എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം

വെടിമരുന്ന്‌ കണ്ടു പിടിച്ച്‌ ലോകം ഒരു പരുവമാക്കിയ ചൈനാക്കാര്‍ അടുത്ത പത്തഞ്ഞൂറു കൊല്ലം അടങ്ങിയിരുന്നു. അതു കഴിഞ്ഞ്‌ അവര്‍ വച്ച അതിലും വലിയ വെടിയാണ്‌ ചെലവു കുറഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍. അതിനോട്‌ വാട്ട്‌സ്‌ ആപ്പ്‌ മെസഞ്ചര്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കള്ളു കുടിച്ച കുരങ്ങന്റെ പിന്‍ഭാഗത്ത്‌ തേളു കുത്തിയ അവസ്ഥയാകും. ഈയിടെ ഒരു പഴയ സ്‌നേഹിതന്‍ കാണാന്‍ വന്നു. ഭസ്‌മ ചന്ദനാദികളും, രുദ്രാക്ഷവും, കാവി വസ്‌ത്രവും, മേല്‍മുണ്ടും ഒക്കെയായി പതിനാറാം നൂറ്റാണ്ടിലെയോ മറ്റോ ഭക്തി പ്രസ്ഥാനത്തില്‍ നിന്ന്‌ നേരിട്ട്‌ ഇറക്കുമതി ചെയ്യപ്പെട്ട തങ്കം പോലൊരു മനുഷ്യന്‍. ആധുനിക ഭൗതിക വ്യാമോഹങ്ങളൊന്നും കയ്യിലില്ല. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാത്തു കൊണ്ടു ഞങ്ങള്‍ ‘ഉണ്ണുനീലി സന്ദേശ’ത്തെക്കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ നിലയ്‌ക്കാത്ത മണിയടി നാദം. സ്‌നേഹിതന്‍ ഇരുന്നു പരുങ്ങുന്നു. ശബ്ദം എവിടെ നിന്നാണെന്നൊരു പിടിയുമില്ല. ഇയാള്‍ ഇനി ‘സഞ്ചരിക്കുന്ന മന്ത്രവാദിയോ, പൂജാരിയോ ഒക്കെ ആയോ എന്നു ഞാന്‍ അന്തം വിട്ടിരിക്കുമ്പോള്‍ അദ്ദേഹം മടിക്കുത്തില്‍ നിന്ന്‌ ഒരു സ്‌മാര്‍ട്ട്‌ ഫോണ്‍ എടുത്തു മേല്‍ മുണ്ടു കൊണ്ടു പൊതിഞ്ഞു ശബ്ദം കുറച്ചു. ലേശം ജാള്യതയോടെ, അല്‌പം ശബ്ദം താഴ്‌ത്തി പറഞ്ഞു ‘വാട്ട്‌സ്‌ ആപ്പാണ്‌’.

സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങി, വാട്ട്‌സ്‌ ആപ്പ്‌ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇതെന്താപ്പാണ്‌ എന്നദ്ദേഹത്തിനു മനസ്സിലായിരുന്നില്ല. എന്നാല്‍ നമ്മള്‍ സാധാരണ മലയാളത്തില്‍ പറയുന്ന ആപ്പു തന്നെയാണെന്ന്‌ ഒരാഴ്‌ചയ്‌ക്കകം മനസ്സിലായി. അദ്ദേഹം ഇതു വാങ്ങുന്നതിനു വളരെ മുന്‍പു തന്നെ കുടുംബക്കാരില്‍ മഹാഭൂരിപക്ഷവും ‘ആപ്പൂ’രിയിരുന്നു. ആ കുരങ്ങന്മാര്‍ ഭൂഗോളത്തിന്റെ പല ചെരിവുകളിലായാണു താമസം. പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ ഉറക്കമുണരുന്നവര്‍ തൊട്ട്‌ നേരം വെളുത്തു തുടങ്ങിയ ശേഷം ഉറങ്ങാന്‍ കിടക്കുന്നവര്‍ വരെ പല ഇനങ്ങള്‍ ഉണ്ട്‌. അതിനും പുറമേ ചിലയിടത്ത്‌ സൂര്യനുദിക്കുമ്പോള്‍ മറ്റു ചിലയിടത്തു സൂര്യന്‍ അസ്‌തമിക്കുകയായിരിക്കും. ഇവര്‍ പരസ്‌പരമുള്ള വിനിമയത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയുടെ വിദേശ കടത്തെക്കാള്‍ വലിയ സംഖ്യ വരും. ‘ഗുഡ്‌മോര്‍ണിംഗ്‌ ചേട്ടാ’, ‘ചേച്ചീ, കുളിച്ചോ’, ‘കൊച്ചുമോന്‍ സ്‌കൂളില്‍ പോയോ’, ‘വൈകിട്ടു കഞ്ഞിയാണോ how sweet കൊതിയാവുന്നൂ,’ (പണ്ടു വൈകിട്ടത്തെ കഞ്ഞിയില്‍ പ്രതിഷേധിച്ചു നാടുവിട്ട വല്യമ്മാവന്റെ കൊച്ചു മകനാണ്‌ ഇപ്പോള്‍ കഞ്ഞി സ്വീറ്റാണെന്നു കണ്ടു പിടിച്ചിരിക്കുന്നത്‌) എല്ലാം കൂടി വലിയ ബഹളമാണ്‌. അതിനും പുറമെ അദ്ദേഹം ഒരു ഭക്തി ഗ്രൂപ്പിലും അംഗമായി. നാരായണ! നാരായണ! നിര്‍ഭാഗ്യവശാല്‍ വാട്ട്‌സ്‌ ആപ്പിന്റെ അറിയിപ്പു നിശ്ശബ്ദമാക്കുന്ന വിദ്യ ഇതുവരെ വശംവദമാക്കിയില്ല. ഇപ്പോള്‍ അലാം ടൈംപീസു വിഴുങ്ങിയ അവസ്ഥയിലാണ്‌. പോകുന്ന വഴിക്കെല്ലാം മണി അടിച്ചു കൊണ്ടിരിക്കുന്നു.

ഇങ്ങിനെ നിലയ്‌ക്കാത്ത മണി നാദവുമായി ഒഴുകി നടക്കുന്ന മനുഷ്യരെ തുടര്‍ച്ചയായി കണ്ടപ്പോള്‍ സ്വന്തമായി ഗ്രൂപ്പില്ലാത്ത ഞാന്‍ ഒരു മനുഷ്യനാണോ എന്ന്‌ എനിക്കും സംശയം തുടങ്ങി. ഭാഗ്യത്തിന്‌ അതു വിഷാദ രോഗമായി വികസിക്കുന്നതിനു മുന്‍പു തന്നെ എന്റെ കുടുംബത്തിലെ ഇളയ തലമുറ ഒരു ഗ്രൂപ്പുമായി രംഗത്തു വന്നു. ചെറിയ ഗ്രൂപ്പാണ്‌. സാരമില്ല. എല്ലാരും നെല്ലുണക്കുമ്പോള്‍ കുരങ്ങന്‍ വാലെങ്കിലുമുണക്കണ്ടേ ? ഞാനും ഗ്രൂപ്പില്‍ ചേര്‍ന്നു. പക്ഷെ രണ്ടു മൂന്നാഴ്‌ച കൊണ്ടു ഗ്രൂപ്പു പെറ്റു പെരുകി പടര്‍ന്നു പന്തലിച്ചു അന്റാര്‍ട്ടിക്കാ ജംഗ്‌ഷനില്‍ നിന്ന്‌ ഒരു വാട്ട്‌സ്‌ ആപ്പ്‌ സന്ദേശം വന്നപ്പോഴാണ്‌ കുടുംബം വളര്‍ന്ന്‌ എസ്‌കിമോകളിലേക്കു വരെ വ്യാപിച്ചു എന്നറിയുന്നത്‌. വളരെ സന്തോഷമായി.

എല്ലാ ഗ്രൂപ്പുകളും, കൂട്ടായ്‌മകളും അടിസ്ഥാനപരമായി അധികാരത്തോടുള്ള വെല്ലുവിളി തന്നെയാണ്‌. മക്കളുടെ ഗ്രൂപ്പാണെങ്കില്‍ ബാപ്പാന്റെ താടിയ്‌ക്കു പിടിക്കും. എന്നു പറഞ്ഞാല്‍ അച്ഛനമ്മമാരുടെ ഗുണദോഷ വിചാരണ നടത്തിക്കളയും. ഇവിടെ കൊച്ചുമക്കളുടെയും, അവരുടെ മക്കളുടെയും ഗ്രൂപ്പാണ്‌. അതു കൊണ്ട്‌ ആദ്യം കൈ വച്ചത്‌ അമ്മൂമ്മയെ ആണ്‌. ഇനി കഥ മുന്നോട്ടു പോകണമെങ്കില്‍ അഞ്ചെട്ടുകൊല്ലം മുന്‍പ്‌ 95 -ാം വയസ്സില്‍ നിര്യാതയായ അമ്മൂമ്മയുടെ ഒരു ഏകദേശ ചിത്രം വരയ്‌ക്കണം.

അമ്മൂമ്മയ്‌ക്കു ഞങ്ങള്‍ ‘അമ്മൂമ്മേ’ എന്നു വിളിക്കുന്നതില്‍ അത്ര താത്‌പര്യമില്ലായിരുന്നു. ‘വല്യമ്മച്ചീ’ എന്നു വിളിക്കുന്നതാണിഷ്ടം. ആരെങ്കിലും അമ്മൂമ്മേ എന്നു വിളിച്ചാല്‍ ഉടന്‍ സൗമ്യമായി തിരുത്തും. ‘എന്നെയീ പിള്ളേരൊക്കെ വല്യമ്മച്ചീന്നാ വിളിക്കുന്നത്‌’. വല്യമ്മച്ചി ഏഴാം ക്ലാസ്സു പാസ്സായതേ ഉള്ളൂ എന്ന്‌ ഞങ്ങള്‍ പറയും. പക്ഷെ വല്യമ്മച്ചിയുടെ കാലത്ത്‌ ‘അവള്‍ ഏഴാം ക്ലാസ്സ്‌’ പാസ്സായവളാണ്‌ എന്നാണു ജനം പറഞ്ഞിരുന്നത്‌. അന്ന്‌ അത്‌ ഇമ്മിണി ബല്യ പഠിത്തമാണ്‌. അധ്യാപികയായി ജോലി കിട്ടാന്‍ അതുമതി. പക്ഷെ കല്യാണം കഴിപ്പിച്ചാല്‍ മതിയെന്നു വീട്ടുകാരും, ജോലിക്കു പോവേണ്ടെന്നു ഭര്‍ത്താവും തീരുമാനിച്ചു. ഭര്‍ത്താവിന്റെ അനിയന്‍ അദ്ദേഹത്തിന്റെ ഏഴാം ക്ലാസ്സുകാരി ഭാര്യയെ ജോലിക്കയച്ചു. അവര്‍ യു.പി.സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സായാണ്‌ വിരമിച്ചത്‌. ജോലിക്കു പോകാന്‍ പറ്റാഞ്ഞതായിരുന്നു വല്യമ്മച്ചിയുടെ സ്വകാര്യ ദു:ഖം. കാണുന്ന സര്‍വ്വ പത്രമാസികകളും, പുസ്‌തകങ്ങളും വായിച്ചും റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ മുതല്‍ റോഡു ടാറിടാനുള്ള നിവേദനം വരെ കയ്യില്‍ കിട്ടുന്ന കടലാസ്സിലെല്ലാം ഇംഗ്ലീഷില്‍ പേരെഴുതി ഒപ്പിട്ടും വല്യമ്മച്ചി വിഷമം തീര്‍ത്തിരുന്നു.

കാര്യം മുഴുവന്‍ സമയവും വീടുപണിയും അടുക്കളക്കാര്യങ്ങളും പശുവിനെ വളര്‍ത്തലുമൊക്കെ ആയിരുന്നെങ്കിലും ദേശീയ – അന്തര്‍ദ്ദേശീയ വിഷയങ്ങളില്‍ എപ്പോഴും വല്യമ്മച്ചിയുടെ ഒരു മേല്‍നോട്ടമുണ്ടായിരുന്നു. വല്യമ്മച്ചി അറിയാതെ സൂയസ്‌ കനാല്‍ അടയ്‌ക്കാനോ, ബര്‍ലിന്‍ മതില്‍ തുറക്കാനോ പറ്റില്ല. വാര്‍ത്തകള്‍ വായിക്കുന്നതിനൊപ്പം കമന്‍റും ഉണ്ടാവും. പകുതിയിലധികം വാര്‍ത്തകള്‍ക്കും കമന്റ്‌ ഒന്നു തന്നെയായിരിക്കും. ‘കഴുവേര്‍ട മോന്മാുടെ കാലേപിടിച്ചു കുത്താന്‍ ഇവിടെങ്ങും ആരുമില്ലേ?’

വല്യമ്മച്ചിയുടെ പൊതുവിജ്ഞാനം കൊണ്ട്‌ എനിക്ക്‌ ഒരു ചെറിയ പ്രയോജനമുണ്ടായി. കുടുംബ സുഹൃത്തും, അകന്ന ബന്ധുവുമായ എന്റെ ഭാര്യ ഞങ്ങളുടെ വിവാഹത്തിനു കുറച്ചു കാലം മുന്‍പ്‌ വീട്ടിലെത്തി. വിദ്യാര്‍ത്ഥിനി ആയിരുന്ന അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബ്രിട്ടനില്‍ എന്തൊക്കെയോ പരിപാടികളില്‍ പങ്കെടുത്ത്‌ തിരിച്ചു വന്നയിടയാണ്‌. പരിചയപ്പെട്ട പാടെ വല്യമ്മച്ചിയുടെ ആദ്യ വെടി ചെന്നു, ‘കോമണ്‍വെത്ത്‌ ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാത്തതിനെക്കുറിച്ച്‌ അവിടെയുള്ളവരുടെ അഭിപ്രായം എന്താണ്‌?’ പാവം ഭാവി ഭാര്യ പേടിച്ചു പോയി. കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാറുണ്ടെന്ന കാര്യം തന്നെ അദ്ദേഹം അപ്പോഴാണറിയുന്നത്‌. തല കറങ്ങിപ്പോയ അയാള്‍ പിന്നെ കണ്ടത്‌ എന്നെയാണ്‌. അമ്മൂമ്മ അപ്‌റ്റു ഡേറ്റാണല്ലോ എന്നയാള്‍ അല്‌പം അസൂയയോടെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പരമ്പരാഗതമായി തന്നെ ബുദ്ധിജീവികളാണെന്നു ഞാനും താങ്ങി.

തീര്‍ന്നില്ല. അക്കാലത്ത്‌ എന്റെ മേശയുടെ അരികില്‍ ഒരു ബുള്‍വര്‍ക്കര്‍ ചാരി വച്ചിരുന്നു. അമ്മാവന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉപേക്ഷിച്ചു പോയതാണ്‌. മുറിയുടെ ചുവരിന്റെ മുകളിലത്തെ മൂലയില്‍ അന്നു വേട്ടാവെളിയന്‍ ഇടയ്‌ക്കിടെ കൂടു വയ്‌ക്കും. ഞാന്‍ നോക്കിയപ്പോള്‍ ബുള്‍വര്‍ക്കര്‍ പറ്റിയ ആയുധമാണ്‌. മുളന്തോട്ടിയോ, വേലിപ്പത്തലോ മുറിയുടെ മൂലയില്‍ ചാരി വയ്‌ക്കുന്നതു പോലല്ല. കണ്ടാല്‍ ഒരു മെനയൊക്കെയുണ്ട്‌. അതു കൊണ്ട്‌ വന്ന്‌ എന്റെ മുറിയില്‍ വച്ചു. എത്തിക്കുത്തി നിന്ന്‌ ബുള്‍വര്‍ക്കര്‍ കൊണ്ട്‌ ഒരിടി കൊടുത്താല്‍ വേട്ടാവെളിയനും കൂടും ചമ്മന്തിയാവും. കുറെ നാളത്തേക്കു പിന്നെ ശല്യമില്ല. പാവം ഭാവി ഭാര്യ വിചാരിച്ചത്‌ ഹോമിയോ മരുന്നു കഴിക്കുന്നതു പോലെ ഈരണ്ടു മണിക്കൂര്‍ ഇടവിട്ടു വ്യായാമം ചെയ്യുന്ന ഒരു മനോരോഗിയാണു ഞാനെന്നാണ്‌. വല്യമ്മച്ചിയും, ഞാനും ചേര്‍ന്ന്‌ നടത്തിയ പ്രതിച്ഛായാ നാടകത്തില്‍ കാലുതെറ്റി കല്യാണത്തില്‍ വീണതാണെന്ന ആരോപണം 25 വര്‍ഷം കഴിഞ്ഞിട്ടും നിലനില്‍ക്കുന്നു. സാഹചര്യത്തെളിവുകള്‍ തെറ്റായി വ്യാഖ്യാനിച്ചതിനു നമ്മളെന്തു ചെയ്യാനാണ്‌ ?

തൊണ്ണൂറ്റഞ്ചാം വയസ്സില്‍ വല്യമ്മച്ചി മരിക്കുന്നതിന്‌ ഒരു പതിനഞ്ചു ദിവസം മുന്‍പ്‌ ഞാനും ഭാര്യയും കാണാന്‍ ചെന്നു. വല്യമ്മച്ചി ലേശം അവശയാണ്‌. ഒരു ചുമയുണ്ട്‌. അധികം സംസാരിക്കാന്‍ വയ്യ. അപ്പോള്‍ കിട്ടുന്നു എനിക്ക്‌ എസ്‌.എം.എസ്സിലൂടെ ഒരു വാര്‍ത്ത. വി. എസി. നെയും പിണറായിയെയും പോളിറ്റ്‌ ബ്യൂറോയില്‍ നിന്നു സസ്‌പെന്‍ഡു ചെയ്‌തിരിക്കുന്നു. കേട്ടപാടെ അമ്മൂമ്മ പോളിറ്റ്‌ ബ്യൂറോ, അച്ചടക്കം, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഒക്കെ പറഞ്ഞു തുടങ്ങി. ഇതിലെന്താ ഇത്ര ആനക്കാര്യം എന്നു നിങ്ങളില്‍ ചിലരെങ്കിലും ചോദിച്ചേക്കാം. ഇതിനു കൃത്യം ഒരാഴ്‌ച മുന്‍പു മാത്രമാണ്‌ ഒരു പൊളിറ്റിക്കല്‍ സയന്‍സ്‌ എം. ഫില്‍. ബിരുദധാരിണി എന്നോട്‌ മാര്‍ക്‌സിസ്‌റ്റു പാര്‍ട്ടിയുടെ പ്രസിഡന്റ്‌ ആരാണെന്നു ചോദിച്ചു കളഞ്ഞത്‌ ! ഇത്രയും പൊളിറ്റിക്‌സ്‌ പഠിച്ചിട്ടും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു പ്രസിഡണ്ടുണ്ടാവില്ല എന്നവര്‍ അറിഞ്ഞില്ല. ഇടയ്‌ക്കൊരു കാര്യം പറയട്ടെ വല്യമ്മച്ചിയ്‌ക്കു രാഷ്ട്രീയ പാര്‍ട്ടിയൊന്നുമില്ലായിരുന്നു. പക്ഷെ ഉറച്ച നിലപാടുകളുണ്ടായിരുന്നു. ചില വിഷയങ്ങളില്‍ കമ്മ്യൂണിസ്റ്റ,്‌ ചില വിഷയത്തില്‍ കോണ്‍ഗ്രസ്സ്‌, പിന്നെ ചിലപ്പോള്‍ കടുത്ത പുരോഗമനവാദി നായര്‍, മറ്റു ചിലപ്പോള്‍ തനി മൂരാച്ചി നായരും!.

വാട്ട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലെ ചര്‍ച്ച കറങ്ങിത്തിരിഞ്ഞ്‌ ഈ വല്യമ്മച്ചിയെക്കുറിച്ചായി. വല്യമ്മച്ചി ഒരു യാഥാസ്ഥിതിക ആയിരുന്നോ അല്ലയോ ? തുടങ്ങി വച്ചത്‌ എന്റെ ഒരു കുഞ്ഞനിയനാണ്‌. അവന്റെ ഏറ്റവുമടുത്ത സ്‌നേഹിതന്‍ മറ്റൊരു സമുദായക്കാരനാണ്‌. അയാളുടെ വീട്ടില്‍ പോയി മൂക്കറ്റം ശാപ്പാടടിച്ചു വന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന അനിയനോട്‌ വല്യമ്മച്ചി പോയി കുളിച്ചിട്ടു വാടാ എന്നു പറഞ്ഞതിന്റെ കലി അവന്‌ ഇപ്പോഴും മാറിയിട്ടില്ല.

എനിക്ക്‌ വല്യമ്മച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു നാല്‌പത്തഞ്ച്‌ – അന്‍പതു വര്‍ഷം മുന്‍പുള്ളതാണ്‌. അതിനും ഒരു നാല്‌പത്തഞ്ച്‌ – അന്‍പതു വര്‍ഷം മുന്‍പായിരുന്നു വല്യമ്മച്ചിയുടെ ബാല്യവും യൗവ്വനവുമൊക്കെ. 1930 – കള്‍ തൊട്ടു കേരളത്തില്‍ വീശിയടിക്കുന്ന മാറ്റത്തിന്റെ കാറ്റ്‌ വല്യമ്മച്ചിയെയും തഴുകിപ്പോയിട്ടുണ്ട്‌. പക്ഷെ ഇല്ലത്തു നിന്നു പോന്നു, അമ്മാത്തൊട്ടെത്തിയുമില്ല എന്നു പറഞ്ഞ സ്ഥിതിയാണ്‌.
ആചാരങ്ങളും അനുഷ്‌ഠാനങ്ങളുമൊക്കെ കൃത്യമായി പാലിച്ചു പോന്നിരുന്ന വല്യമ്മച്ചി എല്ലാ മാസവും ഏകാദശി വ്രതം നോല്‌ക്കുമായിരുന്നു. വ്രതങ്ങള്‍ നോല്‌ക്കുമ്പോള്‍ ചോറ്‌ കഴിക്കരുതെന്നോ, ഒരു നേരമേ കഴിക്കാവുള്ളെന്നോ ഒക്കെ നിബന്ധനകളുണ്ട്‌. എന്തായാലും വ്രതസമയത്തു പാചകത്തിനായി വല്യമ്മച്ചിയ്‌ക്കു വേറൊരു അടുക്കള ഉണ്ട്‌. ചാണകം മെഴുകി വൃത്തിയാക്കിയിട്ടിരിക്കും. വ്രതം ഇല്ലാത്തപ്പോള്‍ അത്‌ അരി ഇടിക്കാനും പൊടിക്കാനും ഒക്കെയുള്ള സ്ഥലമാണ്‌. വ്രതം നോക്കുമ്പോള്‍ കുട്ടികള്‍ പോലും കുളിക്കാതെ അവിടെ കയറാന്‍ പാടില്ല. ഞങ്ങള്‍ക്കതില്‍ വിരോധമില്ല. വല്യമ്മച്ചിയ്‌ക്കു മുന്‍പേ ഞങ്ങള്‍ കുളിച്ചിട്ടു ചെല്ലും. കാരണം അവിടെ ഉണ്ടാക്കുന്ന പലഹാരത്തിന്റെ പങ്കു പറ്റുകയാണു നമ്മുടെ ലക്ഷ്യം.

ഇത്ര നിഷ്‌ക്കര്‍ഷയോടെ ആചരിക്കുന്ന ഏകാദശി വ്രതം ആണ്ടില്‍ രണ്ടു മാസം വല്യമ്മച്ചി വേണ്ടെന്നു വയ്‌ക്കും. ഇടവപ്പാതിയ്‌ക്കും, തുലാവര്‍ഷത്തിനും. വല്യമ്മച്ചിയുടെ വീടു കഴിഞ്ഞാല്‍ പിന്നെ വയല്‍ നികത്തിയ ഒരു പ്രദേശമാണ്‌. അതു കഴിഞ്ഞാല്‍ പിന്നെ നദിയാണ്‌. നദീ തീരത്തു താമസിക്കുന്ന ദളിതരും, മറ്റു സമുദായക്കാരുമൊക്കെ വെള്ളപ്പൊക്കകാലത്ത്‌ അടുത്തുള്ള വീടുകളില്‍ ചേക്കേറും. വല്യമ്മച്ചി പരമ പവിത്രമായി സൂക്ഷിക്കുന്ന, ഏകാദശി ചായിപ്പ്‌ അവര്‍ക്കു വിട്ടുകൊടുക്കും. ഇത്‌ വല്യമ്മച്ചി മാത്രമല്ല, അടുത്തുള്ള പല വീട്ടുകാരും ചെയ്യുന്നതാണ്‌. ഒരു ചായ്‌പ്പിലോ, വരാന്തയിലോ ഒക്കെയായി ചട്ടി, കുട്ട, കലം, ആട്‌, കോഴി തുടങ്ങിയ പരാധീനതകളെല്ലാമായി വെള്ളമിറങ്ങുന്നതു വരെ ആളുകള്‍ താമസിക്കും. അപ്പോള്‍ ആര്‍ക്കും ജാതിയും മതവും ഒന്നും വിഷയമല്ല.

വെള്ളപ്പൊക്കക്കാലത്ത്‌ വല്യമ്മച്ചിയ്‌ക്ക്‌ ഒറ്റ നിര്‍ദ്ദേശമേ ഉള്ളൂ. അതു ഞങ്ങള്‍ കുട്ടികളോടാണ്‌. ‘അവരു വല്ലോം ഉണ്ടാക്കുമ്പോള്‍ അവിടെപ്പോയി അവരുടെ വായില്‍ നോക്കി നിക്കരുത്‌. അതിന്റെയൊന്നും പങ്കുമേടിച്ചു കഴിക്കരുത്‌.’ ഒരു ദിവസം ഏകാദശി ചായിപ്പില്‍ നിന്നു നല്ല മണം വരുന്നു. ഞാന്‍ അതിനു ചുറ്റും മണം പിടിച്ചു നടക്കാന്‍ തുടങ്ങി. അപ്പോള്‍ അകത്തു നിന്ന്‌ അടക്കിപ്പിടിച്ചുള്ള ശബ്ദവും മുക്കലും മൂളലുമൊക്കെ കേള്‍ക്കാം. ഞാന്‍ രണ്ടു കല്‌പിച്ചു തലയകത്തിട്ടു നോക്കി. എന്റെ ഒരനിയന്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകി വരുന്ന ഗൃഹനായികയുടെ മടിയിലിരുന്ന്‌ എന്തോ രുചിയുള്ള സാധനം ശബ്ദമുണ്ടാക്കാതെ കഴിക്കുകയാണ്‌. അതിബുദ്ധിമാനായ അവന്‍ എന്നെ നോക്കി വിശാലമായി ഒന്നു ചിരിച്ചു. പിന്നെ കയ്യിലിരുന്ന സാധനത്തിന്റെ കഷണം എനിക്കും നീട്ടി. അമ്പട കള്ളാ… എന്റെ സര്‍വ്വാംഗം വിറച്ചു. വയറു നിറഞ്ഞു കഴിഞ്ഞപ്പോള്‍ ബാക്കിയുള്ളത്‌ എനിക്കു തരുന്നു. ഞാന്‍ വല്യമ്മച്ചിയെ വിളിക്കാനോടി. ‘മോനേ, ഇതു കഴിച്ചിട്ടു പോ’ എന്നു പറഞ്ഞു രണ്ടാം പ്രതി എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷെ ഞാന്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങുന്ന ടൈപ്പല്ല. വല്യമ്മച്ചിയെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി നല്ലൊരു ചുള്ളിക്കമ്പും തപ്പിയെടുത്തു കൊടുത്തിട്ടാണ്‌ ഞാന്‍ കാര്യം പറഞ്ഞത്‌.

‘അവന്‍ കൊച്ചല്ലേ, നീയിതാരോടും പറയേണ്ട’ എന്നു പറഞ്ഞ്‌ വല്യമ്മച്ചി ഞാന്‍ കൊടുത്ത വടി അടുപ്പിലേക്കു വച്ചു. അതിലെ സ്വാഭാവികതയും, അഭിനയ ചാതുരിയും കണ്ടാല്‍ ഞാന്‍ കമ്പ്‌ അടുപ്പില്‍ വെയ്‌ക്കാന്‍ കൊണ്ടു വന്നതാണെന്നേ കാഴ്‌ചക്കാര്‍ പറയൂ.

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല. അവനു മൂന്നു വയസ്സാണെങ്കില്‍ എനിക്ക്‌ ആറു വയസ്സേ ഉള്ളൂ. ഞാന്‍ പറഞ്ഞു, ‘എന്നാപ്പിന്നെ എനിക്കും കിട്ടണം’. ചെറിയ ഒരു യുദ്ധത്തിനു ശേഷം അതിലും ചെറിയ ഒരു വ്യവസ്ഥയില്‍ വല്യമ്മച്ചി സമ്മതിച്ചു. ‘കഴിച്ചോ, പക്ഷെ ആ പെണ്ണുങ്ങളോടു പറയണ്ട. അതുങ്ങള്‍ വല്ല വീട്ടിലും പോയി കഴിയേണ്ടതല്ലേ, ശുദ്ധോം വൃത്തീം ഒക്കെ വേണ്ടേ ?’ ഈ പെണ്ണുങ്ങള്‍ ഞങ്ങളുടെ സഹോദരിമാരാണ്‌. അഞ്ചും എട്ടും വയസ്സുള്ള പിള്ളേര്‍. അവര്‍ വിടുമോ ? പാരമ്പര്യമായി കിട്ടിയ മൂക്കും നാക്കുമൊക്കെ അവര്‍ക്കുമുണ്ടല്ലോ. അവരും മണം പിടിച്ചെത്തി. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ വെള്ളപ്പൊക്കവും ഞങ്ങള്‍ക്കാഘോഷമായി മാറി. അരപ്പട്ടിണിക്കാരായ ആ കുടുംബം മുക്കാല്‍ പട്ടിണിയാവുന്ന കാര്യം അവര്‍ ഞങ്ങളെ അറിയിച്ചില്ല, അറിയാനുള്ള പ്രായം ഞങ്ങള്‍ക്കൊട്ടായിരുന്നുമില്ല. പാവം വല്യമ്മച്ചി വെള്ളപ്പൊക്കം കഴിഞ്ഞാലുടന്‍ ചായിപ്പിന്റെ തറമുഴുവന്‍ ചാണകം മെഴുകി ശുദ്ധിയാക്കി സ്വയം തണുപ്പിച്ചു പോന്നു. താനും ഒരു ഉന്നതകുലജാതയാണെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തുകയെന്നതിനപ്പുറമുള്ള ജാതിചിന്തയൊന്നും വല്യമ്മച്ചിയ്‌ക്കു ണ്ടായിരുന്നതായി തോന്നുന്നില്ല.

വല്യമ്മച്ചിയുടെ അയഞ്ഞ സമീപനത്തിന്‌ ഒരു പ്രധാന കാരണം, വല്യമ്മച്ചിയുടെ സഹോദരനും, വല്യമ്മച്ചിയുടെ മകനും ആയിരുന്നു. സഹോദരന്‍ കോണ്‍ഗ്രസ്സുകാരനും, ഹിന്ദി പ്രചാരകനും ആയിരുന്നു. ഹിന്ദി പഠനത്തില്‍ അന്നുണ്ടായിരുന്ന വലിയ പരീക്ഷകളൊക്കെ പാസ്സായി. പക്ഷെ കോണ്‍ഗ്രസ്സുകാരനായതു കൊണ്ട്‌ സ്വാതന്ത്ര്യ സമരകാലത്തു ജോലി കിട്ടിയില്ല. സ്വാതന്ത്ര്യം കിട്ടിയപ്പോഴേക്കും അദ്ദേഹം കമ്യൂണിസ്‌റ്റുകാരനായി. അപ്പോള്‍ അതു കൊണ്ടു ജോലി കിട്ടാതായി. ഒടുവില്‍ ഉപജീവനാര്‍ത്ഥം ബസ്‌ ഡ്രൈവറായി. വല്യമ്മച്ചിയുടെ മകനാവട്ടെ അടിയന്തിരാവസ്ഥക്കാലത്തു ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനം നടത്തി ജോലിയില്‍ നിന്നു പുറത്തായി. മൂപ്പര്‍ പിന്നെ പൊങ്ങുന്നതു ഗള്‍ഫിലാണ്‌. ഇവരുടെ സന്തത സഹചാരികള്‍ പലരും പരമ്പരാഗതജാതി ശ്രേണിയുടെ താഴെനിന്നു വന്നവരായിരുന്നതിനാലാവാം വല്യമ്മച്ചിയുടെ ജാതി ബോധം തൊലിപ്പുറമെ മാത്രമാണ്‌ നിന്നിരുന്നത്‌. അതിനും പുറമെ ജാതിയിലും, മതത്തിലുമൊക്കെ ഉപരിയായി മനുഷ്യരെ കാണണം എന്ന്‌ ആളുകള്‍ വിശ്വസിച്ചു തുടങ്ങിയിരുന്ന ഒരു കാലഘട്ടത്തിലാണ്‌ വല്യമ്മച്ചിയുടെ ജീവിതത്തിന്റെ മധ്യഭാഗം. വളരെ ചെറിയകുട്ടിയായിരുന്ന സമയത്ത്‌ അമ്മാവന്റെ സുഹൃത്തുക്കള്‍ക്കു വല്യമ്മച്ചി ചായയുമായി പോകുമ്പോള്‍ ഞാനും കാഴ്‌ച കാണാന്‍ പുറകെ പോകുമായിരുന്നു. ചായ കൊടുക്കുന്ന കൂട്ടത്തില്‍ വല്യമ്മച്ചി മധുരമായി അതിഥിയോടു പറയും, ‘എടാ മോനേ, ചായകുടിച്ചിട്ടു നീ അതൊന്നു കഴുകി അവിടെ കമഴ്‌ത്തി വെച്ചേരെ.’ അപ്പോള്‍ അമ്മാവന്‍ ചാടി വീഴും, ‘ നീ അവിടെ വച്ചേക്ക്‌, ഞാന്‍ കഴുകിക്കോളാം.’ വീരശൂര പരാക്രമികളായ നാലു പെണ്‍മക്കള്‍ക്കു ശേഷം ആറ്റുനോറ്റുണ്ടായ ആണ്‍തരി പാത്രം കഴുകുന്നത്‌ ആലോചിക്കാന്‍ പോലും വല്യമ്മച്ചിയ്‌ക്കു പറ്റില്ല. പാത്രം വല്യമ്മച്ചി തന്നെ എടുത്തു കൊണ്ടു പോരും. തന്നത്താന്‍ കഴുകി വയ്‌ക്കും. കാലക്രമേണ വല്യമ്മച്ചിയുടെ എതിര്‍പ്പുകളും അലിഞ്ഞില്ലാതായി.

ഏറ്റവും ഒടുവില്‍ ഞങ്ങളെ അമ്പരപ്പിച്ച ഒരു സംഭവമുണ്ടായി. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ആരാധനാലയങ്ങളില്‍ നിന്നും, മംഗളകരമായ ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുക ആയിരുന്നല്ലോ ആചാരം. പ്രത്യേകിച്ചും ചടങ്ങു വീട്ടിലോ, അമ്പലത്തിലോ ആണു നടക്കുന്നതെങ്കില്‍. അങ്ങിനെ ഏതോ വളരെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന കല്യാണത്തിനു പോവാന്‍ പറ്റിയില്ലെന്നു പറഞ്ഞു കരയുന്ന ഒരു പെണ്‍കുട്ടിയെ വല്യമ്മച്ചി ഉപദേശിച്ചു കളഞ്ഞു. ‘നീയിതൊക്കെ വിളിച്ചു കൂവുന്നതെന്തിനാ ? മിണ്ടാതെ പോയി കല്യാണം കൂടിയിട്ടു വന്നാല്‍ പേരെ?’ ആഴത്തിലുള്ള വായനയും, സാമൂഹ്യമാറ്റങ്ങളുടെ നിരീക്ഷണവുമെല്ലാം കാലത്തിനൊപ്പം പറക്കാനെങ്കിലും വല്യമ്മച്ചിയെ സഹായിച്ചു.

പക്ഷെ വല്യമ്മച്ചി പറയുന്ന കഥകളില്‍ ഇടയ്‌ക്കിടെ ജാതിയും മതവും അതിന്റെ ഭീകരതയുമൊക്കെ കടന്നു വരുമായിരുന്നു. എത്ര ക്രൂരമായ ഒരു കാലം ഉണ്ടായിരുന്നു എന്നു ഞങ്ങള്‍ക്കു പറഞ്ഞു തരുന്നതാണ്‌. ഒരു കഥ ഇതാണ്‌. വല്യമ്മച്ചിയുടെ ചെറുപ്പത്തിലോ മറ്റോ ഒരു നമ്പൂതിരി സ്‌ത്രീ അമ്പലത്തില്‍ പോയി മടങ്ങി വരികയായിരുന്നു. ഒരു മറക്കുടയും ചൂടി രണ്ടു തോഴിമാരുമായാണ്‌ വരുന്നത്‌. താണ ജാതിക്കാര്‍ മാറിപ്പോവാന്‍ വിളിച്ചു പറഞ്ഞു വേറെയും ആള്‍ കൂടെയുണ്ട്‌. പട്ടിണിക്കാരനായ ഏതോ ദളിത്‌ ബാലന്‍ കാട്ടുവഴിയിലെവിടെയോ നിന്ന ഒരു നാരകത്തില്‍ കയറി ഇരുന്നു നാരങ്ങ പറിച്ചു തിന്നുകയായിരുന്നു. അവന്‍ അറിയാതെ തുപ്പിയ കുരു വീണത്‌ ഓലക്കുടയിലാണ്‌. അതോടെ നമ്പൂതിരി സ്‌ത്രീ ജാതിയ്‌്‌ക്കു പുറത്തായി. ശിക്ഷ ലളിതമായിരുന്നു. ‘ആ കുട്ടിയെ തെങ്ങില്‍ കെട്ടിയിട്ടു തല്ലിക്കൊന്നു’. നമ്പൂതിരി സ്‌ത്രീയെ പടിയടച്ചു പിണ്ഡം വച്ചു. എന്നു പറഞ്ഞാല്‍ അവരെ ഒറ്റയ്‌ക്കു വഴിയിലേക്കിറക്കി വിട്ട്‌ കതകടച്ച്‌ മരണാനന്തര ചടങ്ങുകളും നടത്തി. അവരെ ആരെങ്കിലും പിടിച്ചു കൊണ്ടു പോയിക്കാണും. അല്ലെങ്കില്‍ കൂട്ടിക്കൊണ്ടു പോയിക്കാണും. അത്ര കടുത്ത നിലയില്‍ പത്തു നൂറു വര്‍ഷം മുന്‍പു വരെ ജാതി നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു കേരളം. ഇത്തരം നൂറു കഥകള്‍ പറയുന്ന വല്യമ്മച്ചിയും, അയല്‍വാസികളും തലയ്‌ക്കു മീതേ ഇടവപ്പാതിയും തുലാവര്‍ഷവും വരുമ്പോള്‍ ജാതിയ്‌ക്കും, മതത്തിനും നേരെ കണ്ണടയ്‌ക്കുന്നതു സ്വാഭാവികം.

ഇന്ന്‌ ജാതി മതാടിസ്ഥാനത്തില്‍ മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്തുന്നതില്‍ നിന്ന്‌ ഒട്ടുമുക്കാലും മുക്തമായ സംസ്ഥാനമാണ്‌ കേരളമെന്നു ധൈര്യമായി പറയാം. അത്‌ ഒരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല. ഒരു പാടാളുകളുടെ കൂട്ടായ പ്രവര്‍ത്തനം, വിദ്യാഭ്യാസപരവും, സാമൂഹ്യവുമായ മുന്നേറ്റം ഒക്കെ കൊണ്ടു സംഭവിച്ചതാണ്‌. വൈക്കം സത്യാഗ്രഹത്തിലോ മറ്റോ പങ്കെടുത്ത സവര്‍ണ്ണ ഹിന്ദുക്കളെപ്പോലും മര്‍ദ്ദിച്ച്‌ അവശരാക്കി കണ്ണില്‍ മുളകുടച്ചു കാഴ്‌ച നഷ്ടപ്പെടുത്തിയത്‌ നമ്മള്‍ വായിച്ചിറിഞ്ഞിട്ടുണ്ട്‌. അപ്പോള്‍ പിന്നെ അവര്‍ണ്ണ ഹിന്ദുവിന്റെ എഴുതപ്പെടാത്ത ചരിത്രം എന്തായിരിക്കും?

ഏതെങ്കിലും ഒരു സമുദായക്കാരന്‍ മറ്റുള്ളവെരക്കാള്‍ മുന്‍പിലാണെന്നോ പുറകിലാണെന്നോ ഇന്നു കേരളത്തില്‍ ആരും കരുതുന്നില്ല. ഉണ്ടെങ്കില്‍ അതു മലയാള സിനിമയിലെ സൂപ്പര്‍ ഗുണ്ടകളും, അവരുടെ സ്രഷ്ടാക്കളും മാത്രമായിരിക്കും. എന്നാല്‍ ജാതി പറഞ്ഞു പച്ചയ്‌ക്കു വിലപേശുന്ന സംഘടനകളും, നേതാക്കളും, കൂടിക്കൂടി വരികയാണ്‌. സമുദായ നേതാക്കളും, മക്കളുമൊക്കെ രാജാക്കന്മാരും, യുവരാജാക്കന്മാരുമായി സ്വയം അവരോധിക്കുന്നു. സ്‌കൂളിലും, കോളേജിലും, രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പോലും പാടില്ലെന്നു പറയുന്ന പുരോഹിതര്‍ ബാലറ്റു പെട്ടിക്കു മുകളില്‍ കയറി നിന്ന്‌ അവനെ സ്ഥാനാര്‍ത്ഥിയാക്ക്‌, ഇവനെ സ്ഥാര്‍ത്ഥിയാക്ക്‌ എന്നു ഗര്‍ജ്ജിക്കുന്നു.

ഇതിനിടയിലാണ്‌ നമ്മളെ ഞെട്ടിപ്പിക്കണ്ട ഒരു വാര്‍ത്ത ശമ്പളകമ്മീഷന്‍ പുറത്തു വിട്ടത്‌. കേരളത്തില്‍ കുട്ടികളില്ലാത്ത സ്‌കൂളുകളിലെ അനാവശ്യമായ അധ്യാപക തസ്‌തികകള്‍ക്കു ശമ്പളം കൊടുക്കാനായി സര്‍ക്കാര്‍ പ്രതിവര്‍ഷം 1500 കോടി രൂപ ചെലവാക്കുന്നു. ഇത്തരത്തിലുള്ള നാല്‍പതിനായിരം തസ്‌തികകളാണ്‌ ഇപ്പോളുള്ളത്‌. ഇങ്ങനെ 40-ാം വയസ്സില്‍ സര്‍വ്വീസില്‍ കയറുന്ന ഒരു ഉദ്യോഗാര്‍ത്ഥി അമ്പത്തിയാറാം വയസ്സില്‍ വിരമിച്ച ശേഷം 90-ാം വയസ്സില്‍ അന്തരിക്കുന്നതുവരെ പെന്‍ഷനായി കൊടുക്കേണ്ട തുക എത്രയാണെന്ന്‌ ശമ്പളക്കമ്മീഷന്‍ കൂട്ടി നോക്കിയതായി കാണുന്നില്ല.. എന്തായാലും ആരു എങ്ങും ഞെട്ടിക്കണ്ടില്ല. ഇനി തസ്‌തികയില്ലാത്ത സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകന്‍ 89-ാം വയസ്സില്‍ ഒരു പതിനെട്ടുകാരിയെ പുനര്‍വിവാഹം ചെയ്‌താല്‍ അടുത്ത ഒരു നൂറ്റാണ്ടു കാലം അവര്‍ക്കു ഫാമിലി പെന്‍ഷനും കൊടുക്കേണ്ടി വരും. സ്‌കൂളില്‍ ഇല്ലാത്ത തസ്‌തിക ഉണ്ടെന്നു പറയുന്നത്‌ സ്‌കൂള്‍ കോളേജ്‌ മാനേജ്‌മെന്റാണ്‌. സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നു. പാവം ഉദ്യോഗാര്‍ത്ഥിയോട്‌ 15 ലക്ഷം മുതല്‍ നാല്‌പത്തഞ്ചു ലക്ഷം വരെ കോഴ വാങ്ങി മാനേജ്‌മെന്റ്‌ നിയമനം നല്‌കുന്നു. ആ ദിവസം മുതല്‍ സര്‍ക്കാര്‍ ശമ്പളവും കൊടുക്കുന്നു. മാനേജ്‌മെന്റിന്‌്‌ നിയമത്തിനു കോഴവാങ്ങാനുള്ള സൗകര്യത്തിനായി സര്‍ക്കാര്‍ ഇല്ലാത്ത തസ്‌തികയ്‌ക്കു ശമ്പളം നല്‍കി ഖജനാവു മുടിയ്‌ക്കണോ? അതിലും എളുപ്പം മാനേജര്‍മാര്‍ക്കുള്ള കോഴ സര്‍ക്കാര്‍ തന്നെ കൊടുക്കുന്നതല്ലേ? ആണ്ടില്‍ പത്തോ നൂറോ കോടി രൂപ മതിയാവും. ബാക്കി ഖജനാവിനു ലാഭമല്ലേ? ഈ തുകയ്‌ക്കു കണക്കുമില്ല, മാനേജര്‍മാര്‍ ഇതിന്‌ ആദായ നികുതിയോ, വില്‌പനനികുതിയോ, സേവനനികുതിയോ, സമ്മാന നികുതിയോ ഒന്നും കൊടുക്കുന്നുമില്ല.

ഇവിടെ കള്ളന്മാരും, അക്രമികളും ധാരാളം ഉണ്ട്‌. പക്ഷേ ആവശ്യത്തിന്‌ പോലീസുകാരില്ല. നാടുമുഴുവന്‍ ചിക്കന്‍ഗുനിയ മുതല്‍ സികാ വൈറസ്‌ വരെ ഐ.എസ്‌.ഒ. മാര്‍ക്കു പോലുമുള്ള വൈറസുകള്‍ പലതും കറങ്ങി നടപ്പുണ്ട്‌. പക്ഷെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരുമില്ല. പിന്നെ കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ മാത്രം അധ്യാപകര്‍ ഉണ്ടാവുന്നത്‌ എങ്ങനെയാണ്‌? കാരണം വളരെ ലളിതമാണ്‌. വിദ്യാഭ്യാസരംഗത്ത്‌ ഇല്ലാത്ത തസ്‌തിക ഉണ്ടാക്കി വില്‌ക്കുന്നത്‌ സംഘടിത സമുദായ നേതാക്കളും, പുരോഹിതരുമാണ്‌. പാവം ആദിവാസികള്‍ക്കും ദളിതര്‍ക്കും മാത്രം സ്‌കൂളില്ല. ആദിവാസി മേഖലയില്‍ കുട്ടികളുണ്ടെങ്കിലും സ്‌കൂളുകള്‍ ഇല്ല. ഉള്ള സ്‌കൂളിലെ നല്ലൊരു വിഭാഗം അധ്യാപകര്‍ ആനയെ പേടിയാണെന്നു പറഞ്ഞ്‌ സ്വന്തം ഹാജര്‍ പുസ്‌തകം കാടിന്‌ അന്‍പതു കിലോമീറ്റര്‍ ഇപ്പുറത്ത്‌ ഏതെങ്കിലും മരക്കൊമ്പില്‍ വച്ചിരിക്കുകയാണ്‌.

ഇനി സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ കള്ളക്കണക്കു ഹാജരാകുന്നതു കണ്ടു പിടിക്കാന്‍ ഇത്ര പ്രയാസമാണോ? പണ്ട്‌ എന്റെ ഒരു അനന്തിരവന്‍ പഠിച്ച സ്‌കൂളിന്‌ അംഗീകാരം വേണമായിരുന്നു. 90 കളിലാണ്‌. നാട്ടിന്‍പുറത്തെ പുതുതായി തുടങ്ങിയ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളാണ്‌. ആവശ്യത്തിന്‌ കുട്ടികളില്ല. അല്‌പം അകലെയുള്ള മറ്റൊരു സ്‌കൂളുമായി ധാരണയിലെത്തി. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന്‌ എ.ഇ.ഒ. പരിശോധനയ്‌ക്കു വരാന്‍ സാധ്യതയുള്ള ദിവസം മറ്റേ സ്‌കൂളിലെ കുട്ടികളെ ഒരു വാനില്‍ ഇവിടെ കൊണ്ടു വന്ന്‌ ഇരുത്തും. അവര്‍ക്ക്‌ ഒരു പേരും പറഞ്ഞു കൊടുക്കും. അങ്ങനെ കൊണ്ടു പോയപ്പോള്‍ അനന്തിരവനു കിട്ടിയ പേര്‍ അലക്‌സാണ്ടര്‍ ജോണ്‍. (ഇവനിപ്പോള്‍ ഒരു വിദേശ സര്‍വ്വകലാശാലയില്‍ അധ്യാപക പുലിയായി കറങ്ങി നടക്കുന്നതു കൊണ്ടു പേരു ഞാന്‍ പറയുന്നില്ല. ‘ശി’ യിലാണ്‌ തുടങ്ങുന്നത്‌്‌). എണ്ണമെടുക്കാന്‍ ക്ലാസ്സിലെത്തിയ എ. ഇ. ഒ. യേട്‌ അവന്‍ പേരു പറഞ്ഞത്‌ ‘ശിലക്‌സാണ്ടര്‍ ജോണ്‍’ എന്നാണ്‌. ‘നിന്റെ അച്ഛന്റെ പേരെന്താ?’ ‘നാരായണന്‍കുട്ടി’, ‘അപ്പൂപ്പന്റെ പേരോ?’ ‘കൃഷ്‌ണപിള്ള’ എ.ഇ.ഒ. കണ്ണുരുട്ടി ‘നീ ഈ ക്ലാസ്സിലാണോടാ പഠിക്കുന്നത്‌? ‘അല്ല’, ‘ഈ സ്‌കൂളിലാണോ?’, ‘അല്ല’. ‘ഇനിയും ഇതു പോലെ വന്നിട്ടുള്ള ബാക്കിയുള്ളവന്‍മാരൊക്കെ ഒന്നെഴുന്നേറ്റേ’ പകുതി കുട്ടികള്‍ എഴുന്നേറ്റു നിന്നു. അദ്ദേഹം വെളിയിലേക്കു കൈചൂണ്ടി പറഞ്ഞു ‘ഇറങ്ങി ഓടെടാ’. കുട്ടികള്‍ ഇറങ്ങി ഓടി. വാനില്ലാതെ തന്നെ രണ്ടു കീലോമീറ്റര്‍ അപ്പുറത്തുള്ള വീട്ടിലെത്തി. ഇത്രയും സാങ്കേതിക വിദ്യകളുളള കാലമല്ലേ. ആനയ്‌ക്കു പോലും വനം വകുപ്പു മൈക്രോചിപ്പ്‌ വയ്‌ക്കുന്നു. അതിനും വളരെ മുന്‍പു തന്നെ വെച്ചൂര്‍ ട്രസ്റ്റും പ്രൊഫസര്‍ ശോശാമ്മയും ചേര്‍ന്ന്‌ ആടിനും പശുവിനും ചിപ്പു വയ്‌ക്കാന്‍ തുടങ്ങി. എന്തു കൊണ്ട്‌ കുട്ടികള്‍ക്ക്‌ ചിപ്പു വച്ചു കൂടാ? 1500 കോടി രൂപ പ്രതിവര്‍ഷം ഖജനാവിനു മിച്ചമുണ്ടാവുന്ന കേസാണ്‌.

നാല്‌പതിനായിരം ഇല്ലാത്ത തസ്‌തിക സൃഷ്ടിച്ചു വിറ്റു കാശുവാങ്ങുന്ന ജാതി-മത-പൗരോഹിത്യ മേധാവിത്തത്തോട്‌ ‘ഇറങ്ങി ഓടെടാ’ എന്നു പറയാന്‍ കെല്‌പുള്ള രാഷ്ട്രീയ നേതൃത്വമോ, സാംസ്‌കാരിക നേതൃത്വമോ, വിദ്യാഭ്യാസചിന്തകരോ ഇവിടെ ഇല്ല. അപ്പോഴാണ്‌ ഞാന്‍ എന്റെ വല്യമ്മച്ചിയെ ഓര്‍ക്കുന്നത്‌. കുറഞ്ഞപക്ഷം ഉമ്മറത്തിരുന്ന്‌ വാര്‍ത്ത വായിക്കുമ്പോള്‍ ‘ഇവനെയൊക്കെ കാലേ പിടിച്ചു കുത്താന്‍ ഇവിടെ ആരുമില്ലേ’ എന്നൊരാത്മഗതമെങ്കിലും വല്യമ്മച്ചി പുറപ്പെടുവിക്കുമായിരുന്നു.

വാല്‍ക്കഷണം: ഇന്നലെ ടിവിയില്‍ ഒരു വാര്‍ത്ത കണ്ടു. മലബാറിലെ ഏതോ സര്‍ക്കാര്‍ വക ക്ഷേത്രത്തിലെ മാനേജരുടെ മേല്‍ അഴിമതി ആരോപണം വന്നു. പകരം മാനേജരെ വയ്‌ക്കാന്‍ കഴിയാത്തതു കൊണ്ട്‌ 2012 മുതല്‍ അവിടെ ചെയ്യുന്ന ജോലിക്കു പോലും പൂജാരിക്കും കഴകക്കാര്‍ക്കും സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നില്ല. എന്നു മാത്രമല്ല അവിടെ ഒരു നേരമേ പൂജയുള്ളു എങ്കിലും രണ്ടു നേരം എന്നു കണക്കാക്കി സര്‍ക്കാര്‍ ശമ്പളം പണ്ടു കൊടുത്തു പോയി. അതു മുഴുവന്‍ ഉടന്‍ തിരിച്ചടയ്‌ക്കണം. ഒരു ഗതിയും ഇല്ലാതായപ്പോള്‍ ജീവിക്കാനായി അമ്പലം അടച്ചിട്ട്‌ ജീവനക്കാര്‍ കൂലിപ്പണിക്ക്‌ ഇറങ്ങിയത്രേ. അപ്പോള്‍ ഇതിനൊന്നും വകുപ്പില്ലാഞ്ഞല്ല.


Subscribe to get notifications on new posts

Recent Articles

Comments
  1. kumar chellappan | Reply
  2. Kalyani | Reply
  3. KT Rajagopalan | Reply

Leave a Reply

Your email address will not be published.