പൂച്ചസ്ഥാന്‍

ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ടെലിവിഷന്‍ ഇല്ലായിരുന്നു. ബാലമാസികകളും ചിത്രകഥകളും പോലും അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു ബാറ്റ്‌മാന്‍, സ്‌പൈഡര്‍മാന്‍, പോക്കിമോന്‍ തുടങ്ങിയ പോക്കിരി മാമന്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ ഉണ്ടായില്ല. എട്ടു പത്തു കൊല്ലം മുന്‍പ്‌ മാത്രമാണ്‌ ഇവരില്‍ ചിലരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടവന്നത്‌.

എന്റെ ഒരു സ്‌നേഹിതന്‍ വീടു വയ്‌ക്കാന്‍ തീരുമാനിച്ചു. കടം വാങ്ങിയും, ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും തരിശായിക്കിടന്ന അഞ്ചു സെന്റ്‌ വയല്‍ വാങ്ങി. മണ്ണിട്ടു നികത്താന്‍ തുടങ്ങിയപ്പോള്‍ ഒരു ഫോണ്‍ കോള്‍. സ്‌പൈഡര്‍മാന്‍ ബിജുവാണു വിളിക്കുന്നത്‌. മണ്ണിട്ടു നികത്തുമ്പോള്‍ ലോറി ഒന്നിനു നൂറു രൂപ കൊടുക്കണം. നീണ്ട വിലപേശലിനൊടുവില്‍ 50 രൂപയ്‌ക്കു കച്ചവടം ഉറപ്പിച്ചു. അപ്പോള്‍ ദാ വരുന്നു മറ്റൊരു ഫോണ്‍. “അവന്‍ പറയുന്നതു കേട്ടു മണ്ണടിക്കരുത്‌. എനിക്കു ലോഡിനു നൂറു രൂപ തന്നില്ലെങ്കില്‍ കാര്യം കുഴപ്പമാവും”. ഈ വിളിക്കുന്നത്‌ ബാറ്റ്‌മാന്‍ ഷാജി. സഹികെട്ട സ്‌നേഹിതന്‍ നാട്ടില്‍ നിന്ന്‌ അമ്മായി അപ്പന്‍ റിട്ടയേഡ്‌ എ.എസ്‌.ഐ. ഫാന്റം മത്തായിയെ കൊണ്ടു വന്നു ലോക്കല്‍ പോലീസുമായി ചര്‍ച്ചയൊക്കെ നടത്തി എങ്ങിനെയോ പ്രശ്‌നം പരിഹരിച്ചു.

സ്‌പൈഡര്‍മാനും ബാറ്റ്‌മാനും ഇല്ലായിരുന്നെങ്കിലും ഞങ്ങളുടെ കുട്ടിക്കാലം അത്ര മോശമല്ലായിരുന്നു. അതിനൊക്കെ പകരം സാക്ഷാല്‍ എട്ടു കാലിയും, വവ്വാലും തൊട്ട്‌ പൂച്ചക്കുട്ടിയും അണ്ണാറക്കണ്ണനും, മൈനയും, തത്തയുമൊക്കെ ആയി ഒരുപാടു ജീവികള്‍ക്കിടയിലാണു ഞങ്ങള്‍ വളര്‍ന്നത്‌. പിന്നെ കാരൂരും, മാലിയും, സുമംഗലയും, നരേന്ദ്രനാഥുമൊക്കെ എഴുതിയ കുട്ടിക്കഥകളിലെ മനുഷ്യത്വമുള്ള മനുഷ്യകഥാപാത്രങ്ങളും, അവരേക്കാള്‍ മര്യാദക്കാരായ കുറിഞ്ഞിപ്പൂച്ചയും, പാണ്ടന്‍ നായയും തൊട്ട്‌ ആനയും, സിംഹവും വരെയുള്ള കഥാപാത്രങ്ങളും ആയിരുന്നു ഞങ്ങളുടെ കൂട്ടുകാര്‍. ഈ കഥകളൊക്കെ വായിച്ചു വളരുന്ന കുട്ടികള്‍ക്ക്‌ പട്ടിയെയും പൂച്ചയെയുമൊക്കെ വളര്‍ത്തണമെന്നു കൊതിയാവും. പക്ഷെ വീട്ടുകാര്‍ സമ്മതിക്കണ്ടേ? പൂച്ചരോമം വയറ്റില്‍ പോയാല്‍ ഭ്രാന്തു വരും, പൂച്ചയെ തല്ലിയാല്‍ കൈയ്യ്‌ വിറയ്‌ക്കും തുടങ്ങിയ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറഞ്ഞു പേടിപ്പിച്ചു മൂലയ്‌ക്കിരുത്തും. ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ഞാന്‍ ഈ വിലക്കുകളൊക്കെ മറികടന്ന്‌ ഒരു പൂച്ചക്കുട്ടിയെ എവിടെ നിന്നോ കൊണ്ടു വന്ന്‌ വളര്‍ത്താന്‍ തുടങ്ങി. അധികം താമസിയാതെ അവനെ ഒരു കണ്ടന്‍ പൂച്ച കടിച്ചു കൊന്നു. അതോടെ പൂച്ച വളര്‍ത്തല്‍ എന്ന അധ്യായം എന്നെന്നേക്കുമായി അടഞ്ഞു.

കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്‌ മൂന്നു മൂന്നര പതിറ്റാണ്ടുകള്‍ക്കു ശേഷമാണ്‌. ഭാര്യയും ഞാനും കൂടി ഒരു വീടു വച്ചു. താമസവും തുടങ്ങി. അല്‌പം ഒഴിഞ്ഞ പ്രദേശമാണ്‌. അടുത്തുള്ള മൂന്നു നാലു പറമ്പുകള്‍ ഒഴിഞ്ഞു കിടക്കുന്നതു കൊണ്ട്‌ അത്യാവശ്യം പക്ഷികളുണ്ട്‌. പൊതുവേ ശാന്തമായ സ്ഥലം. ഇടയ്‌ക്കെന്തോ കാര്യത്തിന്‌ ഒരാഴ്‌ച ഞാന്‍ ഒന്നു വടക്കേ ഇന്ത്യ വരെ പോകേണ്ടി വന്നു. മടങ്ങി വരുമ്പോള്‍ മുറ്റത്ത്‌ ഒരു പൂച്ചക്കുട്ടി ഇരിക്കുന്നു. ഭാര്യയും മകളും വരാന്തയുടെ രണ്ടറ്റത്തായി ഇരിക്കുന്നുണ്ട്‌. രണ്ടു പേരുടെയും ഇരിപ്പു കണ്ടാല്‍ പൂച്ചക്കുട്ടിയേക്കാള്‍ സാധുക്കള്‍. പൂച്ചക്കുട്ടി ഇരിക്കുന്ന കാര്യം അവര്‍ അറിഞ്ഞിട്ടു പോലുമില്ല. അതൊക്കെ കണ്ടപ്പോള്‍ എനിക്കു തോന്നി, ഇതെവിടുന്നോ വലിഞ്ഞു കയറി വന്ന പൂച്ചക്കുട്ടിയാണ്‌. കയ്യോടെ ഓടിച്ചു വിടാം എന്നു കരുതി ഞാന്‍ പെട്ടി താഴെ വച്ച്‌ അടുത്തേക്കു ചെന്നപ്പോള്‍ പുച്ചക്കുട്ടി ദാ വീടിനുള്ളിലേക്കോടുന്നു. വാതില്‍ കടന്ന ഉടന്‍ അവിടെ നിന്ന്‌ തല തിരിച്ചെന്നെ നോക്കി വാല്‍ ചുഴറ്റി കരയാന്‍ തുടങ്ങി, “ചുണയുണ്ടെങ്കില്‍ വാടാ” എന്ന്‌. അപ്പോള്‍ ഭാര്യ വളരെ മധുരമായി പറഞ്ഞു. “അതിനെ പേടിപ്പിക്കാതെ, നല്ല അനുസരണയുള്ള പൂച്ചക്കുട്ടി. നമ്മള്‍ എടുത്തു കൊടുക്കാതെ ഒരു സാധനം കഴിക്കില്ല”. അതു ശരി, അപ്പോള്‍ പൂച്ച വീട്ടിനുള്ളില്‍ കുടികിടപ്പായിട്ട്‌ ഒരാഴ്‌ചയായിക്കാണും. താനിരിക്കണ്ടടത്തു താനിരുന്നില്ലെങ്കില്‍ നായ കയറി ഇരിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്‌. നായ മാത്രമല്ല പൂച്ചയും കയറി ഇരുന്നേക്കാം എന്നിപ്പോഴാണു മനസ്സിലായത്‌ !

സത്യത്തില്‍ ഒരു പൂച്ചയെ വളര്‍ത്തണമെന്ന്‌ എനിക്കും ഇടക്കാലത്തു തോന്നിയതാണ്‌. ആവശ്യത്തിന്‌ ബലാത്സംഗവും, കൊലപാതകവുമൊക്കെ കിട്ടാതെ വരുമ്പോള്‍ ചില പത്രങ്ങള്‍ സാഹിത്യകാരന്മാരുടെ പൂച്ച, ശാസ്‌ത്രജ്ഞന്‍മാരുടെ പൂച്ച, നര്‍ത്തകിമാരുടെ പൂച്ച എന്നൊക്കെ ഫീച്ചര്‍ തയ്യാറാക്കി വിടുമല്ലോ. അങ്ങിനെ ചിലതു വായിച്ചപ്പോഴാണ്‌ ഇടയിളക്കമുണ്ടായത്‌. പക്ഷെ ഇത്തരം കാര്യങ്ങളില്‍ സ്ഥിരമായി ഉപദേശിക്കുന്ന ദില്ലിവാസിയും പ്രായോഗികമതിയും ആയ സ്‌നേഹിതന്‍ എന്നെ നിരുത്സാഹപ്പെടുത്തി. “എടാ, സാഹിത്യകാരന്‍ പൂച്ചയെ വളര്‍ത്തുന്നത്‌ എലിയും പാറ്റയും കടലാസ്‌ വെട്ടാതിരിക്കാനാണ്‌. നര്‍ത്തകി ഡാന്‍സിന്റെ വേഷങ്ങള്‍ എലി വെട്ടാതിരിക്കാന്‍, ശാസ്‌ത്രജ്ഞന്‍ കംപ്യൂട്ടറിന്റെ വയര്‍ കരളാതിരിക്കാന്‍. നിനക്കെന്തിനാ ഈ മാരണം?” ചോദ്യത്തിന്‌ കൃത്യമായ ഉത്തരം ഇല്ലാഞ്ഞതു കൊണ്ട്‌ ഞാന്‍ ആശയം ഉപേക്ഷിച്ചതാണ്‌ എന്നാലും വരാനുള്ളതിന്‌ വഴിയില്‍ തങ്ങാന്‍ പറ്റില്ലല്ലോ. ദാ പൂച്ച സ്ഥാനാരോഹണം നടത്തി ഭരണം തുടങ്ങിയിരിക്കുന്നു.

പിറ്റേ ദിവസം മുതല്‍ പൂച്ചയുടെ ഗുണഗണങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കാന്‍ തുടങ്ങി. ‘സാധാരണ പൂച്ചയല്ല, അതീവ ബുദ്ധിമതിയാണ്‌. ടെലിവിഷനില്‍ നാഷണല്‍ ജ്യോഗ്രഫിക്‌ ചാനലിലോ മറ്റോ വല്ല എലിയെയോ കിളിയെയോ കണ്ടാല്‍ പിന്നെ അവിടെ നിന്നു മാറില്ല. എന്തൊരു ശബ്ദമാണ്‌! ശ്രദ്ധിച്ചു നോക്കിയാല്‍ വീണാ നാദം പോലെയുണ്ട്‌്‌. എന്തൊരു കൃത്യ നിഷ്‌ഠയാണ്‌!’ എനിക്കാദ്യം എവിടെയാണീ കൃത്യ നിഷ്‌ഠയെന്നു മനസ്സിലായില്ല. ഒടുവില്‍ പിടി കിട്ടി. പൂച്ചയുടെ ഏക പ്രാഥമിക ആവശ്യമായ വിസര്‍ജ്ജനത്തിന്റെ സമയത്തിലാണ്‌ കൃത്യനിഷ്‌ഠ കണ്ടെത്തിയിരിക്കുന്നത്‌.

വീടിന്റെ ടെറസ്സില്‍ കുറച്ചു ചെടികള്‍ വളര്‍ത്തിയിരുന്നു. കിളികളും അണ്ണാറക്കണ്ണന്മാരുമൊക്കെ വല്ലപ്പോഴും വരുമായിരുന്നു. പൂച്ച വിളയാട്ടം തുടങ്ങിയതോടെ അവ വരവു നിര്‍ത്തി. പക്ഷെ കാരണം പൂച്ചയാണെന്നു വീട്ടിലെ പൂച്ചപ്രേമികള്‍ സമ്മതിക്കുന്നില്ല. അങ്ങിനെയിരിക്കുമ്പോള്‍ ഗോവണിച്ചുവട്ടില്‍ ഒരനാഥ ശവം. ഒരണ്ണാറക്കണ്ണനാണ്‌ മരിച്ചിരിക്കുന്നത്‌. ഞാന്‍ ഭാര്യയെയും മകളെയും വിളിച്ചു വരുത്തി പൂച്ചയുടെ ക്രൂരകൃത്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. അവര്‍ ഉത്തരമില്ലാതെ നിന്നു പരുങ്ങുന്നു.

അപ്പോള്‍ ഭാര്യയെ പിന്തുണയ്‌ക്കാന്‍ ഒരാളെത്തി. ജൈവകര്‍ഷകരുടെ ഭാഷ കടമെടുത്താല്‍ അടുക്കളയില്‍ നിന്നാണ്‌ ആ മിത്രകീടം പറന്നു വന്നത്‌. വന്നയാള്‍ ഭാര്യയുടെ സ്ഥിരം ഗാര്‍ഹിക സഹായിയും എന്റെ സ്ഥിരം ശത്രുവുമാണ്‌. എന്നോടുള്ള ശത്രുതയ്‌ക്കു കാരണം ലളിതമാണ്‌. ടെറസ്സിലെ എന്റെ കൃഷി അവരുടെ ജോലി ഭാരം ഇരട്ടിയാക്കുന്നുവത്രേ. മൂപ്പത്തിയാര്‍ അണ്ണാനെ ഒരു കടലാസു കഷണം കൂട്ടി പിടിച്ചു വാലില്‍ തൂക്കിയെടുത്തു കൊണ്ടു പോയി. തെളിവു നശിപ്പിച്ചതിനു പുറമേ, ഒരു പറ്റം ചോദ്യങ്ങളുമായാണു തിരിച്ചു വന്നത്‌. “പൂച്ചയെ വളര്‍ത്തുന്നത്‌ എലിയെ പിടിക്കാനല്ലേ? എലീം, അണ്ണീമായെന്താ വ്യത്യാസം? വാലില്‍ കുറച്ചു രോമമുണ്ടെന്നു വച്ച്‌ ? രണ്ടും ഉപദ്രവം തന്നെയല്ലേ ? അണ്ണാനും, എലിയും : ഒരു സാമൂഹ്യ, രാഷ്ട്രീയ, ജീവശാസ്‌ത്ര, പാരിസ്ഥിതിക താരതമ്യ പഠനം എന്ന ആ പ്രഭാഷണം തനി തിരുവനന്തപുരം ശൈലിയില്‍ കത്തിക്കയറുകയാണ്‌. തര്‍ക്കിച്ചിട്ടു കാര്യമില്ല. പോത്തും ആനയുമായെന്താ വ്യത്യാസം, മുന്‍പിലും ഒരു വാലും കുറച്ചു കൂടുതല്‍ തടിയും ഉണ്ടെന്നല്ലേ ഉള്ളൂ എന്നു വാദിക്കാന്‍ മടിക്കാത്ത കക്ഷി ആണ്‌. ഞാന്‍ പരാജയം സമ്മതിക്കാതെ പിന്‍വാങ്ങി.

ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ പൂച്ചയെ കാണാനില്ല. ഞങ്ങള്‍ പരിസരത്തൊക്കെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരമായപ്പോള്‍ ഭാര്യയ്‌ക്കു ചെറിയൊരാശങ്ക. പൂച്ച പോകുന്നതിനു മുന്‍പൊന്നു മാന്തിയോ? പാടൊന്നും കാണുന്നില്ല. പേവിഷ ബാധയ്‌ക്കു വളരെ നേരിയ പോറല്‍ മതി. ഒരു വലിയ പാക്കറ്റ്‌ ഉപ്പേരിയുമായി ഭാര്യ ഇന്റര്‍നെറ്റില്‍ ഗവേഷണം തുടങ്ങി. പാതിരാ കഴിഞ്ഞപ്പോള്‍ വന്നുറങ്ങാന്‍ കിടന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല, എന്റെ നട്ടെല്ല്‌ ആരോ തൊഴിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ കണ്ണു തുറന്നില്ല. പാതിരായ്‌ക്കു വീട്ടില്‍ കിടന്നുറങ്ങുന്നവനെ തൊഴിക്കുന്നത്‌ സ്വന്തം ഭാര്യയല്ലാതെ വേറെ ആരാവാന്‍ ? കള്ളന്‍മാര്‍ നമ്മളെ ഉണര്‍ത്താന്‍ ശ്രമിക്കില്ലല്ലോ. അല്‌പം കഴിഞ്ഞു ഭാര്യ നിലവിളിച്ചു കൊണ്ട്‌ ചാടിയെഴുന്നേറ്റു. ഞാന്‍ ചോദിച്ചു “എന്തു പറ്റി?” “എന്നെ ആരോ എടുത്തു കൊണ്ടു പോകുന്നതായി സ്വപ്‌നം കണ്ടു”. ഞാന്‍ സമാധാനിപ്പിച്ചു. “ഉപ്പേരിക്കച്ചവടക്കാരുടെ സംഘടനകള്‍ വല്ലതും ആദരിക്കാന്‍ എടുത്തു കൊണ്ടു പോകുന്നതായിരിക്കും”. ഭാര്യ തമാശ പറയാനുള്ള മൂഡിലല്ല. “ഞാന്‍ പേയ്‌ പിടിച്ചു മരിച്ചെന്നാണു സ്വപ്‌നം കണ്ടത്‌”. ഞാന്‍ ഞെട്ടിപ്പോയി ദൈവമേ, ഇതിനാണോ പേക്കിനാവെന്നു പറയുന്നത്‌? ഇതെങ്ങോട്ടാണു പോക്ക്‌?

രാവിലെ ഉണരുമ്പോള്‍ ഭാര്യ വാഷ്‌ ബേസിനിലെ ടാപ്പ്‌ തുറന്നു വെള്ളത്തില്‍ നോക്കി നില്‌ക്കുകയാണ്‌. പേയിളകിയോ എന്നു അദ്ദേഹത്തിനൊരു സംശയം. പക്ഷെ തലേ ദിവസം മാന്തിയാല്‍ പിറ്റേ ദിവസം ഇളകുമെന്ന്‌ ഇന്റര്‍നെറ്റില്‍ കാണുന്നുമില്ല. എന്തിനധികം ? പേ വിഷത്തിനുള്ള ഒറ്റ കുത്തി വയ്‌പിനത്തില്‍ പോയതു മൂവായിരം രൂപ. അപ്പോള്‍ ഈ തെരുവു പട്ടികളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനകളില്‍ ചിലതിനെയെങ്കിലും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ മരുന്നു കമ്പനികളായിരിക്കണം. ഇല്ലെങ്കില്‍ ഇത്ര വില ഇടണ്ട കാര്യമില്ലല്ലോ, മാത്രമല്ല തെരുവില്‍ അലയുന്ന പശു, കാള, പോത്ത്‌, ഒന്നിനെയും സംരക്ഷിക്കാന്‍ ആരുമില്ല താനും. കുത്തി വയ്‌പു കഴിഞ്ഞ്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ദാ തിരിച്ചു വന്നിരിക്കുന്നു, വീടു വിട്ടു പോയ പൂച്ച. ഒരു ഭാവഭേദവുമില്ല. വന്നു നേരെ അടുക്കളയിലേക്കു പോയി !

പോഷകാഹാരങ്ങള്‍ ധാരാളം കഴിക്കുന്നതു കൊണ്ടും ചുറ്റുവട്ടത്ത്‌ ഒരു പൂച്ച പാര്‍ക്കോ, പൂച്ച ഗ്രാമമോ, സ്ഥാപിക്കാന്‍ ആവശ്യമായത്ര കണ്ടന്‍ പൂച്ചകളുള്ളതു കൊണ്ടും ആറുമാസം പ്രായമായപ്പോള്‍ തന്നെ നമ്മുടെ പൂച്ചക്കുഞ്ഞു പ്രസവിച്ചു തുടങ്ങി. നാലു കുഞ്ഞുങ്ങള്‍. ഈ വംശവര്‍ധനവ്‌ ഇത്രപെട്ടെന്നു തീക്ഷിച്ചിരുന്നില്ല. അടുത്ത ദിവസം നോക്കുമ്പോള്‍ മകള്‍ രാവിലെ സ്‌കൂള്‍ യൂണിഫോമില്‍ പൂച്ചക്കുഞ്ഞുങ്ങള്‍ കിടക്കുന്ന കാര്‍ഡ്‌ ബോര്‍ഡു പെട്ടിയ്‌ക്കരികില്‍ പമ്മിയിരിക്കുന്നു. കയ്യില്‍ ഒരു ഡിജിറ്റല്‍ ക്യാമറയുമുണ്ട്‌. “ഞാന്‍ ഇതിന്റെ ചൈല്‍ഡ്‌ ഹുഡ്‌ ഒന്നു ഡോക്യുമെന്റ്‌ ചെയ്യട്ടെ. നമ്മുടെ പൂച്ചക്കുഞ്ഞ്‌ ആദ്യമായി അപ്പി ഇടുകയാണ്‌”. നല്ല കാര്യം. ക്യാമറ കൊണ്ട്‌ അങ്ങിനെ ഒരു പ്രയോജനമുണ്ടായല്ലോ.

ഡിജിറ്റല്‍ ക്യാമറയ്‌ക്കു പിന്നില്‍ ഒരു കഥയുണ്ട്‌. ഒരു ദിവസം മകള്‍ സ്‌കൂളില്‍ നിന്നു പാഞ്ഞു വന്ന്‌ ഗേറ്റ്‌ വലിച്ചു തുറന്നു പ്രവേശിക്കുന്നു. ജനലിലൂടെ ഈ കാഴ്‌ച കണ്ട ഞാന്‍ വെടിയേല്‌ക്കാന്‍ തയ്യാറായി ബുള്ളറ്റ്‌ പ്രൂഫ്‌ ഉടുപ്പെടുത്തിട്ടു. അവളുടെ ആദ്യ ചോദ്യം “എന്റെ ചെറുപ്പം ഡോക്യുമെന്റ്‌ ചെയ്‌തിട്ടുണ്ടോ? ടീച്ചര്‍ പ്രോജക്ട്‌ തന്നിരിക്കുന്നു. ഞാന്‍ എന്തു ചെയ്യും? ” ഞാന്‍ പറഞ്ഞു “മനസ്സിലായില്ല”. ” എന്റെ ചോറൂണിന്റെ പടമുണ്ടോ ?” ഞാന്‍ പറഞ്ഞു, “ചോറു കണ്ടപാടെ നീ വാരി വിഴുങ്ങി, പടമെടുക്കാന്‍ സമയം തന്നില്ല”. അടുത്ത ചോദ്യം “കാതുകുത്തിന്റെ പടം?” “അത്‌ ഏതോ കടയില്‍ വച്ചായിരുന്നു. നീ അവിടം കൂവി വെളുപ്പിച്ചു. കൊണ്ടു പോയ അമ്മൂമ്മയും, കടക്കാരനും ജയിലില്‍ പോകാഞ്ഞതു ഭാഗ്യം!”. “ശരി വിദ്യാരംഭം” ? ഏതോ സാംസ്‌കാരിക സ്ഥാപനത്തിലെ കൂട്ട എഴുത്തിനിരുത്തിനാണു കൊണ്ടു പോയത്‌. നിരത്തിയിരുത്തി ലൈറ്റടിച്ചു വായില്‍ കയ്യിട്ടപ്പോള്‍ പല്ലു പറിക്കാനാണെന്നു വച്ചു പിള്ളേര്‍ വിരലില്‍ കടിച്ചു തൂങ്ങുന്ന ബഹളമായിരുന്നു അവിടെ. അതിനിടയ്‌ക്കെങ്ങനെ പടമെടുക്കാന്‍?

“ഞാന്‍ ഭാവിയില്‍ ഒരു വലിയ ആളായാല്‍ ചെറുപ്പത്തിലെ പടങ്ങള്‍ക്കെന്തു ചെയ്യും?” “അതിനൊക്കെ ഏജന്‍സികളുണ്ട്‌. അവര്‍ നിന്റെ ചെറുപ്പത്തിലെ കുസൃതികള്‍, തമാശകള്‍, സങ്കടങ്ങള്‍, സ്വപ്‌നങ്ങള്‍, കടുത്ത രോഗങ്ങളില്‍ നിന്നും, അപകടങ്ങളില്‍ നിന്നുമൊക്കെ അത്ഭുതകരമായി രക്ഷപ്പെട്ടത്‌ എല്ലാം ചിത്രങ്ങള്‍ സഹിതം തയ്യാറാക്കിത്തരും” ഞാന്‍ സമാധാനിപ്പിച്ചു..

“വേണ്ട ഞാന്‍, തന്നെ എടുത്തോളാം. ഇന്നു തന്നെ ഒരു ക്യാമറ വേണം”. അങ്ങിനെ യുദ്ധം ചെയ്‌തു വാങ്ങിയ ക്യാമറയാണ്‌ ഇപ്പോള്‍ പൂച്ചക്കുട്ടിയുടെ പുറകില്‍ ഘടിപ്പിച്ചിരിക്കുന്നത്‌.

വീണ്ടുമൊരു നാലഞ്ചു മാസം കഴിഞ്ഞു. ഓണക്കാലമായി. ദാ വരുന്നു വീണ്ടും നാലു പൂച്ചക്കുട്ടികള്‍. ഒരു കാര്യം മനസ്സിലായി. നമ്മുടെ പൂച്ചക്കുട്ടി വെറുമൊരു പൂച്ചക്കുട്ടിയല്ല, ഒരു പൂച്ച ഫാക്ടറി തന്നെയാണ്‌. ഭാര്യ ഓട്ടം തുടങ്ങി. ആകെ ഒന്‍പതു പൂച്ചകള്‍. അധികം താമസിയാതെ ക്രിസ്‌തുമസ്‌ റിലീസും വിഷു റിലീസും ഉണ്ടാവും. ഊര്‍ജ്ജിത പൂച്ച വിതരണ പരിപാടി ആരംഭിച്ചു. സുഹൃത്തുക്കള്‍ പലരും പൂച്ചക്കുഞ്ഞു തലയില്‍ കെട്ടി വയ്‌ക്കപ്പെടുമോ എന്നു പേടിച്ചു വീട്ടില്‍ വരാതായി. അഞ്ചു പൂച്ചകളെ എങ്ങിനൊക്കെയോ ചെലവാക്കി. അവശേഷിക്കുന്ന രണ്ടു പെണ്‍പൂച്ചകള്‍ എപ്പോള്‍ വേണമെങ്കിലും പ്രസവിക്കാമെന്ന ഭീതിയുടെ നിഴലില്‍ ജീവിതം മുന്നോട്ടു പോകുകയാണ്‌.

ഒരു ദിവസം സന്ധ്യയ്‌ക്കു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ ഭാര്യ ഒരു മുറിയില്‍ നിലത്തു പായവിരിച്ചു കിടക്കുന്നു. ഒരു വശത്തേയ്‌ക്കു ചരിഞ്ഞാണ്‌ കിടക്കുന്നത്‌. അടുത്തൊരു കുട്ടിയുമുണ്ട്‌. ‘ദൈവമേ, പൂച്ചയെ കണ്ടു പഠിച്ച്‌ ഭാര്യയും മുമ്മൂന്നു മാസം കൂടുമ്പോള്‍ പ്രസവിക്കാന്‍ തുടങ്ങിയോ? ഞാന്‍ ചാടി റൂമിലെ ലൈറ്റിട്ടു. ആശ്വാസം മനുഷ്യ കുട്ടിയല്ല അതു നമ്മുടെ ആദ്യ പൂച്ചയാണ്‌.. ഭാര്യ കിടന്ന കിടപ്പില്‍ തിരിഞ്ഞു നോക്കി, അടിയന്തിരമായി കുറെ ആംഗ്യങ്ങള്‍ കാണിച്ചു. ‘ലൈറ്റു നിര്‍ത്തണം, ശബ്ദം ഉണ്ടാക്കരുത്‌, പെരുവിരലില്‍ കുത്തി നടക്കണം, പെട്ടെന്നു രണ്ടു കപ്പു ചായ ഉണ്ടാക്കിക്കൊണ്ടു വരണം…’. ആംഗ്യങ്ങളിലേക്കു മടങ്ങിയതിന്റെ പൊരുളറിഞ്ഞതു ചായ റെഡിയായിക്കഴിഞ്ഞാണ്‌. പൂച്ചയെ വന്ധ്യം കരണ ശസ്‌ത്രക്രിയയ്‌ക്കു കൊണ്ടു പോയി. വയറ്റില്‍ പാതി വളര്‍ച്ചയെത്തിയ നാലു കുട്ടികളുണ്ടായിരുന്നു. അതുകൊണ്ടു മൈനര്‍ ശസ്‌ത്രക്രിയ മേജര്‍ ശസ്‌ത്രക്രിയ ആയിപ്പോയി. ഇനി ഏഴു ദിവസത്തേക്കു പൂച്ച അനങ്ങാതെ കിടക്കണം. ഇപ്പോള്‍ മയക്കി കിടത്തിയിരിക്കുകയാണ്‌. ചാടി എഴുന്നേല്‍ക്കാതിരിക്കാന്‍ ഭാര്യ കൂട്ടു കിടക്കുന്നു.

ഇടയ്‌ക്കൊരു കാര്യം പറയട്ടെ. വീട്ടില്‍ പൂച്ചമാത്രമല്ല പട്ടികളുമുണ്ട്‌. അതു തുടങ്ങിയത്‌ ഒരു പോമറേനിയന്‍ പട്ടിയുമായാണ്‌. മകള്‍ വിഷുക്കൈനീട്ടം കൂട്ടി വച്ചു വാങ്ങിയതാണ്‌. പക്ഷെ ഭാര്യയുടെ സ്‌നേഹപ്രകടനങ്ങളില്‍ കുടുങ്ങി പട്ടി കാലുമാറി. ഭാര്യയെ യജമാനത്തിയായി സ്വീകരിച്ചു. ഭാര്യയുടെ കസേരയുടെ കീഴിലാണ്‌ പട്ടിയുടെ വാസം. ഭാര്യ പോയിക്കഴിഞ്ഞാല്‍ അമ്മയുടെ കട്ടിലിനടിയിലാവും. അമ്മയും സ്ഥലത്തില്ലെങ്കില്‍ എന്റെ കാല്‍ച്ചുവട്ടിലെത്തും. ഞാനും ഇല്ലെങ്കില്‍ മകളുടെ അടുത്തു കാണും. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടിലെ അധികാര ഘടന പട്ടി കൃത്യമായി പഠിച്ചു വെച്ചിരിക്കുന്നു. വീട്ടിലോ പരിസരത്തോ ആരു വന്നാലും ആദ്യം അറിയുന്നത്‌ പട്ടി ആണ്‌. കുരച്ചു തകര്‍ക്കും. പക്ഷെ ഒറ്റയ്‌ക്കിരിക്കാന്‍ പേടിയുമാണ്‌. ഒരാഴ്‌ച മുഴുവന്‍ പുറത്തെ വരാന്തയിലിട്ടു നോക്കി. പട്ടി ഒരു നാടു മുഴുവന്‍ നിലവിളിച്ചുണര്‍ത്തിക്കളഞ്ഞു.

അധികം താമസിയാതെ മറ്റൊരു കാഴ്‌ച കണ്ടു. ഭാര്യയും കടുത്ത മൃഗസ്‌നേഹിയായ ഞങ്ങളുടെ ഒരു കുടുംബ സുഹൃത്തും ചേര്‍ന്ന്‌ അടുത്ത പറമ്പിലേക്കെന്തോ കെട്ടിയിറക്കുന്നു. ഇരുട്ടാണ്‌. പക്ഷെ രണ്ടു പേരും ഒരേ വേഗതയില്‍ ഓരോ കയര്‍ അയച്ചു കൊടുക്കുന്നതു കാണാം. പതിവു പോലെ നിശ്ശബ്ദത പാലിക്കാന്‍ എനിക്ക്‌ ആംഗ്യ ഭാഷയിലൂടെ തന്നെ നിര്‍ദ്ദേശം വന്നു. ഒടുവില്‍ ഒരു ലോഹപാത്രം നിലത്തു തട്ടുന്ന ശബ്ദം കേട്ടു.

പണ്ട്‌ ഞാന്‍ നഴ്‌സറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ അതിനു തൊട്ടടുത്ത്‌ ഒരു കോളേജിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അവിടെയാണ്‌ ആദ്യമായി ഒരു ലിഫ്‌്‌റ്റ്‌ കാണുന്നത്‌. സിമെന്റും മണലുമൊക്കെ ഒരു ചെറിയ കൈവണ്ടിയിലാക്കി ഒരു തട്ടില്‍ വച്ചിട്ട്‌ മുകളിലേക്കു നോക്കി ഒരു ആംഗ്യം കാണിക്കുമ്പോള്‍ അതു ശൂ എന്നു മേലോട്ടു പോകുമായിരുന്നു. ഇതു കണ്ട്‌ തിരിച്ചു വന്ന്‌ ഞാനും ചേച്ചിയും കൂടി ഒരു പഴയ മൂടു പോയ ചീനച്ചട്ടിയില്‍ കയര്‍ കെട്ടി, വീട്ടിലെ കുലയ്‌ക്കാറായ രണ്ട്‌ ഏത്തവാഴകളുടെ കവിളിലൂടെ ഇട്ടു വലിച്ചു പൊക്കി ലിഫ്‌റ്റ്‌ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. വാഴയ്‌ക്ക്‌ ചില്ലറ കേടുപാടുകളേ പറ്റിയുള്ളൂ. പക്ഷെ എനിക്ക്‌ ആ ഇടപാടില്‍ സാമാന്യം നല്ല പരിക്കു പറ്റി.

വന്‍ പട്ടണത്തില്‍ ഫ്‌ളാറ്റില്‍ വളര്‍ന്ന ഭാര്യയ്‌ക്ക്‌ ചെറുപ്പത്തില്‍ ഇതിനൊന്നും അവസരം കിട്ടിക്കാണില്ല, ഇപ്പോള്‍ അരക്കൈയ്യ്‌ നോക്കുകയായിരിക്കും എന്നു വിചാരിച്ചു ഞാന്‍ നില്‌ക്കുമ്പോള്‍ ഭാര്യ അടുത്തു വന്ന ശബ്ദം താഴ്‌ത്തി പറഞ്ഞു. ‘പാവം അതുങ്ങളവിടെ പട്ടിണിയല്ലേ? ഇവിടെ ഇതുങ്ങളു കഴിക്കുന്ന മണം ചെല്ലുമ്പോള്‍ അതുങ്ങള്‍ക്കും കൊതി വരില്ലേ? …. ഞാന്‍ മതിലിനു മുകളിലൂടെ എത്തി നോക്കി. നാലു തെരുവു പട്ടിക്കുഞ്ഞുങ്ങള്‍ അശോകസ്‌തംഭത്തെ അപമാനിക്കുന്ന മട്ടില്‍ തല നാലും ഒരു ചട്ടിയിലിട്ടു പിന്‍ഭാഗം നാലു വശത്തേയ്‌ക്കു പിടിച്ചു നിന്നു ഭക്ഷണം കഴിക്കുന്നു. എന്നെ മൂന്നു നാലു തവണ പട്ടി കടിച്ചിട്ടുണ്ട്‌. അതുകൊണ്ടു പട്ടികളോടോ, പട്ടി പ്രേമികളോടോ ക്ഷമിക്കാന്‍ ഞാന്‍ തയ്യാറല്ല. ഭാര്യയെ രൂക്ഷമായി ഒന്നു നോക്കി. ഭാര്യ ഇരുട്ടത്തതു കണ്ടില്ലെന്നു ഭാവിച്ചു. !

മൊത്തത്തില്‍ എനിക്കു വട്ടായി. ഞാന്‍ ഹൈദരാബാദില്‍ താമസിക്കുന്ന എന്റെ പഴയ സഹപാഠിയും മൃഗസ്‌നേഹിയുമായ ഒരു വനിതയെ വിളിച്ചു. ഭാര്യയുടെ മൃഗസ്‌നേഹം അല്‌പമൊന്നു കുറയ്‌ക്കാന്‍ ഉപദേശിക്കണമെന്നഭ്യര്‍ത്ഥിച്ചു. പക്ഷെ അവര്‍ ഉപദേശിച്ചത്‌ എന്നെയാണ്‌. “സാരമില്ലെടോ, എന്റെ പട്ടി മൃഗാശുപത്രിയിലെ തുറന്ന ഷെഡില്‍ പതിനഞ്ചു ദിവസം കിടന്നിട്ടാണു മരിച്ചത്‌. അവള്‍ ഒറ്റയ്‌ക്കാണല്ലോ എന്നോര്‍ത്തിട്ടെനിക്കുറക്കം വന്നില്ല. പിന്നെ ഞാനും ഒരു ബെഞ്ചു പിടിച്ചിട്ട്‌ പതിനഞ്ചു ദിവസം അവിടെത്തന്നെ കിടന്നു”. ഗംഭീരം. ഇതിനാണ്‌ പേറെടുക്കാന്‍ ചെന്നിട്ട്‌ ഇരട്ട പെറുക എന്നു പറയുന്നത്‌.

ഭാര്യ പട്ടിയ്‌ക്കു ഭക്ഷണം കൊടുക്കുന്നതു കണ്ടാല്‍ അതിനെയും പ്രസവിച്ചത്‌ അദ്ദേഹം തന്നെയാണ്‌ എന്നു തോന്നും. വല്ല സെമിനാറോ, വര്‍ക്ക്‌ഷോപ്പോ ഒക്കെയായി അയാള്‍ യാത്ര ചെയ്യുമ്പോള്‍ പട്ടിയുടെ മെനു സംബന്ധിച്ചു വ്യക്തമായി നിര്‍ദ്ദേശങ്ങള്‍ തരും. എന്നാല്‍ ഭാര്യ ഗേറ്റു കടന്നാല്‍ ഞാനും മകളും പട്ടിയുമായുള്ള കണക്കു തീര്‍ക്കല്‍ തുടങ്ങും. പാവം പട്ടിയ്‌ക്ക്‌ ഒറ്റ രാത്രി കൊണ്ട്‌ പട്ടാള മേധാവി യുദ്ധത്തടവുകാരനാവുന്ന അവസ്ഥയാണ്‌. കഞ്ഞി കൊടുക്കും, വേണമെങ്കില്‍ കുടിക്കാം.

മകള്‍ക്കു പട്ടിയോടു വിരോധത്തിന്‌ ഒരു പ്രത്യേക കാരണമുണ്ട്‌. വളരെ ആഗ്രഹിച്ച്‌ അവള്‍ വയലിന്‍ പഠിക്കാന്‍ തുടങ്ങി. പട്ടിക്ക്‌ വയലിന്‍ നാദത്തിന്റെ ഫ്രീക്വന്‍സി സഹിക്കാന്‍ പറ്റുന്നില്ല. മകള്‍ വീട്ടില്‍ ഇരുന്നു പരിശീലനം തുടങ്ങിയാല്‍ പട്ടി പാഠം ഒന്ന്‌, ഒരു വിലാപം ആരംഭിക്കും. മുഴുവന്‍ സമയവും അതും നിലവിളിച്ചു കൊണ്ടിരിക്കും. അവസാനം മകള്‍ വയലിന്‍ പഠനം ഉപേക്ഷിച്ചു.

ഇതിനിടെ കുറച്ചു ദിവസം തുടര്‍ച്ചയായി മഴ പെയ്‌തപ്പോള്‍ അടുത്ത പറമ്പില്‍ വെള്ളം പൊങ്ങി. എവിടെ നിന്നോ തുടല്‍ പൊട്ടിച്ചു വന്ന ഒരു പട്ടിക്കുട്ടി നാലു ചുറ്റും ചെറിയ മതിലുള്ള ആ പറമ്പില്‍ എങ്ങിനെയോ വീണു പോയി. ഭാര്യയ്‌ക്കും സുഹൃത്തിനും ജോലിയായി. കഴുത്തറ്റം വെള്ളത്തില്‍ നില്‌ക്കുന്ന പട്ടിയെ കയറ്റി വിടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. നാട്ടിലുള്ള സര്‍വ്വ സന്നദ്ധ നായപ്രേമി സംഘടനകളെയും വിളിച്ചെങ്കിലും പാര്‍ട്ട്‌ ടൈം മൃഗസ്‌നേഹികളായ അവരാരും എത്തിയില്ല. പേപ്പര്‍ പ്ലേറ്റുകളില്‍ ഒഴുക്കി വിടുന്ന ബിസ്‌കറ്റ്‌ കാണുമ്പോള്‍ പട്ടി കയ്യും കാലുമിട്ടടിക്കും. ഒന്നുകില്‍ പ്ലേറ്റ്‌ കമിഴ്‌ന്നു പോകും, അല്ലെങ്കില്‍ ഒഴുകി പോകും. നാലാം ദിവസം ഞാന്‍ നോക്കുമ്പോള്‍ പട്ടി ഒരു ചങ്ങാടത്തില്‍ പഴയ HMV കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്ന പോസില്‍ കുത്തിയിരിക്കുന്നു. അടുത്ത്‌ ഗ്രാമഫോണിനു പകരം ഒരു പഴയ പാത്രത്തില്‍ ബിസ്‌ക്കറ്റും വച്ചിട്ടുണ്ട്‌. മുള, പി.വി.സി. പൈപ്പ്‌, പലക തുടങ്ങിയവ ചേര്‍ത്തു ഭാര്യയും സുഹൃത്തും നിര്‍മ്മിച്ച ചങ്ങാടമാണ്‌. നാലു ദിവസം കഴിഞ്ഞു. വെള്ളമിറങ്ങിയപ്പോള്‍ പുതിയ പ്രശ്‌നം. പട്ടിയ്‌ക്കെങ്ങും പോകണ്ട. അവന്‍ ആ പറമ്പില്‍ കുത്തിയിരുന്നു ഭക്ഷണത്തിനായി നിലവിളിക്കാന്‍ തുടങ്ങി. സഹികേട്ടപ്പോൾ ഞാനും മകളും കൂടി ഭാര്യയില്ലാത്ത തക്കം നോക്കി അസഭ്യവർഷം , കണ്ണുരുട്ടൽ, കല്ലെടുത്ത് എറിയാൻ ഒങ്ങൾ തുടങ്ങിയ നാടിനു ചേർന്ന സാങ്കേതിക വിദ്യകൾ പ്രയോഗിച്ച് അവനെ പറപ്പിച്ചു.

പൂച്ചക്കുഞ്ഞുങ്ങള്‍ വന്നപ്പോള്‍ വീട്ടിലെ പട്ടി ശാപ്പിട്ടുകളയുമോ എന്നു ഞങ്ങള്‍ പേടിച്ചു. പക്ഷെ സംഭവിച്ചതു മറിച്ചാണ്‌. പട്ടി പൂച്ചക്കുഞ്ഞുങ്ങളുടെ വളര്‍ത്തമ്മ സ്ഥാനം ഏറ്റെടുത്തു.

ഇടയ്‌ക്കു ഭാര്യ സ്ഥലത്തില്ലാത്ത സമയം നോക്കി ഞാനും മകളും ഉന്നത കുലജാതനായ ഒരു ആണ്‍ പട്ടിയെ വാങ്ങിക്കൊണ്ടു വന്നു. ഭാര്യ വന്നു കഴിഞ്ഞാണ്‌ കാര്യങ്ങള്‍ വ്യക്തമാവുന്നത്‌. ഞങ്ങള്‍ തെരഞ്ഞെടുത്ത പട്ടി പെണ്ണാണ്‌, ഉന്നത കുലജാതയുമല്ല. നാടന്‍ പട്ടിയും ലാബ്രഡോറും തമ്മിലുണ്ടായ ഒരു അവിഹിത ബന്ധത്തിന്റെ സാക്ഷ്യ പത്രമാണ്‌. കുലമഹിമ ഇല്ലെങ്കിലും ഈ പട്ടിക്കു പാമ്പുകളെ പിടിക്കാന്‍ ഒരു പ്രത്യേക വാസന ആണ്‌. ആറു കൊല്ലത്തിനിടയില്‍ നാലഞ്ചു വിഷപ്പാമ്പുകളടക്കം മുപ്പതോളം പാമ്പുകളെ പിടിച്ചു. അതു കൊണ്ടു കൊടുത്ത കാശു മുതലായി.

പൂച്ചകളുടെ എണ്ണം കൂടുന്നത്‌ നിന്നെങ്കിലും അവ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒട്ടും കുറഞ്ഞില്ല. ഒരു ദിവസം വൈകിട്ടു വരുമ്പോള്‍ ഭാര്യ ഏങ്ങിയേങ്ങി കരയുന്നു. രണ്ടു മൂന്നു വാക്കുകള്‍ വിക്കി വിക്കി പുറത്തു വന്നു. “നമ്മള്‍ ഇത്രേമൊക്കെ നോക്കിയിട്ടും … പോയി…” എന്റെ അമ്മ ഞങ്ങളോടൊപ്പമാണു താമസം. എണ്‍പതു വയസ്സ്‌. പത്തു വര്‍ഷമായി ക്യാന്‍സര്‍ ബാധിത. ഞാന്‍ വിചാരിച്ചു. അമ്മ പോയെന്ന്‌. അല്ല. അടുത്ത പറമ്പിലെ മണ്ടപോയ തെങ്ങിന്റെ പൊത്തില്‍ ഉണ്ടായിരുന്ന മൈനക്കുഞ്ഞുങ്ങളാണ്‌ പോയത്‌. കുറെ ദിവസമായി ഭാര്യ അവയ്‌ക്കു കാവലിരിക്കുകയായിരുന്നു. കുഞ്ഞുങ്ങളെ നോട്ടമിടുന്ന സ്വന്തം പൂച്ചകളെ അരുമയായി ഓടിക്കും. കാക്കയെയും ചേരയെയും കല്ലെറിഞ്ഞോടിക്കും. രാത്രിയില്‍ ഇടയ്‌ക്കിടെ ടോര്‍ച്ചടിച്ചു നോക്കും. ഒടുവില്‍ ദാ, അവര്‍ പറക്കാന്‍ ശ്രമിച്ചു, താഴെ വീണു, പൂച്ച സാപ്പിട്ടു.

ജനസംഖ്യ വര്‍ധനവ്‌ നിലച്ച്‌ പൂച്ചകള്‍ കൂട്ടുകുടുംബത്തില്‍ നിന്ന്‌ അണുകുടുംബത്തിലേക്കു പുരോഗമിച്ചപ്പോള്‍ വേറൊരു പ്രശ്‌നമുണ്ടായി.. രണ്ടാണ്‍പൂച്ചകളും രണ്ടു പെണ്‍ പൂച്ചകളും പരസ്‌പരം യുദ്ധം ആരംഭിച്ചു. ഒരാണ്‍ പൂച്ചയ്‌ക്കു മറ്റേ ആണ്‍പൂച്ചയെയും പെണ്‍പൂച്ചയ്‌ക്കു മറ്റെ പെണ്‍ പൂച്ചയെയും തുരത്തണം. യുദ്ധത്തിനൊടുവില്‍ ഒരു പൂച്ച മാത്രം ബാക്കിയായി. രണ്ടു പട്ടിയും. ഞാനും മകളും നെടുവീര്‍പ്പയച്ചു.

എന്നാല്‍ കഥ അവിടെ അവസാനിച്ചില്ല. ഒരാഴ്‌ച കഴിഞ്ഞു. ‘കാലമിനിയുമുരുളും, വിഷുവരും, വര്‍ഷം വരും, അപ്പോഴീ പൂച്ചയും ചത്തു പോകും ‘ എന്നൊക്കെ വിചാരിച്ച്‌ നടക്കുന്നതിനിടെ വൈകിട്ട്‌ ചാരിയിട്ടിരുന്ന അടുക്കള വാതില്‍ തുറന്നു മുറ്റത്തേയ്‌ക്കു നോക്കുമ്പോള്‍ മതിലില്‍ അഞ്ചു കരിമ്പൂച്ചകള്‍ നിരന്നിരിക്കുന്നു. കയ്യില്‍ സ്റ്റെന്‍ ഗണ്ണില്ലെന്നേയുള്ളൂ. തള്ളയും കുഞ്ഞുങ്ങളുമാണ്‌. ഞാനാദ്യമായാണ്‌ കരിമ്പൂച്ചകളുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ നേരില്‍ കാണുന്നത്‌. ഭാര്യ പതിവു പോലെ ഒരു കയ്യില്‍ ഭക്ഷണവും, മറ്റേ കയ്യില്‍ ശബ്ദമുണ്ടാക്കരുതെന്നുള്ള ആംഗ്യവുമായി നില്‌ക്കുന്നു!. പഴയ ഒരു തമിഴ്‌ സിനിമയുടെ ടൈറ്റില്‍ ഓര്‍മ്മ വന്നു. “അവള്‍ ഒരു തുടര്‍ക്കഥൈ”

ഈ ബ്ലോഗുകള്‍ വായിക്കുന്ന പലരും ചോദിക്കുന്നത്‌ ഇതിലൊക്കെ എത്ര ശതമാനം സത്യമുണ്ടെന്നാണ്‌. എന്റെ പൊന്നുമാളോരെ, ഇതൊക്കെ സത്യം മാത്രമാണ്‌. ചില ചില്ലറ തിരിമറികള്‍ മാത്രമാണു ഞാന്‍ ചെയ്യുന്നത്‌. അതു നിങ്ങള്‍ക്കു കൂടി ബോധ്യമാവാനാണ്‌ ഇതോടൊപ്പമുള്ള വീഡിയോകള്‍. ദയവായി കണ്ടു ബോധ്യപ്പെടുക.


Subscribe to get notifications on new posts

Recent Articles

Comments
  1. Venu Nair | Reply
  2. Anitha | Reply
  3. Kumar Chellappan | Reply

Leave a Reply

Your email address will not be published.