ശിഷ്യ പൂര്‍ണ്ണിമ

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിലേക്കിറക്കുമതി ചെയ്യപ്പെട്ട രണ്ടാഘോഷങ്ങളാണ്‌ അക്ഷയതൃതീയയും, ഗുരുപൂര്‍ണ്ണിമയും. അക്ഷയതൃതീയ കൊണ്ടു വന്നത്‌ സ്വര്‍ണ്ണക്കടക്കാരാണെങ്കില്‍ ഗുരുപൂര്‍ണ്ണിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ‘കലാകാരന്‍മാര്‍’ അജ്ഞാതരായി തുടരുന്നു. ഗുരുക്കന്മാര്‍ കുളിച്ചു കുറിയിട്ടു പാട വരമ്പത്തു കൊക്ക്‌ ഇരിക്കുന്നതു പോലെ നിശ്ചലരായിരിക്കുന്നു. ശിഷ്യര്‍ക്കു തൊട്ടു തൊഴാം, കാല്‍ കഴുകിച്ചു വന്ദിക്കാം, വേണമെങ്കില്‍ പാദാരവിന്ദങ്ങളില്‍ ഒരു ചുംബനവുമാവാം. ഗുരുക്കന്മാര്‍ക്കായി ഒരു ദിവസം നല്ലതു തന്നെ. എങ്കില്‍ പിന്നെ ശിഷ്യന്മാര്‍ക്കും ആവരുതോ ഒരു ദിവസം ?

ശിഷ്യന്‍ എന്ന നിലയ്‌ക്ക്‌ അവിസ്‌മരണീയമായ ഒരു റെക്കോര്‍ഡ്‌ എനിക്കുണ്ട്‌. ഇത്രയധികം ഡ്രൈവിംഗ്‌ സ്‌കൂളുകളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥി ഇന്ത്യയിലോ ലോകത്തെവിടെയെങ്കിലുമോ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ക്ക്‌ ആവശ്യമായ രേഖകള്‍ കൈമാറിയാല്‍ എനിക്കാ ബുക്കിനുള്ളില്‍ ഒരു കട്ടിലും കിടക്കയും ഉറപ്പാണ്‌. നൂറ്റൊന്നു ദിവസം ചൂളമടിച്ചവര്‍, ഒറ്റക്കാലില്‍ നിന്നവര്‍, നിര്‍ത്താതെ ചെണ്ട കൊട്ടിയവര്‍, പാട്ടു പാടിയവര്‍ തൊട്ടു റേഷന്‍ കടയിലും, ബിവറേജസ്‌ കോര്‍പ്പറേഷനു മുന്നിലും ക്യൂ നില്‌ക്കുന്നവര്‍ വരെ ഗിന്നസ്‌ ബുക്കില്‍ കേറുന്ന കാലമാണ്‌.

ഞാന്‍ ജന്മനാ ഒരു വാഹന വിരുദ്ധനാണ്‌. ഈ വാഹനങ്ങളെല്ലാം കൂടിച്ചേര്‍ന്നാണ്‌ ലോകത്തെ ഇന്നത്തെ സ്ഥിതിയില്‍ എത്തിച്ചതെന്നാണെന്റെ ഉറച്ച വിശ്വാസം. രണ്ടായിരത്തഞ്ഞൂറു വര്‍ഷം മുന്‍പ്‌ ജീവിച്ചിരുന്ന ശ്രീ ബുദ്ധന്റെ പല്ല്‌ ശ്രീലങ്ക വരെ എത്തി. ഒരു സൈക്കിള്‍ പോലുമില്ലാതെ ശങ്കരാചാര്യര്‍ ആയിരത്തി ഇരുനൂറു കൊല്ലം മുന്‍പ്‌ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഇബ്‌ന്‍ ബത്തൂത്ത ഹാജിയാര്‍ ടൂണീഷ്യയില്‍ നിന്നു ഇന്ത്യയിലെത്തി, മൂന്നു പ്രാവശ്യം കേരളത്തിലും എത്തി. ഇവിടെ നിന്നും കല്യാണം കഴിച്ചു എന്നും പറയപ്പെടുന്നു. സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്തു താമസിച്ചതിനും ട്രിവാന്‍ഡ്രം ക്ലബില്‍ എത്തിയതിനും തെളിവുകളുണ്ട്‌. എന്തിനധികം ? പ്രഭാതത്തില്‍ തിരുവനന്തപുരത്തു മ്യൂസിയം വളപ്പില്‍ മഞ്ഞു കൊണ്ടു വട്ടത്തില്‍ നടക്കുന്നവര്‍ നേരെ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഹിമാലയത്തിലെത്തി ആലിപ്പഴം പെറുക്കാമായിരുന്നു. വള്ളവും വണ്ടിയുമൊന്നും ഇങ്ങനെ പെറ്റു പെരുകിയില്ലെങ്കില്‍ ആവശ്യക്കാര്‍ക്കു ലോകം മുഴുവന്‍ സൈ്വരമായി എത്ര വേണമെങ്കിലും സഞ്ചരിക്കാമായിരുന്നു. കാരണം അത്യാവശ്യമില്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്നു കൊള്ളുമായിരുന്നു. റോഡു വീതി കൂട്ടാനെന്ന പേരില്‍ മരമായ മരമെല്ലാം മുറിക്കേണ്ടി വരില്ലായിരുന്നു.

പക്ഷെ നാടോടുമ്പോള്‍ നടുവേ എന്നാണല്ലോ പ്രമാണം. പത്തിരുപത്തഞ്ചു കൊല്ലം മുന്‍പ്‌ ഞാനും ഒരു സ്‌കൂട്ടര്‍ വാങ്ങേണ്ടി വന്നു. സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സു വേണം. ആദ്യം ലേണേഴ്‌സ്‌ എടുക്കണം. അതിനൊരു സ്ഥിരം മേല്‍വിലാസം വേണം. അന്നെനിക്കു തിരുവനന്തപുരത്തു സ്ഥിരം മേല്‍വിലാസമില്ലായിരുന്നതുകൊണ്ട്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ഗവേഷണ വിദ്യാര്‍ത്ഥി എന്നൊരു സര്‍ട്ടിഫിക്കറ്റും വാങ്ങിയാണു പോയത്‌. ലേണേഴ്‌സ്‌ ലൈസന്‍സ്‌ എടുക്കുന്നതിനായി ഒരു ആട്ടോ കണ്‍സള്‍ട്ടന്റ്‌ എനിക്ക്‌ ട്രാഫിക്‌ നിയമങ്ങളില്‍ ഒരു മണിക്കൂര്‍ നേരത്തെ തീവ്ര പരിശീലനം നല്‌കി.

ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ റെഡിയായി ഞാന്‍ അകത്തു കയറിയപ്പോള്‍ പരീക്ഷകന്റെ ആദ്യ ചോദ്യം “നിങ്ങള്‍ക്കു വീടും കൂടുമൊന്നുമില്ലേ? എന്തിനാ ഈ യൂണിവേഴ്‌സിറ്റിയുടെ കടലാസും കൊണ്ടിറങ്ങിയേ ?” ഞാന്‍ പറഞ്ഞു “വീടും കൂടും അങ്ങു ദൂരെ കോട്ടയത്താണു സാര്‍”, “എങ്കില്‍ അവിടെ പോയി എടുക്ക്‌”. ഞാന്‍ പറഞ്ഞു “സാര്‍ ഒന്നു സഹായിക്കണം, ഇനി ഇതിനായി കോട്ടയത്തു പോകുന്നതു മെനക്കേടാണ്‌”. അപ്പോള്‍ അദ്ദേഹം പറഞ്ഞു. “എങ്കില്‍ ഒരു ഡ്രൈവിംഗ്‌ സ്‌കൂള്‍ വഴി അപേക്ഷിക്ക്‌, അപ്പോള്‍ നിയമ തടസ്സമില്ല”. “സാറേ, ഡ്രൈവിംഗ്‌ സ്‌കൂള്‍ അഞ്ചു മണിക്ക്‌ അടയ്‌ക്കും. പിന്നെ ഫോണെടുക്കാന്‍ ആരും കാണില്ല. എനിക്ക്‌ വല്ല ആക്‌സിഡന്റും പറ്റിയാലോ? യൂണിവേഴ്‌സിറ്റിയില്‍ സെക്യൂരിറ്റി എങ്കിലും ഉണ്ട്‌”. “പിന്നെ സെക്യൂരിറ്റിക്കതല്ലേ പണി. വണ്ടി ശരിക്ക്‌ ഇടിച്ചാല്‍ കാര്യം തീരും. പിന്നെ പോലീസ്‌ എങ്ങിനെയെങ്കിലും തന്റെ വീടു കണ്ടു പിടിച്ചോളും”. ഈ സംഭാഷണത്തോടെ ഞാന്‍ പഠിച്ചു കൊണ്ടു ചെന്നതെല്ലാം മറന്നു പോയി. ബഹുമാനപ്പെട്ട പരിശോധകന്‍ ഒരു ചിത്രമെടുത്തു കാണിച്ചു. വെറുതെ ഒരു വട്ടം, കുറുകെ ഒരു വരയുമുണ്ട്‌. “ഇതെന്താണ്‌?” ഞാന്‍ ആലോചിച്ചുത്തരം പറഞ്ഞു. “പാര്‍ക്കിംഗ്‌”. അപ്പോള്‍ അദ്ദേഹം ഒരു ‘പി’ എടുത്തു കാണിച്ചു. “ഇതോ?” ഞാന്‍ പറഞ്ഞു. “അതും പാര്‍ക്കിംഗാ”. “രണ്ടു പാര്‍ക്കിംഗ്‌ ഉണ്ടോ?” ഞാന്‍ പറഞ്ഞു “എനിക്കു നല്ല ഉറപ്പില്ല”. അദ്ദേഹം പറഞ്ഞു “നിങ്ങള്‍ റിസേര്‍ച്ച്‌ സ്‌കോളര്‍ ആണെന്നല്ലേ എഴുതിയിരിക്കുന്നത്‌? അക്ഷരം പോലും അറിയാത്തവന്‍മാര്‍ വന്നു പടം കണ്ടു മണി മണിയായി ഉത്തരം പറയുമല്ലോ?” ഇതൊരു പൊതുവായ തെറ്റിദ്ധാരണയാണ്‌, ഉടന്‍ തിരുത്തണം, ഞാന്‍ ചോദിച്ചു “അക്ഷരമറിയാത്തവര്‍ക്കു വിവരമില്ലെന്നു പറയാന്‍ പറ്റുമോ? സാറീപ്പറഞ്ഞതനുസരിച്ചാണെങ്കില്‍ ജ്ഞാനപീഠ ജേതാക്കള്‍ക്കു കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെ മണിമണിയായി ടാങ്കര്‍ ലോറി ഓടിക്കാമല്ലോ. പക്ഷെ അവരാരും സൈക്കിള്‍ ചവിട്ടുന്നതുപോലും കണ്ടിട്ടില്ലല്ലോ?” ആ ഉത്തരം അദ്ദേഹത്തിനത്ര പിടിച്ചില്ല. “തനിക്ക്‌ ഉറപ്പില്ലെന്നല്ലേ പറഞ്ഞത്‌? പോയി നല്ല ഉറപ്പായിട്ടു വന്നാല്‍ നോക്കാം.” പുറത്തു വന്നപ്പോള്‍ എന്റെ താത്‌കാലിക ഗുരുനാഥന്‍ കണ്‍സള്‍ട്ടന്റ്‌ വിഷമിച്ചിരിക്കുന്നു. മുപ്പതു വര്‍ഷത്തെ അധ്യാപന ചരിത്രത്തില്‍ ആദ്യമാണത്രേ ഒരു വിദ്യാര്‍ത്ഥി ലേണേഴ്‌സ്‌ കിട്ടാതെ മടങ്ങുന്നത്‌!

എന്തായാലും വളരെ പാടുപെട്ട്‌ പഠിച്ച്‌ ഒരു ലൈസന്‍സ്‌ എടുത്തു. ഒരാഴ്‌ചയ്‌ക്കകം തന്നെ എനിക്ക്‌ ഒരു കാര്യം മനസ്സിലായി. ഇതെനിക്കത്ര പറ്റിയ പണിയല്ല. കാര്യമായ പണിയൊന്നുമില്ലെങ്കില്‍ പിന്നെ ഉറങ്ങുകയാണെന്റെ ഹോബി. അത്‌ ഇരുന്നോ, കിടന്നോ, നടന്നോ ആവാം. വെറുതെ ഇരിക്കുമ്പോള്‍ സ്വപ്‌നം കാണുന്നതാണു വേറൊരു പ്രശ്‌നം. നടന്നു പോവുമ്പോള്‍ കുഴപ്പമില്ല. വഴിയേ ഉറക്കം തൂങ്ങി നടക്കുന്നവരെ ഉണര്‍ത്താന്‍ പരുവത്തിനാണ്‌ ഇടയ്‌ക്കിടെ ഇലക്ട്രിക്‌ പോസ്‌റ്റിലും, ടെലിഫോണ്‍ പോസ്‌റ്റിലും ഒരാള്‍ പൊക്കത്തില്‍ പല സാധനങ്ങളും ഉറപ്പിച്ചിരിക്കുന്നത്‌. ബസ്സിലാണു പ്രശ്‌നം. കണ്ടക്ടറോടും ഡ്രൈവറോടും പിന്നെ ഒരഞ്ചാറു യാത്രക്കാരോടും ‘എന്നെ ഒന്നു വിളിച്ചേക്കണേ ചേട്ടാ’ എന്നു കേറുമ്പോഴേ പറയുകയാണ്‌ പോംവഴി. ഇന്ത്യന്‍ യാത്രാവിമാനങ്ങളില്‍ പിന്നെ പേടിക്കാനൊന്നുമില്ല. അതു താഴുമ്പോള്‍ അവര്‍ അതിന്റെ മൂക്കു നിലത്തൊന്നു കുത്തുന്നുണ്ടെന്നാണെന്റെ വിശ്വാസം. അതു കഴിഞ്ഞാണ്‌ ഞാന്‍ ഉണരുക.

സ്‌കൂട്ടറുമായി റോഡിലിറങ്ങിയപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പു മനസ്സിലാവുന്നത്‌. സര്‍ക്കസ്സുകാരുടെ മരണക്കിണറില്‍ ബൈക്ക്‌ ഓടിക്കുന്നതും വഴിയേ ബൈക്ക്‌ ഓടിക്കുന്നതും തമ്മില്‍ ചെറിയ ഒരു വ്യത്യാസമേയുള്ളൂ. മരണക്കിണറില്‍ ഏതു വണ്ടി എപ്പോള്‍, ഏതു വഴി വരും എന്നതിന്‌ ഒരു കണക്കൊക്കെയുണ്ട്‌. റോഡില്‍ അതില്ല. ആര്‍ക്കും, എപ്പോഴും, എങ്ങിനെയും വരാം. ഒരാഴ്‌ചയ്‌ക്കകം ഞാന്‍ റോഡുപേക്ഷിച്ചു. ഫുട്‌പാത്തിനോടു ചേര്‍ന്ന്‌ ഒരു 15 കിലോമീറ്റര്‍ വേഗതയിലാക്കി യാത്ര. കാല്‍നടക്കാരനെന്തായാലും റോഡിന്റെ നടുക്കു കൂടി മാത്രമേ സഞ്ചരിക്കൂ. അപ്പോള്‍ ഫുട്‌ പാത്ത്‌ എനിക്കിരിക്കട്ടെ.

അങ്ങിനെ പോകുമ്പോള്‍ ഒരു ദിവസം ഒരു പരിചയക്കാരന്‍ വഴിയേ പാഞ്ഞു പോകുന്നു. ഞാന്‍ സ്‌കൂട്ടര്‍ നിര്‍ത്തി. മൂപ്പര്‍ക്കു സെക്രട്ടറിയേറ്റിലേക്കു പോണം. ഞാനും ആ വഴി പോകുന്നു. പിന്നെന്താ പ്രശ്‌നം? ലിഫ്‌റ്റ്‌ കൊടുത്തു. പത്തു മിനിറ്റു കഴിഞ്ഞപ്പോള്‍ അയാള്‍ പിന്നിലിരുന്നു തോണ്ടി വിളിച്ചു. “വണ്ടി ഒന്നു നിര്‍ത്തിക്കേ…” ഞാന്‍ നിര്‍ത്തി. അയാള്‍ ചാടിയിറങ്ങി. “എനിക്കല്‌പം ധൃതിയുണ്ട്‌, ഞാന്‍ നടന്നു പോയ്‌ക്കോളം” എന്നു പറഞ്ഞ്‌ ഒറ്റ ഓട്ടം. അതയാളുടെ ഇഷ്ടം. പക്ഷെ ആ ദ്രോഹി ഈ കഥ അടുത്ത രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ ഒരു പത്തു മുന്നൂറു പേരോടെങ്കിലും പറഞ്ഞു. എന്റെ സ്‌കൂട്ടര്‍ കണ്ടാല്‍ പരിചയക്കാര്‍ ഓടുമെന്ന അവസ്ഥയായി. എനിക്കാണെങ്കില്‍ സ്‌കൂട്ടറിന്റെ പിന്നിലിരിക്കുന്ന ഒരാളുമായി സംസാരിച്ചു കൊണ്ടിരുന്നില്ലെങ്കില്‍ ഉറക്കം വരും. വളരെ പാടുപെട്ടൊരുത്തനെ വലവച്ചു പിടിച്ചാല്‍ അതിലും വേഗത്തില്‍ അവന്‍ വലപൊട്ടിച്ചു പോകും. എന്തിനധികം? സര്‍വ്വരോടും ക്ഷമിക്കേണ്ട പള്ളീലച്ചന്‍ പോലും എന്റെ സ്‌കൂട്ടറിന്റെ പിന്നില്‍ നിന്നു ചാടി പൊയ്‌ക്കളഞ്ഞു.

ഒരിക്കല്‍ ഞാന്‍ എന്റെ ഒരു ബിസിനസ്‌ പാര്‍ട്ട്‌ണറെ സ്‌കൂട്ടറിന്റെ പുറകിലിരുത്തി പോകയാണ്‌. ഇടയ്‌ക്ക്‌ വാദമുഖങ്ങള്‍ ശക്തിയായി അവതരിപ്പിക്കാന്‍ തിരിഞ്ഞ്‌ അദ്ദേഹത്തിന്റെ മുഖത്തു നോക്കുന്നുമുണ്ട്‌. സന്ധ്യനേരമാണ്‌. അപ്പോള്‍ അദ്ദേഹം പെട്ടെന്നു നിലവിളിക്കുന്നു “ദേണ്ടെ മുന്‍പിലൊരാള്‍” ഞാന്‍ തിരിഞ്ഞു മുന്‍പിലേക്കു നോക്കി. ശരിയാണ്‌. ഒരു കാല്‍ നടക്കാരന്‍ നടപ്പാതയുടെ സൈഡിലൂടെ നടന്നു വരുന്നു. ഞാന്‍ സത്യം പറഞ്ഞു. “താങ്ക്‌സ്‌, ഞാന്‍ കണ്ടില്ലായിരുന്നു”. ലക്ഷ്യസ്ഥാനത്തു ചെന്നപ്പോള്‍ അദ്ദേഹം എനിക്കു ഹസ്‌തദാനം തന്നു പറഞ്ഞു, “ക്ഷമിക്കണം. ഇത്‌ സ്‌കൂട്ടറില്‍ ഒരുമിച്ചുള്ള നമ്മുടെ അവസാനത്തെ യാത്രയാണ്‌. ഇനി ഈ തീക്കളിക്കു ഞാനില്ല”. അതും നാട്ടുകാര്‍ മുഴുവനും അറിഞ്ഞു.

അക്കാലത്ത്‌ ഭാര്യ അല്‌പം ദൂരെ ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുകയാണ്‌. ആഴ്‌ചയിലൊരിക്കല്‍ ട്രെയ്‌നില്‍ വന്നു പോകും. ഒരു ദിവസം പ്രഭാതത്തില്‍ ഞങ്ങള്‍ സ്‌കൂട്ടറില്‍ റെയ്‌ല്‍വേ സ്റ്റേഷനിലേക്കു പോകുന്നു. സമയം രാവിലെ മൂന്നര മണി. വഴിയില്‍ ആരുമില്ല. അങ്ങു ദൂരെ നിന്ന്‌ ഒരു ഭാര്യയും ഭര്‍ത്താവും വരുന്നുണ്ട്‌, ദമ്പതികളാവണം. പക്ഷെ അതിലെ ഭാര്യയ്‌ക്ക്‌ തീരെ പൊക്കമില്ല. ഞാന്‍ എന്റെ ഭാര്യയോടു പറഞ്ഞു “ഇതെന്താ ഇങ്ങനെ? ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചേരുന്നില്ലല്ലോ?” ഭാര്യ പറഞ്ഞു “ശരിയാ സുന്ദരിയും, സുശീലയും, ബുദ്ധിമതിയുമായ ആ സ്‌ത്രീയെ നിങ്ങള്‍ ആയിരുന്നു കല്യാണം കഴിക്കേണ്ടിയിരുന്നത്‌”. ഇതെന്താപ്പാ വെളുപ്പാന്‍ കാലത്ത്‌ എനിക്കിത്ര പെട്ടെന്നു വിവാഹ മോചനം തരുന്നതെന്നാലോചിച്ചിട്ടൊരു പിടിയും കിട്ടിയില്ല. ദമ്പതികളുടെ അടുത്തു ചെന്നപ്പോള്‍ കാര്യം മനസ്സിലായി. അതൊരു പശുവാണ്‌, ഭാര്യയല്ല. ഒരാള്‍ രാവിലെ പശുവിനെയും പിടിച്ചു നടന്നു പോകയാണ്‌!

പിറ്റേന്നു മുതല്‍ എന്റെ ഭാര്യ ഒരു നിവേദനവുമായി സര്‍ക്കാരോഫീസുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. സംഗതി എന്താണെന്നു വച്ചാല്‍ ഞങ്ങള്‍ വീടു വയ്‌ക്കാനായി ഒരു സ്ഥലം വാങ്ങിച്ചിരുന്നു. അവിടേയ്‌ക്കുള്ള വഴിയില്‍ ഭൂഗര്‍ഭജലം എടുക്കാനുള്ള, കൈ കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന, ഒരു പമ്പു നില്‌പുണ്ട്‌. ഭാര്യയ്‌ക്ക്‌ അതു മാറ്റി സ്ഥാപിക്കണം. ഞാന്‍ ചോദിച്ചു “അതവിടെ നില്‌ക്കുന്നതു കൊണ്ട്‌ തനിക്കെന്താ കുഴപ്പം ?” ഭാര്യ പറഞ്ഞു “അതിന്റെ ഹാന്‍ഡ്‌ല്‍ കുന്തം പോലെ വഴിയിലേക്കു നില്‌ക്കുകയാണ്‌. നിങ്ങള്‍ സ്‌കൂട്ടര്‍ ഓടിച്ചു ചെന്ന്‌ അതില്‍ കയറി സമാധി അടയും. പണ്ട്‌ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍ ഒരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു പോയതാണ്‌. വീണ്ടും ഒരു കോന്തനെ കൂടി സഹിക്കാന്‍ ത്രാണിയില്ല”.

ഇങ്ങിനെ 15 കി. മീ. വേഗതയില്‍ ജീവിതം നിരങ്ങി നീങ്ങുന്നതിനിടെ ഞാന്‍ ഒരുപാടു കാര്യങ്ങള്‍ റോഡില്‍ നിന്നു പഠിച്ചു. ഒരിക്കല്‍ തമിഴ്‌ സംസാരിക്കുന്ന ഒരു ബൈക്ക്‌ യാത്രികനെ ട്രാഫിക്‌ എസ്‌. ഐ. പിടിച്ചു നിര്‍ത്തിയിരിക്കുന്നു. “ഇടതു വശത്തു കൂടി ഓവര്‍ടേക്ക്‌ ചെയ്യാന്‍ പാടില്ല, അതിനാണു പിടിച്ചത്‌” എന്ന്‌ എസ്‌.ഐ. അയാളോടു പറയുന്നു. അങ്ങിനെയാണ്‌ ഇടതു വശത്തു കൂടി ഓവര്‍ടേക്കിംഗ്‌ പാടില്ല എന്നു ഞാനും അറിയുന്നത്‌. എന്തായാലും യാത്രക്കാരന്‍ തമിഴനായതു ഭാഗ്യം. അയാള്‍ “മന്നിച്ചിടുങ്കോ ശാാാര്‍” എന്നെങ്കിലും പറയുന്നുണ്ട്‌. മലയാളിയായിരുന്നെങ്കില്‍ ഗവര്‍ണറുടെയോ, മുഖ്യമന്ത്രിയുടെയോ, ആഭ്യന്തര മന്ത്രിയുടെയോ ഒക്കെ പ്രൈവറ്റ്‌ സെക്രട്ടറിമാരെ അടുത്ത ഒരു മാസം ഉറങ്ങാന്‍ സമ്മതിക്കില്ലായിരുന്നു.

അങ്ങിനെ ഇരിക്കുമ്പോള്‍ എന്റെ ഭാര്യ ഒരു കാര്‍ വാങ്ങി. അയാള്‍ക്ക്‌ കാര്‍ ഓടിക്കാനുമറിയാം. എനിക്കു കാറോടിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഞാനും കാറോടിക്കാന്‍ പഠിക്കാന്‍ തീരുമാനിച്ചു. ഒരാശാനെ കണ്ടുപിടിച്ചു. ആശാനിപ്പോള്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞു മനസ്സിലാക്കി, ദൂരെ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി എന്നെ പഠിപ്പിക്കുമെന്നൊക്കെ കരുതി ഞാന്‍ തിരക്കുള്ള റോഡില്‍ കാത്തു നില്‌ക്കുകയാണ്‌. ആശാന്‍ വണ്ടിയുമായി വന്നു. കേറിക്കൊള്ളാന്‍ പറഞ്ഞു. ആ കയ്യ്‌ രണ്ടും ഐശ്വര്യമായി സ്റ്റിയറിംഗില്‍ വയ്‌ക്കാന്‍ പറഞ്ഞു. താക്കോലൊന്നു തിരിക്കാന്‍ പറഞ്ഞു. ഇത്രയും ഞാന്‍ ചെയ്‌തു. കണ്ണടച്ചു തുറക്കുമ്പോള്‍ ദേണ്ടെ, കാര്‍ പെരുവഴിയേ ഓടുകയാണ്‌. ഞാന്‍ നിലാവത്തിറങ്ങിയ കോഴിയേപ്പോലെ സ്‌റ്റിയറിംഗില്‍ കയ്യും വെച്ചിരിക്കുന്നു. ആശാന്റെ കാല്‍ച്ചുവട്ടിലും ഒരു സെറ്റു ക്ലച്ചും, ബ്രേക്കുമൊക്കെയുണ്ട്‌. ഗിയറും, സ്‌റ്റിയറിംഗും രണ്ടു പേര്‍ക്കും കൂടി ഓരോന്നേ ഉള്ളൂ. ഞാന്‍ പിന്നെ മത്സരിക്കാനൊന്നും പോയില്ല. രണ്ടും ആശാനു വിട്ടു കൊടുത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ പുറത്തു ചാടിയപ്പോള്‍ ഇതിനു പറ്റിയ പഴഞ്ചൊല്ലേതെന്നായിരുന്നു എന്റെ സംശയം. ‘പൊട്ടനു നിധി കിട്ടിയ പോലെ’, എന്നു പറയണോ അതോ ‘കുരങ്ങനു പൂമാല കിട്ടിയ പോലെ’ എന്നു പറയണോ ?

കാര്‍ ഡ്രൈവിംഗ്‌ പഠനത്തില്‍ ഉദാത്തമായ ഒരു പാരമ്പര്യത്തിനുടമകളാണ്‌ എന്റെ പൂര്‍വ്വികര്‍ എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. ഗള്‍ഫ്‌ മലയാളിയായ ഒരു ചിറ്റപ്പന്‍ പണ്ടു ഡ്രൈവിംഗ്‌ പഠിക്കാന്‍ പോയി. ഗള്‍ഫ്‌ ബൂം തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ്‌. ഡ്രൈവിംഗ്‌ സ്‌കൂളുകള്‍ ദുര്‍ലഭം. ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ നിന്നു റിട്ടയര്‍ ചെയ്‌ത ഒരാശാന്‍ ഗ്രാറ്റ്വിറ്റി പണം കൊടുത്തു വാങ്ങിയ എട്ടാം ഹാന്‍ഡ്‌ അംബാസിഡര്‍ കാറിലാണു പഠനം. നഗരത്തിലെ ചതുരത്തിലിരിക്കുന്ന ഒരു ചില്‍ഡ്രന്‍സ്‌ പാര്‍ക്കിനു ചുറ്റും ഓടിച്ചു പഠിപ്പിക്കയാണ്‌. 90o കോണുകളാണ്‌ നാലു മൂലയിലും. അവിടെയെത്തുമ്പോള്‍ ആശാന്‍ ആര്‍ത്തു വിളിക്കും “ഒടിച്ചെടുക്ക്‌, ഒടിച്ചെടുക്ക്‌” മൂന്നാം ദിവസം ചിറ്റപ്പന്‍ പണി പറ്റിച്ചു. സ്റ്റിയറിംഗ്‌ അക്ഷരാര്‍ത്ഥത്തില്‍ ഒടിച്ചെടുത്ത്‌ അന്തം വിട്ടിരിക്കുന്ന ആശാനു സമര്‍പ്പിച്ചു. പാവം ആശാന്‍ ഒരു മാസത്തോളം തൊഴില്‍രഹിതനായിരിക്കേണ്ടി വന്നു.

അടുത്ത കഥയിലെ നായകന്‍ ഒരു ചേട്ടനാണ്‌. പത്തോ പതിനെട്ടോ വയസ്സുള്ളപ്പോള്‍ മൂന്നു നാലു സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ഡ്രൈവിംഗ്‌ പഠിക്കാന്‍ പോയി. ഈ കഥയിലെ ആശാന്‍ അല്‌പം മുഷ്‌ക്കനായിരുന്നു. ഓടിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥിയുടെ എന്തോ ഒരു തെറ്റു തിരുത്തുവാന്‍ ആശാന്‍ പിടലിക്കൊരടി കൊടുത്തു. മുഖം സ്റ്റിയറിംഗില്‍ ചെന്നിടിച്ചു. വിദ്യാര്‍ത്ഥി തല പൊക്കിയപ്പോള്‍ മൂക്കിലൂടെ ചോര. അന്നു കോടിമത പാലത്തോടെ കോട്ടയം പട്ടണം കഴിയും. പിന്നെ ചേമ്പിന്‍ കാടാണ്‌. അതിനടുത്തെത്തിയപ്പോള്‍ പുറകിലത്തെ സീറ്റില്‍ പഠിക്കാന്‍ ഊഴം കാത്തിരുന്ന ചേട്ടന്‍ പറഞ്ഞു, “വണ്ടി നിര്‍ത്തണം മൂത്രശങ്ക” വണ്ടി നിര്‍ത്തി. ആശാനും ഇറങ്ങണമെന്നായി ചേട്ടന്‍. അതെന്തിന്‌ എന്നായി ആശാന്‍. അപ്പോള്‍ വരുന്നു ക്ലാസ്സിക്‌ ഉത്തരം – മൂത്രശങ്ക ആശാനാണത്രേ! അപകടം മണത്ത ആശാന്‍ സ്റ്റിയറിംഗില്‍ അള്ളിപ്പിടിച്ചിരുന്നെങ്കിലും ശിഷ്യന്‍മാര്‍ വിട്ടില്ല. എടുത്തു ചേമ്പിന്‍ കാട്ടിലേക്കു കൊണ്ടു പോയി. ശേഷം ചിന്ത്യം. എന്തായാലും ചിറ്റപ്പനും, ചേട്ടനുമൊന്നും ഇന്നു വരെ കാറോടിച്ചതായി ആരും പറഞ്ഞു കേട്ടിട്ടു പോലുമില്ല.

അടുത്ത ദിവസവും യുദ്ധം തുടര്‍ന്നു. ക്ലാസ്സിന്റെ അവസാനമായപ്പോള്‍ വിദ്യാര്‍ത്ഥിക്ക്‌ ആത്മവിശ്വാസം കുറവാണോ എന്നൊരു സംശയം ആശാനുണ്ടായി. അദ്ദേഹം പറഞ്ഞു. “ഞാന്‍ ട്രാന്‍സ്‌പോര്‍ട്ടില്‍ ബസ്‌ ഓടിക്കാന്‍ പഠിപ്പിക്കുന്ന ആശാനായിരുന്നു. ഇതിലും വലിയ മണ്ടന്മാരെ കൊണ്ട്‌ 36 അടി നീളമുള്ള ബസ്‌ പുഷ്‌പം പോലെ തിരിച്ചും വളച്ചും ഓടിക്കാറാക്കിയിട്ടുണ്ട്‌. സാര്‍ ഒന്നും പേടിക്കണ്ട, എല്ലാം ശരിയാവും”. അന്നു രാത്രി ഞാന്‍ ഒരു സ്വപ്‌നം കണ്ടു. ഞാന്‍ ഒറ്റയ്‌ക്ക്‌ ഒരു കെ.എസ്‌.ആര്‍.ടി.സി. ബസ്‌ തട്ടിയെടുത്തു കോഴിക്കോടു നിന്നും ബാംഗ്ലൂര്‍ക്ക്‌ ഓടിച്ചു പോകുന്നു യാത്രക്കാരും കണ്ടക്ടറുമെല്ലാം പുറകേ ഓടി വരുന്നെങ്കിലും ആര്‍ക്കും അടുത്തെങ്ങും എത്താന്‍ പറ്റുന്നില്ല. താമരശ്ശേരി ചുരം പുഷ്‌പം പോലെയാണു കടന്നത്‌.

അടുത്ത ദിവസവും രാവിലേ ക്ലാസ്സ്‌ ആരംഭിച്ചു. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ കൈ കാണിക്കണം. അത്‌ അത്ര എളുപ്പമല്ല. ഒന്നാമത്‌ പെട്ടെന്നു ചോദിച്ചാല്‍ എനിക്ക്‌ ഇടതും വലതും ഏതെന്നു പറയാന്‍ പറ്റില്ല. കൈ കാണിക്കുന്ന കാര്യം ഞാന്‍ മറന്നു പോവുകയും ചെയ്യും. ഞാന്‍ ഡിഗ്രി വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത്‌ എനിക്ക്‌ ഒരു സൈക്കിള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ സൈക്കിളില്‍ മെയ്‌ന്‍ റോഡില്‍ നിന്നു വീട്ടിലേക്കു തിരിഞ്ഞപ്പോള്‍ പുറകില്‍ ഒരു ബഹളം. തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രികന്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഒറ്റക്കാലില്‍ നിന്നു കിതയ്‌ക്കുകയാണ്‌. നഗരത്തിലെ അഭിവന്ദ്യനായ ഒരു റിട്ടയേഡ്‌ പ്രൊഫസറാണ്‌. ഞാന്‍ അടുത്തു ചെന്നപ്പോള്‍ കിതപ്പ്‌ വിറയലായി മാറി. “കുഞ്ഞേ തിരിയുമ്പോള്‍ കയ്യോ, കാലോ, തലയോ എന്തെങ്കിലും ഒന്ന്‌ വീശിക്കൂടേ?” (കൂട്ടത്തില്‍ അദ്ദേഹം വളരെ പ്രധാനപ്പെട്ട ചില അവയവങ്ങള്‍ കൂടി പറഞ്ഞുവെങ്കിലും ഞാന്‍ അതങ്ങു വിടുകയാണ്‌.) സംസ്‌കാരം വെറുമൊരു മുട്ടത്തോടാണെന്നും, ഏതു സംസ്‌കാരസമ്പന്നന്റെയും ഉള്ളില്‍ ഒളിച്ചിരിക്കുന്ന ആഭാസനെ പുറത്തു കൊണ്ടു വരാന്‍ ഒരു നല്ല വിദ്യാര്‍ത്ഥിക്കു പറ്റുമെന്നും എനിക്കു ബോധ്യമായി. ഈ കഥ ആശാനോടു പറഞ്ഞതോടെ, എന്നെക്കൊണ്ട്‌ ഇന്‍ഡിക്കേറ്റര്‍ സമയാസമയം പ്രവര്‍ത്തിപ്പിക്കാമെന്ന മോഹം ആശാന്‍ ഉപേക്ഷിച്ചു.

ഒരു ദിവസം ഞാന്‍ പറഞ്ഞു “ആശാനേ ഇതൊന്നും എന്റെ കുഴപ്പമല്ല. ഈ ഡ്രൈവറുടെ സീറ്റ്‌ ഒരു സൈഡിലാണിരിക്കുന്നത്‌. അതു നടുക്കു വച്ചാല്‍ നല്ല സ്റ്റൈലായിട്ടോടിക്കാന്‍ പറ്റും. സ്റ്റീയറിംഗ്‌ ഒത്ത നടുക്കു വരണം”. “എന്നാല്‍ സാറിനു വേണ്ടി നടുക്കു സ്റ്റീയറിംഗുമായി ഒരു വണ്ടി ഉണ്ടാക്കാ”മെന്നായി ആശാന്‍. ഞാന്‍ പറഞ്ഞു “ആശാന്‍ വിഷമിക്കേണ്ട. ട്രാക്‌റ്ററിന്റെയും, ജെസിബിയുടെയും, സ്‌പോര്‍ട്ട്‌സ്‌ കാറിന്റെയുമൊക്കെ സ്‌റ്റീയറിംഗ്‌ നടുക്കല്ലേ. ഞാന്‍ ഇതു പഠിച്ചു കഴിയാന്‍ കുറച്ചു കാലമെടുക്കും. അപ്പോഴേക്കും നടുക്കു സ്റ്റിയറിംഗുള്ള കാറുകളും വന്നു തുടങ്ങും”. പള്ളിക്കൂടത്തില്‍ പോകാത്തവര്‍ പോലും ഭംഗിയായി വണ്ടിയോടിക്കുന്നു, സാറിനു മാത്രമെന്താ കുഴപ്പമെന്നായി ആശാന്‍. “ഒരു കുഴപ്പവുമില്ല” ഞാന്‍ പറഞ്ഞു. “പള്ളിക്കൂടം വേറെ, വണ്ടി വേറെ. ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷനില്‍ ഡ്രൈവിംഗില്‍ ഒരു എം.എ. കോഴ്‌സ്‌ തുടങ്ങിയാല്‍ ഞാന്‍ ഫസ്റ്റ്‌ ക്ലാസ്സില്‍ പാസ്സാവും. വഴിയേ വണ്ടി ഓടിക്കാനേ പ്രയാസമുള്ളൂ”. ആശാന്‍ ഡിസ്റ്റന്‍സ്‌ എജ്യൂക്കേഷന്‍ എന്നു കേട്ടിട്ടില്ല. മുപ്പത്തഞ്ചു വയസ്സു കഴിഞ്ഞ്‌ തപാല്‍ വഴി എം. എ. എടുക്കുന്ന പരിപാടിയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം ചോദിച്ചു “അതെന്തിനാ എം.എ. ആക്കുന്നേ? തമിഴ്‌നാട്ടില്‍ പോയി സിനിമയിലോ, രാഷ്ട്രീയത്തിലോ ഇറങ്ങിയാല്‍ ഡോക്ടറേറ്റ്‌ കിട്ടുമല്ലോ. കുറച്ചു കഴിയുമ്പോള്‍ അതൊക്കെ ഇവിടെയും വരും.” ആ ക്രാന്ത ദര്‍ശിയുടെ വാക്കുകള്‍ സത്യമായിരുന്നെന്നു സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ‘ആശാന്‍ ആശയഗംഭീരന്‍’ എന്നു പള്ളിക്കൂടത്തില്‍ പഠിച്ചപ്പോള്‍ അതിന്റെ അര്‍ത്ഥം ഇതാണെന്നു സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല.

അങ്ങിനെ പഠനം ഇഴഞ്ഞു നീങ്ങുമ്പോള്‍ ഒരു ദിവസം ആശാന്‍ പറഞ്ഞു, “സാറേ ഇതു ഹാന്‍ഡ്‌ ബ്രേക്ക്‌. മറ്റേതിന്റെ കൂടെ പിടിക്കാം. രണ്ടു ബ്രേക്കും കൂടി ഒരുമിച്ചു പിടിച്ചാല്‍ പിന്നെ വണ്ടി അനങ്ങില്ല, അവിടെ നില്‌ക്കും”. കേള്‍ക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ പരീക്ഷിക്കുകയാണ്‌ എന്റെ രീതി. ഞാന്‍ കിട്ടിയ ബ്രേക്കെല്ലാം കൂടെ കൂട്ടി ഒരു പിടി പിടിച്ചു. ഒരു ഞരക്കത്തോടെ വണ്ടി റോഡിന്റെ നടുവില്‍ നിന്നു. അതിലും വലിയ ഒരു ഞരക്കത്തോടെ ഒരു ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ പുറകില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നു. അതിന്റെ ഡ്രൈവര്‍, ‘ഇങ്ങനെയാണോടോ ഡ്രൈവിംഗു പഠിപ്പിക്കുന്നതെന്നു’ ചോദിച്ച്‌ ഇറങ്ങി വന്നു. അത്ഭുതം ! അയാള്‍ എന്നെ നോക്കിയതേയില്ല. നേരെ ആശാന്‍ ഇരിക്കുന്ന വശത്തേക്കാണു ചെന്നത്‌. അപ്പോഴാണ്‌ വണ്ടി പഠിപ്പിക്കുമ്പോള്‍ ‘L’ ബോര്‍ഡു വയ്‌ക്കണമെന്നു സര്‍ക്കാര്‍ നിര്‍ബ്ബന്ധിക്കുന്നതിന്റെ കാര്യം എനിക്കു മനസ്സിലായത്‌. ആക്‌സിഡന്റ്‌ ഉണ്ടായാല്‍ അപകടത്തില്‍ പെട്ടവനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മെനക്കെടാതെ, വണ്ടി ഓടിക്കുന്നവനെ എടുത്തിട്ടു തല്ലുകയാണ്‌ നമ്മുടെ ജനങ്ങളുടെ രീതി. ‘L’ ബോര്‍ഡുണ്ടെങ്കില്‍ ജനം ആദ്യം ആശാന്റെ എല്ല്‌ തന്നെ എടുത്ത്‌ കൊള്ളും. അടി ബാക്കിയുണ്ടെങ്കിലേ ശിഷ്യനു കിട്ടൂ. എന്തായാലും ഓടി വന്ന ഡ്രൈവറും ആശാന്റെ ശിഷ്യനായിരുന്നതു കൊണ്ട്‌ കൂടുതല്‍ പ്രശ്‌നം ഉണ്ടായില്ല. ഒരു നോട്ടീസ്‌ പോലും നല്‌കാതെ അടുത്ത ദിവസം എന്റെ ആശാന്‍ സ്വയം വിരമിച്ചു എന്നതാണ്‌ കഷ്ടം.

എങ്ങിനെയൊക്കെയോ പഠനം പൂര്‍ത്തിയാക്കി ഞാന്‍ ലൈസന്‍സ്‌ എടുത്തു. പക്ഷെ പ്രഭാതത്തില്‍ മാത്രമേ കാറോടിക്കുന്നുള്ളൂ എന്നു തീരുമാനിച്ചു. വഴിയില്‍ ആളുകാണില്ലല്ലോ. കൂട്ടിന്‌ ഒരു പുതിയ ആശാനെയും സംഘടിപ്പിച്ചു. അദ്ദേഹത്തെ മുന്‍ സീറ്റിലിരുത്തും. ആശാന്റെ സ്ഥാനത്താണ്‌ ഇരിപ്പെങ്കിലും ‘കിളി’യുടെ പണിയാണ്‌ അദ്ദേഹത്തിനു ചെയ്യാനുള്ളത്‌. എതിരെ വണ്ടി വരുമ്പോള്‍ പറയുക, ഇടയ്‌ക്കു സിഗ്നല്‍ കാണിക്കാനും, ഗിയറു മാറാനും, ഹോണടിക്കാനുമോര്‍മ്മിപ്പിക്കുക, എനിക്ക്‌ ഉറക്കം വരുമ്പോള്‍ വിളിച്ചുണര്‍ത്തുക, ഉറക്കം വരാതിരിക്കാന്‍ കഥ പറയുക…. എന്തായാലും ഈ പണി അത്ര ആശാസ്യമായി ആശാന്‍മാര്‍ക്കാര്‍ക്കും തോന്നിയില്ല. അവര്‍ ഒന്നിനു പുറകെ ഒന്നായി രാജി വച്ചു കൊണ്ടിരുന്നു.

ഒന്നു രണ്ടു മാസത്തില്‍ കൂടുതല്‍ ഒരാശാനും നിന്നില്ല. ആശാന്‍ വരുമ്പോള്‍ ഞാന്‍ വിചാരിക്കും, പാവം ആശാന്‍ രക്ഷപ്പെട്ടല്ലോ. ചായകുടിക്കാനുള്ള കാശും, പിന്നെ പ്രഭാത സവാരിക്ക്‌ എന്നെപ്പോലെ സദ്‌ഗുണ സമ്പന്നനായ ഒരു വിദ്യാര്‍ത്ഥിയുടെ കമ്പനിയും. ഇതില്‍ കൂടുതലെന്തു വേണം ? പക്ഷെ ആശാന്മാരുടെ ചിന്ത തിരിച്ചാണ്‌. ആശാന്റെ നൈപുണ്യവും അനുഗ്രഹവും വാത്സല്യവും കൈപ്പറ്റാന്‍ എനിക്കൊരവസരം വന്നിരിക്കുകയാണ്‌ ! ഇതിനാണു perceptional difference എന്നു പറയുന്നത്‌. കരയ്‌ക്കു കിടക്കുന്ന കരിമീന്‍ ശ്വാസം കിട്ടാതെ മേലോട്ടും കീഴോട്ടും ചാടുമ്പോഴല്ലേ നമ്മള്‍ പെടയ്‌ക്കുന്ന കരിമീന്‍ എന്നു പറഞ്ഞു വെള്ളമിറക്കുന്നത്‌.

അങ്ങിനെ ഞാന്‍ ഡ്രൈവിംഗില്‍ ഒരു മാതിരി സ്വയംപര്യാപ്‌തത കൈവരിച്ച സമയത്ത്‌ ഭാര്യ ഒരു പുതിയ കാര്‍ വാങ്ങി. റോഡില്‍ തിരക്കൊഴിഞ്ഞ നേരം നോക്കി ഞാന്‍ കാറുമായിറങ്ങും. കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോകുമ്പോള്‍ ഒരു ദിവസം പോലീസ്‌ എന്നെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി. മൊബൈല്‍ കോടതിയുടെ പരിശോധനയാണ്‌. ലോണ്‍ തന്ന ന്യൂജനറേഷന്‍ ബാങ്കിന്റെ വിചാരം അവര്‍ സര്‍ക്കാരിനും മുകളിലാണെന്നാണ്‌. അതുകൊണ്ടു RC ബുക്ക്‌ അവര്‍ നേരിട്ടു വാങ്ങി കൊണ്ടു പോയിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി. മൊബൈല്‍ കോടതിയില്‍ കയറി പഴയ ഒരു പോലീസ്‌ വാനാണ്‌ മൊബൈല്‍ കോടതി. മജിസ്‌ട്രേട്ടിനെ തൊഴുതു കാര്യം പറഞ്ഞു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഞാന്‍ പണ്ട്‌ ഒരു അഭിഭാഷകനായിരുന്നു, മജിസ്‌ട്രേറ്റിന്‌ എന്റെ പഴയ സീനിയര്‍ അഭിഭാഷകനെ നന്നായി അറിയാം. പക്ഷെ ഇതു നിയമലംഘനം തന്നെയാണ്‌. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. പിഴ അടച്ചു, മജിസ്‌ട്രേറ്റിനെ വീണ്ടും തൊഴുതു റോഡിലിറങ്ങിയപ്പോള്‍ അത്യപൂര്‍വ്വമായ ഒരു കാഴ്‌ച. റോഡില്‍ ചെറുതും വലുതുമായ വാഹനങ്ങളുടെ പ്രളയം. ആറ്റുമീന്‍ കൂട്ടിയിട്ടിരിക്കുന്നതു പോലെയുണ്ട്‌. പല നീളം, പല വണ്ണം, പല നിറം, പല രൂപം! എല്ലാം കിടന്നു പെടയ്‌ക്കുന്നുണ്ട്‌. ആര്‍ക്കും രക്ഷപ്പെടാന്‍ പറ്റുന്നില്ല. കാര്യമെന്താണെന്നു വച്ചാല്‍ ഞാന്‍ പോലീസിനെക്കണ്ട വെപ്രാളത്തില്‍ വണ്ടി അരികിലേക്കു മാറ്റിയിടാന്‍ മറന്നു പോയിരുന്നു. ഒരു കിലോമീറ്ററിലധികം ട്രാഫിക്‌ ബ്ലോക്കായിരിക്കുന്നു. ഫയര്‍ എഞ്ചിനൊഴികെ ബാക്കി എല്ലാ വാഹനങ്ങളുമുണ്ട്‌. ഇടയ്‌ക്ക്‌ ഒന്നു രണ്ടു ചുവന്ന ലൈറ്റും കാണാനുണ്ട്‌. ഇന്‍സ്‌പെക്ടര്‍ സൂക്ഷിച്ചു നോക്കുന്നുണ്ടെങ്കിലും ഒന്നും പറയുന്നില്ല. മജിസ്‌ട്രേറ്റുമായി ഇത്രനേരം എന്തു കഥയാ പറഞ്ഞതെന്നറിയില്ലല്ലോ. പോലീസുകാരുടെ നില്‌പു കണ്ടിട്ട്‌ ആകപ്പാടെ കടുക്കാ സേവിച്ച മുഖഭാവമാണ്‌. നോട്ടത്തില്‍ കയ്‌പുണ്ടെങ്കിലും പ്രതികരണം പുറത്തേക്കു വരുന്നില്ല. അങ്ങിനെ ആ തിരക്കില്‍ നിന്ന്‌ ഒരു വിധത്തില്‍ ഇഴഞ്ഞു വലിഞ്ഞു ഞാന്‍ കാറില്‍ കയറി പുറത്തു കടക്കാന്‍ മരണ വെപ്രാളമെടുക്കുകയാണ്‌. ആര്‍ക്കും ഒരു പോറല്‍ പോലും പറ്റാന്‍ പാടില്ലല്ലോ. വണ്ടി തട്ടിയാല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിക്കാരോടു പണം വാങ്ങുകയാണു ലോക നീതി. പക്ഷെ കേരളത്തിലെ വാഹന ഉടമയ്‌ക്കതു ബാധകമല്ല. അവന്‍ റോഡു കോടതിയാക്കും. അവന്‍ തന്നെ ജഡ്‌ജിയുമാകും. വണ്ടി എടുത്ത്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനിയില്‍ പോടാ എന്നു പറയാനുള്ള ധൈര്യം നമ്മുടെ പോലീസിനില്ല. ഉള്ള വിടവിലൂടെ നേരെ മുന്‍പോട്ടു കാറോടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല. ആ ബഹളത്തിനിടെ ഉണ്ട ചോറിന്‌ കൂറുള്ള ഒരു റിട്ടയര്‍ ചെയ്യാറായ കോണ്‍സ്‌റ്റബ്‌ള്‍ തുഴഞ്ഞു തുഴഞ്ഞടുത്തു വന്ന്‌ മീശ കാറിനുള്ളിലേക്കു കടത്തി ഒരു ആത്മഗതം, “കള്ള റാസ്‌കല്‍, അവന്റെ ഒരു കഥപറച്ചില്‍! കഥ പറയാന്‍ മജിസ്‌ട്രേറ്റ്‌ അവന്റെ അമ്മായി അച്ചനല്ലേ?”, ആ എടാകൂടത്തില്‍ നിന്നെങ്ങനെ പുറത്തു വന്നു എന്ന്‌ ഇന്നും എനിക്കറിയില്ല. എന്റെ പൊന്നു സുഹൃത്തുകളേ പിന്നെ ഇന്നു വരെ ഞാന്‍ കാറോടിച്ചിട്ടില്ല. എന്തായാലും മരിക്കുന്നതിനു മുന്‍പൊരു ദിവസം ഞാന്‍ നടുക്കു സീറ്റുള്ള ഒരു ജെസിബിയുമായി ഒന്നു വഴിയിലിറങ്ങും.

പക്ഷെ എന്റെ ദു:ഖം അതൊന്നുമല്ല. എന്റെ പന്ത്രണ്ടാശാന്മാരും കോഴി കൂവുന്നതിനു മുന്‍പും പിന്‍പും എന്നെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുകയാണ്‌. ഞാന്‍ ശിഷ്യനാണെന്നു പരസ്യമായി പറയാന്‍ ഒരു ആശാനും ഇന്നുവരെ ധൈര്യപ്പെട്ടില്ല. ശിഷ്യത്വമില്ലാത്ത ആശാന്‍മാര്‍ !!! നാളെ ഏതെങ്കിലും തുണിക്കച്ചവടക്കാരന്‍ ‘ശിഷ്യപൂര്‍ണ്ണിമ’ എന്നൊരു പരിപാടി പ്രഖ്യാപിക്കുകയും, ആശാന്‍മാര്‍ തങ്ങളുടെ ചോറായ ശിഷ്യനെ കസവു മുണ്ടു പുതപ്പിച്ചു സ്‌നേഹിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുന്നതു വരെ കാത്തിരിക്കുക തന്നെ.


Subscribe to get notifications on new posts

Recent Articles

Comments
 1. Kumar Chellappan | Reply
  • Hari | Reply
 2. sreeni | Reply
 3. Bhadra | Reply
 4. Latha pillai | Reply
 5. Rajesh | Reply
  • Hari | Reply
 6. Jayaprakash | Reply
 7. Anand | Reply
 8. Moideen | Reply
 9. Anoop Dhanwanthari | Reply
  • Hari | Reply
 10. AJIT | Reply
  • Hari | Reply
 11. Renu | Reply
  • Hari | Reply

Leave a Reply

Your email address will not be published.