ഫുട്‌ബോള്‍ ദുരന്തവും വഴിവാണിഭക്കാരും

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌, എന്റെ അമ്മയും സഹപ്രവര്‍ത്തകരായ രണ്ടു ടീച്ചര്‍മാരും ആട്ടോ റിക്ഷയിലായിരുന്നു സ്‌കൂളില്‍ പോയി കൊണ്ടിരുന്നത്‌. അത്‌ ഒരു അത്ഭുത ഓട്ടോ റിക്ഷ ആയിരുന്നു. മൂന്നു ടീച്ചര്‍മാരും സാമാന്യത്തിലധികം വണ്ണമുള്ളവരായിരുന്നു. ഇവരില്‍ ഒരാള്‍ കയറുമ്പോള്‍ തന്നെ ഓട്ടോ റിക്ഷ നിറയും. രണ്ടാമത്തെ ആള്‍കൂടി കയറുമ്പോള്‍ ആട്ടോ റിക്ഷ ശരിക്കും നിറയും. അതിലേക്കാണ്‌ മൂന്നാമത്തെ ആള്‍ കയറുന്നത്‌. അപ്പോഴും ആട്ടോ റിക്ഷ നിറയുകയല്ലാതെ തുളുമ്പുകയില്ല. ആവശ്യാനുസരണം വികസിക്കുന്ന ഈ ആട്ടോ റിക്ഷയിലേക്ക്‌ എന്നെയും എന്റെ ചേച്ചിയെയും കൂടി വലിച്ചു കയറ്റിയാല്‍ യാത്ര തുടങ്ങും.

ആട്ടോ റിക്ഷ സ്‌കൂള്‍ പടിക്കലെത്തിക്കഴിയുമ്പോള്‍ അതില്‍ കയറിയതെല്ലാം വരിവരിയായി തിരിച്ചു പുറത്തേക്കു വരും. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഈ കാഴ്‌ച കാണാന്‍ കുട്ടികള്‍ കാത്തു നിന്നു തുടങ്ങി. അതോടെ എനിക്കു സ്വല്‌പം നാണക്കേട്‌ തോന്നി തുടങ്ങി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന, സാമാന്യം തടിയനായ, ഞാന്‍ അമ്മയുടെ മടിയില്‍ ഇരുന്നു സ്‌കൂളില്‍ വരിക ! ഇതിനൊരു പരിഹാരമേ ഉള്ളൂ. ഭക്തിമാര്‍ഗ്ഗം. സ്‌കൂളില്‍ പോകുന്ന വഴി എനിക്ക്‌ അമ്പലത്തില്‍ കയറി തൊഴണം. ആട്ടോറിക്ഷയില്‍ പോയാല്‍ അതു പറ്റില്ലല്ലോ. അങ്ങിനെ ഞാന്‍ ഒറ്റയ്‌ക്കു നടന്നു പോവാന്‍ തുടങ്ങി. രാവിലെ കോട്ടയം പട്ടണത്തിന്റെ ഒരറ്റത്തു നിന്ന്‌ മറ്റേ അറ്റത്തേക്കുള്ള ആ യാത്ര വിശാലമായ ഒരു ലോകമാണു തുറന്നു തന്നത്‌.

അന്നത്തെ കോട്ടയത്തെ പട്ടണമെന്നും പറയാമെന്നല്ലാതെ, കാര്യമായ വലിപ്പമോ, പട്ടണത്തിന്റെ ബഹളങ്ങളോ അവിടുണ്ടായിരുന്നില്ല. സത്യത്തില്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ അതിലും ചെറുതായിരുന്നു എന്നു മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. അല്‌പം ആളും ബഹളവുമൊക്കെയുള്ളത്‌ ജില്ലാ ആശുപത്രി കഴിഞ്ഞ്‌ ചന്തക്കവലയിലെത്തുമ്പോഴാണ്‌. തിരുനക്കര അമ്പലം കഴിഞ്ഞാല്‍ വീണ്ടും ശൂന്യമാവും. ശാസ്‌ത്രി റോഡ്‌ പൂര്‍ണ്ണമായും വിജനമായിരുന്നു. പക്ഷെ ജില്ലാ ആശുപത്രി മുതല്‍ തിരുനക്കര അമ്പലം വരെയുള്ള ഭാഗം ഒരത്ഭുതലോകം തന്നെയായിരുന്നു. പാമ്പാട്ടികളും, ജാലവിദ്യക്കാരും, മരുന്നു കച്ചവടക്കാരും പ്രദേശം കയ്യടക്കിയിരുന്നു. പേന, കളിപ്പാട്ടം, ചെരിപ്പ്‌, തുണി തുടങ്ങിയവ വില്‌ക്കുന്നവരെയും, അപൂര്‍വ്വമായി വഴിയരികിലിരുന്നു പല്ലു പറിക്കുന്ന കൊടും ഭീകരന്മാരെയും കാണാം. തോര്‍ത്തു വിരിച്ച്‌ അതില്‍ ഒരു മനുഷ്യന്റെ തലയോട്ടിയും രണ്ടു മൂന്നു ചവണകളും മുന്‍പില്‍ വച്ചാണ്‌ അവര്‍ ഇരിക്കുന്നത്‌. ഇതില്‍ നിന്നാണ്‌ തലയോട്ടിയും എല്ലും ചേര്‍ത്ത്‌ അപായ ചിഹ്നം വികസിപ്പിച്ചെടുത്തതെന്നാണെന്റെ വിശ്വാസം. പാതി ഇളകിയ പല്ലുമായി ദന്തഡോക്ടറെ കാണാന്‍ വേണ്ട കാശു കയ്യിലില്ലാതെ വിഷമിച്ചു നടക്കുന്ന വൃദ്ധന്മാരായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. പല്ലുപറിയന്‍മാര്‍ പാന്റുമിട്ടാണ്‌ നില്‍ക്കുന്നത്‌. (അന്ന്‌ പാന്റ്‌ അപൂര്‍വ്വമായിരുന്നു). കാഴ്‌ചയില്‍ ഒരു ഡോക്ടറാണെന്നു തോന്നുമെന്നു മാത്രമല്ല സംഗതി വശക്കേടായാല്‍ ഓടി രക്ഷപ്പെടുകയും ചെയ്യാം. മുണ്ടു പോലെ അഴിഞ്ഞു പോവുമെന്നു പേടിക്കണ്ടല്ലോ. റോഡില്‍ അവിടവിടെ ചില മുച്ചീട്ടു കളിക്കാരും, കുലുക്കികുത്തുകാരും പ്രത്യക്ഷപ്പെടുമായിരുന്നു. പ്രധാന റോഡില്‍ നിന്ന്‌ ഇടവഴികളോ, നട കെട്ടിയുണ്ടാക്കിയ വഴികളോ ഉള്ള ഭാഗത്താണ്‌ ഇവര്‍ മുളച്ചു വരുന്നത്‌. പോലീസ്‌ വണ്ടി വന്നാല്‍ ഓടിപ്പോകാന്‍ ഇടവഴി ഉണ്ടായിരിക്കണം എന്ന ലളിതമായ ആവശ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. ചീട്ടു വേണമെങ്കില്‍ പോലീസുകാര്‍ എടുത്തോട്ടെ.

ഇതൊക്കെ കേട്ട്‌ പട്ടണം മുഴുവന്‍ വിനാശകാരികള്‍ മാത്രമായിരുന്നു എന്നാരും ധരിക്കരുത്‌. തികച്ചും പ്രത്യുത്‌പാദനപരമായ കാര്യങ്ങളും നടന്നിരുന്നു. ചന്തക്കവലയ്‌ക്കു സമീപം ശീമാട്ടിക്കെതിര്‍വശത്തെ കടത്തിണ്ണയില്‍ വെളുത്ത ജുബയും മുണ്ടും ധരിച്ച്‌ ഒരു കയ്യില്‍ ഒരു മുട്ടനാടിനെയും മറ്റേക്കയ്യില്‍ ഒരു പ്ലാവിലച്ചില്ലയുമായിരുന്നിരുന്ന ഒരു വൃദ്ധനെ ഓര്‍മ്മയുണ്ട്‌. സംഗീതമോ നൃത്തമോ ഒക്കെ അദ്ദേഹം അഭ്യസിച്ചിരുന്നെങ്കിലും, കലാപ്രവര്‍ത്തനത്തിന്‌ കാര്യമായ പ്രതിഫലം കിട്ടാത്ത കാലമായിരുന്നതു കൊണ്ട്‌ പകല്‍ സമയത്ത്‌ തന്റെ മുട്ടനാടിനെ ഇണ ചേര്‍ക്കാന്‍ കൊടുത്താണ്‌ ജീവിച്ചിരുന്നത്‌. അന്ന്‌ ഇലക്ട്രിക്‌ പോസ്‌റ്റും ടെലിഫോണ്‍ പോസ്‌റ്റുമൊന്നും വാടകയ്‌ക്കു കൊടുത്തു തുടങ്ങിയിരുന്നില്ല. . രാവിലെ ആടിനെ കൊണ്ടു വന്ന്‌ ഒരു ടെലിഫോണ്‍ പോസ്‌റ്റില്‍ കെട്ടിയിടും. കയ്യിലെ പ്ലാവില ചില്ല കൊണ്ടു താളം പിടിച്ച്‌ എന്തൊക്കെയോ പാട്ടുകള്‍ മൂളിക്കൊണ്ടിരിക്കും. ഇടയ്‌ക്കു താളം തെറ്റിക്കാതെ തന്നെ പ്ലാവില ആടിനു നീട്ടിക്കൊടുക്കുകയും, കാഴ്‌ച കാണാന്‍ നില്‌ക്കുന്ന കുട്ടികളെ അതു തന്നെ വീശി ഓടിക്കുകയും ചെയ്യും. അദ്ദേഹം ഒരു പ്രമുഖ കലാകാരനായിരുന്നു എന്നല്ലാതെ ആരായിരുന്നു എന്ന്‌ ഇന്നും എനിക്ക്‌ അറിയില്ല.

സ്‌കൂളിലെത്തിയ കാലത്ത്‌ അവിടുത്തെ കായിക പരിപാടികളില്‍ പങ്കെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പ്രബലമായ രണ്ടു സ്‌പോര്‍ട്ട്‌സ്‌ ടീമുകള്‍ ഞങ്ങളുടെ ക്ലാസ്സിലുണ്ടായിരുന്നു. ഇവര്‍ക്കു രണ്ടു പേര്‍ക്കും ഞാന്‍ കായിക പരിപാടികളില്‍ പങ്കെടുക്കണമെന്നും വലിയ നിര്‍ബന്ധമായിരുന്നു. പക്ഷെ പങ്കെടുക്കുന്നത്‌ തങ്ങളുടെ എതിര്‍ടീമില്‍ തന്നെ ആയിരിക്കണമെന്ന്‌ അതിലും നിര്‍ബന്ധമായിരുന്നു. ഒടുവില്‍ ഒരിക്കല്‍ ഫുട്‌ബോളിന്‌ ആള്‍ തികയാതെ വന്നപ്പോള്‍ എന്നെയും ഒരു ടീമില്‍ പെടുത്തി. കിട്ടിയ അവസരം മുതലാക്കി കായികരംഗത്ത്‌ ഒരു സ്ഥാനമുറപ്പിക്കാന്‍ ഞാനും തീരുമാനിച്ചു. പക്ഷെ ടീമിന്‌ എന്നില്‍ വിശ്വാസം തീരെയില്ല. ഞാന്‍ ആദ്യമായി കളിക്കുകയാണല്ലോ. അവര്‍ പതിനൊന്നു പേരും ചേര്‍ന്ന്‌ എനിക്കൊരു മിന്നല്‍ പരിശീലനം തന്നു. ‘പന്തിന്റെ പുറകെ ഓടണം, എന്തു പ്രകോപനം ഉണ്ടായാലും കൈ കൊണ്ടു തൊടാന്‍ പാടില്ല, പന്തിനെ നമ്മുടെ നിയന്ത്രണത്തില്‍ കൊണ്ടു വരണം, അവസരം കിട്ടുമ്പോഴെല്ലാം ആഞ്ഞു തൊഴിച്ചു ഗോള്‍ പോസ്‌റ്റിലൂടെ കടത്തി വിടാന്‍ നോക്കണം’ അത്രേയുള്ളൂ.

തിയറി മുഴുവന്‍ നന്നായി മനസ്സിലാക്കിയ ഞാന്‍ സര്‍വ്വ ശക്തിയുമെടുത്തു കളി തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ടീമംഗങ്ങള്‍ കളി നിര്‍ത്തി ഒരടിയന്തിരയോഗം തുടങ്ങി. ഞാന്‍ തലങ്ങനെയും വിലങ്ങനെയും കിടന്നോടുന്നതു കൊണ്ട്‌ ഞങ്ങളുടെ ടീമിന്‌ കളിക്കാന്‍ പറ്റുന്നില്ലത്രേ. മഹാഭാരതത്തിലെ ഏതോ വിദ്വാനെ പോലെ ഫുട്‌ബോള്‍ എന്ന ലക്ഷ്യം മാത്രം കണ്ണില്‍ നിറച്ചു കളിച്ചു കൊണ്ടിരുന്ന എനിക്കതത്ര ബോധ്യമായില്ല. ഒടുവില്‍ ഒന്നിനെതിരെ പതിനൊന്നു വോട്ടിന്‌ എന്നെ ഗോളിയാക്കാന്‍ തീരുമാനമായി. ഏക എതിര്‍വോട്ട്‌ എന്റെയാണ്‌. കാരണം ഈ ഗോളി എന്താ ചെയ്യേണ്ടതെന്ന്‌ എനിക്കൊരു പിടിയുമില്ല. വീണ്ടുമൊരു മിന്നല്‍ പരിശീലനം തന്നു. ‘ഗോളിക്ക്‌ പന്ത്‌ കൈ കൊണ്ടോ, കാലു കൊണ്ടോ, കടിച്ചോ, ചാക്കിട്ടോ എങ്ങിനെ വേണമെങ്കിലും പിടിക്കാം. പക്ഷെ ആ രണ്ടു തൂണിന്റെ ഇടയ്‌ക്കു കൂടി അപ്പുറം പോവരുത്‌’. രണ്ടു തൂണിന്റെയും ഒത്ത നടുക്ക്‌ എന്നെ ആഘോഷമായി കൊണ്ടു നിര്‍ത്തി കളി തുടങ്ങി. കുറച്ചു നേരം ഉന്നം പിടിച്ചു നിന്നെങ്കിലും പന്ത്‌ ആ വഴി വരാത്തതു കൊണ്ട്‌ ഞാന്‍ സ്വപ്‌നം കാണാന്‍ തുടങ്ങി. ആര്‍ക്കറിയാം, ഒരു പക്ഷെ നാളെ ഗോളി ഹരി എന്നായിരിക്കും ലോകം എന്നെ അറിയാന്‍ പോകുന്നത്‌. ഭാവിയില്‍ ജൂവലറി ഉദ്‌ഘാടനം ചെയ്യാന്‍ പോകേണ്ടി വരും. അങ്ങിനെ സന്തോഷമായി നില്‌ക്കുമ്പോള്‍ ദേണ്ടെ പീരങ്കിയുണ്ട പോലെ ആ പന്തെന്റെ നെഞ്ചത്തേക്കു വരുന്നു ! ഇതിനിടയ്‌ക്കു കിടന്ന്‌ ഓടിക്കൊണ്ടിരുന്നവന്മാരൊക്കെ എവിടെ പോയി ? എന്റെ ഹൃദയം നിന്നു പോകുന്നതു പോലെ തോന്നി. ആലോചിക്കാന്‍ സമയമില്ല. ഞാന്‍ രണ്ടു കണ്ണും അടച്ചു നിലത്തു കുത്തിയിരുന്നു. കൂട്ടത്തില്‍ കൈ രണ്ടും തലയില്‍ വച്ച്‌ ഒരു താത്‌കാലിക ഹെല്‍മറ്റുമുണ്ടാക്കി. ഇതിനിടയ്‌ക്കെപ്പൊഴോ പന്തെന്റെ തലയ്‌ക്കു മുകളിലൂടെ കടന്നു പോയി ഗോളായി.

സത്യത്തില്‍ തലയില്‍ കയ്യും വച്ചുള്ള ആ ഇരിപ്പാണെന്നെ രക്ഷിച്ചത്‌. പാമ്പിനെ പിടിച്ച കുരങ്ങനെപ്പോലെയുള്ള എന്റെ ആ ഇരിപ്പു കണ്ടപ്പോള്‍ എതിര്‍ ടീം മാത്രമല്ല, എന്റെ ടീമും ചിരിച്ചു പോയി. അല്ലായിരുന്നെങ്കില്‍ അവന്‍മാര്‍ എന്റെ കയ്യോ കാലോ തല്ലി ഒടിച്ചേനെ. ഏതായാലും അതോടെ ഞാന്‍ സജീവ ഫുട്‌ബോള്‍ രംഗം വിട്ടു. പില്‌ക്കാല ജീവിതം ഒരു ഫുട്‌ബോള്‍ നിരൂപകനായി തള്ളി നീക്കുകയാണ്‌.

അങ്ങിനെ വെറുതെ നടക്കുമ്പോള്‍ വഴിയരികില്‍ രസമുള്ള ഒരു കാഴ്‌ച കണ്ടു. ഞങ്ങളുടെ ഒരയല്‍വാസിയുടെ വീട്ടില്‍. അല്‌പം അകലെ താമസിക്കുന്ന അദ്ദേഹത്തിന്റെ ചിറ്റപ്പന്‍ ഇടയ്‌ക്കൊക്കെ വരുമായിരുന്നു. ബഷീറിന്റെ ശൈലി കടമെടുത്താല്‍ ‘വെളുത്തു ചുവന്നു പൂവമ്പഴം’ പോലൊരു മനുഷ്യന്‍. അന്ന്‌ ഒെരഴുപതു വയസ്സു കാണും. ഹിറ്റ്‌ലര്‍ മീശ, കുടുക്കുള്ള അരക്കയ്യന്‍ കുപ്പായം, വൃത്തിയായി മടക്കി തോളിലിട്ടിരിക്കുന്ന ടര്‍ക്കി ടൗവ്വല്‍, കയ്യില്‍ കുടക്കാല്‍ പോലെ അറ്റം വളഞ്ഞ ഒരു വാക്കിംഗ്‌ സ്‌റ്റിക്കും. അക്കാലത്തെ വന്ദ്യ വയോധികരുടെ ലക്ഷണമാണ്‌.

ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ നിന്നു വരുമ്പോള്‍ അന്നത്തെ മാമ്മന്‍ മാപ്പിള ഹാളിന്റെ പടിഞ്ഞാറു വശത്തെ തുറക്കാതെ കിടന്നു തുരുമ്പു പിടിച്ച ഗേറ്റില്‍ ഒരു മുറിക്കയ്യന്‍ ഉടുപ്പും, ടര്‍ക്കി ടവ്വലും, വാക്കിംഗ്‌ സ്റ്റിക്കും തൂങ്ങി നില്‌ക്കുന്നു. അടുത്തൊരു പഴയ അംബാസഡര്‍ കാറുണ്ട്‌. ബോണറ്റ്‌ നിറയെ എണ്ണക്കുപ്പികളും. ചുറ്റും സാമാന്യം നല്ല ഒരാള്‍ക്കൂട്ടമുണ്ട്‌. ഞാന്‍ ഇടിച്ചു കയറി മുന്‍പില്‍ ചെല്ലുമ്പോള്‍ ദാ നമ്മുടെ പൂവമ്പഴം ഒരു മുക്കാലിയില്‍ ഇരിക്കുന്നു. ഉടുപ്പില്ല. പുറത്തു മുഴുവന്‍ എണ്ണ തേച്ചിരിക്കുകയാണ്‌. പുത്തന്‍ പിച്ചള പാത്രം തേച്ചു കഴുകി കമിഴ്‌ത്തിയതു പോലെ മുതുകു വെട്ടിത്തിളങ്ങുന്നുണ്ട്‌. വൈദ്യ ശിരോമണി നെടുങ്കണ്ടം കുട്ടപ്പന്‍ സര്‍വ്വരോഗ സംഹാരി വില്‌ക്കുകയാണ്‌. “കാശു കൊടുത്തും, കള്ളു കുടിപ്പിച്ചും, കള്ള സാക്ഷ്യം കൊടുക്കാന്‍ കൂട്ടു നില്‌ക്കുന്ന കള്ളക്കിഴവനല്ലിത്‌”, ചോദിച്ചു നോക്കണം. “അമ്മാവാ, ഇപ്പോള്‍ എങ്ങിനെയുണ്ട്‌? ആഛ്വാാാാസമില്ലേ?” “നല്ല കുറവുണ്ട്‌, നീ ആ ഉടുപ്പിങ്ങു താ കുഞ്ഞേ” ആരു കേള്‍ക്കാന്‍? പാവം പുറത്തെ എണ്ണ തുടയ്‌ക്കാതെയും ആകാശത്തു കിടക്കുന്ന ഉടുപ്പു ഭൂമിയിലേക്കു വരാതെയും മൂപ്പരെങ്ങനെ പോവും?

ഇതോടെ ഞാന്‍ വഴിയോരക്കാഴ്‌ചകളുടെ സ്ഥിരം പ്രേക്ഷകനായി. ഈ തെരുവു കച്ചവടക്കാരായിരുന്നു ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച കഥാകാരന്മാര്‍. ആദ്യമായി കാണുന്ന നമ്മളെ വഴിയരുകിലെ സര്‍വ്വ അസൗകര്യങ്ങള്‍ക്കും നടുവില്‍ പിടിച്ചു നിര്‍ത്തി ഒന്നോ രണ്ടോ മണിക്കൂര്‍ കഥ പറഞ്ഞു കേള്‍പ്പിക്കുകയും എന്തും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്ന അവര്‍ ചില്ലറക്കാരായിരുന്നില്ല. ഒരിക്കല്‍ ഒരു മൂര്‍ഖന്‍ പാമ്പും, രണ്ടു നീര്‍ക്കോലിക്കുഞ്ഞുങ്ങളുമായി വഴിവക്കിലിരുന്ന ഒരു വിദ്വാന്‍ പത്തു നൂറാളുകളെപിടിച്ചു നിര്‍ത്തി. ഒടുവില്‍ പാമ്പു കടിയേല്‌ക്കാതിരിക്കാനുള്ള ഒരു ഏലസ്സു വാങ്ങിപ്പിച്ചു. ചായക്കു പത്തു പൈസ വിലയുള്ള കാലത്താണ്‌ അയാള്‍ ഇരുപത്തഞ്ചു പൈസയ്‌ക്ക്‌ ഏലസ്സു വാങ്ങിപ്പിച്ചത്‌. തീര്‍ന്നില്ല. അയാള്‍ പറയുന്നു ‘മാന്യരേ, ഞാന്‍ കള്ളം പറയില്ല. നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ഏലസ്സ്‌ ഉണ്ടാക്കിയിരിക്കുന്നത്‌ കുട്ടിക്കൂറാ പൗഡര്‍ ടിന്‍ കൊണ്ടാണ്‌. (അതാരും കണ്ടു പിടിക്കാതിരിക്കാന്‍ മൂപ്പര്‍ ടിന്നിന്റെ അകം ഏലസ്സിന്റെ പുറമാക്കിയിരുന്നു). ഇരു വശവും അടച്ചിരിക്കുന്നത്‌ ബാര്‍ സോപ്പു കൊണ്ടാണ്‌. ഇതിലേക്കു മന്ത്രശക്തി ആവാഹിക്കണം. അതിന്‌ ദാ മന്ത്രങ്ങള്‍ നിറഞ്ഞ ഈ കടലാസു ചുരുള്‍ അതിലേക്കിടണം. മന്ത്രച്ചുരുള്‍ എല്ലാവര്‍ക്കും തരാന്‍ സ്റ്റോക്കില്ല. അതു കൊണ്ട്‌ ആദ്യം രണ്ടു രൂപ തരുന്ന കുറച്ചു പേര്‍ക്കു മാത്രം അതു തരാം’. വിദ്യാര്‍ത്ഥിയായ ഞാന്‍ ബജറ്റ്‌ അലോക്കേഷന്‍ പൂര്‍ണ്ണമായി ചെലവഴിച്ചു കഴിഞ്ഞതു കൊണ്ട്‌ സ്വയം പിരിഞ്ഞു പോയി. ഇന്നെങ്ങാനുമാണ്‌ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം ടെലിഷോപ്പിംഗിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ജ്യോതിഷ മാന്ത്രിക രത്‌നം ആവുമായിരുന്നു.

72-ലെ ഇന്തോ-പാക്‌ യുദ്ധം കഴിഞ്ഞ കാലമായിരുന്നു. ഒരു ദിവസം നോക്കുമ്പോള്‍ ഒരു കാല്‍ മാത്രമുള്ള ഒരു വിദ്വാന്‍ റോഡരികില്‍ നിന്നു പേന വില്‌ക്കുന്നു. കൂട്ടത്തില്‍ അദ്ദേഹം തന്റെ കഥയും പറഞ്ഞു. യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട വിമുക്ത ഭടനാണ്‌. ധാരാളം ഹിന്ദി വാക്കുകള്‍ കലര്‍ത്തി, യുദ്ധത്തിന്റെ അനുഭവങ്ങളും കഷ്ടപ്പാടുകളും കെടുതികളും വിവരിച്ച്‌ കേള്‍വിക്കാരെ കരയിപ്പിച്ചു. സര്‍വ്വരും കണ്ണു തുടച്ചു കൊണ്ടു പേന വാങ്ങി. പിന്നെയും യാദൃശ്ചികമായി ഒന്നോ രണ്ടോ തവണ വഴിയില്‍ കണ്ടിട്ടുണ്ട്‌. ഒടുവില്‍ കാണുന്നത്‌ പത്തു പന്ത്രണ്ടു കൊല്ലം കഴിഞ്ഞ്‌ എറണാകുളം റെയ്‌ല്‍വേ സ്റ്റേഷനിലാണ്‌. രണ്ടു പോലീസുകാര്‍ പിടിച്ചു നിര്‍ത്തിയിരിക്കുന്നു. പൂര്‍വ്വാശ്രമത്തില്‍ അദ്ദേഹം പോക്കറ്റടിക്കാരനായിരുന്നത്രേ. അതിനിടെ ട്രെയ്‌നില്‍ നിന്നു ചാടിയ വഴിയാണു കാലു പോയത്‌. അപ്പോള്‍ അദ്ദേഹം യുദ്ധകാണ്ഡം തുടങ്ങി. ആളുകള്‍ യുദ്ധം മറന്നു കഴിഞ്ഞപ്പോള്‍ അദ്ദേഹവും ഭൂതകാലത്തിലേക്കു തിരിച്ചു പോവാന്‍ ശ്രമിച്ചു. മറന്നു തുടങ്ങിയ തന്റെ പഴയ തൊഴില്‍ തിരിച്ചെടുത്തു പൊടി തുടച്ചിറക്കിയപ്പോള്‍ പോലീസ്‌ പിടിയിലായതാണ്‌ ഞാന്‍ കണ്ട കാഴ്‌ച!

സ്‌കൂളില്‍ പോകുന്നതിനും വരുന്നതിനുമൊക്കെ ചില സമയ പരിധികളുണ്ടായിരുന്നതു കൊണ്ട്‌ കാഴ്‌ച കാണലിനും ചില പരിമിതികളുണ്ടായിരുന്നു. അതു മറികടക്കാന്‍ ആവശ്യമുള്ള വീട്ടു സാധനങ്ങള്‍ ചന്തയിലും കടയിലുമൊക്കെ പോയി വാങ്ങുന്ന ജോലി ഞാനേറ്റെടുത്തു. അതോടെ അവധി ദിവസങ്ങളിലെ എന്റെ ലോകം ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറി. സമയ പരിധിയില്ലാതെ നാടു ചുറ്റാം. വീട്ടില്‍ നിന്ന്‌ ഒരു സഞ്ചിയും കൊണ്ടിറങ്ങിയാല്‍ മതി. പക്ഷെ അധികം താമസിയാതെ ഈ സഞ്ചി ഒരു പ്രശ്‌നമായി. പാമ്പുകളിക്കാരുടെയും ജാലവിദ്യക്കാരുടെയും സ്ഥിരം പ്രേക്ഷകന്‍ എന്ന നിലയില്‍ നിന്ന്‌ രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ പ്രാസംഗികരുടെ കൂടി ശ്രോതാവ്‌ എന്ന നിലയിലേക്ക്‌ ഞാന്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. അവിടെ സഞ്ചിയുമായി നിന്നാല്‍, ചന്തയ്‌ക്കു പോകുന്ന വഴി വെറുതെ വായി നോക്കി നില്‌ക്കയാണെന്ന കാര്യം വ്യക്തമാവും.

ആവശ്യം സൃഷ്ടിയുടെ മാതാവാണ്‌ എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട്‌. എന്തായാലും ഞാന്‍ സഞ്ചി വളരെ ചെറുതായി ചുരുട്ടി കൈ വെള്ളയിലോ, കക്ഷത്തിലോ ഒതുക്കാന്‍ പഠിച്ചു. അങ്ങിനെ തന്നെ വച്ചു കൊണ്ടു നില്‌ക്കാനും നടക്കാനും പഠിച്ചു. ആരെങ്കിലും സഞ്ചി കണ്ടു പിടിക്കണമെങ്കില്‍ എം.ആര്‍.ഐ. സ്‌കാനിംഗ്‌ തന്നെ വേണ്ടി വരും. ഒരു ചാക്കു ചുരുട്ടി വയ്‌ക്കാന്‍ പറ്റിയ പോക്കറ്റുള്ള ബര്‍മൂഡയും, ബാഗിയും ഒക്കെ ധരിക്കുന്ന ഇന്നത്തെ തലമുറയ്‌ക്കു എന്റെ ബുദ്ധിമുട്ടു മനസ്സിലാവില്ല.

ഈ സഞ്ചി അന്നു സര്‍വ്വ വ്യാപി ആയിരുന്നു. ആളുകളുടെ പരിഹാസപ്പേരു പോലും പലപ്പോഴും ചാക്കു സഞ്ചി, കാക്കി സഞ്ചി, കാലി സഞ്ചി, ഓട്ട സഞ്ചി, കായ സഞ്ചി എന്നൊക്കെ ആയിരുന്നു. എനിക്കറിയാവുന്ന ഒരു വിദ്വാന്റെ പേരു മൂന്നു സഞ്ചി എന്നായിരുന്നു. ജോലിയുടെ ഭാഗമായി പല ഓഫീസുകളിലും ദിവസവും കയറേണ്ട അദ്ദേഹം, മൂന്നു സഞ്ചിയുമായി വീട്ടില്‍ നിന്നിറങ്ങും. ഇതില്‍ രണ്ടു സഞ്ചിയും പഴയ പത്രക്കടലാസ്സ്‌ ശേഖരിക്കാനാണ്‌. ഏത്‌ ഓഫീസില്‍ ചെന്നാലും ‘ഇന്നലത്തെ പത്രം വായിച്ചു കഴിഞ്ഞോ, ഒന്നു നോയ്‌ക്കോട്ടേ’? എന്നു ചോദിക്കും. അതു വാങ്ങി ചുരുട്ടി സഞ്ചിയിലിടും. അന്നു പഴയ പത്രക്കടലാസ്സിനു പോലും വിലയുണ്ടായിരുന്നു.

അങ്ങിനെ വിഷമിച്ചു നടക്കുമ്പോള്‍ എനിക്കു വേറൊരു മാര്‍ഗ്ഗം തുറന്നു കിട്ടി. നഗരഹൃദയത്തിലേക്കു കടക്കുന്നിടത്ത്‌ ഒരു വൈദ്യശാല ഉണ്ട്‌. മാസം രണ്ടു മൂന്നു തവണ എണ്ണയും മരുന്നുമൊക്കെ വാങ്ങേണ്ടി വരും. അന്നു പ്ലാസ്റ്റിക്‌ കുപ്പികളില്ല. നമ്മള്‍ കൊണ്ടു ചെല്ലുന്ന കുപ്പികളില്‍ എണ്ണ പകര്‍ന്നു തരും. ഞാന്‍ മര്യാദരാമനായി കുപ്പി കൊടുക്കും. പണവും കൊടുക്കും. ‘ധൃതിയില്ല, വച്ചാല്‍ മതി, തിരിച്ചു വരുമ്പോള്‍ കൊണ്ടു പൊക്കോളാം’. അങ്ങിനെ ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ കുപ്പിയുടെ കൂടെ ഒരു സഞ്ചി കൂടി വയ്‌ക്കാന്‍ അനുവാദമായി. പിന്നെപ്പിന്നെ കുപ്പിയില്ലെങ്കിലും സഞ്ചി സൂക്ഷിക്കാമെന്നായി. എന്തായാലും പില്‌ക്കാലത്ത്‌ ഒരു സൈക്കിള്‍ കിട്ടിയതോടെ സഞ്ചി പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി.

ഇന്നിപ്പോള്‍ കേരളത്തിലെ വലിയൊരു വിഭാഗം ആളുകളും ഇരുചക്രവാഹനങ്ങളിലോ, കാറുകളിലോ സഞ്ചരിക്കുന്നു. സ്ഥിരമായി ഒന്നോ രണ്ടോ ചാക്കു കൊണ്ടു നടക്കാന്‍ പോലും പ്രയാസമില്ല. എന്നാല്‍ സഞ്ചിയും, കുപ്പിയുമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ജനം ക്യാരി ബാഗ്‌ എന്ന ഒറ്റത്തവണ സഞ്ചിയിലേക്കു മാറിയിരിക്കുന്നു. പ്ലാസ്റ്റിക്കു കണ്ടു പിടിച്ചവന്‍ തന്നെയാണ്‌ സൂപ്പര്‍ മാര്‍ക്കറ്റും കണ്ടു പിടിച്ചതെന്നു തോന്നുന്നു. അവിടെ സര്‍വ്വ സാധനവും പ്ലാസ്റ്റിക്‌ കൂട്ടിലേ വരൂ. പ്ലാസ്റ്റിക്ക്‌ എങ്ങിനെ ഒഴിവാക്കാമെന്നാണ്‌ ചര്‍ച്ച മുഴുവന്‍. പുനരുപയോഗിക്കാവുന്ന സഞ്ചിയും കുപ്പിയുമൊക്കെയാണുത്തരമെന്നു കണ്ടെത്താന്‍ നമുക്കെത്ര കാലം വേണ്ടി വരും?


Subscribe to get notifications on new posts

Recent Articles

Comments
  1. Kumar Chellappan | Reply
  2. Rajeevan | Reply
  3. Colonel Isenhower | Reply

Leave a Reply

Your email address will not be published.