂട്ടര്‍ കണ്ടാല്‍ പരിചയക്കാര്‍ ഓടുമെന്ന അവസ്ഥയായി. എനിക്കാണെങ്കില്‍ സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന ഒരാളുമായി സംസാരിച്ചു കൊണ്ടിരുന്നില്ലെങ്കില്‍ ഉറക്കം വരും. വളരെ പാടുപെട്ടൊരുത്തനെ വലവച്ചു പിടിച്ചാല്‍ അതിലും വേഗത്തില്‍ അവന്‍ വലപൊട്ടിച്ചു പോകും. എന്തിനധികം? സര്‍വ്വരോടും ക്ഷമിക്കേണ്ട പള്ളീലച്ചന്‍ പോലും എന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ നിന്നു ചാടി പൊയ്‌ക്കളഞ്ഞു.

    ഒരിക്കല്‍ ഞാന്‍ എന്റെ ഒരു ബിസിനസ്‌ പാര്‍ട്ട്‌ണറെ സ്‌കൂട്ടറിന്റെ പുറകിലിരുത്തി പോകയാണ്‌. ഇടയ്‌ക്ക്‌ വാദമുഖങ്ങള്‍ ശക്തിയായി അവതരിപ്പിക്കാന്‍ തിരിഞ്ഞ്‌ അദ്ദേഹത്തിന്റെ മുഖത്തു നോക്കുന്നുമുണ്ട്‌. സന്ധ്യനേരമാണ്‌. അപ്പോള്‍ അദ്ദേഹം പെട്ടെന്നു നിലവിളിക്കുന്നു “ദേണ്ടെ മുന്‍പിലൊരാള്‍” ഞാന്‍ തിരിഞ്ഞു മുന്‍പിലേക്കു നോക്കി. ശരിയാണ്‌. ഒരു കാല്‍ നടക്കാരന്‍ നടപ്പാതയുടെ സൈഡിലൂടെ നടന്നു വരുന്നു. ഞാന്‍ സത്യം പറഞ്ഞു. “താങ്ക്‌സ്‌, ഞാന്‍ കണ്ടില്ലായിരുന്നു”. ലക്ഷ്യസ്ഥാനത്തു ചെന്നപ്പോള്‍ അദ്ദേഹം എനിക്കു ഹസ്‌തദാനം തന്നു പറഞ്ഞു, “ക്ഷമിക്കണം. ഇത്‌ സ്‌കൂട്ടറില്‍ ഒരുമിച്ചുള്ള നമ്മുടെ അവസാനത്തെ യാത്രയാണ്‌. ഇനി ഈ തീക്കളിക്കു ഞാനില്ല”. അതും നാട്ടുകാര്‍ മുഴുവനും അറിഞ്ഞു. അക്കാലത്ത്‌ ഭാര്യ അല്‌പം ദൂരെ ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുകയാണ്‌. ആഴ്‌ചയിലൊരിക്കല്‍ ട്രെയ്‌നില്‍ വന്നു പോകും. ഒരു ദിവസം പ്രഭാതത്തില്‍ ഞങ്ങള്‍ സ്‌കൂട്ടറില്‍ റെയ്‌ല്‍വേ സ്റ്റേഷനിലേക്കു പോകുന്നു. സമയം രാവിലെ മൂന്നര മണി. വഴിയില്‍ ആരുമില്ല. അങ്ങു ദൂരെ നിന്ന്‌ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നുണ്ട്‌, ദമ്പതികളാവണം. പക്ഷെ അതിലെ ഭാര്യയ്‌ക്ക്‌ തീരെ പൊക്കമില്ല. ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞു “ഇതെന്താ ഇങ്ങനെ? ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചേരുന്നില്ലല്ലോ?” ഭാര്യ പറഞ്ഞു “ശരിയാ സുന്ദരിയും, സുശീലയും, ബുദ്ധിമതിയുമായ ആ സ്‌ത്രീയെ നിങ്ങള്‍ ആയിരുന്നു കല്യാണം കഴിക്കേണ്ടിയിരുന്നത്‌”. ഇതെന്താപ്പാ വെളുപ്പാന്‍ കാലത്ത്‌ എനിക്കിത്ര പെട്ടെന്നു വിവാഹ മോചനം തരുന്നതെന്നാലോചിച്ചിട്ടൊരു പിടിയും കിട്ടിയില്ല. ദമ്പതികളുടെ അടുത്തു ചെന്നപ്പോള്‍ കാര്യം മനസ്സിലായി. അതൊരു പശുവാണ്‌, ഭാര്യയല്ല. ഒരാള്‍ രാവിലെ പശുവിനെയും പിടിച്ചു നടന്നു പോകയാണ്‌! പിറ്റേന്നു മുതല്‍ എന്റെ ഭാര്യ ഒരു നിവേദനവുമായി സര്‍ക്കാരോഫീസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. സംഗതി എന്താണെന്നു വച്ചാല്‍ ഞങ്ങള്‍ വീടു വയ്‌ക്കാനായി ഒരു സ്ഥലം വാങ്ങിച്ചിരുന്നു. അവിടേയ്‌ക്കുള്ള വഴിയില്‍ ഭൂഗര്‍ഭജലം എടുക്കാനുള്ള, കൈ കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന, ഒരു പമ്പു നില്‌പുണ്ട്‌. ഭാര്യയ്‌ക്ക്‌ അതു മാറ്റി സ്ഥാപിക്കണം. ഞാന്‍ ചോദിച്ചു “അതവിടെ നില്‌ക്കുന്നതു കൊണ്ട്‌ തനിക്കെന്താ കുഴപ്പം ?” ഭാര്യ പറഞ്ഞു “അതിന്റെ ഹാന്‍ഡ്‌ല്‍ കുന്തം പോലെ വഴിയിലേക്കു നില്‌ക്കുകയാണ്‌. നിങ്ങള്‍ സ്‌കൂട്ടര്‍ ഓടിച്ചു ചെന്ന്‌ അതില്‍ കയറി സമാധി അടയും. പണ്ട്‌ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ഒരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു പോയതാണ്‌. വീണ്ടും ഒരു കോന്തനെ കൂടി സഹിക്കാന്‍ ത്രാണിയില്ല”. ഇങ്ങിനെ 15 കി. മീ. വേഗതയില്‍ ജീവിതം നിരങ്ങി നീങ്ങുന്നതിനിടെ ഞാന്‍ ഒരുപാടു കാര്യങ്ങള്‍ റോഡില്‍ നിന്നു പഠിച്ചു. ഒരിക്കല്‍ തമിഴ്‌ സംസാരിക്കുന്ന ഒരു ബൈക്ക്‌ യാത്രികനെ ട്രാഫിക്‌ എസ്‌. ഐ. പിടിച്ചു നിര്‍ത്തിയിരിക്കുന്നു. “ഇടതു വശത്തു കൂടി ഓവര്‍ടേക്ക്‌ ചെയ്യാന്‍ പാടില്ല, അതിനാണു പിടിച്ചത്‌” എന്ന്‌ എസ്‌.ഐ. അയാളോടു പറയുന്നു. അങ്ങിനെയാണ്‌ ഇടതു വശത്തു കൂടി ഓവര്‍ടേക്കിംഗ്‌ പാടില്ല എന്നു ഞാനും അറിയുന്നത്‌. എന്തായാലും യാത്രക്കാരന്‍ തമിഴനായതു ഭാഗ്യം. അയാള്‍ “മന്നിച്ചിടുങ്കോ ശാാാര്‍” എന്നെങ്കിലും പറയുന്നുണ്ട്‌. മലയാളിയായിരുന്നെങ്കില്‍ ഗവര്‍ണറുടെയോ, മുഖ്യമന്ത്രിയുടെയോ, ആഭ്യന്തര മന്ത്രിയുടെയോ ഒക്കെ പ്രൈവറ്റ്‌ സെക്രട്ടറിമാരെ അടുത്ത ഒരു മാസം ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ ഭാര്യ ഒരു കാര്‍ വാങ്ങി. അയാള്‍ക്ക്‌ കാര്‍ ഓടിക്കാനുമറിയാം. എനിക്കു കാറോടിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഞാനും കാറോടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചു. ഒരാശാനെ കണ്ടുപിടിച്ചു. ആശാനിപ്പോള്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി, ദൂരെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി എന്നെ പഠിപ്പിക്കുമെന്നൊക്കെ കരുതി ഞാന്‍ തിരക്കുള്ള റോഡില്‍ കാത്തു നില്‌ക്കുകയാണ്‌. ആശാന്‍ വണ്ടിയുമായി വന്നു. കേറിക്കൊള്ളാന്‍ പറഞ്ഞു. ആ കയ്യ്‌ രണ്ടും ഐശ്വര്യമായി സ്റ്റിയറിംഗില്‍ വയ്‌ക്കാന്‍ പറഞ്ഞു. താക്കോലൊന്നു തിരിക്കാന്‍ പറഞ്ഞു. ഇത്രയും ഞാന്‍ ചെയ്‌തു. കണ്ണടച്ചു തുറക്കുമ്പോള്‍ ദേണ്ടെ, കാര്‍ പെരുവഴിയേ ഓടുകയാണ്‌. ഞാന്‍ നിലാവത്തിറങ്ങിയ കോഴിയേപ്പോലെ സ്‌റ്റിയറിംഗില്‍ കയ്യും വെച്ചിരിക്കുന്നു. ആശാന്റെ കാല്‍ച്ചുവട്ടിലും ഒരു സെറ്റു ക്ലച്ചും, ബ്രേക്കുമൊക്കെയുണ്ട്‌. ഗിയറും, സ്‌റ്റിയറിംഗും രണ്ടു പേര്‍ക്കും കൂടി ഓരോന്നേ ഉള്ളൂ. ഞാന്‍ പിന്നെ മത്സരിക്കാനൊന്നും പോയില്ല. രണ്ടും ആശാനു വിട്ടു കൊടുത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പുറത്തു ചാടിയപ്പോള്‍ ഇതിനു പറ്റിയ പഴഞ്ചൊല്ലേതെന്നായിരുന്നു എന്റെ സംശയം. ‘പൊട്ടനു നിധി കിട്ടിയ പോലെ’, എന്നു പറയണോ അതോ ‘കുരങ്ങനു പൂമാല കിട്ടിയ പോലെ’ എന്നു പറയണോ ? കാര്‍ ഡ്രൈവിംഗ്‌ പഠനത്തില്‍ ഉദാത്തമായ ഒരു പാരമ്പര്യത്തിനുടമകളാണ്‌ എന്റെ പൂര്‍വ്വികര്‍ എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. ഗള്‍ഫ്‌ മലയാളിയായ ഒരു ചിറ്റപ്പന്‍ പണ്ടു ഡ്രൈവിംഗ്‌ പഠിക്കാന്‍ പോയി.

    ഗള്‍ഫ്‌ ബൂം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ്‌. ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ ദുര്‍ലഭം. ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ നിന്നു റിട്ടയര്‍ ചെയ്‌ത ഒരാശാന്‍ ഗ്രാറ്റ്വിറ്റി പണം കൊടുത്തു വാങ്ങിയ എട്ടാം ഹാന്‍ഡ്‌ അംബാസിഡര്‍ കാറിലാണു പഠനം. നഗരത്തിലെ ചതുരത്തിലിരിക്കുന്ന ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്കിനു ചുറ്റും ഓടിച്ചു പഠിപ്പിക്കയാണ്‌. 90o കോണുകളാണ്‌ നാലു മൂലയിലും. അവിടെയെത്തുമ്പോള്‍ ആശാന്‍ ആര്‍ത്തു വിളിക്കും “ഒടിച്ചെടുക്ക്‌, ഒടിച്ചെടുക്ക്‌” മൂന്നാം ദിവസം ചിറ്റപ്പന്‍ പണി പറ്റിച്ചു. സ്റ്റിയറിംഗ്‌ അക്ഷരാര്‍ത്ഥത്തില്‍ ഒടിച്ചെടുത്ത്‌ അന്തം വിട്ടിരിക്കുന്ന ആശാനു സമര്‍പ്പിച്ചു. പാവം ആശാന്‍ ഒരു മാസത്തോളം തൊഴില്‍രഹിതനായിരിക്കേണ്ടി വന്നു. അടുത്ത കഥയിലെ നായകന്‍ ഒരു ചേട്ടനാണ്‌. പത്തോ പതിനെട്ടോ വയസ്സുള്ളപ്പോള്‍ മൂന്നു നാലു സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ഡ്രൈവിംഗ്‌ പഠിക്കാന്‍ പോയി. ഈ കഥയിലെ ആശാന്‍ അല്‌പം മുഷ്‌ക്കനായിരുന്നു. ഓടിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ എന്തോ ഒരു തെറ്റു തിരുത്തുവാന്‍ ആശാന്‍ പിടലിക്കൊരടി കൊടുത്തു. മുഖം സ്റ്റിയറിംഗില്‍ ചെന്നിടിച്ചു. വിദ്യാര്‍ത്ഥി തല പൊക്കിയപ്പോള്‍ മൂക്കിലൂടെ ചോര. അന്നു കോടിമത പാലത്തോടെ കോട്ടയം പട്ടണം കഴിയും. പിന്നെ ചേമ്പിന്‍ കാടാണ്‌. അതിനടുത്തെത്തിയപ്പോള്‍ പുറകിലത്തെ സീറ്റില്‍ പഠിക്കാന്‍ ഊഴം കാത്തിരുന്ന ചേട്ടന്‍ പറഞ്ഞു, “വണ്ടി നിര്‍ത്തണം മൂത്രശങ്ക” വണ്ടി നിര്‍ത്തി. ആശാനും ഇറങ്ങണമെന്നായി ചേട്ടന്‍. അതെന്തിന്‌ എന്നായി ആശാന്‍. അപ്പോള്‍ വരുന്നു ക്ലാസ്സിക്‌ ഉത്തരം – മൂത്രശങ്ക ആശാനാണത്രേ! അപകടം മണത്ത ആശാന്‍ സ്റ്റിയറിംഗില്‍ അള്ളിപ്പിടിച്ചിരുന്നെങ്കിലും ശിഷ്യന്‍മാര്‍ വിട്ടില്ല. എടുത്തു ചേമ്പിന്‍ കാട്ടിലേക്കു കൊണ്ടു പോയി. ശേഷം ചിന്ത്യം. എന്തായാലും ചിറ്റപ്പനും, ചേട്ടനുമൊന്നും ഇന്നു വരെ കാറോടിച്ചതായി ആരും പറഞ്ഞു കേട്ടിട്ടു പോലുമില്ല. അടുത്ത ദിവസവും യുദ്ധം തുടര്‍ന്നു. ക്ലാസ്സിന്റെ അവസാനമായപ്പോള്‍ വിദ്യാര്‍ത്ഥിക്ക്‌ ആത്മവിശ്വാസം കുറവാണോ എന്നൊരു സംശയം ആശാനുണ്ടായി. അദ്ദേഹം പറഞ്ഞു. “ഞാന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ബസ്‌ ഓടിക്കാന്‍ പഠിപ്പിക്കുന്ന ആശാനായിരുന്നു. ഇതിലും വലിയ മണ്ടന്മാരെ കൊണ്ട്‌ 36 അടി നീളമുള്ള ബസ്‌ പുഷ്‌പം പോലെ തിരിച്ചും വളച്ചും ഓടിക്കാറാക്കിയിട്ടുണ്ട്‌. സാര്‍ ഒന്നും പേടിക്കണ്ട, എല്ലാം ശരിയാവും”. അന്നു രാത്രി ഞാന്‍ ഒരു സ്വപ്‌നം കണ്ടു. ഞാന്‍ ഒറ്റയ്‌ക്ക്‌ ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തട്ടിയെടുത്തു കോഴിക്കോടു നിന്നും ബാംഗ്ലൂര്‍ക്ക്‌ ഓടിച്ചു പോകുന്നു യാത്രക്കാരും കണ്ടക്ടറുമെല്ലാം പുറകേ ഓടി വരുന്നെങ്കിലും ആര്‍ക്കും അടുത്തെങ്ങും എത്താന്‍ പറ്റുന്നില്ല. താമരശ്ശേരി ചുരം പുഷ്‌പം പോലെയാണു കടന്നത്‌. അടുത്ത ദിവസവും രാവിലേ ക്ലാസ്സ്‌ ആരംഭിച്ചു. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ കൈ കാണിക്കണം. അത്‌ അത്ര എളുപ്പമല്ല. ഒന്നാമത്‌ പെട്ടെന്നു ചോദിച്ചാല്‍ എനിക്ക്‌ ഇടതും വലതും ഏതെന്നു പറയാന്‍ പറ്റില്ല. കൈ കാണിക്കുന്ന കാര്യം ഞാന്‍ മറന്നു പോവുകയും ചെയ്യും. ഞാന്‍ ഡിഗ്രി വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത്‌ എനിക്ക്‌ ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ സൈക്കിളില്‍ മെയ്‌ന്‍ റോഡില്‍ നിന്നു വീട്ടിലേക്കു തിരിഞ്ഞപ്പോള്‍ പുറകില്‍ ഒരു ബഹളം. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രികന്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഒറ്റക്കാലില്‍ നിന്നു കിതയ്‌ക്കുകയാണ്‌. നഗരത്തിലെ അഭിവന്ദ്യനായ ഒരു റിട്ടയേഡ്‌ പ്രൊഫസറാണ്‌. ഞാന്‍ അടുത്തു ചെന്നപ്പോള്‍ കിതപ്പ്‌ വിറയലായി മാറി. “കുഞ്ഞേ തിരിയുമ്പോള്‍ കയ്യോ, കാലോ, തലയോ എന്തെങ്കിലും ഒന്ന്‌ വീശിക്കൂടേ?” (കൂട്ടത്തില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ചില അവയവങ്ങള്‍ കൂടി പറഞ്ഞുവെങ്കിലും ഞാന്‍ അതങ്ങു വിടുകയാണ്‌.) സംസ്‌കാരം വെറുമൊരു മുട്ടത്തോടാണെന്നും, ഏതു സംസ്‌കാരസമ്പന്നന്റെയും ഉള്ളില്‍ ഒളിച്ചിരിക്കുന്ന ആഭാസനെ പുറത്തു കൊണ്ടു വരാന്‍ ഒരു നല്ല വിദ്യാര്‍ത്ഥിക്കു പറ്റുമെന്നും എനിക്കു ബോധ്യമായി. ഈ കഥ ആശാനോടു പറഞ്ഞതോടെ, എന്നെക്കൊണ്ട്‌ ഇന്‍ഡിക്കേറ്റര്‍ സമയാസമയം പ്രവര്‍ത്തിപ്പിക്കാമെന്ന മോഹം ആശാന്‍ ഉപേക്ഷിച്ചു. ഒരു ദിവസം ഞാന്‍ പറഞ്ഞു “ആശാനേ ഇതൊന്നും എന്റെ കുഴപ്പമല്ല. ഈ ഡ്രൈവറുടെ സീറ്റ്‌ ഒരു സൈഡിലാണിരിക്കുന്നത്‌. അതു നടുക്കു വച്ചാല്‍ നല്ല സ്റ്റൈലായിട്ടോടിക്കാന്‍ പറ്റും. സ്റ്റീയറിംഗ്‌ ഒത്ത നടുക്കു വരണം”. “എന്നാല്‍ സാറിനു വേണ്ടി നടുക്കു സ്റ്റീയറിംഗുമായി ഒരു വണ്ടി ഉണ്ടാക്കാ”മെന്നായി ആശാന്‍. ഞാന്‍ പറഞ്ഞു “ആശാന്‍ വിഷമിക്കേണ്ട. ട്രാക്‌റ്ററിന്റെയും, ജെസിബിയുടെയും, സ്‌പോര്‍ട്ട്‌സ്‌ കാറിന്റെയുമൊക്കെ സ്‌റ്റീയറിംഗ്‌ നടുക്കല്ലേ. ഞാന്‍ ഇതു പഠിച്ചു കഴിയാന്‍ കുറച്ചു കാലമെടുക്കും. അപ്പോഴേക്കും നടുക്കു സ്റ്റിയറിംഗുള്ള കാറുകളും വന്നു തുടങ്ങും”. പള്ളിക്കൂടത്തില്‍ പോകാത്തവര്‍ പോലും ഭംഗിയായി വണ്ടിയോടിക്കുന്നു, സാറിനു മാത്രമെന്താ കുഴപ്പമെന്നായി ആശാന്‍. “ഒരു കുഴപ്പവുമില്ല” ഞാന്‍ പറഞ്ഞു. “പള്ളിക്കൂടം വേറെ, വണ്ടി വേറെ. ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷനില്‍ ഡ്രൈവിംഗില്‍ ഒരു എം.എ. കോഴ്‌സ്‌ തുടങ്ങിയാല്‍ ഞാന്‍ ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സാവും. വഴിയേ വണ്ടി ഓടിക്കാനേ പ്രയാസമുള്ളൂ”. ആശാന്‍ ഡിസ്റ്റന്‍സ്‌ എജ്യൂക്കേഷന്‍ എന്നു കേട്ടിട്ടില്ല. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞ്‌ തപാല്‍ വഴി എം. എ. എടുക്കുന്ന പരിപാടിയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു “അതെന്തിനാ എം.എ. ആക്കുന്നേ? തമിഴ്‌നാട്ടില്‍ പോയി സിനിമയിലോ, രാഷ്ട്രീയത്തിലോ ഇറങ്ങിയാല്‍ ഡോക്ടറേറ്റ്‌ കിട്ടുമല്ലോ. കുറച്ചു കഴിയുമ്പോള്‍ അതൊക്കെ ഇവിടെയും വരും.”

    ആ ക്രാന്ത ദര്‍ശിയുടെ വാക്കുകള്‍ സത്യമായിരുന്നെന്നു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ‘ആശാന്‍ ആശയഗംഭീരന്‍’ എന്നു പള്ളിക്കൂടത്തില്‍ പഠിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം ഇതാണെന്നു സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. അങ്ങിനെ പഠനം ഇഴഞ്ഞു നീങ്ങുമ്പോള്‍ ഒരു ദിവസം ആശാന്‍ പറഞ്ഞു, “സാറേ ഇതു ഹാന്‍ഡ്‌ ബ്രേക്ക്‌. മറ്റേതിന്റെ കൂടെ പിടിക്കാം. രണ്ടു ബ്രേക്കും കൂടി ഒരുമിച്ചു പിടിച്ചാല്‍ പിന്നെ വണ്ടി അനങ്ങില്ല, അവിടെ നില്‌ക്കും”. കേള്‍ക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ പരീക്ഷിക്കുകയാണ്‌ എന്റെ രീതി. ഞാന്‍ കിട്ടിയ ബ്രേക്കെല്ലാം കൂടെ കൂട്ടി ഒരു പിടി പിടിച്ചു. ഒരു ഞരക്കത്തോടെ വണ്ടി റോഡിന്റെ നടുവില്‍ നിന്നു. അതിലും വലിയ ഒരു ഞരക്കത്തോടെ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ പുറകില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു. അതിന്റെ ഡ്രൈവര്‍, ‘ഇങ്ങനെയാണോടോ ഡ്രൈവിംഗു പഠിപ്പിക്കുന്നതെന്നു’ ചോദിച്ച്‌ ഇറങ്ങി വന്നു. അത്ഭുതം ! അയാള്‍ എന്നെ നോക്കിയതേയില്ല. നേരെ ആശാന്‍ ഇരിക്കുന്ന വശത്തേക്കാണു ചെന്നത്‌. അപ്പോഴാണ്‌ വണ്ടി പഠിപ്പിക്കുമ്പോള്‍ ‘L’ ബോര്‍ഡു വയ്‌ക്കണമെന്നു സര്‍ക്കാര്‍ നിര്‍ബ്ബന്ധിക്കുന്നതിന്റെ കാര്യം എനിക്കു മനസ്സിലായത്‌. ആക്‌സിഡന്റ്‌ ഉണ്ടായാല്‍ അപകടത്തില്‍ പെട്ടവനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മെനക്കെടാതെ, വണ്ടി ഓടിക്കുന്നവനെ എടുത്തിട്ടു തല്ലുകയാണ്‌ നമ്മുടെ ജനങ്ങളുടെ രീതി. ‘L’ ബോര്‍ഡുണ്ടെങ്കില്‍ ജനം ആദ്യം ആശാന്റെ എല്ല്‌ തന്നെ എടുത്ത്‌ കൊള്ളും. അടി ബാക്കിയുണ്ടെങ്കിലേ ശിഷ്യനു കിട്ടൂ. എന്തായാലും ഓടി വന്ന ഡ്രൈവറും ആശാന്റെ ശിഷ്യനായിരുന്നതു കൊണ്ട്‌ കൂടുതല്‍ പ്രശ്‌നം ഉണ്ടായില്ല. ഒരു നോട്ടീസ്‌ പോലും നല്‌കാതെ അടുത്ത ദിവസം എന്റെ ആശാന്‍ സ്വയം വിരമിച്ചു എന്നതാണ്‌ കഷ്ടം. എങ്ങിനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കി ഞാന്‍ ലൈസന്‍സ്‌ എടുത്തു. പക്ഷെ പ്രഭാതത്തില്‍ മാത്രമേ കാറോടിക്കുന്നുള്ളൂ എന്നു തീരുമാനിച്ചു. വഴിയില്‍ ആളുകാണില്ലല്ലോ. കൂട്ടിന്‌ ഒരു പുതിയ ആശാനെയും സംഘടിപ്പിച്ചു. അദ്ദേഹത്തെ മുന്‍ സീറ്റിലിരുത്തും. ആശാന്റെ സ്ഥാനത്താണ്‌ ഇരിപ്പെങ്കിലും ‘കിളി’യുടെ പണിയാണ്‌ അദ്ദേഹത്തിനു ചെയ്യാനുള്ളത്‌. എതിരെ വണ്ടി വരുമ്പോള്‍ പറയുക, ഇടയ്‌ക്കു സിഗ്നല്‍ കാണിക്കാനും, ഗിയറു മാറാനും, ഹോണടിക്കാനുമോര്‍മ്മിപ്പിക്കുക, എനിക്ക്‌ ഉറക്കം വരുമ്പോള്‍ വിളിച്ചുണര്‍ത്തുക, ഉറക്കം വരാതിരിക്കാന്‍ കഥ പറയുക…. എന്തായാലും ഈ പണി അത്ര ആശാസ്യമായി ആശാന്‍മാര്‍ക്കാര്‍ക്കും തോന്നിയില്ല. അവര്‍ ഒന്നിനു പുറകെ ഒന്നായി രാജി വച്ചു കൊണ്ടിരുന്നു. ഒന്നു രണ്ടു മാസത്തില്‍ കൂടുതല്‍ ഒരാശാനും നിന്നില്ല. ആശാന്‍ വരുമ്പോള്‍ ഞാന്‍ വിചാരിക്കും, പാവം ആശാന്‍ രക്ഷപ്പെട്ടല്ലോ. ചായകുടിക്കാനുള്ള കാശും, പിന്നെ പ്രഭാത സവാരിക്ക്‌ എന്നെപ്പോലെ സദ്‌ഗുണ സമ്പന്നനായ ഒരു വിദ്യാര്‍ത്ഥിയുടെ കമ്പനിയും. ഇതില്‍ കൂടുതലെന്തു വേണം ? പക്ഷെ ആശാന്മാരുടെ ചിന്ത തിരിച്ചാണ്‌. ആശാന്റെ നൈപുണ്യവും അനുഗ്രഹവും വാത്സല്യവും കൈപ്പറ്റാന്‍ എനിക്കൊരവസരം വന്നിരിക്കുകയാണ്‌ ! ഇതിനാണു perceptional difference എന്നു പറയുന്നത്‌. കരയ്‌ക്കു കിടക്കുന്ന കരിമീന്‍ ശ്വാസം കിട്ടാതെ മേലോട്ടും കീഴോട്ടും ചാടുമ്പോഴല്ലേ നമ്മള്‍ പെടയ്‌ക്കുന്ന കരിമീന്‍ എന്നു പറഞ്ഞു വെള്ളമിറക്കുന്നത്‌.

    അങ്ങിനെ ഞാന്‍ ഡ്രൈവിംഗില്‍ ഒരു മാതിരി സ്വയംപര്യാപ്‌തത കൈവരിച്ച സമയത്ത്‌ ഭാര്യ ഒരു പുതിയ കാര്‍ വാങ്ങി. റോഡില്‍ തിരക്കൊഴിഞ്ഞ നേരം നോക്കി ഞാന്‍ കാറുമായിറങ്ങും. കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോകുമ്പോള്‍ ഒരു ദിവസം പോലീസ്‌ എന്നെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി. മൊബൈല്‍ കോടതിയുടെ പരിശോധനയാണ്‌. ലോണ്‍ തന്ന ന്യൂജനറേഷന്‍ ബാങ്കിന്റെ വിചാരം അവര്‍ സര്‍ക്കാരിനും മുകളിലാണെന്നാണ്‌. അതുകൊണ്ടു RC ബുക്ക്‌ അവര്‍ നേരിട്ടു വാങ്ങി കൊണ്ടു പോയിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. മൊബൈല്‍ കോടതിയില്‍ കയറി പഴയ ഒരു പോലീസ്‌ വാനാണ്‌ മൊബൈല്‍ കോടതി. മജിസ്‌ട്രേട്ടിനെ തൊഴുതു കാര്യം പറഞ്ഞു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഞാന്‍ പണ്ട്‌ ഒരു അഭിഭാഷകനായിരുന്നു, മജിസ്‌ട്രേറ്റിന്‌ എന്റെ പഴയ സീനിയര്‍ അഭിഭാഷകനെ നന്നായി അറിയാം. പക്ഷെ ഇതു നിയമലംഘനം തന്നെയാണ്‌. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. പിഴ അടച്ചു, മജിസ്‌ട്രേറ്റിനെ വീണ്ടും തൊഴുതു റോഡിലിറങ്ങിയപ്പോള്‍ അത്യപൂര്‍വ്വമായ ഒരു കാഴ്‌ച. റോഡില്‍ ചെറുതും വലുതുമായ വാഹനങ്ങളുടെ പ്രളയം. ആറ്റുമീന്‍ കൂട്ടിയിട്ടിരിക്കുന്നതു പോലെയുണ്ട്‌. പല നീളം, പല വണ്ണം, പല നിറം, പല രൂപം! എല്ലാം കിടന്നു പെടയ്‌ക്കുന്നുണ്ട്‌. ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റുന്നില്ല. കാര്യമെന്താണെന്നു വച്ചാല്‍ ഞാന്‍ പോലീസിനെക്കണ്ട വെപ്രാളത്തില്‍ വണ്ടി അരികിലേക്കു മാറ്റിയിടാന്‍ മറന്നു പോയിരുന്നു. ഒരു കിലോമീറ്ററിലധികം ട്രാഫിക്‌ ബ്ലോക്കായിരിക്കുന്നു. ഫയര്‍ എഞ്ചിനൊഴികെ ബാക്കി എല്ലാ വാഹനങ്ങളുമുണ്ട്‌. ഇടയ്‌ക്ക്‌ ഒന്നു രണ്ടു ചുവന്ന ലൈറ്റും കാണാനുണ്ട്‌. ഇന്‍സ്‌പെക്ടര്‍ സൂക്ഷിച്ചു നോക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല. മജിസ്‌ട്രേറ്റുമായി ഇത്രനേരം എന്തു കഥയാ പറഞ്ഞതെന്നറിയില്ലല്ലോ. പോലീസുകാരുടെ നില്‌പു കണ്ടിട്ട്‌ ആകപ്പാടെ കടുക്കാ സേവിച്ച മുഖഭാവമാണ്‌. നോട്ടത്തില്‍ കയ്‌പുണ്ടെങ്കിലും പ്രതികരണം പുറത്തേക്കു വരുന്നില്ല. അങ്ങിനെ ആ തിരക്കില്‍ നിന്ന്‌ ഒരു വിധത്തില്‍ ഇഴഞ്ഞു വലിഞ്ഞു ഞാന്‍ കാറില്‍ കയറി പുറത്തു കടക്കാന്‍ മരണ വെപ്രാളമെടുക്കുകയാണ്‌. ആര്‍ക്കും ഒരു പോറല്‍ പോലും പറ്റാന്‍ പാടില്ലല്ലോ. വണ്ടി തട്ടിയാല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്കാരോടു പണം വാങ്ങുകയാണു ലോക നീതി. പക്ഷെ കേരളത്തിലെ വാഹന ഉടമയ്‌ക്കതു ബാധകമല്ല. അവന്‍ റോഡു കോടതിയാക്കും. അവന്‍ തന്നെ ജഡ്‌ജിയുമാകും. വണ്ടി എടുത്ത്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയില്‍ പോടാ എന്നു പറയാനുള്ള ധൈര്യം നമ്മുടെ പോലീസിനില്ല. ഉള്ള വിടവിലൂടെ നേരെ മുന്‍പോട്ടു കാറോടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല. ആ ബഹളത്തിനിടെ ഉണ്ട ചോറിന്‌ കൂറുള്ള ഒരു റിട്ടയര്‍ ചെയ്യാറായ കോണ്‍സ്‌റ്റബ്‌ള്‍ തുഴഞ്ഞു തുഴഞ്ഞടുത്തു വന്ന്‌ മീശ കാറിനുള്ളിലേക്കു കടത്തി ഒരു ആത്മഗതം, “കള്ള റാസ്‌കല്‍, അവന്റെ ഒരു കഥപറച്ചില്‍! കഥ പറയാന്‍ മജിസ്‌ട്രേറ്റ്‌ അവന്റെ അമ്മായി അച്ചനല്ലേ?”, ആ എടാകൂടത്തില്‍ നിന്നെങ്ങനെ പുറത്തു വന്നു എന്ന്‌ ഇന്നും എനിക്കറിയില്ല. എന്റെ പൊന്നു സുഹൃത്തുകളേ പിന്നെ ഇന്നു വരെ ഞാന്‍ കാറോടിച്ചിട്ടില്ല. എന്തായാലും മരിക്കുന്നതിനു മുന്‍പൊരു ദിവസം ഞാന്‍ നടുക്കു സീറ്റുള്ള ഒരു ജെസിബിയുമായി ഒന്നു വഴിയിലിറങ്ങും. പക്ഷെ എന്റെ ദു:ഖം അതൊന്നുമല്ല. എന്റെ പന്ത്രണ്ടാശാന്മാരും കോഴി കൂവുന്നതിനു മുന്‍പും പിന്‍പും എന്നെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്‌. ഞാന്‍ ശിഷ്യനാണെന്നു പരസ്യമായി പറയാന്‍ ഒരു ആശാനും ഇന്നുവരെ ധൈര്യപ്പെട്ടില്ല. ശിഷ്യത്വമില്ലാത്ത ആശാന്‍മാര്‍ !!! നാളെ ഏതെങ്കിലും തുണിക്കച്ചവടക്കാരന്‍ ‘ശിഷ്യപൂര്‍ണ്ണിമ’ എന്നൊരു പരിപാടി പ്രഖ്യാപിക്കുകയും, ആശാന്‍മാര്‍ തങ്ങളുടെ ചോറായ ശിഷ്യനെ കസവു മുണ്ടു പുതപ്പിച്ചു സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതു വരെ കാത്തിരിക്കുക തന്നെ.

  • ‘മലയാളി മെമ്മോറിയല്‍’

    എന്റെ ഒരു സ്‌നേഹിതന്റെ അമ്മാവന്‍ മൂന്നാറില്‍ തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. മൂന്നു നാലു മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു ചാക്കു പച്ചക്കറിയുമായാണ്‌ വരുന്നത്‌. അതെല്ലാം നാട്ടുകാര്‍ക്കു സൗജന്യമായി വിതരണം ചെയ്യും. കൂട്ടത്തില്‍ ചില ഇംഗ്ലീഷ്‌ പദങ്ങളും. ‘ബ്ലഡി ബഗര്‍’ ആണതില്‍ പ്രധാനം. ഇതും തോട്ടത്തില്‍ നിന്നു കിട്ടിയതാണ്‌. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇവിടം വിട്ടു പോയ തോട്ടക്കാരന്‍ സായിപ്പ്‌ തോട്ടത്തിലിട്ടിട്ടു പോയതാണ്‌. അമ്മാവന്റെ സൈക്കിളിനു മുന്നില്‍ ചാടുന്ന പൂച്ചക്കുട്ടിയും, ബസ്സില്‍ ബാക്കി ചില്ലറ പത്തു പൈസ തിരിച്ചു കൊടുക്കാത്ത കണ്ടക്ടറും, സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കു ചെന്നപ്പോള്‍ കാശു ചോദിച്ച ഡോക്ടറുമെല്ലാം ബ്ലഡി ബഗര്‍ തന്നെ. അന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന എന്റെ സ്‌നേഹിതന്‍ ഈ പ്രയോഗം കേട്ടു പഠിച്ചു. ബെഗറും (begger) ബഗ്ഗറും (bugger) ഒന്നു തന്നെയാണെന്നാണു മൂപ്പര്‍ വിചാരിച്ചത്‌. ശക്തിയായി ഉച്ചരിക്കുമ്പോള്‍ ബഗര്‍ ആയിപ്പോവുമെന്നു വിചാരിച്ചത്രേ. ഇടയ്‌ക്കിടെ പ്രയോഗിക്കാനും തുടങ്ങി. കഷ്ടകാലത്തിനു പ്രയോഗം ഒരിക്കല്‍ ഇംഗ്ലീഷധ്യാപകന്റെ ചെവിയുടെ പരിസരത്തു വച്ചായിപ്പോയി. അദ്ദേഹം വിചാരണ കൂടാതെ തന്നെ ചില കായിക പ്രയോഗങ്ങള്‍ നടത്തി. അതു പക്ഷെ കായികമായിരുന്നു. അങ്ങിനെ ബഗറും ബെഗറും രണ്ടാണെന്ന്‌ പഠിക്കാന്‍ സ്‌നേഹിതനു വലിയ വില കൊടുക്കേണ്ടി വന്നു. സത്യത്തില്‍ ഈ ബ്രിട്ടീഷുകാരന്‍ സായിപ്പെന്തൊരു മണ്ടനാണ്‌ ? അവര്‍ ഏഴു കടലും താണ്ടി വന്ന്‌ അറിയാവുന്ന കുത്സിത പ്രവൃത്തികളൊക്കെ ചെയ്‌ത്‌ നമ്മുടെ നാടിന്റെ ഭരണം പിടിച്ചെടുത്തു. അതിലെ കുബുദ്ധിയും അതിബുദ്ധിയും സമ്മതിക്കാതെ തരമില്ല. പക്ഷെ അതു കഴിഞ്ഞു ചെയ്‌തതോ ? അവരുടെ ഭാഷ നമ്മളെ പഠിപ്പിക്കാന്‍ തുടങ്ങി. നമ്മള്‍ പട്ടിക്കുഞ്ഞിനെ വാങ്ങിച്ചിട്ടും, ആനയെ കുഴികുത്തി വീഴ്‌ത്തിയിട്ടും ഒക്കെ ചെയ്യുന്നതും അതു തന്നെയാണ്‌. പക്ഷെ അതൊക്കെ ഏഴോ എട്ടോ വാക്കു കൊണ്ടുള്ള കളിയാണ്‌. അതുപോലെയാണോ മനുഷ്യരുടെ ആശയ വിനിമയം ? നമ്മള്‍ സായിപ്പിനെക്കുറിച്ചു പറഞ്ഞതും വിചാരിച്ചതുമായ കാര്യങ്ങളുടെ പത്തിലൊന്നെങ്കിലും അവര്‍ അറിഞ്ഞിട്ടുണ്ടോ ? ഇന്ത്യ ഭരിക്കാനെത്തിയ സായിപ്പന്മാരുടെ തന്തയും തള്ളയുമൊക്കെ തുമ്മിത്തുമ്മി ആയിരിക്കണം മരിച്ചത്‌.

    സായിപ്പ്‌ നമ്മളെ അവരുടെ ഭാഷ പഠിപ്പിക്കാന്‍ തുടങ്ങിയ അന്നു മുതല്‍ നമ്മള്‍ അതിനെ മാനഭംഗപ്പെടുത്താനും തുടങ്ങി. സര്‍വ്വ കാര്യങ്ങള്‍ക്കും ശിക്ഷാവിധികള്‍ എഴുതിയുണ്ടാക്കിയ സായിപ്പ്‌ ഇങ്ങനെ ഒരപകടം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതു കൊണ്ടു നമ്മള്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ ഞാനടക്കം പലര്‍ക്കും ജീവപര്യന്തം കിട്ടുമായിരുന്നു. സ്വാതന്ത്ര്യമൊക്കെ കിട്ടി ഒത്തിരി നാള്‍ കഴിഞ്ഞ്‌ നമ്മുടെ ഒരു പ്രമുഖ നേതാവിന്റെ മകന്‍ ബ്രിട്ടനില്‍ പഠിക്കാന്‍ പോയി. ആഡംബരകാര്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ അപ്രന്റീസ്‌. പയ്യന്‍ വെറും ആറു മാസം കൊണ്ട്‌ വില കൂടിയ രണ്ടു കാര്‍ ഒരു പരുവമാക്കി കൊടുത്തു. സഹികെട്ട സായിപ്പ്‌ ‘എന്തു പണ്ടാരമാടാ നീയീ കാണിക്കുന്നതെ’ന്നലറി. പയ്യന്‍ അക്ഷോഭ്യനായി പറഞ്ഞുവത്രേ. “മുന്നുറ്റമ്പതു കൊല്ലം നിങ്ങള്‍ എന്റെ നാടിനോടു ചെയ്‌തതു വച്ചു നോക്കുമ്പോള്‍ ഇത്‌ ഒന്നുമില്ല”. പിന്നെ പയ്യന്‍ തിരിച്ചു പോരുന്നതു വരെ സായിപ്പു വായ തുറന്നിട്ടില്ല. പാവം, സായിപ്പ്‌, സ്വന്തം ഭാഷക്കുണ്ടായ കേടുപാട്‌ ആ നേരത്ത്‌ ഓര്‍ത്തു കാണില്ല. ആശയ വിനിമയത്തിനാണു ഭാഷ. പക്ഷെ ഔപചാരികമായി ഭാഷ പഠിക്കുമ്പോള്‍ ഉച്ചാരണത്തിലാണു നമ്മുടെ ശ്രദ്ധ മുഴുവന്‍. ഞാന്‍ പണ്ടു കുറച്ചു നാള്‍ റഷ്യന്‍ ഭാഷ പഠിക്കാന്‍ പോയി. കൂടെ ഒന്നു രണ്ടു സുഹൃത്തുക്കളും വന്നു. ഉച്ചാരണത്തെക്കുറിച്ചാണു ഞങ്ങളുടെ സംശയം മുഴുവന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ പഠിപ്പിച്ചു കൊണ്ടിരുന്ന റഷ്യന്‍ സായിപ്പു ക്ഷുഭിതനായി. “നീയെന്താ മോസ്‌ക്കോ റേഡിയോയില്‍ അനൗണ്‍സറാകാന്‍ പോകുന്നോ ? മര്യാദയ്‌ക്കു നാലു വാചകം എഴുതാനും വായിക്കാനും പഠിക്കെടാ”. നമ്മുടെ നാട്ടില്‍ ഉച്ചാരണം ഒരു ജീവന്‍ മരണ പ്രശ്‌നമാക്കിയെടുത്തതില്‍ നമ്മുടെ ന്യൂ ജനറേഷന്‍ സ്‌കൂളുകള്‍ക്കും വലിയ പങ്കുണ്ട്‌. ഒരു പത്തു മുപ്പതു കൊല്ലം മുന്‍പ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ ഫാഷനാവുന്നതിനു മുന്‍പ്‌ ഞങ്ങളുടെ നാട്ടില്‍ അത്തരമൊരെണ്ണം തുടങ്ങി. എന്റെ സ്‌നേഹിതന്‍, സാമാന്യം നല്ല ഒരു പിശുക്കന്‍, ഭാര്യയുടെ നിര്‍ബന്ധം സഹിക്ക വയ്യാതെ മകനെ അവിടെ ചേര്‍ത്തു. ഒരേക്കര്‍ റബ്ബര്‍ തോട്ടത്തിന്റെ വില സംഭാവനയായും, 30 സെന്റ്‌ തെങ്ങിന്‍ പറമ്പിന്റെ കാശു ഫീസായും കൊടുത്തു.

    ഒരാഴ്‌ച കഴിഞ്ഞു ഞാനദ്ദേഹത്തിന്റെ വീട്ടിലൊന്നു പോയി. ശ്‌മശാന മൂകത. ചെറുക്കന്‍ പതിവുപോലെ ഉടുതുണിയില്ലാതെ മുറ്റത്തിരുന്നു മണ്ണു വാരുന്നുണ്ട്‌. നൂല്‍ ബന്ധമില്ല എന്നു പറയാന്‍ പറ്റില്ല. കഴുത്തില്‍ ഒരു ടൈ തൂങ്ങിക്കിടപ്പുണ്ട്‌. അതുകൊണ്ട്‌ മറയാവുന്നിടത്തോളം ഒക്കെ മറയുന്നുമുണ്ട്‌. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ അവന്‍ അത്‌ അഴിക്കാന്‍ സമ്മതിച്ചിട്ടില്ല. അച്ഛന്‍, അമ്മ, അപ്പൂപ്പന്‍, അമ്മൂമ്മ തുടങ്ങി എല്ലാവരും ഓരോ മൂലയിലുണ്ട്‌. സ്‌കൂള്‍ എങ്ങിനെ എന്നു ചോദിച്ചപ്പോള്‍, സ്‌നേഹിതന്‍ മാത്രം ഒരു ഞരക്കം പുറപ്പെടുവിച്ചു. കുറച്ചു നേരം ഇരുന്ന ശേഷം ഞാന്‍ തിരിച്ചു പോരാനിറങ്ങി. അല്‌പം ചെന്നപ്പോള്‍ പുറകില്‍ ഒരു പൊട്ടിച്ചിരി കേള്‍ക്കാം. സ്‌നേഹിതന്റെ അളിയന്‍, ചിരിച്ചു കൊണ്ട്‌ ഓടി വരുന്നു. “ചേട്ടാ, അളിയന്‍ ആകെ വിഷമത്തിലാണ്‌. ഇത്രേം കാശു മുടക്കീട്ടും ഉച്ചാരണം ശരിയാവുന്നില്ല”. ഞാന്‍ ചോദിച്ചു “എടാ അതിനവന്‍ സ്‌കൂളില്‍ ചേര്‍ന്നല്ലേ ഉള്ളൂ?”. “എന്നുവച്ചോ? അളിയനെ ഇപ്പോള്‍ ‘കലുവാട മോനേ’ന്നാ വിളിക്കുന്നേ. അതെങ്കിലും ചൊവ്വേ ഉച്ചരിക്കണ്ടേ? പിന്നെ അപ്പൂപ്പന്‍ പേടിച്ച്‌ അവന്റെ നേരെ നോക്കുന്നു പോലുമില്ല.” ഉച്ചാരണം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാമെന്നു പറഞ്ഞ്‌ കാശെണ്ണി വാങ്ങുന്ന ടീച്ചര്‍മാര്‍ അതെങ്കിലും ഒന്നു ശ്രദ്ധിക്കണമായിരുന്നു. ഇത്ര പ്രചാരമുള്ള ഒരു വാക്കു തെറ്റിക്കാമോ? ഒട്ടു മുക്കാലും ഭാഷകള്‍ക്കു വാമൊഴിയും വരമൊഴിയും ഉണ്ട്‌. ഏതു നാടിന്റെയും രണ്ടറ്റത്തു ചെന്നാല്‍ രണ്ടു തരത്തിലായിരിക്കും ഉച്ചാരണം. അല്ലെങ്കില്‍ നാട്‌ അത്ര ചെറുതായിരിക്കണം. ഭാഷാധ്യാപകരും, ടിവി അവതാരകരും, റേഡിയോ അനൗണ്‍സര്‍മാരുമൊക്കെ കൃത്യമായി ഉച്ചരിക്കാനും അറിഞ്ഞിരിക്കണം. എഡിസണും ഐന്‍സ്റ്റീനുമൊക്കെയാവേണ്ടവര്‍ ഉച്ചാരണത്തില്‍ കടിച്ചു തൂങ്ങി ജീവിതത്തിന്റെ പല്ലുകളയുകയല്ലേ എന്നൊരു സംശയം ബാക്കി ഉണ്ട്‌. എന്റെ അമ്മ ഒരു ഹിന്ദി അധ്യാപിക ആയിരുന്നു. എന്നെ സ്‌കൂളില്‍ ഹിന്ദി പഠിപ്പിച്ചതും അമ്മയാണ്‌. മേ അധികം കോ സമം മുഛ്‌കോ എന്നു പഠിപ്പിക്കുമ്പോള്‍ മേകോ ആയാല്‍ എന്താ കുഴപ്പം എന്ന ന്യായമായ സംശയം എനിക്കുണ്ടാവും. പക്ഷെ അതു ചോദിക്കാന്‍ പോയാല്‍ അടി കൊണ്ടു ഞാനും മേ കോ എന്നാവും. സംശയങ്ങള്‍ ഉള്ളിലൊതുക്കി, കിട്ടിയ ഹിന്ദി വിഴുങ്ങി, ദല്‍ഹിയില്‍ എത്തിയ ഞാന്‍ ഒരു ഓട്ടോക്കാരനോടു വഴി ചോദിച്ചു. അയാള്‍ പറയുന്നു “മേരേ കോ നഹി മാലൂം”. ഞാന്‍ ആദ്യം വിചാരിച്ചത്‌ ഹിന്ദി പേടിച്ചു സ്‌കൂളില്‍ നിന്നു ജനല്‍ വഴി ചാടി ഡല്‍ഹിയിലെത്തിയ ഏതോ മലയാളി ആണെന്നാണ്‌. ഇന്ത്യയില്‍ കാക്കത്തൊള്ളായിരം ഹിന്ദി ഉണ്ടെന്നും അതു കാക്കത്തൊള്ളായിരം തരത്തില്‍ പറയാമെന്നും പിന്നീടാണു മനസ്സിലായത്‌. ‘ആശയം കൈമാറാന്‍ ഭാഷയെന്തിന്‌, കുറച്ചു വാക്കുകള്‍ ധാരാളം പോരേ?’ എന്നു ചോദിക്കുന്നവരുമുണ്ട്‌.

    പണ്ടു വളരെ പ്രശസ്‌തനായ ഒരു ഡോക്ടറുണ്ടായിരുന്നു. സൗമ്യന്‍, മാന്യന്‍, മിതഭാഷി. സര്‍ക്കാര്‍ ഡോക്ടറാണെങ്കിലും ഉച്ച കഴിഞ്ഞാല്‍ വീട്ടു മുറ്റത്തു രോഗികളുടെ പെരുന്നാളാണ്‌. പിന്നെ പണത്തിന്റെ കാര്യത്തില്‍ ആള്‍ അല്‌പം കണിശക്കാരനാണ്‌. ജനറല്‍ ഫിസിഷ്യനായതു കൊണ്ട്‌ രോഗിയുടെ ശരീരത്തില്‍ ഏതു ഭാഗത്തും അമര്‍ത്തി നോക്കാന്‍ ലൈസന്‍സുണ്ട്‌. കൂട്ടത്തില്‍ പേഴ്‌സിരിക്കുന്ന ഭാഗത്തും ഒന്നമര്‍ത്തും. കീശയുടെ കനമനുസരിച്ചാണ്‌ മരുന്ന്‌ എഴുതുന്നത്‌. ഒരിക്കലോ മറ്റോ ഒരു തെറ്റു പറ്റി. ചൊവ്വാ ദോഷമുള്ള മകള്‍ക്കു വിവാഹം നടത്താന്‍ കിട്ടാവുന്നത്ര തലക്കുറികളും പേഴ്‌സിലാക്കി ജ്യോത്സന്റെ അടുത്തേക്കു പോവുന്ന വഴി ഒരാള്‍ ഡോക്ടറുടെ അടുത്തും ഒന്നു കയറി. പേഴ്‌സിനുള്ളില്‍ തലക്കുറിയാണോ കറന്‍സി നോട്ടാണോ എന്നു വെറുമൊരു തലോടലിലൂടെ കണ്ടു പിടിക്കാന്‍ പോക്കറ്റടിക്കാരനു പോലും പറ്റില്ല. പിന്നല്ലേ ഡോക്ടര്‍ക്ക്‌. മരുന്നെടുത്തു കൊടുത്ത മെഡിക്കല്‍ ഷോപ്പുകാരന്‍ വില പറഞ്ഞപ്പോള്‍ രോഗി തല കറങ്ങി വീണു പോയി. ഇതൊഴിച്ചാല്‍ ഡോക്ടറുടെ ഡയഗ്നോസിസ്‌ എല്ലായ്‌പ്പോഴും ഏറെക്കുറെ കൃത്യമായിരുന്നു. ഡോക്ടറുടെ കഥയിലെ വില്ലന്‍ അദ്ദേഹത്തിന്റെ ഒരനിയന്‍ തന്നെ ആയിരുന്നു. പണ്ടേ പള്ളിക്കൂടം വേണ്ടെന്നു വച്ച, അല്‌പം ചട്ടമ്പിത്തരവും, സ്വല്‌പം മദ്യപാനവുമൊക്കെയുള്ള മറ്റൊരു മാന്യന്‍. അദ്ദേഹം സന്ധ്യയാവുമ്പോള്‍ ഡോക്ടറുടെ പടിക്കലെത്തി രോഗികളെ അഭിസംബോധന ചെയ്‌തു തുടങ്ങും. ഇംഗ്ലീഷിലാണു പ്രഭാഷണം. മദ്യപിച്ചാല്‍ പിന്നെ അദ്ദേഹത്തിന്‌ ഇംഗ്ലീഷേ വായില്‍ വരൂ. വിഷയം ഡോക്ടര്‍ തന്നെ. “മൈ എല്‍ഡര്‍ ബ്രദര്‍, ബ്ലഡി ബഗര്‍, ബോണ്‍ സംബഡി എല്‍സ്‌…” മൗലികമായ ഇംഗ്ലീഷായതു കൊണ്ടു രോഗികളില്‍ പലര്‍ക്കും കാര്യം പിടികിട്ടില്ല. പക്ഷെ വിഷമിക്കാനില്ല. ഡോക്ടര്‍ അറു പിശുക്കനും, അറുത്ത കൈയ്‌ക്ക്‌ ഉപ്പു തേക്കാത്തവനും ആണ്‌. അതുകൊണ്ട്‌ അനിയന്‍ പറയുന്ന കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ തയ്യാറെടുത്ത്‌ ഡ്രൈവര്‍, തോട്ടക്കാരന്‍, കുശിനിക്കാരന്‍, കാവല്‌ക്കാരന്‍, ഡോക്ടറുടെ പട്ടിയുടെ ട്യൂഷന്‍ മാസ്റ്റര്‍ തുടങ്ങി നാലഞ്ചു പേര്‍ രോഗികള്‍ക്കിടയില്‍ പലയിടത്തായി തയ്യാറെടുത്തു നില്‌പുണ്ടാവും. “പാവം, ഡോക്ടറുടെ അനിയനാ. ഡോക്ടര്‍ ഇയാടെ സ്വത്തൊക്കെ തട്ടിയെടുത്തെന്നു തെറ്റിദ്ധരിച്ചാ പറയുന്നെ. ഇംഗ്ലീഷൊന്നും പഠിച്ചിട്ടില്ല. ഡോക്ടര്‍ പിതൃ ശൂന്യനാ, ഇവിടുത്തെ അപ്പച്ചന്റെ മോനല്ലെന്നൊക്കെയാ പറയുന്നേ…” സത്യത്തില്‍ പാവം ഡോക്ടര്‍ തന്നെയാണ്‌. താന്‍ മിനിമം വേതനം പോലും നല്‌കാതെ നിര്‍ത്തിയിരിക്കുന്നത്‌ ഒരു സംഘം തര്‍ജ്ജിമക്കാരെയാണെന്ന്‌ മൂപ്പര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കുന്നില്ല. എന്തായാലും ആശയ വിനിമയം നന്നായിതന്നെ നടന്നു പോന്നിരുന്നു. മലയാള ഭാഷ മരിച്ചു പോകുമെന്നു പണ്ഡിതന്മാരൊക്കെ ആശങ്കപ്പെടുന്നെങ്കിലും ഉടനെങ്ങും മരണം സംഭവിക്കും എന്നു വിചാരിക്കാന്‍ കാരണമില്ല. കഷ്ടിച്ചു നാനൂറോ അഞ്ഞൂറോ വര്‍ഷം മാത്രം പഴക്കമുള്ള ഭാഷയാണ്‌. അതുണ്ടായ കാലത്ത്‌ ഇന്നത്തെ കേരളം ഇരിക്കുന്ന സ്ഥലത്ത്‌ മുപ്പതോ നാല്‌പതോ ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നിരിക്കാനിടയില്ല. അതില്‍ തന്നെ എത്ര പേര്‍ മലയാളം സംസാരിച്ചിരുന്നെന്നും, അതെന്തു മാതിരി മലയാളം ആയിരുന്നു എന്നും അറിയില്ല.

    സി. വി. രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്‌ സംസ്‌കൃതീകരിച്ച മലയാളം പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ മാര്‍ത്താണ്ഡ വര്‍മ്മ തമിഴ്‌ നാട്ടില്‍ നിന്നു പാതവക്കില്‍ മായാജാലം കാണിക്കാന്‍ വന്നു കൊണ്ടിരുന്ന കലാകാരന്മാരുടെ സങ്കരഭാഷ തന്നെ സംസാരിച്ചിരുന്നിരിക്കാനാണു വഴി. സംശയമുണ്ടെങ്കില്‍ മതിലകം രേഖകളിലെ തൃപ്പടി ദാനം ഒന്നു വായിച്ചു നോക്കുക. പത്തു പതിനഞ്ചു വര്‍ഷം മരപ്പൊത്തിലും, കുറ്റിക്കാട്ടിലുമൊക്കെ ഒളിച്ചിരുന്ന ഒരാള്‍ ശുദ്ധ ഭാഷ സംസാരിച്ചിരുന്നെങ്കില്‍ ആ നിമിഷം എതിര്‍ കക്ഷികള്‍ കണ്ടു പിടിച്ചു കഴുവിലേറ്റുമായിരുന്നു. ഇന്നെന്തായാലും സാമാന്യം നല്ല മലയാളം എഴുതുകയും സംസാരിക്കുകയും ചെയ്യുന്ന ഒരു മൂന്നു മൂന്നര കോടി ആളുകളെങ്കിലും കേരളത്തില്‍ ഉണ്ട്‌. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തു മുപ്പത്തിനാലാം സ്ഥാനവും ഉണ്ട്‌. മലയാളം കുറെക്കാലം കൂടി നിലനില്‌ക്കാനതൊക്കെ ധാരാളം മതി. പിന്നെ കേരളത്തില്‍ ജനിച്ചവരുടെ സന്തതി പരമ്പരകളുടെയെല്ലാം മാതൃഭാഷ മലയാളമാണെന്നു പറയുന്നത്‌ അധിക പ്രസംഗമാണ്‌. ദല്‍ഹിയിലോ ബോംബേയിലോ ന്യൂയോര്‍ക്കിലോ ജനിച്ചു വളരുന്നവനെന്തു മലയാളം? അടുത്ത വീട്ടിലെ ഹിന്ദിക്കാരന്‍ പയ്യനോ, സായിപ്പു ചെറുക്കനോ പ്രവാസി കേരളീയന്റെ ജനലിന്റെ ചില്ലെറിഞ്ഞു പൊട്ടിച്ചാല്‍ നാലു തെറി വിളിക്കാന്‍ മലയാളം മതിയാവുമോ ? ദോശയും ചമ്മന്തിയുമെന്നു കേട്ടാല്‍ മലയാളിയുടെ വായില്‍ വെള്ളമൂറും. പുട്ടും കടലയുമെന്നു കേട്ടാലും അങ്ങിനെ തന്നെ. ഇരുപത്തി നാലു മണിക്കൂറും പിസയും, ബര്‍ഗറും, ഐസ്‌ ക്രീമും കഴിക്കുന്നവനെന്തിനു മലയാളം ? കേരളത്തില്‍ പോലും അച്ഛന്‍ കെ.എഫ്‌.സി.യില്‍ നിന്നു ലോണെടുത്തു (Kerala Financial Corporation) എന്നു കേള്‍ക്കുമ്പോള്‍ മക്കളുടെ വായില്‍ വെള്ളമൂറുന്ന അവസ്ഥയാണ്‌. ഭാഷ നിലനിര്‍ത്താന്‍ വേണ്ടി നമ്മള്‍ ചെയ്യുന്ന ചില കടും കൈകള്‍ ദൈവം പോലും പൊറുക്കില്ല. അതിലൊന്നാണ്‌ ശ്രേഷ്‌ഠഭാഷയായി പ്രഖ്യാപിക്കല്‍. കുറഞ്ഞത്‌ ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭാഷയെയാണ്‌ ശ്രേഷ്‌ഠ ഭാഷ ആയി പ്രഖ്യാപിക്കുന്നത്‌. ഇവിടെ സാംസ്‌കാരിക നായകന്മാര്‍ ബഹളം വെച്ചപ്പോള്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ഭാഷയും പട്ടികയില്‍ കയറി. നാളെ നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ചേര്‍ന്നു വിവാഹ പ്രായം നാലു വയസ്സാക്കണമെന്നു പറഞ്ഞാല്‍ അതും സംഭവിച്ചേക്കാം. ജനങ്ങളെ പ്രീണിപ്പിക്കുകയാണല്ലോ ജനാധിപത്യത്തിന്റെ കാതല്‍. വരമൊഴിക്കു ഏറെക്കുറെ തുല്യമായ നിലയില്‍ തന്നെ മലയാളം സംസാര ഭാഷയാക്കുന്നതിലും, ജനങ്ങളെ പഠിപ്പിച്ചെടുക്കുന്നതിനും, ഇത്രയും കാലം നിലനിര്‍ത്തിയതിനുമൊക്കെ നമ്മള്‍ നന്ദി പറയേണ്ടതു പഴയകാല സിനിമാ പ്രവര്‍ത്തകരോടും, മൈക്ക്‌ സെറ്റുകാരോടും, പാതയോരത്തു യോഗം നടത്തുന്ന രാഷ്ട്രീയക്കാരോടും ആണ്‌. പിന്നെ ആകാശ വാണിയോടും, ആകാശ വാണി പരിപാടികള്‍ നിരന്തരമായി പുനസംപ്രേക്ഷണം ചെയ്‌തു കൊണ്ടിരുന്ന ബാര്‍ബര്‍ ഷാപ്പുകാരോടും, ചായക്കടക്കാരോടും, വായന ശാലകളോടും. സാഹിത്യാത്മകമായ മലയാള ഭാഷ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഒരു വിദേശ കരവും പ്രവര്‍ത്തിച്ചിരുന്നു സ്ഥിരമായി ചലച്ചിത്ര ഗാനങ്ങള്‍ സംപ്രേഷണം ചെയ്‌തിരുന്ന സിലോണ്‍ റേഡിയോ.

    അക്കാലത്ത്‌ എന്റെ വീടിനു തൊട്ടു താഴെയുള്ള ഒരു ഫാക്ടറിയില്‍ സമരം നടന്നു. അന്നു സമരം ചെയ്യുന്നവര്‍ക്ക്‌ ഹൗസിംഗ്‌ ലോണ്‍ മുടങ്ങല്‍, കാര്‍ലോണ്‍ മുടങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടിയിരുന്നില്ല. സ്ഥിരമായി കുടിക്കുന്ന കഞ്ഞിക്കു പകരം കഞ്ഞി വെള്ളമോ, കാടി വെള്ളമോ കുടിക്കേണ്ടി വരും, അത്രമാത്രം. അതുകൊണ്ടു സമരങ്ങള്‍ മാസങ്ങളോളം നീളാറുണ്ടായിരുന്നു. ഞാനീ പറഞ്ഞ സമരം 112 ദിവസം നീണ്ടു നിന്നു. ഭാഗ്യവശാല്‍ എന്റെ അമ്മയ്‌ക്കു സമരക്കാരോട്‌ ഒരനുഭാവമുണ്ടായിരുന്നു. അമ്മ ആദ്യം ജോലി ചെയ്‌തിരുന്ന സ്‌കൂളില്‍ നിന്ന്‌ അമ്മയെ പിരിച്ചു വിടുകയായിരുന്നു. അന്നേതോ അധ്യാപക സമരത്തില്‍ പങ്കെടുത്തതായിരുന്നു കാരണം. എന്തായാലും ഞാന്‍ അമ്മയുടെ അനുഭാവം പൂര്‍ണ്ണമായും മുതലെടുത്തു. സമരപ്പന്തലിനെതിരെയുള്ള മതില്‍ എന്റെ സ്ഥിരം ഇരിപ്പിടമാക്കി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെയും, വൈകിട്ടും സമരം കാണാം. അവധി ദിവസങ്ങളില്‍ പിന്നെ മുഴുവന്‍ സമയ പ്രേക്ഷകനാണ്‌. സമരക്കാര്‍ എല്ലാം അടുത്തുള്ള പ്രദേശത്തെ ചെറുപ്പക്കാരാണ്‌. അതില്‍ ഒന്നു രണ്ടു പേര്‍ക്കു മീന്‍ പിടിക്കാന്‍ നല്ല വശമാണ്‌. അവര്‍ രാവിലെ തന്നെ തൊട്ടടുത്ത ആറ്റില്‍ ചൂണ്ടയിട്ടു മീന്‍ പിടിച്ചു തുടങ്ങും. പത്തു കിലോ മരച്ചീനി വാങ്ങാന്‍ രണ്ടു രൂപ വേണം. ഇതിനു സമരസഹായ സമിതി എന്നെഴുതി ഒട്ടിച്ച ഒരു ടിന്നുമായി അതുവഴി പോകുന്ന കാല്‍ നടക്കാരെ സമീപിക്കും. സമരപ്പന്തലിന്റെ ഒരു മൂലയിലാണ്‌ പാചകം. വിറക്‌, ഓല, മടല്‍ ഒക്കെ അടുത്തുള്ള പറമ്പുകളില്‍ നിന്നു പെറുക്കും. സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയ്‌ക്ക്‌ അവധി ദിവസങ്ങളില്‍ രണ്ടു കഷണം മരച്ചീനി എനിക്കും തരും. പത്തിരുപതു ദിവസം കഴിഞ്ഞിട്ടും ഫാക്ടറി ഉടമ സമരം ഗൗരവമായെടുക്കുന്നില്ല. അപ്പോള്‍ വാടക കടം പറഞ്ഞ്‌ ഒരു മൈക്ക്‌ സെറ്റ്‌ ഇരന്നു വാങ്ങിക്കൊണ്ടു വന്നു. കര്‍ക്കിടക മാസവും കടുത്ത മഴയുമായതു കൊണ്ട്‌ മൈക്കു സെറ്റിരുന്നു തുരുമ്പു പിടിക്കുകയായിരുന്നു. ദിവസം 25 രൂപയാണു സാധാരണ വാടക. പക്ഷെ സമരക്കാര്‍ വന്‍പിച്ച ആടിമാസക്കിഴിവിന്റെ പശ്ചാത്തലത്തില്‍ അഞ്ചു രൂപ കൊടുത്താല്‍ മതി. അടുത്തുള്ള തെങ്ങിലൊക്കെ കോളാമ്പി വച്ചു കെട്ടി. (ശബ്ദവും മലിനീകരണമാണെന്നു ജനം തിരിച്ചറിയുന്നതിനു മുന്‍പുള്ള കാലമാണ്‌). രാവിലെ എട്ടു മണിക്കു മുദ്രാവാക്യം വിളി തുടങ്ങും. ശുദ്ധ നാടന്‍ പ്രയോഗങ്ങളാണ്‌. വാടാ വാടക ഗുണ്ടകളേ, കരിങ്കാലികളേ, തെണ്ടികളേ, മാനേജ്‌മെന്റേ മൂരാച്ചീ, മത്തായി വര്‍ഗ്ഗീസേ എമ്പോക്കീ…… മത്തായി വര്‍ഗ്ഗീസാണ്‌ ഫാക്ടറി ഉടമ. ആരോടും ഒരു ദയയുമില്ലാത്ത ഒരപ്പൂപ്പന്‍. മുദ്രാവാക്യം വിളികഴിഞ്ഞാല്‍ പിന്നെ ചലച്ചിത്ര ഗാനങ്ങളുടെയും നാടക ഗാനങ്ങളുടെയും പ്രവാഹമാണ്‌. “പാട്ടുപാടിയുറക്കാം ഞാന്‍….”, “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു…”, “ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ…”, “മദം പൊട്ടിച്ചിരിക്കുന്ന മാനം…”, “പൊന്നരിവാളമ്പിളിയില്‍…” ഓരോ മണിക്കൂര്‍ കൂടുമ്പോഴും മുദ്രാവാക്യം വിളി ഉണ്ട്‌. അങ്ങിനെ സമരക്കാര്‍ നൂറ്റൊന്നു ദിവസം പാട്ടു പാടി കാത്തിരുന്നു. മാനേജ്‌മെന്റ്‌ ശ്രദ്ധിച്ചേ ഇല്ല. അപ്പോള്‍ ഒരു ദിവസം മുതലാളി ഓടിച്ചു വന്ന കാര്‍ തടഞ്ഞു നിര്‍ത്തി. സ്‌റ്റീയറിംഗ്‌ ഒടിച്ചെടുത്തിട്ട്‌ ഒരു വലിയ കരിങ്കല്ലു മടിയില്‍ വച്ചു കൊടുത്തു. അതോടെ ഉന്തും തള്ളുമായി. പോലീസ്‌ വന്നു, കേസായി, ചര്‍ച്ച തുടങ്ങി, ഒടുവില്‍ ഒത്തു തീര്‍പ്പൂമായി. എന്റെ വിശ്രമജീവിതവും താത്‌കാലികമായി അവസാനിച്ചു. നമ്മുക്കു പാട്ടിലേക്കു തിരിച്ചു വരാം. അക്കാലം മലയാളത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു.

    ലോകസാഹിത്യവും വിജ്ഞാനവും, ആധുനികതയുമൊക്കെ മലയാളത്തിലേക്കു വന്നു തുടങ്ങിയ കാലം. അല്ലെങ്കില്‍ കേരളത്തിലെമ്പാടും കദളിവാഴക്കൈകളിൽ ‘കാഫ്‌ക’ ഇരുന്നു തുടങ്ങിയ കാലം. അക്ഷരാഭ്യാസമില്ലാത്ത പാവങ്ങളാണ്‌ ഇതൊക്കെ ആസ്വദിച്ചിരുന്നവരില്‍ ഭൂരിഭാഗവും. ഇതു മാത്രമല്ല, സാംബശിവന്റെ കഥാ പ്രസംഗത്തിലൂടെ അമ്പലപ്പറമ്പിലെത്തുന്ന ഷേക്‌സ്‌പിയറും, തോപ്പില്‍ ഭാസിയുടെയും, കെ.ടി. മുഹമ്മദിന്റെയും, എന്‍. എന്‍. പിള്ളയുടെയുമൊക്കെ നാടകങ്ങളും ജനങ്ങള്‍ ആസ്വദിച്ചിരുന്നു. മലയാളത്തെ വളര്‍ത്തിയത്‌ ഇതൊക്കെയാണ്‌. എന്നാല്‍ പഴയ മധുര ഗാനങ്ങളൊന്നും ഇന്നു വഴിയില്‍ കേള്‍ക്കാനില്ല. ആകെ ഉള്ളതു കുറച്ചു ഭക്തിഗാനങ്ങളാണ്‌. അതൊക്കെ എഴുതുന്നവനെ ദൈവം തമ്പുരാന്‍ തന്നെ അന്വേഷിച്ചു നടക്കുകയാണ്‌. അത്ര കടുപ്പമാണതിലെ സാഹിത്യം. “അച്ഛാ പറയൂ, അമ്മേ കെട്ടിയ കഥകള്‍ കേള്‍ക്കട്ടെ” എന്ന മട്ടില്‍ അച്ഛനും മക്കളുമായി ചില ഭക്തിഗാനങ്ങള്‍ ഉത്സവ സീസണില്‍ എന്റെ വീടിന്റെ നാലു ഭാഗത്തും പറന്നു നടക്കും. ആദ്യമാദ്യം അത്തരം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കാലില്‍ നിന്നൊരു വിറയല്‍ കേറി വരുമായിരുന്നു. എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും ഈരടികള്‍ അലയടിച്ചുയര്‍ന്നിരുന്ന നാട്ടിലാണിതെന്നോര്‍ക്കണം. എന്തായാലും ഇപ്പോള്‍ ശീലമായി. ഒന്നു ശ്രദ്ധിച്ചപ്പോള്‍ പാട്ടുകളിലൊക്കെ അച്ഛന്‍ മാത്രമേയുള്ളൂ. തള്ളയില്ലാത്ത കുഞ്ഞുങ്ങളല്ലേ, അവര്‍ പാടിക്കോട്ടെ എന്നു സമാധാനിക്കുകയാണിപ്പോള്‍. അങ്ങിനെ ഭാഷയുടെ കാര്യത്തില്‍ ഞാനൊരു ശുഭാപ്‌തി വിശ്വാസക്കാരനായിരുന്നു. എന്നാല്‍ ഈയിടെ ഉണ്ടായ ഒരു സംഭവം എന്റെ ശുഭാപ്‌തിവിശ്വാസം തകര്‍ത്തു കളഞ്ഞു. ഒരു കല്യാണത്തിനു പോയതാണ്‌. അപ്പോള്‍ ദാ ഒരു പുതിയ ചടങ്ങ്‌ വധുവിനെയും വരനെയും കുടുംബത്തെയുമൊക്കെ റീയാലിറ്റി ഷോ മാതൃകയില്‍ പരിചയപ്പെടുത്തുകയാണ്‌. ഇംഗ്ലീഷിലാണു പരിചയപ്പെടുത്തല്‍. അടുത്ത കാലം വരെ ഗള്‍ഫില്‍ എവിടെയോ ജോലി ചെയ്‌തു തിരിച്ചു വന്ന ഒരു ‘അംകിള്‍’ ആണ്‌ ആ ക്രൂരകര്‍മ്മത്തിനു മുതിര്‍ന്നത്‌. യാതൊരു മയവുമില്ല. ഇടയ്‌ക്കിടെ ചില പൊട്ടല്‍ കേള്‍ക്കാം. അംകിളിന്റെ കഠിനമായ ആക്‌സന്റ്‌ മൈക്കിനു ദഹിക്കാതെ പോവുന്നതാണ്‌. ഇംഗ്ലീഷിനെ ആരെന്തു ചെയ്‌താലും എനിക്കു വിഷയമല്ല. ഞാന്‍ ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അപ്പോള്‍ ദാ ഒരു പെണ്‍കുട്ടി സ്റ്റേജില്‍ ചാടിക്കയറി മൈക്കു പിടിച്ചു പറിക്കുന്നു. “…. ഞാന്‍ പോവ്വാ. Just one Sentence. പറയാതിരിക്കാന്‍ വയ്യ. എന്റെ ഫ്രണ്ടായോണ്ടല്ല…. ഇവനു ബയങ്കര ബുദ്ദിയാ… ഞങ്ങള്‍ ഇവനെ ബുദ്ദിരാഷസന്‍ ന്നാ വിള്‍ച്ചോണ്ടിരുന്നേ. പിന്നെ ബുദ്ദി കാരണം പടിച്ചോണ്ടിരുന്ന ടീച്ചര്‍മാര്‍ക്കെല്ലാം ഇവനെ ഫയങ്കര പേടിയാരുന്നു. ഇത്ത്‌രേ ഒള്ളൂ. bye”. പട്ടാപ്പകല്‍ ഇത്രയും അക്രമം നടന്നിട്ടും ഒരാള്‍ പോലും ഭക്ഷണത്തില്‍ നിന്നു തലയെടുത്തില്ല. ഞാനും. എന്തായാലും ഒരു കാര്യം ഉറപ്പായി. മലയാളത്തിന്റെ കാര്യം പരുങ്ങലിലാണ്‌. ഇനി മലയാള ഭാഷ ഒരു നൂറു വര്‍ഷം കൂടി ജീവനോടെ കിടക്കുന്നെങ്കില്‍ അതിന്‌ ഉത്തരവാദികള്‍ പാതയോരത്തു പ്രസംഗിച്ചു തടസ്സമുണ്ടാക്കുന്ന നമ്മുടെ രാഷ്ട്രീയക്കാര്‍ മാത്രം ആയിരിക്കും.

  • തല്ലുകൊള്ളികള്‍

    ദൈവത്തിന്‌ എവിടെയോ കണക്കു തെറ്റിയതു കൊണ്ടാണ്‌ താന്‍ ഇന്ത്യയില്‍ ജനിച്ചതെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരു സ്‌നേഹിതന്‍ എനിക്കുണ്ട്‌. മൂപ്പര്‍ മലയാളിയല്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍ അദ്ദേഹം ഒരു വിദേശ രാജ്യത്തു സ്ഥിരതാമസമാക്കി. ഇടയ്‌ക്ക്‌ തിരിച്ചു വന്ന്‌ സ്‌ത്രീധനം തൊട്ട്‌ അമിതമായ ആര്‍ഭാടം വരെ ഇന്ത്യാക്കാരന്‍ കാണിക്കുന്ന സര്‍വ്വ തൊട്ടിത്തരങ്ങളുടെയും അകമ്പടിയോടെ വിവാഹിതനായി. ഭാര്യാ സമേതം വിദേശത്തു ചെന്നു വീണ്ടും തിരിച്ചു സായിപ്പായി. ജീവിതം സസന്തോഷം പോവുമ്പോള്‍ അയാള്‍ക്കൊരു കുട്ടിയുണ്ടായി. അവനു മൂന്നു നാലു വയസ്സായപ്പോള്‍ പ്രശ്‌നം തുടങ്ങി. ഒന്നാന്തരമൊരു ഇന്ത്യന്‍ പൗരനാണു കുട്ടി. കിഴക്കോട്ടു വിളിച്ചാല്‍ പടിഞ്ഞാറോട്ടു പോകും. നേരെ നടക്കാന്‍ പറഞ്ഞാല്‍ തലകുത്തി നടക്കും. ടിഷ്യൂകള്‍ച്ചര്‍ ചെയ്‌താല്‍ പോലും ഇത്ര ലക്ഷണമൊത്ത ഒരു ഇന്ത്യന്‍ കുട്ടി ഉണ്ടാവാന്‍ പാടാണ്‌. ഇതിനൊക്കെയുള്ള ഭാരതീയ പരിഹാരം അടിയാണല്ലോ. പക്ഷെ അതീക്കേസില്‍ നടപ്പില്ല. അവര്‍ താമസിക്കുന്ന രാജ്യത്തു കുഞ്ഞുങ്ങളെ തല്ലാന്‍ പാടില്ലത്രേ. പയ്യനോ, കാണികളോ പോലീസിനെ വിളിച്ചാല്‍ അച്ഛന്‍ അകത്താവും. സഹികെട്ട നാടന്‍ സായിപ്പു വീണ്ടും ഇന്ത്യക്കാരനായി. ചെറുക്കനു കുറെ ഇന്ത്യന്‍ കഥകള്‍ പറഞ്ഞു കൊടുത്തു. മഹാരാജാക്കന്‍മാര്‍, പാമ്പാട്ടികള്‍, ആനകള്‍, മേരാ ഭാരത്‌ മഹാന്‍ ഒടുവില്‍ ഒരു മഹാരാജാവ്‌, രണ്ടു പാമ്പാട്ടി, മൂന്നാന ഇങ്ങിനെ കുറെ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ വാങ്ങിച്ചു തരാമെന്നു പറഞ്ഞു മകനെ നാട്ടിലെത്തിച്ചു. ബോംബെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ കൊച്ചന്റെ പാസ്‌പോര്‍ട്ട്‌ വലിച്ചുകീറി ‘യൂസ്‌മീ’ എന്നെഴുതിയ ബക്കറ്റിലിട്ടു. കാറില്‍ കയറിയ പാടെ അടിയും തുടങ്ങി. പോലീസിനെ വിളിക്കണമെന്നൊക്കെ കുട്ടി സായിപ്പു പറഞ്ഞെങ്കിലും സംഗതി ഏറ്റില്ല. ‘ഇവിടെ പോലീസും പട്ടാളവുമൊക്കെ ഞാനാടാ’ എന്നു പറഞ്ഞായിരുന്നു ബാക്കി അടി. പിന്നെ എന്ത്‌ എന്നു നിങ്ങള്‍ക്കൂഹിക്കാവുന്നതല്ലേ ഉള്ളൂ.

    മലയാള ഭാഷയിലെ ഒരു അപൂര്‍വ്വ പദമാണു ‘തല്ലുകൊള്ളി’. സ്ഥിരമായി തല്ലു കൊള്ളുന്നവനോ, തല്ലുകൊള്ളാന്‍ യോഗ്യത ഉള്ളവനോ ആണു തല്ലുകൊള്ളി എന്ന്‌ ഏതു കൊച്ചു കുട്ടിക്കും അറിയാം. പക്ഷെ അത്തരം പദ പ്രേയാഗങ്ങള്‍ ഭാഷയില്‍ അധികമില്ല. കടപ്പുറത്തു കാറ്റു കൊള്ളാന്‍ പോകുന്നവനെ ‘കാറ്റുകൊള്ളി ‘എന്നോ സ്ഥിരമായി തീയ്‌ കൊള്ളന്നുവനെ ‘തീ കൊള്ളി’ എന്നോ പാതിരായ്‌ക്കു പനികൊള്ളുന്നവനെ ‘പനികൊള്ളി’ എന്നോ വിളിക്കാറില്ല. ഭാഷയില്‍ തല്ലുകൊള്ളി ഒരപൂര്‍വ്വ പ്രയോഗമാണെങ്കിലും മലയാള നാട്ടില്‍ പലതരം ‘തല്ലുകൊള്ളികള്‍’ സുലഭമാണ്‌. എന്റെ തലമുറയില്‍പ്പെട്ട അല്‌പം വികൃതികളായ കുട്ടികള്‍ക്ക്‌ ചെറുപ്പത്തില്‍ എല്ലാ ദിവസവും അടി ഉറപ്പായിരുന്നു. അന്ന്‌ കുട്ടികളെ തല്ലാന്‍ ക്വട്ടേഷന്‍ സംഘങ്ങളൊന്നു ഇല്ലായിരുന്നു. അതു കൊണ്ട്‌ രക്ഷകര്‍ത്താക്കള്‍ ആ ജോലി അധ്യാപകരെയാണ്‌ ഏല്‍പ്പിച്ചിരുന്നത്‌. “സാറെ എന്റെ മോന്‍ ഇത്തിരി ഉഴപ്പനാ, സാര്‍ എന്തു ചെയ്‌താലും വേണ്ടില്ല, അവനെ ഒന്നു നന്നാക്കിത്തരണ”മെന്നു പറഞ്ഞാല്‍ മാത്രം മതി. പൊന്നു മോന്‍ അടികൊണ്ട്‌ ഉരുളും. ഞാന്‍ നാലു ക്ലാസ്സു പൂര്‍ത്തിയാക്കിയപ്പോള്‍ എന്നെ എന്റെ അമ്മ പഠിപ്പിച്ചിരുന്ന സ്‌കൂളിലേക്കു മാറ്റി. സ്‌കൂളിന്റെ പേരു കളയാനല്ല, എന്നെ നന്നാക്കിയെടുക്കാന്‍. ആദ്യത്തെ ഒരാഴ്‌ച അമ്മ എന്നെ എല്ലാ അധ്യാപകര്‍്‌ക്കും പരിചയപ്പെടുത്തി. ‘ആഹാ ടീച്ചറിന്റെ മോനാണല്ലേ’ എന്നെല്ലാവരും ചോദിച്ചു. എനിക്കും അല്‌പം പ്രമാണിത്തരമൊക്കെ സ്വയം തോന്നി. പക്ഷെ സംഗതിയുടെ കിടപ്പ്‌ പിന്നീടാണ്‌ മനസ്സിലായത്‌. സ്‌കൂളിന്റെ ഏതു മൂലയില്‍ നിന്നു ഞാനനങ്ങിയാലും അമ്മ അറിയും. ഏതെങ്കിലും അധ്യാപകര്‍ എന്നെ ശിക്ഷിച്ചാല്‍ അടുത്തപടി വിവരം അമ്മയെ അറിയിക്കലാണ്‌. ഒരാഴ്‌ച കഴിഞ്ഞതോടെ പുതിയ സ്‌കൂളിന്റെ സര്‍വ്വ ത്രില്ലും പോയി. അടുത്ത ജന്മത്തിലെങ്കിലും ഇങ്ങിനെ ഒരു കെണിയില്‍ ചെന്നു ചാടരുതേ എന്നു ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു തുടങ്ങി. സ്‌കൂള്‍ വിട്ടു വരുന്നത്‌ ആദ്യകാലത്ത്‌ അമ്മയുടെ കൂടെയായിരുന്നു. തമാശ പറഞ്ഞും, കഥ പറഞ്ഞും, ചിരിച്ചുമൊക്കെയാണ്‌ ഞങ്ങള്‍ വരുന്നത്‌. വീടിനടുത്തുള്ള ഒരു പറമ്പിന്‌ ചെമ്പരത്തി, നീലക്കോളാമ്പി തുടങ്ങി ഒട്ടേറെ ചെടികള്‍ കൊണ്ടു തീര്‍ത്ത ഒരു വേലിയുണ്ട്‌. അവിടെ എത്തുന്നതു വരെ കാര്യങ്ങള്‍ ജോറാണ്‌. അവിടെ എത്തുന്നതോടെ അമ്മ ഒരു നല്ല കമ്പൊടിച്ചെടുക്കും. പിന്നെ വെളിച്ചപ്പാട്‌ കുളത്തില്‍ മുങ്ങി വാളുമെടുത്തു വരുന്ന പോലെയാണ്‌. സംഗതി കൈവിട്ടു പോകും. ഗേറ്റു കടന്നാലുടന്‍ നാലടിയാണ്‌. പിന്നെ ചോദ്യം വരും ‘നിന്നെ ആ സാര്‍ എന്തിനാടാ ഇന്നു തല്ലിയത്‌….’ അധ്യാപകന്‍ എന്നല്ല ആരെങ്കിലും കുട്ടികളെ തല്ലുന്നതിന്‌ ഒന്നോ രണ്ടോ കാരണങ്ങളേ ഉള്ളൂ. അടിസ്ഥാനപരമായി അവര്‍ ശിശുവൈരികളാവാം. അല്ലെങ്കില്‍ അടിയിലൂടെ കുട്ടികളെ നന്നാക്കിയെടുക്കാം എന്നൊരു തെറ്റിദ്ധാരണ അവര്‍‌ക്കു ജന്മനാ ഉണ്ടാവാം. പക്ഷെ ഇതൊന്നും ആ സാഹചര്യത്തില്‍ എനിക്കു പറയാന്‍ പറ്റില്ലല്ലോ. എന്തിനു തല്ലി എന്ന ചോദ്യത്തിന്‌ ഉത്തരം പറഞ്ഞു കഴിഞ്ഞാല്‍ ബാക്കി കൂടി തരും. സന്തോഷം.

    ഇടവപ്പാതിയും, തുലാവര്‍ഷവും, കുംഭമഴയും, വേനല്‍ മഴയുമൊക്കെ കൃത്യമായി വരുന്ന കാലമായിരുന്നതു കൊണ്ട്‌ അമ്മ 365 ദിവസവും കമ്പൊടിച്ചിട്ടും വടിക്കു ക്ഷാമം വന്നില്ല എന്നതാണു ഏറ്റവും കഷ്ടം. നമ്മുടെ നിയമസംഹിതയുടെ അടിസ്ഥാന തത്വങ്ങളിലൊന്നു തന്നെ ഒരു കുറ്റത്തിനു രണ്ടു വിചാരണയോ, ശിക്ഷയോ പാടില്ലെന്നതാണ്‌പക്ഷെ ഇതൊക്കെ ആരോടു പറയാന്‍? അങ്ങിനെ സ്‌കൂളില്‍ നിന്ന്‌ ഒന്നു കിട്ടുമ്പോള്‍ വീട്ടില്‍ നിന്ന്‌ രണ്ട്‌ കിട്ടും എന്ന ഉറപ്പില്‍ ഞാനും ജീവിച്ചു പോന്നു. അടി കൊണ്ടാലേ കുട്ടികള്‍ നന്നാവൂ എന്ന്‌ അധ്യാപകര്‍ ഉറച്ചു വിശ്വസിച്ചിരുന്ന കാലമാ യിരുന്നു. അതിനു പറ്റിയ കുറെ പഴഞ്ചൊല്ലുകളും അവര്‍ കണ്ടു വച്ചിരുന്നു. ‘അടിയോടടുക്കുമോ അണ്ണന്‍ തമ്പി’, ‘കിട്ടാനുള്ളതു കിട്ടിയാല്‍ തോന്നാനുള്ളതു തോന്നും’, ‘പരിചയമുള്ള പോലീസുകാരന്‍ പിടിച്ചാല്‍ രണ്ടടി കൂടുതലാ’. പിന്നെ ഒറ്റമക്കള്‍ക്ക്‌ പ്രത്യേകമായി ‘ഒന്നേ ഉള്ളെങ്കില്‍ ഉലക്കകൊണ്ടടിക്കണം’. സ്‌കൂളിലെ ചട്ടമ്പികള്‍ക്കായി ‘വീട്ടുകാര്‍ കൊടുക്കേണ്ടതു കൊടുത്തില്ലെങ്കില്‍ നാളെ നാട്ടുകാര്‍ കൊടുക്കും’. ഇങ്ങനെ പോകുന്നൂ പതിരില്ലാത്ത പഴഞ്ചൊല്ലുകള്‍ അക്കാലത്തു പല സ്‌കൂളുകളിലെയും പ്രധാന ടീച്ചിംഗ്‌ എയിഡുകള്‍ തന്നെ ബോര്‍ഡില്‍ എഴുതുവാനുള്ള ചോക്കും, മായ്‌ക്കാനുള്ള ഡസ്റ്ററും, പിന്നെ പലതരം വടികളുമായിരുന്നു. ഇനി അഥവാ ക്ലാസ്സില്‍ വടിയില്ലെങ്കില്‍ സ്റ്റാഫ്‌ റൂമിലെ കോമണ്‍ പൂളില്‍ നിന്നു വടി വരും. അവിടെ ഈ അത്യന്താപേക്ഷിത അധ്യാപന സഹായിയുടെ പട തന്നെ ഉണ്ട്‌. മറ്റുള്ളവര്‍ക്ക്‌ തല്ലു കിട്ടുന്നതു കാണാന്‍ തന്നെ ഒരു രസമല്ലേ. ഇന്നത്തെപ്പോലെ ടെലിവിഷനിലും, സിനിമയിലുമൊക്കെ ആളുകള്‍ തല്ലു കൊള്ളുന്ന കാഴ്‌ച 24 മണിക്കൂറും കാണാന്‍ ഞങ്ങള്‍ക്കു സൗകര്യമുണ്ടായിരുന്നില്ല. കുട്ടികള്‍ ക്ലാസ്സ്‌ മുറികളിലെ ഏക പക്ഷീയമായ തല്ലും, മുതിര്‍ന്നവര്‍ ചായക്കടയിലെയും, കള്ളുഷാപ്പിലെയും, ഉത്സവപ്പറമ്പിലെയും അടിപിടികളും കണ്ടു തൃപ്‌തിപ്പെട്ടു പോന്നിരുന്നു. ഉള്ളതു കൊണ്ടോണം പോലെ. ഞങ്ങള്‍ക്കു മുന്നിലുള്ള തലമുറകള്‍ ഇതു കുറെക്കൂടി അനുഭവിച്ചവരാണെന്നാണ്‌ ചരിത്രം പറയുന്നത്‌. പഴയ കാല ശിക്ഷാവിധികളില്‍ ഒന്ന്‌ എഴുതുവാനുപയോഗിക്കുന്ന നാരായത്തിന്റെ കൂര്‍ത്ത അറ്റം ചേര്‍ത്തു കുട്ടികളുടെ ചന്തിയില്‍ പിച്ചുന്നതും, മറ്റൊന്ന്‌ പാഠശാലയുടെ മോന്തായത്തില്‍ കൈരണ്ടും കെട്ടിത്തൂക്കി, ചുവട്ടില്‍ നാരായം നാട്ടി നിര്‍ത്തുന്നതും ആയിരുന്നു എന്നൊക്കെ ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്‌. അങ്ങിനെ തൂങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുടെ ഗുരു സ്‌മരണകളാവണം മലയാളഭാഷയില്‍ ഇത്രയധികം തെറിവാക്കുകള്‍ ഉണ്ടാവാന്‍ കാരണം. സാരമില്ല, എല്ലാ ദിശകളിലേക്കും വളര്‍ന്നെങ്കിലല്ലേ ഭാഷകള്‍ക്കും സമ്പൂര്‍ണ്ണത കൈവരിക്കാനാവൂ. സ്‌കൂളില്‍ തല്ലുകൊണ്ട കഥകള്‍ എഴുതുവാന്‍ ലേഖനം പോര. ഒരു പുസ്‌തകം തന്നെ വേണ്ടിവരും. ഒരിക്കല്‍ ഒരു അധ്യാപിക പഠിപ്പിച്ച പാഠഭാഗങ്ങളില്‍ നിന്നു ചോദ്യം ചോദിച്ചപ്പോള്‍ പലകുട്ടികള്‍ക്കും ഉത്തരം അറിയില്ല. ടീച്ചര്‍ നോക്കിയപ്പോള്‍ തല്ലാന്‍ ക്ലാസ്സില്‍ വടിയില്ല. ഉത്തരം അറിയാത്തതു കൊണ്ട്‌ ചോദ്യം എന്റെ നേര്‍ക്കു വന്നാല്‍ പുറകെ അടിയും വരുമെന്നുറപ്പാണ്‌. ഞാന്‍ അസരത്തിനൊത്തുയര്‍ന്നു. ‘ടീച്ചര്‍, വടി ഞാന്‍ കൊണ്ടു വരാം’ എന്നൊരു വാഗാദാനം മുന്നോട്ടു വച്ചു ക്ലാസ്സില്‍ നിന്നിറങ്ങി. പിന്നെ ചോദ്യം പേടിക്കേണ്ടല്ലോ. സ്റ്റാഫ്‌ റൂമില്‍ വടിയില്ല. എന്നു വച്ചു ഇത്രയും പേരെ വെറുതെ വിടാന്‍ പറ്റുമോ? ഞാന്‍ അടുത്ത പറമ്പില്‍ കിളച്ചു കൊണ്ടു നിന്നിരുന്ന ഒരു ചേട്ടനെ മതിലിനു മുകളിലൂടെ കൈ കാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കാലു പിടിച്ച്‌ അവിടെ നിന്ന ഒരു കാപ്പിച്ചെടിയില്‍ നിന്ന്‌ ഒന്നാന്തരമൊരു വടി വെട്ടി ഇലയും ചില്ലയുമൊക്കെ കളഞ്ഞു സുന്ദരമാക്കി കൊണ്ടു ചെന്നു കൊടുത്തു. അപ്പോള്‍ ടീച്ചര്‍ ചോദിക്കുന്നു ‘താനാ ഉത്തരമൊന്നു പറഞ്ഞേ’, ചുരുക്കിപ്പറഞ്ഞാല്‍ ആദ്യ അടി എനിക്ക്‌. അതോടെ തല്ലു വാങ്ങാന്‍ ക്യൂവില്‍ ദയവായി കാത്തിരുന്ന ബാക്കിയുള്ളവര്‍ക്കെല്ലാം വലിയ സന്തോഷമായി. സ്‌കൂളില്‍ പഠിച്ചിരുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര്‌ പോസു മത്തായി എന്നായിരുന്നു. ആ പേരു വിളിച്ചാല്‍ അവന്‍ സ്‌കൂളിനു ചുറ്റു ഓടിച്ചിട്ടിടിക്കും. എന്നാലും വിളിക്കാതെ പറ്റില്ലല്ലോ. ഞങ്ങള്‍ ദൂരെ നിന്നു വിളിച്ചിട്ടോടും മുഴുവന്‍ വിളിക്കണമെന്നില്ല. ‘പോ’ എന്നു പറഞ്ഞാല്‍ മതി,. അവന്‍ ഇടി തുടങ്ങും.

    ഒരു ദിവസം എന്റെ ഒരു സഹപാഠി മത്തായിയുമായി ഒത്തു തീര്‍പ്പിലാവാന്‍ തീരുമാനിച്ചു. ഞാനും കൂട്ടു പോയി. ‘എടോ മത്തായി’ എന്നു പറഞ്ഞു തുടങ്ങിയതും അവന്‍ ചാടി രണ്ടിടി. അവന്റെ ശരിക്കുള്ള പേരു മത്തായി എന്നല്ല രാംകുമാര്‍ എന്നോ മറ്റോ ആണെന്നു ഞങ്ങള്‍ അറിയുന്നത്‌ അപ്പോഴാണ്‌. ഞാന്‍ ജീവനും കൊണ്ടോടിയെങ്കിലും എന്റെ സുഹൃത്തും മത്തായിയും തമ്മില്‍ പൊരിഞ്ഞ അടിയായി. കേസുവിചാരണയ്‌ക്കു വന്നപ്പോള്‍ മൂന്നാം പ്രതി. കൂട്ടുപോയേ ഉള്ളൂ ഞാന്‍ എന്നു വാദിച്ചപ്പോള്‍ അധ്യാപകന്‍ പറഞ്ഞത്‌ ഇന്നു കൂട്ടു പോകുന്നവനാ നാളെ അടിപിടിക്കുപോവുന്നതെന്നാണ്‌. കൃത്യമായ വീതം എനിക്കും കിട്ടി. പക്ഷേ അധ്യാപകര്‍ ഞങ്ങളെ വെറുതെ മര്‍ദ്ദിക്കുകയായിരുന്നു എന്ന്‌ ആരും തെറ്റിദ്ധരിക്കരുതേ. തല്ലു മേടിക്കാനുള്ള കാരണങ്ങള്‍ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘ചൊറിയണം’ എന്നൊരു ചെടിയുണ്ട്‌ വട്ടത്തിലുള്ള ഇലകളുമായി നില്‍ക്കുന്ന ‘ചൊറിയണം’ ദേഹത്തു തൊട്ടാല്‍ സര്‍വ്വത്ര ചൊറിയും. ആരും അതു കൈ കൊണ്ടു തൊടില്ല. എന്നാല്‍ ചൊറിയണത്തേക്കാള്‍ ചൊറിച്ചിലുണ്ടാക്കുന്നതാണ്‌ കൊടിത്തൂവ. നീളന്‍ ഇലകളുമായി നില്‌ക്കുന്ന ഒരു വള്ളിച്ചെടിയാണിത്‌. എങ്ങിനെയോ എനിക്കീ ചെടി ആരോ കാണിച്ചു തന്നിരുന്നു. പക്ഷെ അധികം പേര്‍ക്കറിയില്ല. ഒരു ദിവസം നോക്കുമ്പോള്‍ സ്‌കൂളിനടുത്തുള്ള ഒരു ഇലക്ട്രിക്‌ പോസ്റ്റിനു ചുവട്ടില്‍ കൊടിത്തൂവ ധാരാളമായി വളര്‍ന്നു നില്‍ക്കുന്നു. രണ്ടില പറിച്ചെടുത്തു ഞാന്‍ ഒരു സഹപാഠിയെ സമീപിച്ചു. കഞ്ചാവിന്റെ ഇല ആണെന്നും, ഒന്നു മണത്തു നോക്കുന്നതു നന്നായിരിക്കുമെന്നും എന്നും പറഞ്ഞു. മണത്തപ്പോള്‍ ചെറുതായി ഒന്നമര്‍ത്തി. അവന്റെ മൂക്കിനു താഴ്‌വശം ചൊറിഞ്ഞു തടിച്ചു നാശമായി. അവന്‍ തല്ലിയില്ല. പരാതിപ്പെട്ടുമില്ല. പകരം അവന്‌ ആ ഇല ഒന്നു കണ്ടാല്‍ മതി. ശല്യം സഹിക്കാതെയായപ്പോള്‍ ഞാന്‍ ചെടി കാണിച്ചു കൊടുത്തു. ഒരു പിടി ഇലയുമായി അവന്‍ ഉച്ചയൂണു കഴിഞ്ഞിറങ്ങി. മീശ കിളിര്‍ക്കാനുള്ള മരുന്നാണെന്നു പറഞ്ഞ്‌ കുട്ടികളുടെ ചുണ്ടിനു മുകളിലും, താടിയിലും അവരുടെ പൂര്‍ണ്ണ സമ്മതത്തോടെ ഉരച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞു ഹെഡ്‌മാസ്റ്റര്‍ മുറിയില്‍ നിന്നു പുറത്തു വരുമ്പോള്‍ എട്ടു പത്തു കുട്ടികള്‍ അദ്ദേഹത്തിന്റെ മുറിയുടെ വാതില്‌ക്കല്‍ നിന്നു കരയുന്നു. എല്ലാവരുടേയും ചുണ്ടും താടിയും തടിച്ചു പൊങ്ങി അസ്സല്‍ കുട്ടിക്കുരങ്ങന്‍മാരെ പോലെയുണ്ട്‌. അടിയുടെ പെരുന്നാളും ആരംഭിച്ചു. കോളേജുകളിലെത്തിയതോടെ ഞങ്ങളുടെ ശനിദശ അവസാനിച്ചു.

    ഞാന്‍ പഠിച്ചതു കൂടുതലും സാദാ കോളേജുകളിലായിരുന്നു. എന്നാല്‍ ബിരുദാനന്തരതലം വരെയും വിരട്ടും, ഭീക്ഷണിയും, മര്‍ദ്ദനവുമൊക്കെയായി കുട്ടികളെ പഠിപ്പിക്കുന്ന കോളേജുകള്‍ അന്നും ഇന്നും ഈ കൊച്ചു കേരളത്തിലുണ്ട്‌.പാഠപുസ്‌തകത്തിലെ ചോദ്യവും ഉത്തരവും മനപാഠമാക്കി പരീക്ഷയ്‌ക്കു മാര്‍ക്കു വാങ്ങുന്നതാണു വിദ്യാഭ്യാസം എന്ന നിര്‍വചനം നിലനില്‍ക്കുന്നിടത്തെല്ലാം അതങ്ങിനെ തന്നെ ആയിരിക്കും. കുട്ടി സ്വന്തം ചിന്താശക്തി പുറത്തെടുക്കരുത്‌ എന്നൊരു പാഠം കൂടി അവിടെ രഹസ്യമായി പഠിപ്പിക്കപ്പെടുന്നുണ്ട്‌. ഇപ്പോള്‍ അറുപതുകളിലെത്തി നില്‍ക്കുന്ന എന്റെ ഒരു സ്‌നേഹിതന്‍ പണ്ട്‌ ഇത്തരം കോളേജുകളിലൂടെ പുറത്തു വന്ന ആളാണ്‌. അനുസരണക്കേടിന്റെ ആശാനായ അദ്ദേഹത്തെ നന്നാക്കുന്നതിനായി അച്ചടക്കത്തിനു പേരു കേട്ട ഒരു കോളേജിന്റെ ഹോസ്റ്റലിലാക്കി. പുരോഹിതന്‍ കൂടിയായ അവിടത്തെ വാര്‍ഡന്‍ കണിശക്കാരനായിരുന്നു. ഒരിക്കല്‍ സ്‌നേഹിതന്‍ തന്റെ രണ്ടു മൂന്നു കൂട്ടുകാരുമായി സെക്കന്റ്‌ ഷോ സിനിമ കഴിഞ്ഞു വന്നു മതില്‍ ചാടി അകത്തു കയറുമ്പോള്‍ വാഴക്കൂട്ടത്തിനിടയില്‍ മോഷണത്തൊഴിലാളിയെ പോലൊരാള്‍ പമ്മി നില്‍ക്കുന്നു. രണ്ടു മൂന്നു കുലകള്‍ വിളഞ്ഞു നില്‍ക്കുന്നുണ്ട്‌. കുല മോഷ്ടിക്കാന്‍ വന്നവനെ പിടിച്ചു വാര്‍ഡനെ ഏല്‍പ്പിക്കുന്നതിനപ്പുറം അദ്ദേഹത്തിന്റെ സ്‌നേഹ വാത്സല്യങ്ങള്‍ കിട്ടാന്‍ വേറെ എന്തു വേണം? ‘ആരെടാ?’ എന്ന ആക്രോശവുമായി ചെന്ന സ്‌നേഹിതനോടു മോഷണത്തൊഴിലാളി വേഷധാരി പറഞ്ഞു ‘ഞാന്‍ തന്നെയാടാ മത്തായിക്കുട്ടീ, നീ പോയി അപ്പനെയും കൊണ്ടു വന്നാല്‍ മതി. ഇപ്പോള്‍ തന്നെ മതില്‍ തിരിച്ചു ചാടിക്കോ’. രാപകല്‍ പുരോഹിത വേഷത്തില്‍ നടക്കുന്ന വാര്‍ഡന്‍ കൈലിമുണ്ടും തലേക്കെട്ടുമായി നിന്നാല്‍ പെറ്റ തള്ളയ്‌ക്കു പോലും പെട്ടെന്നു തിരിച്ചറിയാന്‍ പറ്റില്ല. പിന്നയല്ലേ കഴിയുന്നതും ക്ലാസ്സില്‍ കയറാത്ത പാവം വിദ്യാര്‍ത്ഥികള്‍ക്ക്‌. വിദ്യാര്‍ത്ഥികളെ മെരുക്കിയെടുക്കാന്‍ അടിക്കടി രക്ഷകര്‍ത്താവിനെ വിളിച്ചു വരുത്തുകയായിരുന്നു മേല്‌പറഞ്ഞ വാര്‍ഡന്റെ വിദ്യ. ഇഞ്ചിക്കു വളമിടുന്നതും, ഏലത്തിന്‌ ഇടയിളക്കുന്നതുമൊക്കെ മുടങ്ങുന്ന ദേഷ്യത്തില്‍ അപ്പന്മാര്‍ ചിലപ്പോള്‍ വാര്‍ഡന്റെ മുന്നില്‍ വച്ചു തന്നെ മക്കളുടെ പിടലിക്കു രണ്ടു പൂശും. എന്നോടു കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്നു വാര്‍ഡന്‍ മന്ദഹസിക്കും.

    അളമുട്ടിയാല്‍ ചേരയും കടിക്കുമല്ലോ. ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ മത്തായിക്കുട്ടിയും കൂട്ടുകാരും തീരുമാനിച്ചു. രാത്രികാലങ്ങളില്‍ വേഷം മാറി വരുന്ന വാര്‍ഡന്‌ ഇടയ്‌ക്ക്‌ ഹോസ്റ്റല്‍ മുറികളിലൊരു മിന്നല്‍ പരിശോധന ഉണ്ട്‌. കീ ഹോളിലൂടെ നോക്കി റൂമിനുള്ളിലെ വിദ്യാര്‍ത്ഥി പഠിക്കുകയാണെന്നുറപ്പാക്കും. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി കറണ്ടു പോകുന്നു. കോറിഡോറില്‍ ഒരു ബഹളം കേള്‍ക്കാം. ‘ഛീ വിടെടാ’, ഇവിടെ താടാ’, ‘കൊണ്ടു വാടാ ഇവിടെ’, ‘നിന്നെയൊന്നും ഞാന്‍ വെറുതെ വിടില്ല.’ ആരൊക്കെയോ ഓടുന്നുമുണ്ട്‌. ഒരു മിനിട്ടു കഴിഞ്ഞപ്പോള്‍ പോയ കറണ്ടു തിരിച്ചു വന്നു. കുട്ടികളെല്ലാം പുറത്തു ചാടി. കൊടും ഭീകരനായ വാര്‍ഡന്‍ രണ്ടു കൈയും കൊണ്ട്‌ നാണം മറച്ച്‌ ഇടനാഴിയിലൂടെ വട്ടം നീളം ഓടുകയാണ്‌. ഉടുത്തിരുന്ന മുണ്ട്‌ ഇരുട്ടത്താരോ പറിച്ച്‌ കൊണ്ടു പോയി. രോഷാകുലനായ വാര്‍ഡന്‍ ഒടുവില്‍ മുണ്ടില്ലാതെ തന്നെ ഓടിപ്പോയി ഗേറ്റുപൂട്ടി. മുണ്ടു പറിച്ചവന്‍ രക്ഷപ്പെടരുതല്ലോ. പിന്നെ ചെന്നു സ്ഥിരം യൂണിഫോമില്‍ തിരിച്ചുവന്ന അദ്ദേഹം ഓരോ റൂമിലും പരിശോധന തുടങ്ങി. മുണ്ടു പറിച്ചവനെ കണ്ടു പിടിക്കാന്‍. എവിടെ കിട്ടാന്‍? അടുത്തുള്ള സര്‍ക്കാര്‍ കോളേജില്‍ നിന്നും പ്രത്യേകം ക്ഷണിതാക്കളായി വന്ന രണ്ടു വിശിഷ്ടാതിഥികളാണല്ലോ മുണ്ടു പറിച്ചത്‌. അവന്‍മാര്‍ മുണ്ടും കൊണ്ട്‌ മതില്‍ ചാടി പോയിരുന്നു. ശിഷ്ടകാലം അദ്ദേഹം കുളിക്കുമ്പോള്‍ മാത്രമാണ്‌ പുരോഹിത വേഷം ഊരി യിട്ടുള്ളത്‌.

  • മോഷണത്തൊഴിലാളി

    ലോകത്തിലെ ആദ്യത്തെ തൊഴില്‍ വേശ്യാവൃത്തി ആണെന്നാണ്‌ പലരും പറയുന്നത്‌. എന്താണതിന്റെ യുക്തി എന്ന്‌ എനിക്കിതു വരെ മനസ്സിലായിട്ടില്ല. ആചാരമുണ്ടായിട്ടല്ലേ വ്യഭിചാരമുണ്ടാകൂ? കുടുംബവും കല്യാണവും ഒക്കെ വന്നു കഴിഞ്ഞിട്ടല്ലേ വേലി ചാടല്‍ വരുന്നത്‌? അതോ ആദിമ മനുഷ്യര്‍ കാണുന്നപാടേ കല്യാണം കഴിക്കുവാന്‍ തുടങ്ങിയിരുന്നോ? ഭൂമിയിലെ ആദ്യത്തെ തൊഴില്‍ മോഷണമാണെന്നു വിശ്വസിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. ജീവിക്കാന്‍ വേണ്ടി ഒരാള്‍ നിരന്തരമായ ഏര്‍പ്പെടുന്ന പ്രക്രിയക്കല്ലേ തൊഴില്‍ എന്നു പറയുന്നത്‌? അതു നിയമ വിരുദ്ധമാണെന്നതു കൊണ്ടു തൊഴില്‍ അല്ലാതാവുമോ? നിയമത്തിന്റെ സംരക്ഷണം കിട്ടില്ല എന്നല്ലേ ഉളളൂ? എന്തായാലും ആദ്യം പറഞ്ഞ ആദ്യ തൊഴിലുകാര്‍ യുദ്ധം ചെയ്‌തു തങ്ങള്‍ക്ക്‌ ‘ലൈംഗിക തൊഴിലാളി’ എന്ന്‌ മാന്യമായ ഒരു പേര്‌ നേടിയെടുത്തു. ലൈംഗിക മുതലാളിമാര്‍ക്കു പിന്നെ പേരെന്തായാലും കുഴപ്പമില്ല, കാര്യങ്ങള്‍ നടന്നു പോയാല്‍ മതി. പാവം കള്ളന്റെ കാര്യമാണ്‌ കഷ്ടം. അവന്‍ പീഡിതനും പതിതനുമായി തുടരുന്നു. പുറമ്പോക്കു ഭൂമിപോലെയാണ്‌ കള്ളന്റെ മുതുക്‌. കള്ളന്‍ എന്ന പേരു വീണാല്‍ പിന്നെ ആര്‍ക്കും കയറി പുര വയ്‌ക്കാം. ഈ പേരു വീഴുന്നതിന്‌ എന്തെങ്കിലും യുക്തിയോ മര്യാദയോ ഉണ്ടോ? പറമ്പില്‍ പൊഴിഞ്ഞു വീണ തേങ്ങ എടുക്കുന്നതു മോഷണം, പറമ്പു മൊത്തമായി മാന്തി എടുക്കുന്നത്‌ അനധികൃത ഖനനം! ഭണ്ഡാരം കുത്തിപ്പൊളിച്ചു ചില്ലറ എടുക്കുന്നതു മോഷണം, അമ്പലം മൊത്തം വിഴുങ്ങുന്നതു ക്ഷേത്ര പുനരുദ്ധാരണം! ലൈബ്രറിയില്‍ നിന്നു പുസ്‌തകം അടിച്ചു മാറ്റുന്നതു മോഷണം, പുസ്‌തകത്തിന്റെ ഉള്ളടക്കം അടിച്ചു മാറ്റിയാല്‍ ഗവേഷണം അല്ലെങ്കില്‍ പകര്‍പ്പവകാശലംഘനം!. സര്‍ക്കാര്‍ കമ്പനിയുടെ പിന്നാമ്പുറത്തു കിടക്കുന്ന കാലി വീപ്പ ഉരുട്ടിക്കൊണ്ടു പോകുന്നതു മോഷണം, സ്ഥാപനം മൊത്തമായി അടിച്ചു മാറ്റുന്നത്‌ ഏറ്റെടുക്കല്‍! ആളുവില കല്ലു വില എന്നു കേട്ടിട്ടില്ലേ? ഇന്ത്യ ആരോടെങ്കിലും പണം മേടിച്ചാല്‍ വായ്‌പയെടുക്കല്‍, അമേരിക്ക ആരോടെങ്കിലും പണം മേടിച്ചാല്‍ വിദേശ നിക്ഷേപം സ്വീകരിക്കല്‍! ഭൂതം, പ്രേതം, യക്ഷി ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക്‌ ഏറ്റവും അധികം താത്‌പര്യമുള്ള ഒരു രാത്രികാല ജീവിയാണ്‌ മോഷണത്തൊഴിലാളി. ആകെയുള്ള വ്യത്യാസം ഭൂതത്തെയോ, പ്രേതത്തെയോ നേരില്‍ കാണാന്‍ ഇടയായാല്‍ നമ്മള്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. എന്നാല്‍ പാവം മോഷണത്തൊഴിലാളി നമ്മുടെ മുന്നില്‍ പെട്ടാലും, നമ്മള്‍ അദ്ദേഹത്തിന്റെ മുന്നില്‍പ്പെട്ടാലും ഒറ്റയ്‌ക്കല്ലെങ്കില്‍ നമ്മള്‍ അദ്ദേഹത്തെ നാലുപൊട്ടിക്കാന്‍ നോക്കും. മോഷണത്തൊഴിലാളി രാത്രികാല ജീവിയാണെന്നു പറഞ്ഞല്ലോ. അതത്ര ശരിയല്ല. പഴയകാല പെരും കള്ളന്‍മാരുടെ ചരിത്രത്തില്‍ നിന്നു നമ്മള്‍ കടഞ്ഞെടുത്ത ഒരു സങ്കല്‌പം മാത്രമാണത്‌. പോക്കറ്റടി, ആള്‍മാറാട്ടം തുടങ്ങിയ പല വിദ്യകളും കൂടുതലും പകല്‍ സമയത്താണ്‌ അരേങ്ങറുന്നത്‌.

    ഞാന്‍ ആദ്യമായി ഒരു കള്ളന്റെ സാന്നിദ്ധ്യം അറിയുന്നത്‌ മൂന്നാം ക്ലാസ്സിലോ, നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ്‌. ഏതോ ഒരു കള്ളന്‍ ഞങ്ങളുടെ നാട്ടില്‍ വന്ന്‌ വീടുകള്‍ക്കു ചുറ്റും കിടന്നിരുന്ന പണി ആയുധങ്ങള്‍, നനച്ചിട്ടിരുന്ന തുണികള്‍, കഴുകാനിട്ടിരുന്ന പാത്രങ്ങള്‍, പശുവിനു വെളളം കൊടുക്കുന്ന ചരുവം, ഇവയൊക്കെ കൊണ്ടു പോയി. ആക്രിക്കടക്കാരന്‍ പോലും വിലക്കെടുക്കാത്ത സാധനങ്ങളാണു പോയതെങ്കിലും കള്ളന്‍ വന്നതോടെ ആളുകള്‍ ഉഷാറായി. അയല്‍വാസിയായ ജഡ്‌ജിസാര്‍ പോലീസിലറിയിച്ചു. രാത്രിയായപ്പോള്‍ ചരുവം- പഴന്തുണി മോഷണക്കേസ്‌ അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും, സബ്‌ഇന്‍സ്‌പെക്ടറും, രണ്ടു മൂന്നു പോലീസുകാരും വന്നു. ജഡ്‌ജിസാര്‍ ഇടപെട്ടതു കൊണ്ടു മാത്രമാവണം അവര്‍ വന്നത്‌. ജനത്തിനു പോലീസിനെ കണ്ടമാനം പേടിയുള്ള കാലമായിരുന്നു. പ്രമോഷന്‍ വഴിയാണ്‌ ഇന്‍സ്‌പെക്ടറും മറ്റുമാവുന്നത്‌. നന്നായി നരച്ച രണ്ടു ഭീമാകാരന്മാര്‍. സര്‍ക്കിള്‍ ഒഴിച്ചുള്ളവരുടെ വേഷം നിക്കറാണ്‌. രണ്ട്‌ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കുടവയറിനു കുറുകെ ക്രോസ്‌ ബെല്‍റ്റുണ്ട്‌. അപകടം പറ്റാതിരിക്കാനാണ്‌ വയറിനു കുറുകെ ബൈല്‍റ്റ്‌ കെട്ടിയിരിക്കുന്നത്‌ എന്നാണ്‌ ഞങ്ങള്‍ കുട്ടികള്‍ വിചാരിച്ചത്‌. ഇല്ലെങ്കില്‍ കുടവയര്‍ താഴെ വീണു കാലിനു പരിക്കു പറ്റിയാലോ? പോലീസുകാരുടെ കൈയ്യില്‍ അഞ്ചു ബാറ്ററിയിടുന്ന, അറ്റം നാടകത്തിനും മറ്റും ഉപയോഗിക്കുന്ന സ്‌പോട്ട്‌ ലൈറ്റ്‌ പോലിരിക്കുന്ന ഒരു ടോര്‍ച്ചുമുണ്ടായിരുന്നു. മോഷണമൊഴിവാക്കാന്‍ ഭാവിയിലേക്കു കുറെ ഉപദേശങ്ങളും തന്ന്‌ അവര്‍ പോയി. പഴന്തുണിയും ചരുവുമെല്ലാം അറയ്‌ക്കുള്ളിലോ, നിലവറയ്‌ക്കുള്ളിലോ ഭദ്രമായി പൂട്ടി വെയ്‌ക്കണമെന്നായിരുന്നു പ്രധാന ഉപദേശം. താക്കോല്‍ അവിടെയും ഇവിടെയും ഇടാനും പാടില്ല. എന്തായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ആ ടോര്‍ച്ചങ്ങു പിടിച്ചു.

    ഒറ്റടോര്‍ച്ചില്‍ നിന്ന്‌ ഒരു പഞ്ചായത്തിനുള്ള വെളിച്ചം കിട്ടും. അപ്പോള്‍ എന്റെ അച്‌‌ഛന്‍ ഒരു കഥ പറഞ്ഞു. അച്ഛന്റെ ചെറുപ്പത്തില്‍ അധികം ആരും ടോര്‍ച്ചു കണ്ടിട്ടില്ല. അന്ന്‌ അച്ഛന്റെ ബന്ധു ഒരു ഹെഡ്‌കോണ്‍സ്റ്റബ്‌ളിന്‌ ഇത്തരം ഒരു ടോര്‍ച്ച്‌ ഉണ്ട്‌. മൂപ്പര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ഇരുട്ടത്തു ടോര്‍ച്ചുമായി തോട്ടിന്‍ കരയിലേക്കു പോകും. തിരക്കു പിടിച്ച ഒരു ദിവസത്തിനു ശേഷം പ്രാഥമിക ആവശ്യങ്ങള്‍ സമാധാനപരമായി നിറവേറ്റാനാണ്‌ പോകുന്നത്‌. അങ്ങിനെ മൂപ്പര്‍ തോട്ടിന്‍ കരയില്‍ ഇരുട്ടത്ത്‌ കുത്തിയിരിക്കുമ്പോള്‍ ഒരു പാവം മോഷണത്തൊഴിലാളി പതുങ്ങി പതുങ്ങി വന്നു. കുറ്റാക്കുറ്റിരുട്ടത്ത്‌ തെങ്ങിന്‍ ചുവട്ടില്‍ ഒരു ‘കടുവ’ പതുങ്ങിയിരിക്കുന്ന കാര്യം അറിയാതെ അദ്ദേഹം തോട്ടിലേക്കു ചാഞ്ഞു നില്‌ക്കുന്ന തെങ്ങില്‍ പൊത്തിപ്പിടിച്ചു കയറിത്തുടങ്ങി. ആയ്‌ക്കോട്ടെ എന്ന്‌ ‘കടുവ’യദ്ദേഹവും കരുതി. നമ്മുടെ മോഷണത്തൊഴിലാളി മുകളിലെത്തി തേങ്ങാക്കുലയില്‍ പിടിച്ചു തിരിച്ചതും, കടുവാ ടോര്‍ച്ചെടുത്തു തെങ്ങിന്റെ മുകളിലേക്കു രണ്ടു മിന്നിച്ചു. പാവം മോഷണത്തൊഴിലാളി ദാ കിടക്കുന്നു തോട്ടില്‍. പരമ രസികനായ ‘കടുവ’യദ്ദേഹം അയല്‍വാസിയെ മര്‍ദ്ദിച്ചൊന്നുമില്ല. പിടിച്ചു കയറ്റി വീട്ടില്‍ കൊണ്ടു പോയി തല തോര്‍ത്തിച്ചു, കഞ്ഞിയും കൊടുത്തു, ചെറുതായൊന്നു വിരട്ടി വിട്ടു. പോലീസുകാരില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാവണം എന്റെ വീട്ടിലും, കുടുംബ വീട്ടിലും അടുത്തുള്ള പല വീടുകളിലും ഒരാഴ്‌ചക്കുള്ളില്‍ ടോര്‍‌ച്ചു വാങ്ങി. പക്ഷെ അഞ്ചു ബാറ്ററി ഇല്ല മൂന്നു ബാറ്ററിയേ ഉള്ളൂ. എങ്കിലും ഞങ്ങള്‍ക്ക്‌ ഒരു പുതിയ വിനോദത്തിനുള്ള സാധ്യത തുറന്നു കിട്ടി. രാത്രി മുറ്റത്തിറങ്ങി മാവിലേക്കും പ്ലാവിലേക്കുമൊക്കെ ടോര്‍ച്ചടിച്ച്‌ മരക്കൊമ്പില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കാക്കകളെ ഉപദ്രവിച്ചുണര്‍ത്തുക! അധികം താമസിയാതെ മോഷണത്തൊഴിലാളി എന്ന്‌ പ്രഥമദൃഷ്ട്യാ സംശയിക്കാവുന്ന ഒരാള്‍ ഞങ്ങളുടെ നാട്ടുകാരുടെ വായില്‍ വന്നുപെട്ടു. വെളുപ്പാന്‍കാലത്തു വന്ന അദ്ദേഹത്തെ പട്ടികള്‍ ഓടിച്ചു തെങ്ങില്‍ കയറ്റി ചുവട്ടില്‍ കാവലിരിപ്പുമായി. പിന്നെ നാട്ടുകാര്‍ ഓരോരുത്തരായി വന്നു താഴെയിറക്കാന്‍ ശ്രമം തുടങ്ങി. വാഗ്‌ദാനങ്ങളും ഭീക്ഷണികളും ഒരു പോലെ ഒഴുകി. തെങ്ങിന്റെ മുകളിലിരുന്നു സഹായത്തിനായി ചുറ്റും നോക്കിയ മോഷണത്തൊഴിലാളിയുടെ കണ്ണില്‍ ഒരു നരച്ച തലയും തടിച്ച ഉടലും പെട്ടു. “അമ്മാവാ രക്ഷിക്കണേ” എന്നദ്ദേഹം ദയനീയമായി അഭ്യര്‍ത്ഥിച്ചു. സംഗതി ആകെ പാളി. ‘അകാല നര’ ആണു തലയില്‍ എന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന അവിവാഹിതനായ ഒരു മുന്‍ കായിക താരത്തെയാണ്‌ പാവം മോഷണത്തൊഴിലാളി അമ്മാവാ എന്നു വിളിച്ചത്‌. “ഛീ ഞാന്‍ നിന്റെ അമ്മാവനാണോടാ” എന്നു ചോദിച്ച്‌ അദ്ദേഹം കയ്യില്‍ കിട്ടുന്നതെല്ലാമെടുത്ത്‌ ഏറു തുടങ്ങി. തെങ്ങില്‍ നിന്ന്‌ നാട്ടുകാരുടെ കൈയ്യിലേക്ക്‌ പറന്നിറങ്ങിയ ആ പാവത്തിനെ നാട്ടുകാര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പോലീസ്‌ സ്റ്റേഷന്‍ വരാന്തയില്‍ കൊണ്ടു ചെന്ന്‌ തൂണില്‍ ചാരി വച്ചു. അവശത കണ്ട്‌ പോലീസുകാര്‍ സ്റ്റേഷനിലേക്കെടുത്തില്ല. ഒരു ചൂടു ചായ വാങ്ങി വായിലൊഴിച്ചു കൊടുത്ത ശേഷം റോഡിന്റെ മറു വശത്തു കൊണ്ടു വച്ചു. രണ്ടു രൂപ പോക്കറ്റിലിട്ടു കൊടുത്തിട്ട്‌ ആശുപത്രിയില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു.

    രാവിലെ സംശയാസ്‌പദമായ സാഹചര്യത്തില്‍ തെങ്ങിന്‍ മുകളില്‍ കണ്ടു എന്നതൊഴിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെക്കുറിച്ചറിയില്ല. ആരും ഒന്നും കൂടുതല്‍ അറിയാന്‍ ശ്രമിച്ചുമില്ല. നമ്മുടെ ജനത്തിന്റെ നീതി ബോധം കഠിനം തന്നെ. ശിബി ചക്രവര്‍ത്തി ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നും മറ്റും പറയുന്നത്‌ കാര്യമായ ഗവേഷണം വേണ്ട വിഷയമാണ്‌. ഏതായാലും ഞാന്‍ പരിചയപ്പെട്ടിട്ടുള്ള മോഷണത്തൊഴിലാളികള്‍ ഒട്ടുമുക്കാലും ചെറുകിട മോഷ്ടാക്കളാണ്‌. അവരുടെ മോഷണത്തിന്‌ ഒരു തമാശയുടെ പരിവേഷം എപ്പോഴും ഉണ്ടായിരുന്നു. പണ്ട്‌ സൈക്കിള്‍ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു. ടെലിവിഷനും, വീഡിയോയുമൊക്കെ വരുന്നതിനു മുന്‍പാണ്‌. നാലഞ്ചു നാടോടികള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നാട്ടിലെത്തുന്നു. ഒരു കൂടാരമടിക്കുന്നു. അവരുടെ കയ്യില്‍ ഒരു സൈക്കിള്‍ കാണും. അതിന്‌ ബെല്ല്‌, ബ്രേക്ക്‌, ലൈറ്റ്‌ ഒന്നും കാണില്ല. രണ്ടു ചക്രവും നാലു കമ്പിയും. ഇത്തരം സൈക്കിള്‍ പിന്നെ കണ്ടിട്ടുള്ളത്‌ ഡല്‍ഹി പ്രഗതി മൈതാനില്‍ ചൈനയുടെ ട്രേഡ്‌ ഫെയര്‍ സ്റ്റോളിലാണ്‌. ആകെ വ്യത്യാസം ചൈനീസ്‌ സൈക്കിളില്‍ തുരുമ്പില്ല എന്നതു മാത്രമാണ്‌. സംഘനായകന്‍ സൈക്കിള്‍ അഭ്യാസിയാണ്‌. കൂടെയുള്ള തരുണീമണി നര്‍ത്തകിയാണ്‌. പിന്നെയൊരാള്‍ ജോക്കര്‍ അഥവാ കോമാളി. സൈക്കിളിനേക്കാള്‍ പഴയ ഒരു മൈക്ക്‌ സെറ്റും അതിലും പഴയ ഒരു മൈക്ക്‌ ഓപ്പറേറ്ററും. ആ കാലത്തു മലയാള സിനിമാ ഗാനങ്ങള്‍ ‘ആദ്യസമാഗമ ലജ്ജയില്‍’ ആകെ മുങ്ങി കണ്ണും അടച്ചു നില്‍ക്കുകയാണ്‌. അതിനാല്‍ നര്‍ത്തകിക്കാവശ്യമായ ‘എന്നടീ റാക്കമ്മ’ തുടങ്ങിയ ന്യൂജനറേഷന്‍ ഗാനങ്ങള്‍ തമിഴ്‌ നാട്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്നു. ഏതെങ്കിലും ഒഴിഞ്ഞ പറമ്പിലോ, അമ്പലമുറ്റത്തോ, റോഡുവക്കത്തോ തമ്പടിച്ചാണ്‌ യജ്ഞം. സ്ഥലത്തെ മുനിസിപ്പല്‍ കൗണ്‍സിലറോ, ലൈബ്രറി പ്രസിഡന്റോ, ഹെഡ്‌മാസ്റ്ററോ ആരെങ്കിലും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തിനു സൈക്കിളില്‍ കയറുന്ന യജ്ഞക്കാരന്‍ താഴെയിറങ്ങുന്നത്‌ ഏഴാം ദിവസം. ഇടയ്‌ക്കിടെ ഡാന്‍സും, കോമഡിയുമൊക്കെയുണ്ട്‌. അപ്പോഴും സൈക്കിള്‍ ഓടിക്കൊണ്ടേയിരിക്കും കുളിയും, പല്ലു തേപ്പും, ഭക്ഷണവും, ഡ്രസ്‌ മാറ്റലും ഒക്കെ സൈക്കിളില്‍ തന്നെ. ഇടയ്‌ക്കൊരു പത്തു മിനിട്ട്‌ അടുത്തുള്ള പബ്‌ളിക്‌ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ പോയി, സൈക്കിള്‍ വാതില്‍ക്കല്‍ ചാരി വച്ച്‌, പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും. ജനം ബഹുമാനത്തോടെ സൈക്കിള്‍ യജ്ഞക്കാരന്‍ അകത്തുണ്ടെന്നു പറഞ്ഞു വാതില്‍ക്കല്‍ കൂടി നില്‍ക്കും. പക്ഷെ ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ യജ്ഞത്തിനു വന്ന വിദ്വാന്റെ തട്ടു പൊളിപ്പന്‍ സൈക്കിള്‍ പബ്ലിക്ക്‌ കംഫര്‍ട്ട്‌ സ്റ്റേഷന്റെ വാതില്‍ക്കല്‍ നിന്നു ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു. ‘ദ്‌ ഗ്രേറ്റ്‌ സൈക്കിള്‍ റോബറി’. ഈ സംഭവം മാര്‍ക്കോ പോളോയോ മറ്റോ പറഞ്ഞറിഞ്ഞായിരിക്കണം വിറ്റോറിയ ഡി സീക്ക ബൈ സൈക്കിള്‍ തീവ്‌സ്‌ എന്ന സിനിമ എടുത്തത്‌ എന്നു നാളെ ദേശ സ്‌നേഹിയായ ഏതെങ്കിലും ചലച്ചിത്ര പഠിതാവ്‌ ലേഖനമെഴുതിയാലും അത്ഭുതപ്പെടേണ്ടതില്ല.

    എന്തായാലും ഒരു ‘കുളൂ’ പോലും അവശേഷിപ്പിക്കാതെ ആ മോഷണത്തൊഴിലാളി കടന്നു കളഞ്ഞു. ഓര്‍മ്മയില്‍ വരുന്ന മറ്റൊരു പരമ രസികന്‍ മോഷ്ടാവ്‌ പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട്‌ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ദേശീയപാതാ പരിസരത്തായിരുന്നു അദ്ദേഹത്തിന്റെ വീട്‌. രാത്രികാലങ്ങളില്‍ താന്‍ ഓടിക്കുന്ന ബസ്‌ വീടു പരിസരത്തു കൂടി പോകേണ്ടി വരുമ്പോഴൊക്കെ അദ്ദേഹം വണ്ടി ഒതുക്കി നിര്‍ത്തി ഒരു പൊതി റോഡിനടുത്തുള്ള പറമ്പിലേക്കിടും. വീടു കുറച്ചുള്ളിലാണ്‌. ആരൊക്കെയോ അസൂയക്കാര്‍ അയക്കുന്ന ഊമക്കത്തുകളുടെ എണ്ണം അനിയന്ത്രിതമായപ്പോള്‍ വിജിലന്‍സ്‌ അതീവ രഹസ്യമായി ഒരു രാത്രികാല റെയ്‌ഡ്‌ നടത്തി. ടോര്‍ച്ച്‌ വെളിച്ചത്തില്‍ കണ്ട കാഴ്‌ച അതിമനോഹരമായിരുന്നു. അദ്ദേഹത്തിന്റെ പശുക്കൂടും, കോഴിക്കൂടും, കുളിമുറിയും, കക്കൂസും ചേര്‍ന്നാല്‍ ഒരു കേരള സ്ഥല വിജ്ഞാനകോശം ആവും. വിവിധ സ്ഥലത്തേക്കുള്ള ബസിന്റെ ബോര്‍ഡുകള്‍ കൊണ്ടാണവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്‌. ബേസ്‌മെന്റ്‌ മുതല്‍ മേല്‍ക്കൂര വരെ പല നിറങ്ങളിലുള്ള ഓര്‍ഡിനറി, ഫാസ്റ്റ്‌ പാസഞ്ചര്‍, എക്‌സ്‌ പ്രസ്‌ ബോര്‍ഡുകള്‍ ഇടകലര്‍ത്തി നിര്‍മ്മിച്ച ആ കലാ വസ്‌തുക്കള്‍ പറമ്പിന്‌ അലങ്കാരമായിരുന്നെങ്കിലും കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ചു വിട്ടു. പാരീസിലോ, ന്യൂയോര്‍ക്കിലോ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹം അവിടത്തെ ഫൈന്‍ ആര്‍ട്‌സ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ആകുമായിരുന്നു. ഏതായാലും ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്‌ ഞാനും എന്റെ ഒരു സ്‌നേഹിതനും രാത്രികാലങ്ങളില്‍ ഊരുചുറ്റി ഒരേ തരം ബോര്‍ഡുകള്‍ കുറെയെണ്ണം ഉടമസ്ഥനറിയാതെ ശേഖരിക്കുവാന്‍ തീരുമാനിച്ചു. അഭിഭാഷകരുടെ ബോര്‍ഡുകളായിരുന്നു ഞങ്ങള്‍ക്ക്‌ എളുപ്പത്തില്‍ കിട്ടാവുന്നത്‌്‌. പത്തു നാല്‌പതെണ്ണം പെട്ടെന്നു കിട്ടിയെങ്കിലും, അവ ഉപയോഗിക്കുവാന്‍ ഒരു സ്ഥലം കിട്ടാത്തതു കൊണ്ടും വീട്ടുകാരോ നാട്ടുകാരോ കണ്ടാല്‍ തല്ലു കിട്ടുമെന്നതു കൊണ്ടും ഞങ്ങള്‍ ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നെ എല്ലാത്തിന്റെയും നിറം കറുപ്പും വെളുപ്പും ആയിരുന്നു എന്നതൊഴിച്ചാല്‍ അവയ്‌ക്കു എന്തെങ്കിലും സാമ്യമോ, അല്‌പമെങ്കിലും കലാമൂല്യമോ ഇല്ലായിരുന്നു. അധികം താമസിയാതെ ഞങ്ങള്‍ രണ്ടു പേരും അഭിഭാഷകരായി എന്നതു വേറൊരു യാദൃശ്ചികത. അഭിഭാഷകരുമായി ബന്ധപ്പെട്ട മറ്റൊരു കഥയും ഓര്‍മ്മ വരുന്നു. സ്വന്തമായി അഭിഭാഷകനെ വയ്‌ക്കാന്‍ ശേഷിയില്ലാത്ത പ്രതിക്കായി കോടതി സൗജന്യമായി ഒരു അഭിഭാഷകനെ നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെട്ട ഒരു അഭിഭാഷകന്‍ തനിക്കു കക്ഷിയായി കിട്ടിയ മോഷണത്തൊഴിലാളിയോടു പറഞ്ഞു “തന്നെ വെറുതെ വിട്ടില്ലെങ്കില്‍ എന്റെ പേരു പട്ടിക്കിട്ടോ”. തൊഴിലാളി പറഞ്ഞു “സാറെ, ഇത്രയും ആത്മവിശ്വാസം വേണ്ട. സൂക്ഷിച്ചു കേസു പഠിച്ചു വാദിക്ക്‌. ഞാനിതു കുറെ കണ്ടതാ ്‌” എന്നിട്ടിത്രയും കൂടി കൂട്ടിച്ചേര്‍ത്തു “പിന്നെ സാറേ, എന്നെ ശിക്ഷിച്ചാല്‍ ഞാനും എന്തെങ്കിലുമൊക്കെ ചെയ്യും”. രണ്ടു കൊല്ലത്തെ തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം ആദ്യം ചെയ്‌തത്‌ വക്കീലാഫീസിന്റെ ഓടിളക്കി അകത്തു കയറി അവിടിരുന്ന ടൈപ്പു റൈറ്ററും പുസ്‌തകങ്ങളുമെടുത്ത്‌ ആക്രിക്കാരനു കൊടുക്കുകയാണ്‌.

    പിറ്റേന്നു രാവിലെ ചെല്ലുമ്പോള്‍ അിഭാഷകന്റെ കസേരയില്‍ ‘സാറെ ഞാന്‍ പറഞ്ഞ പോലെ ചെയ്‌തു കള്ളന്‍ ഗോപാലന്‍’. എന്ന്‌ ഒരു കുറിപ്പ്‌ മറ്റാരെയോ കൊണ്ടെഴുതി വച്ച്‌, മുകളില്‍ ഒരു കല്ലും എടുത്തു വച്ചിരിക്കുന്നു. മൈസൂറില്‍ താമസിച്ചു പഠിക്കുന്ന കാലത്താണ്‌ ഞാന്‍ മോഷണത്തിന്റെ സാമ്പത്തിക ശാസ്‌ത്രം മനസ്സിലാക്കുന്നത്‌. അതുവരെ എന്റെ ധാരണ അന്‍പതും നൂറും പവന്‍ മോഷിക്കുന്ന കള്ളന്മാര്‍ ശിഷ്ടജീവിതം സുഖമായി വാഴും എന്നായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു ദിവസം കുറച്ചു പോലീസുകാര്‍ വന്നു മുറി വാടകയ്‌ക്ക്‌ എടുത്തു. കട്ടിലില്‍ ഇന്‍സ്‌പെക്ടര്‍ ചാരിക്കിടക്കുന്നു. നിലത്തൊരാള്‍ ഇരിപ്പുണ്ട്‌. പുറത്ത്‌ ഒരു സ്‌ത്രീയും, ഒരു പിഞ്ചു കുട്ടിയും. അകത്തും പുറത്തും പോലീസുകാര്‍. അവര്‍ നാലഞ്ചു ദിവസം അവിടെ ഉണ്ടായിരുന്നു. പരിചയപ്പെട്ടു വന്നപ്പോള്‍ നിലത്തിരിക്കുന്ന ആള്‍ കര്‍ണ്ണാടകത്തിലെ ഏറ്റവും പ്രമുഖ മോഷണത്തൊഴിലാളികളിലൊരാള്‍ ആണ്‌. കൂടെയുള്ളതു ഭാര്യയും കുട്ടിയും. അദ്ദേഹം എവിടെയൊക്കെയോ മോഷണം നടത്തികിട്ടിയ നൂറുകണക്കിനു പവന്‍ സ്വര്‍ണ്ണം മൈസൂറിലെ ചില വ്യാപാരികള്‍ക്കു വിറ്റു. അതു വീണ്ടെടുക്കാന്‍ പോലീസ്‌ കൊണ്ടു വന്നിരിക്കുകയാണ്‌. സ്ഥിരം താമസമോ, വരുമാനമോ ഇല്ലാത്തതു കൊണ്ടു സ്ഥിരം ഭാര്യയുമില്ല. ഇതു നാലാമത്തെ ഭാര്യയാണ്‌. ജയില്‍ ജീവിതം കഴിഞ്ഞു വരുമ്പോള്‍ ഭാര്യമാര്‍ പോയിരിക്കും. താമസിക്കാനിടമില്ലാത്തതു കൊണ്ടും, കുഞ്ഞു തീരെ ചെറുതായതു കൊണ്ടും, ഈ ഭാര്യയെ കൂടെ കൂട്ടാന്‍ പോലിസുകാര്‍ അനുവദിച്ചു. സംഗതി നിയമപരമാക്കാന്‍ തൊണ്ടിമുതല്‍ വില്‍ക്കാന്‍ കൂട്ടു നിന്നു എന്നൊരു കേസ്‌ ഭാര്യയുടെ പേരിലും എടുത്തു. ഏതായാലും അദ്ദേഹം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത്‌ പരിചയപ്പെടാനും സംസാരിക്കാനും എനിക്ക്‌ അവസരം കിട്ടി. ഒരാളെ കാവല്‍ നിര്‍ത്തി ബാക്കി പോലീസുകാര്‍ ഭക്ഷണം കഴിക്കാനും നഗരം ചുറ്റിക്കാണാനും ഇറങ്ങും. അപ്പോഴാണ്‌ ഞങ്ങള്‍ സംസാരിക്കുന്നത്‌. സംസാരിച്ചതിന്റെ ചുരുക്കം ഇതാണ്‌. തൊണ്ടി മുതലിന്‌ ഒരിടത്തും വിലയില്ല. 100 പവന്‍ മോഷ്ടിച്ചാലൊന്നും മോഷണത്തൊഴിലാളി രക്ഷപ്പെടില്ല. അദ്ദേഹം വില്‌ക്കാന്‍ ചെല്ലുന്നതു കാണുമ്പോഴേ സ്വര്‍ണ്ണക്കടക്കാരന്‍ ഷട്ടര്‍ ഇടാന്‍ നോക്കും. കാരണം എത്ര വര്‍ഷം കഴിഞ്ഞാലും പോലീസു പിടിച്ച്‌ ഓമനിക്കുമ്പോള്‍ തൊഴിലാളി സത്യം പറഞ്ഞു പോകും. അവര്‍ കട അന്വേഷിച്ചു ചെല്ലും. അന്നു വ്യാപാരി സാധനം സ്വന്തം കയ്യില്‍ നിന്നു തിരിച്ചു കൊടുക്കേണ്ടി വരും. വേറെ പോകാനിടമില്ലാത്ത മോഷണത്തൊഴിലാളി കടയില്‍ തന്നെ ചുറ്റിപ്പറ്റി നില്‌ക്കും. ഒടുവില്‍ വ്യാപാരിയുടെ മനസ്സലിയും. പിന്നെ വിലപേശലാണ്‌. “പോലീസു പിടിച്ചാല്‍ പകുതി സ്വര്‍ണ്ണം ഉടമസ്ഥനു തിരിച്ചു കൊടുക്കണം. പിന്നെ കേസില്‍ നിന്നൂരാന്‍ ബാക്കി പകുതി പോലീസിനും വക്കീലിനുമായി പോകും. ഞങ്ങള്‍ക്കീ മെനക്കേടിനും വല്ലതും കിട്ടണ്ടേ?. ഒരു പത്തു ശതമാനം വിലയ്‌ക്കാണേല്‍ തന്നേരെ”. അങ്ങനെ നൂറു പവന്‍ മോഷിടിക്കുന്ന നമ്മുടെ തൊഴിലാളിക്കു കിട്ടുന്നത്‌ പത്തോ പതിനഞ്ചോ പവന്റെ കാശു മാത്രമാണ്‌. ചുമ്മാതാണോ മോഷണത്തൊഴിലാളികള്‍ ഗതി പിടിക്കാത്തത്‌? ഓരോ നാട്ടിലും പ്രാദേശികമായി ഒരു കള്ളന്‍ ഉണ്ടാവാറുണ്ട്‌. പക്ഷെ മൂപ്പരുടെ വിക്രിയകള്‍ കൂടുതലും അടുത്ത പഞ്ചായത്തിലായിരിക്കും.

    ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത്‌ അദ്ദേഹത്തിന്റെ നാട്ടിലെ ഒരു മോഷണത്തൊഴിലാളിയെക്കുറിച്ചു പറഞ്ഞു. ‘കള്ളനമ്മാവന്‍’ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്‌. വേഷത്തിലും ഭാഷയിലുമൊക്കെ തികഞ്ഞ തറവാടി ആയിരുന്നു അദ്ദേഹം. പണ്ടൊക്കെ വിവാഹം കഴിഞ്ഞു വിവാഹത്തിന്റെ നാലാം ദിവസം വധുവരന്മാര്‍ വരന്റെ ഗൃഹത്തില്‍ നിന്നും വധൂഗൃഹത്തിലേക്കു പോകുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പിന്നെ മൂന്നു നാലു ദിവസം അവിടെയാണു താമസം. അഞ്ചാം ദിവസം രാവിലെ ഒരു പതിനൊന്നു മണിയാകുമ്പോള്‍ നമ്മുടെ ‘അമ്മാവന്‍’ ഭര്‍ത്താവിന്റെ വീട്ടിലെത്തും. താന്‍ വധുവിന്റെ അമ്മാവനാണെന്നു സ്വയം പരിചയപ്പെടുത്തും. വധൂവരന്മാര്‍ വിരുന്നു പോയി എന്നു പറയുമ്പോള്‍ നിരാശപ്പെടും. അവര്‍ കാണുമെന്നു വിചാരിച്ചാണു താന്‍ വന്നതെന്നു പറഞ്ഞിറങ്ങാന്‍ തുടങ്ങും.പാവം വീട്ടുകാര്‍ പുതിയ ബന്ധുവിനെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി ഊണൊക്കെ കഴിപ്പിക്കും. സരസമായി സംസാരിക്കുന്ന അദ്ദേഹം എല്ലാവരെയും പരിചയപ്പെടും. പിന്നെ അമ്മാവന്റെ പ്രൗഢിയില്‍ അല്‌പമൊന്നു മയങ്ങും. വീട്ടുകാര്‍ ഉച്ചയുറക്കം കഴിഞ്ഞു നോക്കുമ്പോഴേക്കും അമ്മാവന്‍ പോയിരിക്കും. കൂടെ വധുവിന്റെ ആഭരണങ്ങള്‍ തൊട്ട്‌ കൈ കാല്‍ കഴുകാന്‍ വെള്ളം കൊടുക്കുവാനുപയോഗിച്ച ഓട്ടു കിണ്ടിയും, മൊന്തയും വരെ എന്തും പോകാം. കൗശലക്കാരികളായ അമ്മായിഅമ്മമാര്‍ ഭാവിയില്‍ ഇതു വലിയൊരു ആയുധമായെടുക്കും. ഏത്‌‌ അതിഥി വന്നാലും പറയും പണ്ടു സുകുമാരീടെ അമ്മാവന്‍ വന്നു കിണ്ടീം മൊന്തേം മോട്ടിച്ചോണ്ടു പോയ പിന്നെ കതകു തുറന്നിടാറേയില്ല…’ പാവം വധു! അത്‌ തന്റെ അമ്മാവനല്ലായിരുന്നു എന്ന്‌ എങ്ങിനെ തെളിയിക്കാന്‍…..? സ്‌ത്രീകളുടെ പ്‌രാക്കായിരിക്കണം, കള്ളനമ്മാവന്‌ അകാല മൃത്യു സംഭവിച്ചു. എന്തായാലും ഞങ്ങളുടെ സ്വന്തം തട്ടകത്തു വിളയാടിയിരുന്ന ഞങ്ങളുടെ സ്വന്തം മോഷണത്തൊഴിലാളിക്ക്‌ അപാരറേഞ്ച്‌ ആയിരുന്നു. കോഴിയും, തേങ്ങയും, നാരങ്ങയും മുതല്‍ ഇലക്ട്രിക്‌ പമ്പ്‌സെറ്റും, സ്വര്‍ണ്ണാഭരണങ്ങളും വരെ എന്തും മോഷ്ടിക്കുന്ന അദ്ദേഹം ഒരു ദന്തഗോപുരവാസി അല്ലായിരുന്നു. മോഷണം ഇല്ലാത്ത സമയങ്ങളില്‍ നാട്ടുകാരോട്‌ അടുത്തിടപഴകും. ഉത്സവം, വിവാഹം, മരണം തുടങ്ങിയ ഇടങ്ങളിലെല്ലാം നിത്യസാന്നിദ്ധ്യമാണ്‌. അതുകൊണ്ട്‌ ഒരു ദോഷവും പറ്റി. ആളുകള്‍ക്കു അദ്ദേഹെത്ത പേടിയില്ലാതെയായി. സമ്പന്നന്‍മാര്‍ മോഷണം നടന്നാല്‍ പട്ടാളത്തെ തന്നെ വിളിക്കാന്‍ നോക്കും. പട്ടാളം വരില്ല എന്നുറപ്പാവുമ്പോള്‍ പോലീസിനെ വിളിക്കും. എന്നാല്‍ പാവപ്പെട്ടവരും ഇടത്തരക്കാരും അങ്ങിനെയല്ലല്ലോ. അവര്‍ നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചു കൂട്ടി മോഷണത്തൊഴിലാളിയുടെ വീട്ടിലേക്കു ചെല്ലും, എടാ കുട്ടപ്പാ, ഇറങ്ങി വാടാ’ അദ്ദേഹം പരമ സാധുവായി ഇറങ്ങി വരും. പക്ഷെ ആള്‍ക്കൂട്ടത്തിനു മര്യാദ ഇല്ലല്ലോ. വരുന്ന പാടെ നാല്‌ അടി പറ്റിക്കും. അതു കഴിഞ്ഞാണു ചോദ്യം ` എന്റെ പമ്പു സെറ്റെന്തിയേടാ? ‘ അദ്ദേഹം കള്ളം പറയില്ല. “ചേട്ടാ എനിക്കും ജീവിക്കേണ്ടേ ഞാന്‍ ആക്രിക്കാരനു കൊടുത്തു. നൂറുരൂപ വാങ്ങി”. “എന്നാല്‍ കാശെടുക്കെടാ”. “എന്റെ കയ്യില്‍ എവിടാ കാശ്‌?” അന്നത്തെക്കാലത്ത്‌ ആയിരം രൂപ വിലയുള്ള പമ്പു സെറ്റാണ്‌. ഒടുവില്‍ 120 രൂപ കള്ളന്റെ കയ്യില്‍ കൊടുത്തു വിടും. സാധനം തിരിച്ചു വാങ്ങി തലച്ചുമടായി വീട്ടിലെത്തിച്ചു തരും. ഇരുപതു രൂപ ചുമട്ടു കൂലിയാണ്‌. എന്റെ അനിയന്റെ സഹപാഠിയായിരുന്നു ഈ കുട്ടപ്പന്‍. ആ നിലയ്‌ക്കു ഞങ്ങള്‍ ലോഹ്യക്കാരായിരുന്നു താനും.

    കുട്ടപ്പന്‍ മോഷണം തൊഴിലാക്കിയതിനു ശേഷവും സൗഹൃദത്തിനു കുറവൊന്നും സംഭവിച്ചില്ല. എങ്കിലും അദ്ദേഹം മോഷണത്തൊഴിലാളിയായി പ്രഖ്യാപിക്കപ്പെട്ടതു ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. വീടിനടുത്തുള്ള ഒരു കോളേജിന്റെ കെട്ടിടം പണിക്കായി കോളേജധികൃതര്‍ ഇറക്കി ഇട്ടിരുന്ന കമ്പിയും സിമന്റും ആര്‍ക്കോ വിറ്റു കൊണ്ടായിരുന്നു കുട്ടപ്പന്റെ അരങ്ങേറ്റം. സഹൃദയനായ കുട്ടപ്പന്‍ സാധനങ്ങള്‍ കൈ കൊണ്ടു തൊടുക പോലും ചെയ്യാതെയാണ്‌ ആദ്യമോഷണം നടത്തിയത്‌. കോളേജ്‌ പണി ഏറ്റെടുത്തിരിക്കുന്ന കോണ്‍‌ട്രാക്‌റ്ററുടെ മകനാണെന്നോ, പ്രിന്‍സിപ്പലിന്റെ മകനാണെന്നോ ഒക്കെ ആരെയോ പറഞ്ഞു വിശ്വസിപ്പിച്ച്‌ സാധനങ്ങള്‍ ഒന്നടങ്കം കച്ചവടം നടത്തിക്കളഞ്ഞു. കുട്ടപ്പന്‍ മോഷണം തുടങ്ങി എന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കാര്യം എളുപ്പമായി. വഴിയില്‍ കാണുമ്പോള്‍ സൗഹൃദ സംഭാഷണത്തിനൊടുവില്‍ ഒരു അഭ്യര്‍ത്ഥന ‘കുട്ടപ്പാ നമ്മുടെ വീട്ടിലെങ്ങും കയറിയേക്കല്ലേ’. തികഞ്ഞ മാന്യനായ കുട്ടപ്പന്‍ അതു പാലിച്ചു പോന്നു.എല്ലാ മോഷണത്തൊഴിലാളികളുടെയും ജീവിത കഥ ഏതാണ്ട്‌ ഒരു പോലെയാണ്‌. പോലീസുകാരുടെ സ്ഥാനം നോക്കിയുള്ള ഇടി. നാട്ടുകാരുടെ സ്ഥാനം നോക്കാതെയുള്ള ഇടി. ഇതൊക്കെ എക്കാലവും ശരീരം താങ്ങില്ലല്ലോ. സാധാരണ കള്ളന്മാരെല്ലാം അവസാനിക്കുന്നത്‌ പോലീസ്‌ ഇന്‍ഫോര്‍മര്‍മാരായാണ്‌. നാട്ടുകാരുടെയും പോലീസിന്‍െറയും തല്ലു സഹിക്കാന്‍ ആരോഗ്യമില്ലാതാവുമ്പോള്‍ അവര്‍ സ്വയം കണ്ടെത്തുന്ന തൊഴിലാണ്‌. മറ്റു കള്ളന്മാരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുക എന്നത്‌. കുട്ടപ്പനും അതു തന്നെ ചെയ്‌തു. ബുദ്ധിമാനായതു കൊണ്ട്‌ മോഷണം തുടങ്ങി നാലഞ്ചു കൊല്ലത്തിനുള്ളില്‍ തന്നെ ചെയ്‌തു. അതു കൊണ്ട്‌ ശരീരത്തിന്‌ അപരിഹാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല. ഈയിടെ എന്റെ നാട്ടുകാരില്‍ ചിലരെ കണ്ടപ്പോള്‍ ഞാന്‍ കുട്ടപ്പനെക്കുറിച്ച്‌ അന്വേഷിച്ചു. അവനിപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ചീഫ്‌ ഡോക്ടറുടെ ശിങ്കിടി ആണത്രേ. വിവരം കൈമാറിയ സുഹൃത്ത്‌ പറഞ്ഞ വാചകം ഇതാണ്‌ “അവനിപ്പോള്‍ മോഷണം നിര്‍ത്തി, പിന്നെ ആ കൊള്ളക്കാരന്റെ സഹായി ആയി പോകുന്നുണ്ട്‌”.

  • യന്തിരന്‍

    ഞാന്‍ വളര്‍ന്നത്‌ ഒരു പട്ടണ പ്രാന്തത്തിലാണ്‌. അത്‌ നല്ല ഒരു നാട്ടിന്‍പുറമായിരുന്നു. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നത്‌ അവിടെ കുറെ ഫാക്ടറികള്‍ ഉണ്ടായിരുന്നു എന്നതാണ്‌. അവയില്‍ പലതും വളരെ പെട്ടെന്നു പൂട്ടുകയും പിന്നെ മറ്റൊരു രൂപത്തില്‍ തുറക്കുകയും ചെയ്‌തിരുന്നതിനാല്‍ കുട്ടിക്കാലത്തു തന്നെ ഒരു പാടു യന്ത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. സാധാരണ നാട്ടിലെല്ലാം കാണുന്ന നെല്‍പാടത്തു വെള്ളം വറ്റിക്കുന്ന യന്ത്രത്തിനും, കൊപ്രയാട്ടുന്ന യന്ത്രത്തിനും, ഗോതമ്പു പൊടിക്കുന്ന യന്ത്രത്തിനുമൊക്കെ പുറമേ സോപ്പു നിര്‍മ്മാണം തൊട്ട്‌ ഹാര്‍ഡ്‌ ബോര്‍ഡ്‌ നിര്‍മ്മാണം, തടിവ്യവസായം, എല്ലുപൊടിക്കല്‍, പ്ലാസ്റ്റിക്‌ നിര്‍മ്മാണം, രാസവള നിര്‍മ്മാണം, റബ്ബര്‍ വ്യവസായം, പ്ലൈവുഡ്‌ വ്യവസായം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്കുള്ള പല ഫാക്ടറികളിലുമായി ഒട്ടനവധി യന്ത്രങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അന്നു ഞങ്ങളെ ആകര്‍ഷിച്ചിരുന്ന ഒരു പ്രധാന യന്ത്രം ക്രെയ്‌ന്‍ ആണ്‌. ഒരു തടി ഫാക്ടറിയില്‍ മരം ആറ്റില്‍ നിന്നെടുത്ത്‌ കരയില്‍ വയ്‌ക്കുന്നതിനായി ഒരു ക്രെയ്‌ന്‍ സ്ഥാപിച്ചിരുന്നു. ഈ ക്രെയ്‌ന്‍ അന്നൊരപൂര്‍വ്വ വസ്‌തുവായിരുന്നു. വലിയ മുട്ടന്‍ തടികളെ വെറും ഈര്‍ക്കില്‍ക്കഷണം പോലെയാണ്‌ അവന്‍ തൂക്കിയെടുത്തു വട്ടം കറക്കി തറയിലടിച്ചിരുന്നത്‌. ടെലിവിഷന്‍ ഇല്ലാത്ത അക്കാലത്ത്‌ ഇത്തരം സംഗതികള്‍ കാണാന്‍ കഴിയുന്നതു തന്നെ അപൂര്‍വ്വമായിരുന്നു. അങ്ങനെ ഇവയെല്ലാം കൂടി എനിക്ക്‌ യന്ത്രങ്ങളില്‍ താത്‌പര്യം ജനിപ്പിച്ചു. അങ്ങിനെയിരിക്കുമ്പോള്‍ ഏഴാംക്ലാസ്സിലെയോ എട്ടാം ക്ലാസ്സിലെയോ ഫിസിക്‌സ്‌ പുസ്‌തകത്തില്‍ ലഘുയന്ത്രങ്ങള്‍ എന്നൊരു പാഠം പഠിക്കേണ്ടി വന്നു. മനുഷ്യര്‍ സാധാരണ ചെയ്യുന്ന ജോലികളെ ആയാസരഹിതമായി കൂടുതല്‍ നന്നായി ചെയ്യാന്‍ സഹായിക്കുന്ന വളരെ ലളിതമായ യന്ത്രരൂപങ്ങളാണ്‌ ലഘുയന്ത്രങ്ങള്‍. ഉദാഹരണം – വെള്ളം കോരുന്ന കപ്പി, കവണ, പാക്കുവെട്ടി. ഇത്രയും അറിഞ്ഞാല്‍മതി ആവശ്യത്തിനു മാര്‍ക്കു കിട്ടും. പക്ഷെ ഗ്രഹപ്പിഴക്കാരനായ ഞാന്‍ അതൊന്നു പരീക്ഷിക്കാന്‍ ശ്രമിച്ചു. ഇതില്‍ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്നതു കവണയാണ്‌. ഞാന്‍ കാപ്പിച്ചെടിയില്‍ നിന്നും നന്നായി മൂത്ത Y ആക്യതിയിലുള്ള ഒരു കമ്പു മുറിച്ചെടുത്തു ചീകി വൃത്തിയാക്കി വെയിലത്തു വച്ചുണക്കിയെടുത്തു. പഴയ ടയര്‍ വില്‌ക്കുന്ന കടയില്‍ പോയി ഉപയോഗശ്യൂന്യമായ ടയര്‍ കീറിയെടുത്ത റബ്ബര്‍ ബാന്‍ഡും ചെരുപ്പു പണിക്കാരനോട്‌ ഇരന്നു വാങ്ങിയ തുകല്‍കഷ്‌ണവും വച്ചു ലഘു യന്ത്രം മുഴുവനാക്കി. ഇനി ഇതു പരീക്ഷിക്കണമല്ലോ. സഹായി എന്റെ ഒരനിയനാണ്‌. യന്ത്രത്തിന്റെ കഴിവില്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പൂര്‍ണ്ണ വിശ്വാസമുണ്ട്‌. പാഠപുസ്‌തകത്തില്‍ തെറ്റു വരില്ല എന്നാണ്‌ സ്‌കൂളില്‍ ചേര്‍ന്ന കാലം മുതല്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌. നിറയെ മാങ്ങയുള്ള ഒരു നാട്ടു മാവു കണ്ടുപിടിച്ചു. വീടിനടുത്തുള്ള ഒരു ഫാക്ടറി വളപ്പിലാണ്‌ മാവിന്റെ ചുവട്‌. പക്ഷെ മാവിന്റെ ചില്ല മുഴുവന്‍ ഞങ്ങളുടെ പറമ്പിലാണ്‌. ഈ മാവു നില്‌ക്കുന്ന പറമ്പ്‌ ഞങ്ങളുടെ പറമ്പില്‍ നിന്ന്‌ ഒരു പത്തടി താഴെയാണ്‌. എന്നു പറഞ്ഞാല്‍ മാങ്ങ കിടക്കുന്നു കൊമ്പിലേക്ക്‌ പറമ്പില്‍ നിന്നുള്ള പരമാവധി ഉയരം പതിനഞ്ചടി. ഞങ്ങള്‍ ലഘുയന്ത്രം പ്രയോഗിച്ചു മാങ്ങ പറിക്കാന്‍ ശ്രമം തുടങ്ങി. മാലി കുട്ടികള്‍ക്കായി എഴുതിയ മഹാഭാരതം ചെറുപ്പത്തില്‍ തന്നെ വായിച്ചിരുന്നതു കൊണ്ട്‌ ശാസ്‌ത്രീയമായി തന്നെയാണ്‌ ആയുധം പ്രയോഗിച്ചത്‌. മാങ്ങയില്‍ കണ്ണിമയ്‌ക്കാതെ നോക്കി കവണ രണ്ടു കണ്ണിനും മധ്യത്തിലായി പിടിച്ച്‌, റബ്ബര്‍ ബാന്‍ഡ്‌ ചെവി വരെ വലിച്ചൊക്കെയാണു പ്രയോഗം. പക്ഷെ ഏല്‍ക്കുന്നില്ല. കല്ല്‌ വല്ലപ്പോഴുമൊക്കെ മാവില്‍ ചെന്നു കൊള്ളുന്നുണ്ടെങ്കിലും ഒരു കൊതുകു കടിക്കുമ്പോഴത്തെ അസ്വസ്ഥതയേ മാങ്ങയ്‌ക്കുള്ളൂ. അരമണിക്കൂറായിട്ടു മാങ്ങ ഒന്നും വീഴുന്നില്ല. ഞങ്ങള്‍ നിരാശരായി തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു എന്റെ ഒരു ചേട്ടന്‍. ഈ ചേട്ടന്‍ താമസിക്കുന്നത്‌ ഏഴെട്ടു കിലോമീറ്റര്‍ അകലെയാണ്‌. സാമാന്യം നല്ല ഉഴപ്പനാണ്‌. അസാമാന്യ രസികനുമാണ്‌. മൂപ്പര്‍ ഓര്‍ക്കാപ്പുറത്ത്‌ പത്താംക്ലാസ്സ്‌ പരീക്ഷ പാസായി. വിശദമായി പറഞ്ഞാല്‍ പരീക്ഷ എഴുതിയിട്ട്‌ എന്തു വന്നാലും പാസ്സാവില്ല എന്നുറപ്പിച്ച്‌ അല്‌പം സാമൂഹ്യസേവനവുമൊക്കെയായി നടക്കുമ്പോള്‍ അദ്ദേഹം പാസ്സായി എന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. ലേശം ഉന്മാദാവസ്ഥയിലായ ചേട്ടന്‍ ഇടയ്‌ക്കിടെ തിരിഞ്ഞു നോക്കിയാണ്‌ ആയിടെ നടന്നിരുന്നത്‌. പരീക്ഷ പാസായെന്ന സര്‍ട്ടിഫിക്കറ്റ്‌ തിരുത്താന്‍ പുറകെ സര്‍ക്കാര്‍ ആളെ വിട്ടിട്ടുണ്ടോ എന്നാണു പേടി. ആ അന്ധാളിപ്പിനിടയിലും ബന്ധുഗൃഹ സന്ദര്‍ശനത്തിന്‌ അദ്ദേഹം സമയം കണ്ടെത്തി. ഞങ്ങള്‍ ലഘുയന്ത്രം അദ്ദേഹത്തെ ഏല്‍പ്പിച്ചു. അതോടെ കാര്യങ്ങള്‍ അല്‌പം മെച്ചമായി. നാലഞ്ചു പ്രവശ്യം യന്ത്രം പ്രയോഗിച്ചാല്‍ ഒരു മാങ്ങയൊക്കെ കിട്ടുമെന്നായി കുറെ തവണ കഴിഞ്ഞപ്പോള്‍ അദ്ദേഹവും മടുത്തു. മൂപ്പര്‍ ചോദിച്ചു ‘ഇങ്ങനെ തന്നെ പറിക്കണോ?’ ഞാനും അനിയനും മുഖാമുഖം നോക്കി. പിന്നല്ലാതെ എങ്ങിനെ പറിക്കും? ഇതല്ലേ ഊര്‍ജജതന്ത്രത്തില്‍ എളുപ്പവഴിക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന ലഘുയന്ത്രം?. ഇതിനപ്പുറം എന്ത്‌ എളുപ്പവഴി? ഞങ്ങള്‍ കണ്ണുമിഴിച്ചു നില്‌ക്കുമ്പോള്‍ ആ അക്ഷരവൈരി ചോദിച്ചു. ‘നമ്മുക്കു കമ്പുവെട്ടി എറിഞ്ഞാലോ?’ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം മാവിന്റെ ഉടമസ്ഥന്റെ വേലിയില്‍ നിന്ന്‌ തന്നെ ഒരു പത്തല്‍ ഒടിച്ചെടുത്തു. അതാണല്ലോ അതിന്റെ ന്യയം. പത്തല്‍ ചവിട്ടി ഒടിച്ചു രണ്ടു കഷ്‌ണമാക്കി ഒരു കഷ്‌ണം ചുഴറ്റി ഒരേറ്‌. ദാ കിടക്കുന്നു ഒരു കുല മാങ്ങ താഴെ. ഒന്നും രണ്ടുമല്ല, മുപ്പത്താറു മാങ്ങ! പിന്നെത്താമസിച്ചില്ല ലഘുയന്ത്രത്തിന്റെ കസ്‌റ്റോഡിയനായ അനിയന്‍ അതു വലിച്ചൊരേറ്‌. അപ്പോഴും വീണു രണ്ടു മാങ്ങ.

    സത്യം പറഞ്ഞാല്‍ പാഠപുസ്‌തകങ്ങളോടുള്ള ഞങ്ങളുടെ വിധേയത്വമാണ്‌ ആ ഏറില്‍ പോയത്‌. വിശ്വാസവും. നിങ്ങള്‍ക്കറിയാവുന്ന ഒരു മികച്ച ലഘുയന്ത്രം ഏതെന്ന്‌ ഒരു ചോദ്യം പരീക്ഷയ്‌ക്കു വരികയും ഞാന്‍ ‘വേലിപ്പത്തല്‍ ചവിട്ടി ഒടിച്ചത്‌’ എന്നെഴുതുകയും ചെയ്‌തിരുന്നെങ്കില്‍ എന്തായിരുന്നേനെ പുകില്‍? കേരളത്തിലെ മുഴുവന്‍ ഊര്‍ജ്ജതന്ത്ര അധ്യാപകരും ഞങ്ങള്‍ കണ്ടു പിടിച്ച പുതിയ ലഘുയന്ത്രം ഓരോന്നൊടിച്ച്‌ എന്റെ നേര്‍ക്കു വരികയും ഞാന്‍ ‘അസ്ഥിത്വ’ ദുഖം മൂലം ശിഷ്ട ജീവിതം മുഴുവന്‍ ബാന്‍ഡേജിട്ടു കഴിയേണ്ടി വന്നേനെ. അതോടെ എനിക്ക്‌ ഒരു കാര്യം ബോധ്യമായി. പാഠപുസ്‌തകങ്ങള്‍ അതിബുദ്ധിമാന്‍മാര്‍ക്കും, അപാര മണ്ടന്മാര്‍ക്കും മാത്രമുള്ളതാണ്‌. അതി ബുദ്ധിമാന്‍മാര്‍ ആ പുസ്‌തകങ്ങളുടെ അന്തസ്സാര ശൂന്യത മനസ്സിലാക്കി ഒരു നിസ്സംഗതയോടെ ഉത്തരം അതേപടി എഴുതി വച്ചു മാര്‍ക്കു നേടും. അപാരമണ്ടന്മാര്‍ പാഠപുസ്‌തകത്തെ ദൈവവചനം പോലെ കാണും. ഇടയ്‌ക്കു നില്‍ക്കുന്ന എന്നെപോലെയുള്ള ഇടത്തരക്കാര്‍ കണ്‍ഫ്യൂഷനില്‍ മുങ്ങി മരിക്കും. എന്തായാലും ഞാന്‍ ആകെ ഒരു ചിന്താക്കുഴപ്പത്തില്‍ പെട്ടു പോയി. അങ്ങിനെ രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ റേഡിയോയില്‍ അല്‌പം വ്യത്യസ്‌തമായ ഒരു പാട്ട്‌ കേള്‍ക്കുന്നു. അടുത്ത വീട്ടിലെ റേഡിയോവില്‍ നിന്നാണ്‌. ഇടയ്‌ക്കൊരു കാര്യം പറഞ്ഞു കൊള്ളട്ടെ. അന്നൊക്കെ റേഡിയോ ആണു താരം. ടെലിവിഷന്‍ ഇല്ല. ടേപ്പ്‌ റെക്കാര്‍ഡര്‍ പോലും അധികമാര്‍ക്കുമില്ല. സാധാരണ ജനത്തിന്‌ വിശ്രമത്തിനും, വിനോദത്തിനും, പിന്നെ എരിവോ, പുളിയോ, മസാലയോ, എന്തിനധികം ഉപ്പുപോലുമില്ലാത്ത സര്‍ക്കാര്‍ വാര്‍ത്തകള്‍ കിട്ടാനും റേഡിയോ തന്നെ ശരണം. ഞാന്‍ കേള്‍ക്കുന്ന പാട്ട്‌ പാടിയിരിക്കുന്നത്‌ എനിക്കു പരിചയമുള്ള ആരോ ആണ്‌. പാട്ട്‌ നാലുവരി കഴിഞ്ഞപ്പോള്‍ പാട്ടുകാരന്‍ റേഡിയോയിലൂടെ തന്നെ ഒരു ചോദ്യം ‘കേള്‍ക്കാമോ?’ അഞ്ചാറുപേര്‍ കൂട്ടമായി ‘കേള്‍ക്കാം, കേള്‍ക്കാം, പാടിക്കോ’ എന്ന്‌ ആര്‍ത്തു വിളിക്കുന്നു. ഇത്തരം ഒരു റേഡിയോ പരിപാടി ആദ്യമായി കേള്‍ക്കുകയാണ്‌. എഴുന്നേറ്റു ശബ്ദത്തിന്റെ ഉറവിടം തേടിച്ചെന്നു. എന്റെ ഒരു അയല്‍വാസി തന്നെയാണ്‌ കഥാ നായകന്‍. മുപ്പര്‍ക്കും ഔപചാരിക വിദ്യാഭ്യാസത്തില്‍ വലിയ താത്‌പര്യമില്ലായിരുന്നു. സ്‌കുളില്‍ പഠിക്കുമ്പോള്‍ തന്നെ ഇടയ്‌ക്ക്‌ ഇലക്ട്രീഷ്യനായി ജോലി ചെയ്യുമായിരുന്നു. ജോലിയില്ലെങ്കില്‍ സ്‌കൂളിലും വരും.

    ഒരു പതിനഞ്ചു വര്‍ഷം നീണ്ട സ്‌കൂള്‍ ജീവിതത്തിനു ശേഷം പത്താം ക്ലാസ്സ്‌ തോറ്റ്‌ പുറത്തു വന്നു. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ ട്രാന്‍സ്‌മിറ്ററിലൂടെ അടുത്ത വീട്ടിലെ റേഡിയോവിലേക്കു പാട്ടു പാടിക്കെടുക്കുകയാണ്‌. അവര്‍ അന്തം വിട്ടു കയ്യടിക്കുന്നു. അല്‌പം ഒന്നാടി നിന്ന എന്റെ യന്ത്ര പ്രേമം അതോടെ ഇരട്ടിയായി. ട്രാന്‍സ്‌്‌മിറ്റര്‍ നിര്‍മ്മിച്ച മഹാപുരുഷന്‍ എന്റെ ആരാധനപാത്രവുമായി. അക്കാലത്തു റേഡിയോവിലൂടെ സ്വന്തം ശബ്ദം കേള്‍പ്പിക്കുവാന്‍ ആളുകള്‍ എന്തുമാത്രം ശ്രമിച്ചിരുന്നു. അപ്പോളാണ്‌ ഈ വിദ്വാന്‍ സ്വന്തം ട്രാന്‍സ്‌മിറ്ററുണ്ടാക്കി തനിക്കിഷ്ടമുള്ളപ്പോഴൊക്കെ റേഡിയോയിലൂടെ പാടുന്നത്‌. പിന്നെ ഞാന്‍ അത്തരം കഥാപാത്രങ്ങളെ തപ്പിയിറങ്ങിത്തുടങ്ങി. അന്നിത്തരം ആളുകള്‍ സുലഭമായിരുന്നു. ആ തെരച്ചിലിനിടയില്‍ പരിചയപ്പെടാന്‍ ഇടയായ ഒരു മഹാപ്രതിഭയാണ്‌ ഇതിലെ നായകന്‍. കേരളത്തില്‍ ജനിച്ചു പോയി എന്ന ഒറ്റക്കാരണത്താല്‍ തോമസ്‌ എഡിസണോ, ജയിംസ്‌ വാട്ടോ ഒക്കെ ആകേണ്ട ഒരു മനുഷ്യന്‍ ഒന്നുമാകാതെ പോയ കഥ കൂടിയാണിത്‌. ഞാനദ്ദേഹത്തെ കാണുന്നത്‌ പഴയ ഇരുമ്പ്‌ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ വച്ചാണ്‌. സ്‌കൂള്‍ സയന്‍സ്‌ എക്‌സിബിഷന്‌ വെള്ളം പമ്പുചെയ്യുന്ന യന്ത്രത്തിന്റെ മാത്യക ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഞങ്ങള്‍. എന്തു ചെയ്‌തിട്ടും ശരിയാവുന്നില്ല. അപ്പോഴാണ്‌ മേല്‌പറഞ്ഞ ശാസ്‌ത്രജ്ഞനെ പരിചയപ്പെടുന്നത്‌. പേര്‌ ഗീവര്‍ഗീസ്‌. ഗീവര്‍ഗീസ്‌ മേസ്‌തിരി എന്നു വിളിക്കുന്നതാണിഷ്ടം. അദ്ദേഹം തന്ന ചില നിര്‍ദ്ദേശങ്ങള്‍ ഗംഭീരമായിരുന്നു. അവയെല്ലാം കൂട്ടിച്ചേര്‍ത്ത്‌ ഞങ്ങള്‍ യന്ത്രം പൂര്‍ത്തിയാക്കി. പക്ഷെ അപ്പോഴേക്കും സയന്‍സ്‌ എക്‌സിബിഷന്‍ കഴിഞ്ഞ്‌ ആറുമാസം കഴിഞ്ഞിരുന്നു. എന്തായാലും എനിക്കു മേസ്‌തിരിയെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച്‌ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ ഒന്നു പോയി. അവിടെ ചെന്നിറങ്ങിയപ്പോള്‍ തന്നെ എന്റെ ഒരു സഹപാഠിയെ കണ്ടു. ഗീവര്‍ഗീസ്‌ മേസ്‌തിരിയുടെ വീടന്വേഷിച്ചിട്ട്‌ ഒരു പിടിയും കിട്ടുന്നില്ല. എന്റെ വര്‍ണ്ണനകളെല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവന്‍ ചോദിച്ചു ‘ആ കുട്ടാപ്പി വട്ടന്റെ കാര്യമാണോ നീ പറയുന്നത്‌?’ എന്റെ ആരാധ്യപുരുഷനെയാണ്‌ ഈ ദുഷ്ടന്‍ പപ്പടം പൊടിക്കുന്നതു പോലെ പൊടിച്ചു കളയുന്നത്‌. ഒരു കാര്യം മാത്രം മനസ്സിലായി. ശാസ്‌ത്രജ്ഞന്റെ ‘ഗീവര്‍ഗീസ്‌’ എന്ന പേര്‌ കുടുംബാംഗങ്ങള്‍ക്കു മാത്രമേ അറിയൂ. പിന്നെ റേഷന്‍ കടക്കാരനും, പള്ളീലച്ചനും. നാട്ടുകാര്‍ക്കദ്ദേഹം ‘കുട്ടാപ്പി വട്ട’നാണ്‌. പക്ഷെ അതൊന്നും ഗീവര്‍ഗിസ്‌ മേസ്‌തിരിയെ തളര്‍ത്തിയില്ല. അദ്ദേഹം പരീക്ഷണ നിരീക്ഷണങ്ങള്‍ തുടര്‍ന്നു. ഭാര്യയ്‌ക്ക്‌ അടുത്തുള്ള ആശുപത്രിയില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നതു കൊണ്ട്‌ പരീക്ഷണങ്ങള്‍ക്കിടയിലും രണ്ടുനേരമെങ്കിലും കഞ്ഞി കുടിച്ചിരുന്നു. നാട്ടുകാരുടെ പരിഹാസം അല്‌പം കടുപ്പം ആയിരുന്നതിനാല്‍, കുട്ടാപ്പി മേസ്‌തിരിയുടെ കുടുംബാംഗങ്ങളാണെന്ന നഗ്നയാഥാര്‍ത്ഥ്യം അവസാനനിമിഷത്തില്‍ മാത്രമേ ഭാര്യയും മക്കളും വെളിപ്പെടുത്തുമായിരുന്നുള്ളൂ എന്നു മാത്രം. അദ്ദേഹത്തിന്റെ പരീക്ഷണങ്ങളുടെ ഒരു സാമ്പിള്‍ പറയാം. ആറ്റില്‍ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ചൂരലും മുളയും കൊണ്ടു നിര്‍മിക്കുന്ന ഒരു കൂടുണ്ട്‌. അത്‌ ഒരു കെണിയാണ്‌. വെള്ളത്തിനൊപ്പം ഒഴുകി വന്നു കയറുന്ന മീനിന്‌ കൂട്ടില്‍ നിന്നു പുറത്തു കടക്കാനാവില്ല. അതൊന്നു പരിഷ്‌കരിക്കുവാന്‍ മേസ്‌തിരി തീരുമാനിച്ചു. വലിയ ഒരു കൂട്‌. എത്ര അധികം മീനും ഉള്ളില്‍ കൊള്ളണം, അല്ലെങ്കില്‍ എത്ര വലിയ മീനിനും കൂട്ടില്‍ കയറാന്‍ പറ്റണം. മീന്‍ കൂട്ടില്‍ കയറുമ്പോള്‍ കൂടിന്റെ ഉടമസ്ഥന്‌ ഒരു സിഗ്നല്‍ കിട്ടണം. മനുഷ്യര്‍ ആരെങ്കിലും കൂടു നശിപ്പിക്കാന്‍ ശ്രമിച്ചാലും മേല്‌പടി സിഗ്നല്‍ വരണം. ഇതൊക്കെയാണു മേസ്‌തിരിയുടെ പരിഷ്‌കാരങ്ങള്‍. അദ്ദേഹം വലിയ ഒരു കൂടുണ്ടാക്കി വെള്ളത്തില്‍ സ്‌ഥാപിച്ചു. അതില്‍ എന്തൊക്കെയോ ഘടിപ്പിച്ച്‌ ആറ്റിലെ വെള്ളത്തിനടിയിലൂടെ ഒരു കയര്‍ കൊണ്ടുവന്ന്‌ ആറ്റു തീരത്തെ മാവില്‍ കെട്ടിത്തൂക്കിയ ഒരു മണിയില്‍ ഘടിപ്പിച്ചു. എന്നിട്ട്‌ മേസ്‌തിരി തന്നെ മുങ്ങിച്ചെന്ന്‌ കുട്ടില്‍ തലയിട്ടു പ്രവര്‍ത്തനം പരിശോധിക്കാന്‍ തുടങ്ങി. പക്ഷെ തല കെണിയില്‍ കുടുങ്ങിയതോടെ പാവം മേസ്‌തിരി കൈകാലിട്ടടിക്കാന്‍ തുടങ്ങി. ഏതായാലും അപായ സൂചനയ്‌ക്കു സ്ഥാപിച്ച മണി രക്ഷയായി. കുളിക്കടവിലെ മാവില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ആ മണി കയര്‍ പൊട്ടി കടവില്‍ കുളിച്ചു കൊണ്ടിരുന്ന ഒരു മാന്യന്റെ തലയില്‍ വീഴുകയും അയാള്‍ ദേഷ്യപ്പെട്ടു മണിയിലെ കയര്‍ പിടിച്ചു വലിച്ചു പൊക്കിയപ്പോള്‍ മേസ്‌തിരി കൂടോടെ പൊങ്ങി വരികയും ജീവന്‍ രക്ഷപ്പെടുകയും ചെയ്‌തു.

    കുറച്ചു നാള്‍ അടങ്ങിയിരുന്നെങ്കിലും മേസ്‌തിരി വീണ്ടും പരീക്ഷണങ്ങള്‍ തുടങ്ങി. വീടിന്റെ പൂട്ടുപൊളിച്ച്‌ അകത്തു കടക്കാന്‍ ശ്രമിക്കുന്ന കള്ളനെ കതകുകള്‍ക്കിടയില്‍ കുടുക്കി നിര്‍ത്തുന്ന യന്ത്രമാണ്‌ അദ്ദേഹത്തെ കൂടുതല്‍ പ്രശസ്‌തനാക്കിയത്‌. പതിവുപോലെ ആദ്യ പരീക്ഷണത്തില്‍ മേസ്‌തിരി തന്നെ കുടുങ്ങി. നിലവിളി കേട്ടുവന്ന്‌ രക്ഷാപ്രവര്‍ത്തനം നടത്തിയ ചിലരും പിന്നാലെ കുടുങ്ങിയതോടെ കൂട്ട നിലവിളിയായി. പഞ്ചതന്ത്രത്തിലെ അറക്കുന്ന തടിയില്‍ കയറിയിരുന്ന്‌ ആപ്പു വിലച്ചൂരിയ കുരങ്ങനെപ്പോലെ മേസ്‌തിരി സ്വന്തം കെണിയില്‍ വീണ്ടും കുടുങ്ങിയ കഥ നാട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു. കെണിയില്‍ നിന്നു പുറത്തു വന്നവര്‍ സ്വന്തം ചമ്മല്‍ തീര്‍ത്തതും മേസ്‌തിരിയുടെ മുതുകത്താണ്‌. കൂടെ കുടുങ്ങിയവരൊഴിച്ചുള്ള ആളുകള്‍ക്ക്‌ ചിരിക്കാന്‍ വകയായി. ഭാര്യ മേസ്‌തിരിയെ വീട്ടിനുള്ളിലാക്കി പുറത്തു നിന്നു താഴിട്ടു പൂട്ടിയ ശേഷം ജോലിക്കു പോയി തുടങ്ങി. പക്ഷെ ഒരു മഹാ പ്രതിഭയെ ആര്‍ക്കും തടയാനാവില്ല. കുഴിച്ചുമൂടിയാല്‍ അതു മുളച്ചു പുറത്തു വരും. അല്‌പം സ്വാതന്ത്ര്യത്തിനും അല്‌പം കൂടുതല്‍ വെളിച്ചത്തിനും പ്രാണവായുവിനുമായി ഓടിളക്കി മേല്‌ക്കൂരയില്‍ കയറിപ്പറ്റിയ മേസ്‌തിരിയുടെ മനസ്സില്‍ ചിലവുകുറഞ്ഞ വീട്‌ എന്ന ആശയം വിടര്‍ന്നു. അദ്ദേഹം കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച്‌ വീടിനു രണ്ടാമത്തെയും മുന്നാമത്തെയും നിലകള്‍ പണിതു. ഏതാനും പഴയ തെങ്ങിന്‍ കഴുക്കോലുകളും തേയിലപ്പെട്ടിയും, നല്ലെണ്ണപ്പാട്ട വെട്ടിപ്പൊളിച്ചെടുത്തതുമാണ്‌ അസംസ്‌കൃത വസ്‌തുക്കള്‍. പ്രഥമ ദൃഷ്‌ട്യാ ആര്‍ക്കും കുഴപ്പമൊന്നും തോന്നിയില്ലയെങ്കിലും ആ കഥയും അവസാനിച്ചത്‌ ആശുപത്രിയിലാണ്‌. ഏതാനും ചില ദ്വാരങ്ങള്‍ മാത്രം ഒഴിവാക്കി സര്‍വ്വത്ര ബാന്‍ഡേജുമായി ആശുപത്രിയില്‍ നിന്നു തിരിച്ചു വന്ന മേസ്‌തിരിക്കു പുതിയൊരു പേരും കിട്ടി ‘ആംസ്‌ട്രോംഗ്‌ കുട്ടാപ്പി’. നീല്‍ ആംസ്‌ട്രോംഗ്‌ സ്‌പേസ്‌ സ്യൂട്ട്‌ ധരിച്ച്‌ ചന്ദ്രനിലൂടെ തെന്നിത്തെന്നി നടക്കുന്ന ചിത്രം അദ്ദേഹത്തിന്റെ നാട്ടുകാര്‍ പത്രങ്ങളില്‍ കണ്ടത്‌ അധികകാലം മുമ്പായിരുന്നില്ല. രജനീകാന്തിന്റെ യന്തിരന്‍ ഇറങ്ങുന്നതിനു മുന്‍പായത്‌ അദ്ദേഹത്തിന്റെ ഭാഗ്യം. കഷ്ടകാലം അവിടെയും തീര്‍ന്നില്ല. മേസ്‌തിരി ബാന്‍ഡേജഴിക്കുന്നതിനു മുന്‍പ്‌ തന്നെ അദ്ദേഹത്തിന്റെ പണിആയുധങ്ങള്‍ ഭാര്യ തൂക്കി വിറ്റിരുന്നു. ഒടിവു ചതവുകളെല്ലാം ശരിയായി നല്ല കുട്ടിയായി ഉമ്മറത്തിരിക്കുന്ന മേസ്‌തിരിയെ ആരോ ഒരു പുതിയ മേഖലയിലേക്കു കൂട്ടിക്കൊണ്ടു പോയി. നീതിയുടെ ലോകം. വീട്ടില്‍ നിന്നും അകലെയല്ലാതെ ഒരു കോടതിയില്‍ ആണു ചെന്നെത്തിയത്‌. ഏതോ കേസിലെ പ്രതിയ്‌ക്ക്‌ ജാമ്യം നില്‌ക്കാന്‍ ആളുവേണം. മേസ്‌തിരി സമ്മതിച്ചു. നല്ല ഒരു ഊണും ചെറിയൊരു തുകയും പ്രതിഫലമായി കൊടുത്തു. പിന്നെ അതൊരു പതിവായി. കരമടച്ച രസിതുമായി മേസ്‌തിരി സ്ഥിരമായി കോടതി വരാന്തയില്‍ പോയി നിന്നു തുടങ്ങി. പതിയെ പതിയെ ഗുമസ്‌തന്മാരും, വക്കീലന്മാരുമൊക്കെയായി പരിചയമായി. ധാരാളം ഓഫറുകള്‍ കിട്ടിത്തുടങ്ങി. അപ്പോള്‍ ഒരു ദിവസം കോടതിയില്‍ വിളിക്കുന്നു. “മത്തായി ഗീവര്‍ഗീസ്‌ ഹാജരുണ്ടോ?” വരാന്തയില്‍ നിന്ന്‌ ഓടിക്കയറി അകത്തു ചെന്നപ്പോള്‍ മേസ്‌തിരി ജാമ്യം നിന്ന ഒരു പ്രതിയെ കാണാനില്ലെന്നതാണ്‌ സംഭവം. മേസ്‌തിരിക്ക്‌ ആവട്ടെ, ആളെ ഒരു പിടിയുമില്ല. മജിസ്‌ട്രേറ്റ്‌ അടുത്തു വിളിച്ചു. താന്‍ ആര്‍ക്കും ജാമ്യം നില്‍ക്കും അല്ലേ?’ ‘അതെ’ എന്നു നിഷ്‌കളങ്കനായ മേസ്‌തിരി. ‘എങ്ങിനെയാ തന്റെ റേറ്റ്‌?’ എന്ന്‌ മജിസ്‌ട്രറ്റ്‌ ചോദിച്ചപ്പോള്‍ശുദ്ധമനസ്‌കനായ മേസ്‌തിരി’ അങ്ങനെ റേറ്റൊന്നുമില്ല, ഏമാനിഷ്ടമുള്ളതു തന്നാല്‍മതി’ എന്നു വിനീതമായി പറഞ്ഞു. മജിസ്‌ട്രേറ്റും ചിരിച്ചു പോയി. പക്ഷെ മജിസ്‌ട്രേറ്റ്‌ രസികനാണെങ്കിലും നിയമം നിയമമാണല്ലോ. ആറുമാസത്തെ വെറും തടവില്‍ കാര്യം തീര്‍ന്നു. എന്നും കഷ്ടകാലമായിരിക്കില്ലല്ലോ. ശിക്ഷ കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുമ്പോള്‍ മേസ്‌തിരിയെ അന്വേഷിച്ച്‌ ഒരു കത്തുമായി പോസ്‌റ്റുമാന്‍ നടക്കുകയാണ്‌. പരീക്ഷണ നിര്‍ഭരമായ ആ മഹദ്‌ജീവിതത്തിനിടയില്‍ എപ്പോഴോ ജനിച്ച്‌ തന്നത്താനെ വളര്‍ന്ന്‌ തന്നത്താനെ പഠിച്ച്‌ നഴ്‌സിംഗ്‌ പൂര്‍ത്തിയാക്കി അമേരിക്കയിലെത്തിയ മകള്‍ അയച്ചു കൊടുത്ത വിസയാണ്‌. അധികം താമസിയാതെ മേസ്‌തിരി അമേരിക്കയിലേക്കു പറന്നു. അവിടെ സ്‌പേസ്‌ ഷട്ടില്‍ പൊട്ടിത്തെറിക്കുന്നതായും, വിമാനം തകര്‍ന്നു വീണതായുമൊക്കെ വാര്‍ത്തകള്‍ വരുമ്പോള്‍ ഞാന്‍ മേസ്‌തിരിയെ ഓര്‍ക്കും.

  • ‘സുകുമാരഘൃതം’

    നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വയം ‘ആനപ്രേമി’ എന്നു വിശേഷിപ്പിക്കാറുണ്ട്‌. മഹാഭൂരിപക്ഷത്തിനും ആനയോടു പ്രേമമല്ല കമ്പമാണ്‌ എന്നാണ്‌ എന്റെ തോന്നല്‍. ഭൂമുഖത്തെ എറ്റവും വലിയ കാഴ്‌ചകളിലൊന്നായ ആനയെ കണ്ടാനന്ദിക്കുന്നതില്‍ തീരുന്നു ഞാനടക്കമുള്ള ആനക്കമ്പക്കാരുടെ താത്‌പര്യം. അല്ലാതെ ആനയ്‌ക്കു ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കിട്ടുന്നുണ്ടോ, കണ്ടമാനം തല്ലു കിട്ടുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ അന്വേഷിക്കാറില്ല. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു ആനപ്രേമി ധാര്‍മ്മിക രോഷം തിളച്ചു മറിഞ്ഞ്‌ പരമദുഷ്ടനായ ഏതെങ്കിലും ആനക്കാരനെ വെടിവയ്‌ക്കുക പോയിട്ട്‌ തല്ലുക പോലും ചെയ്‌തതായി നമ്മള്‍ കേട്ടിട്ടില്ല. ആനയോടുള്ളത്ര തന്നെയോ, അതില്‍ കൂടുതലോ ആരാധന നമ്മളില്‍ പലര്‍ക്കും ആനപാപ്പാനോടുമുണ്ട്‌. എന്റെ ചെറുപ്പകാലത്ത്‌ ആനയെ കുളിപ്പിക്കുന്നതു കാണുന്നതു തന്നെ വലിയ ആഘോഷമായിരുന്നു. ആനയെ കുളിപ്പിക്കുന്നതു വിശദമായികാണുന്ന ഞങ്ങള്‍ കുട്ടികള്‍ അതേ ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും കൂടി പാപ്പാന്റെ കുളിയും വള്ളിപുള്ളി വിടാതെ കാണുമായിരുന്നു. ആനയെ കൊണ്ടു തന്നെ വെള്ളം കോരിയൊഴിപ്പിച്ചു ഷവര്‍ബാത്ത്‌ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പാപ്പാനെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്‌. എന്തു കൊണ്ടാണ്‌ ആനപ്പാപ്പാനോടു നമ്മള്‍ക്ക്‌ ഇത്ര ആരാധന?. ഇത്ര വലിയ ആനയെ കൊണ്ടു നടക്കുന്നതു കൊണ്ടാണോ?. എങ്കില്‍പ്പിന്നെ ഒട്ടകത്തെ കൊണ്ടു നടക്കുന്നവരോടും മൃഗശാലയില്‍ ജിറാഫിനെ കുളിപ്പിക്കുന്നവരോടുമൊക്കെ ഇതേ ആരാധന തോന്നേണ്ടതല്ലേ?. ഒരു പക്ഷേ കൊമ്പനാനയ്‌ക്കു മദം പൊട്ടാമെന്നതും ഒരു ദിവസം ഈ പാപ്പാനെ അവന്‍ കാച്ചിയേക്കാമെന്നതും അതിത്ര നാളും നീട്ടി വയ്‌പിക്കാന്‍ പാപ്പാനു കഴിഞ്ഞല്ലോ എന്ന അറിവും ആവാം ആരാധനയ്‌ക്കു കാരണം.

    ഞങ്ങളുടെ ചെറുപ്പത്തില്‍ ആനയെ ഇങ്ങനെ കൂച്ചിക്കെട്ടിയല്ല നിര്‍ത്തിയിരുന്നത്‌. ആനയുടെ പിന്‍കാലിലും മുതുകത്തും ചങ്ങല കാണുമെന്നല്ലാതെ ആനയെ ബന്ധിച്ചിരുന്നില്ല. കാലില്‍ ഒരു വടി ചാരി വച്ചിട്ട്‌ പാപ്പാന്‍ എവിടെയെങ്കിലും പോകും. ആന ആ കാല്‍ അനക്കില്ല. ഇക്കാലത്ത്‌ ആനകള്‍ക്ക്‌ അല്‌പം ഓട്ടം കൂടുതലാണ്‌. കാട്ടില്‍ 30 സെന്റിഗ്രേഡില്‍ താമസിക്കട്ടെ എന്നു വിചാരിച്ചാണ്‌ കറുത്ത ചായവും പൂശി പടച്ച തമ്പുരാന്‍ ആനയെ ഭൂമിയിലേക്കു വിട്ടിരിക്കുന്നത്‌. നാട്ടില്‍ ചൂടു കൂടുന്നു എന്നല്ലാതെ ഗ്ലോബല്‍ വാമിംഗ്‌ ആണെന്നും സഹിച്ചു മരിക്കുകയേ നിവൃത്തിയുള്ളെന്നും ആനക്കറിയില്ലല്ലോ. എന്റെ ഒരു ഡോക്ടര്‍ സ്‌നേഹിതന്‍ പറയുന്നത്‌ ആന ഒരു ജിപ്‌സിയാണെന്നാണ്‌. അതിനു സ്ഥിരമായി താവളമില്ല. ദിവസവും ഇരുപത്തഞ്ച്‌ കിലോമീറ്ററെങ്കിലും നടന്നാലേ അതിന്റെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കൂ. ലോറിയിലെ ബിസിനസ്‌ ക്‌ളാസ്സ്‌ യാത്രയും, ഉത്സവപ്പറമ്പുകളിലെ നില്‌പും കഴിഞ്ഞ്‌ ഒരു ചെറിയ വ്യായാമമെന്ന നിലയ്‌ക്കു വല്ലപ്പോഴും ഒന്നോടാന്‍ നോക്കും. അതു മദം പൊട്ടിയുള്ള ഓട്ടമല്ല. പക്ഷെ അപ്പോഴാണ്‌ ആന വിരണ്ടേ എന്നു പറഞ്ഞ്‌ മൊബൈല്‍ ഫോണിലെ ക്യാമറയും ഓണ്‍ ചെയ്‌തു മുന്‍പെയും പുറകെയും നാട്ടുകാര്‍ ഓടുന്നത്‌. ആന പിന്നെന്തു ചെയ്യാന്‍? പണ്ടു നമ്മുടെ നാട്ടില്‍ ഒരന്‍പതു കഴിഞ്ഞ കാരണവന്‍മാര്‍ രാത്രിയില്‍ കഞ്ഞി കുടി കഴിഞ്ഞ്‌ മുറ്റത്തൊന്നുലാത്തും. ദീര്‍ഘമായി രണ്ട്‌ ഏമ്പക്കം വിടും. ചോദിച്ചാല്‍ ഗ്യാസ്‌ ആണെന്നു പറയും. ഇതു തന്നെയാണ്‌ ആനയും ചെയ്യുന്നത്‌. ഇപ്പോള്‍ പക്ഷെ കാരണവന്‍മാര്‍ അങ്ങിനെ ചെയ്യാറില്ല. ഏമ്പക്കം കേട്ടാല്‍ മക്കള്‍ 108 വിളിക്കും. പല ആശുപത്രികളിലും ആംബുലന്‍സു പാര്‍ക്കു ചെയ്യുന്നതു പോലും ഐ സി യു വില്‍ തന്നെയാണ്‌. ഐ സി യു വില്‍ കിടന്നു പുറത്തിറങ്ങുന്ന ഗൃഹനാഥന്‍ കാറ്റു പോയ ബലൂണാണ്‌. “നിങ്ങളൊന്ന്‌ മിണ്ടാതിരിക്ക്‌ , അവിടെങ്ങാനും അനങ്ങാതിരിക്ക്‌, പിള്ളേര്‍ വല്ല നാട്ടിലുമാണ്‌ “, എന്നൊക്കെ പറഞ്ഞ്‌ ഭാര്യ പഴയ കണക്കുകളെല്ലാം തീര്‍ക്കും. ആനയ്‌ക്കതൊന്നും അറിയേണ്ടല്ലോ.

    ഞങ്ങളുടെ നാട്ടില്‍ ഉത്സവകാലത്തു രണ്ടോ മൂന്നോ ദിവസം മാത്രമാണ്‌ ഒരാനയെ അടുത്തു കാണാന്‍ പറ്റിയിരുന്നത്‌. അതിനെ സമാധാനപരമായി ഹൈജാക്ക്‌ ചെയ്യാന്‍ ഞങ്ങളെല്ലാം ശ്രമിച്ചിരുന്നു. എന്റെ വീടിന്റെ മതിലിനു പുറത്തു റോഡില്‍ നാട്ടുകാര്‍ക്കു കുടിവെള്ളമെത്തിക്കാന്‍ മുനിസിപ്പാലിറ്റി ഒരു പബ്ലിക്‌ ടാപ്പു സ്ഥാപിച്ചിരുന്നു. ഞാന്‍ ഉത്സവസമയത്തു രാവിലെ അമ്പലത്തില്‍ പോയി നില്‌ക്കും. “ഇതിനെ എവിടാ ഒന്നു കുളിപ്പിക്കുക”. എന്ന്‌ ആനക്കാരന്‍ ആത്മഗതം പുറപ്പെടുവിക്കുമ്പോള്‍ ‘താഴെ ഒരു ടാപ്പുണ്ട്‌’ എന്നു ചാടിപ്പറയും. ആനയുടെയും പാപ്പാന്റെയും കുളി വളരെ സൗകര്യപ്രദമായി മതിലാകുന്ന ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ കാണും. കുറച്ചു കൂടെ ഭാവനാ സമ്പന്നനായിരുന്നു എന്റെ ഒരനിയന്‍. ഞങ്ങളുടെ കുടുംബവീട്ടില്‍ രണ്ടു ചൂണ്ടപ്പന നില്‌പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാതെ രണ്ടു പനകള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‌ക്കുന്നു. അനിയന്‍ അമ്പലത്തില്‍ ചെന്നു ചൂണ്ടപ്പനയോല വാഗ്‌ദാനം ചെയ്‌തപ്പോള്‍ പാപ്പാന്‍ സസന്തോഷം സ്വീകരിച്ചു. ആനയ്‌ക്ക്‌ അതില്‍പരം ഇഷ്ടമുള്ള തീറ്റയുണ്ടോ?. ഇനി വീട്ടുകാര്‍ സമ്മതിക്കണമല്ലോ. അനിയനും ഞാനും കൂടി ഓടിച്ചെന്ന്‌ അമ്മൂമ്മയുടെ കാലുപിടിച്ച്‌ ഒരുവിധം സമ്മതിച്ചപ്പോള്‍ പുറകില്‍ ഒരു കിലുക്കം. നോക്കിയപ്പോള്‍ ആനയും പാപ്പാനും എത്തിക്കഴിഞ്ഞു. ആനപ്പുറത്ത്‌ അയല്‍വക്കത്തെ ഒരു ദ്രോഹി ഇരുന്നു പല്ലിളിക്കുന്നു. ഞങ്ങള്‍ തിരിച്ചു ചെല്ലാന്‍ താമസിച്ചപ്പോള്‍ പനയോല വാഗ്‌ദാനം ബജറ്റ്‌ വാഗ്‌ദാനം പോലെ ആയാലോ എന്നു പാപ്പാന്‍ പേടിച്ചു. ആ ലാക്കിന്‌ വഴി കാണിച്ചു കൊടുക്കാമെന്നു പറഞ്ഞ്‌ അയാള്‍ ആനപ്പുറത്തു കയറി വന്നിരിക്കുകയാണ്‌. ഞങ്ങളുടെ ചങ്ക്‌ തകര്‍ന്നു പോയി. ദുരന്തം അവിടെയും അവസാനിച്ചില്ല. അമ്മൂമ്മയ്‌ക്ക്‌ പെട്ടെന്നൊരു ഭൂതോദയം ഉണ്ടായി. ആനയ്‌ക്കു കൊടുക്കുന്ന പനം പട്ട അമ്പലത്തിലെ ഉത്സവത്തിനു നല്‌കുന്ന ഒരു സംഭാവനയാണ്‌. ഒരു സംഭാവനാ രസീതു കിട്ടിയേ പറ്റൂ. പണമൊന്നും വേണ്ട. രസീതു മതി. അത്‌ അപ്പൂപ്പന്‍ അമ്പലത്തില്‍ പോയി ചോദിച്ചു വാങ്ങിക്കൊണ്ടു വരണം. സംഭാവന കൊടുത്താല്‍ പിന്നെ കണക്കെന്തിനെന്നായി അപ്പൂപ്പന്‍. ആറ്റില്‍ കളഞ്ഞാലും അളന്ന്‌ കളയണമെന്ന്‌ അമ്മൂമ്മയും. അപ്പോള്‍ അപ്പൂപ്പന്‍ ഒരു പോം വഴി നിര്‍ദ്ദേശിച്ചു. ആകെ വെട്ടുന്ന പനം കൈ കളുടെ എണ്ണം എടുക്കുക. എന്നിട്ടു പിറ്റേ ദിവസം അമ്പലത്തില്‍ ചെല്ലുമ്പോള്‍ അമ്മൂമ്മ അമ്പലപ്പറമ്പില്‍ കിടക്കുന്ന ആനപ്പിണ്ടം എണ്ണി നോക്കുക. കുറവുണ്ടെങ്കില്‍ തീര്‍ച്ചയായും അപ്പൂപ്പന്‍ പോയി ചോദിക്കും, രസീതും വാങ്ങും. അന്നു കൊടിയേറിയ കലാപം അടുത്ത ഉത്സവം കഴിഞ്ഞിട്ടും അടങ്ങിയില്ല. ഇതൊക്കെയാണെങ്കിലും ഞാന്‍ ഒരു പാപ്പാനെ അടുത്തു പരിചയപ്പെടുന്നതു പത്തു പതിനഞ്ചു കൊല്ലം മുന്‍പു മാത്രമാണ്‌.

    ആനകളെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ കറങ്ങി നടക്കുന്നതിനിടയിലാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. പഴയ പാപ്പാന്‍ മാരില്‍ വലിയൊരു വിഭാഗവും പരമ്പരാഗത പാപ്പാന്‍മാരായിരുന്നു. അങ്ങിനെ വരുന്നവര്‍ വളരെ ചെറുപ്പം തൊട്ടേ ആനയെ കണ്ടാണു വളരുന്നത്‌. ആനയുടെ ശരീരഘടനയും ഭാവങ്ങളും ഭാവമാറ്റങ്ങളും രോഗങ്ങളും രോഗചികിത്സയുമൊക്കെ അവര്‍ക്കു നന്നായറിയാം. ഒരു പക്ഷേ പണ്ടു കാലത്ത്‌ ആനകള്‍ ഇത്ര കുഴപ്പമുണ്ടാക്കാത്തതും അതു കൊണ്ടായിരിക്കാം. ഞാന്‍ പരിചയപ്പെട്ട പാപ്പാന്റെ പേര്‌ സുകുമാരന്‍ എന്നാണ്‌. സുകുമാരന്‍ ചേട്ടന്‍ എട്ടു പത്ത്‌ ആനകളുള്ള ഒരു കൊച്ചു ദേവസ്വത്തിലെ ആന പാപ്പാനാണ്‌. നല്ല ഭാഷയില്‍ പറയുമ്പോള്‍ ആനക്കാരനാവുന്നതിനു മുന്‍പ്‌ അദ്ദേഹത്തിന്‌ ഒരു നേതാവിന്റെ ‘കായികസംരക്ഷണ ചുമതല’ ആയിരുന്നു എന്നു പറയാം. ചില്ലറ കളരിയും മര്‍മ്മവിദ്യകളുമൊക്കെ അറിയാമത്രേ. നേതാവു മന്ത്രിയായപ്പോള്‍ അനുയായിക്ക്‌ ഒരു സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുക്കാന്‍ തീരുമാനിച്ചു. പോലിസില്‍ ചേരാന്‍ തലസ്ഥാനവും ഗവര്‍ണറുടെ പേരുമൊക്കെ അറിയണം. അതൊക്കെ എഴുതി വയ്‌ക്കാനുമറിയണം. അതുകൊണ്ട്‌ ആനപ്പാപ്പാനാക്കാമെന്നു വിചാരിച്ചു. അവിടെയും മൂന്നാംമുറ തന്നെ വേണമല്ലോ. വിചാരം നടപ്പിലാക്കി. ആനയുടെ യോഗം. പള്ളിക്കൂടം വിട്ടു സുകുമാരന്‍ ചേട്ടന്‍ കളരി അഭ്യാസത്തിലേക്കു തിരിഞ്ഞതിനു പിന്നിലും ഒരു കഥയുണ്ട്‌. അദ്ദേഹം എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ മലയാളം അധ്യാപകന്‍ “പങ്കജാക്ഷന്‍” എന്ന പദം വിഗ്രഹിച്ച്‌ അര്‍ത്ഥം പറയുവാന്‍ പറഞ്ഞു. ഭാഷാ പണ്‌്‌ഡിതനൊന്നമല്ലാത്ത സുകുമാരന്‍ ചേട്ടന്‍ വിഗ്രഹിക്കാന്‍ തുനിഞ്ഞില്ല. അര്‍ത്ഥമങ്ങു പറഞ്ഞു ‘സദാ പങ്കജത്തിന്റെ കക്ഷത്തിലിരിക്കുന്നവന്‍’. കുട്ടികള്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. അതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന സാറിന്റെ ഭാര്യയുടെ പേര്‌ പങ്കജം എന്നാണെന്ന്‌ പരമശുദ്ധനായ സുകുമാരന്‍ ചേട്ടനൊഴിച്ചു ബാക്കി എല്ലാവര്‍ക്കുമറിയാമായിരുന്നത്രേ. കുപിതനായ സാര്‍ മലയാള ഭാഷയെ വിട്ട്‌ സുകുമാരന്‍ ചേട്ടനെ വിഗ്രഹിക്കാന്‍ ശ്രമിച്ചു. ആ നിമിഷം തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച്‌ അദ്ദേഹം ആശാന്റെ നെഞ്ചത്ത്‌ നിന്നും കളരിക്കുള്ളിലേക്കു ചാടി. ഡോക്യുമെന്ററി എന്നു കേട്ടപ്പോള്‍ സുകുമാരന്‍ ചേട്ടന്‍ എന്നെ ഏറ്റെടുത്തു. രാഷ്ട്രത്തലവന്‍മാരും മറ്റും വരുമ്പോള്‍ വിശിഷ്ടാഥികളെ നടന്നു പരിചയപ്പെടുത്തുന്നതു പോലെ എന്നെകൊണ്ടു നടന്ന്‌ ആനകളെ പരിചയപ്പെടുത്താന്‍ തുടങ്ങി. ‘കാര്യം മുപ്പതു കഴിഞ്ഞില്ലെങ്കിലും ഇവന്‍ നാലു പാപ്പാന്‍മാരെ തട്ടി സാറെ’, ‘ഇവന്‌ ആണ്ടില്‍ രണ്ടു തവണ മദം പൊട്ടും’, ‘സൂക്ഷിച്ചോണം, അവന്‍ ഇടയ്‌ക്കു മടല്‍ എടുത്തെറിയും’ ഇങ്ങനെ പോണൂ പരിചയപ്പെടുത്തല്‍. ഒരു പിടിയാനക്കുട്ടിയുടെ അടുത്തു ചെന്നു. ‘സാര്‍ ഇവളെ അറിയില്ലേ?’, ചോദ്യം കേട്ടാല്‍ തോന്നും എന്റെ അമ്മാവന്റെ മകളാണെന്ന്‌. ഇവളെ നമ്മുടെ സിനിമാനടി.. നടയ്‌ക്കു വച്ചതാ. അവരുടെ അതേ സ്വഭാവമാണ്‌. ആര്‍ക്കു വേണേല്‍ അടുക്കല്‍ ചെല്ലാം, തൊടാം, തലോടാം….അതോടെ സുകുമാരന്‍ ചേട്ടന്റെ ദന്ത നിരകള്‍ മനോഹരമായി അവശേഷിക്കുന്നതു കോള്‍ഗേറ്റിന്റെ മാത്രം ഗുണമല്ല, കളരിയഭ്യാസത്തിന്റെ സംരക്ഷണം ഉള്ളതു കൊണ്ടു കൂടി ആണെന്നെനിക്കുറപ്പായി. ഒടുവില്‍ അദ്ദേഹം എന്നെ ഒരു മതിലില്‍ കയറ്റി ഇരുത്തി. പുറകില്‍ ഒരാനയുണ്ട്‌. അവന്‍ തുമ്പിക്കൈ നീട്ടിയാലും ഒരു മീറ്റര്‍ ആകലെ വരെയേ എത്തൂ. അപ്പോള്‍ പേടിക്കാനില്ല. ആന ആകെപ്പാടെ അല്‌പം അസ്വസ്ഥനാണെന്നു തോന്നുന്നു. തുമ്പിക്കൈ നീട്ടുന്നു, നിലത്തിട്ടടിക്കുന്നു, വെറുതെ നിന്നു വട്ടം കറങ്ങാന്‍ ശ്രമിക്കുന്നു.

    സുകുമാരന്‍ ചേട്ടന്‍ മതിലില്‍ ഇരിക്കുന്ന എന്റെ രണ്ടു മുട്ടിലും ഈ രണ്ടു വിരല്‍ കൊണ്ടു പിടിച്ചു. എന്നിട്ടു പറഞ്ഞു, “സാറെ ആ ആനക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഞാന്‍ കണ്ണു മിഴിച്ചു. എന്തു പ്രത്യേകത? കൊമ്പനാനയാണ്‌ അത്ര തന്നെ. “അവന്‍ മദം പൊട്ടി നില്‍ക്കുവാ”. ഞാന്‍ അലറിക്കൊണ്ടു ചാടിയെങ്കിലും മതിലില്‍ നിന്നും പൊങ്ങിയില്ല. മുട്ടു രണ്ടും മതിലില്‍ ആണിയടിച്ചു വച്ചതു പോലുണ്ട്‌. സുകുമാരന്‍ ചേട്ടനു മര്‍മ്മ വിദ്യ ശരിക്കറിയാമെന്ന്‌ എനിക്കു ബോധ്യമായി. രണ്ടു മണിക്കൂര്‍ കഴിഞ്ഞ്‌ ആനകളെക്കുറിച്ചദ്ദേഹത്തിന്‌ അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തീര്‍ത്തിട്ടാണ്‌ എന്നെ മതിലില്‍ നിന്ന്‌ ഇറങ്ങാന്‍ അനുവദിച്ചത്‌. പക്ഷെ അതില്‍ ഒരു വാക്കുപോലും എന്റെ തലയില്‍ കേറിയില്ല. ഒരാഴ്‌ച കഴിഞ്ഞ്‌ ഷൂട്ടിംഗിനു ചെന്നപ്പോള്‍ അദ്ദേഹം എല്ലാ സൗകര്യവും ചെയ്‌തു തന്നു. ചെറിയ ഒരു ആവശ്യം, അദ്ദേഹത്തിന്‌ ആനകളെക്കുറിച്ച്‌ ടെലിവിഷനിലുടെ ചിലതു പറയണം. പഴയ അനുഭവം വച്ചു ഞാന്‍ തര്‍ക്കിച്ചില്ല. ക്യാമറ റെഡിയാക്കി. അദ്ദേഹം പറഞ്ഞു തുടങ്ങി ‘ഈ നില്‌ക്കുന്ന കൊമ്പനാന ഒരു വലിയ അല്‍ബുതമാണ്‌ . അതിന്റെ മൂക്കാണ്‌ തുമ്പിക്കൈ, പല്ലാണ്‌ കൊമ്പ്‌….. അങ്ങിനെ. ഒടുവില്‍ ഒരു കാര്യം കൂടി പറഞ്ഞു പുരുഷ വംശത്തില്‍ പ്രത്യുല്‍പ്പാദനത്തിനുള്ള അവയവങ്ങള്‍ പൂര്‍ണ്ണമായും ശരീരത്തിനുള്ളില്‍ ഇരിക്കുന്ന ഏക ജീവിയും ആനയാണ്‌. പക്ഷെ അവസാനഭാഗം പൂര്‍ണ്ണമായും സ്വന്തം ഭാഷയിലും ശൈലിയിലുമാണ്‌ അവതരിപ്പിച്ചത്‌. പദങ്ങളും ആംഗ്യങ്ങളും പരിപൂര്‍ണ്ണമായും അണ്‍ പാര്‍ലമെന്ററി. എന്നിട്ടിതു കൂടി പറഞ്ഞു. “എനിക്കിതിന്റെയൊന്നും ഇംഗ്ലീഷു പിടിയില്ല. സാര്‍ എങ്ങനെയാണെന്നാല്‍ മാറ്റിക്കോ”. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവരാണല്ലോ മഹാന്മാര്‍.

    പതിനഞ്ചു കൊല്ലം മുന്‍പ്‌ സുകുമാരന്‍ ചേട്ടന്‍ ടെലിവിഷനു നല്‌കിയ പദാവലികളും, ആംഗ്യങ്ങളും മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമക്കാര്‍ അടുത്ത പത്തു കൊല്ലത്തിനിടയില്‍ പോലും തൊടാന്‍ ധൈര്യപ്പെടില്ല. ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ക്യാമറമാന്‍ നിലത്തിരുന്നു വയറില്‍ അമര്‍ത്തിപ്പിടിച്ചു ചിരിക്കുകയാണ്‌. ഷൂട്ടിംഗല്ലാം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും സൗഹൃദ സംഭാഷണം തുടങ്ങി. “പാപ്പാന്‍ പണി മോശമില്ല. ഒരു സ്‌കൂളധ്യാപകന്റെ ശമ്പളമൊക്കെ കിട്ടുന്നുണ്ട്‌. പിന്നെ ആനയെ തല്ലാതെ നിവര്‍ത്തിയില്ല. കാട്ടില്‍കിടക്കുന്ന സാധനത്തിനെ പിടിച്ചു കൊണ്ടു വന്നു നമ്മുടെ റൂളും ചട്ടവും പടിപ്പിക്കുകയല്ലോ?. വഴിയരികിലെ മുറുക്കാന്‍ കടയില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത കാശിനാണ്‌ കുലവാങ്ങി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതെന്ന്‌ ആനക്കറിയില്ലല്ലോ. അതു പഴം കണ്ടാല്‍ പറിച്ചു തിന്നും. അപ്പോള്‍ ഒന്നുകില്‍ പഴം കാണിക്കരുത്‌. അല്ലെങ്കില്‍ മുന്‍പില്‍ വച്ചു കൊടുക്കുന്ന പഴക്കുലയില്‍ അല്ലാതെ വേറെ പഴക്കുലയില്‍ തൊട്ടാല്‍ വേദനിക്കുമെന്നു പഠിപ്പിക്കണം. രണ്ടാമത്തേതാണ്‌ എളുപ്പം. ബാലേ നര്‍ത്തകി സീരിയല്‍ പിടിക്കാന്‍ പോയാലോ, കഥാപ്രസംഗക്കാരനു പനി വന്നാലോ ഭാഗവതര്‍ക്കു ചുമ വന്നാലോ ഒക്കെ പരിപാടി ക്യാന്‍സലാവും. ആനയ്‌ക്കു മാത്രം അവധിയില്ല. അത്‌ എന്നും ജോലി ചെയ്‌തേ പറ്റൂ. എത്ര വയ്യെങ്കിലും തല്ലി പണിയെടുപ്പിക്കും. ഒരു ദിവസം അവന്‍ തിരിച്ചു തല്ലും. നമ്മുടെ കഥയുടെ ഒന്നാം ഭാഗം അന്നു കഴിയും. രണ്ടാം ഭാഗം തുടങ്ങുന്നത്‌ മകന്‍ സര്‍ക്കാരുദ്യോഗസ്ഥനാകുന്നതോടെയാണ്‌. അപ്പന്‍ ചത്ത ഒഴിവില്‍ അവന്‍ ദേവസ്വം പാപ്പാനാകും.” പല പാപ്പാന്മാരെയും പോലെ ആനവാല്‍ കച്ചവടമാണ്‌ സുകുമാരന്‍ചേട്ടന്റെയും പ്രധാന ഹോബി. നുറുരൂപ കൊടുത്താല്‍ ഒരെണ്ണം തരും. എല്ലാ ദിവസവും ആനവാല്‍ വിറ്റാണ്‌ സായംകാല വിനോദങ്ങള്‍ക്കു പണം കണ്ടെത്തുന്നത്‌. അപ്പോള്‍ ആനയുടെ വാലിലെ രോമം തീരില്ലേ എന്ന ഞങ്ങളുടെ സംശയത്തിന്‌ കുറെ നിര്‍ബന്ധിച്ചപ്പോള്‍ ഉത്തരം പറഞ്ഞു. വില്‍ക്കുന്നത്‌ ആന വാലല്ല, ആന നാരാണ്‌. ആന തിന്ന പലയോലയുടെ ഒരു നല്ല നാര് ആനപ്പിണ്ടം ചികഞ്ഞു കണ്ടു പിടിക്കും. അവനെ ആവണക്കെണ്ണ പുരട്ടി നന്നായി തിരുമ്മി ഇടയ്‌ക്കു വെയിലത്തു വച്ചു എങ്ങനെ വളച്ചാലും വളയുന്ന പരുവമാക്കി എടുക്കും. എന്നിട്ട്‌ അതില്‍ കരി പുരട്ടി നിറം പിടിപ്പിക്കും. ഇതാണ്‌ സുകുമാരന്‍ ചേട്ടന്‍ ബ്രാന്‍ഡ്‌ ആന വാല്‍. അപ്പോള്‍ ഒരു യഥാര്‍ത്ഥ ആനവാല്‍ കിട്ടാന്‍ എന്തു വഴി?. മൂപ്പര്‍ രണ്ടു വിരല്‍ പൊക്കി കാണിച്ചു. രണ്ടായിരം രൂപ. അത്രയും തന്നാല്‍ തരുമോ?. ദൂരെ നില്‍ക്കുന്ന മറ്റു പാപ്പാന്‍മാരെ ചൂണ്ടി മൂപ്പര്‍ പറഞ്ഞു “പിന്നെന്താ, അവന്മാരുടെ വല്ലോം ആനയുടെ വാലില്‍ നിന്ന്‌ മുറിച്ചു തരാം”. ഇതാണ്‌ സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ത്ഥത. ഇടയ്‌ക്കിടെ കാണാമെന്നു പറഞ്ഞെങ്കിലും എനിക്കു പിന്നീടു പോകാന്‍ പറ്റിയില്ല. ഡോക്യുമെന്ററിയും കൊണ്ടു വേണമല്ലോ ചെല്ലാന്‍. ഇപ്പോള്‍ ഫോണ്‍ വിളി വരാറില്ല. ആരെങ്കിലും പിടിച്ചു ‘സുകുമാരഘൃതമാക്കിയോ’ എന്നാണെന്റെ പേടി.

  • ‘ജഡ്‌ജി സാര്‍’

    എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട്‌ എനിക്കു കടുത്ത അസൂയ ആണ്‌. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവാണ്‌. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്‌. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ ഒക്കെ ആയിരുന്നു എന്ന്‌. ഇല്ലെങ്കില്‍ എങ്ങിനെയാണ്‌ 24 മണിക്കൂറും സേവനം തുടരുക? അദ്ദേഹത്തെ പോലെയാകാന്‍ ഞാനും ശ്രമിക്കുമെങ്കിലും ഒരു മൂന്നു നാലു ദിവസത്തിനകം ചെമ്പു പുറത്തു വരും. സൗഹൃദം എന്റെ രക്തത്തിലുള്ള ഒരു ഗുണമല്ല എന്ന്‌ ഒടുവില്‍ ബോധ്യമായി. കൂടുതല്‍ ശ്രമിച്ചിട്ടു കാര്യമില്ല. പക്ഷെ ചിലപ്പോഴെങ്കിലും കറകളഞ്ഞ സൗഹൃദങ്ങളോടു കാണിക്കുന്ന അവഹേളനം അല്‌പം കുറ്റബോധം ഉള്ളിലുണ്ടാക്കാറുണ്ട്‌. അച്ഛന്‍, അമ്മ, സഹോദരി എന്നിവരടങ്ങിയ ഒരു നാലംഗ അണുകുടുംബത്തിലെ അംഗമായിരുന്നു ഞാന്‍. അച്ഛനും അമ്മയും അല്‌പം കര്‍ക്കശക്കാരും ദേഷ്യക്കാരുമായിരുന്നതിനാല്‍ വീട്ടിലും പരിസരത്തും അണുവികിരണം അല്‌പം കൂടുതലായിരുന്നു. അധികം അകലെയല്ലാതെ അമ്മയുടെ കുടുംബ വീട്‌ ഉണ്ടായിരുന്നു. അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നതിനാല്‍ കുട്ടികള്‍ക്കു വലിയ പരിക്കു പറ്റാതെ ജീവിക്കാന്‍ പറ്റിയിരുന്നു. നിറയെ മരങ്ങളും പക്ഷികളും ഒക്കെയുള്ള ആ പറമ്പില്‍ സമയം ഒരു പ്രയാസവുമില്ല. പശു, കോഴി, പാമ്പ്‌, അരണ, ഓന്ത്‌ തുടങ്ങി ഒരുപാടു ജീവികള്‍ വളര്‍ത്തിയും വളര്‍ന്നും അതു വഴി നടന്നിരുന്നു.

    തൊട്ടയല്‍വക്കത്തെ വീടിന്റെ ഉടമസ്ഥന്‌ ഒന്നിലധികം വീടുകളുണ്ടായിരുന്നതിനാല്‍ പലതും വാടകയ്‌ക്കു കൊടുത്തിരുന്നു. അല്‌പം വലിയ പുരയിടമാണതും. വരുന്ന വാടകക്കാരെ മണിയടിച്ച്‌ കുട്ടികളുടെ കളികള്‍ അടുത്ത പറമ്പിലേക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നു ഞങ്ങളുടെ വിദ്യ. ആ വഴിയിലൂടെ അന്ന്‌ ഒരു ഓട്ടേറിക്ഷ പോലും വരില്ലായിരുന്നെങ്കിലും ആ വീട്‌ വാടകയ്‌ക്കെടുത്തിരുന്നത്‌ കൂടുതലും ഡോക്ടര്‍മാരായിരുന്നു. എന്താണു കാരണമെന്നറിയില്ല. അന്നു ഡോക്ടര്‍മാര്‍ അത്ര സമ്പന്നരായിരുന്നില്ല. പാവപ്പെട്ട രോഗികളുടെ ആത്മാവും ശരീരവുമൊക്ക തുരന്നു ഒറിജിനല്‍ എടുത്തുമാറ്റി ഡ്യൂപ്ലിക്കേറ്റ്‌ വയ്‌ക്കുന്ന പണിയും സര്‍വ്വ വിഷവും മരുന്നാണെന്നു പറഞ്ഞു കൊടുത്തു കാശുമേടിക്കുന്ന വിദ്യയും അന്നു പ്രാബല്യത്തില്‍ വന്നിരുന്നില്ല. അതു കൊണ്ട്‌ ഇന്നു മെഡിക്കല്‍ കോളേജില്‍ മാന്യമായി ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ വരുമാനമേ അന്ന്‌ ഏതു ഡോക്ടര്‍ക്കും ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഡോക്ടര്‍മാരോടു നാട്ടുകാര്‍ക്കു വലിയ ബഹുമാനമായിരുന്നു. അങ്ങിനെയിരിക്കുമ്പോള്‍ കുടുംബവീട്ടില്‍ താമസിക്കുന്ന അനിയത്തി മീര ഒരു വാര്‍ത്തയുമായി വരുന്നു. ഡോക്ടര്‍മാര്‍ സ്ഥലം മാറിപ്പോയി. പകരം വന്നിരിക്കുന്നതു രണ്ടു ജഡ്‌ജിമാരാണ്‌. അവള്‍ പരിചയപ്പെട്ടു എന്നു മാത്രമല്ല ഒരാള്‍ക്ക്‌ അവളുടെ പേരു തന്നെയാണു താനും. അന്നു വരെ ഞാന്‍ ഒരു ജഡ്‌ജിയെ കണ്ടിട്ടില്ല. മീര എന്നു പേരുള്ള ഒരു പുരുഷനെയും കണ്ടിട്ടില്ല. ഞാന്‍ അവളെ തന്നെ കൂട്ടു പിടിച്ചു. ജഡ്‌ജിമാര്‍ താമസിക്കുന്ന വീടിന്റെ വേലിക്കു ചുറ്റും വെറുതെ നടക്കാന്‍ തുടങ്ങി. അപ്പോള്‍ അകത്തു നിന്നൊരു ചോദ്യം “മീര, ഇതാരാണു പുതിയ കഥാപാത്രം?”. ആ ചോദ്യത്തിന്റെ വിടവിലൂടെ ഇടിച്ചകത്തു കയറി. ആദ്യ അഭിമുഖത്തില്‍ ഒരു കാര്യം മനസ്സിലായി. മീരയ്‌ക്ക്‌ പേരിന്റെ കാര്യത്തില്‍ ചെറിയ ഒരു തെറ്റു പറ്റിയിരിക്കുന്നു. ഒരക്ഷരം മാറിപ്പോയി. ഒരു ജഡ്‌ജിയുടെ പേര്‌ ഖാദര്‍ മീരാന്‍ സാഹിബ്‌ എന്നാണ്‌. മറ്റെ ജഡ്‌ജിയുടെ പേര്‌ കൃഷ്‌ണന്‍നായര്‍ എന്നും.

    അന്നു ഞാന്‍ മൂന്നാം ക്ലാസ്സിലാണു പഠിക്കുന്നത്‌. മീരയുടെ ചേട്ടനെന്ന പരിഗണനയില്‍ രണ്ടു ജഡ്‌ജിമാരും എന്നെ ‘ചേട്ടാ’ എന്നു വിളിക്കാന്‍ തുടങ്ങി. മിക്കവാറും വിളിക്കുന്നത്‌ ‘എടാ ചേട്ടാ’ എന്നാണ്‌. ഖാദര്‍ മീരാന്‍ സാഹിബ്‌ സാര്‍ വളരെ കുറച്ചു നാളേ അവിടെ ഉണ്ടായിരുന്നുള്ളൂ. പേരൊഴിച്ചു മറ്റൊന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല. എന്നാല്‍ കൃഷ്‌ണന്‍ നായര്‍ സാറും അദ്ദേഹത്തിന്റെ പാചകക്കാരന്‍ ശശിയും – പതിനഞ്ചോ, പതിനാറോ വയസ്സു പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍ – കുറെക്കാലം അവിടെ താമസിച്ചു. ഞങ്ങള്‍ സാറിനെ ജഡ്‌ജി സാറെന്നു വിളിക്കാന്‍ തുടങ്ങി. അന്നു ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍ മൂന്നാം ക്ലാസ്സുവരെ അരദിവസമേ ക്ലാസ്സുള്ളൂ. എന്നു മാത്രമല്ല മൂന്നാം ക്ലാസ്സുകാരെ പഠിപ്പിക്കുന്നത്‌ ഉച്ചക്കു ശേഷമാണ്‌. ഒരു മണിക്കു സ്‌കൂളിലെത്തിയാല്‍ മൂന്നരമണിക്കു തിരിച്ചു പോകാം. അച്ഛനും അമ്മയും ജോലിക്കു പോവുമായിരുന്നതു കൊണ്ട്‌ രാവിലെ തന്നെ ഞാനും പുറത്തു ചാടും. പുസ്‌തകങ്ങളും സ്‌കൂളില്‍ കൊണ്ടു പോകാനുള്ള ഷര്‍ട്ടും നിക്കറുമൊക്കെ അമ്മയുടെ വീട്ടില്‍ ഭദ്രമായി വയ്‌ക്കും. പിന്നെയങ്ങോട്ട്‌്‌ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളാണ്‌. ചുറ്റുപാടുമുള്ള പറമ്പുകള്‍ മുഴുവന്‍ അരിച്ചു പെറുക്കും. നേരെ ജഡ്‌ജി സാറിന്റെ വീട്ടിലേക്കു ചെല്ലും. അദ്ദേഹം സ്റ്റെനോഗ്രാഫര്‍ക്ക്‌ ഇംഗ്ലീഷില്‍ വിധി ന്യായങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരിക്കും. ഞാന്‍ അവിടെ കിടക്കുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ദിനപത്രമെടുത്തു ഗൗരവത്തില്‍ വായന തുടങ്ങും. ഈ വായന കുറച്ചു നീളും. കാരണം മലയാളം മീഡിയത്തില്‍ പഠിച്ചിരുന്ന എനിക്ക്‌ ആകെ A,B,C,D എന്ന നാല്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ മാത്രമേ അറിയാവൂ. അതെവിടെയെങ്കിലും ഉണ്ടോ എന്നാണു നോക്കുന്നത്‌. കുറെക്കഴിഞ്ഞ്‌ ഞാന്‍ പത്രം താഴെ വയ്‌ക്കുമ്പോള്‍ ചോദ്യം വരും. “ചേട്ടാ നീ പത്രം വായിച്ചു കഴിഞ്ഞോ?”. വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ചോദ്യത്തിന്റെ രഹസ്യം എനിക്കു പിടികിട്ടിയത്‌. എനിക്ക്‌ ഇംഗ്ലീഷ്‌ അക്ഷരം അറിയില്ലെന്ന കാര്യം മീര രഹസ്യമായി അദ്ദേഹത്തോട്‌ പറഞ്ഞിരുന്നു!. മീന്‍കാരന്‍ വരുമ്പോള്‍ പൂച്ച പടിക്കല്‍ ചെന്നു നില്‌ക്കുന്നതു പോലെ പതിനൊന്നു മണിയാവുമ്പോള്‍ ഞാനും ജഡ്‌ജിസാറിന്റെ അരകല്ലിന്‍ ചുവട്ടിലെത്തും. പാചകക്കാരന്‍ ശശി രാവിലെ തന്നെ അദ്ദേഹത്തിനു ദോശ ഉണ്ടാക്കി നല്‌കിയിരിക്കും. അതിനു ശേഷം ഉച്ചയൂണിനുള്ള കറികള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലായിരിക്കും. എല്ലാദിവസവും അവിയല്‍ സാമ്പാര്‍ തുടങ്ങി പല കറികളുമുണ്ടാക്കാന്‍ ശ്രമിക്കുമായിരുന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയതായി അറിവില്ല. കൃത്യം പതിനൊന്നു മണിയാവുമ്പോള്‍ ശശി ഒരു ആത്മഗതം പുറപ്പെടുവിക്കും “ഇന്നത്തെ കറി ഉപ്പുമാങ്ങ കൊണ്ടായാലോ?”. ഭരണി തുറന്ന്‌ റെഡിമെയ്‌ഡ്‌ ഫുഡായ ഉപ്പുമാങ്ങ രണ്ടെണ്ണം പുറത്തെടുക്കും. പിന്നെ എന്നെ ഒന്നു നോക്കിയ ശേഷം ഒന്നു കൂടി പുറത്തെടുക്കും. അതെനിക്കുള്ളതാണ്‌. തുടര്‍ന്ന്‌ ഉപ്പുമാങ്ങയെ പീഡിപ്പിക്കാന്‍ തുടങ്ങും. അരകല്ലില്‍ വച്ച്‌, അമ്മിക്കല്ലു പലതരത്തില്‍ പിടിച്ചു ഇടിക്കുക, ചതക്കുക, ചരുവത്തിലിട്ടു തവി കൊണ്ടു കുത്തുക, കടുകു വറുത്ത തിളച്ച എണ്ണയിലേക്കിടുക, മുളകു പൊടി വിതറുക. പച്ചമുളകു കീറിയിടുക, പുളിച്ച മോരൊഴിക്കുക അങ്ങിനെ എത്രയെത്ര കോംബിനേഷനുകളാണ്‌.

    ഈ അധ്യായം അവസാനിക്കുന്നത്‌ എല്ലാ ദിവസവും ഒരേ രീതിയിലാണ്‌. ശശിയിലെ ശാസ്‌ത്രജ്ഞന്‍ ഒടുവില്‍ അവശേഷിക്കുന്ന തിളക്കുന്ന ദ്രാവകത്തില്‍ അല്‌പം തവി കൊണ്ടു കോരി നാക്കിലൊഴിച്ചു രണ്ടു മൂന്നു തവണ മേലോട്ടു ചാടും. കണ്ണിലും മൂക്കിലും കൂടി വരുന്ന പുകയും വെള്ളവുമൊക്കെ തുടച്ചിട്ടു പറയും “ഇന്നു കറി നന്നായിട്ടുണ്ട്‌ ഇന്നലെത്തെ പോലെയല്ല”. കൈക്കൂലിയായി കിട്ടിയ ഉപ്പുമാങ്ങ നുണഞ്ഞിറങ്ങുന്ന ഞാന്‍ തികഞ്ഞ സത്യസന്ധനായതു കൊണ്ട്‌ ഒന്നും മിണ്ടില്ല, തല കുലുക്കും. പാവം ജഡ്‌ജി സാര്‍ , അമേരിക്കയ്‌ക്ക്‌ ഇസ്രായേലിനോടുള്ള സമീപനം തന്നെ ആയിരുന്നു സാറിനു ശശിയോടും. എന്തു ചെയ്‌താലും പുഞ്ചിരിക്കും. പിന്നെ ഉപ്പുമാങ്ങയ്‌ക്ക്‌ ഒരു മിനിമം ഗ്യാരണ്ടി ഉള്ളതു കൊണ്ട്‌ പട്ടിണി മരണം സംഭവിച്ചില്ല. സ്ഥലം മാറി പോയപ്പോള്‍ അദ്ദേഹം സ്റ്റൗവ്‌, പാത്രങ്ങള്‍, ദോശക്കല്ല്‌, തുടങ്ങിയ ജംഗമ വസ്‌തുക്കളെല്ലാം ശശിക്കു നല്‍കി. അതെല്ലാം തലയില്‍ വച്ചാണ്‌ ശശി നാടു വിട്ടത്‌. പിന്നെ എന്തായെന്നറിയില്ല. ഒരു പക്ഷെ പില്‍ക്കാലത്ത്‌ 2 മിനിട്ട്‌ നൂഡില്‍സ്‌ ഇന്ത്യയില്‍ ഇറങ്ങിയതിനു പിന്നില്‍ ശശിയും ഉണ്ടായിരുന്നിരിക്കാം. അക്കാലത്ത്‌ എന്റെ അമ്മൂമ്മ ഒരു പശുവിനെ വളര്‍ത്തുന്നുണ്ട്‌. പശുവിനാണോ അമ്മൂമ്മയ്‌ക്കാണോ കൂടുതല്‍ കുറുമ്പെന്ന്‌ വീട്ടില്‍ ആര്‍ക്കും ഉറപ്പില്ല. അമ്മൂമ്മയോടും ചോദിക്കാന്‍ പറ്റില്ല, പശുവിന്റെ ഭാഷയും അറിയില്ല. ഒരിക്കല്‍ പറമ്പിന്റെ അതിരില്‍ കെട്ടിയിരുന്ന പശുവിനെ അമ്മൂമ്മ എന്തിനോ തല്ലി. പശു അമ്മൂമ്മയെ കൊമ്പില്‍ തോണ്ടി എറിഞ്ഞു. അത്രയ്‌ക്കായോ എന്നു ചോദിച്ച്‌ അമ്മൂമ്മ എഴുന്നേറ്റു വന്നു വീണ്ടും തല്ലി, പശു വീണ്ടും എടുത്തെറിഞ്ഞു. അങ്ങിനെ അമ്മൂമ്മയും പശുവും ഒത്തു ചേര്‍ന്നു ന്യൂട്ടന്റെ മൂന്നാം ചലന നിയമം ശരിയാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ശബ്ദം, “പോരെ ചേച്ചി, രണ്ടു മൂന്നു തവണ ആയില്ലേ?” ജനലിലൂടെ ഈ കാഴ്‌ച കണ്ട്‌ മടുത്ത ജഡ്‌ജി സാറാണ്‌. ഏകപക്ഷീയമായി യൂദ്ധം നിര്‍ത്തി അമ്മൂമ്മ വീട്ടിലേക്കു പോയി. പശുവും ഉടമസ്ഥനുമായുള്ള തര്‍ക്കം കോടതിക്കു പുറത്തു വച്ചു രമ്യമായി തീര്‍ത്ത ഈ സംഭവമാവാം ഒരു പക്ഷെ ഇന്ത്യയില്‍ അദാലത്തുകളുടെയും നീതി മേളകളുടെയും തുടക്കം.

    ചെറിയ മനുഷ്യരുടെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്ന പതിവ്‌ അന്നു തുടങ്ങിയിട്ടില്ലായിരുന്നതിനാല്‍ എന്റെ അമ്മൂമ്മയും ചരിത്രത്തില്‍ നിന്നു മാഞ്ഞു പോയി. ഇടയ്‌ക്ക്‌ കുടുംബം നാട്ടില്‍ നിന്നെത്തുമ്പോളൊഴിച്ചുള്ള വൈകുന്നേരങ്ങളില്‍ ജഡ്‌ജിസാര്‍ തിരക്കില്‍ നിന്നു മുക്തനായിരുന്നു. കുട്ടികളായ ഞങ്ങളുടെ ഏതു സംശയവും വളരെ സൗമ്യമായി തീര്‍ത്തു തരുമായിരുന്നു. അങ്ങിനെ ഒന്നു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ കോഴിക്കോട്ടേക്ക്‌ സ്ഥലം മാറ്റമായി. പോകാന്‍ നേരത്ത്‌ എന്നെ വിളിച്ചു പറഞ്ഞു ‘ചേട്ടാ, നീ ഇടയ്‌ക്കിടെ എഴുത്തയക്കണം’. ഞാന്‍ ആദ്യം കത്തയക്കാന്‍ മടി കാണിച്ചു. പക്ഷെ ഒരു മാസത്തിനകം അദ്ദേഹത്തിന്റെ കത്ത്‌ എനിക്ക്‌ വന്നു. സ്‌കൂളിലേക്കാണ്‌ വന്നത്‌. പുറത്ത്‌ അയച്ച ആളിന്റെ പൂര്‍ണ്ണ മേല്‍ വിലാസം. നാലാം ക്ലാസ്സുകാരന്‌ കോഴിക്കോട്‌ ലാന്‍ഡ്‌ റിഫോംസ്‌ സബ്‌ ജഡ്‌ജി കത്തയക്കുക. അതിലും വലിയ വാര്‍ത്ത ആ വര്‍ഷം സ്‌കൂളില്‍ ഉണ്ടായിട്ടില്ല. ഞാന്‍ സ്‌കൂളില്‍ പോവുമ്പോള്‍ രാവിലെ മുടങ്ങാതെ ഐഡിന്റി കാര്‍ഡു പോലെ കത്ത്‌ എടുത്ത്‌ ഷര്‍ട്ടിന്റെ പോക്കറ്റില്‍ വയ്‌ക്കും. മൂന്നിലൊരു ഭാഗമെങ്കിലും പുറത്തേക്കു കാണുന്ന തരത്തിലാണ്‌ വയ്‌ക്കുന്നത്‌. എതിരെ വരുന്നവരെയെല്ലാം ദയനീയമായി നോക്കും ആരെങ്കിലുമൊന്നു ചോദിക്കണ്ടേ, ഇതെന്താ വല്യ എഴുത്തുമൊക്കെ ആയിട്ടെന്ന്‌. ഇല്ല ഒരു പ്രതിഭയ്‌ക്ക്‌ ഈ നാട്ടില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടാന്‍ വലിയ പാടാണ്‌. പിന്നീടും അപൂര്‍വ്വമായി എങ്കിലും അദ്ദേഹം ചില കല്ല്യാണങ്ങളില്‍ പങ്കെടുക്കുന്നതിനൊക്കെ ആയി ഞങ്ങളുടെ നാട്ടില്‍ വരുമായിരുന്നു. കല്യാണ സ്ഥലത്ത്‌ എന്നെ പരിചയമുണ്ടാവാന്‍ സാധ്യതയുള്ള ആരെയെങ്കിലും തപ്പിപ്പിടിച്ച്‌ അവനെ ഞാന്‍ അന്വേഷിച്ചു എന്നു പറയാന്‍ ചുമതലപ്പെടുത്തും. കുറെ വര്‍ഷം കഴിഞ്ഞു. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്ത്‌ അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ തന്നെ തിരികെ എത്തി.

    ഒരു ദിവസം വൈകിട്ട്‌ വീടിനടുത്ത അമ്പലത്തില്‍ നിന്നൊരാള്‍ ഓടി വരുന്നു. അവിടെ ഒരു ജഡ്‌ജി വന്നിട്ടുണ്ട്‌. നിന്നെ അന്വേഷിക്കുന്നു. ഞാന്‍ ചെന്നപ്പോള്‍ നാട്ടിന്‍പുറത്തെ ആള്‍ത്തിരക്കില്ലാത്ത അമ്പലമുറ്റത്തെ ഇരുട്ടില്‍ അദ്ദേഹം ചിന്താമഗ്നനായി നില്‌പുണ്ട്‌. എന്നെക്കണ്ടു. ‘വാടാ ചേട്ടാ’ എന്നു വിളിച്ചു. സമയം പോലെ ഔദ്യോഗിക വസതിയിലേക്ക്‌ ഇറങ്ങാന്‍ എന്നെ ക്ഷണിച്ചു. പക്ഷെ എന്തോ ഒരു അസ്വസ്ഥത പോലെ എനിക്കു തോന്നി. പതിവുള്ള സംസാരം ഇല്ല. ആളുകള്‍ പിരിഞ്ഞു പോയ ശേഷം അദ്ദേഹം ക്ഷേത്ര നടയില്‍ തൊഴുതു കണ്ണുകളടച്ചു നില്‌ക്കാന്‍ തുടങ്ങി. അങ്ങിനെ എത്ര നേരം നിന്നു എന്നറിയില്ല. എന്നെ നോക്കി ‘പൊയ്‌ക്കോളൂ’ എന്നൊരാംഗ്യം കാണിച്ചിട്ട്‌ ഒന്നും മിണ്ടാതെ ഒന്നൊന്നര കിലോമീറ്റര്‍ അകലെയുള്ള ക്വാര്‍ട്ടേഴ്‌സിലേക്കദ്ദേഹം നടന്നു പോയി. മൂന്നാം ദിവസത്തെ പത്രത്തില്‍ വായിച്ചു ജില്ലാ ജഡ്‌ജി കൃഷ്‌ണന്‍ നായര്‍ ഒരു കൊലക്കേസ്‌ പ്രതിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചെന്ന്‌. എഴുപതുകളുടെ അവസാനഘട്ടത്തിലാണിത്‌. അന്ന്‌ കൊലക്കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ സാധാരണമാണ്‌. അതുകൊണ്ടു തന്നെ അത്തരം വാര്‍ത്തകള്‍ക്കു പത്രത്തിലും അധികം സ്ഥലമൊന്നും കൊടുക്കാറില്ല. കൊലപാതകത്തെക്കുറിച്ചും വധശിക്ഷയെക്കുറിച്ചും, അതു വിധിക്കുന്ന ന്യായാധിപനെക്കുറിച്ചുമൊക്കെ ഞാന്‍ ആദ്യമായി ആലോചിക്കുന്നതപ്പോളാണ്‌. അദ്ദേഹം ഒരു വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്നു. അതിനിടെ ഇതേ സംഭവങ്ങള്‍ ഇതേ മുറയില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നാണെന്റെ ഓര്‍മ്മ. അധികം താമസിയാതെ അദ്ദേഹം വിരമിച്ചു. എന്റെ നാട്ടില്‍നിന്ന്‌ പത്തു മുപ്പതു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള അദ്ദേഹത്തിന്റെ നാട്ടില്‍ സ്ഥിരതാമസമാക്കി. പിന്നിടദ്ദേഹം എന്നെ വിളിച്ചിട്ടില്ല. ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടുമില്ല. ഇന്നാലോചിക്കുമ്പോള്‍ അദ്ദേഹത്തിന്റെ യുക്തി എനിക്കു മനസ്സിലാവുന്നു. പതിനെട്ടു വയസ്സ്‌ ആകുന്നതുവരെ ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം എനിക്ക്‌ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി. പിന്നീട്‌ അന്വേഷിച്ചു ചെല്ലേണ്ടത്‌ എന്റെ കടമ ആയിരുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചിതിനു ശേഷം ഒരു മുപ്പതു വര്‍ഷമെങ്കിലും അദ്ദേഹം ജീവിച്ചിരുന്നു. ഞാന്‍ കുറഞ്ഞത്‌ അഞ്ഞൂറു തവണയെങ്കിലും ആ ടൗണിലൂടെ കടന്നു പോയിട്ടുണ്ട്‌. ഓരോ തവണയും പിന്നെയാവാം എന്നു കരുതി മാറ്റിവച്ചു. ഒടുവില്‍ നാലോ അഞ്ചോ വര്‍ഷം മുന്‍പ്‌ അദ്ദേഹത്തിന്റെ ചരമവാര്‍ത്ത പത്രങ്ങളില്‍ കണ്ടു. എന്റെ കുറ്റം കൊണ്ടു മാത്രം നടക്കാതെ പോയ ആ കൂടിക്കാഴ്‌ച ഉള്ളിലെവിടെയോ ഒരു ചെറിയ നീറ്റല്‍ ഉണ്ടാകുന്നുണ്ട്‌. അതിനി ഒരിക്കലും മാറുമെന്നും തോന്നുന്നില്ല.

  • ഒരു പ്രേതകഥ!!!

    വളരെ പണ്ട്‌ എന്റെ വീട്ടിലെ പുസ്‌തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്‌തകം ഉണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്‌തകം ഒരു ഡിറ്റക്ടീവ്‌ നോവല്‍ ആണ്‌. ‘ചോര പുരണ്ട കഠാരി’ എന്നാണ്‌ നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി കത്തുകള്‍ അവസാനിക്കുന്നത്‌ ‘എന്ന്‌, ചോര പുരണ്ട കഠാരി’ എന്നാണ്‌. അത്യന്തം ഉദ്വേഗജനകമായിരുന്നു നോവല്‍. അതു കൊണ്ടു തന്നെ അവസാനത്തെ മൂന്നു നാലു ചാപ്‌റ്റര്‍ ഇല്ലായിരുന്നു. വീട്ടുകാരെല്ലാം വായിച്ചു തകര്‍ത്ത താണ്‌. വീട്ടിലുള്ള നൂറുകണക്കിനു പുസ്‌തകങ്ങളിലൊന്നിനും ഈ ഗതി വന്നിട്ടില്ല. എന്തായാലും അന്തമില്ലാത്ത ഉദ്വേഗം ഉള്ളില്‍ നിറച്ച ഞാന്‍ കുറച്ചു നാള്‍ കാറ്റു നിറഞ്ഞ ഒരു ബലൂണ്‍ പോലെയാണു നടന്നിരുന്നത്‌. എവിടെ തൊട്ടാലും പൊട്ടാം. ചോര പുരണ്ട കഠാരി തൊട്ടു പിന്നാലെയുണ്ടെന്നൊരു തോന്നല്‍. എന്നെപ്പോലൊരു മകനെ തട്ടിക്കൊണ്ടു പോയാല്‍ മോചനദ്രവ്യം കൊടുത്തു തിരിച്ചെടുക്കാന്‍ ഒരു രക്ഷകര്‍ത്താവും തയ്യാറാവില്ല. എന്തു വേണമെന്നറിയാതെ ആത്മരക്ഷയ്‌ക്കായി ഞാന്‍ കയ്യില്‍ കിട്ടിയ സര്‍വ്വ ഭൂത, പ്രേത മാന്ത്രിക നോവലുകളും കിളച്ചു മറിച്ചു. കുറെനാള്‍ കഴിഞ്ഞാണ്‌ എനിക്ക്‌ പ്രേതലോകത്തു നിന്നു പുറത്തു കടക്കാന്‍ കഴിഞ്ഞത്‌. സത്യത്തില്‍ പ്രേതങ്ങളുണ്ടോ? ഉയര്‍ന്ന വോള്‍ട്ടേജും ഇല്‌ക്ട്രിക്ക്‌ ലൈറ്റും തെരുവു വിളക്കും മറ്റും പ്രചാരത്തിലെത്തുന്നതിന്‌ മുന്‍പ്‌ മനുഷ്യന്‍ വളരെ അധികം ചിന്തിച്ചു വിഷമിച്ചിരുന്ന കൊണ്ടിരുന്ന ഒരു വിഷയമാണിതെന്നാണ്‌ തോന്നുന്നത്‌. ഇപ്പോള്‍ പിന്നെ പ്രേത സിനിമകള്‍ ഇറങ്ങുകയും ഓര്‍ക്കാപ്പുറത്തു കറണ്ടു പോവുകയും ചെയ്‌താല്‍ മാത്രമേ നമ്മള്‍ ഇതൊക്കെ ഓര്‍ക്കാറുള്ളു. ‘ചോര പുരണ്ട കഠാരി’ തൊട്ട്‌ ‘കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല’ വരെ വായിച്ചു വളര്‍ന്ന എനിക്ക്‌ എല്ലാ ജാതിയിലും മതങ്ങളിലും പെട്ട സര്‍വ്വ ആണ്‍ പെണ്‍ മൂന്നാം വര്‍ഗ്ഗ പിശാചുക്കളെയും പേടിയായിരുന്നു.

    അങ്ങിനെ പേടിച്ചു ജീവിക്കുന്ന കാലത്ത്‌ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയി. മൂന്നാം ദിവസം രാത്രിയാണു പരിപാടികള്‍ അവസാനിച്ചത്‌. ഞാന്‍ താമസിക്കുന്ന കൊച്ചു പട്ടണത്തില്‍ നിന്നു കഷ്‌ടിച്ച്‌ ഏഴു കിലേമീറ്റര്‍ അകലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്‌ യുവജനോത്സവം. തിരിച്ചെത്തുവാനുള്ള മാര്‍ഗ്ഗം ടാക്‌സിയാണ്‌. അംബാസഡര്‍ കാര്‍. പണ്ടുകാലത്തെ അംബാസഡര്‍ കാര്‍, പ്രത്യേകിച്ചും ടാക്‌സി, ഒരു അത്ഭുത വാഹനമായിരുന്നു. അതില്‍ എത്ര പേര്‍ക്ക്‌ ഒരേ സമയം സഞ്ചരിക്കുവാന്‍ കഴിയുമെന്ന്‌ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനു പോലും കണക്കാക്കാന്‍ പറ്റിയിട്ടില്ല. ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ മാത്രമാണ്‌ നമ്മള്‍ ആ വാഹനത്തോട്‌ അല്‌പം മര്യാദ കാണിച്ചിരുന്നത്‌. അല്ലെങ്കില്‍ ഒന്‍പതു പേരില്‍ കുറഞ്ഞ യാത്രയേ ഇല്ല. കുട്ടികള്‍ക്കാണെങ്കില്‍ എണ്ണമേ ഇല്ല. എത്ര ഉണ്ടെങ്കിലും പെറുക്കി എടുത്ത്‌ അകത്തിടാം. കൂട്ടത്തില്‍ അടുത്തുള്ള വീടുകളില്‍ നിന്നു പെറുക്കിയാലും കുഴപ്പമില്ല. എന്തായാലും യൂത്ത്‌ ഫെസ്റ്റിവല്‍ കഴിഞ്ഞു ഞങ്ങള്‍ അംബാസഡറില്‍ മടങ്ങി വരികയാണ്‌. ഹെഡ്‌മാസ്‌റ്റര്‍ക്കും ഡ്രൈവര്‍ക്കും പുറമേ പത്തു പന്ത്രണ്ടു കുട്ടികളെങ്കിലുമുണ്ട്‌. മൃദംഗം, ഹാര്‍മോണിയം തുടങ്ങിയ ജംഗമ വസ്‌തുക്കളും കുട്ടികളുടെ ബാഗുകളും ഡിക്കിയിലും കാരിയറിലുമായി നിറച്ചിരിക്കുന്നു. എന്റെ വീട്ടില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ അകലെ മെയ്‌ന്‍ റോഡില്‍ വണ്ടി നിര്‍ത്തി. ഹെഡ്‌മാസ്‌റ്ററുടെ ചോദ്യം – ‘തനിക്ക്‌ ഒറ്റയ്‌ക്കു പോകരുതോ? പേടിയുണ്ടോ? പക്ഷെ ഇവിടെ സുന്ദരിയായ ഒരു സഹപാഠി അടക്കം അഞ്ചാറു പെണ്‍കുട്ടികള്‍ കാറിലിരിക്കുകയാണ്‌. എനിക്കു പേടിയുണ്ടെന്നു പറയാന്‍ പറ്റുമോ ?. ഞാന്‍ രണ്ടും കല്‍പ്പിച്ചു പുറത്തു ചാടി. വണ്ടി വിട്ടുപോയി. സൈറണ്‍ അടിക്കുന്ന ശബ്ദം കേട്ടു. രാത്രി കൃത്യം ഒരു മണിക്കാണ്‌ മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങുന്നത്‌. ഒരു മനുഷ്യക്കുഞ്ഞും വഴിയിലില്ല. പട്ടി, പൂച്ച, പെരിച്ചാഴി, വവ്വാല്‍ തുടങ്ങി ബാക്കി സര്‍വ്വ കുഞ്ഞുങ്ങളും ഉണ്ടുതാനും. കയ്യിലുണ്ടായിരുന്ന ബാഗ്‌ തലയില്‍ വച്ചു കോമരം പോകുന്നതു പോലെ തുള്ളി കൊണ്ട്‌ ഞാന്‍ ഓടി. വഴിയില്‍ കേട്ട ഒരു ശബ്ദത്തിനും തിരിഞ്ഞു നോക്കിയില്ല. വല്ല പ്രേതവും കണ്ടിരുന്നെങ്കില്‍ തന്നെ അവര്‍ ദയ തോന്നി പോട്ടെന്നു വച്ചു കാണും. ജീവനും കയ്യില്‍ പിടിച്ചു പായുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിന്നാന്‍ ആത്മാഭിമാനമുള്ള ഒരു പ്രേതവും വരില്ല. വീട്ടിലെത്തിയപ്പോള്‍ സമാധാനമായി. മുറ്റത്തിരുന്നു. കിതപ്പൊക്കെ നല്ലവണ്ണം മാറിയപ്പോള്‍ ബെല്ലടിച്ചു. കതകു തുറന്ന അച്ഛന്‍ ചോദിച്ചു “ബാക്കിയുള്ളവര്‍ എവിടെ?” ഞാന്‍ പറഞ്ഞു `ഞാന്‍ കലക്ട്രേറ്റിനടുത്തിറങ്ങി, ഒറ്റയ്‌ക്കിങ്ങു പോന്നു’. ‘നിനക്കു പേടിയില്ലായിരുന്നോ?’ ‘എന്തിന്‌?’. അതോടെ വീട്ടില്‍ എനിക്കൊരു വീര നായകന്റെ പരിവേഷമായി. രാത്രി പുറത്തിറങ്ങാന്‍ പൂര്‍ണ്ണ ലൈസന്‍സുമായി. ഒരു പത്തു മുപ്പതു കിലോമീറ്ററിനുള്ളില്‍ നടക്കുന്ന സര്‍വ്വ ഉത്സവങ്ങളും കാണുവാനുള്ള ലൈസന്‍സാണ്‌ ഒറ്റ രാത്രി കൊണ്ടനുവദിച്ചു കിട്ടിയത്‌.

    ഒരിക്കല്‍ ഞാനീ കഥ പറഞ്ഞപ്പോള്‍ എന്റെ ഒരു സ്‌നേഹിതന്‍ മറ്റൊരു പ്രേത കഥ പറഞ്ഞു തന്നു. പത്തു നാലപ്‌തു വര്‍ഷം പഴയ കഥയാണ്‌. അദ്ദേഹത്തിന്റെ സ്‌നേഹിതനാണ്‌ കഥയിലെ നായകന്‍. മൂപ്പര്‍ക്ക്‌ വീട്ടില്‍ നിന്നും അധികം അകലെ അല്ലാതെ ഒരു പ്രേമം. പെണ്ണും ചെറുക്കനും ഒരുമിച്ച്‌ പഠിച്ചവരാണ്‌, പക്ഷെ സാമ്പത്തിക നിലയില്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ വലിയ അന്തരമാണ്‌. കല്യാണം നടക്കാന്‍ ഒരു സാധ്യതയുമില്ല. എന്നു മാത്രമല്ല പെണ്ണിന്റെ അച്ഛന്‍ കപ്പടാ മീശക്കാരനായ ഒരു തടിമാടന്‍. അദ്ദേഹം വടക്കേ ഇന്ത്യയിലെവിടെയോ പട്ടാളത്തിലോ പോലീസിലോ ഒക്കെ ആയിരുന്നു. അവിടെ നിന്നു. പിരിഞ്ഞു പോന്നപ്പോള്‍ ബൂട്ട്‌സും, തോക്കും വാട്ടര്‍ ബോട്ടിലുമൊക്കെ തിരിച്ചു കൊടുത്തെങ്കിലും കൊമ്പന്‍മീശ കൂടെ വീട്ടിലേക്കു കൊണ്ടു പോന്നു. അദ്ദേഹത്തിന്റെ മീശ വെട്ടിയെടുത്താല്‍ മാത്രം മതി, ജന്‍മനാ പെന്‍സില്‍ മാര്‍ക്കായ നമ്മുടെ കഥാനായകനെ ജീവനോടെ ദഹിപ്പിക്കാന്‍. അതുകൊണ്ട്‌ നായികാ നായകന്‍മാര്‍ വളരെ രഹസ്യമായാണ്‌ തമ്മില്‍ കാണുന്നത്‌. പെണ്‍കുട്ടിയുടെ വീടിന്റെ കിണറ്റിന്റെ കരയിലാണ്‌ സമാഗമം. വെളുപ്പിന്‌ അഞ്ചുമണിക്ക്‌ പെണ്ണ്‌ കുടവും കലവുമൊക്കെയായി വരും. കാമുകന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ എടുത്തു പത്തു പതിനഞ്ച്‌ കുടം വെള്ളം കോരിക്കൊടുക്കും. പരസ്‌പരം ദുഃഖം പങ്കു വച്ചു പിരിയും. പെണ്ണിന്റെ അമ്മയ്‌ക്കു കാര്യങ്ങളറിയാം, പെണ്ണിന്‌ എന്തെങ്കിലും അസുഖമാണെങ്കിലോ, സ്ഥലത്തില്ലെങ്കിലോ ഒക്കെ വെള്ളം കോരാന്‍ ചെല്ലുന്നതവരാണ്‌. ഫയര്‍ എഞ്ചിന്‍ മണിയടിച്ചു കൊണ്ടു വരുന്നതു പോലെ ആയമ്മ ഹരിനാമകീര്‍ത്തനം അല്‌പം ഉറക്കെചൊല്ലിക്കൊണ്ടാണു ചെല്ലുക. അതോടെ ആളുമാറിയെന്നു പയ്യനും മനസ്സിലാകും. അവന്‍ മര്യാദയ്‌ക്കു വെള്ളവും കോരിക്കൊടുത്തു തിരിച്ചു പോകും. മുടങ്ങാതെ വെള്ളം കോരിക്കൊടുക്കുന്ന ചെറുക്കനോട്‌ അമ്മായിഅമ്മയ്‌ക്കു സഹതാപവുമുണ്ട്‌. പക്ഷെ എന്തു ചെയ്യാന്‍ ഭര്‍ത്താവ്‌ ഒരു രാക്ഷസനാണ്‌. വിവരമറിഞ്ഞാല്‍ തന്നെയും മകളെയും കൊന്ന്‌ വീടിന്‌ തീ വയ്‌ക്കാന്‍ പോലും മടിക്കില്ല. അങ്ങിനിരിക്കെ അടുത്ത പറമ്പില്‍ ഒരാള്‍ തൂങ്ങി മരിച്ചു. സംഗതികള്‍ ആകെ തിരിഞ്ഞു. പെണ്ണും തള്ളയും പേടിച്ച്‌ വെളിയിലിറങ്ങുന്നില്ല. പാവം കഥാനായകന്‍ സര്‍വ്വ ദൈവങ്ങളെയും വിളിച്ച്‌ കിണറ്റിന്‍ കരയില്‍ മുടങ്ങാതെ കാവലിരിക്കുന്നുണ്ട്‌. കിഴക്കു വെള്ളകീറുമ്പോള്‍ സ്ഥലം വിടും. ഒരാഴ്‌ച കഴിഞ്ഞു ഒരു ദിവസം വെളുപ്പാന്‍കാലത്തു നായകന്‍ വരുമ്പോള്‍ കിണറ്റിന്‍ കരയില്‍ കപ്പി കരയുന്ന ശബ്ദം. പശ്ചാത്തലത്തില്‍ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നുമില്ല.. ആവേശഭരിതനായ അദ്ദേഹം പതുങ്ങി പതുങ്ങി വന്ന്‌ വെള്ളം കോരുന്ന ആളിനെ പതുക്കെ ഒന്ന്‌ കെട്ടിപ്പിടിച്ചു. പിടിയിലകപ്പെട്ട ആള്‍ ഒരു കുടച്ചിലും, ‘അയ്യോ എന്നെ കൊല്ലുന്നേ’ എന്നൊരു വിളിയും കിണറ്റിലേക്കെടുത്തൊരു ചാട്ടവും ഒരുമിച്ചായിരുന്നു. അതു നമ്മുടെ മീശക്കാരന്‍ വില്ലന്‍ ആയിരുന്നു. കുടച്ചിലിലില്‍ തെറിച്ചു പോയ നായകന്‍ വെടി കൊണ്ട പന്നിയെപ്പോലെ പറമ്പില്‍ വട്ടം നീളം ഓടാന്‍ തുടങ്ങി. ശബ്ദം കേട്ട്‌ ഓടി വന്ന നായികയും മാതാവും അര്‍ധബോധാവസ്ഥയില്‍ ഓടുന്ന നായകനെ തൂക്കിയെടുത്തു അടുക്കളയില്‍ പാതകത്തിനടിയില്‍ ഒളിപ്പിച്ചു. മീശയുടെ കനം കൊണ്ടോ, ആയുസ്സിന്റെ ബലം കൊണ്ടോ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മീശക്കാരന്‌ ഭാര്യ ഓടിച്ചെന്നു വെള്ളം കോരുന്ന തൊട്ടിയും കയറും കിണറ്റിലേക്കിട്ടു കൊടുത്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തെ കരയ്‌ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ പാതകം പൊളിച്ചു പുറത്തു ചാടിയ കഥാനായകനും പങ്കാളിയായി. എന്നു മാത്രമല്ല പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അദ്ദേഹമാണ്‌ നേതൃത്വം കൊടുത്തത്‌. കൂടുതല്‍ വിവരിക്കുന്നില്ല. അല്‌പസ്വല്‌പം ഉടക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അധികം താമസിയാതെ കല്യാണം നടത്താന്‍ പ്രേതത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട അമ്മായിഅച്ഛന്‍ സമ്മതിച്ചു. ആറേഴു വര്‍ഷം കഴിഞ്ഞൊരിക്കല്‍ ഈ കഥ പറഞ്ഞു തന്ന സ്‌നേഹിതന്‍ സുഹൃത്തായ കഥാനായകനെയും ഭാര്യയെയും കാണാന്‍ ചെല്ലുമ്പോള്‍ അവിടെ മീശക്കാരനും ഭാര്യയും വിരുന്നു വന്നിട്ടുണ്ട്‌. പ്രേതത്തിന്റെ പിടിയില്‍ നിന്ന്‌ സ്വന്തം തന്റേടവും ബുദ്ധിശക്തിയുമുപയോഗിച്ച്‌ രക്ഷപ്പെട്ട കഥ അപ്പൂപ്പന്‍ കൊച്ചുമക്കള്‍ക്ക്‌ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു. തൊട്ടടുത്ത്‌ അമ്മൂമ്മ ഒരു പുഴുങ്ങിയ ചിരിയുമായി ഇരുന്നു തലകുലുക്കുന്നുണ്ട്‌. ഈ കഥയെടുക്കുന്നവര്‍ക്ക്‌ ഒരു ഗുണപാഠവും സൗജന്യമായുണ്ട്‌. പ്രേമകഥയും പ്രേതകഥയും തമ്മില്‍ കഷ്ടിച്ചൊരക്ഷരത്തിന്റെ അകലമേ ഉള്ളൂ. സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട.

  • എന്റെ പാചക പരീക്ഷണങ്ങള്‍

    ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ പ്‌രാക്കുമാവാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍ തന്നെ വീഴുമെന്നുറപ്പാണ്‌. പത്തു മുപ്പതു വര്‍ഷം മുന്‍പ്‌ ഞാന്‍ മൈസൂറില്‍ ഒരു ലോ കോളേജില്‍ പഠിച്ചിരുന്നു. ആദ്യത്തെ വര്‍ഷം ലോകോളേജ്‌ ഹോസ്റ്റലില്‍ തന്നെ താമസിച്ചു. മാതപ്പ എന്നൊരു വിദ്വാനാണ്‌ അന്ന്‌ അവിടത്തെ പാചകക്കാരന്‍. വിധിയുടെ വിളയാട്ടം മൂലം മാതപ്പയ്‌ക്ക്‌ ചില്ലറ മോഷണങ്ങള്‍ നടത്തേണ്ടി വന്നിരുന്നു. കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്‌ രണ്ടോ മൂന്നോ ഭാര്യമാരിലായി എട്ടോ പത്തോ കുട്ടികളുണ്ട്‌. അതു ലോകോളേജ്‌ പ്രിന്‍സിപ്പലിനോ, പ്രൊഫസര്‍മാര്‍ക്കോ പോലും ചിന്തിക്കാന്‍ പറ്റാത്ത ലക്ഷ്വറി ആണ്‌. പിന്നല്ലേ തുച്ഛവേതനക്കാരനായ ഹോസ്റ്റല്‍ കുക്കിന്‌. ശുദ്ധമാന്യനാണ്‌ മാതപ്പ. തികഞ്ഞ പുകവലിക്കാരനാണെങ്കിലും വിദ്യാര്‍ത്ഥികളുടെ മുന്നില്‍ നിന്ന്‌ ഒരു മുറി ബീഡി പോലും വലിക്കില്ല. പതുക്കെ ഹോസ്റ്റലിനു പുറത്തു പോയി വഴിയില്‍നിന്നു സിഗററ്റു വലിച്ചു മടങ്ങി വരും. മാതപ്പ അധിക വിഭവസമാഹരണത്തിന്‌ ആശ്രയിച്ച മാര്‍ഗ്ഗം മെസ്സിലേക്കുള്ള സാധനം വാങ്ങല്‍ ആയിരുന്നു. ഈ വിവരം എല്ലാവര്‍ക്കുമറിയാമെങ്കിലും, ആര്‍ക്കും ഒരു തെളിവും അവശേഷിപ്പിക്കാതെ അദ്ദേഹം കാര്യം നടത്തിയിരുന്നു. ഞങ്ങള്‍ക്കു സഹിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

    ഈയിടെ ഞാന്‍ മാതപ്പയെക്കുറിച്ചോര്‍ക്കാന്‍ ഒരു കാരണമുണ്ട്‌. മംഗള്‍യാന്‍ ചൊവ്വയിലെത്തിയപ്പോള്‍, നമ്മുടെ ശാസ്‌ത്രലോകത്തിന്റെ വക്താക്കള്‍ പറഞ്ഞു “ആട്ടോറിക്ഷക്കാശിനാണ്‌ നമ്മള്‍ ചൊവ്വയിലെത്തിയ”തെന്ന്‌. കേട്ട വിദേശികളും അതിനോടു യോജിച്ചു. അവര്‍ പറഞ്ഞു “ഞങ്ങളുടെ നാട്ടില്‍ ചൊവ്വയില്‍ പോകുന്നതിനുള്ള കാശു വേണം നിങ്ങളുടെ നാട്ടില്‍ ആട്ടോറിക്ഷയില്‍ കയറാന്‍ എന്നു പലരും പറഞ്ഞിട്ടുണ്ട്‌”. ഇതു പോലൊരു സംഭാഷണം പണ്ടു ഞങ്ങളുടെ ഹോസ്റ്റിലിലും നടന്നിട്ടുണ്ട്‌. ഭക്ഷണത്തിന്റെ നിലവാരം ദയനീയമായിരുന്നതിനാല്‍ ആ വിഷയം അധികം വേദനിപ്പിക്കാതെ മാതപ്പയെ അറിയിക്കണം എന്നൊരഭിപ്രായം വന്നു. എനിക്കാണാ ജോലി കിട്ടിയത്‌. ഞാന്‍ മാതപ്പയെ ഒറ്റയ്‌ക്കു ചെന്നു കണ്ടു. എല്ലാ ഭാര്യമാരിലെയും ഒന്നും രണ്ടും കുട്ടികളുടെ സുഖവിവരമന്വേഷിച്ചു. മാതപ്പ സന്തുഷ്ടനായി. കൂട്ടത്തില്‍ ഞാന്‍ വളരെ സ്‌നേഹത്തോടെ പറഞ്ഞു “മാതപ്പ സ്വാമീ, ഭക്ഷണത്തിന്റെ കാര്യത്തില്‍ എവിടെയോ, എന്തോ ഒരു കുഴപ്പമുണ്ട്‌ നമ്മുക്കൊന്നാലോചിക്കണം”. ഒരു കുലുക്കവുമില്ലാതെ മാതപ്പ പറഞ്ഞൂ “ശരിയാ സാര്‍, നമ്മള്‍ ഈ ഭക്ഷണം ഈ വിലയ്‌ക്കു കൊടുക്കുന്നതു ശരിയല്ല. മെസ്‌ ബില്ല്‌ ഇരട്ടി എങ്കിലുമാക്കണം”. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ മെസ്സിന്റെ ചുമതല പാലായ്‌ക്കടുത്തുള്ള കടപ്ലാമറ്റംകാരന്‍ ജോസഫ്‌ ചേട്ടന്റെയും എന്റെയും ചുമലില്‍ വന്നു വീണു. മാതപ്പയുടെ കളി അവസാനിപ്പിക്കുമെന്ന രഹസ്യ പ്രഖ്യാപനത്തോടെ ഞങ്ങള്‍ ഭരണമേറ്റു. പക്ഷേ മാതപ്പ ഒരു മൊട്ടുസൂചി പോലും ഹോസ്റ്റലിനു പുറത്തു കൊണ്ടു പോവുന്നില്ല. സാധനങ്ങളെല്ലാം പണം കൊടുത്തു ഞങ്ങളെക്കൊണ്ടു തന്നെ വാങ്ങിപ്പിക്കുകയാണ്‌. മെസ്സിന്റെ ചെലവാകട്ടെ റോക്കറ്റു പോലെ മേലോട്ടു പോകുന്നുമുണ്ട്‌. അങ്ങിനെ ആ വേദനിപ്പിക്കുന്ന സത്യം ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ വല്യപ്പൂപ്പന്മാര്‍ വിചാരിച്ചാല്‍ പോലും ഈ പെരുംകള്ളനെ പിടിക്കാന്‍ പറ്റില്ല. അതോടെ അഹങ്കാരം അടങ്ങി.

    പക്ഷെ അഹങ്കാരം അടങ്ങിയതു കൊണ്ടാണോ എന്നറിയില്ല, അധികം താമസിയാതെ ഭാഗ്യം തെളിഞ്ഞു. മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ ഒന്നും ചേര്‍ന്നു പഠിക്കാന്‍ സമയം കിട്ടിയിരുന്നില്ലെങ്കിലും മാതപ്പ വളരെ കൃത്യമായ ഒരു sop അഥവാ standard operating procedure തയ്യാറാക്കിയിരുന്നു. പഞ്ചസാര, ഉഴുന്ന്‌, പയര്‍ തുടങ്ങിയ സാധനങ്ങള്‍ അദ്ദേഹം മെസ്സ്‌ സെക്രട്ടറിയുമായി പോയി ഹോസ്റ്റലിനടുത്തുള്ള കടയില്‍ നിന്നു വാങ്ങും. എന്നു പറഞ്ഞാല്‍ മാതപ്പ ഓര്‍ഡര്‍ ചെയ്യും, മെസ്‌ സെക്രട്ടറി പണം കൊടുക്കും. അതു കഴിയുമ്പോള്‍ അദ്ദേഹം രണ്ടു വിരല്‍ ചുണ്ടില്‍ വച്ച്‌ ദയനീയമായി ഒരാംഗ്യം കാണിക്കും. ‘ഒരു ബീഡി വലിച്ചോട്ടെ’ എന്നാണ്‌. മാതപ്പ ഞങ്ങളോടു കാണിക്കുന്ന ബഹുമാനത്തില്‍ സംപ്രീതരായ ഞങ്ങള്‍ പതിയെ ഇറങ്ങി നടക്കുമ്പോള്‍ പുറകില്‍ നിന്നൊരപേക്ഷ വരും. “സാര്‍ ആ പിള്ളേരെ ഒന്നു വിട്ടേക്കണേ”. ഞങ്ങള്‍ ഹോസ്‌റ്റലിലെത്തി മാതപ്പയുടെ അസിസ്റ്റന്റുമാരായ പിള്ളേരെ പറഞ്ഞു വിടും. അവര്‍ വാങ്ങിയ സാധനങ്ങള്‍ എടുത്തു കൊണ്ടു വരും. അങ്ങിനെയിരിക്കെ അസിസ്റ്റന്റുമാര്‍ ഇല്ലാത്ത ഒരു ദിവസം വന്നു. പുകവലി കഴിഞ്ഞു സാധനങ്ങളുമായി മാതപ്പ തന്നെ പുറത്തേക്കിറങ്ങുന്നു. കടയില്‍ മറന്നു വെച്ച ഒരു പുസ്‌തകം എടുക്കാന്‍ ജോസഫ്‌ ചേട്ടനും മടങ്ങിച്ചെല്ലുന്നു. മാതപ്പയുടെ കയ്യിലെ പൊതികള്‍ കണ്ടപ്പേള്‍ മൂപ്പര്‍ക്ക്‌ എന്തോ ഒരു സംശയം. എല്ലാം നിര്‍ബന്ധമായി വീണ്ടും തൂക്കി നോക്കിയപ്പോള്‍ 5 കിലോ പഞ്ചസാരയ്‌ക്കു പകരം മൂന്നു കിലോ പഞ്ചസാര, ഒരു കിലോ തേയിലക്കു പകരം അരക്കിലോ…. അങ്ങിനെ പോകുന്നു കാര്യങ്ങള്‍. പാലാക്കാരനോടാണു കളി. കൂടുതല്‍ വര്‍ണ്ണിക്കേണ്ടല്ലോ. മാതപ്പയെ പിരിച്ചു വിടാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാണ്‌. പക്ഷെ പകരം സംവിധാനം എന്ത്‌? ഇതിനിടയില്‍ മാതപ്പയുടെ അസിസ്റ്റന്റുമാര്‍ എനിക്കൊരുറപ്പു നല്‍കിയിരുന്നു. ഇയാള്‍ പോയിക്കിട്ടിയാല്‍ അവര്‍ കാര്യങ്ങള്‍ നോക്കി കൊള്ളാമെന്ന്‌. അങ്ങിനെ മാതപ്പ പോയി. എന്റെ ജാമ്യത്തില്‍ പയ്യന്‍മാര്‍ പാചകം ഏറ്റെടുത്തു. മാതപ്പ നല്ല ഒരു പരിശീലകനായിരുന്നു എന്ന്‌ അപ്പോഴാണ്‌ മനസ്സിലായത്‌. സ്വന്തം പാചകശൈലി അതേപടി അസിസ്റ്റന്റുമാരെയും പഠിപ്പിച്ചിരുന്നു. ഏതച്ഛന്‍ വന്നാലും അമ്മയുടെ കാര്യം കഷ്ടം തന്നെ എന്നൊരു ചൊല്ലു മലയാളത്തിലുണ്ടല്ലോ. അതത്ര മാന്യമായ പ്രയോഗമല്ല എന്നഭിപ്രായമുള്ളവര്‍ക്കു സ്വയം തിരുത്താം. ഏതു സര്‍ക്കാര്‍ വന്നാലും സാമ്പത്തിക ഉപദേഷ്ടാവ്‌ മുന്‍ലോക ബാങ്കുദ്യോഗസ്ഥന്‍ തന്നെയായിരിക്കും എന്നു വായിച്ചാലും ഇതേ അര്‍ത്ഥം കിട്ടും. ഹോസ്റ്റലിലെ കുട്ടികളുടെ ഭക്ഷണകാര്യം കഷ്ടം തന്നെ. എന്റെ കാര്യം അതിലും കഷ്ടം. അന്നവിടെ ഇന്ത്യയുടെ പലഭാഗത്തു നിന്നുമുള്ള വിദ്യാര്‍ത്ഥികളുണ്ട്‌. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള മലയാളമൊഴിച്ചുള്ള മിക്കവാറും എല്ലാ ഭാഷകളിലെയും എല്ലാ തെറികളും ആദ്യമായി ഞാന്‍ കേള്‍ക്കുന്നതപ്പോളാണ്‌. ഒടുവില്‍ ഞാന്‍ നാട്ടിലേക്കു വണ്ടികയറി. ഒരാഴ്‌ച വീട്ടില്‍ നിന്ന്‌ സാമ്പാര്‍, രസം, തോരന്‍, മെഴുക്കു പുരട്ടി ഇത്രയും ഉണ്ടാക്കാന്‍ പഠിച്ചു തിരിച്ചു ചെന്നു. അസിസ്റ്റന്റുമാര്‍ക്ക്‌ ഇന്‍സര്‍വ്വീസ്‌ പരിശീലനം നല്‌കുന്നതിന്റെ ചുമതല ഏറ്റെടുത്തു. ഇതോടെ ഹോസ്റ്റലിലെ ഭക്ഷണം അതീവ രുചികരമായി എന്നാരും തെറ്റിദ്ധരിക്കരുത്‌. നേരത്തെ സാമ്പാര്‍ ഒരു ചെറുചൂടുള്ള മല്ലി-മുളകു ലായനി ആയിരുന്നു. എന്റെ പരിശീലനത്തോടെ അതു ചെറു ചൂടുള്ള മല്ലി-മുളകു-കായം-പുളി-ലായനി ആയി. എന്തായാലും മാതപ്പ വധം കഥകളി പൂര്‍ത്തിയാക്കി എന്നു പറയാം. ഈ മാതപ്പയുടെ പ്‌രാക്കാണ്‌ എപ്പോഴും എന്റെ പാചകത്തില്‍ വന്നു വീണുകൊണ്ടിരിക്കുന്നത്‌ എന്നൊരു സംശയം.

    എനിക്ക്‌ എപ്പോഴും പറ്റുന്ന ചില കുഴപ്പങ്ങളുണ്ട്‌. പാചകക്കുറിപ്പു കൃത്യമായി മനസ്സിലാക്കാതെയാണ്‌ പലപ്പോഴും തുടങ്ങുക. ഇനി കൃത്യമായ പാചകക്കുറിപ്പാണെങ്കിലും പാതി വഴിയെത്തുമ്പോള്‍ ഒരു പരീക്ഷണം നടത്താന്‍ എനിക്കു തോന്നിപ്പോകും. കല്ലായാലും കമ്പായാലും പല്ലു പോയാല്‍ മതിയല്ലോ. ഒറ്റ ഉദാഹരണം കൊണ്ടു കഥ അവസാനിപ്പിക്കാം. രണ്ടു കൊല്ലം മുന്‍പു ഞാനൊന്നു വയനാട്ടില്‍ പോയി. അവിടെ ചെല്ലുമ്പോള്‍ എനിക്കു ചുമയും തൊണ്ട വേദനയുമൊക്കെയുണ്ട്‌. വിവരമറിഞ്ഞ ഒരു സുഹൃത്ത്‌ ഒരു കട്ടന്‍കാപ്പി ഒരു ആദിവാസി സ്‌നേഹിതനെ കൊണ്ടു ശരിയാക്കിച്ചു തന്നു. മൂന്നുനാലു ഗ്ലാസ്സു കുടിക്കാന്‍ പറഞ്ഞു. എന്തൊക്കയോ മരുന്നുകള്‍ ചേര്‍ത്തതാണ്‌ നല്ല രുചി. രണ്ടാം ദിവസം എഴുന്നേറ്റപ്പോള്‍ അസുഖങ്ങളൊന്നുമില്ല. ഞാന്‍ ചേരുവകള്‍ ചോദിച്ചു മനസ്സിലാക്കി. അയമോദകം, ഗ്രാമ്പൂ, ചുക്ക്‌, കുരുമുളക്‌, മല്ലി, പെരുജീരകം തുടങ്ങി ഏഴോ എട്ടോ സാധനങ്ങളുണ്ട്‌. തിരിച്ചു നാട്ടിലെത്തിയ ഉടന്‍ എന്റെ ഒരു സഹായിയെ വിളിച്ചു. ഇതെല്ലാം ഒന്നു വാങ്ങിത്തന്നു സഹായിക്കണമെന്നു പറഞ്ഞു. അദ്ദേഹം അളവു ചോദിച്ചപ്പോഴാണ്‌ ഞാന്‍ ഇതിന്റെ ഒന്നും അളവു ചോദിച്ചില്ലായിരുന്നു എന്നോര്‍ത്തത്‌. അവിടെ ഞാന്‍ എന്റെ കോമണ്‍സെന്‍സ്‌ ഉപയോഗിച്ചു. എല്ലാം തുല്യ അളവില്‍ തന്നെ വാങ്ങാന്‍ പറഞ്ഞു. പക്ഷെ എട്ടു സാധാനങ്ങളും 250 ഗ്രാം വീതം എടുക്കുമ്പോള്‍ രണ്ടു കിലോ ആകുമെന്ന കാര്യം മറന്നു പോയി. എന്തായാലും സാധനങ്ങളെല്ലാം കിട്ടി. എല്ലാം പൊടിച്ചു നന്നായി മിക്‌സ്‌ ചെയ്‌തെടുത്തു. കാപ്പിപ്പൊടി മാത്രം ചേര്‍ത്തില്ല. കട്ടന്‍ കാപ്പി ഇട്ട ശേഷം ഇതില്‍ നിന്ന്‌ ഒരു സ്‌പൂണ്‍ പൊടി കൂടി ചേര്‍ത്താല്‍ മതിയല്ലോ. ആദ്യകപ്പ്‌ കാപ്പി തയ്യാറായി. രുചി നോക്കി. മരപ്പൊടി കാപ്പിയിലിട്ടു തിളപ്പിച്ചതു പോലെയുണ്ട്‌. കുഴപ്പമെന്താണെന്ന്‌‌ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഭാര്യയോടു ഈ വിവരം പറയാന്‍ പറ്റില്ല. ഒരു സ്‌നേഹിതയെ വിളിച്ചു നോക്കി. അവര്‍ പറഞ്ഞു, “ജിരകവും മല്ലിയും ഭാരം കുറവല്ലേ, വോള്യം കൂടുതലായിരിക്കും, അതാവാം”. ശരിയായിരിക്കാം. അതാവും. പാതകത്തില്‍ നോക്കി. ഞാന്‍ ഉണ്ടാക്കിയ വിനാശ ചൂര്‍ണ്ണം രണ്ടു കുപ്പി നിറയെ അവിടെ ഇരുന്നു ചിരിക്കുന്നു. ഹെലികോപ്‌റ്റര്‍ ഉണ്ടായിരുന്നെങ്കില്‍ വല്ല ശത്രുരാജ്യത്തും കൊണ്ടുപോയി വിതറാമായിരുന്നു. ഇനിയിപ്പോളെന്തു ചെയ്യാന്‍? മജീഷ്യന്‍ മുതുകാട്‌ സെക്രട്ടറിയേറ്റും റെയില്‍വേസ്റ്റേഷനുമൊക്കെ വിഴുങ്ങുന്നതു പോലെ ഒറ്റയടിക്കും കുപ്പി വിഴുങ്ങി പ്രശ്‌നം തീര്‍ക്കാന്‍ എനിക്കു പറ്റില്ല. വിപുലമായ കാപ്പിപ്പൊടി നിര്‍മ്മാണ പ്രക്രിയ ഭാര്യയും കണ്ടതാണ്‌. പെട്ടെന്നു കുപ്പി അപ്രത്യക്ഷമായാല്‍ ഇത്തരമൊരു ഘട്ടത്തില്‍ ഒരു ശരാശരി മലയാളി ഭര്‍ത്താവിനു മേല്‍ സ്വീകരിക്കപ്പെടുന്ന എല്ലാ നടപടിക്രമങ്ങളും ഞാനും നേരിടേണ്ടി വരും. ഒടുവില്‍ ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചു രാവിലെ ഒരു മുട്ട നന്നായി അടിച്ചു പതപ്പിക്കുക. അതില്‍ അല്‌പം ഉപ്പും പിന്നെ ഞാന്‍ ഉണ്ടാക്കിയ സിദ്ധൗഷധം രണ്ടു സ്‌പൂണും ചേര്‍ക്കുക. അതു കൊണ്ട്‌ ഒരു ഓം ലെറ്റ്‌ ഉണ്ടാക്കി കഴിക്കുക. പക്ഷെ രണ്ടുവര്‍ഷമായിട്ടും കുപ്പികള്‍ കാലിയാവുന്നില്ല എന്നതാണു കഷ്ടം. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും വേണമെന്നു തോന്നുന്നെങ്കില്‍ മേല്‍വിലാസം അറിയിക്കുക. ബാക്കി ഇരിക്കുന്നതു സൗജന്യമായി അയച്ചുതരാം.