‘സുകുമാരഘൃതം’
നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വയം ‘ആനപ്രേമി’ എന്നു വിശേഷിപ്പിക്കാറുണ്ട്. മഹാഭൂരിപക്ഷത്തിനും ആനയോടു പ്രേമമല്ല കമ്പമാണ് എന്നാണ് എന്റെ തോന്നല്‍. ഭൂമുഖത്തെ എറ്റവും വലിയ കാഴ്‌ചകളിലൊന്നായ ആനയെ കണ്ടാനന്ദിക്കുന്നതില്‍ തീരുന്നു ഞാനടക്കമുള്ള ആനക്കമ്പക്കാരുടെ താത്‌പര്യം. അല്ലാതെ ആനയ്‌ക്കു ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കിട്ടുന്നുണ്ടോ, കണ്ടമാനം തല്ലു കിട്ടുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ അന്വേഷിക്കാറില്ല. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു ആനപ്രേമി ധാര്‍മ്മിക രോഷം തിളച്ചു മറിഞ്ഞ് പരമദുഷ്ടനായ ഏതെങ്കിലും ആനക്കാരനെ വെടിവയ്‌ക്കുക പോയിട്ട് തല്ലുക പോലും ചെയ്‌തതായി നമ്മള്‍ കേട്ടിട്ടില്ല.
ആനയോടുള്ളത്ര തന്നെയോ, അതില്‍ കൂടുതലോ ആരാധന നമ്മളില്‍ പലര്‍ക്കും ആനപാപ്പാനോടുമുണ്ട്. എന്റെ ചെറുപ്പകാലത്ത് ആനയെ കുളിപ്പിക്കുന്നതു കാണുന്നതു തന്നെ വലിയ ആഘോഷമായിരുന്നു. ആനയെ കുളിപ്പിക്കുന്നതു വിശദമായികാണുന്ന ഞങ്ങള്‍ കുട്ടികള്‍ അതേ ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും കൂടി പാപ്പാന്റെ കുളിയും വള്ളിപുള്ളി വിടാതെ കാണുമായിരുന്നു. ആനയെ കൊണ്ടു തന്നെ വെള്ളം കോരിയൊഴിപ്പിച്ചു ഷവര്‍ബാത്ത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പാപ്പാനെയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ട്.
എന്തു കൊണ്ടാണ് ആനപ്പാപ്പാനോടു നമ്മള്‍ക്ക് ഇത്ര ആരാധന?. ഇത്ര വലിയ ആനയെ കൊണ്ടു നടക്കുന്നതു കൊണ്ടാണോ?. എങ്കില്‍പ്പിന്നെ ഒട്ടകത്തെ കൊണ്ടു നടക്കുന്നവരോടും മൃഗശാലയില്‍ ജിറാഫിനെ കുളിപ്പിക്കുന്നവരോടുമൊക്കെ ഇതേ ആരാധന തോന്നേണ്ടതല്ലേ?. ഒരു പക്ഷേ കൊമ്പനാനയ്‌ക്കു മദം പൊട്ടാമെന്നതും ഒരു ദിവസം ഈ പാപ്പാനെ അവന്‍ കാച്ചിയേക്കാമെന്നതും അതിത്ര നാളും നീട്ടി വയ്‌പിക്കാന്‍ പാപ്പാനു കഴിഞ്ഞല്ലോ എന്ന അറിവും ആവാം ആരാധനയ്‌ക്കു കാരണം.
ഞങ്ങളുടെ ചെറുപ്പത്തില്‍ ആനയെ ഇങ്ങനെ കൂച്ചിക്കെട്ടിയല്ല നിര്‍ത്തിയിരുന്നത്. ആനയുടെ പിന്‍കാലിലും മുതുകത്തും ചങ്ങല കാണുമെന്നല്ലാതെ ആനയെ ബന്ധിച്ചിരുന്നില്ല. കാലില്‍ ഒരു വടി ചാരി വച്ചിട്ട് പാപ്പാന്‍ എവിടെയെങ്കിലും പോകും. ആന ആ കാല്‍ അനക്കില്ല.
ഇക്കാലത്ത് ആനകള്‍ക്ക് അല്‌പം ഓട്ടം കൂടുതലാണ്. കാട്ടില്‍ 30 സെന്റിഗ്രേഡില്‍ താമസിക്കട്ടെ എന്നു വിചാരിച്ചാണ് കറുത്ത ചായവും പൂശി പടച്ച തമ്പുരാന്‍ ആനയെ ഭൂമിയിലേക്കു വിട്ടിരിക്കുന്നത്. നാട്ടില്‍ ചൂടു കൂടുന്നു എന്നല്ലാതെ ഗ്ലോബല്‍ വാമിംഗ് ആണെന്നും സഹിച്ചു മരിക്കുകയേ നിവൃത്തിയുള്ളെന്നും ആനക്കറിയില്ലല്ലോ. എന്റെ ഒരു ഡോക്ടര്‍ സ്‌നേഹിതന്‍ പറയുന്നത് ആന ഒരു ജിപ്‌സിയാണെന്നാണ്. അതിനു സ്ഥിരമായി താവളമില്ല. ദിവസവും ഇരുപത്തഞ്ച് കിലോമീറ്ററെങ്കിലും നടന്നാലേ അതിന്റെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കൂ. ലോറിയിലെ ബിസിനസ് ക്‌ളാസ്സ് യാത്രയും, ഉത്സവപ്പറമ്പുകളിലെ നില്‌പും കഴിഞ്ഞ് ഒരു ചെറിയ വ്യായാമമെന്ന നിലയ്‌ക്കു വല്ലപ്പോഴും ഒന്നോടാന്‍ നോക്കും. അതു മദം പൊട്ടിയുള്ള ഓട്ടമല്ല. പക്ഷെ അപ്പോഴാണ് ആന വിരണ്ടേ എന്നു പറഞ്ഞ് മൊബൈല്‍ ഫോണിലെ ക്യാമറയും ഓണ്‍ ചെയ്‌തു മുന്‍പെയും പുറകെയും നാട്ടുകാര്‍ ഓടുന്നത്. ആന പിന്നെന്തു ചെയ്യാന്‍?
പണ്ടു നമ്മുടെ നാട്ടില്‍ ഒരന്‍പതു കഴിഞ്ഞ കാരണവന്‍മാര്‍ രാത്രിയില്‍ കഞ്ഞി കുടി കഴിഞ്ഞ് മുറ്റത്തൊന്നുലാത്തും. ദീര്‍ഘമായി രണ്ട് ഏമ്പക്കം വിടും. ചോദിച്ചാല്‍ ഗ്യാസ് ആണെന്നു പറയും. ഇതു തന്നെയാണ് ആനയും ചെയ്യുന്നത്. ഇപ്പോള്‍ പക്ഷെ കാരണവന്‍മാര്‍ അങ്ങിനെ ചെയ്യാറില്ല. ഏമ്പക്കം കേട്ടാല്‍ മക്കള്‍ 108 വിളിക്കും. പല ആശുപത്രികളിലും ആംബുലന്‍സു പാര്‍ക്കു ചെയ്യുന്നതു പോലും ഐ സി യു വില്‍ തന്നെയാണ്. ഐ സി യു വില്‍ കിടന്നു പുറത്തിറങ്ങുന്ന ഗൃഹനാഥന്‍ കാറ്റു പോയ ബലൂണാണ്. “നിങ്ങളൊന്ന് മിണ്ടാതിരിക്ക് , അവിടെങ്ങാനും അനങ്ങാതിരിക്ക്, പിള്ളേര്‍ വല്ല നാട്ടിലുമാണ് “, എന്നൊക്കെ പറഞ്ഞ് ഭാര്യ പഴയ കണക്കുകളെല്ലാം തീര്‍്‌ക്കും. ആനയ്‌ക്കതൊന്നും അറിയേണ്ടല്ലോ.
ഞങ്ങളുടെ നാട്ടില്‍ ഉത്സവകാലത്തു രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഒരാനയെ അടുത്തു കാണാന്‍ പറ്റിയിരുന്നത്. അതിനെ സമാധാനപരമായി ഹൈജാക്ക് ചെയ്യാന്‍ ഞങ്ങളെല്ലാം ശ്രമിച്ചിരുന്നു. എന്റെ വീടിന്റെ മതിലിനു പുറത്തു റോഡില്‍ നാട്ടുകാര്‍ക്കു കുടിവെള്ളമെത്തിക്കാന്‍ മുനിസിപ്പാലിറ്റി ഒരു പബ്ലിക്‌് ടാപ്പു സ്ഥാപിച്ചിരുന്നു. ഞാന്‍ ഉത്സവസമയത്തു രാവിലെ അമ്പലത്തില്‍ പോയി നില്‌ക്കും. “ഇതിനെ എവിടാ ഒന്നു കുളിപ്പിക്കുക”. എന്ന് ആനക്കാരന്‍ ആത്മഗതം പുറപ്പെടുവിക്കുമ്പോള്‍ ‘താഴെ ഒരു ടാപ്പുണ്ട്’ എന്നു ചാടിപ്പറയും. ആനയുടെയും പാപ്പാന്റെയും കുളി വളരെ സൗകര്യപ്രദമായി മതിലാകുന്ന ബാല്‍ക്കണിയില്‍ ഇരുന്നു ഞാന്‍ കാണും.
കുറച്ചു കൂടെ ഭാവനാ സമ്പന്നനായിരുന്നു എന്റെ ഒരനിയന്‍. ഞങ്ങളുടെ കുടുംബവീട്ടില്‍ രണ്ടു ചൂണ്ടപ്പന നില്‌പുണ്ടായിരുന്നു. ആര്‍ക്കും വേണ്ടാതെ രണ്ടു പനകള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‌ക്കുന്നു. അനിയന്‍ അമ്പലത്തില്‍ ചെന്നു ചൂണ്ടപ്പനയോല വാഗ്‌ദാനം ചെയ്‌തപ്പോള്‍ പാപ്പാന്‍ സസന്തോഷം സ്വീകരിച്ചു. ആനയ്‌ക്ക് അതില്‍പരം ഇഷ്ടമുള്ള തീറ്റയുണ്ടോ?. ഇനി വീട്ടുകാര്‍ സമ്മതിക്കണമല്ലോ. അനിയനും ഞാനും കൂടി ഓടിച്ചെന്ന് അമ്മൂമ്മയുടെ കാലുപിടിച്ച് ഒരുവിധം സമ്മതിച്ചപ്പോള്‍ പുറകില്‍ ഒരു കിലുക്കം. നോക്കിയപ്പോള്‍ ആനയും പാപ്പാനും എത്തിക്കഴിഞ്ഞു. ആനപ്പുറത്ത് അയല്‍വക്കത്തെ ഒരു ദ്രോഹി ഇരുന്നു പല്ലിളിക്കുന്നു. ഞങ്ങള്‍ തിരിച്ചു ചെല്ലാന്‍ താമസിച്ചപ്പോള്‍ പനയോല വാഗ്‌ദാനം ബജറ്റ് വാഗ്‌ദാനം പോലെ ആയാലോ എന്നു പാപ്പാന്‍ പേടിച്ചു. ആ ലാക്കിന് വഴി കാണിച്ചു കൊടുക്കാമെന്നു പറഞ്ഞ് അയാള്‍ ആനപ്പുറത്തു കയറി വന്നിരിക്കുകയാണ്. ഞങ്ങളുടെ ചങ്ക് തകര്‍ന്നു പോയി. ദുരന്തം അവിടെയും അവസാനിച്ചില്ല. അമ്മൂമ്മയ്‌ക്ക് പെട്ടെന്നൊരു ഭൂതോദയം ഉണ്ടായി. ആനയ്‌ക്കു കൊടുക്കുന്ന പനം പട്ട അമ്പലത്തിലെ ഉത്സവത്തിനു നല്‌കുന്ന ഒരു സംഭാവനയാണ്. ഒരു സംഭാവനാ രസീതു കിട്ടിയേ പറ്റൂ. പണമൊന്നും വേണ്ട. രസീതു മതി. അത് അപ്പൂപ്പന്‍ അമ്പലത്തില്‍ പോയി ചോദിച്ചു വാങ്ങിക്കൊണ്ടു വരണം. സംഭാവന കൊടുത്താല്‍ പിന്നെ കണക്കെന്തിനെന്നായി അപ്പൂപ്പന്‍. ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണമെന്ന് അമ്മൂമ്മയും. അപ്പോള്‍ അപ്പൂപ്പന്‍ ഒരു പോം വഴി നിര്‍ദ്ദേശിച്ചു. ആകെ വെട്ടുന്ന പനം കൈ കളുടെ എണ്ണം എടുക്കുക. എന്നിട്ടു പിറ്റേ ദിവസം അമ്പലത്തില്‍ ചെല്ലുമ്പോള്‍ അമ്മൂമ്മ അമ്പലപ്പറമ്പില്‍ കിടക്കുന്ന ആനപ്പിണ്ടം എണ്ണി നോക്കുക. കുറവുണ്ടെങ്കില്‍ തീര്‍ച്ചയായും അപ്പൂപ്പന്‍ പോയി ചോദിക്കും, രസീതും വാങ്ങും. അന്നു കൊടിയേറിയ കലാപം അടുത്ത ഉത്സവം കഴിഞ്ഞിട്ടും അടങ്ങിയില്ല.
ഇതൊക്കെയാണെങ്കിലും ഞാന്‍ ഒരു പാപ്പാനെ അടുത്തു പരിചയപ്പെടുന്നതു പത്തു പതിനഞ്ചു കൊല്ലം മുന്‍പു മാത്രമാണ്. ആനകളെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാന്‍ കറങ്ങി നടക്കുന്നതിനിടയിലാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പഴയ പാപ്പാന്‍ മാരില്‍ വലിയൊരു വിഭാഗവും പരമ്പരാഗത പാപ്പാന്‍മാരായിരുന്നു. അങ്ങിനെ വരുന്നവര്‍ വളരെ ചെറുപ്പം തൊട്ടേ ആനയെ കണ്ടാണു വളരുന്നത്. ആനയുടെ ശരീരഘടനയും ഭാവങ്ങളും ഭാവമാറ്റങ്ങളും രോഗങ്ങളും രോഗചികിത്സയുമൊക്കെ അവര്‍ക്കു നന്നായറിയാം. ഒരു പക്ഷേ പണ്ടു കാലത്ത് ആനകള്‍ ഇത്ര കുഴപ്പമുണ്ടാക്കാത്തതും അതു കൊണ്ടായിരിക്കാം. ഞാന്‍ പരിചയപ്പെട്ട പാപ്പാന്റെ പേര് സുകുമാരന്‍ എന്നാണ്. സുകുമാരന്‍ േചട്ടന്‍ എട്ടു പത്ത് ആനകളുള്ള ഒരു കൊച്ചു ദേവസ്വത്തിലെ ആന പാപ്പാനാണ്. നല്ല ഭാഷയില്‍ പറയുമ്പോള്‍ ആനക്കാരനാവുന്നതിനു മുന്‍പ് അദ്ദേഹത്തിന് ഒരു നേതാവിന്റെ ‘കായികസംരക്ഷണ ചുമതല’ ആയിരുന്നു എന്നു പറയാം. ചില്ലറ കളരിയും മര്‍മ്മവിദ്യകളുമൊക്കെ അറിയാമത്രേ. നേതാവു മന്ത്രിയായപ്പോള്‍ അനുയായിക്ക് ഒരു സര്‍ക്കാര്‍ ജോലി തരപ്പെടുത്തി കൊടുക്കാന്‍ തീരുമാനിച്ചു. പോലിസില്‍ ചേരാന്‍ തലസ്ഥാനവും ഗവര്‍ണറുടെ പേരുമൊക്കെ അറിയണം. അതൊക്കെ എഴുതി വയ്‌ക്കാനുമറിയണം. അതുകൊണ്ട് ആനപ്പാപ്പാനാക്കാമെന്നു വിചാരിച്ചു. അവിടെയും മൂന്നാംമുറ തന്നെ വേണമല്ലോ. വിചാരം നടപ്പിലാക്കി. ആനയുടെ യോഗം.
പള്ളിക്കൂടം വിട്ടു സുകുമാരന്‍ ചേട്ടന്‍ കളരി അഭ്യാസത്തിലേക്കു തിരിഞ്ഞതിനു പിന്നിലും ഒരു കഥയുണ്ട്. അദ്ദേഹം എട്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ മലയാളം അധ്യാപകന്‍ “പങ്കജാക്ഷന്‍” എന്ന പദം വിഗ്രഹിച്ച് അര്‍ത്ഥം പറയുവാന്‍ പറഞ്ഞു. ഭാഷാ പണ്‌്‌ഡിതനൊന്നമല്ലാത്ത സുകുമാരന്‍ ചേട്ടന്‍ വിഗ്രഹിക്കാന്‍ തുനിഞ്ഞില്ല. അര്‍ത്ഥമങ്ങു പറഞ്ഞു ‘സദാ പങ്കജത്തിന്റെ കക്ഷത്തിലിരിക്കുന്നവന്‍’. കുട്ടികള്‍ ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി. അതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന സാറിന്റെ ഭാര്യയുടെ പേര് പങ്കജം എന്നാണെന്ന് പരമശുദ്ധനായ സുകുമാരന്‍ ചേട്ടനൊഴിച്ചു ബാക്കി എല്ലാവര്‍ക്കുമറിയാമായിരുന്നത്രേ. കുപിതനായ സാര്‍ മലയാള ഭാഷയെ വിട്ട് സുകുമാരന്‍ ചേട്ടനെ വിഗ്രഹിക്കാന്‍ ശ്രമിച്ചു. ആ നിമിഷം തന്നെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച് അദ്ദേഹം ആശാന്റെ നെഞ്ചത്ത് നിന്നും കളരിക്കുള്ളിലേക്കു ചാടി.
ഡോക്യുമെന്ററി എന്നു കേട്ടപ്പോള്‍ സുകുമാരന്‍ ചേട്ടന്‍ എന്നെ ഏറ്റെടുത്തു. രാഷ്ട്രത്തലവന്‍മാരും മറ്റും വരുമ്പോള്‍ വിശിഷ്ടാഥികളെ നടന്നു പരിചയപ്പെടുത്തുന്നതു പോലെ എന്നെകൊണ്ടു നടന്ന് ആനകളെ പരിചയപ്പെടുത്താന്‍ തുടങ്ങി.
‘കാര്യം മുപ്പതു കഴിഞ്ഞില്ലെങ്കിലും ഇവന്‍ നാലു പാപ്പാന്‍മാരെ തട്ടി സാറെ’, ‘ഇവന് ആണ്ടില്‍ രണ്ടു തവണ മദം പൊട്ടും’, ‘സൂക്ഷിച്ചോണം, അവന്‍ ഇടയ്‌ക്കു മടല്‍ എടുത്തെറിയും’ ഇങ്ങനെ പോണൂ പരിചയപ്പെടുത്തല്‍. ഒരു പിടിയാനക്കുട്ടിയുടെ അടുത്തു ചെന്നു. ‘സാര്‍ ഇവളെ അറിയില്ലേ?’, ചോദ്യം കേട്ടാല്‍ തോന്നും എന്റെ അമ്മാവന്റെ മകളാണെന്ന്. ഇവളെ നമ്മുടെ സിനിമാനടി.. നടയ്‌ക്കു വച്ചതാ. അവരുടെ അതേ സ്വഭാവമാണ്. ആര്‍ക്കു വേണേല്‍ അടുക്കല്‍ ചെല്ലാം, തൊടാം, തലോടാം….അതോടെ സുകുമാരന്‍ ചേട്ടന്റെ ദന്ത നിരകള്‍ മനോഹരമായി അവശേഷിക്കുന്നതു കോള്‍ഗേറ്റിന്റെ മാത്രം ഗുണമല്ല, കളരിയഭ്യാസത്തിന്റെ സംരക്ഷണം ഉള്ളതു കൊണ്ടു കൂടി ആണെന്നെനിക്കുറപ്പായി.
ഒടുവില്‍ അദ്ദേഹം എന്നെ ഒരു മതിലില്‍ കയറ്റി ഇരുത്തി. പുറകില്‍ ഒരാനയുണ്ട്. അവന്‍ തുമ്പിക്കൈ നീട്ടിയാലും ഒരു മീറ്റര്‍ ആകലെ വരെയേ എത്തൂ. അപ്പോള്‍ പേടിക്കാനില്ല. ആന ആകെപ്പാടെ അല്‌പം അസ്വസ്ഥനാണെന്നു തോന്നുന്നു. തുമ്പിക്കൈ നീട്ടുന്നു, നിലത്തിട്ടടിക്കുന്നു, വെറുതെ നിന്നു വട്ടം കറങ്ങാന്‍ ശ്രമിക്കുന്നു.
സുകുമാരന്‍ ചേട്ടന്‍ മതിലില്‍ ഇരിക്കുന്ന എന്റെ രണ്ടു മുട്ടിലും ഈ രണ്ടു വിരല്‍ കൊണ്ടു പിടിച്ചു. എന്നിട്ടു പറഞ്ഞു, “സാറെ ആ ആനക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഞാന്‍ കണ്ണു മിഴിച്ചു. എന്തു പ്രത്യേകത? കൊമ്പനാനയാണ് അത്ര തന്നെ. “അവന്‍ മദം പൊട്ടി നില്‍ക്കുവാ“. ഞാന്‍ അലറിക്കൊണ്ടു ചാടിയെങ്കിലും മതിലില്‍ നിന്നും പൊങ്ങിയില്ല. മുട്ടു രണ്ടും മതിലില്‍ ആണിയടിച്ചു വച്ചതു പോലുണ്ട്. സുകുമാരന്‍ ചേട്ടനു മര്‍മ്മ വിദ്യ ശരിക്കറിയാമെന്ന് എനിക്കു ബോധ്യമായി.
രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ആനകളെക്കുറിച്ചദ്ദേഹത്തിന് അറിയാവുന്ന മുഴുവന്‍ കാര്യങ്ങളും പറഞ്ഞു തീര്‍ത്തിട്ടാണ് എന്നെ മതിലില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചത്. പക്ഷെ അതില്‍ ഒരു വാക്കുപോലും എന്റെ തലയില്‍ കേറിയില്ല.
ഒരാഴ്‌ച കഴിഞ്ഞ് ഷൂട്ടിംഗിനു ചെന്നപ്പോള്‍ അദ്ദേഹം എല്ലാ സൗകര്യവും ചെയ്‌തു തന്നു. ചെറിയ ഒരു ആവശ്യം, അദ്ദേഹത്തിന് ആനകളെക്കുറിച്ച് ടെലിവിഷനിലുടെ ചിലതു പറയണം. പഴയ അനുഭവം വച്ചു ഞാന്‍ തര്‍ക്കിച്ചില്ല. ക്യാമറ റെഡിയാക്കി. അദ്ദേഹം പറഞ്ഞു തുടങ്ങി ‘ഈ നില്‌ക്കുന്ന കൊമ്പനാന ഒരു വലിയ അല്‍ബുതമാണ് . അതിന്റെ മൂക്കാണ് തുമ്പിക്കൈ, പല്ലാണ് കൊമ്പ്….. അങ്ങിനെ. ഒടുവില്‍ ഒരു കാര്യം കൂടി പറഞ്ഞു പുരുഷ വംശത്തില്‍ പ്രത്യുല്‍പ്പാദനത്തിനുള്ള അവയവങ്ങള്‍ പൂര്‍ണ്ണമായും ശരീരത്തിനുള്ളില്‍ ഇരിക്കുന്ന ഏക ജീവിയും ആനയാണ്.
പക്ഷെ അവസാനഭാഗം പൂര്‍ണ്ണമായും സ്വന്തം ഭാഷയിലും ശൈലിയിലുമാണ് അവതരിപ്പിച്ചത്. പദങ്ങളും ആംഗ്യങ്ങളും പരിപൂര്‍ണ്ണമായും അണ്‍ പാര്‍ലമെന്ററി. എന്നിട്ടിതു കൂടി പറഞ്ഞു. “എനിക്കിതിന്റെയൊന്നും ഇംഗ്ലീഷു പിടിയില്ല. സാര്‍ എങ്ങനെയാണെന്നാല്‍ മാറ്റിക്കോ”. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്നവരാണല്ലോ മഹാന്മാര്‍. പതിനഞ്ചു കൊല്ലം മുന്‍പ് സുകുമാരന്‍ ചേട്ടന്‍ ടെലിവിഷനു നല്‌കിയ പദാവലികളും, ആംഗ്യങ്ങളും മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമക്കാര്‍ അടുത്ത പത്തു കൊല്ലത്തിനിടയില്‍ പോലും തൊടാന്‍ ധൈര്യപ്പെടില്ല. ഒരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ക്യാമറമാന്‍ നിലത്തിരുന്നു വയറില്‍ അമര്‍ത്തിപ്പിടിച്ചു ചിരിക്കുകയാണ്.
ഷൂട്ടിംെഗല്ലാം കഴിഞ്ഞു ഞങ്ങള്‍ വീണ്ടും സൗഹൃദ സംഭാഷണം തുടങ്ങി. “പാപ്പാന്‍ പണി മോശമില്ല. ഒരു സ്‌കൂളധ്യാപകന്റെ ശമ്പളമൊക്കെ കിട്ടുന്നുണ്ട്. പിന്നെ ആനയെ തല്ലാതെ നിവര്‍ത്തിയില്ല. കാട്ടില്‍കിടക്കുന്ന സാധനത്തിനെ പിടിച്ചു കൊണ്ടു വന്നു നമ്മുടെ റൂളും ചട്ടവും പടിപ്പിക്കുകയല്ലോ?. വഴിയരികിലെ മുറുക്കാന്‍ കടയില്‍ ബാങ്കില്‍ നിന്നും ലോണെടുത്ത കാശിനാണ് കുലവാങ്ങി കെട്ടിത്തൂക്കിയിട്ടിരിക്കുന്നതെന്ന് ആനക്കറിയില്ലല്ലോ. അതു പഴം കണ്ടാല്‍ പറിച്ചു തിന്നും. അപ്പോള്‍ ഒന്നുകില്‍ പഴം കാണിക്കരുത്. അല്ലെങ്കില്‍ മുന്‍പില്‍ വച്ചു കൊടുക്കുന്ന പഴക്കുലയില്‍ അല്ലാതെ വേറെ പഴക്കുലയില്‍ തൊട്ടാല്‍ വേദനിക്കുമെന്നു പഠിപ്പിക്കണം. രണ്ടാമത്തേതാണ് എളുപ്പം. ബാലേ നര്‍ത്തകി സീരിയല്‍ പിടിക്കാന്‍ പോയാലോ, കഥാപ്രസംഗക്കാരനു പനി വന്നാലോ ഭാഗവതര്‍ക്കു ചുമ വന്നാലോ ഒക്കെ പരിപാടി ക്യാന്‍സലാവും. ആനയ്‌ക്കു മാത്രം അവധിയില്ല. അത് എന്നും ജോലി ചെയ്‌തേ പറ്റൂ. എത്ര വയ്യെങ്കിലും തല്ലി പണിയെടുപ്പിക്കും. ഒരു ദിവസം അവന്‍ തിരിച്ചു തല്ലും. നമ്മുടെ കഥയുടെ ഒന്നാം ഭാഗം അന്നു കഴിയും. രണ്ടാം ഭാഗം തുടങ്ങുന്നത് മകന്‍ സര്‍ക്കാരുദ്യോഗസ്ഥനാകുന്നതോടെയാണ്. അപ്പന്‍ ചത്ത ഒഴിവില്‍ അവന്‍ ദേവസ്വം പാപ്പാനാകും.”
പല പാപ്പാന്മാരെയും പോലെ ആനവാല്‍ കച്ചവടമാണ് സുകുമാരന്‍ചേട്ടന്റെയും പ്രധാന ഹോബി. നുറുരൂപ കൊടുത്താല്‍ ഒരെണ്ണം തരും. എല്ലാ ദിവസവും ആനവാല്‍ വിറ്റാണ് സായംകാല വിനോദങ്ങള്‍ക്കു പണം കണ്ടെത്തുന്നത്. അപ്പോള്‍ ആനയുടെ വാലിലെ രോമം തീരില്ലേ എന്ന ഞങ്ങളുടെ സംശയത്തിന് കുറെ നിര്‍ബന്ധിച്ചപ്പോള്‍ ഉത്തരം പറഞ്ഞു. വില്‍ക്കുന്നത് ആന വാലല്ല, ആന നാരാണ്. ആന തിന്ന പലയോലയുടെ ഒരു നല്ല നാര് ആനപ്പിണ്ടം ചികഞ്ഞു കണ്ടു പിടിക്കും. അവനെ ആവണക്കെണ്ണ പുരട്ടി നന്നായി തിരുമ്മി ഇടയ്‌ക്കു വെയിലത്തു വച്ചു എങ്ങനെ വളച്ചാലും വളയുന്ന പരുവമാക്കി എടുക്കും. എന്നിട്ട് അതില്‍ കരി പുരട്ടി നിറം പിടിപ്പിക്കും. ഇതാണ് സുകുമാരന്‍ ചേട്ടന്‍ ബ്രാന്‍ഡ് ആന വാല്‍. അപ്പോള്‍ ഒരു യഥാര്‍ത്ഥ ആനവാല്‍ കിട്ടാന്‍ എന്തു വഴി?. മൂപ്പര്‍ രണ്ടു വിരല്‍ പൊക്കി കാണിച്ചു. രണ്ടായിരം രൂപ. അത്രയും തന്നാല്‍ തരുമോ?. ദൂരെ നില്‍ക്കുന്ന മറ്റു പാപ്പാന്‍മാരെ ചൂണ്ടി മൂപ്പര്‍ പറഞ്ഞു “പിന്നെന്താ, അവന്മാരുടെ വല്ലോം ആനയുടെ വാലില്‍ നിന്ന് മുറിച്ചു തരാം”. ഇതാണ് സ്വന്തം തൊഴിലിനോടുള്ള ആത്മാര്‍ത്ഥത.
ഇടയ്‌ക്കിടെ കാണാമെന്നു പറഞ്ഞെങ്കിലും എനിക്കു പിന്നീടു പോകാന്‍ പറ്റിയില്ല. ഡോക്യുമെന്ററിയും കൊണ്ടു വേണമല്ലോ ചെല്ലാന്‍. ഇപ്പോള്‍ ഫോണ്‍ വിളി വരാറില്ല. ആരെങ്കിലും പിടിച്ചു ‘സുകുമാരഘൃതമാക്കിയോ’ എന്നാണെന്റെ പേടി.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
Amazing. Hilarious and Thought Provoking.. I don’t have words to describe your style. Hats off to you Hari..
Kumar, i told you this story years back and you reminded me the same recently…
That made me write this for the blog
പങ്കജാക്ഷന്‍, വിഗ്രഹിച്ചത് എന്തായാലും അസലായിടുണ്ട് .
adipoli..
സുകുമാരഘൃതം ഒരു മുന്തിയ ചിരി ഔഷധം തന്നെ ! എപ്പോഴത്തെയും പോലെ ഉഗ്രന്‍ നര്‍മ്മ ശൈലി ഹരി സര് !