ഒരു പ്രേതകഥ!!!!!
വളരെ പണ്ട് എന്റെ വീട്ടിലെ പുസ്തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്തകം ഉണ്ടായിരുന്നു. പുസ്തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്തകം ഒരു ഡിറ്റക്ടീവ് നോവല്‍ ആണ്. ‘ചോര പുരണ്ട കഠാരി’ എന്നാണ് നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി കത്തുകള്‍ അവസാനിക്കുന്നത് ‘എന്ന്, ചോര പുരണ്ട കഠാരി’ എന്നാണ്. അത്യന്തം ഉദ്വേഗജനകമായിരുന്നു നോവല്‍. അതു കൊണ്ടു തന്നെ അവസാനത്തെ മൂന്നു നാലു ചാപ്റ്റര്‍ ഇല്ലായിരുന്നു. വീട്ടുകാരെല്ലാം വായിച്ചു തകര്‍ത്ത താണ്. വീട്ടിലുള്ള നൂറുകണക്കിനു പുസ്തകങ്ങളിലൊന്നിനും ഈ ഗതി വന്നിട്ടില്ല. എന്തായാലും അന്തമില്ലാത്ത ഉദ്വേഗം ഉള്ളില്‍ നിറച്ച ഞാന്‍ കുറച്ചു നാള് കാറ്റു നിറഞ്ഞ ഒരു ബലൂണ്‍ പോലെയാണു നടന്നിരുന്നത്. എവിടെ തൊട്ടാലും പൊട്ടാം. ചോര പുരണ്ട കഠാരി തൊട്ടു പിന്നാലെയുണ്ടെന്നൊരു തോന്നല്‍. എന്നെപ്പോലൊരു മകനെ തട്ടിക്കൊണ്ടു പോയാല്‍ മോചനദ്രവ്യം കൊടുത്തു തിരിച്ചെടുക്കാന്‍ ഒരു രക്ഷകര്‍ത്താവും തയ്യാറാവില്ല. എന്തു വേണമെന്നറിയാതെ ആത്മരക്ഷയ്ക്കായി ഞാന്‍ കയ്യില്‍ കിട്ടിയ സര്‍വ്വ ഭൂത, പ്രേത മാന്ത്രിക നോവലുകളും കിളച്ചു മറിച്ചു. കുറെനാള്‍ കഴിഞ്ഞാണ് എനിക്ക് പ്രേതലോകത്തു നിന്നു പുറത്തു കടക്കാന്‍ കഴിഞ്ഞത്.
സത്യത്തില്‍ പ്രേതങ്ങളുണ്ടോ? ഉയര്‍ന്ന വോള്‍ട്ടേജും ഇല്ക്ട്രിക്ക് ലൈറ്റും തെരുവു വിളക്കും മറ്റും പ്രചാരത്തിലെത്തുന്നതിന് മുന്‍പ് മനുഷ്യന് വളരെ അധികം ചിന്തിച്ചു വിഷമിച്ചിരുന്ന കൊണ്ടിരുന്ന ഒരു വിഷയമാണിതെന്നാണ് തോന്നുന്നത്. ഇപ്പോള്‍ പിന്നെ പ്രേത സിനിമകള്‍ ഇറങ്ങുകയും ഓര്‍ക്കാപ്പുറത്തു കറണ്ടു പോവുകയും ചെയ്താല്‍ മാത്രമേ നമ്മള് ഇതൊക്കെ ഓര്ക്കാറുള്ളു.
‘ചോര പുരണ്ട കഠാരി’ തൊട്ട് ‘കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല’ വരെ വായിച്ചു വളര്‍ന്ന എനിക്ക് എല്ലാ ജാതിയിലും മതങ്ങളിലും പെട്ട സര്‍വ്വ ആണ് പെണ് മൂന്നാം വര്‍ഗ്ഗ പിശാചുക്കളെയും പേടിയായിരുന്നു. അങ്ങിനെ പേടിച്ചു ജീവിക്കുന്ന കാലത്ത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജില്ലാ യുവജനോത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയി. മൂന്നാം ദിവസം രാത്രിയാണു പരിപാടികള്‍ അവസാനിച്ചത്. ഞാന്‍ താമസിക്കുന്ന കൊച്ചു പട്ടണത്തില്‍ നിന്നു കഷ്ടിച്ച് ഏഴു കിലേമീറ്റര്‍ അകലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് യുവജനോത്സവം. തിരിച്ചെത്തുവാനുള്ള മാര്‍ഗ്ഗം ടാക്സിയാണ്. അംബാസഡര്‍ കാര്‍. പണ്ടുകാലത്തെ അംബാസഡര്‍ കാര്‍, പ്രത്യേകിച്ചും ടാക്സി, ഒരു അത്ഭുത വാഹനമായിരുന്നു. അതില്‍ എത്ര പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കുവാന്‍ കഴിയുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിനു പോലും കണക്കാക്കാന്‍ പറ്റിയിട്ടില്ല. ഗര്‍ഭിണികളെ ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ മാത്രമാണ് നമ്മള് ആ വാഹനത്തോട് അല്പം മര്യാദ കാണിച്ചിരുന്നത്. അല്ലെങ്കില്‍ ഒന്‍പതു പേരില്‍ കുറഞ്ഞ യാത്രയേ ഇല്ല. കുട്ടികള്ക്കാണെങ്കില് എണ്ണമേ ഇല്ല. എത്ര ഉണ്ടെങ്കിലും പെറുക്കി എടുത്ത് അകത്തിടാം. കൂട്ടത്തില്‍ അടുത്തുള്ള വീടുകളില്‍ നിന്നു പെറുക്കിയാലും കുഴപ്പമില്ല.
എന്തായാലും യൂത്ത് ഫെസ്റ്റിവല്‍ കഴിഞ്ഞു ഞങ്ങള്‍ അംബാസഡറില്‍ മടങ്ങി വരികയാണ്. ഹെഡ്മാസ്റ്റര്‍ക്കും ഡ്രൈവര്‍ക്കും പുറമേ പത്തു പന്ത്രണ്ടു കുട്ടികളെങ്കിലുമുണ്ട്. മൃദംഗം, ഹാര്‍മോണിയം തുടങ്ങിയ ജംഗമ വസ്തുക്കളും കുട്ടികളുടെ ബാഗുകളും ഡിക്കിയിലും കാരിയറിലുമായി നിറച്ചിരിക്കുന്നു. എന്റെ വീട്ടില്‍ നിന്നും അഞ്ഞൂറു മീറ്റര്‍ അകലെ മെയ്ന്‍ റോഡില്‍ വണ്ടി നിര്‍ത്തി. ഹെഡ്മാസ്റ്ററുടെ ചോദ്യം – ‘തനിക്ക് ഒറ്റയ്ക്കു പോകരുതോ? പേടിയുണ്ടോ? പക്ഷെ ഇവിടെ സുന്ദരിയായ ഒരു സഹപാഠി അടക്കം അഞ്ചാറു പെണ്‍കുട്ടികള്‍ കാറിലിരിക്കുകയാണ്. എനിക്കു പേടിയുണ്ടെന്നു പറയാന്‍ പറ്റുമോ ?. ഞാന്‍ രണ്ടും കല്പ്പിച്ചു പുറത്തു ചാടി. വണ്ടി വിട്ടുപോയി.
സൈറണ്‍ അടിക്കുന്ന ശബ്ദം കേട്ടു. രാത്രി കൃത്യം ഒരു മണിക്കാണ് മുനിസിപ്പല്‍ സൈറണ്‍ മുഴങ്ങുന്നത്. ഒരു മനുഷ്യക്കുഞ്ഞും വഴിയിലില്ല. പട്ടി, പൂച്ച, പെരിച്ചാഴി, വവ്വാല് തുടങ്ങി ബാക്കി സര്‍വ്വ കുഞ്ഞുങ്ങളും ഉണ്ടുതാനും. കയ്യിലുണ്ടായിരുന്ന ബാഗ് തലയില്‍ വച്ചു കോമരം പോകുന്നതു പോലെ തുള്ളി കൊണ്ട് ഞാന്‍ ഓടി. വഴിയില്‍ കേട്ട ഒരു ശബ്ദത്തിനും തിരിഞ്ഞു നോക്കിയില്ല. വല്ല പ്രേതവും കണ്ടിരുന്നെങ്കില്‍ തന്നെ അവര്‍ ദയ തോന്നി പോട്ടെന്നു വച്ചു കാണും. ജീവനും കയ്യില്‍ പിടിച്ചു പായുന്ന ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ തിന്നാന്‍ ആത്മാഭിമാനമുള്ള ഒരു പ്രേതവും വരില്ല. വീട്ടിലെത്തിയപ്പോള്‍ സമാധാനമായി. മുറ്റത്തിരുന്നു. കിതപ്പൊക്കെ നല്ലവണ്ണം മാറിയപ്പോള്‍ ബെല്ലടിച്ചു. കതകു തുറന്ന അച്ഛന് ചോദിച്ചു “ബാക്കിയുള്ളവര്‍ എവിടെ?” ഞാന്‍ പറഞ്ഞു `ഞാന്‍ കലക്ട്രേറ്റിനടുത്തിറങ്ങി, ഒറ്റയ്ക്കിങ്ങു പോന്നു.’. ‘നിനക്കു പേടിയില്ലായിരുന്നോ?’ ‘എന്തിന്?’. അതോടെ വീട്ടില്‍ എനിക്കൊരു വീര നായകന്റെ പരിവേഷമായി. രാത്രി പുറത്തിറങ്ങാന്‍ പൂര്‍ണ്ണ ലൈസന്‍സുമായി. ഒരു പത്തു മുപ്പതു കിലോമീറ്ററിനുള്ളില്‍ നടക്കുന്ന സര്‍വ്വ ഉത്സവങ്ങളും കാണുവാനുള്ള ലൈസന്‍സാണ് ഒറ്റ രാത്രി കൊണ്ടനുവദിച്ചു കിട്ടിയത്.
ഒരിക്കല്‍ ഞാനീ കഥ പറഞ്ഞപ്പോള്‍ എന്റെ ഒരു സ്നേഹിതന് മറ്റൊരു പ്രേത കഥ പറഞ്ഞു തന്നു. പത്തു നാലപ്തു വര്‍ഷം പഴയ കഥയാണ്. അദ്ദേഹത്തിന്റെ സ്നേഹിതനാണ് കഥയിലെ നായകന്. മൂപ്പര്‍ക്ക് വീട്ടില്‍ നിന്നും അധികം അകലെ അല്ലാതെ ഒരു പ്രേമം. പെണ്ണും ചെറുക്കനും ഒരുമിച്ച് പഠിച്ചവരാണ്, പക്ഷെ സാമ്പത്തിക നിലയില്‍ രണ്ടു കുടുംബങ്ങളും തമ്മില്‍ വലിയ അന്തരമാണ്. കല്യാണം നടക്കാന്‍ ഒരു സാധ്യതയുമില്ല. എന്നു മാത്രമല്ല പെണ്ണിന്റെ അച്ഛന് കപ്പടാ മീശക്കാരനായ ഒരു തടിമാടന്‍. അദ്ദേഹം വടക്കേ ഇന്ത്യയിലെവിടെയോ പട്ടാളത്തിലോ പോലീസിലോ ഒക്കെ ആയിരുന്നു. അവിടെ നിന്നു. പിരിഞ്ഞു പോന്നപ്പോള്‍ ബൂട്ട്സും, തോക്കും വാട്ടര്‍ ബോട്ടിലുമൊക്കെ തിരിച്ചു കൊടുത്തെങ്കിലും കൊമ്പന്മീശ കൂടെ വീട്ടിലേക്കു കൊണ്ടു പോന്നു. അദ്ദേഹത്തിന്റെ മീശ വെട്ടിയെടുത്താല്‍ മാത്രം മതി, ജന്മനാ പെന്‍സില്‍ മാര്‍ക്കായ നമ്മുടെ കഥാനായകനെ ജീവനോടെ ദഹിപ്പിക്കാന്‍. അതുകൊണ്ട് നായികാ നായകന്മാര് വളരെ രഹസ്യമായാണ് തമ്മില്‍ കാണുന്നത്. പെണ്‍കുട്ടിയുടെ വീടിന്റെ കിണറ്റിന്റെ കരയിലാണ് സമാഗമം. വെളുപ്പിന് അഞ്ചുമണിക്ക് പെണ്ണ് കുടവും കലവുമൊക്കെയായി വരും. കാമുകന് ഉള്ള ഊര്‍ജ്ജം മുഴുവന്‍ എടുത്തു പത്തു പതിനഞ്ച് കുടം വെള്ളം കോരിക്കൊടുക്കും. പരസ്പരം ദുഃഖം പങ്കു വച്ചു പിരിയും. പെണ്ണിന്റെ അമ്മയ്ക്കു കാര്യങ്ങളറിയാം, പെണ്ണിന് എന്തെങ്കിലും അസുഖമാണെങ്കിലോ, സ്ഥലത്തില്ലെങ്കിലോ ഒക്കെ വെള്ളം കോരാന്‍ ചെല്ലുന്നതവരാണ്. ഫയര്‍ എഞ്ചിന് മണിയടിച്ചു കൊണ്ടു വരുന്നതു പോലെ ആയമ്മ ഹരിനാമകീര്‍ത്തനം അല്പം ഉറക്കെചൊല്ലിക്കൊണ്ടാണു ചെല്ലുക. അതോടെ ആളുമാറിയെന്നു പയ്യനും മനസ്സിലാകും. അവന് മര്യാദയ്ക്കു വെള്ളവും കോരിക്കൊടുത്തു തിരിച്ചു പോകും. മുടങ്ങാതെ വെള്ളം കോരിക്കൊടുക്കുന്ന ചെറുക്കനോട് അമ്മായിഅമ്മയ്ക്കു സഹതാപവുമുണ്ട്. പക്ഷെ എന്തു ചെയ്യാന്‍ ഭര്‍ത്താവ് ഒരു രാക്ഷസനാണ്. വിവരമറിഞ്ഞാല്‍ തന്നെയും മകളെയും കൊന്ന് വീടിന് തീ വയ്ക്കാന്‍ പോലും മടിക്കില്ല.
അങ്ങിനിരിക്കെ അടുത്ത പറമ്പില്‍ ഒരാള്‍ തൂങ്ങി മരിച്ചു. സംഗതികള്‍ ആകെ തിരിഞ്ഞു. പെണ്ണും തള്ളയും പേടിച്ച് വെളിയിലിറങ്ങുന്നില്ല. പാവം കഥാനായകന് സര്‍വ്വ ദൈവങ്ങളെയും വിളിച്ച് കിണറ്റിന് കരയില്‍ മുടങ്ങാതെ കാവലിരിക്കുന്നുണ്ട്. കിഴക്കു വെള്ളകീറുമ്പോള്‍ സ്ഥലം വിടും. ഒരാഴ്ച കഴിഞ്ഞു ഒരു ദിവസം വെളുപ്പാന്കാലത്തു നായകന് വരുമ്പോള്‍ കിണറ്റിന് കരയില്‍ കപ്പി കരയുന്ന ശബ്ദം. പശ്ചാത്തലത്തില്‍ ഹരിനാമകീര്‍ത്തനം കേള്‍ക്കുന്നുമില്ല.. ആവേശഭരിതനായ അദ്ദേഹം പതുങ്ങി പതുങ്ങി വന്ന് വെള്ളം കോരുന്ന ആളിനെ പതുക്കെ ഒന്ന് കെട്ടിപ്പിടിച്ചു. പിടിയിലകപ്പെട്ട ആള് ഒരു കുടച്ചിലും, ‘അയ്യോ എന്നെ കൊല്ലുന്നേ’ എന്നൊരു വിളിയും കിണറ്റിലേക്കെടുത്തൊരു ചാട്ടവും ഒരുമിച്ചായിരുന്നു. അതു നമ്മുടെ മീശക്കാരന് വില്ലന്‍ ആയിരുന്നു. കുടച്ചിലിലില്‍ തെറിച്ചു പോയ നായകന് വെടി കൊണ്ട പന്നിയെപ്പോലെ പറമ്പില്‍ വട്ടം നീളം ഓടാന്‍ തുടങ്ങി. ശബ്ദം കേട്ട് ഓടി വന്ന നായികയും മാതാവും അര്‍ധബോധാവസ്ഥയില്‍ ഓടുന്ന നായകനെ തൂക്കിയെടുത്തു അടുക്കളയില്‍ പാതകത്തിനടിയില്‍ ഒളിപ്പിച്ചു. മീശയുടെ കനം കൊണ്ടോ, ആയുസ്സിന്റെ ബലം കൊണ്ടോ വെള്ളത്തില്‍ പൊങ്ങിക്കിടന്ന മീശക്കാരന് ഭാര്യ ഓടിച്ചെന്നു വെള്ളം കോരുന്ന തൊട്ടിയും കയറും കിണറ്റിലേക്കിട്ടു കൊടുത്തു. ഓടിക്കൂടിയ നാട്ടുകാര്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹത്തെ കരയ്ക്കെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഏതോ ഒരു ഘട്ടത്തില്‍ പാതകം പൊളിച്ചു പുറത്തു ചാടിയ കഥാനായകനും പങ്കാളിയായി. എന്നു മാത്രമല്ല പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അദ്ദേഹമാണ് നേതൃത്വം കൊടുത്തത്. കൂടുതല്‍ വിവരിക്കുന്നില്ല. അല്പസ്വല്പം ഉടക്കൊക്കെ ഉണ്ടായിരുന്നെങ്കിലും അധികം താമസിയാതെ കല്യാണം നടത്താന്‍ പ്രേതത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട അമ്മായിഅച്ഛന് സമ്മതിച്ചു.
ആറേഴു വര്‍ഷം കഴിഞ്ഞൊരിക്കല്‍ ഈ കഥ പറഞ്ഞു തന്ന സ്നേഹിതന് സുഹൃത്തായ കഥാനായകനെയും ഭാര്യയെയും കാണാന്‍ ചെല്ലുമ്പോള്‍ അവിടെ മീശക്കാരനും ഭാര്യയും വിരുന്നു വന്നിട്ടുണ്ട്. പ്രേതത്തിന്റെ പിടിയില്‍ നിന്ന് സ്വന്തം തന്റേടവും ബുദ്ധിശക്തിയുമുപയോഗിച്ച് രക്ഷപ്പെട്ട കഥ അപ്പൂപ്പന് കൊച്ചുമക്കള്‍ക്ക് പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുന്നു. തൊട്ടടുത്ത് അമ്മൂമ്മ ഒരു പുഴുങ്ങിയ ചിരിയുമായി ഇരുന്നു തലകുലുക്കുന്നുണ്ട്�.
ഈ കഥയെടുക്കുന്നവര്‍ക്ക് ഒരു ഗുണപാഠവും സൗജന്യമായുണ്ട്. പ്രേമകഥയും പ്രേതകഥയും തമ്മില്‍ കഷ്ടിച്ചൊരക്ഷരത്തിന്റെ അകലമേ ഉള്ളൂ. സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന് വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
ഹ ഹ, പാവം അപ്പുപ്പൻ
So hilarious… What is amazing is the observations made by Hari and his comments on them.. That’s what was missed in Malayalam literature of late.. Please keep it up Hari.. we should publish all these write ups as a book.. I am sure it will eclipse all works by our contemporary writers..
🙂 ഞാനും പണ്ട് പേടിച്ചിട്ടുണ്ട് ഇല്ലാത്ത കാൽ പെരുമാറ്റങ്ങളെ , നിഴലിനെ ,ചന്ദന തിരി ഗന്ധത്തെ…
Sir, love your sense of humour and the sense and the sensibility. There is a Muhammed Bashir like sweetness to your writing.