Category: Blog

  • ചില വിദ്യാഭ്യാസ ചിന്തകള്‍

    ക്ലാസ്സിലിരുന്നു പട്ടിയെക്കുറിച്ചു സംസാരിച്ച കുട്ടിയെ ടീച്ചര്‍ പട്ടിക്കൂട്ടിലടച്ചതായി വാര്‍ത്ത കണ്ടു. ഭാഗ്യം, കടുവയെയോ, സിംഹത്തെയോ, പുലിയെയോ കുറിച്ചു സംസാരിക്കുവാന്‍ കുട്ടിക്കു തോന്നിയില്ലല്ലോ. എങ്കില്‍ കടുവാക്കൂടും, സിംഹക്കൂടുമൊക്കെ കണ്ടുപിടിക്കാന്‍ ടീച്ചര്‍മാര്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു! എന്തായാലും ഏകദേശം 40-45 വര്‍ഷം മുന്‍പു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക് അന്നത്തെ ചില കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ഇതൊരു പ്രചോദനമായി. നാട്ടിന്‍പുറം എന്നു തന്നെ പറയാവുന്ന ഒരു ചെറിയ ടൗണിലെ സ്‌കൂളിലാണു ഞാന്‍ പ്രൈമറി വിദ്യാഭ്യാസം നടത്തിയത്. സ്‌കൂളിനു ചുറ്റും വിശാലമായ പറമ്പുണ്ട്. ചിലയിടങ്ങളിലൊക്കെ വേലിയുണ്ടെങ്കിലും അതിരു തിരിച്ചറിയാമെന്നല്ലാതെ കെട്ടിയടച്ചിട്ടില്ല. പുല്ലും ചെടിയും മരവും പൂമ്പാറ്റയുമെല്ലാം സുലഭം. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു മൂത്രപ്പുര ഇല്ല. കുന്നിനു മുകളില്‍ വേലിയുള്ള ഭാഗത്തു പോയി നിരന്നു നിന്നു വേലിയുടെ മറവിലേക്കു മൂത്രമൊഴിക്കുക. പെട്ടെന്നൊഴിച്ചു തീര്‍ക്കണം. ഇല്ലെങ്കില്‍ എട്ടൊന്‍പതു കൊല്ലമായി പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു മാന്യന്‍ വരും. മൂത്രമൊഴിക്കുന്നവന്റെ രണ്ടു തോളിലും ബലമായി പിടിച്ചു കുലുക്കിക്കൊണ്ട് അദ്ദേഹം പറയും ‘ഹൊ, ഞാന്‍ പിടിച്ചില്ലെങ്കില്‍ വീഴുമായിരുന്നു’. ഇതോടെ അടുത്തു നില്ക്കുന്നവരുടെ കാലില്‍ മൂത്രം വീഴും. പിന്നത്തെ പൂരം പറേയണ്ടല്ലോ. പത്തു പതിനാലു വയസ്സുള്ള ആ കശ്മലനോടു ഏറ്റുമുട്ടാന്‍ നമുക്കു പറ്റില്ല. അദ്ദേഹം റൗണ്ട്‌സിനിറങ്ങുന്നതിനു മുന്‍പ് കാര്യം നടത്തി സ്ഥലം വിടുകയാണു പോംവഴി. എന്നാല്‍ കൊച്ചു കുട്ടികളും മോശമല്ലായിരുന്നു കേട്ടോ.

    പ്രഭാതത്തില്‍ പുല്‍നാമ്പുകളില്‍ തങ്ങിയിരിക്കുന്ന വെള്ളം കണ്ണിലൊഴിക്കുന്നത് ഒരു അനുഭൂതിയാണ്. അതു പുല്ലില്‍ നിന്ന് ഊറിവരുന്നതാണോ, മഞ്ഞുതുള്ളിയാണോ എന്ന് ഇന്നും എനിക്കറിയില്ല. കണ്ണിത്തുള്ളിയെന്നാണു ഞങ്ങള്‍ വിളിച്ചിരുന്നത്. അതിരാവിലെ ചെന്ന് തപ്പിയെടുത്തു കണ്ണിലൊഴിക്കും. അതു കഴിഞ്ഞു താമസിച്ചു വരുന്ന പാവങ്ങള്‍ക്കായി പുല്‍നാമ്പുകള്‍ക്കു മുകളില്‍ ഒരു ചെറിയ മൂത്രസേചനം ചെയ്യുന്നതും ഞങ്ങളുടെ ഹോബി ആയിരുന്നു. ഓന്തുകള്‍ക്കും തുമ്പികള്‍ക്കും അടിയന്തിരാവസ്ഥക്കാലമായിരുന്നു ഞങ്ങളുടെ പ്രൈമറി വിദ്യാഭ്യാസകാലം. പുറത്തിറങ്ങിയാല്‍ ഓടിച്ചിട്ടു പിടിക്കും. ഞങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ പലരും ഓന്തിന്റെ നിറം മാറ്റം പഠിച്ചത് ഓന്തിനെ കല്ലെറിഞ്ഞ് ഓടിച്ച് പല പരിസരങ്ങളിലും കയറ്റിയാണ്. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുക എന്നതാണു ശൈലി. എങ്കിലും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു ദ്രോഹി തികച്ചും നൂതനമായ ഒരു പീഡനമാര്‍ഗ്ഗം ആവിഷ്‌കരിച്ചു. തുമ്പിയുടെ വാലില്‍ ഒരു നീളന്‍ പുല്ലു കയറ്റുക. അതോടെ തുമ്പിക്ക് മുകളിലേക്കു മാത്രമേ പറക്കാന്‍ പറ്റൂ. അത് ഏതെങ്കിലും മരത്തിന്റെയോ കെട്ടിടത്തിന്റെയോ മുകളില്‍ കുടുങ്ങും. അവിടിരുന്നു ചത്തു പോകും .അന്വേഷണകുതുകി ചെറുപ്പത്തിലേ നാടുവിട്ടു. പിന്നെ വിവരം ഒന്നും ഇല്ല. ഇപ്പോള്‍ ഏതെങ്കിലും ചെറിയ രാജ്യത്തിന്റെയോ തീവ്രവാദി സംഘത്തിന്റെയോ രഹസ്യാന്വേഷണ വിഭാഗം മേധാവിയോ ആയി വിലസുന്നുണ്ടാവും.ഏതായാലും ഞങ്ങള്‍ തുമ്പികളെയും ഓന്തുകളെയുമെല്ലാം മുകളിലേക്കു പറത്തി വിട്ടതിന്റെ അനന്തരഫലം അനുഭവിക്കുന്നത് ഇന്നത്തെ കുട്ടികളാണ്. അവരുടെ പാഠപുസ്തകത്തില്‍ പോലും ഒരു നാടന്‍ ഓന്തോ, ഓണത്തുമ്പിയോ,അരണയോ ഇല്ല. സ്‌കൂളിനു അടച്ചു പൂട്ടില്ലെങ്കിലും സ്‌കൂള്‍ സ്‌കൂള്‍ തന്നെയാണ്. സാങ്കല്പികമായ ഒരു ലക്ഷ്മണരേഖ അതിനു ചുറ്റുമുണ്ടായിരുന്നു. മെയ്ന്‍ റോഡിലേക്കുള്ള സ്‌കൂളിന്റെ ഗേറ്റ് ഒരിക്കലും അടഞ്ഞു കിടന്നിരുന്നില്ല.

    സ്‌കൂളിനുള്ളിലെ മര്‍ദ്ദന സംവിധാനത്തിന്റെ പൂര്‍ണ്ണ ചുമതല അധ്യാപകര്‍ക്കായിരുന്നു. അതില്‍ പുറത്തു നിന്നാരും കൈകടത്താന്‍ അവര്‍ അനുവദിച്ചിരുന്നില്ല. സ്‌കൂളിന് അകത്തു കടക്കുന്നത് തെറ്റാണെന്ന പൂര്‍ണ്ണബോധ്യം നാട്ടുകാര്‍ക്കുമുണ്ടായിരുന്നു. അതിനാല്‍ നാട്ടുകാരുടെ കയ്യുടെ ചൂടറിയേണ്ടി വന്നിരുന്നില്ല. ഞങ്ങള്‍ സ്‌കൂളിന്‍ വരുന്നത് മറ്റൊരു വഴിയിലൂടെ ആണെങ്കിലും ഉച്ചയ്ക്ക് മെയിന്‍ റോഡിനപ്പുറമുള്ള വഴിയോര പൈപ്പില്‍ നിന്നാണ് ചോറു കൊണ്ടു വന്ന പാത്രം കഴുകുന്നത്. ആ സമയത്ത് ആ വഴി നടന്നു പോകുന്ന ഒരു വിദ്വാന്റെ പരിഹാസപ്പേര് വേലു എന്നാണെന്ന് ആരോ പറഞ്ഞു തന്നു. പിന്നെ വേലു പോകുമ്പോള്‍ ഞങ്ങളുടെ കൂട്ടവിളിയാണ് ‘വേലുവേ ശരണം’. സുമുഖനായ ആ ചെറുപ്പക്കാരന്‍ സഹികെട്ടു. പക്ഷെ എന്തു ചെയ്യാന്‍? സ്‌കൂളില്‍ പുറത്തു നിന്നുള്ളവര്‍ കയറാന്‍ പാടില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ സുരക്ഷിതരാണ്. ഒരു ദിവസം റോഡില്‍ നിന്നു പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോള്‍ എന്റെ കഴുത്തില്‍ ഒരു പിടുത്തം. ചവണയിട്ടു പിടിച്ചതു പോലെയുണ്ട്. തല തിരിക്കാന്‍ പറ്റുന്നില്ല. മുകളില്‍ നിന്നൊരു ചോദ്യം കേള്‍ക്കാം. ‘ഇനി വേലൂ എന്നു വിളിക്കുമോടാ’. എന്നിട്ടു പൂച്ചക്കുട്ടിയെ തിരിക്കുന്നതു പോലെ എന്നെ തിരിച്ചു പിടിച്ചു. വേലുവാണ്. എന്റെ ജിവന്‍ പോയി. അച്ഛന്‍, അമ്മ, അമ്മാവന്‍ തുടങ്ങി ഉറ്റ ബന്ധുക്കളുമായല്ലാതെ രക്തബന്ധമില്ലാത്ത ഒരു ശത്രുവുമായി ശാരീരികമായി നേരിട്ടൊരേറ്റു മുട്ടല്‍ ഇതാദ്യാമായിട്ടാണ്. ഞാന്‍ ദയനീയമായി പറഞ്ഞു. ‘ഞാനല്ല’. ‘നീയല്ലേടാ ഹരീ’. അതു ശരി, ഡിറ്റക്റ്റീവ് വേലു ഒളിച്ചിരുന്നു വാനര സംഘത്തിന്റെ നേതാവു ഞാനാണെന്നു കണ്ടു പിടിച്ചു തയ്യാറായി തന്നെ വന്നിരിക്കുകയാണ്. യാതൊരു സംശയവുമില്ലാതെ ഞാന്‍ പറഞ്ഞു ‘ഹരി ഞാനല്ല’. എന്റെ കൂട്ടു പ്രതികള്‍ക്കു സംഭവം പിടികിട്ടി. സ്‌കൂളിനുള്ളിലേക്കു പോകുന്ന മറ്റൊരു മൊട്ടത്തലയനെ ചൂണ്ടി അവര്‍ പറഞ്ഞു ‘ദാ അവനാണ് ഹരി’. ‘നില്ലെടാ അവിടെ’ എന്നു പറഞ്ഞു വേലു പാഞ്ഞു ചെന്നപ്പോള്‍ കാര്യം പിടികിട്ടിയില്ലെങ്കിലും എന്നെ പോലെ തന്നെ ധൈര്യശാലിയായ അവനും തിരിഞ്ഞു നോക്കാനൊന്നും മെനക്കെട്ടില്ല. ഓടി സ്‌കൂളില്‍ കയറി. വേലുവിനു മുന്‍പേ മൊട്ടത്തലയനെ പിടിക്കാനെന്ന മട്ടില്‍ ഞങ്ങളും സ്‌കൂളില്‍ കയറി. ഗേറ്റു കടന്നപ്പോള്‍ തിരിഞ്ഞു നിന്നു. സ്‌കൂളിന്റെ കോമ്പൗണ്ടില്‍ കടന്നാല്‍ പിന്നെ എന്തു വേലു?. ‘വേലുവേ , ഇവനാടാ ഹരി’ എന്നു കൂട്ടമായി കൂകി വിളിക്കാന്‍ തുടങ്ങി. ഒപ്പം സ്‌കൂളില്‍ കയറിയാല്‍ സാറിനോടു പറയുമെന്നും. പാവം വേലു പുറത്തു നിന്നു ബഹളം വച്ചു. മലയാള സിനിമയിലെ മന്ത്രവാദി ബാധ കയറിയ നായികയെ കളത്തിലേക്ക് ക്ഷണിക്കുന്നതു പോലെ ‘ഇവിടെ വാടാ’ എന്നു പറഞ്ഞു കണ്ണുരുട്ടി ചില ഉഗ്രമന്ത്രങ്ങളൊക്കെ ചൊല്ലി. ഒടുവില്‍ തിരിച്ചു പോയി.അതോടെ ഞാന്‍ ഒരു പരിസ്ഥിതി വാദിയായി മാറുകയും ചോറു വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടു പോകാന്‍ തുടങ്ങുകയും ചെയ്തു. കൈ കഴുകാന്‍ വെള്ളം സ്‌കൂളില്‍ നിന്നൊപ്പിക്കാം. പാത്രം കഴുകാന്‍ വഴിയില്‍ ഇറങ്ങണ്ടല്ലോ? ആ സ്‌കൂളില്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. പരീക്ഷ കഴിഞ്ഞു മാര്‍ക്കു തരുമെന്നല്ലാതെ പ്രോഗ്രസ്സ് കാര്‍ഡോ റാങ്കു കണക്കാക്കലോ ഒന്നു മുണ്ടായിരുന്നില്ല.

    നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പു പരീക്ഷയ്ക്കു ചേരാന്‍ പേരു കൊടുത്തിട്ടുണ്ടെന്നും തയ്യാറെടുത്തു കൊള്ളണമെന്നും എന്റെ അധ്യാപകന്‍ വിളിച്ചു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കേസില്‍ പിടിയിലായി അദ്ദേഹത്തിന്റെ അടുത്തു തന്നെ എത്തി. അന്നൊക്കെ റോഡ് ടാര്‍ ചെയ്യാന്‍ ടാറും ഉപയോഗിക്കുമായിരുന്നു. അതില്‍ കുറച്ച് ഇളക്കിയെടുത്ത് ഞാന്‍ ക്ലാസ്സിലെ ബഞ്ചില്‍ പലയിടത്തും ഒട്ടിച്ചു വയ്ക്കുകയും, അങ്ങിനെ തെരഞ്ഞെടുക്കപ്പെട്ട ചില വിദ്യാര്‍ത്ഥികള്‍ ബഞ്ചിലൊട്ടിയിരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ തെളിവു നിയമം പഠിക്കാന്‍ അവസരം കിട്ടിയത് വീണ്ടുമൊരു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. അതിനാല്‍ നേരെ വാ നേരെ പോ എന്നായിരുന്നു അന്നത്തെ നിലപാട്. ടാര്‍ ഉരുട്ടി എന്റെ തന്നെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടാണു കൊണ്ടുവന്നത്. കൂടുതല്‍ തെളിവെന്തു വേണം?. എന്നെ വളരെ ഇഷ്ടമായിരുന്ന സാര്‍ പേരിന് രണ്ടടി തന്നു. എന്നിട്ടു പറഞ്ഞു ‘സ്‌കോളര്‍ഷിപ്പെഴുതാന്‍ നിന്നെ വിടുന്നതു റാങ്കു മേടിക്കാനാ. നീ ഇവിടെ ടാറും ഉരുട്ടി നടക്കുകയും.’ സത്യമായും റാങ്ക് എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. അര്‍ത്ഥം പിടികിട്ടിയില്ല. വീട്ടില്‍ ചോദിച്ചാല്‍ ടാറിന്റെ കഥയും പറയേണ്ടി വന്നാലോ?. പിന്നെ എങ്ങിനെയോ രണ്ടു മൂന്നു ദിവസത്തിനകം ആരൊടൊക്കയോ ചോദിച്ചു മനസ്സിലാക്കി. അപ്പര്‍ പ്രൈമറി സ്‌കൂളില്‍ കുറച്ചു കൂടി രസമായിരുന്നു. കൂടെയുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ശരാശരി പ്രായം 24-25 വയസ്സ്. പട്ടാളത്തില്‍ ചേരാന്‍ പറ്റുന്നതു വരെ പള്ളിക്കൂടത്തില്‍ തുടരുക എന്നതായിരുന്നു പലരുടെയും നിലപാട്. സ്‌കൂളിലെ കലാകായിക മത്സരങ്ങള്‍ നല്ല തമാശ ആയിരുന്നു. 25 വയസ്സു കാരനും 14 വയസ്സുകാരനും തമ്മിലുള്ള മത്സരം ആലോചിച്ചു നോക്കൂ. കബഡികളിയിലും മറ്റും പരുന്തു കോഴിക്കുഞ്ഞിനെ റാഞ്ചുന്നതുപോലെയാണ് എതിര്‍ ടീമിലെ അംഗങ്ങളെ എടുത്തു കൊണ്ടു പോകുന്നത്. നാടകമത്സരമാണു കാണേണ്ടത്. പതിനാലുകാരന്‍ കയറു ചായത്തില്‍ മുക്കി പിരിച്ചെടുത്ത മീശയും മൂക്കില്‍ കുത്തിക്കയറ്റി സ്റ്റേജില്‍ നിന്ന് പെണ്‍പിള്ളേര്‍ ഇരിക്കുന്ന ഭാഗത്തു നോക്കുക പോലും ചെയ്യാതെ വിക്കി വിക്കി പറയുന്നു ‘ഓമനേ, നീയില്ലാത്ത ജീവിതം…..’ അടുത്ത ടീമില്‍ 25 കാരന്‍ വെട്ടിനിര്‍ത്തിയ സ്വന്തം കപ്പടാ മീശ അരുമയായി തലോടി ആഡിറ്റോറിയത്തിലുള്ള മുഴുവന്‍ പെണ്‍കുട്ടികളെയും മധുരമായ കടാക്ഷത്താല്‍ തലോടി പറയുന്നു ‘ഓമനേ, നീയില്ലാത്ത ജീവിതം…..’ സ്‌കൂളിലെ എന്‍. സി. സി. ആയിരുന്നു ഏറ്റവും ഗംഭീരം. അകൃതി കൊണ്ടും പ്രായം കൊണ്ടും അസ്സല്‍ പട്ടാളം തന്നെ.

    ഒരിക്കല്‍ എന്റെ വീടിനടുത്ത് ഒരു സ്‌കൂളില്‍ അവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കഥാപ്രസംഗം. ഞാനും കേള്‍ക്കാന്‍ പോയി. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ അതേ പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസ്തുത സ്‌കൂളിനെ പ്രതിനിധീകരിച്ച് യുവജനോത്സവത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് വാങ്ങിയതായി പത്രത്തില്‍ കണ്ടു. വിദ്യാര്‍ത്ഥി പൂര്‍വ്വ വിദ്യാര്‍ത്ഥി ആകും. പൂര്‍വ്വ വിദ്യാര്‍ത്ഥി പിന്നെയും വിദ്യാര്‍ത്ഥി ആകുമോ? ഡാര്‍വ്വിനെപ്പാലും ഞെട്ടിപ്പിക്കുന്ന ഈ സംഭവത്തിന്റെ പൊരുള്‍ തേടിച്ചെന്നപ്പോള്‍ ഞാനും ഞെട്ടിപ്പോയി. വിദ്യാര്‍ത്ഥി ഏഴാം ക്ലാസ്സില്‍ മൂന്നാം കൊല്ലം പഠിക്കുമ്പോള്‍ ഒരു കൊലക്കേസില്‍ പ്രതിയായി. മനപ്പൂര്‍വ്വമല്ല. അയല്‍വാസിയുമായുണ്ടായിരുന്ന അതിരു തര്‍ക്കം കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നു പരിഹരിച്ചതാണ്. ബാക്കി അയല്‍വാസികളേയും സാക്ഷികളേയും ‘വേണ്ടരീതിയില്‍’ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ടു തെളിവൊന്നും അവശേഷിച്ചില്ല. അവര്‍ക്കും അവിടെ തന്നെ ജീവിക്കണമല്ലോ. മൂന്നുകൊല്ലം കഴിഞ്ഞ് കോടതി വെറുതെ വിട്ടപ്പോള്‍ ആ നിഷ്‌കളങ്കന്‍ വീണ്ടും സ്‌കൂളിലേക്കു മടങ്ങി. അത്ര തന്നെ. സഹികെട്ട സര്‍ക്കാര്‍ 73 ലോ മറ്റൊ ഒരു ഞൊടുക്കു വേല ഇറക്കി. എട്ടാം ക്ലാസ്സില്‍ ഉള്ള മുഴുവന്‍ പേരെയും ഒന്‍പതിലേക്കും, അടുത്ത കൊല്ലം പത്തിലേക്കും വിജയിപ്പിച്ചു. മഹാഭൂരിപക്ഷം സിനീയര്‍ സിറ്റിസണ്‍സും തൊട്ടടുത്ത വര്‍ഷം പത്തില്‍ തോറ്റു പുറത്തു വന്നതോടെ സ്‌കൂള്‍ വീണ്ടും കുട്ടികള്‍ക്കുള്ള സ്ഥലമായി മാറി. സ്‌കൂളില്‍ നിന്നുള്ള കൂട്ടപ്പലായനവും ആഘോഷമായിട്ടായിരുന്നു. ടൗണില്‍ത്തന്നെയുള്ള ഒരു സ്‌കൂളിലെ 52 പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ നേരത്ത് ഒരു ചെറിയ ചരിത്ര നിര്‍മ്മാണം നടത്തി. തടിയില്‍ തീര്‍ത്ത ഡസ്‌കില്‍ കോമ്പസ്സിന്റെ മുന കൊണ്ട് പേര്, മേല്‍വിലാസം, സ്‌കൂളില്‍ വന്ന വര്‍ഷം, പോയ വര്‍ഷം ഇതൊക്കെ കൊത്തിവച്ചു. ചരിത്രബോധമില്ലാത്ത പ്രധാന അധ്യാപകന്‍-കണക്കാണദ്ദേഹത്തിന്റെ വിഷയം.- പത്തു രൂപ വീതം ഫൈനടിച്ചു. അന്നത്തെക്കാലത്ത് അത് അല്പം വലിയ തുകയാണ്. ഭാവനാസമ്പന്നരായ രണ്ടു വിദ്യാര്‍ത്ഥികള്‍ ചുമതലയേറ്റു. അവര്‍ ബാക്കി അന്‍പതു പേരോട് ഒരു രൂപ വീതം പിരിച്ചെടുത്തു. മരപ്പണി ചെയ്യുന്ന ആശാരിക്ക് അന്നു ദിവസ വേതനം പന്ത്രണ്ടു രൂപയാണ്. ഇരുപതു രൂപ കൂലി സമ്മതിച്ച് അത്യാഗ്രഹിയായ ഒരു ആശാരിയെക്കൊണ്ടു വന്നു. രാത്രിയാണു കൊണ്ടു വന്നത്. ഓടിളക്കി കയറില്‍ കെട്ടി ഇറക്കിയ ആശാരി പൂട്ടിയിട്ട ക്ലാസ്സ് മുറിയിലെ എല്ലാ ഡസ്‌കും ചിന്തേരിട്ടു മിനുക്കിയതോടെ അമൂല്യമായ ആ ചരിത്രരേഖകള്‍ മാഞ്ഞു പോയി. തുടര്‍ന്നു വിലപേശല്‍ ആരംഭിച്ചു. ആശാരിക്ക് ഒന്നുകില്‍ ക്ലാസ്സ്മുറിയില്‍ തന്നെ തുടരാം, അതല്ല പതിനഞ്ചു രൂപ മതിയെങ്കില്‍ കയറില്‍ കെട്ടി തൂങ്ങി തിരികെ പുറത്തു വരാം. അങ്ങിനെ പതിനഞ്ചു രൂപ മതിയെന്നു വച്ച് പാവം ആശാരി പുറത്തു വന്നു. കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ആദ്യ ക്വെട്ടേഷന്‍ ഒരു പക്ഷെ ഇതായിരുന്നിരിക്കാം. രക്തരഹിതമായിരുന്നു അന്നത്തെ ക്വട്ടേഷനുകള്‍ പോലും.

  • ക്രൈസിസ്‌ മാനേജ്‌മെന്റ്‌

    ഇതും ഒരു വെടിക്കെട്ടുകഥയാണ്‌. ഇതിലെ നായകന്‍ ഞാനല്ല. ഞാന്‍ വെറും പ്രേക്ഷകന്‍ മാത്രം. ഇതിലെ നായകനെ എനിക്കു മുന്‍പരിചയമില്ല. നാട്ടിന്‍പുറത്തെ അമ്പലങ്ങളില്‍ ഉത്സവത്തിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. ചില സ്ഥിരം പതിവുകാരുമുണ്ട്‌. തീവെട്ടിക്ക്‌ എണ്ണ ഒഴിക്കലും, നെറ്റിപ്പട്ടത്തിന്റെ കേടുപാടുതീര്‍ക്കലും, പരിപാടി അനൗണ്‍സു ചെയ്യലുമൊക്കെ ഓരേരുത്തരുടെ അവകാശം പോലെയാണ്‌. ഉത്സവക്കാലമാകുമ്പോള്‍ അവര്‍ എത്തും. എവിടെയെങ്കിലുമൊക്കെ തങ്ങും. സംഗതി കഴിയുമ്പോള്‍ സ്ഥലം വിടും. പ്രതിഫലത്തെക്കുറിച്ചും തര്‍ക്കമില്ല. നമ്മുടെ നാട്ടിലെ ഉത്സവകമ്മിറ്റിക്കാര്‍ ചെറുപ്രായത്തില്‍ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ചെന്നു പറ്റിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രൈസിസ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധരായി പോയേനെ എന്നെനിക്കു പലപ്പോഴും തോന്നാറുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ അവര്‍ വളരെ ലളിതമായി പരിഹരിക്കുന്നത്‌. ആവശ്യത്തിനു പണം കാണില്ല. ഉത്സവസമയത്തു കറണ്ടു പോകും. കലാപരിപാടിക്കാര്‍ സമയത്തു വരാറില്ല. ആന വിരണ്ടോടും. മൈക്ക്‌ സെറ്റ്‌ കേടാകും. വെടിക്കെട്ടു സമയത്തു മഴപെയ്യും. ആനപ്പുറത്തു കേറാന്‍ വന്ന പൂജാരിയും ചെണ്ടക്കാരുമൊക്കെ ചിലപ്പോള്‍ പിണങ്ങിപ്പോകും. പിന്നെ കള്ളുകുടിയന്‍മാര്‍, അടിപിടിക്കാര്‍, പോക്കറ്റടിക്കാര്‍, ഉത്സവകമ്മിറ്റിയിലെ പ്രതിപക്ഷം. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോള്‍ കമ്മറ്റിക്കാരില്‍ ചിലര്‍ വളരെ സര്‍ഗ്ഗാത്മകമയി ഇടപെട്ടു പ്രശ്‌നം തീര്‍ക്കാറുണ്ട്‌. ചിലപ്പോള്‍ കാഴ്‌ചക്കാരായി നില്‌ക്കുന്ന ചിലരും മുന്നോട്ടു വന്നു വളരെ ക്രീയാത്മകമായി പരിഹാരം നിര്‍ദ്ദേശിക്കും. പിന്നെ അടുത്ത ഉത്സവം വരെ അവരെ കാണില്ല. hibernation ല്‍ ആയിരിക്കും. ഒരു കാര്യം കൂടി പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അന്താരാഷ്ട്രരംഗത്തു നടക്കുന്നതു പോലെ തന്നെ ഒട്ടു മുക്കാല്‍ ക്രൈസിസുകളും ഉണ്ടാക്കുന്നതും ഈ മാനേജര്‍മാര്‍ തന്നെയാണ്‌. പിന്നെ ചില നാട്ടു നടപ്പൊക്കെയുണ്ട്‌. ഉത്സവത്തിന്‌ കശപിശയുണ്ടായെന്നു വരാം. അടിപിടി ഉണ്ടായെന്നും വരാം. ഉത്സവം കഴിഞ്ഞാല്‍ പിന്നെ കണക്കുതീര്‍ക്കാന്‍ നോക്കരുത്‌. കുറിച്ചു വെച്ചേക്കുക. അടുത്ത കൊല്ലത്തെ ഉത്സവത്തിനെടുക്കാം. ഇതേ സമയം, ഇതേ സ്ഥലം.

    ഒരിക്കല്‍ ഞങ്ങളുടെ നാട്ടില്‍ ഉത്സവത്തിനു കതിനാവെടി വയ്‌ക്കാന്‍ ആളെകിട്ടിയില്ല. കതിനാവെടി അറിയാത്തവര്‍ക്കായി ഒരു വിശദീകരണം. ഒരു ഇരുമ്പുകുറ്റിയില്‍ വെടി കരിമരുന്നു നിറച്ചു പൊട്ടിക്കുന്ന പരിപാടിയാണ്‌. ഒരിഞ്ചു വ്യാസവും 6-8 ഇഞ്ച്‌ ഉയരവുമുള്ള ഇരുമ്പ്‌ കുറ്റിയാണിത്‌. അതിന്‍െറ ഉള്ളില്‍ നാലിഞ്ചു നീളത്തില്‍ ഒരു നല്ല തടിയന്‍ പേന കടത്താവുന്ന വലിപ്പത്തില്‍ ഒരു ദ്വാരം കാണും. അതു വഴിയാണ്‌ വെടിമരുന്നിടുന്നത്‌. സൈഡിലൂടെ ഒരു ആണി കടത്താവുന്ന വലിപ്പത്തില്‍ ഒരു ചെറിയ ദ്വാരം കാണാം. അവിടെയും വെടി മരുന്നു നിറയ്‌ക്കാം. അവിടെയാണു തീ കൊടുക്കുന്നത്‌,. മുകളിലത്തെ ദ്വാരത്തിനു മുകളില്‍ വെടിമരുന്നിന്‍െറ മുകളില്‍ അലപ്‌ം ഉമിയിട്ടു നിറച്ച്‌ പിന്നെ ഇഷ്ടികപ്പൊടിയിട്ട്‌ ഇടിച്ചുറപ്പിക്കും. ഉമിയിട്ടില്ലെങ്കില്‍ മരുന്നിടിച്ചുറപ്പിക്കുമ്പോള്‍ തന്നെ വെടി പൊട്ടാം. വെടിമരുന്നു തീ പിടിപ്പിക്കുമ്പോഴുണ്ടാകുന്ന പുക ഇഷ്ടികയെ തെറിപ്പിച്ച്‌ പുറത്തേയ്‌ക്കു വരും. ഇതാണു വെടി ശബ്ദം. ഒരു കിലോ മീറ്റര്‍ അകലെ വരെ കേള്‍ക്കും. ഉത്സവകാലത്തു ദേവിവിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ചു ഭക്തരുടെ വീടുകളില്‍ കൊണ്ടു ചെല്ലുകയും അവിടെ നിന്ന്‌ വഴിപാടുകള്‍ സ്വീകരിക്കുകയും ചെയ്യും. ചടങ്ങു കൊഴുപ്പിക്കാന്‍ ചെണ്ടയും കതിനാവെടിയും ഉണ്ട്‌. ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ കതിനാ വെടി ഉത്സവകാലത്തു മാത്രമുള്ള ഒരേര്‍പ്പാടാണ്‌. അതിനാല്‍ സ്ഥിരം വെടിക്കാരനില്ല. അല്‌പം അകലെയുള്ള ഒരു മഹാക്ഷേത്രത്തില്‍ നിന്ന്‌ ഏഴ്‌ എട്ട്‌ കതിനാക്കുറ്റികള്‍ തത്‌കാലത്തേയ്‌ക്കു കടം വാങ്ങും. ഒരു വെടിക്കട്ടു വിദ്‌ഗധനെയും ഒപ്പിക്കും. വെടിക്കെട്ടുകാരന്‍ അഞ്ചെട്ടിരുമ്പു കുറ്റികളും വെടിമരുന്നും ഒരു പെട്ടിയിലാക്കി നടക്കണം. ഇടയ്‌ക്കിടയ്‌ക്ക്‌ വെടിപൊട്ടിയ്‌ക്കുകയും ഒഴിഞ്ഞ കുറ്റി നിറയ്‌ക്കുകയും വേണം. ഈ കഥ നടക്കുന്ന വര്‍ഷം കതിനാക്കുറ്റികള്‍ എല്ലാം ശരിയായി. പക്ഷെ വെടിക്കെട്ടുകാരനെ കിട്ടിയില്ല. ആനപ്പുറത്തുള്ള എഴുന്നള്ളിപ്പു തുടങ്ങാറായിട്ടും ആളില്ല. അപ്പോഴാണ്‌ നമ്മുടെ നായകന്റെ രംഗപ്രവേശം. ബട്ടണ്‍സ്‌ അധികമില്ലാത്ത ഷര്‍ട്ടും, ലുങ്കിയും തലയില്‍കെട്ടുമായി ഒരാള്‍ വരുന്നു. പണി വല്ലതുമുണ്ടോ എന്നന്വേഷിച്ചിറങ്ങിയതാണ്‌. ഒരു പണിയും അറിയില്ല. പക്ഷെ എന്തു പണിയും ചെയ്യാന്‍ റെഡിയാണ്‌. മംഗള്‍യാന്‍ ഓടിച്ചു ചൊവ്വ വരെ പോകാനും തയ്യാര്‍. രണ്ടു ദിവസം ഒന്നു കാണിച്ചു കൊടുത്താല്‍ മാത്രം മതി. കൂലിക്കാര്യത്തിലും നിര്‍ബന്ധമില്ല. എന്തെങ്കിലും തന്നാല്‍ മതി. ഭാവനാശാലിയായ ഒരു ക്രൈസിസ്‌ മാനേജര്‍ മൂപ്പരെ ഏറ്റെടുത്തു. അടുത്ത ചായക്കടയില്‍ കൊണ്ടുപോയി ഉത്സവകമ്മിറ്റിയുടെ കണക്കില്‍ പ്രഭാതഭക്ഷണം വാങ്ങിക്കൊടുത്തു. കൂട്ടത്തില്‍ വെടിക്കെട്ടു പണികളുടെ സാധ്യതകളെക്കുറിച്ചു വാതോരാതെ വിശദീകരിച്ചു കൊടുത്തു. ചെറിയ അമ്പലമാണെന്നു കരുതേണ്ട. ഇവിടെ തുടങ്ങിയവരൊക്കെ വലിയ ആളുകളായിട്ടുണ്ട്‌.

    പ്രശസ്‌ത ഡാന്‍സര്‍മാരായ കുട്ടപ്പന്‍, ഭാര്‍ഗ്ഗവീ ആന്റ്‌ പാര്‍ട്ടിയുടെ അരങ്ങേറ്റം ഇവിടെയായിരുന്നു. ഇന്നിപ്പോള്‍ ആരാണ്‌? പിടിച്ചാല്‍ കിട്ടുമോ? ഒരു പക്ഷേ, പത്തുകൊല്ലം കഴിയുമ്പോള്‍ അലഹബാദില്‍ കുംഭമേളയ്‌ക്കു വെടിക്കെട്ടു കോണ്‍ട്രാക്ടര്‍ നീയാരിക്കും! പുതുമുഖത്തിനു പരമ സന്തോഷം. എന്തെങ്കിലും പണി അന്വേഷിച്ചു വന്നതാണ്‌. ഇപ്പോള്‍ ദാ എത്ര വലിയ ഉത്തരവാദിത്വമാണേല്‌പ്പിച്ചു തരുന്നത്‌. വിമാനം തുടയ്‌ക്കാന്‍ വന്നവനെ പിടിച്ചു പൈലറ്റാക്കിയ പോലുണ്ട്‌. കമ്മിറ്റിക്കാരും ക്രൈസിസ്‌ മാനേജര്‍മാരും കാണികളായ നാട്ടുകാരും ചേര്‍ന്ന്‌ കതിനാ നിറയ്‌ക്കാനും പൊട്ടിക്കാനും പഠിപ്പിച്ചു തുടങ്ങി. ഗുരുകുല വിദ്യാഭ്യാസമാണ്‌. എന്നു പറഞ്ഞാല്‍ ഒരു കുല ഗുരുക്കന്‍മാരും ഒരു ശിഷ്യനും. ശിഷ്യന്റെ ഇരുവശത്തും ഗുരുക്കന്മാരും മുമ്പില്‍ വലിയ കതിനാക്കുറ്റിയുമായി ഇരിക്കുന്നു. ചുറ്റും വലിയൊരാള്‍ക്കൂട്ടം തന്നെ. ആറുവശത്തു നിന്നും തകൃതിയായും പഠിപ്പിക്കല്‍ നടക്കുന്നു. ആദ്യ വെടി ചീറ്റിപ്പോയി. ശരിക്ക്‌ ഇടിച്ചുറപ്പിക്കാതിനാല്‍ കരിമരുന്നു കത്തി പുക്കുറ്റി പോലെ ചീറ്റിത്തീര്‍ന്നു. നാലഞ്ചെണ്ണം ചീറ്റിക്കഴിഞ്ഞപ്പോള്‍ ശബ്ദം വന്നു തുടങ്ങി. പിന്നെ താമസിച്ചില്ല. സംഘം പുറപ്പെട്ടു. ഏറ്റവും മുമ്പില്‍ ചെണ്ടക്കാര്‍. ഏറ്റവും പുറകില്‍ ആനയ്‌ക്കു തൊട്ടു പിന്നിലാണ്‌ വെടിക്കെട്ടുകാരന്റെ സ്ഥാനം. തലയില്‍ പെട്ടിയില്‍ 7-8 നിറച്ച കുറ്റി, രണ്ടുമൂന്നു കിലോ വെടിമരുന്ന്‌. ഒരു കൈകൊണ്ടു പെട്ടിയില്‍ പിടിച്ചാണു നടക്കുന്നത്‌. മറ്റെ കയ്യില്‍ ഒരു കഷ്‌ണം കയറുണ്ട്‌. കയറിന്റെ അറ്റത്തു തീയുണ്ട്‌. കതിന പൊട്ടിക്കാനാണ്‌. അത്‌ അല്‌പാല്‌പം വീശിവേണം നടക്കാന്‍. കയറു ദേഹത്തു തട്ടാത്ത അകലത്തില്‍ താറാവിന്‍ പറ്റം പോലെ കലപില കലപില ശബ്ദമുണ്ടാക്കി ഗുരുക്കന്മാരും, മറ്റു നാട്ടുകാരും.

    ആദ്യത്തെ വീട്ടില്‍ എഴുന്നള്ളത്‌ എത്തി. ആറ്റുതീരത്താണ്‌ വീട്‌. മനോഹരമായ പഴയ തറവാട്‌. ചടങ്ങുകള്‍ ഭംഗിയായി നടന്നു. നമ്മുടെ വെടിക്കാരന്‍ കൃത്യമായി, കണിശമായി വെടിപൊട്ടിച്ചു. എല്ലാവരും ഹാപ്പി. സംഘം തിരിച്ചു പോവുക ആണ്‌. ക്രൈസിസ്‌ മാനേജര്‍ നൂറുശതമാനം ഹാപ്പി. ഇതാ തൊഴിലില്ലാതെ അലഞ്ഞു നടന്ന ഒരു ചെറുപ്പക്കാരന്‌ ഒരു ജീവിതമാര്‍ഗ്ഗം തുറന്നുകൊടുത്തിരിക്കുന്നു. അവന്‍ മിടുക്കനാണ്‌. ഇനി കയറിപ്പോകും. വഴി കാണിച്ചു തന്നത്‌ ഈ നാട്ടുകാരനാണെന്നൊരു വിചാരം എന്നും വേണം അതു മാത്രം മതി ഞങ്ങള്‍ക്ക്‌. ആനന്ദപുളകിതനായി നടക്കുന്ന പുത്തന്‍ വെടിക്കെട്ടുകാരന്‍ കയ്യ്‌ ഒന്ന്‌ മാറ്റിപ്പിടിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി കയ്യിലെ കത്തിക്കൊണ്ടിരുന്ന കയര്‍ തലയിലെ പെട്ടിയിലേക്കു വച്ചു. രണ്ടുകിലോ വെടിമരുന്നും എഴുകതിനാക്കുറ്റിയും ഒറ്റയടിക്കു കത്തി. തീയ്യ്‌, വെടി, പുക, ബഹളം. നായകന്‍ തലയിലെ പെട്ടി വലിച്ചെറിഞ്ഞ്‌ അലറിക്കൊണ്ടു തിരിഞ്ഞോടി ആറു നീന്തിക്കടന്ന്‌ അക്കരെ കയറിപ്പോയി. ഭാഗ്യത്തിനു കതിനാക്കുറ്റിയെല്ലാം താഴെ വീണു. മരപ്പെട്ടി മാത്രമാണ്‌ ആനയുടെ ചന്തിയില്‍ ചെന്നു കൊണ്ടത്‌. പൊന്നു മക്കളെ ചതിക്കല്ലേടാ എന്നു പറഞ്ഞ്‌ ആനക്കാരന്‍ കൊമ്പില്‍ തൂങ്ങിയതുകൊണ്ടും ചന്തിയില്‍ കതിനാവെടി കൊള്ളാഞ്ഞതു കൊണ്ടും ആനയങ്ങു ക്ഷമിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ കഥയിലെ നായകനെ അതിനു മുന്‍പോ പിന്‍പോ ഞങ്ങള്‍ ആരും കണ്ടിട്ടില്ല.

  • വെടിക്കെട്ടു പുരാണം

    വെടിമരുന്നു കണ്ടുപിടിച്ചത്‌ ചൈനാക്കാരാണെങ്കിലും അത്‌ അതിന്റെ ആദ്യരൂപത്തില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കേരളീയരാണു മുമ്പില്‍ എന്നുവേണം കരുതാന്‍. വെടിക്കെട്ടില്ലാതെ നമുക്ക്‌ ഉത്സവമോ പെരുന്നാളോ ഇല്ല. പടക്ക നിര്‍മ്മാണശാലകളില്‍ ഇടയ്‌ക്ക്‌ അപകടങ്ങളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ആഘോഷ സ്ഥലങ്ങളില്‍ വലിയ കുഴപ്പമൊന്നുമില്ലാതെ സംഗതി മാനേജ്‌ ചെയ്യാറുണ്ട്‌. എന്നാല്‍ ജാതകദോഷമെന്നല്ലാതെ എന്തു പറയാന്‍. ഈ സാധനം ഞാനെന്നു കൈ കൊണ്ടു തൊട്ടാലും അപകടമുണ്ടാകും. പാമ്പുഗുളിക എന്നൊരു സംഗതിയുണ്ട്‌. അതിനെ പടക്കങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ പോലും പറ്റില്ല. പാറ്റ ഗുളികയുടെ അത്ര പോലും വലിപ്പമില്ലാത്ത ഒരു കറുത്ത ഗുളിക. കുറച്ചു നേരം തീയില്‍ പിടിച്ചാല്‍ കത്തും. കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ടം ഒരു കുഴലുപോലെ നീണ്ടു വരും. പൊട്ടിത്തെറിക്കില്ല. ശബ്ദമില്ല, പ്രത്യേകിച്ചു വെളിച്ചവുമില്ല. ഒരു നിര്‍ഗുണന്‍.

    ഞാന്‍ അഞ്ചാം ക്ലാസ്സിലോ, ആറാം ക്ലാസ്സിലോ പഠിക്കുന്ന കാലത്ത്‌ പടക്കം മേടിക്കാന്‍ വീട്ടില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതിലെ അപകടസാധ്യതകള്‍ പറഞ്ഞു വീട്ടുകാര്‍ നിഷ്‌കരുണം ഒഴിവാക്കുന്നു. അന്തസ്സുള്ള ഒരു പടക്കവും വാങ്ങാന്‍ അനുവാദം കിട്ടില്ലെന്നുറപ്പായപ്പോള്‍ ഞാന്‍ പാമ്പു ഗുളികയില്‍ കയറിപ്പിടിച്ചു. അതായാലും മതി. അതിലെന്തപകടമുണ്ടാവാന്‍? ഒന്നരമണിക്കൂര്‍ അതിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിച്ചുവാദിച്ചപ്പോള്‍ കഷ്ടിച്ചൊര്‍ധ സമ്മതം കിട്ടി. കാര്യം സ്വന്തം അച്ഛനും അമ്മയും ആണെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഇടയ്‌ക്കിടെ നിലപാടു മാറ്റുന്ന ഒരു സ്വഭാവം അവര്‍ക്കുണ്ടായിരുന്നെന്നു പറയാതെ തരമില്ല. ഞാന്‍ ഒട്ടും താമസിക്കാതെ ഓടിപ്പോയി ഒരു പെട്ടി പാമ്പുഗുളിക വാങ്ങിക്കൊണ്ടു വന്നു. അതു കത്തിക്കാനായി ഒരു മണ്ണെണ്ണ വിളക്കു കൊണ്ടു വന്നു മുറ്റത്തു വച്ചു. ഇനി ഒരു സിമന്റു തറ വേണം. ഗുളിക കത്തിച്ചു വയ്‌ക്കുന്നസ്ഥലത്ത്‌ ഒരു പാടുവരും. അതു അടുത്തകാലത്തെങ്ങും പോവില്ല. അങ്ങിനെ ഞാന്‍ പാടു വന്നാലും കുഴപ്പമില്ലാത്ത സ്ഥലം അന്വേഷിച്ച്‌ നടക്കുമ്പോള്‍ പുറകില്‍ ഒരു നിലവിളി കേട്ടു. നോക്കുമ്പോള്‍ ചേച്ചിയുടെ പാവാടയ്‌ക്ക്‌ തീ പിടിച്ചിരിക്കുന്നു. ഒരു മുട്ടന്‍ പാവാടയിട്ട്‌ വരാന്ത തൂത്തു വാരാന്‍ വന്ന ചേച്ചി തീയുടെ പങ്കും വാങ്ങിപ്പോയി. ഇതു പുറകില്‍ നിന്നു കണ്ട അമ്മയും ചിറ്റമ്മയും ബഹളം വയ്‌ക്കുകയാണ്‌. അച്ഛന്‍ ഓടി വന്ന്‌ തീ ചവിട്ടി കെടുത്തി. പിന്നെ കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു. പാമ്പുഗുളിക വായുവിലൂടെ പറന്നു പോയി. എന്നെ ആരോ ആകാശത്തേയ്‌ക്കെടുത്തുയര്‍ത്തി. അടി നാലു വശത്തു നിന്നും വരുന്നുണ്ട്‌. കുടുംബാഗങ്ങള്‍ തമ്മില്‍ എന്തൊരു യോജിപ്പാണ്‌ ! അതോടെ പടക്കം എന്ന വസ്‌തുവിന്‌ എന്റെ വീട്ടില്‍ ആജീവനാന്ത വിലക്കുമായി. ചേച്ചി മണ്ണെണ്ണ വിളക്കു തട്ടിയിട്ടു തീ പിടിപ്പിച്ചതിന്‌ ഞാന്‍ പടക്കം എന്ന വാക്കേ പറയുവാന്‍ പാടില്ല. താലിബാന്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ തകര്‍ത്തതിന്‌, അമേരിക്ക സദ്ദാം ഹുസ്സൈനെ തൂക്കിക്കൊന്നതു പോലെ ഒരേര്‍പ്പാട്‌.

    അങ്ങനെ നിന്ദിതനും പീഡിതനും ആയി ഞാന്‍ ജീവിച്ചു വരുമ്പോള്‍ അമ്പലത്തില്‍ മണ്ഡല ചിറപ്പു മഹോത്സവം ആരംഭിച്ചു. ചെറിയ അമ്പലമാണ്‌. ചിറപ്പു കൊഴുപ്പിക്കാന്‍ ചില്ലറ പടക്കങ്ങളൊക്കെ വാങ്ങും, കൂടുതല്‍ പണം മുടക്കാന്‍ സാധാരണ വഴിപാടുകാരെ കൊണ്ടു പറ്റില്ല. അതു കൊണ്ട്‌ അമച്വര്‍ വെടിക്കെട്ടാണ്‌. വാങ്ങുന്ന പടക്കങ്ങള്‍ കത്തിക്കുവാന്‍ അറിയാവുന്നവര്‍ പോയി കത്തിച്ചു കൊടുത്തു സഹായിക്കും. ഞാനും പതിയെ കൂട്ടത്തില്‍ കൂടി. അമിട്ടും മാലപ്പടക്കവുമൊക്കെ പ്രമുഖ ചട്ടമ്പിമാര്‍ എടുത്തു കെട്ടിത്തൂക്കി കത്തിക്കാന്‍ കാവല്‍ നില്‍ക്കുകയാണ്‌. അമ്പലം ദീപാരാധനയ്‌ക്കായി അടച്ചിരിക്കുന്നു. തുറന്നാലുടന്‍ പടക്കം കത്തിക്കണം. നോക്കിയപ്പോള്‍ കുറച്ച്‌ ഇടത്തരം റോക്കറ്റുകള്‍ ഇരിക്കുന്നു. രണ്ടു മൂന്നെണ്ണം ഞാനും എടുത്തു. റോക്കറ്റിന്‌ ഒരു കുഴപ്പമുണ്ട്‌. അത്‌ കത്തിത്തുടങ്ങുമ്പോള്‍ തീയും പുകയും ശക്തിയായി പുറത്തേയ്‌ക്കു ചീറ്റും. അപ്പോള്‍ മുറുക്കെപ്പിടിച്ച്‌, ദിശ മുകളിലേക്കു തന്നെ എന്നുറപ്പാക്കിയശേഷം കയ്യ്‌, അയച്ചു കൊടുക്കണം. അല്ലെങ്കില്‍ അതിന്‌ ഇഷ്ടമുള്ള വഴിയേ പോകും. നിലത്ത്‌ ഒരു കുപ്പി വച്ചിട്ട്‌ റോക്കറ്റിന്റെ വാല്‍ അതില്‍ ഇറക്കി വയ്‌ക്കുക ആണു മറ്റൊരു മാര്‍ഗ്ഗം. കുപ്പി ഒരു താത്‌കാലിക ലോഞ്ചിംഗ്‌ പാഡായി പ്രവര്‍ത്തിക്കും. പക്ഷെ ഇതൊന്നും എനിക്ക്‌ അന്നറിയില്ലായിരുന്നു. ഞാന്‍ ചന്ദനത്തിരി കത്തിക്കുന്ന ലാഘവത്തോടെ റോക്കറ്റ്‌ വിളക്കില്‍ പിടിക്കുകയും അതു ചീറ്റിത്തുടങ്ങിയപ്പോള്‍ എത്രയും പെട്ടെന്ന്‌ കൈവിട്ട്‌ തടി ഒഴിവാക്കുകയും ചെയ്‌തു. പക്ഷേ മേലോട്ടു പേകേണ്ട ആ മാരണം നേര്‍വഴിക്കല്ല പോയത്‌.ശാ ശൂ ശീ എന്നൊക്കെ ശബ്ദമുണ്ടാക്കി അമ്പലത്തിന്റെ ഇടതുവശത്തുള്ള ഒരു വീടിന്റെ അടുക്കള ഭാഗത്തേയ്‌ക്കു പോയി പൊട്ടിത്തെറിച്ചു. സംഭവിച്ചതെന്താണെന്നു പിന്നീടാണ്‌ മനസ്സിലായത്‌. എന്റെ ഒരു മുന്‍ സഹപാഠിയുടെ വീടാണ്‌. അവരുടെ അമ്മ വരാന്തയില്‍ ആട്ടുകല്ലില്‍ അരി അരയ്‌ക്കുകയാണ്‌. റോക്കറ്റു നേരെ ചെന്നത്‌ ആട്ടുകല്ലിനടിയിലേക്ക്‌. എന്നിട്ട്‌ ഒരു പൊട്ടിത്തെറിക്കലും. ഒരു ചെറിയ നിശബ്ദതയ്‌ക്കു ശേഷം വലിയ ചില ശബ്ദങ്ങള്‍ കേട്ടുതുടങ്ങി. റോക്കറ്റയച്ചവനുളള വിശേഷണങ്ങളാണ്‌. വാക്കുകള്‍ വ്യക്തമാവുന്നില്ലെങ്കിലും ആശയം വ്യക്തമാവുന്നുണ്ട്‌. ലക്ഷ്യം ഞാനാണെന്നും മനസ്സിലായി. ക്ഷമയ്‌ക്കു പേരുകേട്ട മഹാപുരുഷന്‍മാരാണെങ്കില്‍ പോലും എഴുന്നേറ്റു തല്ലിപ്പോകും. എനിക്കു പരാതിയില്ല. ഞാന്‍ പതുക്കെ ഇരുട്ടിലേക്കു വലിഞ്ഞു. പിന്നെ എന്തുണ്ടായി എന്നു വര്‍ണ്ണിച്ചു വഷളാക്കുന്നില്ല. നിങ്ങളുടെ ഭാവനയ്‌ക്കു വിടുന്നു. ചിറപ്പിന്റെ സമാപനമെത്തി. അമ്പലത്തില്‍ വലിയ ആഘോഷമാണ്‌. വീടില്‍ ഇരുന്നിട്ട്‌ ഇരുപ്പുറയ്‌ക്കുന്നില്ല. പക്ഷെ പകല്‍ പുറത്തിറങ്ങുവാന്‍ വയ്യാത്ത അവസ്ഥയാണ്‌. ആരു കണ്ടാലും റോക്കറ്റ്‌ എങ്ങിനെ കത്തിക്കണം എന്ന്‌ പറഞ്ഞു തരും ക്ലാസ്സ്‌ സൗജന്യമാണ്‌. നേരം ഇരുട്ടിക്കഴിഞ്ഞപ്പോള്‍ പതുക്കെ വീട്ടില്‍ നിന്നിറങ്ങി അമ്പലത്തില്‍ ചെന്ന്‌ അധികം ആരു ശ്രദ്ധിക്കാത്ത ഒരു ഭാഗം നോക്കി സ്ഥാനം പിടിച്ചു. വെടിക്കെട്ടു സാധനങ്ങള്‍ നിരനിരായായി വച്ചിരിക്കുകയാണ്‌. ഞാന്‍ കത്തിച്ചു കുളമാക്കിയതിന്റെ മൂന്നിരട്ടി വലിപ്പമുള്ള റോക്കറ്റുകളും അമിട്ടുകളുമൊക്കെ നിരന്നിരിക്കുന്നു.

    ദീപാരാധന കഴിഞ്ഞു. മാലപ്പടക്കം, അമിട്ടൊക്കെ കഴിഞ്ഞു. റോക്കറ്റിന്റെ വരവായി. ചിറപ്പിന്റെ പ്രധാന ഉത്സാഹികളിലൊരാളും പ്രമുഖ അമച്വര്‍ വെടിക്കെട്ടു വിദഗ്‌ധനുമായ ഒരു വിദ്വാനാണ്‌ നേതൃത്വം കൊടുക്കുന്നത്‌. കഴിഞ്ഞ ഒരാഴ്‌ചയായി ഈ വിദ്വാന്‍ എനിക്കു പറ്റിയ കയ്യബദ്ധത്തെക്കുറിച്ച്‌ മാത്രമാണ്‌ പ്രസംഗിക്കുന്നതെന്ന്‌ ഞാന്‍ കേട്ടിരുന്നു. അദ്ദേഹം ഘനഗംഭീരനായി നിന്ന്‌ റോക്കറ്റുകല്‍ കത്തിച്ച്‌ നിസാരമായി ആകാശത്തേയ്‌ക്കു വിടുന്നു. അവ ആകാശത്തു പൂക്കള്‍ വിതറുന്നു. നിശ്ശബ്ദമായി നോക്കി നില്‍ക്കുന്ന എനിക്ക്‌ തിയറി കൃത്യമായി മനസ്സിലാവുന്നുണ്ട്‌. പ്രാക്ടിക്കല്‍ എവിടെ ചെയ്യാന്‍ ? ഈ ജന്മത്ത്‌ ഇനി ഒരു ചാന്‍സ്‌ കിട്ടുമെന്ന്‌ തോന്നുന്നില്ല. അങ്ങനെ നില്‍ക്കുമ്പോള്‍ ദാ ഒരെണ്ണം ആല്‍മരത്തിലിടിച്ച്‌ വലതുവശത്തുള്ള വീട്ടിലേക്കു പായുന്നു. പിന്നെ കാണുന്നത്‌ നാലുമാസമായി പുറത്തിറങ്ങാതെ കട്ടിലില്‍ കിടക്കുന്ന ആ വീട്ടിലെ അമ്മൂമ്മ, മുറ്റത്തു നിന്നു തുള്ളുന്നതാണ്‌. വീട്ടില്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാവരും തൊഴാന്‍ പോയി. റോക്കറ്റു വന്നു പൊട്ടിയതു കട്ടിലിന്റെ അടിയില്‍. പുര നിരയെ പുക. പോരേ പൂരം! ട്രെയ്‌ന്‍ പാലത്തില്‍ നിന്നു താഴെപ്പോയാല്‍ പിന്നെ സൈക്കിള്‍ ഓടയില്‍ പോയതു വാര്‍ത്തയാകില്ലല്ലോ അങ്ങിനെ തത്‌കാലത്തേയ്‌ക്കു ഞാനും രക്ഷപ്പെട്ടു.

  • മാമ്പഴക്കാലം

    ശരാശരി മലയാളി ചെറുക്കന്റെ ദൗര്‍ബല്യമാണ്‌ ആന. കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പകാലത്ത്‌ ഉത്സവകാലം കാത്തിരിക്കുമായിരുന്നു. ആനയെ കാണാനും ചെണ്ടകൊട്ടു കേള്‍ക്കാനും. ഉത്സവകാലം സ്വാതന്ത്ര്യത്തിന്റെ കാലം കൂടിയാണ്‌. വീട്ടില്‍ നിന്ന്‌ അതിരാവിലെ പുറത്തു ചാടാം. തിരിച്ചു കയറേണ്ട സമയത്തിനു പരിധിയില്ല. രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തന്നെ കിടന്നാലും കുഴപ്പമൊന്നുമില്ല. പക്ഷെ ഉത്സവപ്പറമ്പില്‍ അടിപിടിയോ, ആന വിരണ്ടോടലോ വല്ലതുമുണ്ടായാല്‍ അധികം താമസിയാതെ വീട്ടിലെത്തി തനിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിക്കണം എന്നു മാത്രം.

    മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങള്‍ ആണു ഞങ്ങളുടെ നാട്ടിലെ ഉത്സവക്കാലം. അതു മാമ്പഴക്കാലം കൂടിയാണ്‌. ഒരു കാറ്റു വന്നാല്‍ റോഡരികിലും പറമ്പിലുമൊക്കെ മാങ്ങ കൊഴിഞ്ഞു വീഴും. അങ്ങിനെ കൊഴിഞ്ഞു വീഴുന്ന മാങ്ങയില്‍ മാവു നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥന്‌ പ്രത്യേകിച്ച്‌ അവകാശമൊന്നുമില്ല. ആദ്യം കാണുന്ന ആള്‍ എടുത്തുകൊണ്ടു പോകും,. ഉടമസ്ഥനാണ്‌ ആദ്യം കാണുന്നതെങ്കില്‍ അയാള്‍ക്ക്‌ കിട്ടുമെന്നു മാത്രം.

    പഴയ ഒരു മാമ്പഴം പെറുക്കലിന്റെ കഥയാണിത്‌. എനിക്ക്‌ പതിനൊന്നോ പന്ത്രണ്ടോ വയസ്സു പ്രായമുള്ള കാലം. എന്റെ വീടിനടുത്തു തന്നെയാണ്‌ അമ്മയുടെ കുടുംബവീട്‌. വിശാലമായ പറമ്പും നിറയെ മരങ്ങളും. ചുറ്റുമുള്ള പല പറമ്പുകളും അതിനേക്കാള്‍ വിശാലമാണ്‌. പലയിടത്തും മാമ്പഴം പഴുത്തു വീഴും. രാത്രിവീഴുന്ന മാങ്ങ സാധാരണ അവിടെ തന്നെ കിടക്കും. വെളുപ്പിന്‌ അഞ്ചു മണിയാകുമ്പോള്‍ തന്നെ ഞാന്‍ ഒരു തടിയന്‍ ടോര്‍ച്ചുമായി പോയി മാങ്ങയുള്ളതു പെറുക്കും. പെട്ടെന്നൊരു ദിവസം മാങ്ങ കിട്ടുന്നതു നിന്നു. ഞാന്‍ ചെല്ലുമ്പോള്‍ പറമ്പു ശൂന്യമായിരിക്കും. ഇതൊരു തുടര്‍ക്കഥയായപ്പോള്‍ എനിക്കു ബോധ്യമായി, ആരോ അതിരാവിലെ ഇറങ്ങി പെറുക്കുന്നുണ്ട്‌. അങ്ങിനെ വിടാന്‍ പറ്റില്ല.

    അടുത്ത ദിവസം ഞാന്‍ നാലുമണിക്കു തന്നെ പറമ്പിലെത്തി. കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ദൂരെ നിന്ന്‌ ഒരു വിചിത്രരൂപം ഒരു ചെറിയ വെളിച്ചവുമായി വരുന്നു. ഞാന്‍ ശ്വാസമടക്കി ഒരു മരത്തിന്റെ മറവിലേക്കു മാറി. സംഗതി കുറച്ചടുത്തു വന്നപ്പോള്‍ കാര്യം മനസ്സിലായി. അടുത്ത വീട്ടിലെ കുട്ടികളാണ്‌. എന്നെക്കാള്‍ രണ്ടു വയസ്സു കുറവുള്ളവര്‍. പിന്നെ അവരുടെ ബന്ധുവായ ഒരു കുട്ടിയും. ഒരു ചെറിയ മണ്ണെണ്ണ വിളക്കുമായി വരികയാണ്‌. പേടികാരണം മൂന്നുപേരും തോളില്‍ കയ്യിട്ടു കെട്ടിപ്പിടിച്ചാണു നടക്കുന്നത്‌. തലവഴി ഒരു പുതപ്പുകൊണ്ട്‌ മൂടിയിട്ടുണ്ട്‌. കാറ്റടിച്ചു വിളക്കു കെടാതിരിക്കാനായിരിക്കണം പുതപ്പു ഇരുവശത്തേയ്‌ക്കും വലിച്ചു പിടിച്ചാണു നടക്കുന്നത്‌. ഞാന്‍ മറഞ്ഞു നില്‍ക്കുന്ന മരത്തിനടുത്ത്‌ അവര്‍ എത്തിയപ്പോള്‍, അവരുടെ മുഖത്തേയ്‌ക്ക്‌ ടോര്‍ച്ച്‌ മിന്നിച്ചു കെടുത്തി. മൂന്നുപേരും ഒരുമിച്ച്‌ അയ്യോ എന്നു വിളിച്ചതും വിളക്കു കെട്ടതും ഒപ്പമാണ്‌. ടോര്‍ച്ചു കത്തിക്കാതെ തന്നെ മുന്നോട്ടു നടന്ന്‌ അല്‌പം അകലെ ചെന്നു. എന്റെ കാലില്‍ പോലും വെളിച്ചം വീഴാതെ ടോര്‍ച്ചു താഴ്‌ത്തിക്കത്തിച്ചു മാങ്ങ പെറുക്കി തുടങ്ങി. പേടിച്ചു നില്‍ക്കുന്ന വാനരസംഘത്തിന്‌ ആരോ മാങ്ങ പെറുക്കുന്നു എന്നല്ലതെ ആരാണെന്ന്‌ മനസ്സിലായില്ല. ഞാന്‍ മാങ്ങയുമായി തിരിച്ചു പോന്നു. പാവം പിള്ളേര്‍ നേരം വെളുക്കുന്നതുവരെ മാഞ്ചുവട്ടില്‍ പേടിച്ചു വിറച്ചിരുന്നു.
    Elephant holding palm leaves

    ഒരാഴ്‌ച കഴിഞ്ഞിട്ടും പിള്ളേര്‍ നേരം വെളുക്കാതെ വീട്ടിനു വെളിയില്‍ ഇറങ്ങുന്നില്ല. കാര്യം എതിരാളികള്‍ മൂന്നു പീക്കിരിപിള്ളേരാണെങ്കിലും എന്റെ യുദ്ധതന്ത്രങ്ങളില്‍ എനിക്കു വലിയ മതിപ്പായി. എതിര്‍കക്ഷിയെ പേടിപ്പിച്ചു റൊട്ടിയാക്കിയില്ലേ? ഈ കഥ പരമാവധി ആളുകളോടു പറഞ്ഞു ഞാന്‍ ഒരു ഹീറോ ആകാന്‍ തകര്‍ത്തു ശ്രമിച്ചു.

    അങ്ങനെയിരിക്കുമ്പോള്‍ ഉത്സവം തുടങ്ങി. ചെണ്ടകൊട്ടും ആനയും വെടിക്കെട്ടും പൊടിപൂരം. ഒന്നാമത്തെയും രണ്ടാമത്തെയും ദിവസം ഞാന്‍ കാഴ്‌ചകളും കലാപരിപാടികളുമൊക്കെയായി അമ്പലപ്പറമ്പില്‍ തന്നെ കിടന്നു. മൂന്നാം ദിവസം പാതിരാ കഴിഞ്ഞപ്പോള്‍ അവശനായി. ഉറങ്ങാതെ പറ്റില്ല. ഒരു രണ്ടുമണികഴിഞ്ഞപ്പോള്‍ വീട്ടിലേക്കു നടന്നു. വിഴിയില്‍ വെളിച്ചമില്ല. കയ്യില്‍ ടോര്‍ച്ചുമില്ല. തപ്പിത്തടഞ്ഞാണു നടക്കുന്നത്‌. വീടിനടുത്തുള്ള പറമ്പുവരെ എത്തി. ഉറക്കപ്പിച്ചില്‍ പാതി മയക്കത്തില്‍ നടക്കുമ്പോള്‍ എവിടെ നിന്നോ ഒരു ചെറിയ മണി നാദം. തൊട്ടടുത്തെവിടെയോ ആണ്‌. കൂട്ടത്തില്‍ വാഴ വലിച്ചു താഴെയിടുന്ന ഒരു ശബ്ദം. പിന്നെ കുഴലിലൂടെ കാറ്റു വരുന്ന പോലെ ഒരു ശബ്ദവും, ടയറും ട്യൂബുമൊക്കെ നിലത്തടിക്കുന്നതു പോലെയുള്ള ശബ്ദവും. സൂക്ഷിച്ചു നോക്കുമ്പോള്‍ രണ്ടു കൊമ്പുകള്‍ തെളിഞ്ഞു വരുന്നു. എന്റെ നട്ടെല്ലിലൂടെ ഒരു വിറയില്‍ മേലോട്ടു പോയി. അമ്പലത്തില്‍ ഉത്സവത്തിനു കൊണ്ടു വന്നിരിക്കുന്ന ആന ചങ്ങല അഴിഞ്ഞു വന്നു വാഴ പറിച്ചു തിന്നുകയാണ്‌. അവശേഷിക്കുന്ന ചങ്ങലക്കഷണത്തിന്റെ കിലുക്കമാണ്‌ ഞാന്‍ കേട്ട മണി നാദം. നിന്ന നില്‌പില്‍ ഞാന്‍ എട്ടുനാടും പൊട്ടെ കൂവി “എന്റമ്മോ” എന്റെ കൂവല്‍ കേട്ട്‌ അടുത്ത മുന്നു നാലു വീടുകളിലെ ആളുകള്‍ ഉണര്‍ന്നു ലൈറ്റിട്ടു. വെളിച്ചം വന്നപ്പോള്‍ എനിക്കു ജീവന്‍ തിരിച്ചു കിട്ടി. ഞാന്‍ പാഞ്ഞു വീട്ടില്‍ കയറി. ജനലിലൂടെ പുറത്തേയ്‌ക്കു നോക്കി. ആളുകള്‍ ഓടി വരുന്നുണ്ട്‌. ആനയ്‌ക്കു മാത്രം ഒരു കൂസലുമില്ല. ശാന്തമായി നിന്നു വാഴ തിന്നുകയാണ്‌.

    കഥ നാടുമുഴുവന്‍ അറിഞ്ഞു. ആകെ നാണക്കേടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. കുറച്ചു നാളത്തേയ്‌ക്ക്‌ എന്റെ ഒരു അയല്‍വാസി കാണുമ്പോഴെല്ലാം പറയുമായിരുന്നു. “എന്നാലും എന്തൊരു നിലവിളി ആയിരുന്നു എന്റെ മോനെ? ഒരു മയം വേണ്ടേ? ഞാന്‍ ഉറക്കത്തില്‍ കട്ടിലില്‍ നിന്നു താഴെ വീണു”. എന്റെ അമ്മ പറയും “എടാ പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ , ചട്ടനെ ദൈവം ചതിക്കും. നീ ആ പിള്ളേരെ പറ്റിച്ചു മാങ്ങ പെറുക്കിയതിന്റെയാ അനുഭവിച്ചത്‌. ഇനിയെങ്കിലും ഓര്‍ത്തോ.”

    ഇന്നും ഒരു സംശയം ബാക്കിയുണ്ട്‌. ആ ആനയുടെ ചെവിയ്‌ക്ക്‌ വല്ല കുഴപ്പവുമുണ്ടായിരുന്നോ ?…… അവനെന്താ ഓടാഞ്ഞത്‌?…..