മോഷണത്തൊഴിലാളി
ലോകത്തിലെ ആദ്യത്തെ തൊഴില്‍ വേശ്യാവൃത്തി ആണെന്നാണ് പലരും പറയുന്നത്. എന്താണതിന്റെ യുക്തി എന്ന് എനിക്കിതു വരെ മനസ്സിലായിട്ടില്ല. ആചാരമുണ്ടായിട്ടല്ലേ വ്യഭിചാരമുണ്ടാകൂ? കുടുംബവും കല്യാണവും ഒക്കെ വന്നു കഴിഞ്ഞിട്ടല്ലേ വേലി ചാടല്‍ വരുന്നത്? അതോ ആദിമ മനുഷ്യര്‍ കാണുന്നപാടേ കല്യാണം കഴിക്കുവാന്‍ തുടങ്ങിയിരുന്നോ?
ഭൂമിയിലെ ആദ്യത്തെ തൊഴില്‍ മോഷണമാണെന്നു വിശ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ജീവിക്കാന്‍ വേണ്ടി ഒരാള്‍ നിരന്തരമായ ഏര്‍പ്പെടുന്ന പ്രക്രിയക്കല്ലേ തൊഴില്‍ എന്നു പറയുന്നത്? അതു നിയമ വിരുദ്ധമാണെന്നതു കൊണ്ടു തൊഴില്‍ അല്ലാതാവുമോ? നിയമത്തിന്റെ സംരക്ഷണം കിട്ടില്ല എന്നല്ലേ ഉളളൂ?
എന്തായാലും ആദ്യം പറഞ്ഞ ആദ്യ തൊഴിലുകാര്‍ യുദ്ധം ചെയ്‌തു തങ്ങള്‍ക്ക് ‘ലൈംഗിക തൊഴിലാളി’ എന്ന് മാന്യമായ ഒരു പേര് നേടിയെടുത്തു. ലൈംഗിക മുതലാളിമാര്‍ക്കു പിന്നെ പേരെന്തായാലും കുഴപ്പമില്ല, കാര്യങ്ങള്‍ നടന്നു പോയാല്‍ മതി. പാവം കള്ളന്റെ കാര്യമാണ് കഷ്ടം. അവന്‍ പീഡിതനും പതിതനുമായി തുടരുന്നു. പുറമ്പോക്കു ഭൂമിപോലെയാണ് കള്ളന്റെ മുതുക്. കള്ളന്‍ എന്ന പേരു വീണാല്‍ പിന്നെ ആര്‍ക്കും കയറി പുര വയ്‌ക്കാം.
ഈ പേരു വീഴുന്നതിന് എന്തെങ്കിലും യുക്തിയോ മര്യാദയോ ഉണ്ടോ? പറമ്പില്‍ പൊഴിഞ്ഞു വീണ തേങ്ങ എടുക്കുന്നതു മോഷണം, പറമ്പു മൊത്തമായി മാന്തി എടുക്കുന്നത് അനധികൃത ഖനനം! ഭണ്ഡാരം കുത്തിപ്പൊളിച്ചു ചില്ലറ എടുക്കുന്നതു മോഷണം, അമ്പലം മൊത്തം വിഴുങ്ങുന്നതു ക്ഷേത്ര പുനരുദ്ധാരണം! ലൈബ്രറിയില്‍ നിന്നു പുസ്‌തകം അടിച്ചു മാറ്റുന്നതു മോഷണം, പുസ്‌തകത്തിന്റെ ഉള്ളടക്കം അടിച്ചു മാറ്റിയാല്‍ ഗവേഷണം അല്ലെങ്കില്‍ പകര്‍പ്പവകാശലംഘനം!. സര്‍ക്കാര്‍ കമ്പനിയുടെ പിന്നാമ്പുറത്തു കിടക്കുന്ന കാലി വീപ്പ ഉരുട്ടിക്കൊണ്ടു പോകുന്നതു മോഷണം, സ്ഥാപനം മൊത്തമായി അടിച്ചു മാറ്റുന്നത് ഏറ്റെടുക്കല്‍! ആളുവില കല്ലു വില എന്നു കേട്ടിട്ടില്ലേ? ഇന്ത്യ ആരോടെങ്കിലും പണം മേടിച്ചാല്‍ വായ്‌പയെടുക്കല്‍, അമേരിക്ക ആരോടെങ്കിലും പണം മേടിച്ചാല്‍ വിദേശ നിക്ഷേപം സ്വീകരിക്കല്‍!
ഭൂതം, പ്രേതം, യക്ഷി ഇതൊക്കെ കഴിഞ്ഞാല്‍ പിന്നെ മനുഷ്യര്‍ക്ക് ഏറ്റവും അധികം താത്‌പര്യമുള്ള ഒരു രാത്രികാല ജീവിയാണ് മോഷണത്തൊഴിലാളി. ആകെയുള്ള വ്യത്യാസം ഭൂതത്തെയോ, പ്രേതത്തെയോ നേരില്‍ കാണാന്‍ ഇടയായാല്‍ നമ്മള്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. എന്നാല്‍ പാവം മോഷണത്തൊഴിലാളി നമ്മുടെ മുന്നില്‍ പെട്ടാലും, നമ്മള്‍ അദ്ദേഹത്തിന്റെ മുന്നില്‍പ്പെട്ടാലും ഒറ്റയ്‌ക്കല്ലെങ്കില്‍ നമ്മള്‍ അദ്ദേഹത്തെ നാലുപൊട്ടിക്കാന്‍ നോക്കും.
മോഷണത്തൊഴിലാളി രാത്രികാല ജീവിയാണെന്നു പറഞ്ഞല്ലോ. അതത്ര ശരിയല്ല. പഴയകാല പെരും കള്ളന്‍മാരുടെ ചരിത്രത്തില്‍ നിന്നു നമ്മള്‍ കടഞ്ഞെടുത്ത ഒരു സങ്കല്‌പം മാത്രമാണത്. പോക്കറ്റടി, ആള്‍മാറാട്ടം തുടങ്ങിയ പല വിദ്യകളും കൂടുതലും പകല്‍ സമയത്താണ് അരേങ്ങറുന്നത്.
ഞാന്‍ ആദ്യമായി ഒരു കള്ളന്റെ സാന്നിദ്ധ്യം അറിയുന്നത് മൂന്നാം ക്ലാസ്സിലോ, നാലാം ക്ലാസ്സിലോ പഠിക്കുമ്പോഴാണ്. ഏതോ ഒരു കള്ളന്‍ ഞങ്ങളുടെ നാട്ടില്‍ വന്ന് വീടുകള്‍ക്കു ചുറ്റും കിടന്നിരുന്ന പണി ആയുധങ്ങള്‍, നനച്ചിട്ടിരുന്ന തുണികള്‍, കഴുകാനിട്ടിരുന്ന പാത്രങ്ങള്‍, പശുവിനു വെളളം കൊടുക്കുന്ന ചരുവം, ഇവയൊക്കെ കൊണ്ടു പോയി. ആക്രിക്കടക്കാരന്‍ പോലും വിലക്കെടുക്കാത്ത സാധനങ്ങളാണു പോയതെങ്കിലും കള്ളന്‍ വന്നതോടെ ആളുകള്‍ ഉഷാറായി. അയല്‍വാസിയായ ജഡ്‌ജിസാര്‍ പോലീസിലറിയിച്ചു. രാത്രിയായപ്പോള്‍ ചരുവം- പഴന്തുണി മോഷണക്കേസ് അന്വേഷിക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും, സബ്‌ഇന്‍സ്‌പെക്ടറും, രണ്ടു മൂന്നു പോലീസുകാരും വന്നു. ജഡ്‌ജിസാര്‍ ഇടപെട്ടതു കൊണ്ടു മാത്രമാവണം അവര്‍ വന്നത്.
ജനത്തിനു പോലീസിനെ കണ്ടമാനം പേടിയുള്ള കാലമായിരുന്നു. പ്രമോഷന്‍ വഴിയാണ് ഇന്‍സ്‌പെക്ടറും മറ്റുമാവുന്നത്. നന്നായി നരച്ച രണ്ടു ഭീമാകാരന്മാര്‍. സര്‍ക്കിള്‍ ഒഴിച്ചുള്ളവരുടെ വേഷം നിക്കറാണ്. രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും കുടവയറിനു കുറുകെ ക്രോസ് ബെല്‍റ്റുണ്ട്. അപകടം പറ്റാതിരിക്കാനാണ് വയറിനു കുറുകെ ബൈല്‍റ്റ് കെട്ടിയിരിക്കുന്നത് എന്നാണ് ഞങ്ങള്‍ കുട്ടികള്‍ വിചാരിച്ചത്. ഇല്ലെങ്കില്‍ കുടവയര്‍ താഴെ വീണു കാലിനു പരിക്കു പറ്റിയാലോ? പോലീസുകാരുടെ കൈയ്യില്‍ അഞ്ചു ബാറ്ററിയിടുന്ന, അറ്റം നാടകത്തിനും മറ്റും ഉപയോഗിക്കുന്ന സ്‌പോട്ട് ലൈറ്റ് പോലിരിക്കുന്ന ഒരു ടോര്‍ച്ചുമുണ്ടായിരുന്നു. മോഷണമൊഴിവാക്കാന്‍ ഭാവിയിലേക്കു കുറെ ഉപദേശങ്ങളും തന്ന് അവര്‍ പോയി. പഴന്തുണിയും ചരുവുമെല്ലാം അറയ്‌ക്കുള്ളിലോ, നിലവറയ്‌ക്കുള്ളിലോ ഭദ്രമായി പൂട്ടി വെയ്‌ക്കണമെന്നായിരുന്നു പ്രധാന ഉപദേശം. താക്കോല്‍ അവിടെയും ഇവിടെയും ഇടാനും പാടില്ല.
എന്തായാലും ഞങ്ങള്‍ കുട്ടികള്‍ക്കു ആ ടോര്‍ച്ചങ്ങു പിടിച്ചു. ഒറ്റടോര്‍ച്ചില്‍ നിന്ന് ഒരു പഞ്ചായത്തിനുള്ള വെളിച്ചം കിട്ടും. അപ്പോള്‍ എന്റെ അച്‌്‌ഛന്‍ ഒരു കഥ പറഞ്ഞു. അച്ഛന്റെ ചെറുപ്പത്തില്‍ അധികം ആരും ടോര്‍ച്ചു കണ്ടിട്ടില്ല. അന്ന് അച്ഛന്റെ ബന്ധു ഒരു ഹെഡ്‌കോണ്‍സ്റ്റബ്‌ളിന് ഇത്തരം ഒരു ടോര്‍ച്ച് ഉണ്ട്. മൂപ്പര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ഇരുട്ടത്തു ടോര്‍ച്ചുമായി തോട്ടിന്‍ കരയിലേക്കു പോകും. തിരക്കു പിടിച്ച ഒരു ദിവസത്തിനു ശേഷം പ്രാഥമിക ആവശ്യങ്ങള്‍ സമാധാനപരമായി നിറവേറ്റാനാണ് പോകുന്നത്. അങ്ങിനെ മൂപ്പര്‍ തോട്ടിന്‍ കരയില്‍ ഇരുട്ടത്ത് കുത്തിയിരിക്കുമ്പോള്‍ ഒരു പാവം മോഷണത്തൊഴിലാളി പതുങ്ങി പതുങ്ങി വന്നു. കുറ്റാക്കുറ്റിരുട്ടത്ത് തെങ്ങിന്‍ ചുവട്ടില്‍ ഒരു ‘കടുവ’ പതുങ്ങിയിരിക്കുന്ന കാര്യം അറിയാതെ അദ്ദേഹം തോട്ടിലേക്കു ചാഞ്ഞു നില്‌ക്കുന്ന തെങ്ങില്‍ പൊത്തിപ്പിടിച്ചു കയറിത്തുടങ്ങി. ആയ്‌ക്കോട്ടെ എന്ന് ‘കടുവ’യദ്ദേഹവും കരുതി. നമ്മുടെ മോഷണത്തൊഴിലാളി മുകളിലെത്തി തേങ്ങാക്കുലയില്‍ പിടിച്ചു തിരിച്ചതും, കടുവാ ടോര്‍ച്ചെടുത്തു തെങ്ങിന്റെ മുകളിലേക്കു രണ്ടു മിന്നിച്ചു. പാവം മോഷണത്തൊഴിലാളി ദാ കിടക്കുന്നു തോട്ടില്‍. പരമ രസികനായ ‘കടുവ’യദ്ദേഹം അയല്‍വാസിയെ മര്‍ദ്ദിച്ചൊന്നുമില്ല. പിടിച്ചു കയറ്റി വീട്ടില്‍ കൊണ്ടു പോയി തല തോര്‍ത്തിച്ചു, കഞ്ഞിയും കൊടുത്തു, ചെറുതായൊന്നു വിരട്ടി വിട്ടു.
പോലീസുകാരില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാവണം എന്റെ വീട്ടിലും, കുടുംബ വീട്ടിലും അടുത്തുള്ള പല വീടുകളിലും ഒരാഴ്‌ചക്കുള്ളില്‍ ടോര്‍്‌ച്ചു വാങ്ങി. പക്ഷെ അഞ്ചു ബാറ്ററി ഇല്ല മൂന്നു ബാറ്ററിയേ ഉള്ളൂ. എങ്കിലും ഞങ്ങള്‍ക്ക് ഒരു പുതിയ വിനോദത്തിനുള്ള സാധ്യത തുറന്നു കിട്ടി. രാത്രി മുറ്റത്തിറങ്ങി മാവിലേക്കും പ്ലാവിലേക്കുമൊക്കെ ടോര്‍ച്ചടിച്ച് മരക്കൊമ്പില്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന കാക്കകളെ ഉപദ്രവിച്ചുണര്‍ത്തുക!
അധികം താമസിയാതെ മോഷണത്തൊഴിലാളി എന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാവുന്ന ഒരാള്‍ ഞങ്ങളുടെ നാട്ടുകാരുടെ വായില്‍ വന്നുപെട്ടു. വെളുപ്പാന്‍കാലത്തു വന്ന അദ്ദേഹത്തെ പട്ടികള്‍ ഓടിച്ചു തെങ്ങില്‍ കയറ്റി ചുവട്ടില്‍ കാവലിരിപ്പുമായി. പിന്നെ നാട്ടുകാര്‍ ഓരോരുത്തരായി വന്നു താഴെയിറക്കാന്‍ ശ്രമം തുടങ്ങി. വാഗ്‌ദാനങ്ങളും ഭീക്ഷണികളും ഒരു പോലെ ഒഴുകി. തെങ്ങിന്റെ മുകളിലിരുന്നു സഹായത്തിനായി ചുറ്റും നോക്കിയ മോഷണത്തൊഴിലാളിയുടെ കണ്ണില്‍ ഒരു നരച്ച തലയും തടിച്ച ഉടലും പെട്ടു. “അമ്മാവാ രക്ഷിക്കണേ” എന്നദ്ദേഹം ദയനീയമായി അഭ്യര്‍ത്ഥിച്ചു. സംഗതി ആകെ പാളി. ‘അകാല നര’ ആണു തലയില്‍ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന അവിവാഹിതനായ ഒരു മുന്‍ കായിക താരത്തെയാണ് പാവം മോഷണത്തൊഴിലാളി അമ്മാവാ എന്നു വിളിച്ചത്. “ഛീ ഞാന്‍ നിന്റെ അമ്മാവനാണോടാ” എന്നു ചോദിച്ച് അദ്ദേഹം കയ്യില്‍ കിട്ടുന്നതെല്ലാമെടുത്ത് ഏറു തുടങ്ങി. തെങ്ങില്‍ നിന്ന് നാട്ടുകാരുടെ കൈയ്യിലേക്ക് പറന്നിറങ്ങിയ ആ പാവത്തിനെ നാട്ടുകാര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ കൊണ്ടു ചെന്ന് തൂണില്‍ ചാരി വച്ചു. അവശത കണ്ട് പോലീസുകാര്‍ സ്റ്റേഷനിലേക്കെടുത്തില്ല. ഒരു ചൂടു ചായ വാങ്ങി വായിലൊഴിച്ചു കൊടുത്ത ശേഷം റോഡിന്റെ മറു വശത്തു കൊണ്ടു വച്ചു. രണ്ടു രൂപ പോക്കറ്റിലിട്ടു കൊടുത്തിട്ട് ആശുപത്രിയില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു. രാവിലെ സംശയാസ്‌പദമായ സാഹചര്യത്തില്‍ തെങ്ങിന്‍ മുകളില്‍ കണ്ടു എന്നതൊഴിച്ചാല്‍ ആര്‍ക്കും അദ്ദേഹത്തെക്കുറിച്ചറിയില്ല. ആരും ഒന്നും കൂടുതല്‍ അറിയാന്‍ ശ്രമിച്ചുമില്ല. നമ്മുടെ ജനത്തിന്റെ നീതി ബോധം കഠിനം തന്നെ. ശിബി ചക്രവര്‍ത്തി ഈ നാട്ടില്‍ ജീവിച്ചിരുന്നു എന്നും മറ്റും പറയുന്നത് കാര്യമായ ഗവേഷണം വേണ്ട വിഷയമാണ്.
ഏതായാലും ഞാന്‍ പരിചയപ്പെട്ടിട്ടുള്ള മോഷണത്തൊഴിലാളികള്‍ ഒട്ടുമുക്കാലും ചെറുകിട മോഷ്ടാക്കളാണ്. അവരുടെ മോഷണത്തിന് ഒരു തമാശയുടെ പരിവേഷം എപ്പോഴും ഉണ്ടായിരുന്നു. പണ്ട് സൈക്കിള്‍ യജ്ഞം എന്നൊരു പരിപാടി ഉണ്ടായിരുന്നു. ടെലിവിഷനും, വീഡിയോയുമൊക്കെ വരുന്നതിനു മുന്‍പാണ്. നാലഞ്ചു നാടോടികള്‍ ഒരു സുപ്രഭാതത്തില്‍ ഒരു നാട്ടിലെത്തുന്നു. ഒരു കൂടാരമടിക്കുന്നു. അവരുടെ കയ്യില്‍ ഒരു സൈക്കിള്‍ കാണും. അതിന് ബെല്ല്, ബ്രേക്ക്, ലൈറ്റ് ഒന്നും കാണില്ല. രണ്ടു ചക്രവും നാലു കമ്പിയും. ഇത്തരം സൈക്കിള്‍ പിന്നെ കണ്ടിട്ടുള്ളത് ഡല്‍ഹി പ്രഗതി മൈതാനില്‍ ചൈനയുടെ ട്രേഡ് ഫെയര്‍ സ്റ്റോളിലാണ്. ആകെ വ്യത്യാസം ചൈനീസ് സൈക്കിളില്‍ തുരുമ്പില്ല എന്നതു മാത്രമാണ്. സംഘനായകന്‍ സൈക്കിള്‍ അഭ്യാസിയാണ്. കൂടെയുള്ള തരുണീമണി നര്‍ത്തകിയാണ്. പിന്നെയൊരാള്‍ ജോക്കര്‍ അഥവാ കോമാളി. സൈക്കിളിനേക്കാള്‍ പഴയ ഒരു മൈക്ക് സെറ്റും അതിലും പഴയ ഒരു മൈക്ക് ഓപ്പറേറ്ററും. ആ കാലത്തു മലയാള സിനിമാ ഗാനങ്ങള്‍ ‘ആദ്യസമാഗമ ലജ്ജയില്‍’ ആകെ മുങ്ങി കണ്ണും അടച്ചു നില്‍ക്കുകയാണ്. അതിനാല്‍ നര്‍ത്തകിക്കാവശ്യമായ ‘എന്നടീ റാക്കമ്മ’ തുടങ്ങിയ ന്യൂജനറേഷന്‍ ഗാനങ്ങള്‍ തമിഴ് നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്‌തിരുന്നു. ഏതെങ്കിലും ഒഴിഞ്ഞ പറമ്പിലോ, അമ്പലമുറ്റത്തോ, റോഡുവക്കത്തോ തമ്പടിച്ചാണ് യജ്ഞം. സ്ഥലത്തെ മുനിസിപ്പല്‍ കൗണ്‍സിലറോ, ലൈബ്രറി പ്രസിഡന്റോ, ഹെഡ്‌മാസ്റ്ററോ ആരെങ്കിലും ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടനത്തിനു സൈക്കിളില്‍ കയറുന്ന യജ്ഞക്കാരന്‍ താഴെയിറങ്ങുന്നത് ഏഴാം ദിവസം. ഇടയ്‌ക്കിടെ ഡാന്‍സും, കോമഡിയുമൊക്കെയുണ്ട്. അപ്പോഴും സൈക്കിള്‍ ഓടിക്കൊണ്ടേയിരിക്കും കുളിയും, പല്ലു തേപ്പും, ഭക്ഷണവും, ഡ്രസ് മാറ്റലും ഒക്കെ സൈക്കിളില്‍ തന്നെ. ഇടയ്‌ക്കൊരു പത്തു മിനിട്ട് അടുത്തുള്ള പബ്‌ളിക് കംഫര്‍ട്ട് സ്റ്റേഷനില്‍ പോയി, സൈക്കിള്‍ വാതില്‍ക്കല്‍ ചാരി വച്ച്, പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കും. ജനം ബഹുമാനത്തോടെ സൈക്കിള്‍ യജ്ഞക്കാരന്‍ അകത്തുണ്ടെന്നു പറഞ്ഞു വാതില്‍ക്കല്‍ കൂടി നില്‍ക്കും. പക്ഷെ ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ യജ്ഞത്തിനു വന്ന വിദ്വാന്റെ തട്ടു പൊളിപ്പന്‍ സൈക്കിള്‍ പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷന്റെ വാതില്‍ക്കല്‍ നിന്നു ആരോ മോഷ്ടിച്ചു കടന്നു കളഞ്ഞു. ‘ദ് ഗ്രേറ്റ് സൈക്കിള്‍ റോബറി’.
ഈ സംഭവം മാര്‍ക്കോ പോളോയോ മറ്റോ പറഞ്ഞറിഞ്ഞായിരിക്കണം വിറ്റോറിയ ഡി സീക്ക ബൈ സൈക്കിള്‍ തീവ്‌സ് എന്ന സിനിമ എടുത്തത് എന്നു നാളെ ദേശ സ്‌നേഹിയായ ഏതെങ്കിലും ചലച്ചിത്ര പഠിതാവ് ലേഖനമെഴുതിയാലും അത്ഭുതപ്പെടേണ്ടതില്ല.. എന്തായാലും ഒരു ‘കുളൂ’ പോലും അവശേഷിപ്പിക്കാതെ ആ മോഷണത്തൊഴിലാളി കടന്നു കളഞ്ഞു.
ഓര്‍മ്മയില്‍ വരുന്ന മറ്റൊരു പരമ രസികന്‍ മോഷ്ടാവ് പൊതുമേഖലാ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ദേശീയപാതാ പരിസരത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. രാത്രികാലങ്ങളില്‍ താന്‍ ഓടിക്കുന്ന ബസ് വീടു പരിസരത്തു കൂടി പോകേണ്ടി വരുമ്പോഴൊക്കെ അദ്ദേഹം വണ്ടി ഒതുക്കി നിര്‍ത്തി ഒരു പൊതി റോഡിനടുത്തുള്ള പറമ്പിലേക്കിടും. വീടു കുറച്ചുള്ളിലാണ്. ആരൊക്കെയോ അസൂയക്കാര്‍ അയക്കുന്ന ഊമക്കത്തുകളുടെ എണ്ണം അനിയന്ത്രിതമായപ്പോള്‍ വിജിലന്‍സ് അതീവ രഹസ്യമായി ഒരു രാത്രികാല റെയ്‌ഡ് നടത്തി. ടോര്‍ച്ച് വെളിച്ചത്തില്‍ കണ്ട കാഴ്‌ച അതിമനോഹരമായിരുന്നു. അദ്ദേഹത്തിന്റെ പശുക്കൂടും, കോഴിക്കൂടും, കുളിമുറിയും, കക്കൂസും ചേര്‍ന്നാല്‍ ഒരു കേരള സ്ഥല വിജ്ഞാനകോശം ആവും. വിവിധ സ്ഥലത്തേക്കുള്ള ബസിന്റെ ബോര്‍ഡുകള്‍ കൊണ്ടാണവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്. ബേസ്‌മെന്റ് മുതല്‍ മേല്‍ക്കൂര വരെ പല നിറങ്ങളിലുള്ള ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ് പ്രസ് ബോര്‍ഡുകള്‍ ഇടകലര്‍ത്തി നിര്‍മ്മിച്ച ആ കലാ വസ്‌തുക്കള്‍ പറമ്പിന് അലങ്കാരമായിരുന്നെങ്കിലും കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാര്‍ അദ്ദേഹത്തെ പിരിച്ചു വിട്ടു. പാരീസിലോ, ന്യൂയോര്‍ക്കിലോ ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ അദ്ദേഹം അവിടത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ആകുമായിരുന്നു.
ഏതായാലും ഇതില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഞാനും എന്റെ ഒരു സ്‌നേഹിതനും രാത്രികാലങ്ങളില്‍ ഊരുചുറ്റി ഒരേ തരം ബോര്‍ഡുകള്‍ കുറെയെണ്ണം ഉടമസ്ഥനറിയാതെ ശേഖരിക്കുവാന്‍ തീരുമാനിച്ചു. അഭിഭാഷകരുടെ ബോര്‍ഡുകളായിരുന്നു ഞങ്ങള്‍ക്ക് എളുപ്പത്തില്‍ കിട്ടാവുന്നത്‌്. പത്തു നാല്‌പതെണ്ണം പെട്ടെന്നു കിട്ടിയെങ്കിലും, അവ ഉപയോഗിക്കുവാന്‍ ഒരു സ്ഥലം കിട്ടാത്തതു കൊണ്ടും വീട്ടുകാരോ നാട്ടുകാരോ കണ്ടാല്‍ തല്ലു കിട്ടുമെന്നതു കൊണ്ടും ഞങ്ങള്‍ ആ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നെ എല്ലാത്തിന്റെയും നിറം കറുപ്പും വെളുപ്പും ആയിരുന്നു എന്നതൊഴിച്ചാല്‍ അവയ്‌ക്കു എന്തെങ്കിലും സാമ്യമോ, അല്‌പമെങ്കിലും കലാമൂല്യമോ ഇല്ലായിരുന്നു. അധികം താമസിയാതെ ഞങ്ങള്‍ രണ്ടു പേരും അഭിഭാഷകരായി എന്നതു വേറൊരു യാദൃശ്ചികത.
അഭിഭാഷകരുമായി ബന്ധപ്പെട്ട മറ്റൊരു കഥയും ഓര്‍മ്മ വരുന്നു. സ്വന്തമായി അഭിഭാഷകനെ വയ്‌ക്കാന്‍ ശേഷിയില്ലാത്ത പ്രതിക്കായി കോടതി സൗജന്യമായി ഒരു അഭിഭാഷകനെ നിയോഗിക്കും. ഇങ്ങനെ നിയോഗിക്കപ്പെട്ട ഒരു അഭിഭാഷകന്‍ തനിക്കു കക്ഷിയായി കിട്ടിയ മോഷണത്തൊഴിലാളിയോടു പറഞ്ഞു “തന്നെ വെറുതെ വിട്ടില്ലെങ്കില്‍ എന്റെ പേരു പട്ടിക്കിട്ടോ”. തൊഴിലാളി പറഞ്ഞു “സാറെ, ഇത്രയും ആത്മവിശ്വാസം വേണ്ട. സൂക്ഷിച്ചു കേസു പഠിച്ചു വാദിക്ക്. ഞാനിതു കുറെ കണ്ടതാ ്” എന്നിട്ടിത്രയും കൂടി കൂട്ടിച്ചേര്‍ത്തു “പിന്നെ സാറേ, എന്നെ ശിക്ഷിച്ചാല്‍ ഞാനും എന്തെങ്കിലുമൊക്കെ ചെയ്യും”. രണ്ടു കൊല്ലത്തെ തടവു ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം ആദ്യം ചെയ്‌തത് വക്കീലാഫീസിന്റെ ഓടിളക്കി അകത്തു കയറി അവിടിരുന്ന ടൈപ്പു റൈറ്ററും പുസ്‌തകങ്ങളുമെടുത്ത് ആക്രിക്കാരനു കൊടുക്കുകയാണ്. പിറ്റേന്നു രാവിലെ ചെല്ലുമ്പോള്‍ അിഭാഷകന്റെ കസേരയില്‍ ‘സാറെ ഞാന്‍ പറഞ്ഞ പോലെ ചെയ്‌തു �കള്ളന്‍ ഗോപാലന്‍’. എന്ന് ഒരു കുറിപ്പ് മറ്റാരെയോ കൊണ്ടെഴുതി വച്ച്, മുകളില്‍ ഒരു കല്ലും എടുത്തു വച്ചിരിക്കുന്നു.
മൈസൂറില്‍ താമസിച്ചു പഠിക്കുന്ന കാലത്താണ് ഞാന്‍ മോഷണത്തിന്റെ സാമ്പത്തിക ശാസ്‌ത്രം മനസ്സിലാക്കുന്നത്. അതുവരെ എന്റെ ധാരണ അന്‍പതും നൂറും പവന്‍ മോഷിക്കുന്ന കള്ളന്മാര്‍ ശിഷ്ടജീവിതം സുഖമായി വാഴും എന്നായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു ദിവസം കുറച്ചു പോലീസുകാര്‍ വന്നു മുറി വാടകയ്‌ക്ക് എടുത്തു. കട്ടിലില്‍ ഇന്‍സ്‌പെക്ടര്‍ ചാരിക്കിടക്കുന്നു. നിലത്തൊരാള്‍ ഇരിപ്പുണ്ട്. പുറത്ത് ഒരു സ്‌ത്രീയും, ഒരു പിഞ്ചു കുട്ടിയും. അകത്തും പുറത്തും പോലീസുകാര്‍. അവര്‍ നാലഞ്ചു ദിവസം അവിടെ ഉണ്ടായിരുന്നു. പരിചയപ്പെട്ടു വന്നപ്പോള്‍ നിലത്തിരിക്കുന്ന ആള്‍ കര്‍ണ്ണാടകത്തിലെ ഏറ്റവും പ്രമുഖ മോഷണത്തൊഴിലാളികളിലൊരാള്‍ ആണ്. കൂടെയുള്ളതു ഭാര്യയും കുട്ടിയും. അദ്ദേഹം എവിടെയൊക്കെയോ മോഷണം നടത്തികിട്ടിയ നൂറുകണക്കിനു പവന്‍ സ്വര്‍ണ്ണം മൈസൂറിലെ ചില വ്യാപാരികള്‍ക്കു വിറ്റു. അതു വീണ്ടെടുക്കാന്‍ പോലീസ് കൊണ്ടു വന്നിരിക്കുകയാണ്. സ്ഥിരം താമസമോ, വരുമാനമോ ഇല്ലാത്തതു കൊണ്ടു സ്ഥിരം ഭാര്യയുമില്ല. ഇതു നാലാമത്തെ ഭാര്യയാണ്. ജയില്‍ ജീവിതം കഴിഞ്ഞു വരുമ്പോള്‍ ഭാര്യമാര്‍ പോയിരിക്കും. താമസിക്കാനിടമില്ലാത്തതു കൊണ്ടും, കുഞ്ഞു തീരെ ചെറുതായതു കൊണ്ടും, ഈ ഭാര്യയെ കൂടെ കൂട്ടാന്‍ പോലിസുകാര്‍ അനുവദിച്ചു. സംഗതി നിയമപരമാക്കാന്‍ തൊണ്ടിമുതല്‍ വില്‍ക്കാന്‍ കൂട്ടു നിന്നു എന്നൊരു കേസ് ഭാര്യയുടെ പേരിലും എടുത്തു. ഏതായാലും അദ്ദേഹം ഹോട്ടലില്‍ ഉണ്ടായിരുന്ന സമയത്ത് പരിചയപ്പെടാനും സംസാരിക്കാനും എനിക്ക് അവസരം കിട്ടി. ഒരാളെ കാവല്‍ നിര്‍ത്തി ബാക്കി പോലീസുകാര്‍ ഭക്ഷണം കഴിക്കാനും നഗരം ചുറ്റിക്കാണാനും ഇറങ്ങും. അപ്പോഴാണ് ഞങ്ങള്‍ സംസാരിക്കുന്നത്. സംസാരിച്ചതിന്റെ ചുരുക്കം ഇതാണ്. തൊണ്ടി മുതലിന് ഒരിടത്തും വിലയില്ല. 100 പവന്‍ മോഷ്ടിച്ചാലൊന്നും മോഷണത്തൊഴിലാളി രക്ഷപ്പെടില്ല. അദ്ദേഹം വില്‌ക്കാന്‍ ചെല്ലുന്നതു കാണുമ്പോഴേ സ്വര്‍ണ്ണക്കടക്കാരന്‍ ഷട്ടര്‍ ഇടാന്‍ നോക്കും. കാരണം എത്ര വര്‍ഷം കഴിഞ്ഞാലും പോലീസു പിടിച്ച് ഓമനിക്കുമ്പോള്‍ തൊഴിലാളി സത്യം പറഞ്ഞു പോകും. അവര്‍ കട അന്വേഷിച്ചു ചെല്ലും. അന്നു വ്യാപാരി സാധനം സ്വന്തം കയ്യില്‍ നിന്നു തിരിച്ചു കൊടുക്കേണ്ടി വരും. വേറെ പോകാനിടമില്ലാത്ത മോഷണത്തൊഴിലാളി കടയില്‍ തന്നെ ചുറ്റിപ്പറ്റി നില്‌ക്കും. ഒടുവില്‍ വ്യാപാരിയുടെ മനസ്സലിയും. പിന്നെ വിലപേശലാണ്. “പോലീസു പിടിച്ചാല്‍ പകുതി സ്വര്‍ണ്ണം ഉടമസ്ഥനു തിരിച്ചു കൊടുക്കണം. പിന്നെ കേസില്‍ നിന്നൂരാന്‍ ബാക്കി പകുതി പോലീസിനും വക്കീലിനുമായി പോകും. ഞങ്ങള്‍ക്കീ മെനക്കേടിനും വല്ലതും കിട്ടണ്ടേ?. ഒരു പത്തു ശതമാനം വിലയ്‌ക്കാണേല്‍ തന്നേരെ”. അങ്ങനെ നൂറു പവന്‍ മോഷിടിക്കുന്ന നമ്മുടെ തൊഴിലാളിക്കു കിട്ടുന്നത് പത്തോ പതിനഞ്ചോ പവന്റെ കാശു മാത്രമാണ്. ചുമ്മാതാണോ മോഷണത്തൊഴിലാളികള്‍ ഗതി പിടിക്കാത്തത്?
ഓരോ നാട്ടിലും പ്രാദേശികമായി ഒരു കള്ളന്‍ ഉണ്ടാവാറുണ്ട്. പക്ഷെ മൂപ്പരുടെ വിക്രിയകള്‍ കൂടുതലും അടുത്ത പഞ്ചായത്തിലായിരിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ നാട്ടിലെ ഒരു മോഷണത്തൊഴിലാളിയെക്കുറിച്ചു പറഞ്ഞു. ‘കള്ളനമ്മാവന്‍’ എന്നാണദ്ദേഹം അറിയപ്പെട്ടിരുന്നത്. വേഷത്തിലും ഭാഷയിലുമൊക്കെ തികഞ്ഞ തറവാടി ആയിരുന്നു അദ്ദേഹം. പണ്ടൊക്കെ വിവാഹം കഴിഞ്ഞു വിവാഹത്തിന്റെ നാലാം ദിവസം വധുവരന്മാര്‍ വരന്റെ ഗൃഹത്തില്‍ നിന്നും വധൂഗൃഹത്തിലേക്കു പോകുന്ന ഒരു ചടങ്ങുണ്ടായിരുന്നു. പിന്നെ മൂന്നു നാലു ദിവസം അവിടെയാണു താമസം. അഞ്ചാം ദിവസം രാവിലെ ഒരു പതിനൊന്നു മണിയാകുമ്പോള്‍ നമ്മുടെ ‘അമ്മാവന്‍’ ഭര്‍ത്താവിന്റെ വീട്ടിലെത്തും. താന്‍ വധുവിന്റെ അമ്മാവനാണെന്നു സ്വയം പരിചയപ്പെടുത്തും. വധൂവരന്മാര്‍ വിരുന്നു പോയി എന്നു പറയുമ്പോള്‍ നിരാശപ്പെടും. അവര്‍ കാണുമെന്നു വിചാരിച്ചാണു താന്‍ വന്നതെന്നു പറഞ്ഞിറങ്ങാന്‍ തുടങ്ങും.പാവം വീട്ടുകാര്‍ പുതിയ ബന്ധുവിനെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിരുത്തി ഊണൊക്കെ കഴിപ്പിക്കും. സരസമായി സംസാരിക്കുന്ന അദ്ദേഹം എല്ലാവരെയും പരിചയപ്പെടും. പിന്നെ അമ്മാവന്റെ പ്രൗഢിയില്‍ അല്‌പമൊന്നു മയങ്ങും. വീട്ടുകാര്‍ ഉച്ചയുറക്കം കഴിഞ്ഞു നോക്കുമ്പോഴേക്കും അമ്മാവന്‍ പോയിരിക്കും. കൂടെ വധുവിന്റെ ആഭരണങ്ങള്‍ തൊട്ട് കൈ കാല്‍ കഴുകാന്‍ വെള്ളം കൊടുക്കുവാനുപയോഗിച്ച ഓട്ടു കിണ്ടിയും, മൊന്തയും വരെ എന്തും പോകാം. കൗശലക്കാരികളായ അമ്മായിഅമ്മമാര്‍ ഭാവിയില്‍ ഇതു വലിയൊരു ആയുധമായെടുക്കും. ഏത്‌് അതിഥി വന്നാലും പറയും `പണ്ടു സുകുമാരീടെ അമ്മാവന്‍ വന്നു കിണ്ടീം മൊന്തേം മോട്ടിച്ചോണ്ടു പോയ പിന്നെ കതകു തുറന്നിടാറേയില്ല……..’ പാവം വധു! അത് തന്റെ അമ്മാവനല്ലായിരുന്നു എന്ന് എങ്ങിനെ തെളിയിക്കാന്‍…..? സ്‌ത്രീകളുടെ പ്‌രാക്കായിരിക്കണം, കള്ളനമ്മാവന് അകാല മൃത്യു സംഭവിച്ചു.
എന്തായാലും ഞങ്ങളുടെ സ്വന്തം തട്ടകത്തു വിളയാടിയിരുന്ന ഞങ്ങളുടെ സ്വന്തം മോഷണത്തൊഴിലാളിക്ക് അപാരറേഞ്ച് ആയിരുന്നു. കോഴിയും, തേങ്ങയും, നാരങ്ങയും മുതല്‍ ഇലക്ട്രിക് പമ്പ്‌സെറ്റും, സ്വര്‍ണ്ണാഭരണങ്ങളും വരെ എന്തും മോഷ്ടിക്കുന്ന അദ്ദേഹം ഒരു ദന്തഗോപുരവാസി അല്ലായിരുന്നു. മോഷണം ഇല്ലാത്ത സമയങ്ങളില്‍ നാട്ടുകാരോട് അടുത്തിടപഴകും. ഉത്സവം, വിവാഹം, മരണം തുടങ്ങിയ ഇടങ്ങളിലെല്ലാം നിത്യസാന്നിദ്ധ്യമാണ്. അതുകൊണ്ട് ഒരു ദോഷവും പറ്റി. ആളുകള്‍ക്കു അദ്ദേഹെത്ത പേടിയില്ലാതെയായി.
സമ്പന്നന്‍മാര്‍ മോഷണം നടന്നാല്‍ പട്ടാളത്തെ തന്നെ വിളിക്കാന്‍ നോക്കും. പട്ടാളം വരില്ല എന്നുറപ്പാവുമ്പോള്‍ പോലീസിനെ വിളിക്കും. എന്നാല്‍ പാവപ്പെട്ടവരും ഇടത്തരക്കാരും അങ്ങിനെയല്ലല്ലോ. അവര്‍ നാട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചു കൂട്ടി മോഷണത്തൊഴിലാളിയുടെ വീട്ടിലേക്കു ചെല്ലും, ` എടാ കുട്ടപ്പാ, ഇറങ്ങി വാടാ’ അദ്ദേഹം പരമ സാധുവായി ഇറങ്ങി വരും. പക്ഷെ ആള്‍ക്കൂട്ടത്തിനു മര്യാദ ഇല്ലല്ലോ. വരുന്ന പാടെ നാല് അടി പറ്റിക്കും. അതു കഴിഞ്ഞാണു ചോദ്യം ` എന്റെ പമ്പു സെറ്റെന്തിയേടാ? ‘ അദ്ദേഹം കള്ളം പറയില്ല. “ചേട്ടാ എനിക്കും ജീവിക്കേണ്ടേ ഞാന്‍ ആക്രിക്കാരനു കൊടുത്തു. നൂറുരൂപ വാങ്ങി”. “എന്നാല്‍ കാശെടുക്കെടാ”. “എന്റെ കയ്യില്‍ എവിടാ കാശ്?” അന്നത്തെക്കാലത്ത് ആയിരം രൂപ വിലയുള്ള പമ്പു സെറ്റാണ്. ഒടുവില്‍ 120 രൂപ കള്ളന്റെ കയ്യില്‍ കൊടുത്തു വിടും. സാധനം തിരിച്ചു വാങ്ങി തലച്ചുമടായി വീട്ടിലെത്തിച്ചു തരും. ഇരുപതു രൂപ ചുമട്ടു കൂലിയാണ്.
എന്റെ അനിയന്റെ സഹപാഠിയായിരുന്നു ഈ കുട്ടപ്പന്‍. ആ നിലയ്‌ക്കു ഞങ്ങള്‍ ലോഹ്യക്കാരായിരുന്നു താനും. കുട്ടപ്പന്‍ മോഷണം തൊഴിലാക്കിയതിനു ശേഷവും സൗഹൃദത്തിനു കുറവൊന്നും സംഭവിച്ചില്ല. എങ്കിലും അദ്ദേഹം മോഷണത്തൊഴിലാളിയായി പ്രഖ്യാപിക്കപ്പെട്ടതു ഞങ്ങള്‍ക്കൊരു ഷോക്കായിരുന്നു. വീടിനടുത്തുള്ള ഒരു കോളേജിന്റെ കെട്ടിടം പണിക്കായി കോളേജധികൃതര്‍ ഇറക്കി ഇട്ടിരുന്ന കമ്പിയും സിമന്റും ആര്‍ക്കോ വിറ്റു കൊണ്ടായിരുന്നു കുട്ടപ്പന്റെ അരങ്ങേറ്റം. സഹൃദയനായ കുട്ടപ്പന്‍ സാധനങ്ങള്‍ കൈ കൊണ്ടു തൊടുക പോലും ചെയ്യാതെയാണ് ആദ്യമോഷണം നടത്തിയത്. കോളേജ് പണി ഏറ്റെടുത്തിരിക്കുന്ന കോണ്‍്‌ട്രാക്‌റ്ററുടെ മകനാണെന്നോ, പ്രിന്‍സിപ്പലിന്റെ മകനാണെന്നോ ഒക്കെ ആരെയോ പറഞ്ഞു വിശ്വസിപ്പിച്ച് സാധനങ്ങള്‍ ഒന്നടങ്കം കച്ചവടം നടത്തിക്കളഞ്ഞു. കുട്ടപ്പന്‍ മോഷണം തുടങ്ങി എന്ന കാര്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പിന്നെ കാര്യം എളുപ്പമായി. വഴിയില്‍ കാണുമ്പോള്‍ സൗഹൃദ സംഭാഷണത്തിനൊടുവില്‍ ഒരു അഭ്യര്‍ത്ഥന ‘കുട്ടപ്പാ നമ്മുടെ വീട്ടിലെങ്ങും കയറിയേക്കല്ലേ’. തികഞ്ഞ മാന്യനായ കുട്ടപ്പന്‍ അതു പാലിച്ചു പോന്നു.എല്ലാ മോഷണത്തൊഴിലാളികളുടെയും ജീവിത കഥ ഏതാണ്ട് ഒരു പോലെയാണ്. പോലീസുകാരുടെ സ്ഥാനം നോക്കിയുള്ള ഇടി. നാട്ടുകാരുടെ സ്ഥാനം നോക്കാതെയുള്ള ഇടി. ഇതൊക്കെ എക്കാലവും ശരീരം താങ്ങില്ലല്ലോ.
സാധാരണ കള്ളന്മാരെല്ലാം അവസാനിക്കുന്നത് പോലീസ് ഇന്‍ഫോര്‍മര്‍മാരായാണ്. നാട്ടുകാരുടെയും പോലീസിന്‍െറയും തല്ലു സഹിക്കാന്‍ ആരോഗ്യമില്ലാതാവുമ്പോള്‍ അവര്‍ സ്വയം കണ്ടെത്തുന്ന തൊഴിലാണ്. മറ്റു കള്ളന്മാരെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുക എന്നത്. കുട്ടപ്പനും അതു തന്നെ ചെയ്‌തു. ബുദ്ധിമാനായതു കൊണ്ട് മോഷണം തുടങ്ങി നാലഞ്ചു കൊല്ലത്തിനുള്ളില്‍ തന്നെ ചെയ്‌തു. അതു കൊണ്ട് ശരീരത്തിന് അപരിഹാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല.
ഈയിടെ എന്റെ നാട്ടുകാരില്‍ ചിലരെ കണ്ടപ്പോള്‍ ഞാന്‍ കുട്ടപ്പനെക്കുറിച്ച് അന്വേഷിച്ചു. അവനിപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയിലെ ചീഫ് ഡോക്ടറുടെ ശിങ്കിടി ആണത്രേ. വിവരം കൈമാറിയ സുഹൃത്ത് പറഞ്ഞ വാചകം ഇതാണ് “അവനിപ്പോള്‍ മോഷണം നിര്‍ത്തി, പിന്നെ ആ കൊള്ളക്കാരന്റെ സഹായി ആയി പോകുന്നുണ്ട്”.
Recent Articles
- കാക്കേ, കാക്കേ, നീ എവിടെ?
- ഗോപാലന്‍ വേഴ്സസ് ഗോകാലന്‍
- ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും
- കര്‍ഷകശ്രീ ഹരി
- വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും
- ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്ചന്ദ്രനും പിന്നെ നിയമസഭയും
- എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം
- ‘വെക്കടാ വെടി’
- നാടകമേ ഉലകം
- ഫുട്ബോള്‍ ദുരന്തവും വഴിവാണിഭക്കാരും
Saved as a favorite, І like your web site!
Hey very interesting blog!